photo: msf Haritha Kerala State

മുസ്​ലിം ലീഗിലെ
​പുതുതലമുറ പെൺകുട്ടികൾ

മനോഹരമായി, അഭിമാനത്തോടെ ലീഗിന്റെ പ്രാതിനിധ്യ രാഷ്ട്രീയം ഉയർത്തിക്കാട്ടുന്ന കാലത്ത് പുതുതലമുറ, കുറച്ചുകൂടി സ്ത്രീപ്രാതിനിധ്യം താഴെ തലം മുതൽ ഭാരവാഹിത്വത്തിൽ ഉണ്ടാവണമെന്നാഗ്രഹിക്കുന്നുണ്ട്.

‘അഭിമാനകരമായ അസ്​തിത്വം’

ആ വാഗ്ദാനത്തിനു പുറത്താണ് ഒരു രാഷ്ട്രീയം ഉദയം കൊള്ളുന്നത്.
നോക്കൂ, മനുഷ്യന്​ സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും അഭിമാനത്തോടും കൂടി ജീവിക്കാൻ സാധിക്കുന്നു എന്നതിൽ പരം എന്താണു വേണ്ടത്. അവ ഉറപ്പുവരുത്താൻ നമുക്കു സംഘം ചേരാം.
പ്രത്യേകിച്ച്​ പല കാരണങ്ങളാൽ പുറകിലായിപ്പോയ ന്യൂനപക്ഷത്തിനായി കൈകോർക്കാം എന്നു പറഞ്ഞുകൊണ്ടാണ് മുസ്​ലിം ലീഗ് നമ്മെ ക്ഷണിക്കുന്നത്.

ഇന്ത്യയിൽ ന്യൂനപക്ഷ സമുദായത്തിൽ പെടുന്ന മനുഷ്യർക്ക്, മുസ്​ലിമിന്​, സ്ത്രീക്ക് ആ വാക്കുകളാണു വേണ്ടത്. അതിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്.
ആ വാക്കാണ്​ ലീഗിന്റെ രാഷ്ട്രീയാടിത്തറ.

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ലീഗിന്റെ വളർച്ചയിൽ സ്ത്രീകളുടെ പങ്ക് ഏറെ വലുതാണ്. ഓരോ കാലത്തും വഴിവെട്ടാൻ കൂടെ അവരുണ്ടായിട്ടുണ്ട്.

സർവേന്ത്യാ ലീഗ് പിരിച്ചുവിട്ട് ഇനിയങ്ങനെയൊന്ന് വേണ്ട എന്ന തീരുമാനത്തിലെത്തി നിൽക്കുമ്പോഴാണ് ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായി സാഹിബും സീതി സാഹിബുമെല്ലാം ചെന്ന് ഇന്ത്യയിലവശേഷിക്കുന്ന ന്യൂനപക്ഷത്തിന്, വിശിഷ്യ, മുസ്​ലിം സമുദായത്തിന്​ മുസ്​ലിം ലീഗ് വേണമെന്നാവശ്യപ്പെട്ടത്. അങ്ങനെ 1948ൽ ‘ഇന്ത്യൻ യൂണിയൻ മുസ്​ലിം ലീഗ്' പിറക്കുകയാണ്. സർവേന്ത്യാ ലീഗിന്റെ സാഹചര്യങ്ങളെയല്ല ഐ.യു.എം.എല്ലിന്​നേരിടേണ്ടി വന്നത്. അങ്ങനെയൊരു മനുഷ്യക്കൂട്ടത്തെയുമല്ല.
പാർട്ടിയുടെ സന്ദേശം പുറംനാടുകളിൽ പ്രചരിപ്പിക്കാനടക്കം നിയോഗിക്കപ്പെട്ടിരുന്ന ബീഗം ഷാനവാസും ബീഗം ഷയിസ്ത ഇക്റമുള്ളയും അങ്ങനെ നേതൃപദവിയിലിരുന്ന ഒരുപാടു സ്ത്രീകളുണ്ടായിരുന്ന കാലം പോലെ എളുപ്പമല്ലായിരുന്നു പിന്നീടുണ്ടായ കാലം.

മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലെ വനിതാ ലീഗിന്റെ പ്രകടനം

ദക്ഷിണേന്ത്യയിലാണ് ഐ.യു.എം.എൽ പ്രവർത്തനം വ്യാപിപ്പിച്ചത്. ഇന്നത്തെ കേരളമടങ്ങുന്ന ഭൂപ്രദേശത്തിൽ സീതി സാഹിബിന്റെയും ഉപ്പി സാഹിബിന്റെയും അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെയുമൊക്കെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചും അടിത്തട്ടിൽ വിദ്യഭ്യാസ, സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും ലീഗ് മുന്നേറുന്നുണ്ടായിരുന്നു. എന്നാൽ മലബാറിൽ ലീഗ് അഭിസംബോധന ചെയ്യുന്ന മനുഷ്യർക്കിടയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ജനതക്കിടയിലാണ് ലീഗ് പ്രവർത്തനമാരംഭിക്കുന്നത്.

ആദ്യ കാല ലീഗ് പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ട ഒരു പേരാണ് ഹലീമ ബീവി. മലയാള നവോത്ഥാന ചരിത്രം സൗകര്യപൂർവ്വം മറന്ന പല പേരുകളിലൊന്ന്. വൈക്കം മുഹമ്മദ് ബഷീറടക്കം പല പ്രമുഖ സാഹിത്യകാർക്കും പ്രസിദ്ധീകരണത്തിനിടം നൽകിയ പത്രാധിപ. മുസ്​ലിം സ്ത്രീകൾക്കിടയിൽ പ്രസംഗിച്ചും പ്രവർത്തിച്ചും അവരുണ്ടാക്കിയെടുത്ത പുരോഗമനം ചെറുതല്ല. അക്കാലത്ത് മുസ്​ലിം ലീഗിന്റെ തിരുവല്ല താലൂക്ക് സെക്രട്ടറിയായിരുന്നു ഹലീമ ബീവി. അവർ തിരഞ്ഞെടുക്കപ്പെടുന്നതിനു പുറകിലുള്ള കഥയാണ്​ എടുത്തുപറയേണ്ടത്. നേതൃത്വത്തിലേക്കെത്താൻ തിരഞ്ഞെടുപ്പാണ് മാനദണ്ഡം. വോട്ടു ചെയ്യാനെത്തിയവരിൽ ഏറെയും സ്ത്രീകൾ. അങ്ങനെ ആ സ്ത്രീ പാർട്ടി പ്രതിനിധിയാവുന്നു. കേവലം ഹലീമ ബീവിയായിരുന്നില്ല, സംഘടിതമായി സ്ത്രീകൾ രാഷ്ട്രീയത്തിലിടപെട്ട സാഹചര്യം അന്നേയുണ്ടായിരുന്നു എന്നാണു മനസ്സിലാക്കാനാവുന്നത്.

മലബാറിലെ പെൺകുട്ടികൾ വളരെ ആക്ടീവായി പഠിച്ചും ഇടപെട്ടും കൊണ്ടിരിക്കുന്ന കാലത്ത് കൃത്യസമയത്താണ്​ ‘ഹരിത’ അവരുടെ ഇടയിൽ കാമ്പസുകളിലേക്കെത്തുന്നത്.

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ലീഗിന്റെ വളർച്ചയിൽ സ്ത്രീകളുടെ പങ്ക് ഏറെ വലുതാണ്. ഓരോ കാലത്തും വഴിവെട്ടാൻ കൂടെ അവരുണ്ടായിട്ടുണ്ട്.
സി. എച്ച്. മുഹമ്മദ് കോയയുടെ ജീവചരിത്രത്തിൽ പലപ്പോഴും അദ്ദേഹം ഓരോയിടങ്ങളിൽ ചെല്ലുമ്പോഴും സ്‌നേഹത്തോടെ ഓടിക്കൂടുന്ന സ്ത്രീ ജനങ്ങളെ കുറിച്ചു പറയുന്നുണ്ട്. യൂണിവേഴ്‌സിറ്റിക്കു സ്ഥലം വിട്ടു നൽകാനും മറ്റേതെങ്കിലും നിർമിതിയെക്കുറിച്ച് പറഞ്ഞാൽ കയ്യിലുള്ളതെന്തും, അത് സ്വർണാഭരണമായോ സ്വന്തമായി സ്വരുക്കൂട്ടിവെച്ച പണമായോ എന്തും സംശയലേശമന്യെ നേതാക്കളുടെ കയ്യിൽ നൽകി സ്വസമുദായത്തിന്റെയും തലമുറകളുടെയും വളർച്ചക്കു കാരണമായതിൽ അവരുണ്ട്.

എന്നാൽ സംഘടനാപരമായി തന്നെ ലീഗിന്​ വനിതാ വിഭാഗമുണ്ടാവുന്നത് 1991 ലാണ്. ലീഗിന്റെ പോഷക സംഘടന എന്ന രൂപത്തിൽ വനിതാ ലീഗ് രൂപീകരിക്കപ്പെട്ടു. ലീഗ് നേതൃത്വത്തിൽ ആദ്യകാലത്ത് കാണാതിരുന്ന സ്ത്രീ നേതൃത്വത്തെ വനിതാ ലീഗിന്റെ രൂപീകരണത്തോടെയും അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പിന്നീടുവന്ന സംവരണത്തോടെയും കാണാൻ സാധിക്കും. 1996ൽ ഖമറുന്നീസ അൻവർ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന ചിത്രം കാണാൻ സാധിച്ചിരുന്നു.

റിസർവ്ഡ് പോസ്റ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പെൺകുട്ടികൾ ‘ഹരിത’ക്കു കീഴിൽ പല കോളേജുകളിലെയും ചെയർപേഴ്‌സൺ, സെക്രട്ടറി മുതൽ ജനറൽ ക്യാപ്റ്റൻ വരെ പദവികളിൽ അതിമനോഹരമായി ലീഡ് ചെയ്യുന്ന കാഴ്ച ലീഗിലെ പുതുതലമുറ പെൺകുട്ടികളുടെ ശക്തി തുറന്നുകാണിച്ചു.

കേരളത്തിന്റെ ചരിത്രത്തിൽ തന്നെ സ്ത്രീമുന്നേറ്റ ചരിത്രം പിറകിലോട്ടു നടന്ന 1970/80 കളിൽ നിന്നെല്ലാം മാറി മുസ്​ലിം ലീഗിൽ സ്ത്രീകൾ സംഘടിതമായി നേതൃസ്ഥാനത്ത് വരുന്നത് തൊണ്ണൂറുകളുടെ അവസാനത്തോടു കൂടി ദൃശ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അഡ്വ. മറിയുമ്മയും സുഹ്​റ മമ്പാടുമെല്ലാം നല്ല മാതൃക സൃഷ്ടിച്ചു. കാമ്പസിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്ക് എം.എസ്. എഫ് ഒരു പൊതു പ്ലാറ്റ്‌ഫോമായി ഉണ്ടായിരിക്കെ തന്നെ, ഒരു പ്രത്യേക വനിതാ വിഭാഗം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളുമുണ്ടായിരുന്നു. രാഷ്ട്രീയം ഞങ്ങളുടെ ഏരിയയല്ല എന്നു കരുതി മാറിനിൽക്കുന്നവരെപ്പോലും രാഷ്ട്രീയത്തിലേക്കാകർഷിക്കാനുതകും വിധം പെൺകുട്ടികൾക്കുമാത്രമായി ഒരു സംഘടന. 2011 ൽ പി.കെ. ഫിറോസ് പ്രസിഡന്റും ടി. പി. അഷ്റഫലി ജനറൽ സെക്രട്ടറിയുമായ എം.എസ്.എഫ് സംസ്ഥാന നേതൃത്വം, അങ്ങനെയൊരു വിംഗായി ‘ഹരിത' പ്രഖ്യാപിച്ചു.

മലബാറിലെ പെൺകുട്ടികൾ വളരെ ആക്ടീവായി പഠിച്ചും ഇടപെട്ടും കൊണ്ടിരിക്കുന്ന കാലത്ത് കൃത്യസമയത്താണ്​ ‘ഹരിത’ അവരുടെ ഇടയിൽ കാമ്പസുകളിലേക്കെത്തുന്നത്. ക്യാമ്പുകളും ക്യാമ്പയിനുകളും സംഘടിപ്പിച്ചും പൊതുവിഷയങ്ങളിൽ നിലപാട് രേഖപ്പെടുത്തിയും കാമ്പസുകൾക്കപ്പുറത്തേക്കും ‘ഹരിത’ വളർന്നു. കലാലയത്തിന്റെ വിദ്യാർത്ഥികളുടെ പൊതുശബ്ദമാവാൻ പല സാഹചര്യങ്ങളിലും ‘ഹരിത’ക്ക് സാധിച്ചിട്ടുണ്ട്.

റിസർവ്ഡ് പോസ്റ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പെൺകുട്ടികൾ ‘ഹരിത’ക്കു കീഴിൽ പല കോളേജുകളിലെയും ചെയർപേഴ്‌സൺ, സെക്രട്ടറി മുതൽ ജനറൽ ക്യാപ്റ്റൻ വരെ പദവികളിൽ അതിമനോഹരമായി ലീഡ് ചെയ്യുന്ന കാഴ്ച ലീഗിലെ പുതുതലമുറ പെൺകുട്ടികളുടെ ശക്തി തുറന്നുകാണിച്ചു. ‘ഹരിത’യുടെ ആദ്യ ജനറൽ സെക്രട്ടറിയും പിന്നീട് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ്​ വരെയായ ഫാത്തിമ തഹ്​ലിയക്ക് ഇക്കാലയളവിൽ രാജ്യത്തെ തന്നെ മികച്ച വനിതാ വിദ്യാർത്ഥി നേതാവിനുള്ള ആപ്കാ ടൈംസിന്റെ അവാർഡ് കിട്ടിയതും പ്രവർത്തനങ്ങളുടെ അടയാളപ്പെടുത്തലാണ്. ആ പ്രവർത്തനങ്ങൾ മനോഹരമായി തുടരുന്നു.

കഴിഞ്ഞ മാസങ്ങളിൽ അവസാനിച്ച മുസ്​ലിം ലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിൻ മനോഹരമായ ഒരു കാഴ്ച മുന്നിലേക്ക് വെക്കുന്നുണ്ട്. മെമ്പർഷിപ്പെടുത്ത്​ പാർട്ടി അംഗത്വം ഉറപ്പിച്ചവരിൽ പകുതിയിലധികം സ്ത്രീകളാണെന്ന ചിത്രം.

കഴിഞ്ഞ മാസങ്ങളിൽ അവസാനിച്ച മുസ്​ലിം ലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിൻ മനോഹരമായ ഒരു കാഴ്ച മുന്നിലേക്ക് വെക്കുന്നുണ്ട്. മെമ്പർഷിപ്പെടുത്ത്​ പാർട്ടി അംഗത്വം ഉറപ്പിച്ചവരിൽ പകുതിയിലധികം സ്ത്രീകളാണെന്ന ചിത്രം.
പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വനിതാ സമ്മേളനത്തിലും ആ മെമ്പർഷിപ്പിലെ ശക്തി ദൃശ്യമായിരുന്നു. സ്റ്റേറ്റ് കമ്മിറ്റി നിലവിൽ വന്നപ്പോൾ അതിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായും സ്ത്രീകൾ ഇടം നേടിയ കാഴ്ച കണ്ടു.

ഫാത്തിമ തഹ്​ലിയ

മനോഹരമായി, അഭിമാനത്തോടെ ലീഗിന്റെ പ്രാതിനിധ്യ രാഷ്ട്രീയം ഉയർത്തിക്കാട്ടുന്ന കാലത്ത് പുതുതലമുറ, കുറച്ചുകൂടി സ്ത്രീപ്രാതിനിധ്യം താഴെ തലം മുതൽ ഭാരവാഹിത്വത്തിൽ ഉണ്ടാവണമെന്നാഗ്രഹിക്കുന്നുണ്ട്.
​നമ്മൾ നല്ല മാറ്റങ്ങളെ അർഹിക്കുന്നു.
മലയാളി മുസ്​ലിം സ്ത്രീയുടെ വിദ്യഭ്യാസ നവോത്ഥാനത്തിന്​ വഴിയൊരുക്കിയ പാർട്ടി ഇനിയും അവർക്കൊപ്പമുണ്ടാവും.
ഗതകാലങ്ങൾ നമുക്ക് ഊർജമാണ്. ▮


നജ്​മ തബ്​ഷീറ

എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത'യുടെ മുൻ ജനറൽ സെക്രട്ടറി.

Comments