photo: Muhammed Fasil

ഇടതു സർക്കാറും
ആൺ മതനേതൃത്വത്തിനൊപ്പം

മുസ്​ലിം പിന്തുടർച്ചാവകാശ നിയമം:

മുസ്​ലിം പിന്തുടർച്ചാവകാശം സ്​ത്രീകൾക്ക്​ അനുകൂലമായി പരിഷ്​കരിക്കുന്നതുസംബന്ധിച്ച്​ സുപ്രീംകോടതി സംസ്​ഥാന സർക്കാറിന്റെ നിലപാട്​ തേടിയപ്പോൾ, യാഥാസ്ഥിതിക മതപണ്ഡിതന്മാരായ ആണുങ്ങളുടെ യോഗം വിളിച്ച്​, ഇക്കാര്യത്തിൽ സർക്കാരിനോ കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്ന അവരുടെ വാദം അംഗീകരിക്കുകയാണ്​ ചെയ്തത്. 2023 ജനുവരിയിൽ കേരള സർക്കാർ കൊടുക്കുന്ന സത്യവാങ്മൂലം മുസ്​ലിം പിന്തുടർച്ചവകാശ നിയമത്തിലെ സ്ത്രീവിവേചനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ളതാവും എന്നുറപ്പായിരിക്കുകയാണ്​.

മുസ്​ലിം പിന്തുടർച്ചാവകാശ നിയമം സ്ത്രീകൾക്ക് അനുകൂലമായി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യത്യസ്ത സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയ സ്‌പെഷൽ ലീവ് പെറ്റീഷൻ കേസിൽ, കോടതി കേരള സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ആകട്ടെ, മതനേതൃത്വങ്ങളിലെ യാഥാസ്ഥിതികരായ ആൺപ്രതിനിധികളുടെ യോഗം വിളിച്ച്​ അവരുടെ തീരുമാനം സർക്കാരിന്റെ അഭിപ്രായമായി അറിയിക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. ഭരണഘടനാനുസൃതമായി നിലകൊള്ളേണ്ട സർക്കാർ ഭരണഘടനാവിരുദ്ധമായ തീരുമാനത്തെ ഏത് മതേതര ജനാധിപത്യ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് അംഗീകരിച്ചത്? സ്ത്രീകളുടെ പൗരാവകാശങ്ങൾ ഹനിക്കുന്നത് ഇറാനിലെയോ അഫ്ഗാനിസ്ഥാനിലെയോ ഭരണനേതൃത്വ മാവുമ്പോൾ രോഷാകുലരാകുന്ന ജനാധിപത്യ മലയാളി ഇന്ത്യയിലെ പൗരാവകാശനിഷേധങ്ങളിൽ നിശ്ശബ്ദരാവുകയും പക്ഷം ചേരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

മതവിശ്വാസി തന്റെ വിശ്വാസം നിലനിർത്താൻ നിർബന്ധമായും അനുഷ്ഠിച്ചിരിക്കേണ്ട കാര്യങ്ങളിലല്ലാതെ സിവിൽ, ക്രിമിനൽ നിയമങ്ങളിൽ ഭരണകൂടവും മതേതര ജനാധിപത്യ സമൂഹവുമാണ് തീരുമാനമെടുക്കേണ്ടത്.

ഒരു മതേതര ജനാധിപത്യ ഭരണത്തിൽ യാഥാസ്ഥിതിക മതസങ്കല്പവും പൗരാവകാശങ്ങളും നേർക്കുനേർ നിന്നാൽ ഭരണകൂടം ഏതുപക്ഷത്താണ് നിലകൊള്ളേണ്ടത്? തീർച്ചയായും പൗരാവകാശങ്ങളുടെ പക്ഷത്തായിരിക്കണം. അതുകൊണ്ടാണല്ലോ വിധവാവിവാഹവും മുസ്​ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും പന്തിഭോജനവും ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശവും സാധ്യമായത്. മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം മതേതര ജനാധിപത്യ ഭരണഘടന ഉറപ്പുതരുന്ന പൗരാവകാശങ്ങളിൽ പെട്ടതാണ്. അതിൽ തീരുമാനമെടുക്കുമ്പോൾ ഭരണകൂടം കാണേണ്ടത് മതത്തെയല്ല, മതത്തിനുള്ളിലെ സ്ത്രീയെയായിരിക്കണം. മതവിശ്വാസി തന്റെ വിശ്വാസം നിലനിർത്താൻ നിർബന്ധമായും അനുഷ്ഠിച്ചിരിക്കേണ്ട കാര്യങ്ങളിലല്ലാതെ സിവിൽ, ക്രിമിനൽ നിയമങ്ങളിൽ ഭരണകൂടവും മതേതര ജനാധിപത്യ സമൂഹവുമാണ് തീരുമാനമെടുക്കേണ്ടത്.

യു.ഡി.എഫ്​- എൽ.ഡി.എഫ്​ സംയുക്ത മുന്നണി

ഇന്ത്യയിലെ മുസ്​ലിം പിന്തുടർച്ചാവകാശനിയമം സ്ത്രീകൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലാണുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ 1 4 മുതൽ 18 വരെയുള്ള ആർട്ടിക്കിൾ മതം, ജാതി, വംശം, ലിംഗം തുടങ്ങിയവയുടെ പേരിലുള്ള എല്ലാ വിവേചനങ്ങൾക്കും എതിരാണ്. എന്നാൽ ഒരു വ്യക്തിയുടെ മരണാനന്തരം അയാളുടെ സ്വത്തിലുള്ള പിന്തുടർച്ചാവകാശം മുസ്​ലിം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെയല്ല . കടുത്ത വിവേചനങ്ങളാണ് ഇതിലുള്ളത്. നിയമത്തിലുള്ള ഈ വിവേചനങ്ങൾ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ‘നിസ’ (മുസ്​ലിം സ്ത്രീ സംഘടന) പ്രസിഡൻറ്​ വി. പി .സുഹ്‌റ, എം.സി. റാബിയ, സി.വി. അബ്ദുൽസലാം, ഖുർആൻ സുന്നത്ത് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. എം. അബ്ദുൽ ജലീൽ, ഹ്യൂമനിസ്റ്റ് സെന്റർ ഇന്ത്യ പ്രതിനിധി കെ. വി. സയ്യിദ് മുഹമ്മദ് എന്നിവർ ചേർന്ന് കേരള ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തത്. 2015 ജൂലൈ 2ന് ഹർജിയിൽ തീർപ്പു കൽപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടുള്ള നിയമനിർമാണത്തിന് നിയമസഭയ്ക്ക് വിടുകയും ചെയ്തു.

വി. പി .സുഹ്‌റ

അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സർക്കാർ മതനേതാക്കളായ ആണുങ്ങളുടെ ഉന്നതതല യോഗം വിളിച്ച്​ ചേർത്ത്‌ ഈ വിഷയത്തിൽ സർക്കാർ നിയമനിർമ്മാണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അതിനെതിരെ പരാതിക്കാർ സുപ്രീംകോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചു. സുപ്രീംകോടതി കേരള സർക്കാരിനോട് ഈ വിഷയത്തിൽ നിലപാട് ആവശ്യപ്പെടുകയുണ്ടായി. എൽ.ഡി.എഫ് സർക്കാരും യാഥാസ്ഥിതിക മതപണ്ഡിതന്മാരായ ആണുങ്ങളുടെ യോഗം വിളിക്കുകയും മുസ്​ലിം പിന്തുടർച്ചവകാശ നിയമത്തിൽ സർക്കാരിനോ കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്ന അവരുടെ വാദം അംഗീകരിക്കുകയുമാണ് ചെയ്തത്. 2023 ജനുവരിയിൽ കേരള സർക്കാർ കൊടുക്കുന്ന സത്യവാങ്മൂലം മുസ്​ലിം പിന്തുടർച്ചവകാശ നിയമത്തിലെ സ്ത്രീ വിവേചനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ളതാവും.

മുസ്​ലിം പിന്തുടർച്ചാവകാശ നിയമം ലിംഗനീതിപരമായി പരിഷ്‌കരിക്കണമെന്ന ആവശ്യത്തെ മുസ്​ലിം മതപണ്ഡിതന്മാർ എതിർക്കുന്നതുപോലെ ഹിന്ദു കോഡ് ബില്ലിനും ഹിന്ദു ദേശീയവാദികളുടെയും ഹിന്ദുമഹാസഭയുടെയും യാഥാസ്ഥിതിക മതനേതാക്കളുടെയും ശക്തമായ എതിർപ്പുണ്ടായിരുന്നു.

മതപൗരോഹിത്യം എന്നും എതിർക്കുന്ന സ്വത്തവകാശം

ലോകത്താകമാനം സ്ത്രീകൾ വോട്ടവകാശം, സ്വത്തവകാശം, വിവാഹമോചനം തുടങ്ങിയ പൗരാവകാശങ്ങൾ നേടിയെടുക്കുന്നത് നിരവധി പ്രക്ഷോഭങ്ങളിലൂടെയും നിയമലംഘന സമരങ്ങളിലൂടെയുമാണ്. വിവാഹിതരുടെ സ്വത്തവകാശ നിയമം 1856 ൽ ഇംഗ്ലണ്ട് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്‌
നിരവധി പ്രക്ഷോഭങ്ങൾക്കൊടുവിലാണ്. എന്നിട്ടും 14 വർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ 1870 ലാണ് നിയമം പാസായത്. മുസ്​ലിം പിന്തുടർച്ചാവകാശ നിയമം ലിംഗനീതിപരമായി പരിഷ്‌കരിക്കണമെന്ന ആവശ്യത്തെ യാഥാസ്ഥിതിക മുസ്​ലിം മതപണ്ഡിതന്മാർ എതിർക്കുന്നതുപോലെ 1947 ഏപ്രിൽ 11ന് ഭരണഘടന അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ട ഹിന്ദു കോഡ് ബില്ലിനും ഹിന്ദു ദേശീയവാദികളുടെയും ഹിന്ദുമഹാസഭയുടെയും യാഥാസ്ഥിതിക മതനേതാക്കളുടെയും ശക്തമായ എതിർപ്പുണ്ടായിരുന്നു. നാലുവർഷത്തെ ചർച്ചക്കുശേഷവും ഹിന്ദു കോഡ് ബില്ലിൽ അനിശ്ചിതത്വം തുടരുകയാണ് ചെയ്തത്. ഹിന്ദു സമൂഹത്തിന്റെ അടിത്തറയും വിശുദ്ധിയും നശിപ്പിക്കുന്നതാണ് ബില്ല് എന്നായിരുന്നു അവരും വാദിച്ചത്. 1951ൽ നിയമമന്ത്രി സ്ഥാനത്തുനിന്ന്​ ഡോ: ബി. ആർ. അംബേദ്കർക്ക്​ രാജിവെക്കേണ്ടിവന്നത് ഹിന്ദു കോഡ്​ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു.

മുസ്​ലിം പിന്തുടർച്ചാവകാശ നിയമത്തിലെ സ്ത്രീവിരുദ്ധതയും ആധുനികതയുടെ നിരാകരണവും ഖുർആൻ വ്യാഖ്യാനങ്ങളുടെ അക്കൗണ്ടിൽ ചേർത്ത് മതനേതൃത്വങ്ങൾ ഇസ്​ലാമിൽ തങ്ങളുടെ ആണധികാരം ഉറപ്പിക്കുകയാണ്

സ്ത്രീകളുടെ സ്വത്തവകാശം എല്ലാ മതപൗരോഹിത്യവും ശക്തമായി എതിർക്കുന്ന ഒന്നാണ്. ഭൂമിയുടെയും സ്വത്തിന്റെയും ഉടമസ്ഥാവകാശം സ്ത്രീകളെ ശാക്തീകരിക്കുമെന്നും ആശ്രിതസ്വഭാവത്തിൽ നിന്ന്​ സ്ത്രീകളെ മോചിപ്പിക്കുമെന്നും പിതൃമേധാവിത്വശക്തികൾ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് വിവാഹം, വിവാഹമോചനം, പിന്തുടർച്ചാ അവകാശം, കുട്ടികളെ ദത്തെടുക്കലും സംരക്ഷിക്കലും എന്നിവയുൾപ്പെട്ട രാജ്യത്തെ വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കാൻ മതനേതൃത്വങ്ങളും പൗരോഹിത്യവും ഭയപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം പോലെയല്ല നിയമങ്ങൾ. സാമൂഹ്യ മാറ്റത്തിനും സാമൂഹ്യപുരോഗതിക്കും അനുസരിച്ച് മാറ്റത്തിന് വിധേയമാകണം. മുസ്​ലിം പിന്തുടർച്ചാവകാശ നിയമത്തിലെ സ്ത്രീവിരുദ്ധതയും ആധുനികതയുടെ നിരാകരണവും ഖുർആൻ വ്യാഖ്യാനങ്ങളുടെ അക്കൗണ്ടിൽ ചേർത്ത് മതനേതൃത്വങ്ങൾ ഇസ്​ലാമിൽ തങ്ങളുടെ ആണധികാരം ഉറപ്പിക്കുകയാണ്. തുല്യ സ്വത്തവകാശത്തിലൂടെ ഇഹലോകത്ത് നേടിയെടുക്കുന്ന നേട്ടങ്ങളുടെ ഫലം പരലോകത്തെ യാതനകളാണെന്ന് ഭയപ്പെടുത്തി തങ്ങളുടെ സ്വത്തവകാശം നിലനിർത്തുകയാണ് യാഥാസ്ഥികരായ മതപണ്ഡിതന്മാർ. സ്ത്രീകൾക്ക് കുടുംബസ്വത്തിൽ യാതൊരു അവകാശവും ഇല്ലാതിരുന്ന ആറാം നൂറ്റാണ്ടിൽ ആൺമക്കൾക്ക് കിട്ടുന്നതിന്റെ പകുതി സ്വത്തെങ്കിലും പെൺമക്കൾക്ക് ലഭ്യമായത് വളരെ പുരോഗമനപരമായിരിക്കാം. എന്നാൽ അന്നത്തെ ഗോത്രവർഗ സാമൂഹ്യ കുടുംബജീവിതമല്ല ഇന്ന്. കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം പൂർണമായും പുരുഷനാണ് എന്ന ഖുർ ആനിക കാഴ്ചപ്പാട് ആധുനിക സമൂഹത്തിന് യോജിച്ചതോ ആധുനിക കാലത്ത് നടപ്പാക്കാൻ പറ്റുന്നതോ അല്ല. മുസ്​ലിം സമൂഹത്തിന്റെ ഇടയിൽ പോലും അത് നടപ്പാക്കപ്പെടുന്നുമില്ല.

വലിയ അനീതി, മാതാപിതാക്കൾ ജീവിച്ചിരിക്കെ ഒരാൾ മരിച്ചാൽ അവരുടെ അനാഥരായ മക്കൾക്ക് അയാൾ ജീവിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്ന സ്വത്തിന്റെ ഒരു അംശം പോലും ലഭിക്കില്ല എന്നതാണ്.

ആണധികാര പിന്തുടർച്ചയുടെ നിയമം

മുസ്​ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം മരിച്ച ഒരാളുടെ മകനും മകളും ജീവിച്ചിരിപ്പുണ്ടെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗം മകനും മൂന്നിലൊന്ന് ഭാഗം മകൾക്കുമാണ്. മുസ്​ലിം പിന്തുടർച്ചാവകാശ നിയമത്തിലെ വിവേചനമായി പൊതുവേ പറയപ്പെടുന്നത് ഇതാണ്. എന്നാൽ ഇതു മാത്രമല്ല, മക്കളില്ലെങ്കിൽ മരിച്ചുപോയ ഭാര്യയുടെ സ്വത്തിന്റെ പകുതി ഭർത്താവിന് കിട്ടുമെങ്കിലും മരിച്ച ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിനേ ഭാര്യയ്ക്ക് അവകാശമുള്ളൂ. മക്കളുണ്ടെങ്കിൽ മരിച്ചയാളുടെ ഭാര്യക്ക് എട്ടിൽ ഒന്നിനു മാത്രവും തിരിച്ച് ഭാര്യ മരിച്ചാൽ ഭർത്താവിന് നാലിൽ ഒന്ന് സ്വത്തിനും അവകാശമുണ്ട്.

അവിവാഹിതനായ മകന്റെ സ്വത്തിന്റെ ആറിൽ അഞ്ചു ഭാഗവും പിതാവിന് അവകാശപ്പെട്ടതാണ്, മാതാവിന് ആറിൽ ഒന്നുമാത്രം. മറ്റൊരു വലിയ അനീതി നിലനിൽക്കുന്നത്‌ മാതാപിതാക്കൾ ജീവിച്ചിരിക്കെ ഒരാൾ മരിച്ചാൽ അവരുടെ അനാഥരായ മക്കൾക്ക് അയാൾ ജീവിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്ന സ്വത്തിന്റെ ഒരു അംശം പോലും ലഭിക്കില്ല എന്നതാണ്. ഒന്നിലധികം വിവാഹത്തിന് പുരുഷന് അധികാരം നല്കുന്നത് സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നാണ് പറയപ്പെടുന്നത്. സംരക്ഷകനായ ഭർത്താവ് മരിച്ചാൽ മക്കളില്ലെങ്കിൽ 1/32 ഭാഗം വീതമാണ് നാല് ഭാര്യമാർക്കും ലഭിക്കുക. ഭാര്യമാരുടെ എണ്ണം മൂന്ന്​ ആണെങ്കിൽ 1/24, രണ്ടാണെങ്കിൽ 1/16 എന്ന ക്രമത്തിൽ മാത്രമേ പിന്തുടർച്ചാവകാശം ലഭിക്കൂ. മറിച്ച്, ഏതെങ്കിലും ഭാര്യ മരിച്ചാൽ മക്കളില്ലെങ്കിൽ അവരുടെ സ്വത്തിന്റെ പകുതിയും അയാൾക്ക് അവകാശപ്പെട്ടതാണ്. മക്കളുണ്ടെങ്കിൽ നാലിലൊന്ന് സ്വത്തിനും അവകാശമുണ്ട്. ഈ രീതിയിൽ സ്വത്തവകാശത്തിലെ വിവേചനങ്ങൾ ആകെ കൂടി പരിശോധിച്ചാൽ തുല്യ ബന്ധത്തിലുള്ള പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്വത്തിനുമാത്രമേ സ്ത്രീക്ക് അവകാശമുള്ളൂ​. മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നൊരു പോരായ്മയും ഇതിനുണ്ട്. വ്യാഖ്യാനങ്ങളും ചില പുസ്തകങ്ങളും പണ്ഡിതവാദങ്ങളുമൊക്കെ ആശ്രയിച്ചായിരിക്കും പല വിധികളും ഉണ്ടാവുക.

ഭൂമിയുടെയും സ്വത്തിന്റെയും ഉടമസ്ഥാവകാശം സ്ത്രീകളെ ശാക്തീകരിക്കുമെന്നും ആശ്രിതസ്വഭാവത്തിൽ നിന്ന്​ സ്ത്രീകളെ മോചിപ്പിക്കുമെന്നും പിതൃമേധാവിത്വശക്തികൾ ഭയപ്പെടുന്നുണ്ട്

മുസ്​ലിം പിന്തുടർച്ചാവകാശ നിയമം ക്രോഡീകരിക്കണമെന്ന്​ നിയമ കമീഷന്റെ മുന്നിൽ പലതവണ മുസ്​ലിം സ്ത്രീസംഘടനകൾ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. വിദ്യാഭ്യാസവും തൊഴിലും നേടിയ പെൺമക്കൾ മാത്രമുള്ള പുതിയ തലമുറയിലെ ചിലരെങ്കിലും മരണശേഷം നിങ്ങളുടെ സ്വത്ത് മറ്റു ബന്ധുക്കൾ തട്ടിയെടുക്കാതിരിക്കാൻ അല്ലെങ്കിൽ സ്വത്ത് പെൺമക്കൾക്ക് തന്നെ കിട്ടാൻ മതാചാരപ്രകാരം തങ്ങൾ കഴിച്ച വിവാഹം നിലനിൽക്കെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റുവഴി വിവാഹം രജിസ്റ്റർ ചെയ്യുന്ന പ്രവണത കൂടിവരികയാണ്. സ്വന്തം മക്കൾക്ക് വിൽപത്രം എഴുതിവെക്കാനുള്ള അവകാശം മുസ്​ലിം വ്യക്തിനിയമം അനുവദിക്കുന്നില്ല. മക്കളില്ലാത്ത സ്ത്രീകൾ ഭർത്താവിന്റെ മരണശേഷം സ്വത്തിന്റെ നാലിൽ മൂന്ന്ഭാഗം ഭർത്താവിന്റെ കുടുംബാംഗങ്ങൾക്ക് നൽകി നാലിലൊന്നുമായി പടിയിറങ്ങേണ്ടിവന്ന സ്ത്രീകൾ നമുക്ക് ചുറ്റും എത്രയോ ഉണ്ട്. പിന്തുടർച്ചാവകാശ നിയമത്തിന്റെ ഇരകളാകേണ്ടി വന്ന അപൂർവ്വം പുരുഷന്മാരെയും കാണാം. തന്റെ മരണശേഷം ഒന്നിച്ച് സമ്പാദിച്ച സ്വത്തിന്റെ നാലിൽ ഒന്നിന് മാത്രം ഭാര്യ അവകാശിയാവാതിരിക്കാൻ ഭാര്യയുടെ പേരിൽ സ്വത്ത് എഴുതിവെക്കുകയും തനിക്കുമുമ്പ് അവൾ മരിക്കുകയും ചെയ്താൽ ഭാര്യയ്ക്ക് എഴുതിവെച്ചതിന്റെ പകുതി മാത്രം മുസ്​ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം ലഭിക്കുന്ന പുരുഷന്മാരാണത്. ബാക്കി പകുതി ഭാര്യയുടെ ബന്ധുക്കൾക്കാണ്.

സ്ത്രീകൾ സ്വത്തവകാശം ചോദിക്കുന്നത് മതവിശ്വാസത്തിനെതിരാണെന്ന് ഭയപ്പെടുത്തുന്ന പൗരോഹിത്യം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയുടെ കാര്യത്തിൽ മതവിശ്വാസം പ്രായോഗികമാക്കാത്തത് എന്തുകൊണ്ടാണ്?

കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ മുഴുവൻ പുരുഷന്റെ ചുമലിൽ മാത്രമാണെന്ന കാഴ്ചപ്പാട് ആണധികാരവുമായി ബന്ധപ്പെട്ടതും ആധുനിക സമൂഹത്തിൽ അപ്രായോഗ്യവുമാണ്. പലവിധ കാരണങ്ങളാൽ കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം പൂർണമായും നിർവഹിക്കുന്ന സ്ത്രീകൾ മുസ്​ലിം സമൂഹത്തിലും ഒരു യാഥാർത്ഥ്യമാണ്. സ്ത്രീയുടെ വരുമാനം ഖുർആനിക കാഴ്ചപ്പാടനുസരിച്ച് വേണ്ടെന്നു വെക്കാനും ആധുനിക സമൂഹത്തിന് സാധ്യവുമല്ല.

മതേതര ജനാധിപത്യ സമൂഹത്തിൽ ക്രിമിനൽ നിയമങ്ങൾ മതയുക്തിക്ക് അനുസരിച്ചല്ലാത്തതുപോലെ സിവിൽ നിയമങ്ങളും മതേതര ജനാധിപത്യ യുക്തിക്കനുസരിച്ച് ആയിരിക്കണം. സ്ത്രീകൾ സ്വത്തവകാശം ചോദിക്കുന്നത് മതവിശ്വാസത്തിനെതിരാണെന്ന് ഭയപ്പെടുത്തുന്ന പൗരോഹിത്യം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയുടെ കാര്യത്തിൽ മതവിശ്വാസം പ്രായോഗികമാക്കാത്തത് എന്തുകൊണ്ടാണ്? സൂറത്ത് അന്നൂർ രണ്ടാം ആയത്ത് (വാചകം) ‘നാം അവതരിപ്പിച്ച ഒരു അധ്യായമാണിത്, ഇതിനെ പ്രാവർത്തികമാക്കുന്നത് എല്ലാ സത്യവിശ്വാസികൾക്കും നാം നിർബന്ധമാക്കിയിരിക്കുന്നു 'എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ‘വ്യഭിചാരിയും വ്യഭിചാരണിയും കുറ്റം തെളിഞ്ഞാൽ അവരെ ആയിരം വീതം ചമ്മട്ടിയടി അടിക്കണം. നിങ്ങൾ അല്ലാഹുവിലും അന്ത്യനാളുകളിലും വിശ്വസിക്കുന്നു എങ്കിൽ അല്ലാഹുവിന്റെ വിധി നടപ്പാക്കുന്ന കാര്യത്തിൽ ഒരു ദാക്ഷിണ്യവും ഉണ്ടാവരുത്​’ എന്ന്​ അതേ ആയത്ത് തുടരുന്നുണ്ട്. ഒരു ദാക്ഷിണ്യവും കൂടാതെ നടപ്പാക്കണം എന്ന് ഖുർആൻ പറഞ്ഞ ഇതുപോലെയുള്ള ശിക്ഷാവിധികൾ ഒരു മതേതര ആധുനിക സമൂഹത്തിൽ സാധ്യമാകുമോ?

മുസ്​ലിം സ്ത്രീകൾ അടക്കമുള്ളവർ തങ്ങളുടെ മതനേതൃത്വങ്ങളെ ആധുനികരാക്കാൻ സംഘടിതമായ ഇടപെടലിലൂടെ ശ്രമിക്കണം

പിന്തുടർച്ചയുടെ കാര്യത്തിലാവട്ടെ ഇങ്ങനെയൊരു കടുംപിടുത്തം ഖുർആനിൽ എവിടെയും പറഞ്ഞിട്ടുമില്ല. ഖുർആൻ മാത്രമല്ല, ഹദീസുകളും പണ്ഡിതരുടെ വ്യാഖ്യാനങ്ങളും എല്ലാം ചേർന്നതാണ് പിന്തുടർച്ചാവകാശ നിയമങ്ങൾ. പല ഇസ്​ലാമിക രാജ്യങ്ങളിലും ശരിയത്ത് നിയമങ്ങളിൽ പലതരം പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഖുർആൻ അടിസ്ഥാന പ്രമാണമാക്കിയ മുസ്​ലിം മത വിഭാഗത്തിലെ തന്നെ വിവിധ വിഭാഗങ്ങൾ പിന്തുടരുന്നത് വ്യത്യസ്ത രീതിയിലുള്ള പിന്തുടർച്ചാവകാശ നിയമങ്ങളാണ്. അതായത്, ഏകശിലാരൂപത്തിലുള്ളതല്ല വ്യത്യസ്ത രാജ്യങ്ങളും വ്യത്യസ്ത വിഭാഗങ്ങളും പിന്തുടരുന്ന നിയമങ്ങൾ.

സ്ത്രീകളുടെ പൗരാവകാശങ്ങൾ ഉറപ്പുനൽകുന്ന തരത്തിൽ കാലോചിതമായി നിയമങ്ങൾ പരിഷ്‌കരിക്കണം. അതിനുള്ള ശക്തമായ സമ്മർദ്ദം മതേതര സമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടാവണം.

സ്ത്രീകളുടെ പൗരാവകാശങ്ങൾ ഉറപ്പുനൽകുന്ന തരത്തിൽ കാലോചിതമായി നിയമങ്ങൾ പരിഷ്‌കരിക്കണം. അതിനുള്ള ശക്തമായ സമ്മർദ്ദം മതേതര സമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗത്തു നിന്നും ഉണ്ടാവണം. മുസ്​ലിം സ്ത്രീകൾ അടക്കമുള്ളവർ തങ്ങളുടെ മതനേതൃത്വങ്ങളെ ആധുനികരാക്കാൻ സംഘടിതമായ ഇടപെടലിലൂടെ ശ്രമിക്കണം. വിവേചനങ്ങളില്ലാതെ സൃഷ്ടികളെ തൂല്യരായി പരിഗണിക്കുന്ന ​സ്രഷ്ടാവാണ് തങ്ങളുടേതെന്നും സ്ത്രീകളുടെ പൗരാവകാശങ്ങളും നീതിയും നിഷേധിക്കുന്ന ഇസ്​ലാം അല്ല തങ്ങളുടെ ഇസ്​ലാം എന്നും മതനേതൃത്വങ്ങളോട് പറയാനുള്ള ആർജ്ജവം മുസ്​ലിം സ്ത്രീകൾക്കുണ്ടാവണം. ▮

Comments