വൈക്കം മുഹമ്മദ് ബഷീറിന്റെ കുഞ്ഞുപാത്തുമ്മയെക്കുറിച്ച് നമുക്ക് വലിയ മതിപ്പാണ്. മനുഷ്യനിലെ, പ്രത്യേകിച്ച് സ്ത്രീയിലെ നിഷ്‌കാമകത്വത്തിന്റെയും നിഷ് കളങ്കതയുടെയും ഒരു മിത്താക്കി മലയാളി അവളെ ആഘോഷിച്ചു. അവളെ മലയാളം പഠിപ്പിച്ച നിസ്സാറഹമ്മദിന്റെ പെങ്ങളും ഉൽപതിഷ്ണുവുമായ ആയിഷയോട് നമുക്ക് ആദരവോടെയുള്ള കരുതലുണ്ട്. കുഞ്ഞുപാത്തുമ്മയുടെ സൃഷ്ടിയിൽ ബഷീർ സ്വന്തമായി ഒരു മോഡലിനെ നിർമിച്ചിട്ടില്ല. കാരണം, പ്രകൃതിയും സാംസ്‌കാരികമായ പൈതൃകവും അത്രകണ്ട് ഇഴുകിച്ചേർന്നുകിടപ്പുണ്ട് അവളിൽ. ബഷീറിന്റെ ദൈവികമായ പ്രപഞ്ചവീക്ഷണം എവിടെയൊക്കെയോ നിഴലിക്കുന്ന ഒരു പ്രകൃതം കുഞ്ഞുപാത്തുമ്മയുടെ സൃഷ്ടിയിൽ അന്തർലീനമാണ്. എന്നാൽ, ആയിഷക്ക് ഒരു പൂർവ മാതൃകയില്ലേ?
ബഷീർ ഇതൊക്കെ എഴുതിയ കാലത്ത്, പലരും ധരിച്ചത് ജ്ഞാനത്തെ അന്വേഷിക്കുന്ന, അതിനെ അറിഞ്ഞ് ജീവിതവ്രതമാക്കിയ പെണ്ണുങ്ങൾ മുസ്ലിം സമുദായത്തിൽ ഇല്ലായിരുന്നു എന്നാണ്. അതുകൊണ്ടല്ലേ, ആയിഷയെ കണ്ട്, അവളുടെ സരസ്വതി കേട്ട് നമ്മിൽ പലരും അത്ഭുതം കൂറിയത്? അങ്ങനെ, ചരിത്രത്തിൽനിന്ന് മാറിനിന്ന് കഥാപാത്ര രൂപത്തിലെങ്കിലും ആരാധനയോടെ നാം അവൾ പഠിപ്പിക്കുന്നതും നോക്കിയിരുന്നു. മാത്രമല്ല, വായനക്കാർക്ക്, ആയിഷയോടുള്ളതിനേക്കാൾ സ്‌നേഹവും മുഹബ്ബത്തും കുഞ്ഞുപാത്തുമ്മയോടായിരുന്നു. കാരണം, അങ്ങനെയൊരു ജന്മത്തിനെ മലയാള കഥയിൽ ഇതുവരെ നാമാരും വായിച്ചിട്ടില്ല. മനുഷ്യർ ഇല്ലാത്ത, കഥാപാത്രങ്ങൾ മാത്രമുള്ള ഒരു സമുദായം? ഒരു കൽപിത ഗോത്ര സമൂഹം -അഥവാ imagined community.
1944 ൽ ജന്മം കൊണ്ട അല്ലെങ്കിൽ എം. ഹലീമാ ബീവിയുടെ മുൻകൈയിൽ തുടങ്ങിയ ഭാരത ചന്ദ്രികയുടെ പത്രധിപ സമിതി അംഗമായിയുന്നു വൈക്കം മുഹമ്മദ് ബഷീറും വക്കം അബ്ദുൽ ഖാദറും. ബഷീറിന്റെ ആദ്യ കൃതി പ്രേമലേഖനം പ്രസിദ്ധീകരിക്കുന്നത് ഇതേ വർഷത്തിലാണ്. മാത്രമല്ല, നായന്മാരുടെ പ്രതിഷേധം കാരണം ആ കൃതി ദിവാൻ സർ സി. പി. നിരോധിക്കുന്നതും അക്കാലത്താണ്.
എഴുത്തു ജീവിതത്തിന്റെയും സമര ജീവിതത്തിന്റെയും വിപ്ലവ ജീവിതത്തിന്റെയും തീച്ചൂളയിൽ ബഷീറിനെ നാം വായിച്ച് അഭിമാനം കൊണ്ടപ്പോഴും, അക്കാലത്ത് എല്ലാ പ്രവർത്തനങ്ങളിലും സമൂഹമധ്യത്തിൽ ഒപ്പം നിറഞ്ഞു നിന്ന ഒരു മുസ്ലിം വനിതയുടെ പേര് ബഷീറിന്റെ എഴുത്തിലൂടെപ്പോലും അധികമൊന്നും പരിചയിച്ചിട്ടില്ല. എം. ഹലീമാ ബീവിയെക്കുറിച്ച് അദ്ദേഹം എവിടെയൊക്കെയോ സൂചിപ്പിച്ചിട്ടുണ്ട് എന്ന പറച്ചിലല്ലാതെ മറ്റൊന്നും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ബഷീറിന്റെ ആത്മകഥ എന്നു പറയാനാവില്ലെങ്കിലും ആത്മകഥാംശം നിറഞ്ഞു നിൽക്കുന്ന ഓർമയുടെ അറകളിലും ഹലീമാ ബീവിയില്ല.
അതേസമയം ഒരു കൽപ്പിത സമുദായം എന്ന നിലയ്ക്ക് മുസ്ലിം സമുദായത്തെ കൊണ്ടാടിയ ഒരു ചരിത്രത്തിന്റെ പ്രശ്‌നപരിസരം ബഷീർ തൊട്ടറിയുന്നുണ്ട്. കഥകളിൽ നിറഞ്ഞു നിൽക്കുന്ന, അതിന് താങ്ങായി നിൽക്കുന്ന ചരിത്രത്തിന്റെ കല്ലുവച്ച അതിശയോക്തികളാൽ നിർമിക്കപ്പെട്ട ഒരു സമുദായം. തന്റെ എഴുത്തിനെ തന്നെ രൂപപ്പെടുത്തുന്ന അസ്തിത്വാത്മകമായ ഒരു കാരണം കൂടിയാണ് ഇതെന്ന് ബഷീർ എഴുതുന്നുണ്ട്. താൻ വായിക്കുന്ന കഥകളിലും സാഹിത്യങ്ങളിലും നീചരും വില്ലന്മാരുമായ കഥാപാത്രങ്ങളെല്ലാം മുസ്ലിംകളായിരുന്നു.
എന്നാൽ സ്വാനുഭവത്തിൽ അത് തെറ്റായും ബഷീർ തിരിച്ചറിഞ്ഞു. എന്നു പറഞ്ഞാൽ, കൽപ്പിതമാക്കപ്പെട്ട ഒരു സമുദായത്തെ കുറിച്ചുള്ള പൊരുൾ ബഷീറിന് പിടികിട്ടി. ചരിത്രത്തിന്റെ അതിശയോക്തിപരമായ അത്തരം നീർക്കെട്ടുകളിൽ നിന്ന്ഒരു സമുദായത്തെ/സമൂഹത്തെ വിമോചിപ്പിച്ചെടുക്കാനുള്ള വ്യഗ്രത കൂടി ചേർന്നതാണ് ബഷീർ സാഹിത്യം. കെട്ടുകഥകളിൽ തടവുകാരായ കഥാപാത്രങ്ങളെ ബഷീർ ആധുനിക ലോകത്തേയ്ക്ക് മോചിപ്പിച്ചു.
കേരളത്തിൽ, നൂറ്റാണ്ടുകൾക്കുമുമ്പേ മുസ്ലിം ഒരു ജനസമുദായമായിട്ടുണ്ട്. മാത്രമല്ല, പലതരം ആന്തരിക നവോത്ഥാന സംരംഭങ്ങളിലൂടെ അവർ കേരളത്തിൽ മാറ്റത്തിന് നാന്ദി കുറിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്റെ മുദ്രകളെ സവിസ്തരം അഭിമുഖീകരിച്ചുതന്നെയാണ് അവയൊക്കെ സംഭവിച്ചത്. ആ നവോത്ഥാന പ്രക്രിയയുടെ തുടർച്ചയെന്നോണം ഇരുപതാം ശതകത്തിന്റെ ആദിദശകങ്ങളിൽ സാമൂഹികമായും സാംസ്‌കാരികമായും ലിംഗപരമായും വേറിട്ട ചിന്തകൾ ഉൽപാദിപ്പിക്കുകയും, പരിഷ്കൃത ഇസ്ലാമിനോടൊപ്പം അണിചേർന്ന് എല്ലാ സാമ്പ്രദായിക മട്ടുകളെയും പഴഞ്ചൻ മാമൂലുകളെയും എതിർത്തു തോൽപ്പിച്ച്പുതിയൊരു അക്ഷര വെളിച്ചം കൊണ്ട് വിപ്ലവപരമായ മാർഗദീപം തെളിച്ച, നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു മുസ്ലിം വനിതയുണ്ട് - നാല് പത്രങ്ങളുടെ പത്രാധിപയായിരുന്ന എം. ഹലീമാ ബീവി. വക്കം മൗലവിയുടെ സ്‌കൂളിൽ നിന്നോ അതിന്റെ നടുമുറ്റത്തുനിന്നോ കിളിർത്തു വന്ന മുസ്ലിം സ്ത്രീ. കേരളത്തിലെ നവോത്ഥാനത്തിന്റെ തീക്കനൽക്കാലത്ത്, ഒരു സമുദായത്തിലെ ‘അപര പാർശ്വ'ത്തെ കേരളീയ ചരിത്രത്തിലേയ്ക്ക് വലിച്ചിട്ടവൾ.
മുസ്ലിം വനിത, വനിത, ഭാരത ചന്ദ്രിക, ആധുനിക വനിത തുടങ്ങി നാലു പ്രസിദ്ധീകരണങ്ങളുടെ മാനേജിങ് എഡിറ്റരും പത്രാധിപയുമായിരുന്നു അവർ. ആധുനിക സാക്ഷരത കൊണ്ട് സുകൃതം ചെയ്ത മറ്റേതു സവർണ സമുദായങ്ങൾക്കുപോലും ചെന്നെത്താൻ കഴിയാത്ത ഒരു സ്ഥാനം അലങ്കരിച്ചവൾ. ശ്രീനാരായണന്റെ കാലത്താണ് ഇത് സംഭവിച്ചത് എന്നോർക്കണം.
നൂറ, നൂർജഹാൻ എന്നീ എഴുത്തുകാരികളുടെ ഗവേഷണ- അന്വേഷണങ്ങളിലൂടെ സംഭവിച്ച, എം. ഹലീമാ ബീവിയുടെ ജീവചരിത്രം പറയുന്ന പത്രാധിപ എന്ന കൃതി ഇപ്പോൾ നമുക്ക് മുമ്പിലുണ്ട്.
‘‘...കുഞ്ഞുങ്ങളെ ഊട്ടിയുറക്കിയും സമരമുന്നണികളിലുറക്കെ പ്രസംഗിച്ചും അനേകം വനിതാ സമ്മേളനങ്ങൾ നടത്തിയും വീടുവീടാന്തരം കയറിയിറങ്ങി പെൺകുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്കയക്കാൻ ആവശ്യപ്പെട്ടും, കൗൺസിലറായും രാഷ്ട്രീയ പ്രവർത്തകയായും തിരക്കുകളിലമർന്നും അരപ്പട്ടിണിയായി ജീവിക്കുന്നതിനിടയിൽ രാവ് വെളുക്കെ ജോലി ചെയ്ത്... ’’ അങ്ങനെ ജ്വലിച്ചു ജീവിച്ച ഒരാൾ നമുക്കിടയിലുണ്ടായിരുന്നു എന്ന കണ്ടെത്തൽ ക്ലാവ് മൂടിയ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ കുറേക്കൂടി തുറസ്സാക്കിയിരിക്കുന്നു.
കേരളത്തിലെ ആദ്യ മുസ്ലിം വനിതാ സമ്മേളനം
കേരളത്തിൽ ആദ്യമായി ഒരു മുസ്ലിം വനിതാ സമ്മേളനം 1938-ൽ തന്നെ സാക്ഷാൽക്കരിച്ചവൾ. അതേ, മുപ്പതുകളിൽത്തന്നെയാണ്, ശ്രീനാരായണന്റെ കീഴാള ദർശനിക ലോകം കേരളത്തെ ഗ്രസിച്ച ഉല്പതിഷ്ണുത്വത്തിന്റെ, ദളിത് -കീഴാള സമരങ്ങളുടെ, സാമൂഹ്യമായ പുതുതിരിച്ചറിവുകളുടെ, പലമയുടെ, സാമൂഹ്യ സ്വത്വ രൂപീകരണങ്ങളുടെ മധ്യത്തിൽ തന്നെ മുസ്ലിം സ്ത്രീയുടെ സാംസ്‌കാരികവും പരിഷ്‌കാരികവുമായ പ്രവർത്തനങ്ങളുടെ നാന്ദി കുറിച്ചത് എന്ന കാര്യം ഇനിയും മറച്ചു വെക്കാൻ കഴിയില്ല.
എന്നിട്ടും ബഷീറിനെ വായിച്ച്, ആയിഷയെയും കുഞ്ഞുപാത്തുമ്മയെയും കണ്ട് നാം അത്ഭുതം കൂറുന്നു - ഇവരൊക്കെ കഥാപത്രങ്ങളല്ലേ, എന്ന്. കല്പിതമായ ഭാവനാ ചരിത്രത്തിലല്ലാതെ നവോത്ഥാന കേരളത്തിന്റെ നടുമുറ്റത്തൊന്നും ഇങ്ങനെയൊരാളെ സങ്കൽപ്പിക്കാൻ ഇന്നും നമുക്ക് പ്രാപ്തി പോരാ! കഥകൾ കഥകളല്ലെന്നും സാമൂഹ്യ നിയമങ്ങളാൽ ആർജിതമായ മനുഷ്യ സ്വത്വത്തിന്റെ അടയാളങ്ങളാണെന്നും അത് സമൂഹം പങ്കിട്ടുപോയ ഓരോ ജനവിഭാഗത്തിനും ഉണ്ടെന്നും വിശ്വസിപ്പിക്കുന്ന പൊതു സമൂഹാംഗീകാരത്തിന്റെ സാക്ഷി പത്രം എന്ന നിലയ്ക്ക് ഹലീമാ ബീവിയെ ഇനിയും മറച്ചു പിടിക്കുക വയ്യ.
കേരളീയ നവോത്ഥാനത്തിന്റെ ഉമ്മമരം
അത്ഭുതപ്പെടുത്തുന്ന ആശയങ്ങളും പ്രവർത്തനോർജ്ജവും കൊണ്ട് ഹലീമാ ബീവി നേരിട്ടത് പുരുഷ മേൽക്കോയ്മയുടെയും ജ്ഞാന വിഹീനത കൊണ്ട് മൂടപ്പെട്ടതുമായ ഒരുലോകത്തെയായിരുന്നു. മുസ്ലിം സ്ത്രീ രണ്ടുതരത്തിൽ ഇരയാക്കപ്പെടുന്നതിനെ അവർ നിത്യജീവിതത്തിൽ അഭിമുഖീകരിക്കുന്നുണ്ട്. ഒന്നാമത്, പുരുഷാഹന്തകൾക്ക് നടുവിലെ സ്ത്രീയുടെ അടിമ ജീവിതം. അതിന് മതം അനുവർത്തിച്ച പഴഞ്ചൻ /ഫ്യൂഡൽ അധികാരം കൈയാളിയ സമുദായം. മറ്റൊന്ന്, കേവലം മാല -മൗലൂദ് -റാതീബുകളിൽ മാത്രം തളച്ചിട്ട ജ്ഞാന ജീവിതം. ഇതിനോട് രാജിയാവാൻ ഹലീമാ ബീവിക്കു കഴിഞ്ഞില്ല. സ്ത്രീയുടെ കർതൃത്വം സ്ഥാപിച്ചെടുത്തു മാത്രമേ മുന്നേറ്റം സാധ്യമാവൂ എന്ന തിരിച്ചറിവ്.
അതിനുപാകത്തിൽ, ഇസ്ലാമിൽ പുരുഷനും സ്ത്രീയ്ക്കും ഒരു സാമൂഹ്യ ജീവിതം ഉണ്ടെന്നു വിശ്വസിച്ചുറച്ച അന്നത്തെ ഒരു പറ്റം ഉൽപ്പതിഷ്ണുക്കളുടെ പിന്തുണയും അവർക്കു കിട്ടി. വക്കം മൗലവി, വക്കം അബ്ദുൽ ഖാദർ, വൈക്കം മുഹമ്മദ് ബഷീർ, ഹലീമ ബീവിയുടെ ഭർത്താവ് കെ. എം. മുഹമ്മദ് മൗലവി തുടങ്ങിയവർ. കൂടാതെ പൊതു ജീവിതത്തിൽ അവർ പരിചയിക്കുകയോ കേട്ടറിയുകയോ ചെയ്ത സി. ഒ. ടി. കുഞ്ഞിപ്പക്കി, കെ. മുഹമ്മദലി, സയ്യിദ് മുഹയിദ്ദീൻ ഷാ, കെ. മുഹമ്മദ് സാഹിബ് തുടങ്ങിയ മുസ്ലിം നവോത്ഥാന- വിദ്യാഭ്യാസ പ്രവർത്തകരെയൊക്കെ ഹലീമ ബീവി തന്റെ എഴുത്തുകളിൽ പരാമർശിക്കുന്നുണ്ട്.
എത്ര പുരോഗമനേച്ഛക്കളായാലും ഒരു മുസ്ലിം സ്ത്രീക്ക് സാമൂഹ്യ പ്രവർത്തന സ്വാതന്ത്ര്യം വകവെച്ചു കൊടുത്ത പുരോഗമനകാമികളായ പുരുഷന്മാർ അന്ന് ഏറെയില്ല. സാമ്പ്രദായിക പുരുഷമത വിശ്വാസികളെ സംബന്ധിച്ച് അടുക്കളയിലെ വേലക്കാരിയോ പ്രസവയന്ത്രമോ മാത്രമായിരുന്നു ഭാര്യമാർ. കുഞ്ഞുങ്ങളെ നേർമാർഗത്തിൽ പ്രവേശിപ്പിക്കാനും ധാർമികതയിലുറച്ച സാമൂഹിക വ്യക്തികളായി അവരെ വളർത്താനും പോന്ന പ്രാപ്തിയോ വിദ്യാഭ്യാസമോ അവർക്കില്ല. കർതൃ മണ്ഡലം പോയിട്ട് തങ്ങളുടെ കർമമണ്ഡലം ഏതാണെന്നുപോലും തിരിച്ചറിയാനുള്ള വൈകാരികമോ ധൈഷണികമോ ആയ ബലമവർക്കില്ല.
കുട്ടികളെ ജ്ഞാനം നൽകിയും സാമൂഹ്യ ധർമ്മമറിഞ്ഞു പഠിപ്പിച്ചും വളർത്താൻ കഴിയുന്ന ഉമ്മാമാരില്ലെങ്കിൽ, ‘മാതാവിന്റെ കാലടികളിലാണ് സ്വർഗം 'എന്ന പ്രവാചക വചനത്തിന് എന്തു സംഗത്യമാണ് ഉള്ളതെന്ന ചോദ്യം പുരുഷ കേസരികളുടെ മധ്യത്തിൽ ഹലീമാ ബീവിക്ക് ചോദിക്കാനായി. ഇന്നു പോലും അങ്ങനെയൊരു ചോദ്യം ഒരു സ്ത്രീക്ക് ഉയർത്തണമെങ്കിൽ അസാധ്യധൈര്യം വേണം. ഒരു പക്ഷേ കേരളത്തിലെ ആധുനിക മുസ്ലിം വനിതക്കുള്ളിൽ നിന്ന്പൊട്ടിപ്പുറപ്പെട്ട ആദ്യ ശബ്ദമായിരിക്കാം ഇത്. ഇസ്ലാമിന്റെ സംസ്‌കാരവും സമൂഹ്യ ശാസ്ത്രവും തിരിച്ചറിഞ്ഞ് ബീവി കരസ്ഥമാക്കിയ പാഠങ്ങൾ അവരെ ഒരേസമയം മതത്തിന്റെ കാതൽ തിരിച്ചറിയുന്നതിനും ചോദ്യം ചോദിക്കുന്നതിനും പ്രേരിപ്പിച്ചു. പാശ്ചാത്യമോ ഇതര സംസ്‌കാരികമോ ആയ അറിവുകൾ അവർക്ക്കുറെയൊക്കെ ഗ്രഹിക്കാൻ കഴിഞ്ഞുവെങ്കിലും, താനറിഞ്ഞ അറിവുകളുടെ കാതലിൽ നിന്നുകൊണ്ടാണ് അവർ ചോദ്യങ്ങൾ തൊടുത്തത് എന്ന് മുകളിൽ പറഞ്ഞ ഒരൊറ്റ ഉദാഹരണത്തിൽ നിന്ന് വ്യക്തമാവും. എല്ലാത്തരം ലിംഗ വിവേചനങ്ങളെയും ഇത്തരം ചോദ്യങ്ങൾ കുത്തി മുറിവേൽപ്പിക്കുക തന്നെ ചെയ്തു. ഏതു മാതാവിന്റെ കാലടിച്ചോട്ടിലാണ് നാം പ്രതീക്ഷിക്കുന്ന സ്വർഗം എന്ന് ഉച്ചത്തിൽ ചോദിക്കാനുള്ള ധൈര്യം ചെറുതല്ലല്ലോ.
സമൂഹത്തിൽ ഇരട്ട കീഴാളത്വത്തിന് വിധേയമായ മുസ്ലിം സ്ത്രീയുടെ ഈ അവസ്ഥയെ അക്കാലം നെയ്‌തെടുത്ത ഒരു സാമൂഹ്യ നിർമിതിയായി തന്നെ വേണം കാണാൻ. അതുകൊണ്ടാണ്, അതിനോട് അവർക്ക് ഇത്തരം കടുത്ത ചോദ്യങ്ങൾ ചോദിക്കേണ്ടിവന്നത്. ബ്രിട്ടീഷ് വിരുദ്ധ മനോഭാവങ്ങൾക്ക് നിരന്തരം ഇരയാക്കപ്പെട്ട ഒരു സമുദായം എന്ന നിലയ്ക്ക് ആധുനികതയുടെ അറിവുകൾ പലമട്ടിൽ അവരിൽ നിന്ന് മറച്ചുവെക്കപ്പെടുകയുണ്ടായി. കലാപ/സമരങ്ങൾ ആയാലും റദ്ദ് ചെയ്യപ്പെട്ട ജ്ഞാന പരിസരമായാലും മുസ്ലിം സ്ത്രീയായിരുന്നു ഇതിന് ഏറ്റവും വലിയ ഇരയായിത്തീർന്നത്. ലോകചരിത്രത്തിൽ തന്നെ ഇപ്പറഞ്ഞതിന് സമാനതകൾ കുറവാണ്.
‘അറബി മലയാളത്തിലെ അചാലകതകൊണ്ടുണ്ടായ മാറ്റിവെപ്പ് എന്ന് ആദ്യകാല ചരിത്രങ്ങളിലെ അദൃശ്യതക്ക് കാരണം വാദിച്ചാലും മാനക മലയാളത്തിലേക്ക് കടന്നുവന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ മുസ്ലിം ചരിത്ര സാന്നിധ്യമെവിടെ?. അവരുടെ സാഹിത്യജീവിതമെവിടെ? ആദ്യമായി മുസ്ലിം വനിതാ സമ്മേളനം നടത്തിയ, കേരളത്തിലെ ആദ്യത്തെ പ്രസാധകയായ, ആദ്യ വനിതാകൗൺസിലറായ ഹലീമാ ബീവിയുടെ ചരിത്രസാന്നിധ്യം എവിടെ? പൂണൂലിട്ട ചരിത്രത്തിന്റെ അന്ധത ഹലീമാ ബീവിയെപ്പോലുള്ളവരെ കാണാതെ പോയി, വെളിച്ചെമെത്താത്തൊരിടമായും അപരിചിത ഭൂമികയായും മുസ്ലിം ലോകത്തെ അസാന്നിധ്യം കൊണ്ട് രേഖപ്പെടുത്തി വെക്കുകയും ചെയ്തു. മുഖ്യധാരയ്ക്കകത്ത് സ്വയംഅടയാളപ്പെടുത്തി വെക്കാൻ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ നടന്ന നവോത്ഥാന ശ്രമങ്ങളിലും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിലും വ്യാപൃതരായ മുസ്ലിം ബൗദ്ധിക ലോകം മുതിർന്നതുമില്ല';ഇങ്ങനെ തിരസ്‌കൃത ചരിത്രത്തോട് നിരവധി ചോദ്യങ്ങലുയർത്തുന്നുണ്ട് ഈ പുസ്തകം.
മത പൗരോഹിത്യ പുരുഷ സമൂഹം മാത്രമല്ല ഹലീമാ ബീവി എന്ന സാമൂഹ്യ -സാംസ്‌കാരിക പ്രവർത്തകയായ മുസ്ലിം വനിതയുടെ ചരിത്രത്തെ തമസ്‌ക്കരിച്ചതിനുത്തരവാദി എന്നൊരു അന്വേഷണത്തിലേക്ക് കൂടി ഈ കൃതി വിരൽചൂണ്ടുന്നു. ഇങ്ങനെ നവോത്ഥാന മുന്നേറ്റങ്ങളുടെ രേഖപ്പെടുത്തലുകളിൽനിന്ന് അവർ പരിപൂർണമായും മാറ്റിനിർത്തപ്പെട്ടു. ചരിത്രത്തിന്റെ ഉടമ എക്കാലത്തും ആരാണെന്നും അത് രൂപപ്പെടുത്തുന്നതിന്റെ സാമൂഹ്യ -മനഃശാസ്ത്ര ബാലതന്ത്രം എന്തൊക്കെയാണെന്നുമുള്ള കാര്യകാരണങ്ങളിലേയ്ക്കും വെളിച്ചം വീശുന്നവയാണിതൊക്കെ.
സർ സി. പി യുടെ കിരാത വാഴ്ചയെക്കുറിച്ച് നിരവധി എഴുതപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് അനുഭാവിയായ ഒരു മുസ്ലിം ബുദ്ധിജീവി എന്ന നിലയ്ക്കും പത്ര- മാസികാദികൾ നടത്തുകയും മഹിളാ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും അതിൽ പ്രസംഗിക്കുകയും ഒക്കെ ചെയ്ത വനിത എന്ന നിലയ്ക്കും, സർ സി. പി യുടെ നോട്ടപ്പുള്ളി കൂടിയായിരുന്നു ഹലീമാ ബീവി. രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചാൽ ജോലി പോലും ദിവാൻ വാഗ്ദാനം ചെയ്യുകയുണ്ടായി. മാത്രമല്ല, മലയാള മനോരമ ദിവാന്റെ അധികാരികൾ കണ്ടുകെട്ടിയശേഷം അതിന്റെ പത്രാധിപരായ കെ. എം. മാത്യു തന്റെ ലഘു ലേഖകൾ അച്ചടിച്ചിരുന്നത് ഹലീമാ ബീവിയുടെ പ്രസിൽനിന്നായിരുന്നു എന്നുകൂടിയോർക്കുക. പല തവണ സർ സി. പി യുടെ പൊലീസുകാർ ഇക്കാരണത്താൽ ഹലീമ ബീവിയുടെ പ്രസ് പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി.
വിമോചന സമരക്കാലത്ത്, ഹലീമാ ബീവിയുടെ സമര സാന്നിധ്യം എടുത്തു പറയേണ്ടതാണ്. ‘കമ്യൂണിസ്റ്റ് ഭരണ കാലത്ത് അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ ഒരു ഗർഭിണിയും രണ്ടുകുട്ടികളും മരിച്ച സംഭവത്തിൽ പൊലീസിനെ പ്രതിരോധിക്കയും പെരുമ്പാവൂരടക്കമുള്ള പൊലീസ് സ്റ്റേഷനുകൾ പിക്കറ്റ് ചെയ്യുകയും..'ചെയ്യുന്ന സംഭവങ്ങളിലൊക്കെ ഒരു നിറസാന്നിധ്യമായി ബീവിയുണ്ട്.
ഇതേകാലയളവിൽ ബഷീർ പങ്കാളിയായ ചരിത്രകഥകൾ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും ഭാവനാചരിത്രത്തിന്റെയും ഈടുറ്റ ഏടുകളായി നാം വായിച്ചാസ്വദിക്കുന്നു. എന്നിട്ടും, ഒന്നിച്ചു ചരിത്രത്തിലിടപ്പെട്ട വ്യക്തികളായിട്ടും ‘സ്ഥലത്തെ വിനീത ചരിത്രകാര'നായ ബഷീറിന്റെ ചരിത്രങ്ങളിൽപോലും ഹലീമ ബീവി അതർഹിക്കുന്ന ഗരിമയോടെ സ്ഥാനം പിടിക്കാതെ പോയതെന്തേ എന്നൊരു കനത്ത ചോദ്യം കൂടി നാം, വായനക്കാർ ചോദിക്കേണ്ടതുണ്ട്. ബഷീറിന്റെ ന്റുപ്പൂപ്പയിലെ ആയിഷയുടെ മോഡൽ ഒരുപക്ഷെ, ഹലീമ ബീവി പോലും ആയിക്കൂടെയെന്നും.
സ്ത്രീ ജാഗരണ പ്രവർത്തനങ്ങൾ, മാമൂൽ വിരുദ്ധ പ്രഭാഷണങ്ങൾ, മഹിളാ അസോസിയേഷൻ സംഘാടനം... എന്നുവേണ്ട എല്ലാത്തിലും കേരളത്തിളങ്ങോളമിങ്ങോളം മുൻനിരയിലുള്ള ഒരു വനിത സമ്പൂർണമായും ചരിത്രത്തിൽ ‘പുതുതായി' കണ്ടുപിടിക്കപ്പെടേണ്ട ഒന്നായി മാത്രം മാറിയതിന്റെ സാമൂഹ്യ സാംസ്‌കാരിക അടിയൊഴുക്കുകൾ തീർച്ചയായും ഭാവിയിൽ വെളിപ്പെടുക തന്നെചെയ്യും. മാത്രമല്ല, കേവലമൊരു കല്പിത സമൂഹം എന്ന നിലയ്ക്ക് മാത്രം ഒരു മത സമൂഹത്തെ അടയാളപ്പെടുത്തിയ ചരിത്രത്തിന്റെ ഉള്ളുകള്ളികൾ പുറത്താവുകയും ചെയ്യും. അതിനു വേണ്ട ഒരു ചരിത്രസാമഗ്രി എന്ന നിലയ്ക്കാവും നൂറയും നൂർജഹാനും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രാധാന്യം എന്ന് ഉറപ്പിച്ചു പറയാം.
(വെബ്സീൻ 31 ാം പാക്കറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേഷൻ)