വേണ്ടത്, സ്ത്രീകൾക്ക് തുല്യത ഉറപ്പുനൽകുന്ന കോമൺ ഫാമിലി കോഡ്

വിവാഹം, വിവാഹമോചനം, സംരക്ഷണച്ചെലവ്, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയിൽ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനവും സ്വത്തവകാശത്തിൽ പട്ടികവർഗ സ്ത്രീകൾ നേരിടുന്ന വിവേചനവും പരിഗണിച്ച് എല്ലാ തലത്തിലും ചർച്ച നടത്തി സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്താൻ കഴിയുന്ന കോമൺ ഫാമിലി കോഡിന് രൂപം കൊടുക്കുകയാണ് വേണ്ടത്. സ്​ത്രീകൾക്ക്​ സ്വത്തിൽ തുല്യാവകാശം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട്​ അഡ്വ. എൻ. ഷംസുദ്ദീൻ എഴുതുന്നു.

പൊതു വ്യക്തിനിയമവുമായി ബന്ധപ്പെട്ട ചർച്ച സജീവമായിട്ടുണ്ട്. ചരിത്രപരമായി പരിശോധിച്ചാൽ, സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുതന്നെ ഭരണഘടന നിർമാണസഭയിൽ ഇതുസംബന്ധിച്ച് കാര്യമായ ചർച്ച നടന്നിട്ടുണ്ട്. ആ സമയത്തുതന്നെ അന്നത്തെ മുസ്‌ലിംലീഗ്, മുസ്‌ലിം വ്യക്തി നിയമങ്ങൾ സംരക്ഷിക്കപ്പെടില്ല എന്ന വാദമുയർത്തി "പൊതുനിയമം' എന്ന നിർദേശത്തെ എതിർക്കുകയാണുണ്ടായത്. തുടർന്ന് കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജംഇയത്തുൽ ഉലമയുടെയും മറ്റും അഭിപ്രായം കൂടി പരിഗണിച്ച് പൊതു വ്യക്തിനിയമം എന്നത് മാർഗനിർദ്ദേശക തത്വങ്ങളുടെ പട്ടികയിൽ പെടുത്തുകയാണുണ്ടായത്.

മാർഗനിർദേശകതത്വങ്ങൾ എന്നത് കാലാനുസൃതമായി നടപ്പിലാക്കേണ്ട കാര്യങ്ങൾ തന്നെയാണ്. പൊതു വ്യക്തിനിയമം കൂടാതെ ഒരുപാട് കാര്യങ്ങൾ മാർഗനിർദേശകതത്വങ്ങളിലുണ്ട്. 1985 മുതൽ തന്നെ, പൊതു വ്യക്തിനിയമം നടപ്പിൽ വരുത്താൻ സർക്കാറുകൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് സുപ്രീംകോടതി ചോദിച്ചുവരുന്നുണ്ട്. 1955 ൽ ചോദിച്ചു, 2003 ൽ ജോൺ വള്ളമറ്റം കേസിലും ചോദിച്ചു. സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും തുടർച്ചയായ ആവശ്യം മുൻനിർത്തിയും ബി.ജെ.പിയുടെ രാഷ്ട്രീയ ആവശ്യമെന്ന നിലയിലും ഇതുസംബന്ധിച്ച പ്രശ്‌നം സർക്കാർ നിയമകമീഷന് വിട്ടു, ഇപ്പോൾ ഈ വിഷയം നിയമ കമീഷനുമുന്നിലാണ്.

യഥാർഥത്തിൽ നമ്മുടെ രാജ്യത്തിനാവശ്യം "ഏക സിവിൽ കോഡ്' അല്ല, പകരം ഭരണഘടന അനുശാസിക്കുന്നവിധം ജാതി, മത, വർഗ, സ്ത്രീ, പുരുഷ ഭേദമേന്യ എല്ലാവർക്കും തുല്യാവകാശം ലഭ്യമാക്കുന്ന വ്യക്തിനിയമങ്ങൾ ഉണ്ടാക്കുകയാണ്. "ഹിന്ദു കോഡ്' മറ്റ് വിഭാഗങ്ങൾക്ക് ബാധകമാക്കുക എന്നതല്ല ഇതിനർഥം. രാജ്യത്ത് ക്രിമിനൽ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ശരീയത്ത് അനുസരിച്ചുള്ള ക്രിമിനൽ നിയമസംവിധാനം ഇല്ല. ഇന്ത്യയിലെ 95 ശതമാനം വരുന്ന സിവിൽ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. പിന്നെ എവിടെയാണ് തിരുത്തൽ വരുത്തേണ്ടത്?.

എല്ലാ പൗരന്മാർക്കും വിവാഹത്തിലും വിവാഹമോചനത്തിലും സംരക്ഷണ ചെലവ് കൊടുക്കുന്ന കാര്യത്തിലും പിന്തുടർച്ചാവകാശത്തിലും ദത്തെടുക്കുന്നതിലും ഏകീകൃതനിയമം ആവശ്യമുണ്ട്. എന്നാൽ, അതിന്റെ അർഥം ഏതെങ്കിലും ഒരു മതവിഭാഗം പിന്തുടരുന്ന നിയമങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക എന്നല്ല, പകരം, ഭരണഘടന പറയുന്ന തുല്യത അടിസ്ഥാനപ്പെടുത്തി എല്ലാവർക്കും തുല്യാവകാശം പ്രദാനം ചെയ്യുന്ന ഒരു സംവിധാനം നിയമപരമായി ഉണ്ടാക്കുക എന്നതാണ്.

മുസ്‌ലിംകളെ സംബന്ധിച്ച്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിലവിലുള്ള മുസ്‌ലിം വിവാഹനിയമം, വിവാഹമോചനം, പിന്തുടർച്ചാവകാശം, സംരക്ഷണ ചെലവുകൾ എന്നിവയിൽ വലിയ രീതിയിൽ വിവേചനമുണ്ട് എന്നത് യാഥാർഥ്യമാണ്. അത് പരിഹരിക്കപ്പെടണം. പൊതു കുടുംബനിയമം ഉണ്ടാകുമ്പോൾ ആചാരപ്രകാരം വിവാഹമാകാം, പക്ഷേ അത് നിയമപരമായി രജിസ്റ്റർ ചെയ്യണം. വിവാഹമോചനം കോടതിനടപടിയിലൂടെ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന നിയമസംവിധാനം ഉണ്ടാകണം. വിവാഹമോചിതയാകുന്ന മുസ്‌ലിം സ്ത്രീകൾക്ക് മതിയായ സംരക്ഷണച്ചെലവ് നൽകാതെ, മതത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറുന്ന സ്ഥിതിക്ക് അവസാനമുണ്ടാകണം. മുസ്‌ലിം സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ഇക്കാര്യങ്ങളിൽ നിയമപരമായി സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാറിനുണ്ട്.

മറ്റൊന്ന്, മുസ്‌ലിംങ്ങൾക്കിടയിലെ പിന്തുടർച്ചാവകാശം തീർത്തും പുരുഷകേന്ദ്രീകൃതവും അപരിഷ്‌കൃതവുമാണ്. ഭർത്താവ് മരിച്ച ഭാര്യക്ക് എട്ടിൽ ഒന്ന് ഷെയറിനാണ് അവകാശം. മക്കളുണ്ടെങ്കിൽ ആൺകുട്ടികൾക്ക് ഒരു ഷെയർ ആണെങ്കിൽ സ്ത്രീയായതുകൊണ്ടുമാത്രം പെൺകുട്ടിക്ക് അര ഷെയറുമാണ് നൽകുന്നത്. കൂടാതെ, ഒരു കുടുംബത്തിൽ മക്കൾ നേരത്തെ മരിക്കുകയും മരിച്ച മകന്റെ അച്ഛൻ പിന്നീട് മരിക്കുകയും ചെയ്താൽ ആ അച്ഛന്റെ സ്വത്തിൽ മരിച്ച മകന്റെ പിന്തുടർച്ചാവകാശികൾക്ക് അവകാശം നൽകാത്ത രീതിയിലുള്ള നിലവിലെ വ്യവസ്ഥക്ക് നിയമപരമായി അവസാനമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

എല്ലാവർക്കും തുല്യാവകാശം നൽകുന്ന ഒരു പിന്തുടർച്ചാവകാശ നിയമമുണ്ടാകണം. ഹിന്ദു പിന്തുടർച്ചാവകാശത്തിൽ തന്നെ, നിയമത്തിലെ രണ്ടാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ് പട്ടികവർഗ സ്ത്രീകൾക്ക് ബാധകമല്ല. അതിനാൽ പട്ടികവർഗ സ്ത്രീകൾക്ക് അച്ഛന്റെ സ്വത്തിൽ തുല്യാവകാശം ലഭിക്കുന്നില്ല. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ മറ്റ് സ്ത്രീകൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുമ്പോൾ പട്ടിവർഗ സ്ത്രീകൾക്ക് അത് ലഭിക്കുന്നില്ല. 2022 ഡിസംബർ ഒമ്പതിന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്, ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ ഭരണഘടന പറയുന്ന തുല്യനീതി പട്ടികവർഗ സ്ത്രീകൾക്ക് ലഭിക്കുന്നതിനാവശ്യമായ ഭേദഗതി നിയമത്തിൽ വരുത്തണം എന്നാണ്.

നിലവിൽ നമ്മുടെ നാട്ടിലുള്ള എല്ലാ വ്യക്തിഗത നിയമങ്ങൾക്കും അതിന്റേതായ
പോരായ്മകളുണ്ട്. അവ പരിഹരിച്ച് എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന നിയമസംവിധാനമാണ് വേണ്ടത്. അതിന് ഒരു കോമൺ ഫാമിലി ലോ അല്ലെങ്കിൽ കോഡ് ആണ് വേണ്ടത്. അത്തരമൊരു നിയമമില്ലാത്തതിന്റെ പേരിൽ, പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകൾ, നേരിടുന്ന വിവേചനത്തിന് കഴിഞ്ഞ 75 വർഷമായിട്ടും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു പുരുഷകേന്ദ്രിത സാമൂഹിക സാഹചര്യത്തിൽ ഉണ്ടാക്കിയ നിയമങ്ങൾ സ്ത്രീവിരുദ്ധമായി തുടരുമ്പോൾ, അത് തുടർന്നുപോകാൻ മതത്തെ ഉപയോഗിക്കുന്നത് തീർത്തും തെറ്റാണ്. അനേകം മതസംഘടനകളുള്ള രാജ്യമാണ് നമ്മുടേത്. മുസ്‌ലിംകളുടെ കാര്യം നോക്കാനാണെന്നുപറഞ്ഞ് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഉണ്ട്. പക്ഷെ, അവരാരും തുല്യനീതിക്കായി, സ്വന്തം സമുമാദത്തിൽ ഒരു പരിഷ്‌കരണത്തിന് തയാറാകുന്നില്ല. ഒന്നുകിൽ സമുദായത്തിൽനിന്നുതന്നെ "തുല്യ'നീതി ഉറപ്പാക്കുന്ന നിയമസംവിധാനത്തിനുവേണ്ടിയുള്ള ഇടപെടൽ നടത്തണം. അത് നടത്താതെ കോടതി ഇടപെടലിലൂടെയും മറ്റും അതിന് ശ്രമം നടത്തുമ്പോൾ, അതിനെ മതം ഉപയോഗിച്ച് തടയാൻ ശ്രമിക്കുന്നത് സമൂഹത്തിന്റെ തകർച്ചയിലേക്കേ വഴി തെളിക്കൂ.

തുല്യാവകാശത്തിന് മുസ്‌ലിം രാജ്യങ്ങൾ നിയമങ്ങളുണ്ടാക്കുന്നുണ്ട്. പാക്കിസ്ഥാൻ, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ തോന്നിയപോലെ രണ്ടാം വിവാഹം നടക്കില്ല, കോടതിയിലൂടെ മാത്രമേ സാധ്യമാകൂ. പാക്കിസ്ഥാനിൽ ആദ്യ ഭാര്യയുടെ സമ്മതത്തോടെയും കോടതിയിലൂടെയും മാത്രമേ പുരുഷന് രണ്ടാം വിവാഹം കഴിക്കാൻ പറ്റൂ. 1961-ൽ പാക്കിസ്ഥാനിൽ മുസ്‌ലിം ഫാമിലി ഓർഡിനൻസ് വന്നു. വരാൻ കാരണം, അവർ പിന്തുടർന്നുവന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ 1937- 1939 കാലത്തെ മുസ്‌ലിം നിയമങ്ങളായിരുന്നു എന്നതാണ്. അത് തീർത്തും ശരിയല്ല എന്ന ബോധ്യത്തിൽ അവർ മാറ്റം വരുത്തി. പക്ഷെ, ഇവിടെ ബ്രിട്ടീഷ് ഇന്ത്യയിലെ നിയമങ്ങളാണ് മുസ്‌ലിംകൾ പിന്തുടരുന്നത്.

നമ്മുടെ രാജ്യത്തുതന്നെ 1955 -നു മുമ്പ് ഹിന്ദു സ്ത്രീകൾക്ക് ക്രയവിക്രയാധികാരത്തോടെയുള്ള സ്വത്തവകാശമുണ്ടായിരുന്നില്ല. ഹിന്ദു നിയമത്തിൽ വിവാഹമോചനം ഉണ്ടായിരുന്നില്ല. ഇതെല്ലാം നിയമനിർമാണത്തിലൂടെയാണ് സാധ്യമായത്. ബി.ആർ. അംബേദ്കർക്ക് സർക്കാറിൽനിന്ന് രാജിവെക്കേണ്ടിവന്നതുതന്നെ വിധവകളുടെ അവകാശവുമായി ബന്ധപ്പെട്ട് ശ്യാമപ്രസാദ് മുഖർജി, ഡോ. രാജേന്ദ്രപ്രസാദ് എന്നിവരെടുത്ത പിന്തിരിപ്പൻനയത്തെ തുടർന്നായിരുന്നു. ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശം ലഭിക്കാൻ 1986 -ൽ മേരി റോയ് കേസിൽ സുപ്രീംകോടതി വിധി വരേണ്ടിവന്നു.

ചരിത്രപരമായിതന്നെ സ്ത്രീകൾക്ക് തുല്യാവകാശപരിഗണന ചർച്ച ചെയ്യുമ്പോൾ അതിനെ എല്ലാ മത, സാമുദായിക ശക്തികളും എതിർത്തിട്ടുണ്ട്. അത് തടയാൻ കോടതി ഇടപെടലും നിയമനിർമാണവും മാത്രമാണ് പരിഹാരം. അല്ലെങ്കിൽ സ്വന്തം മത, സാമുദായിക സംഘടനകളിൽ നിന്നുതന്നെ 'തുല്യ'തക്കുവേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകണം. അല്ലാത്തപക്ഷം, കോടതി ഇടപെടലും നിയമനിർമാണവും ഉണ്ടാകും എന്നുറപ്പാണ്. അതിനെ സംഘടതി മതശക്തികൊണ്ട് നേരിടുന്നത് ഒരു സാമൂഹിക വിപത്താണ്. പൊതുനിയമസംവിധാനം കൊണ്ടുവരുന്നതിൽ തീർച്ചയായും ബി.ജെ.പി സർക്കാറിന് രാഷ്ട്രീയതാൽപര്യങ്ങളുണ്ട്. പക്ഷെ, ഒരു കോമൺ ഫാമിലി ലോ ഉണ്ടായാൽ, പ്രത്യേകിച്ച്, മുസ്‌ലിം സ്ത്രീകൾക്ക് കിട്ടുന്ന പരിഗണന കാണാതെ പോകരുത്.

95 ശതമാനം സിവിൽ നിയമങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണ് മുസ്‌ലിംകൾ. ഉദാഹരണത്തിന് സിവിൽ നിയമങ്ങളായ കരാർ നിയമം, ഇൻകം ടാക്‌സ്, തെളിവ് നിയമം, ബാങ്കിംഗ് നിയമം തുടങ്ങിയ പലതും. മുസ്‌ലിംകളെ സംബന്ധിച്ച് രണ്ടര ശതമാനം സക്കാത്ത് നൽകലാണ് പൊതുരീതി. എന്നാൽ, മുസ്‌ലിംകൾ ഇന്ത്യൻ സിവിൽ നിയമമായ ഇൻകം ടാക്‌സ് അനുസരിച്ച് നികുതി നൽകി അത് പിന്തുടരുന്നുണ്ട്.

മുസ്‌ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിന് കോടതിയെ സമീപിക്കണം. എന്നാൽ, പുരുഷന്മാർക്ക് തലാഖ് ചൊല്ലിയാൽ മതി. ഇതിൽ തന്നെ വിവേചനമുണ്ട്. അടുത്ത കാലത്തായിട്ടാണ് സ്ത്രീകൾക്ക് "ഖുല' അനുസരിച്ച് പുരുഷന്മാരെ വിവാഹമോചനം നടത്താമെന്ന കേരള ഹൈകോടതി വിധിയുണ്ടായത്. കൂടാതെ, യോജിച്ച രീതിയിൽ വിവാഹമോചനത്തിന് മുസ്‌ലിംകൾക്ക് അവസരമില്ല, അത് നിയമം മൂലം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

ഭരണഘടനയിലെ മാർഗനിർദ്ദേശകതത്വങ്ങളിൽ പൊതു നിയമത്തിന്റെ ആവശ്യകത മാത്രമല്ല പറയുന്നത്, സമ്പത്തിന്റെ നീതിപൂർവകമായ വിതരണം ഉറപ്പുവരുത്തണം എന്നതടക്കം 25 കാര്യങ്ങൾ കൂടിയുണ്ട്. ആ കാര്യങ്ങൾ കൂടി നടപ്പിൽ വരുത്താൻ സർക്കാറിനും സുപ്രീംകോടതിക്കും ബാധ്യതയുണ്ട്. അതിനുവേണ്ടിയുള്ള സമ്മർദമാണ് രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളിൽനിന്നുണ്ടാകേണ്ടത്. അത് നടപ്പിൽ വരുത്താൻ സർക്കാർ കാണിക്കുന്ന വിമുഖതയാണ് തുറന്നുകാണിക്കേണ്ടത്.

യഥാർഥത്തിൽ ബി.ജെ.പി സർക്കാർ പൊതു നിയമം എന്നത് ഒരു രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്നത് യാഥാർഥ്യമാണെങ്കിലും അത് ഉന്നയിക്കാൻ അവസരമൊരുക്കിക്കൊടുത്തത് ഏറെ കാലവും ഇന്ത്യ ഭരിച്ച കോൺഗ്രസും സമയബന്ധിതമായി വ്യക്തിനിയമങ്ങൾ പരിഷ്‌കരണങ്ങൾക്ക് വിധേയമാക്കാതിരുന്ന മുസ്‌ലിം സംഘടനകളുമാണ്.
പൊതുസിവിൽ നിയമം വേണമെന്ന് 1962- 63 കാലത്തുതന്നെ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മുഹമ്മദ് കരീം ഛഗ്ല ആവശ്യപ്പെട്ടിരുന്നു. അതിൽനിന്നുതന്നെ കോൺഗ്രസിന് പൊതു സിവിൽ കോഡ് എന്ന ആശയത്തെ തള്ളിക്കളയാൻ പറ്റില്ല എന്ന് വ്യക്തമാണ്.

എന്ത് പരിഷ്‌കരണം നടത്തിയാലാണ് ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്താവകാശം തുടങ്ങിയവയിൽ സ്ത്രീകൾക്ക് സമത്വം ഉറപ്പാക്കാനാകുക എന്നതാണ് ഇന്നത്തെ പ്രശ്‌നം. ഇതേക്കുറിച്ച് നിർദേശങ്ങൾ പറയാതെ ഒളിച്ചോടുന്ന മുസ്‌ലിം സംഘടനകൾ ആ സമുദായത്തോടുതന്നെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പറയേണ്ടിവരും. ചുരുങ്ങിയപക്ഷം മുസ്‌ലിം സ്ത്രീകൾക്ക് തുല്യനീതിയും സമത്വവും ഉറപ്പുവരുത്താൻ എന്തുചെയ്യാൻ പറ്റും എന്നത് പൊതുസമൂഹത്തിനുമുമ്പാകെ തുറന്നുപറയാനുള്ള ബാധ്യത മുസ്‌ലിം പണ്ഡിതന്മാർക്കും സംഘടനകൾക്കും ഉണ്ട്. ഇക്കാര്യം പൊസിറ്റീവായി അവർ നിർവഹിക്കണം.

ഇതുവരെ പറഞ്ഞ വാദങ്ങൾ സംഗ്രഹിച്ചാൽ, കോമൺ ഫാമിലി കോഡ് എന്നത് ഭരണഘടന പറയുന്നതുപോലെ ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും പ്രശ്‌നമായി കാണണം. വിവാഹം, വിവാഹമോചനം, സംരക്ഷണച്ചെലവ്, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയിൽ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനവും സ്വത്തവകാശത്തിൽ പട്ടികവർഗ സ്ത്രീകൾ നേരിടുന്ന വിവേചനവും എല്ലാം പരിഗണിച്ച് നിയമ കമീഷനും സർക്കാറും മുൻകൈയെടുത്ത് എല്ലാ തലത്തിലും ചർച്ച നടത്തി സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്താൻ കഴിയുന്ന കോമൺ ഫാമിലി കോഡിന് രൂപം കൊടുക്കുകയാണ് വേണ്ടത്.


Summary: വിവാഹം, വിവാഹമോചനം, സംരക്ഷണച്ചെലവ്, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയിൽ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന വിവേചനവും സ്വത്തവകാശത്തിൽ പട്ടികവർഗ സ്ത്രീകൾ നേരിടുന്ന വിവേചനവും പരിഗണിച്ച് എല്ലാ തലത്തിലും ചർച്ച നടത്തി സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്താൻ കഴിയുന്ന കോമൺ ഫാമിലി കോഡിന് രൂപം കൊടുക്കുകയാണ് വേണ്ടത്. സ്​ത്രീകൾക്ക്​ സ്വത്തിൽ തുല്യാവകാശം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട്​ അഡ്വ. എൻ. ഷംസുദ്ദീൻ എഴുതുന്നു.


അഡ്വ. എൻ. ഷംസുദ്ദീൻ

അഭിഭാഷകൻ, നിയമവിദഗ്​ധൻ.

Comments