മുസ്​ലിം സ്​ത്രീകൾക്ക്​ തുല്യ സ്വത്ത്​: മതനേതൃത്വത്തെ മ​തേതര സമൂഹം എ​ങ്ങനെ നേരിടണം?

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശമോ വ്യക്തിനിയമങ്ങളിൽ നേരിടേണ്ടിവരുന്ന വിവേചനമോ ഹിന്ദുത്വ രാഷ്ട്രീയം ആയുധമാക്കുന്നത് അവരുടേതായ മുസ്​ലിം അന്യവത്ക്കരണ പ്രക്രിയയുടെ ഭാഗമായാണ്. അക്കാരണം പറഞ്ഞ്​ സ്ത്രീകളുടെ ജനാധിപത്യാവകാശങ്ങൾക്കുള്ള സമരങ്ങളെ മാറ്റിനിർത്താനാകില്ല. ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഒരു ജനാധിപത്യ സമൂഹത്തിനോട് എന്താണോ ചെയ്യുന്നത് അതാണ് മുസ്​ലിം സ്ത്രീകളോട് ഇസ്​ലാമിക നിയമങ്ങൾ ചെയ്യുന്നത്. സ്ത്രീകളുടെ പൗരാവകാശങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ മതനേതൃത്വങ്ങൾ ഉയർത്തുന്ന എതിർപ്പുകളെ ഒരു മതേതര, ജനാധിപത്യ സമൂഹം എങ്ങനെയാണ് നേരിടേണ്ടത് എന്ന്​ ആലോചിക്കേണ്ട സമയമായിരിക്കുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വത്തിൽ തുല്യാവകാശം നൽകുമെന്ന് പറഞ്ഞാലും അത് നടപ്പാക്കിയാലും അത് ഇസ്​ലാമിക വിരുദ്ധമാണെങ്കിൽ അത്തരത്തിലൊരു ഇസ്​ലാം ജനാധിപത്യവിരുദ്ധമാണ് എന്ന ലളിതമായ അർത്ഥം മാത്രമാണ് നാമതിൽ കാണേണ്ടത്. കേന്ദ്ര സർക്കാരിന്റെ ലിംഗനീതി പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ സംഘങ്ങളിൽ ചൊല്ലാൻ നൽകിയ പ്രതിജ്ഞയിൽ ‘പെൺമക്കൾക്കും ആൺമക്കൾക്കും സ്വത്തിൽ തുല്യാവകാശം നൽകും' എന്ന ഭാഗം ഇസ്​ലാമിക വിരുദ്ധവും ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതുമാണെന്ന വാദവുമായി ഇസ്​ലാമിക സംഘടനകളും അവയെ പ്രതിനിധീകരിക്കുന്ന മതവാദികളും രംഗത്തുവന്നതിന്റെ ഭാഗമായാണ് കേരളീയ സമൂഹത്തിൽ ഇസ്​ലാമും സ്ത്രീകളും പൗരാവകാശങ്ങളും, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും, ഏകീകൃത സിവിൽ കോഡ് എന്നിവയെക്കുറിച്ച്​ വീണ്ടും ചർച്ച ഉയർന്നുവന്നത്. ഇപ്പറഞ്ഞ എല്ലാ വിഷയങ്ങളും പരിശോധിക്കുക എന്നത് ഈ ലേഖനത്തിന്റെ പരിധിയിൽ വരുന്നില്ല. സ്ത്രീകളുടെ പൗരാവകാശങ്ങൾ സംബന്ധിച്ച വിഷയങ്ങളിൽ മതനേതൃത്വങ്ങൾ ഉയർത്തുന്ന എതിർപ്പുകളെ ഒരു മതേതര, ജനാധിപത്യ സമൂഹം എങ്ങനെയാണ് നേരിടേണ്ടത് എന്ന ആലോചനയാണ്​ നടത്തുന്നത്​.

മതവും ഭൗതികവാദവും

നിലവിലെ വിവാദവിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് മതവും മതവിശ്വാസികളും മതസ്ഥാപനങ്ങളും മതപൗരോഹിത്യവും ഒരേ തരം താത്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ഇവയെല്ലാം ഏകശിലാരൂപത്തിൽ നിൽക്കുന്ന ഒന്നാണെന്നുമുള്ള ധാരണയുടെ പുറത്തുകടക്കേണ്ടതുണ്ട്. മതം ഒരു സാമൂഹ്യ യാഥാർത്ഥ്യവും ജനങ്ങളുടെ ജീവിതത്തെ പല രീതിയിലും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്തുപോരുന്ന ഒന്നുമാണ്. മതത്തിന്റെ നിലനിൽപ്പും അതിന്റെ വളർച്ചയുമെല്ലാം നാഗരികതയുടെ വികാസപരിണാമത്തിന്റെ ഭാഗവുമാണ്. എങ്ങനെയാണോ മതങ്ങൾ ഈ വിശാലമായ മനുഷ്യനാഗരികതയുടെ ഭാഗമായിരിക്കുന്നത് അതുകൊണ്ടുതന്നെ അവ അതേ നാഗരികതയുടെ ഭാഗമായുള്ള മാറ്റങ്ങൾക്കും പരുവപ്പെടലുകൾക്കും പലപ്പോഴും അപ്രസക്തമായ തരത്തിലേക്ക് തള്ളപ്പെടാനും നിയോഗമുള്ളവയാണ്. ആത്യന്തികമായ ശരിയുടെ ഭാഗമായിരിക്കുക എന്ന മതങ്ങളുടെ അവകാശവാദം നിലനിൽക്കാൻ കഴിയാത്ത ഒന്നാണ്. മനുഷ്യന്റെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ അടിമുടി വിലയിരുത്തലുകൾക്കും സാമൂഹ്യവൈരുദ്ധ്യങ്ങളുടെ ഭാഗമായ ഏറ്റുമുട്ടലുകൾക്കും അവ വിധേയമാകും.

വിവാദമായ പ്രതിജ്ഞ

പുതുതായി രൂപപ്പെടുന്ന രാഷ്​ട്രീയ, സാമൂഹ്യ ബോധത്തിനും മാറ്റങ്ങൾക്കും വിധേയമാവുക എന്ന, മറ്റെല്ലാ സാമൂഹ്യഘടകങ്ങളുടെയും ഒഴിവാക്കാനാകാത്ത വഴിയിലൂടെയുള്ള യാത്ര മതങ്ങൾക്കും നടത്തേണ്ടിവരും. എന്നാൽ മാറ്റല്ലാ അധീശ സാമൂഹ്യ ബോധങ്ങളെയും അവയെ സാധ്യമാക്കുന്ന ഭൗതികസാഹചര്യങ്ങളെയും പോലെ പരമാവധി ചെറുത്തുനിന്നിട്ടു മാത്രമേ മതങ്ങളും ഈ പോരാട്ടത്തിൽ തോൽവി സമ്മതിക്കുകയുള്ളൂ. അതാകട്ടെ ഒരൊറ്റ രേഖയിൽ നടക്കുന്ന യുദ്ധമല്ലതാനും. അത് മതങ്ങളേയും മതബോധത്തെയും മതവിശ്വാസത്തെയും സൃഷ്ടിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന ഭൗതിക യാഥാർത്ഥ്യങ്ങളോടുള്ള സമരം കൂടിയാണ്. അതുകൊണ്ടാണ് കേവല യുക്തിവാദം മിക്കപ്പോഴും ആശയവാദത്തിന്റെ തലത്തിലേക്ക് മാറിപ്പോകുമ്പോൾ മാർക്‌സിസം മതത്തെ ആശയവാദപരമായി സമീപിക്കാതെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കുന്നത്.

യാന്ത്രിക ഭൗതികവാദം മതത്തെ വാസ്തവത്തിൽ ആശയവാദപരമായി എതിർത്തുതോൽപ്പിക്കാനും ജനങ്ങളെ ‘ദൈവവിശ്വാസത്തിൽ' നിന്ന്​ രക്ഷിക്കാനും ശ്രമിക്കുമ്പോൾ മാർക്‌സിസം നിസ്വരുടെ വിശ്വാസത്തിന്റെ കാരണം മോക്ഷത്തിലേക്കുള്ള ആത്മീയയാത്രയുടെ വെളിപാടല്ലെന്നും അവരുടെ ദാരിദ്ര്യത്തിന്റെയും ജീവിതഭാരങ്ങളുടെയും നിലവിളിയാണെന്നും തിരിച്ചറിയുന്നത്. ഈ നിലവിളിയെ രാഷ്ട്രീയമായ ബോധമാക്കി മാറ്റുകയും തങ്ങളുടെ പ്രാർത്ഥനകളുടെ കുറവുകൊണ്ടല്ല ദാരിദ്ര്യവും കഷ്ടപ്പാടുമെന്നും ദൈവമല്ല ഇതിന്റെ പരിഹാരമെന്നും മറിച്ച് ചൂഷണക്രമത്തിലധിഷ്ഠിതമായ സ്വത്തുടമാവ്യവസ്ഥ തകർക്കുകയും വിശാലമായ മാനവികതയുടെയും സമത്വത്തിന്റെയും ലോകം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് മാർക്‌സിസ്റ്റ് കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ മതവിശ്വാസികളുടെ വ്യക്തിഗതമായ മതബദ്ധ ജീവിതശീലങ്ങളെ നേരിട്ടെതിർക്കുകയോ അവരെ അകറ്റിനിർത്തുകയോ ചെയ്യുക എന്നതൊരു രാഷ്ട്രീയ കാഴ്ചപ്പാടല്ല. മാർക്‌സിസത്തിനു മാത്രമല്ല, ഉദാര ജനാധിപത്യ മതേതര സമൂഹത്തിനും സ്വത്തുടമാബന്ധവും വ്യവസ്ഥയും സംബന്ധിച്ച ഭാഗം മാറ്റിനിർത്തിയാൽ മതവിശ്വാസത്തോടുള്ള കാഴ്ചപ്പാട് ഇതൊക്കെത്തന്നെയാണ്.

ഇസ്​ലാമിലെ സ്ത്രീസ്വത്തവകാശം: എന്തായിരിക്കണം നിലപാട്​?

മതേതരത്വത്തിന്റെ ലോകത്ത് മതം തീർത്തും വ്യക്തിപരമായ വിശ്വാസമായി മാത്രമാണ് നിലനിൽക്കുന്നത്. അതിന് രാഷ്ട്രീയാധികാരത്തിൽ യാതൊരു ഇടപെടൽ അധികാരവുമില്ല. മതസ്ഥാപനങ്ങൾക്കും മതബോധത്തിനുമുണ്ടായിരുന്ന രാഷ്ട്രീയവും സാമൂഹ്യവുമായ അധീശത്വത്തെ തകർത്തുകൊണ്ടാണ് മതേതര സമൂഹം ചരിത്രത്തിൽ രൂപപ്പെട്ടുവരുന്നതുതന്നെ. ഈ പ്രക്രിയ വേണ്ടവിധത്തിൽ നടക്കുകയോ പുരോഗമിക്കുകയോ ചെയ്യാത്ത സമൂഹങ്ങളിലാണ് മതം രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇസ്​ലാമിക നിയമങ്ങളും ഭരണകൂടങ്ങളുമുള്ള രാജ്യങ്ങൾ ഇതിന്റെ ഏറ്റവും പിന്തിരിപ്പനായ ഉദാഹരണങ്ങളാണെങ്കിൽ ഇന്ത്യയെപ്പോലുള്ള മതേതര ഭരണഘടനയുള്ള രാജ്യങ്ങൾ മതേതരത്വം ഒരു ആശയം എന്ന നിലയിൽ സ്വീകരിച്ചെങ്കിലും അതിലേക്കുള്ള രാഷ്ട്രീയ, സാമൂഹ്യ വികാസ പ്രക്രിയ വേണ്ടവിധത്തിൽ നടക്കാത്ത സമൂഹങ്ങളാണ്.

Photo: Wikimedia Commons

വ്യക്തികളുടെ ദൈവവിശ്വാസത്തോടും മതബദ്ധതയോടുമുള്ള സമീപനമല്ല, മതപൗരോഹിത്യത്തോടും മതസ്ഥാപനങ്ങളോടും അഥവാ സ്ഥാപനവത്കൃതമായ മതബദ്ധതയോടും ഒരു മതേതര ജനാധിപത്യസമൂഹം സ്വീകരിക്കേണ്ടത്. മതസ്ഥാപനങ്ങളും സ്ഥാപനവത്കൃതമായ മതബദ്ധതയും വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ടതാണ്. മതങ്ങൾക്കുള്ളിലെ സ്ത്രീകളുടെ അവകാശങ്ങളും നിലയും സംബന്ധിച്ച ചർച്ചകളിലും സമാന നിലപാടാണ് മതേതര രാഷ്ട്രീയത്തിന് സ്വീകരിക്കാൻ സാധ്യമാവുകയുള്ളൂ. ഇതുതന്നെയാണ് ഇസ്​ലാമിലെ സ്ത്രീകളുടെ സ്വത്തവകാശം അടക്കമുള്ള വിഷയങ്ങളിലും അടിസ്ഥാന നിലപാടാക്കേണ്ടത്.

സ്ത്രീകൾക്ക് സമൂഹത്തിൽ രാഷ്ട്രീയവും സാമൂഹ്യവുമായ തുല്യഅധികാരവും സമത്വവും എന്ന ആശയം ഒരു പുരുഷാധികാര സമൂഹത്തിൽ നിരവധി തലങ്ങളിൽ എതിർക്കപ്പെടുന്നതും തടഞ്ഞുവെക്കപ്പെടുന്നതുമാണ്. ഇന്ന് ലോകത്തുള്ള എല്ലാ മതങ്ങളിലും സമൂഹങ്ങളിലും ഈ പുരുഷാധികാരവ്യവസ്ഥ കാണാം. എന്നാൽ ഇതിൽ ഏറ്റക്കുറച്ചിലുണ്ട് എന്ന് കാണാതിരിക്കരുത്. മതത്തിന്റെ സ്വാധീനം രാഷ്ട്രീയ, സാമൂഹ്യ ഘടനയിൽ കുറഞ്ഞിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്ന സമൂഹങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ സ്വാതന്ത്ര്യത്തിന്റെ നില അങ്ങനെയല്ലാത്ത സമൂഹങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

മുതലാളിത്ത ഉത്പാദന ബന്ധങ്ങൾ കൂടുതൽ വികാസം പ്രാപിച്ച സമൂഹങ്ങളിൽ, തങ്ങളുടെ ഉത്പാദനവർധനവിനായി മുതലാളിത്തത്തിന്​സ്ത്രീകളുടെ തൊഴിൽശേഷി ചൂഷണം ചെയ്യേണ്ടിവരുമ്പോൾ, ആ പ്രക്രിയ ഫ്യൂഡൽ സാമൂഹ്യബന്ധങ്ങളേക്കാൾ പുരോഗമനപരമായ മാറ്റം സ്ത്രീകളുടെ സാമൂഹ്യനിലയിലുണ്ടാക്കും. അതുകൊണ്ട് മതബദ്ധമായ സാമൂഹ്യക്രമങ്ങളെയും ജീവിതക്രമങ്ങളേയും തള്ളിക്കളയുക എന്നത് സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ പദവിയിലെ തുല്യതക്കുവേണ്ടിയുള്ള പോരാട്ടത്തിലെ നിർണായകവും നിരന്തരവുമായ ഒരു സമരമാണ്. ഇത്തരത്തിലൊരു സമരം മതവുമായി പുരുഷൻ നടത്തേണ്ടിവരുന്നില്ല എന്നതുകൊണ്ടാണ് മതവും അതിനുള്ളിൽ നിൽക്കുന്ന സ്ത്രീകൾ നേരിടുന്ന രണ്ടാംകിട മനുഷ്യരെന്ന പദവിയും സംബന്ധിച്ച തർക്കങ്ങളിലും സംഘർഷങ്ങളിലും സമവായ സാധ്യതകളോ നീട്ടിവെക്കൽ സാധ്യതകളോ ഉണ്ടെന്ന സാവകാശം പുരുഷന്മാർക്ക് അഥവാ പുരുഷാധികാര സമൂഹത്തിനു തോന്നുന്നത്. അത്തരത്തിലൊരു സാവകാശം നൽകേണ്ട ബാധ്യത സ്ത്രീകൾക്കോ സ്ത്രീപക്ഷ രാഷ്ട്രീയത്തിനോ വിശാലമായ അർത്ഥത്തിൽ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിനോ ഇല്ല. അടിമകളുടെ വിമോചനം സംബന്ധിച്ച സമരത്തിൽ ഉടമകളുടെ സൗകര്യമോ സാവകാശമോ ബുദ്ധിമുട്ടുകളോ ഒരു തരത്തിലും നോക്കേണ്ടതില്ല എന്ന അതേനിലയാണ് സ്ത്രീകളുടെ സമത്വാകാംക്ഷയുടെ സമരങ്ങൾക്കുമുള്ളത്.

ഇസ്​ലാമിക നിയമങ്ങളും സ്​ത്രീകളും

പെൺമക്കൾക്കും ആൺമക്കൾക്കും സ്വത്തിൽ തുല്യാവകാശം നൽകുമെന്ന കുടുംബശ്രീ പ്രതിജ്ഞയുടെ പശ്ചാത്തലത്തിൽ ഇസ്​ലാമിക മതയാഥാസ്ഥിതികരും ഇസ്​ലാമിക രാഷ്ട്രീയക്കാരും അതിനെതിരെ വിറളി പിടിച്ചതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം ആ പ്രതിജ്ഞയെടുക്കുന്നത് സ്ത്രീകളാണ് എന്നതാണ്. സ്ത്രീകൾക്കിടയിൽ അത്തരത്തിലൊരു സമത്വ സാധ്യതയുടെ ആശയം നേരിട്ടെത്തുക എന്നതിനേക്കാൾ മതത്തെ ഭയപ്പെടുത്തുന്ന മറ്റെന്തുണ്ട്? പ്രത്യക്ഷത്തിൽത്തന്നെ നീതിരഹിതമായ ഒന്നാണ് ഇസ്​ലാമിക നിയമങ്ങളിൽ സ്ത്രീകളെ സംബന്ധിച്ച മിക്ക നിയമങ്ങളും. ഇസ്​ലാമിൽ സ്ത്രീ രണ്ടാം തരം മനുഷ്യനാണ്. മറ്റെല്ലാ മതങ്ങളിലും അങ്ങനെത്തന്നെയാണ്. ഇസ്​ലാം അതിന്റെ മതജീവിതത്തെ ക്രമപ്പെടുത്തുകയും കൃത്യമായ നിയമങ്ങളാക്കി മാറ്റുകയും ചെയ്തതുകൊണ്ട് അത് കർക്കശമായ മതബദ്ധജീവിതം ആവശ്യപ്പെടുന്നു. മതേതര, ജനാധിപത്യ രാഷ്ട്രീയ സമൂഹങ്ങളിൽ ഇത്തരം മതബദ്ധ കാർക്കശ്യത്തിൽ നിന്ന്​ മുസ്​ലിംകൾക്ക് രക്ഷയുണ്ടെങ്കിലും ഇസ്​ലാമിക ഭരണകൂടങ്ങൾ നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും മനുഷ്യരുടെ സ്വതന്ത്ര ജീവിതത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഇസ്​ലാമിക നിയമങ്ങളും ഇസ്​ലാമിക ഭരണകൂടങ്ങളും. സ്വാഭാവികമായും ഏതൊരു പുരുഷാധിപത്യ സമൂഹത്തിലെയും അടിച്ചമർത്തലുകളുടെ ഏറ്റവും ഭീകരമായ രൂപം നേരിടേണ്ടിവരിക ആ സമൂഹത്തിൽ കുറഞ്ഞ മനുഷ്യാവകാശങ്ങളുള്ള സ്ത്രീകളാണ് എന്നതുകൊണ്ടുതന്നെ ഇസ്​ലാമിക നിയമങ്ങൾക്ക് കീഴിലും സ്ത്രീകളാണ് കടുത്ത അനീതിയുടെ ഇരുട്ടിലേക്ക് ഇപ്പോഴും തള്ളിയിടപ്പെട്ടവർ.

ഇസ്​ലാമിലെ സ്ത്രീകളുടെ സ്വത്തവകാശത്തിൽ മാത്രമായുള്ള ഒരു നിയമപ്രശ്‌നമായിട്ടല്ല നമ്മളിതിനെ കാണേണ്ടത്. ഒരു മതജീവിതക്രമം എന്ന നിലയിലും അതിനുണ്ടാക്കിയ നിയമസംഹിത (ശരിയ) എന്ന നിലയിലും അടിമുടി സ്ത്രീവിരുദ്ധമാണ് ഇസ്​ലാമിക നിയമങ്ങൾ എന്നാണ് വാസ്തവം. ഒരു പുരുഷന്റെ മൊഴിക്ക് തുല്യമാകണമെങ്കിൽ രണ്ടു സ്ത്രീകളുടെ മൊഴി വേണം എന്നാണ് ഇസ്​ലാമിക നിയമങ്ങൾ പറയുന്നത്. സ്വത്തവകാശത്തിന്റെ കാര്യത്തിലാണെങ്കിൽ സ്ത്രീകളെക്കാൾ ഇരട്ടി സ്വത്തവകാശമാണ് പുരുഷനുള്ളത്. ഇസ്​ലാമിക നിയമങ്ങളിലെ സ്വത്ത് വിഭജന പ്രക്രിയ നിരവധി വേർതിരിവുകളുള്ള ഒന്നാണ്. എന്നാൽ എങ്ങനെ നോക്കിയാലും അതിൽ, പുരുഷന്മാക്ക്​ സ്ത്രീകളെക്കാൾ അവകാശം സ്വത്ത് വിഭജനത്തിലുണ്ട് എന്ന്​ വ്യക്തമാണ്​.

ഇത്തരത്തിലൊരു നിയമസംഹിതയുടെ സ്ത്രീവിരുദ്ധതയ്ക്ക് ചരിത്രപരമായ പല കാരണങ്ങളും ഇസ്​ലാമിൽ കാണാം. ഇസ്​ലാമല്ലാത്ത മതങ്ങളിലും ഇതൊക്കെത്തന്നെയായിരുന്നു ഏറിയും കുറഞ്ഞും അവസ്ഥ. എന്നാൽ ഒരു മതേതര, ജനാധിപത്യ സമൂഹത്തിന് ആ ചരിത്രത്തിന്റെ മതബദ്ധമായ യാഥാസ്ഥിതിക ജീവിതബോധത്തിൽ കുടുങ്ങിക്കിടക്കേണ്ടതില്ല. അതിന്റെ മുന്നോട്ടുപോക്കിൽ പൊഴിച്ചുകളയുകയോ കുതറിത്തെറിപ്പിക്കുകയോ ചെയ്യേണ്ട നിയമങ്ങളാണിവ.

ഹിന്ദു നിയമങ്ങളുടെ ഏകീകരണം

ഇന്ത്യയിൽ ഹിന്ദു നിയമങ്ങൾ ഏകീകരിക്കാനുള്ള ശ്രമവും അത് നടപ്പാക്കിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. സ്വാതന്ത്ര്യാനന്തര സർക്കാരിൽ ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പുണ്ടായിരുന്നു. യാഥാസ്ഥിതിക ഹിന്ദുക്കൾക്ക് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദിൽത്തന്നെ തങ്ങളുടെ നേതാവിനെക്കിട്ടി എന്നുപറയാം. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള മതേതര, ജനാധിപത്യ രാഷ്ട്രീയചേരി ഈ തീർപ്പ്​മറികടക്കുകയായിരുന്നു. നെഹ്റുവടക്കമുള്ള ഒരു വിഭാഗം രാഷ്ട്രീയനേതൃത്വം കർക്കശമായ രാഷ്ട്രീയ നിശ്ചയദാർഢ്യം പ്രകടിപ്പിച്ചതുകൊണ്ടാണ് അന്നത്തെ നിലയിൽ വളരെ പുരോഗമനപരമായ രീതിയിൽ ഹിന്ദു നിയമങ്ങൾ ഏകീകരിക്കാൻ കഴിഞ്ഞത്.

ഭരണഘടനാ നിർമാണ സഭയിൽ 1948 ഏപ്രിൽ 9-ന്​ ഈ ഏകീകൃത ഹിന്ദു ബിൽ അവതരിപ്പിച്ചെങ്കിലും വലിയ പ്രതിഷേധങ്ങളും ചർച്ചകളും അതുയർത്തി. പിന്നീട് 1952-57 കാലത്തെ പാർലമെന്റിലാണ് മൂന്നായി വിഭജിച്ച ഏകീകൃത ഹിന്ദു ബില്ലുകൾ അവതരിപ്പിച്ചത്. 1949 മുതൽക്കുതന്നെ ഹിന്ദു ഏകീകൃത നിയമങ്ങൾക്കെതിരെ വലിയ പ്രതിഷേധമുയർന്നു. സ്വാമി കാർപത്രിജിയുടെ നേതൃത്വത്തിലുള്ള രാം രാജ്യ പരിഷദ് ഡൽഹിയിൽ ആയിരക്കണക്കിനാളുകളുടെ ദിവസങ്ങൾ നീണ്ട പ്രതിഷേധം സംഘടിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും ഹിന്ദു യാഥാസ്ഥിതികതയും ഒത്തുചേർന്ന്​ മതേതര രാഷ്ട്രീയത്തിനെതിരെ നടത്തിയ ആദ്യത്തെ സംഘടിത സമരമായിരുന്നു ഇതെന്നുപറയാം. രാഷ്ട്രപതി രാ​ജേന്ദ്രപ്രസാദ് തന്നെ വലിയ വിമർശകനായിരുന്നു. ‘പുതിയ ആശയങ്ങളും ചിന്തകളും ഹിന്ദു (പരമ്പരാഗത) നിയമങ്ങൾക്ക് അന്യമായതാണെന്നുമാത്രമല്ല, ഓരോ കുടുംബത്തിലും പ്രശ്ങ്ങളുണ്ടാക്കുന്നതുമാണ്’ എന്നാണ് രാജേന്ദ്രപ്രസാദ് പറഞ്ഞത്. ചെറിയ വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടിവന്നെങ്കിലും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മതേതരധാരയുടെ വിജയമായി ബിൽ നിയമമാവുകതന്നെ ചെയ്തു.

വെറുതെ ഒരു നിയമാവുണ്ടാവുകയും ഹിന്ദുക്കളുടെ നിയമങ്ങളുടെ കാര്യത്തിൽ ചില മാറ്റങ്ങൾ വരികയുമില്ല അതോടെ സംഭവിച്ചത്, അന്നുവരെ യാഥാസ്ഥിതിക പദ്ധതികളിൽ കുടുങ്ങിക്കിടന്നിരുന്നനിയമപദ്ധതിയെ മതേതര ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കി മാറ്റി എന്നാണ് സംഭവിച്ച വലിയ മാറ്റം. ഈയൊരു പ്രക്രിയയ് മുസ്ലീങ്ങളുടെ കാര്യത്തി നടന്നില്ല. അന്നാകട്ടെ അതിന് ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിന്റെ പശ്ചാത്തലത്തിലും ആധുനിക ലോകചരിത്രത്തിലെത്തന്നെ ഏറ്റവും ഭീകരമായ വർഗീയ കൂട്ടക്കൊലകൾ മുസ്ലിം ന്യൂനപക്ഷത്തിലുണ്ടാക്കിയ അരക്ഷിതാവസ്ഥയും മുസ്ലിം വ്യക്തി നിയമങ്ങളെ മതേതര രാഷ്ട്രീയത്തിന്റെ ജനാധിപത്യ പ്രക്രിയയിലൂടെ കൊണ്ടുപോകാതിരിക്കാൻ ന്യായമായ കാരണങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരത്തിലൊരു ചരിത്രപശ്ചാത്തലം മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളെ രണ്ടാംകിട മനുഷ്യജീവികളാക്കി കൊണ്ടുനടക്കുന്നതിനുള്ള കാരണമായി ഇനി പറയാനാകില്ല.

ഇസ്​ലാമിലെ പുരുഷാധികാരത്തിന്റെ ആകുലതകൾ

ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ നിഷേധിക്കാത്ത മതജീവിതം മാത്രമാണ് സാധ്യമാകേണ്ടതുള്ളൂ. അതുകൊണ്ടാണ് ആർത്തവപ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രപ്രവേശനം വിലക്കുന്ന ചട്ടം സുപ്രീംകോടതി റദ്ദാക്കിയത്. സ്ത്രീകളുടെ തുല്യാവകാശവും സമത്വവും നിഷേധിക്കുന്ന മതനിയമങ്ങൾ സംരക്ഷിക്കുക എന്നത് മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന്റെ ഭരണഘടനാപദ്ധതിയല്ല. ജനാധിപത്യ സമൂഹത്തിനൊപ്പം സഞ്ചരിക്കാൻ തയ്യാറല്ലാത്ത മതപൗരോഹിത്യത്തെയും സ്ഥാപനവത്കൃതമായ മതരാഷ്ട്രീയത്തെയും ജനാധിപത്യ സമൂഹത്തിനു തൃപ്തിപ്പെടുത്താനാകില്ല.

സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ച പ്രതിജ്ഞ ചൊല്ലിയാൽ, അങ്ങനെ ചെയ്യുന്ന മുസ്​ലിംകൾ കാഫിറുകളാവുകയും മതത്തിൽ നിന്ന്​ പുറത്താവുകയും ചെയ്യും എന്നാണ് ജമാഅത്തെ ഇസ്​ലാമി എന്ന ഇസ്​ലാമിക രാഷ്ട്രീയ സംഘടനയുടെ നേതാവ് പറഞ്ഞത്. മുസ്​ലിംകളുടെ മതാവാകാശത്തിനു മേലുള്ള കടന്നാക്രമണമാണെന്നാണ് സമസ്ത നേതാവ് പറഞ്ഞത്. വാസ്തവത്തിൽ ഇവരൊക്കെ പറയുന്ന ഇസ്​ലാം അതിലെ പകുതിയിലേറെ വരുന്ന പുരുഷന്മാരുടെ ഇസ്​ലാമാണ്. ഇസ്​ലാമിലെ പുരുഷാധികാരത്തിന്റെ ആകുലതകളാണ് അവർ പറയുന്നത്. അതിനെ മുസ്​ലിം സമൂഹത്തിന്റെ പ്രശ്‌നമായി കാണേണ്ടതില്ല. ഹിന്ദു ഏകീകൃത നിയമം കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത ഹിന്ദു മഹാസഭയുടെ എൻ.സി. ചാറ്റർജിയും ശ്യാമപ്രസാദ് മുഖർജിയും രാം രാജ്യ പരിഷത്തുമൊക്കെ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നു എന്ന് സമ്മതിച്ചിരുന്നെങ്കിൽ ഇന്നിപ്പോൾ വിവാഹവും വിവാഹമോചനവും സ്വത്തവകാശവുമൊക്കെ സംബന്ധിച്ച് അതിദയനീയമായ നിലയിലായിരുന്നേനെ ഹിന്ദു സ്ത്രീകൾ.

ഫാഷിസ്​റ്റ്​ വിരുദ്ധസമരത്തിലെ ഘടകകക്ഷിയല്ല
ഇസ്​ലാമിക യാഥാസ്​ഥിതികത

ഇന്ത്യയിലെ നിലവിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാധികാരവും അതിന്റെ പ്രയോഗങ്ങളും മുസ്​ലിംകളെ ലക്ഷ്യമിടുന്നു എന്നും മുസ്​ലിംകളെ ‘അന്യരാക്കുന്ന' രാഷ്ട്രീയ- സാമൂഹ്യ പ്രക്രിയ നടത്തുന്നു എന്നതും അവിതർക്കിതമാണ്. എന്നാൽ അത്തരമൊരു കാരണം കൊണ്ട് ഇസ്​ലാമിക നിയമങ്ങളിലെ സ്ത്രീവിരുദ്ധതയെ എതിർക്കരുതെന്നത് വന്നാൽ അത് സമരങ്ങളിലെ വൈരുധ്യാത്മകത മനസിലാക്കാതെ പോകുന്നതിന്റെ പ്രശ്‌നമാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ സമരത്തിലെ ഘടകകക്ഷിയല്ല ഇസ്​ലാമിക വർഗീയ രാഷ്ട്രീയവും ഇസ്​ലാമിക യാഥാസ്ഥിതിക പൗരോഹിത്യവും. സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും തങ്ങളുടെ മതബോധത്തിന്റെ അവിഭാജ്യഘടകങ്ങളായ ഒരു മതജീർണതയെ പ്രോത്സാഹിപ്പിക്കുകയോ നിലനിർത്തുകയോ ചെയ്യേണ്ടത് ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെയോ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെയോ ചുമതലയല്ല. സമൂഹത്തിലെ ജനാധിപത്യപരവും പുരോഗമനപരവുമായ നിലപാടുകളുള്ള വിഭാഗങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരേണ്ടത്. ഹിന്ദുത്വ ഫാഷിസത്തിന്റെ പിന്തിരിപ്പൻ നിലപാടുകളുടെ അതേ യുക്തി പിന്തുടരുന്ന ഇസ്​ലാമിക രാഷ്ട്രീയവും ഇസ്​ലാമിക മതജീർണ്ണതകളും അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ സഖ്യകക്ഷികളല്ല. കടുത്ത നീതിനിഷേധത്തിന്റെ ഇരകളായ സമൂഹത്തിന്റെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഉയർത്താതെ എന്തുതരം ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമാണ് നമ്മൾ നടത്തുക? ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന് ബലം നൽകാനും സ്ത്രീകളുടെ അടിമത്തംതന്നെ വേണമെന്ന് പറയുന്നത് ഫാഷിസ്റ്റ് മൂല്യബോധത്തിന്റെ മറ്റൊരു പതിപ്പാണ്.

ജനാധിപത്യപ്രക്രിയ മുസ്​ലിം സ്ത്രീകൾക്ക് നിഷേധിക്കണോ?

ഇന്ത്യയിൽ നിലവിൽ ഏകീകൃത വ്യക്തിനിയമങ്ങളില്ല. അത്തരത്തിലൊന്ന് നിലനിൽക്കുന്നു എന്നുപറയാവുന്ന ഗോവയിൽ 1867-ൽ പോർച്ചുഗീസുകാർ കൊണ്ടുവന്നൊരു നിയമമാണുള്ളത്​. മുസ്​ലിം വ്യക്തി നിയമങ്ങൾ ബാധകമല്ലാത്ത ഒരു സംസ്ഥാനം എന്ന നിലയിൽ ഏകീകൃത സിവിൽ നിയമം അവിടെയുണ്ട് എന്നുപറയാമെങ്കിലും ആ നിയമത്തിലും വിവിധ മതവിശ്വാസികൾക്ക് ചില ചട്ടങ്ങളിലൊക്കെ വേർതിരിവുണ്ട്. ഉദാഹരണത്തിന് ബഹുഭാര്യാത്വം നിഷിദ്ധമാണെങ്കിലും ഹിന്ദു പുരുഷന് 21 വയസുള്ള ഭാര്യ ഗർഭിണിയായില്ലെങ്കിലും ഭാര്യക്ക് 30 വയസായിട്ടും അവർ ആൺകുഞ്ഞിനെ പ്രസവിച്ചില്ലെങ്കിലും മറ്റൊരു വിവാഹം കഴിക്കാം. വിവാഹത്തിന് രണ്ടു സാക്ഷികളുടെ ഒപ്പ് വേണമെന്നതിൽ കത്തോലിക്കർക്ക് ഇളവുണ്ട്, ഒരാൾ മതി. പള്ളിയിൽ നടക്കുന്ന വിവാഹത്തിൽ പള്ളി തന്നെയാണ് രണ്ടാം സാക്ഷി. ഇത്തരം വിവേചനകളൊക്കെയുള്ള ഒരു നിയമമാണത്.

ഹിന്ദു ഏകീകൃത നിയമങ്ങളിലെ സ്ത്രീവിരുദ്ധമായ വകുപ്പുകൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും പലതും ക്രമേണ എടുത്തുപോവുകയും ചെയ്യുന്നുണ്ട്. പാരമ്പര്യ സ്വത്തിൽ സ്ത്രീകൾക്ക് തുല്യാധികാരം നൽകുന്ന (2005 ഭേദഗതി) കോടതിവിധിയും പിതാവിന്റെ സ്വാർജ്ജിതസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം നൽകുന്നവിധിയുംക്കെ ഈ ദിശയിലുള്ളതാണ്. പൂർണമായ തോതിലുള്ള പരിഷ്‌ക്കരണങ്ങൾ ഇനിയും ആവശ്യമുണ്ട്. എന്നാൽ ഈ പ്രക്രിയ മുസ്​ലിം സമൂഹത്തിലെ പൗരോഹിത്യ, പുരുഷാധികാര വൃന്ദങ്ങളിൽ നിന്നുമുണ്ടാകുന്ന എതിർപ്പ് ഹിന്ദുക്കളുടെ യാഥാസ്ഥിതിക വൃന്ദങ്ങൾക്ക് ഉയർത്താനാകാതെ വരുന്നതിനുള്ള കാരണം 1948-ൽത്തന്നെ ഈ ജനാധിപത്യ പ്രക്രിയ തുടങ്ങി എന്നതിനാലാണ്. ഈ ജനാധിപത്യപ്രക്രിയ മുസ്​ലിം സ്ത്രീകൾക്ക് നിഷേധിക്കണം എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അങ്ങനെ ചെയ്താൽ അത് മുസ്​ലിംകളുടെ മതസ്വാതന്ത്ര്യത്തിനു മുകളിലുള്ള അടിച്ചമർത്തലാകും എന്നുവന്നാൽ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് തുല്യാവകാശമില്ലാത്തതും സമത്വവും സ്വാതന്ത്ര്യവും ലഭിക്കാത്തതുമായ മതനിയമങ്ങൾ ഇസ്​ലാമിലുണ്ടെങ്കിൽ അങ്ങനെയൊരു ഇസ്​ലാമിക നിയമം ആചന്ദ്രതാരം നിലനിൽക്കണമെന്ന നിർബന്ധം ഒരു ആധുനിക മതേതര, ജനാധിപത്യ സമൂഹത്തിനില്ല.

ഫാഷിസ്റ്റുകൾ തട്ടിയെടുക്കുന്ന പ്രശ്‌നങ്ങളെ കയ്യൊഴിയേണ്ടതില്ല

ജനാധിപത്യവത്ക്കരിക്കപ്പെടുന്ന പൊതുസമൂഹം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. പുരുഷാധിപത്യത്തിന്റെയും മതനിയമങ്ങളുടെയും കീഴിൽ അടിച്ചമർത്തപ്പെട്ട മഹാഭൂരിപക്ഷം സ്ത്രീകളുടെയും സ്വാതന്ത്ര്യത്തിനായുള്ള വിമോചനപോരാട്ടം ഭയപ്പെടുത്തുന്നത് ഫാഷിസ്റ്റുകളെയും മതമേധാവികളെയുമാണ്. വിമോചനത്തിന്റെ രാഷ്ട്രീയം പറയുന്ന സ്ത്രീകളെ എങ്ങനെയാണ് ഇസ്​ലാമിക ഭരണകൂടം ഭയക്കുന്നതെന്ന് ഇറാനിലെ പ്രക്ഷോഭങ്ങളിൽ കാണാനാകുന്നുണ്ട്. ഹിന്ദുത്വ ഫാഷിസം മുന്നോട്ടുവെക്കുന്ന, സംഘപരിവാറിന്റെ സ്ത്രീസങ്കൽപ്പവും പുരുഷാധികാര ഘടനയിലെ ‘അമ്മ, ദേവീ’ മഹത്വവത്ക്കരണവും വീട്ടിലും സമൂഹത്തിലുമുള്ള സ്ത്രീകളുടെ അടിമജീവിതമാണ്​ ഉറപ്പിക്കുന്നത്​.

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശമോ വ്യക്തിനിയമങ്ങളിൽ നേരിടേണ്ടിവരുന്ന വിവേചനമോ ഒക്കെ ഹിന്ദുത്വ രാഷ്ട്രീയം ആയുധമാക്കുന്നത് അവരുടേതായ മുസ്​ലിം അന്യവത്ക്കരണ പ്രക്രിയയുടെ ഭാഗമായാണ്. എന്നാൽ അക്കാരണം പറഞ്ഞ്​ സ്ത്രീകളുടെ ജനാധിപത്യാവകാശങ്ങൾക്കുള്ള സമരങ്ങളെ മാറ്റിനിർത്താനാകില്ല. മുസ്​ലിം സ്ത്രീകളടക്കമുള്ള, അടിച്ചമർത്തപ്പെടുന്നവരുടെ അടിമജീവിതത്തിന്റെ ചെലവിലാണ് പോരാട്ടം നടക്കേണ്ടത്. ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഒരു ജനാധിപത്യ സമൂഹത്തിനോട് എന്താണോ ചെയ്യുന്നത് അതാണ് മുസ്​ലിം സ്ത്രീകളോട് ഇസ്​ലാമിക നിയമങ്ങൾ ചെയ്യുന്നത്.

തൊഴിലില്ലായ്മയും പട്ടിണിയും അസമത്വവുമൊക്കെ സംഘർഷഭരിതമാക്കിയ സമൂഹങ്ങളിലാണ് ഫാഷിസ്റ്റുകൾ മാറ്റത്തിന്റെ മുദ്രാവാക്യം വിളിച്ചുവരുന്നത്. അതൊരു രാഷ്ട്രീയ അടവാണ്. അവർക്ക് വളച്ചൊടിക്കാനും ജനങ്ങളെ പറ്റിക്കാനും പാകത്തിൽ നിരവധി അസമത്വ പ്രശനങ്ങൾ സമൂഹത്തിലുണ്ടാവുകയും ചെയ്യും. ഫാഷിസ്റ്റുകൾ പറയുന്നു എന്നതുകൊണ്ട് അത്തരം പ്രശ്‌നങ്ങൾ പ്രശ്‌നങ്ങളല്ലാതാകുന്നില്ല. എങ്ങനെയാണ് ഫാഷിസ്റ്റുകൾ ജനകീയ പ്രശ്‌നങ്ങളെ തങ്ങളുടെ രാഷ്ട്രീയാധികാരത്തിനായി വളച്ചൊടിച്ച്​ദുരുപയോഗിക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് രാഷ്ട്രീയസമരം. ഫാഷിസ്റ്റുകൾ തട്ടിയെടുക്കുന്ന പ്രശ്‌നങ്ങളെ കയ്യൊഴിയുകയല്ല.

Comments