"ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നുള്ളതല്ല;
അത് നമ്മൾ എങ്ങനെ ഓർത്തിരിക്കുന്നു എന്നുള്ളതാണ് ജീവിതം”.
- ഗബ്രിയേൽ ഗാർസിയ മാർക്കേസ്.
“ഈ ചെറിയ ജീവിതത്തിൽ തന്റേതായ ഇടം, (തന്റേടം എന്നും പറയാം) നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കണം. അതാരും കാണിച്ചുതരികയോ ഉണ്ടാക്കിത്തരികയോ ഇല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. പഴയ അനുഭവങ്ങളിൽനിന്ന് പഠിച്ച്, ഊർജ്ജം ഉൾക്കൊണ്ട്, മുന്നോട്ടു കുതിക്കുന്ന Moov On എന്ന് പറയുന്നത് നമ്മൾ ആർജ്ജിച്ചെടുക്കേണ്ട ഒരു കലയാണ്’’.
പുനർവിവാഹത്തിനുശേഷം കഴിഞ്ഞ പത്തുവർഷമായുള്ള കാനഡയിലെ ജീവിതം ഇങ്ങനെ ഒരുപാട് കാര്യങ്ങളും തിരിച്ചറിവുകളും ഉണ്ടാക്കിത്തന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ സ്ത്രീശാക്തീകരണം നല്ല രീതിയിൽ നടക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ശാക്തീകരിക്കപ്പെട്ട സ്ത്രീകളെ ഉൾക്കൊള്ളാൻ, സ്വീകരിക്കാൻ പുരുഷന്മാരെ പ്രാപ്തരാക്കാൻ സാമൂഹികമായി നമ്മൾ തയ്യാറാവുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ആണ്മക്കളെയും പെൺമക്കളെയും ഒരുപോലെ കുടുംബജോലികളിലും തീരുമാനമെടുക്കുന്നതിലും ഉൾപ്പെടുത്തി അവരുടെ വ്യക്തി സ്വാതന്ത്ര്യ ങ്ങളെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും പരസ്പരബഹുമാനത്തെപ്പറ്റിയും സ്നേഹ ത്തിലധിഷ്ഠിതമായ വിട്ടുവീഴ്ചകളെപ്പറ്റിയുമൊക്കെ പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
ജീവിതം മാറിമറിയുമ്പോൾ…
അന്ന് ഞാൻ കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഫാർമകോളജി ഡിപ്പാർട്ടുമെന്റിലെ ജോലികഴിഞ്ഞ് പിറവത്തുള്ള വീട്ടിലേക്കുപോകാൻ ബസിലേക്ക്‌കയറി. ജനലിനരികരിൽ ആകാശം എവിടെയവസാനിക്കുന്നു എന്ന കണ്ടുപിടിക്കാനെന്നപോലെ കണ്ണുപായിച്ചിരിക്കുന്ന ഒരു ചേച്ചിയുടെ അടുത്ത് ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്. ഇരിക്കാനായി അടുത്തുചെന്നതും ഞാൻ അതിശയപ്പെട്ടു. അയല്പക്കത്തുനിന്നും വർഷങ്ങൾക്കു മുമ്പ് കല്യാണം കഴിച്ചയപ്പിച്ചുവിട്ട ചേച്ചിയാണ്. ഒരുപാടുനാളുകൂടി കണ്ടുമുട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ ചേച്ചിയാകെ മുഖം തരാതെ ഉള്ളിലുള്ള കാർമേഘം പെയ്യാതെ ഒളിപ്പിച്ചുവെക്കാൻ വിഫലശ്രമം നടത്തുന്നു. എനിക്കെന്തോ ചേച്ചിയെ അങ്ങനെയങ്ങ് വിടാൻ തോന്നിയില്ല. കാര്യങ്ങൾ പതുക്കെ ചുരുളഴിഞ്ഞു. ചേച്ചിയുടെ തൊട്ടടുത്തിരിക്കുമ്പോൾ ഞാനും പലപ്രാവശ്യം ജീവിക്കണോ മരിക്കണോ എന്നൊക്കെ ആലോചിച്ചുനടക്കുന്ന കാലമായിരുന്നു. പക്ഷെ ജീവിതത്തിന് ഒരു ഗുമ്മുണ്ടാക്കുന്ന കൂടിക്കാഴ്ചയായിരുന്നു ഞങ്ങൾക്ക് രണ്ടാൾക്കും അത്.
ഒരേ വികാരവിചാരമുള്ളവർ ഒത്തുചേരുമ്പോൾ ഒരൊറ്റ ദിവസംകൊണ്ട് ജീവിതം കീഴ്മേൽ മറിയാനുള്ള സാധ്യതകളേറെയാണ്. ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ സ്വയം ജീവനൊടുക്കണമെന്നൊക്കെ ആഗ്രഹിച്ചുനടക്കുന്നവർ ബസിൽ ഒരു സീറ്റിലിരുന്നു യാത്രചെയ്തപ്പോൾ നടന്ന ഉയിർത്തെഴുന്നേൽപ്പുകൾ വിശ്വസിക്കാവുന്നതിനപ്പുറത്തൊക്കെയാണെന്നതുകൊണ്ടാണ് ഞാനിതെഴുതാൻ ഇഷ്ടപ്പടുന്നത്. അന്ന് എന്റെയടുത്തിരുന്നിരുന്ന ചേച്ചി നിരന്തരമായി അലർജിക്കുള്ള മരുന്ന് കഴിച്ചിട്ട് അനുബന്ധപ്രശ്നമായ ഉറക്കവും ക്ഷീണവും താങ്ങാനാവാതെ, അത് ഒട്ടും മനസ്സിലാവാതെയിരുന്ന വീട്ടിലുള്ളവരുടെ കുറ്റപെടുത്തൽ കാരണം ആത്മഹത്യ ചെയ്യാനായി വീടുവിട്ടിറങ്ങിയിരിക്കുകയാണ്. മൂത്തമകൾ പത്താംക്‌ളാസ്സിലാണ്. അവളെയാണ് ഈ പ്രശ്നങ്ങൾ ഏറ്റവും വിഷമിപ്പിക്കുന്നത്. കട്ടിയുള്ള ഏതോമരുന്നാണ് തനിക്കു ഡോക്ടർ തന്നിരിക്കുന്നതെന്നും അതുകൊണ്ടുള്ള അതിഭയങ്കരമായ ക്ഷീണം കൊണ്ടാണ് രാവിലെ കിടക്കവിട്ടെഴുന്നേൽക്കാനോ നേരാംവണ്ണം വീട്ടുജോലികൾ ചെയ്യാനോ മനസ്സും ശരീരവും സമ്മതിക്കാത്തതെന്ന് സ്വയം ചിന്തിച്ചുണ്ടാക്കിയ കുമിളക്കുള്ളിൽ നിന്നിട്ട്, മനസ്സുതകർന്ന് സ്വന്തം വീട്ടിൽ പോയി മാതാപിതാക്കളെ അവസാനമായി കാണാൻ പോകുന്ന യാത്രയാണ്. ‘ആഹാ ബെസ്ററ് ടൈം, ഉപദേശമാണല്ലോ നമ്മുടെ മെയിൻ’. അലർജിയെപ്പറ്റിയും അതിന്റെ മരുന്ന് കഴിക്കേണ്ട രീതിയെപ്പറ്റിയും ഈ ചികിത്സയിൽ രോഗി എന്ന നിലയിൽ ചേച്ചിയുടെ ശരിയായ റോൾ എന്താണെന്നും പറഞ്ഞു മനസ്സിലാക്കി. ചേച്ചിയുടെ മനസ്സിൽ മഞ്ഞുമഴ പെയ്യിച്ച് ജീവിതം തിരിച്ചു പിടിപ്പിച്ച് അയച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങൾ എന്റെ മനസ്സിൽ തപ്പുമേളങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഒരുപക്ഷെ കഴിക്കുന്ന മരുന്നുകളെപ്പറ്റി മതിയായ അറിവില്ലാതെ കഷ്ടപ്പെടുന്ന പതിനായിരങ്ങളിൽ ഒരാളാണ് ഈ ചേച്ചി എന്ന് ഞാൻ തിരിച്ചറിഞ്ഞു. മരുന്നു പഠിച്ച ഫാർമസിസ്റ്റ് എന്ന നിലയിൽ എന്റെ റോളെന്താണ് എന്നാലോചിച്ച് ഉറക്കം നഷ്ടപ്പെട്ട നാളുകൾ. ഉറക്കം നഷ്ടപ്പെടുത്തുന്നതായിരിക്കണമല്ലോ സ്വപ്നങ്ങൾ.

ഒടുവിൽ അത് ഞാനങ്ങുറപ്പിച്ചു, എഴുത്താണ് പലവഴികളിലൊന്നെന്ന്. മരുന്നറിവുമായി ആദ്യലേഖനം 2006-ൽ “ലേബൽ - മരുന്നിന്റെ തലക്കുറി"എന്ന തലക്കെട്ടോടെ മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് ജീവിതത്തിൽ തിരയടിച്ച ആനന്ദത്തോളം, ആത്മരതിയോളം പകരം വെക്കാൻ മറ്റൊന്നുമില്ല. മലയാള ഭാഷയെ ആഴമായി സ്നേഹിക്കുകയും മലങ്കര സഭാചരിത്രത്തെപ്പറ്റി ആഴത്തിൽ പഠിച്ചു പുസ്തകങ്ങൾ, വേദപുസ്തകാടിസ്ഥാനത്തിൽ കഥകൾ, പാട്ടുകൾ എന്നിവ എഴുതുന്ന, സഭാതലത്തിൽ പല പുസ്തകങ്ങളുടെയും എഡിറ്റർ ആയ അപ്പച്ചനാണ് എല്ലാക്കാലത്തും എന്റെയും എഡിറ്റർ. ടീച്ചറായ അമ്മയുടെ പ്രോത്സാഹനവും എനിക്ക് ആവോളം ലഭിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ മനോരമ ആരോഗ്യത്തിൽ നിന്ന് ലേഖനങ്ങൾ ചോദിച്ചുകൊണ്ടുള്ള വിളി വന്നു. അങ്ങനെ എന്റെ മനസിനെ, തലച്ചോറിനെ, ക്രിയാത്മകതയെ, തുളുമ്പി നിറച്ചു വെച്ചുകൊണ്ടിരിക്കാൻ എനിക്കോരോരോ പ്രോജക്ടുകൾ വന്നുകൊണ്ടേയിരുന്നു. അത് മംഗളം, ദേശാഭിമാനി,വിമൻസ് ഈറ, ഇന്ത്യൻ എക്സ്പ്രസ്സ് എന്നിവയിലേക്ക് നിരന്തരമായി നീളുകയും ഒടുവിൽ മരുന്നറിവുകൾ എന്ന പേരിൽ മാതൃഭൂമിയും, "മരുന്നുകൾ - ഉപയോഗവും ദുരുപയോഗവും" എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്തും പ്രസിദ്ധീകരിച്ചു. മനോരമയുടേതുൾപ്പെടെ പല സെമിനാറുകളിലും ഡോക്ടർമാരോടൊപ്പം പങ്കെടുത്തു. ഇതിന്റെയൊക്കെ പേരിൽ 2013-ൽ കേരളഫാർമസി കൗൺസിലിന്റെ ബെസ്ററ് ഫാർമസിസ്റ്റ് അവാർഡും ലഭിച്ചു. അതേത്തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം ഫാർമസിസ്റ്റുകൾക്ക് തുടർവിദ്യാഭ്യാസത്തിൽ ക്‌ളാസ്സുകളെടുക്കുനനുള്ള അവസരങ്ങളും ലഭിച്ചു. ഇന്ന് വർഷങ്ങൾക്കിപ്പുറം കാനഡയിൽ കനേഡിയൻ മലയാളി ഹെൽത്ത് ഇനിഷിയേറ്റീവ് എന്ന ഓർഗനൈസേഷനുമായി ചേർന്ന് പ്രവർത്തിച്ച് ഇത്തരം സെമിനാറുകളുമായി മുന്നോട്ടുപോകുന്നതിൽ എത്തിനിൽക്കുമ്പോൾ ജീവിതം വളരെ സമ്പന്നമാണ്, എനിക്കുചുറ്റുമുള്ള ലോകവും സുന്ദരമാണ്.
ഇങ്ങനെ സാമൂഹികമായി മരുന്നുകൾക്ക് ഇടയിൽ ജീവിക്കുന്നതിനിടക്കാണ് കൊച്ചി എഫ്.എമ്മിൽ കാഷ്യൽ സൗണ്ട് ആർടിസ്റ്റായി ജോലി ചെയ്യാൻ അവസരം ലഭിച്ചത്. “ഫോണിലൂടെ തന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്,” എന്ന് പ്രശംസിച്ച സുഹൃത്താണ് ആ ജോലി ചെയ്യാൻ ധൈര്യം തന്നത്. “വചനം മാംസമാകുന്ന”തിന്റെ മാന്ത്രികത എത്ര വലുതാണ്. ഇന്നും ചില കഥകൾ വായിച്ച് ഓഡിയോക്ലിപ്പാക്കി അയച്ചുകൊടുക്കുന്ന ആത്മധൈര്യം ഈ വാക്കുകളിൽനിന്നുള്ള പ്രചോദനത്തിൽനിന്നാണ്. നല്ല വാക്കുകൾ കൊണ്ട് നമ്മെ ചേർത്തു നിർത്തുന്നവരുടെ വലയത്തിനുള്ളിലാണ് ഞാനെന്നതാണ് ഈ ഭൂമിയിലെ എന്റെ സ്വർഗ്ഗം.
പക്ഷെ ഇതൊക്കെ സ്വർഗ്ഗമാണെന്നു തിരിച്ചറിയാൻ ഇരുട്ടിലായ കുറച്ചുവർഷങ്ങളുടെ പരിശീനലമുണ്ടായിരുന്നു. 1999-ൽ കല്യാണം കഴിഞ്ഞിട്ട് എഴുപതു ദിവസമാണ് ഭർത്താവിനോടൊപ്പം ജീവിച്ചത്. അതിനുശേഷം ആറുമാസത്തോളമുള്ള കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും ഒക്കെ കഴിഞ്ഞാണ് തലച്ചോറിലെ “നാസ” അന്ന് ഇക്കാര്യം പുറത്തുവിടാൻ തീരുമാനിക്കുന്നത്. ഒരു പൂ ചോദിച്ചാൽ പൂക്കാലം കിട്ടുന്ന പോലെ ഏറ്റവും സന്തോഷിച്ചതും അതേസമയം തന്നെ വിഷമിച്ചതുമായ ഒരു ദിവസമായിരുന്നു അത്. തിരിച്ചുപോകാൻ മനസ്സും ശരീരവും സമ്മതിക്കുന്നില്ലെന്ന് - കുടുംബവും, പള്ളിയും സമൂഹവും ഒക്കെ ചേർന്ന് “ഭർത്താവ്” എന്ന് രേഖപ്പെടുത്തി, ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതെന്നു പറഞ്ഞ് കല്യാണം കഴിപ്പിച്ചു തന്ന ആളോടൊപ്പം തുടർന്നുള്ള ജീവിതം പങ്കിടാൻ മടിയുണ്ടെന്നു അപ്പച്ചനോട് പറഞ്ഞ ആ ദിവസം.
ഇത്രയും സമയമെടുത്തതിന്റെ മൂന്നു പ്രധാന കാരണങ്ങൾ: മകളുടെ വേദനയറിയുമ്പോൾ അത് സഹിക്കാനാവാതെ അപ്പച്ചനോ അമ്മയോ ഹൃദയാഘാതമുണ്ടായി മരിച്ചുപോകുമോ?, അനിയത്തിയുടെ കല്യാണം നടക്കാൻ എന്റെയീ തീരുമാനം തടസ്സമുണ്ടാകുമോ? അമ്മായിയമ്മയ്ക്ക് അവരുടെ മകനുണ്ടാക്കുന്ന പ്രശ്നങ്ങൾ താങ്ങാനാകുമോ? എന്നതൊക്കെയായിരുന്നു. അപ്പച്ചൻ ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽനിന്നും വിരമിക്കാറായി നിൽക്കുന്നു. അമ്മ സ്കൂൾ ടീച്ചർ ആയി ജോലിചെയ്യുന്നു. അനിയത്തി ഫാർമസി കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതാണ് കുടുംബപശ്ചാത്തലം. സഭാചരിത്രത്തിലും വേദപുസ്തകസംബന്ധമായ വിശദാംശങ്ങളിലും അപ്പച്ചന് അതീവതാല്പര്യം ഉണ്ട്. മനുഷ്യരെ ചിന്തിപ്പിക്കുന്ന എഴുത്തുകളും പ്രഭാഷണങ്ങളും ജീവിതചര്യയായി മാറ്റിയിരിക്കുന്ന അപ്പച്ചനെ, എന്റെയീ തീരുമാനം എങ്ങനെ ബാധിക്കുമെന്ന ആധികൊണ്ട് മൂന്നുമാസത്തോളം പ്രശ്നങ്ങളൊന്നും പറയാതെ സ്വയം തീ തിന്നു കഴിച്ചുകൂട്ടുകയായിരുന്നു ഞാൻ.
പഠിച്ചത് ഫാർമസിയായതുകൊണ്ടുതന്നെ ഇങ്ങനെ ആധി പിടിച്ചാൽ അത് വയറ്റിലുള്ള കുഞ്ഞിനെ ശാരീരികമായോ മാനസികമായോ ബാധിച്ചേക്കുമോയെന്ന ഭയം വേറെയും. “നീ നിന്റെയും വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെയും കാര്യം മാത്രം ആലോചിച്ചാൽ മതി, അനിയത്തിയുടെ കല്യാണം ഒരു കുഴപ്പവും ഇല്ലാതെ നടന്നുകൊള്ളും. അവിടുത്തെ അമ്മച്ചി മിടുക്കിയാണ് അവർക്ക് ഇത് അതിജീവിക്കാനുള്ള കരുത്തുണ്ട്. മനസ്സ് വിഷമിച്ചാൽ കുട്ടിക്ക് പ്രശ്നങ്ങളുണ്ടായേക്കാം, അതുകൊണ്ട് കുഞ്ഞിന് ഒരു പ്രശ്നവുമില്ലാതെ കിട്ടാൻ നീ എന്റെ കൂടെ നിൽക്കണം. നീ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ നിന്റെ കൂടെ ഉണ്ടാകും,” ഈ വാക്കുകളുടെ ഉറപ്പാണ് ഞങ്ങളുടെ ജീവന്റെ തുടിപ്പിന്റെയും ചെറിയ വലിയ സന്തോഷങ്ങളുടെയും, ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾക്കോരോരുത്തർക്കും എന്തെല്ലാം രീതിയിലുള്ള സമ്പത്തും സമൃദ്ധിയുമുണ്ടോ (സ്നേഹം, കൂട്ടായ്മ, പരസ്പരമുള്ള സപ്പോർട്ട്, വിജയങ്ങൾ) അതിന്റെയൊക്കെ ആധാരം. ഇതെഴുതുമ്പോൾ എന്റെ കണ്ണ് നിറയുകയും ഞാൻ അകലെയുള്ള അപ്പച്ചനെയും അമ്മയെയും കെട്ടിപ്പിടിച്ചു വിതുമ്പുകയും ചെയ്യുന്നുണ്ട്, മറ്റൊരു “വിസ്മയ” ആകാതെ എന്നെ വിസ്മയിപ്പിച്ചതിന്.
തിരിഞ്ഞു നോക്കുമ്പോൾ അപ്പച്ചൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് തോന്നാറുണ്ട്. ഇപ്പോൾ മദർ സെന്റേർഡ് ( Mother centered approach ) എന്ന പ്രചുരപ്രചാരം നേടിയ ആശയത്തോടൊപ്പം problem solving, critical thinking എന്ന ലൈഫ് സ്‌കില്ലുകൾ കൂടി കോർത്തിണക്കി എന്നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു, അല്ല എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു അപ്പച്ചൻ ചെയ്തത്. അങ്ങനെ ഇരുപത്തിയേഴാം വയസ്സിലാണ് ഇപ്പോഴുള്ള ഈ ഞാൻ ജനിച്ചത്. അപ്പോൾ പിന്നെ സന്തോഷിക്കണ്ടേ?
പിന്നെ, അന്ന് ഈയവസ്ഥയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന വെല്ലുവിളികൾ വാക്കുകളിൽ ഒതുക്കാനൊന്നും പറ്റില്ല. വിഷമങ്ങളും ഒരുപാടുണ്ട്. അന്നെന്റെ ചിന്തകൾ വേലിക്കുള്ളിലാണല്ലോ (ഇന്നെന്റെ വേലികൾ ചിന്തക്കുള്ളിലും). മറ്റുള്ളവരുടെ കാര്യത്തിൽ ഒരു പ്രത്യേക നിഷ്കളങ്ക നാട്യരസത്തിൽ ഇടപെടുന്ന നാട്ടുകാരെ, എങ്ങനെ നേരിടും? അപ്പനില്ലാതെ കുഞ്ഞിനെ വളർത്തിയാൽ അത് കുട്ടിയുടെ വളർച്ചയെ എങ്ങനെ ബാധിക്കും? മുന്നോട്ടു ജീവിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും? എന്നെപ്പറ്റി ഇറങ്ങാൻ പോകുന്ന തൊങ്ങലുകൾ നിറഞ്ഞ അപവാദകഥകൾ വെറും നാട്ടിൻപുറത്തുകാരിയായ എന്റെ കുഞ്ഞ് ഹൃദയത്തിനു താങ്ങാനുള്ള ത്രാണിയുണ്ടാകുമോ? അതുമാത്രമല്ല, മാസ്റ്റർ ഓഫ് ഫാർമസി കഴിഞ്ഞിട്ടേ ഉള്ളൂ, ജോലിയും വരുമാനവും ഇല്ല, നാട്ടിൽ നിന്നാൽ എന്ത് ജോലി കിട്ടുമെന്നറിയില്ല. കാരണം ഇന്നത്തെപ്പോലെ അന്ന് കേരളത്തിൽ ഫാർമസി കോളേജുകൾ ഉണ്ടായിരുന്നില്ല. അങ്ങനെ, തലച്ചോറിലെ ഓരോ കോശങ്ങൾക്കും എടുപ്പതിലേറെ കടങ്കഥകൾ ഉണ്ടായിരുന്ന, ഒരു പ്രത്യേക ‘ശോകം’ വൈബുള്ള ദിവസങ്ങളായിരുന്നു അത്.
മറിച്ചു ചിന്തിച്ചാൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ രണ്ടാം ജന്മം എന്നത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ആ ദുർഘടകാലത്ത് ഒരിക്കൽ പോലും മാതാപിതാക്കൾ എന്നെ തളർത്തുന്ന രീതിൽ ഒരു വാക്ക് പോലും പറഞ്ഞില്ല എന്നത് എന്റെ ഏറ്റവും വലിയ ധൈര്യവും അഭിമാനവും ആയിരുന്നു. നേരെ മറിച്ച്, “പെൺകുട്ടികളായാൽ കുറച്ചൊക്കെ ക്ഷമിക്കണം, ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യേണ്ടിയും വരും. ഞങ്ങൾ അവരോടൊന്നു സംസാരിക്കാം, അതുകഴിഞ്ഞു ഒന്നുകൂടി അവിടെ പോയി നിന്നിട്ട് ശരിയാകുമോന്നു നോക്ക്,” എന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ ഒരു കുഞ്ഞുജീവൻ വയറ്റിലുണ്ടെന്നുപോലും ചിന്തിക്കാൻ നിൽക്കാതെ ഞാൻ ആത്മഹത്യ ചെയ്യാൻ റെഡി ആയി നിൽക്കുകയായിരുന്നു. കാരണം, നമ്മളെ മനസ്സിലാക്കാൻ ലോകത്താരുമില്ലെന്ന തിരിച്ചറിവ് ഉണ്ടാകുന്ന നിമിഷം നമ്മുടെ ബുദ്ധിയും വിദ്യാഭ്യാസയോഗ്യതയുമൊന്നും നമ്മളെ സഹായിക്കില്ല, അതൊരു ബ്ലാക്ക് ഹോളിൽ ഒളിച്ചിരിക്കും, വികാരം വിചാരത്തിനു കിഴ്പ്പെടും. ഇത് ഒന്നോ രണ്ടോ ആളുകളുടെ മാത്രം കുറ്റമല്ല നമ്മുടെ നാടും മനുഷ്യരും സാമൂഹികവ്യവസ്ഥിതിയുമാണ് ഈ ചിന്താഗതിക്കു പിന്നിലെന്ന് ഇപ്പോൾ ഈ പ്രായത്തിൽ വെളിച്ചമുള്ള ചിന്തയായി അത് മനസ്സിലാകുന്നു. എന്റെ കുടുംബം, സ്വന്തമായുള്ളവർ, പിന്നെ ആത്മ സുഹൃത്തുക്കളും കൈവിടാതെ ധൈര്യവും കരുത്തും പകർന്നുതന്ന ഒപ്പം നിന്നതുകൊണ്ട് മാത്രം ഇന്ന് ഞാനും കുഞ്ഞും ജീവിച്ചിരിക്കുന്നു. അവൻ ഇപ്പോൾ കാനഡയിൽ നിയമത്തിനു പഠിക്കുന്നു.
കുഞ്ഞുണ്ടായി ഒരു വർഷത്തിനുള്ളിൽ ജോലി തരപ്പെടുത്താനായെങ്കിലും അതുവരെയുള്ള കാലം സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തതും ജോലികിട്ടുമോ എന്നുള്ള അരക്ഷിതാവസ്ഥയും വലിയ പ്രശ്‌നമായിരുന്നു. വീട്ടിൽ നിന്ന് എന്നെ അത്രയും സപ്പോർട്ട് ചെയ്തിട്ടും അപകർഷതാബോധമായിരുന്നു എപ്പോഴും. അന്ന് ഞാൻ പഠിച്ചപാഠമാണ് മാതാപിതാക്കളെയും പെൺകുട്ടികളെയും എന്നാലാവുംവിധം ഇക്കാര്യത്തിൽ ബോധവത്ക്കരിക്കണമെന്നത്. പെൺകുട്ടികൾക്ക് പ്രധാനമായത് നല്ല വിദ്യാഭ്യാസമുണ്ടാകുക എന്നതാണ്. കൂടാതെ ജോലി വേണം, അവർക്കായി സേവിങ്‌സ് വേണം. അതിനുശേഷം മാത്രം വിവാഹം എന്നത് മാതാപിതാക്കളെ പഠിപ്പിക്കണം. മാത്രമല്ല പെൺകുട്ടികൾക്ക് വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായാൽ, പൊരുത്തപ്പെട്ട് പോകാൻ പറ്റാതിരുന്നാൽ, തിരിച്ച് വീട്ടിലേക്ക് വരാനുള്ള സാഹചര്യമുണ്ടാവണം. അതിനു കഴിഞ്ഞാൽ, ഒരു ചെറിയ പിന്തുണയുണ്ടെങ്കിൽ അവർ സ്വയം “തന്റേതായ ഇടം” ഉണ്ടാക്കിയെടുത്തുകൊള്ളും എന്ന വലിയ തിരിച്ചറിവാണ് എന്റെ ജീവിതം പങ്കുവെക്കുന്നതുവഴി ഇത് വായിക്കുന്ന മനസ്സുകളിലേക്ക് എനിക്ക് ഊതിക്കയറ്റേണ്ടത്. കാരണം വിവാഹത്തിൽ നിന്നിറങ്ങി നടക്കുമ്പോൾ ഒരു സ്ത്രീയുടെ മനസ്സിൽ കയറിക്കൂടുന്ന ജീവിതത്തോടുള്ള ഒരു വാശിയും കനലും എന്നത് ആർക്കും മനസ്സിലാക്കാനാവാത്ത വിധം ശക്തിയുള്ളതാണ്. നമ്മുടെ നാട് ഇത് തിരിച്ചറിഞ്ഞ് മനസ്സുകളിലും ആശയങ്ങളിലും പുതിയ വെളിച്ചം വരട്ടെ എന്നാഗ്രഹിക്കുന്നു. അക്കാലത്ത് എന്നെ നെഞ്ചോട് ചേർത്ത അപ്പച്ചനെയും അമ്മയെയും കാനഡയിലേക്ക് കൊണ്ടുവന്നു അവർക്കായി എനിക്ക് പറ്റാവുന്ന വിധം സ്വർഗ്ഗം തീർക്കുന്നതിലെത്തി നിൽക്കുമ്പോൾ ജീവിതം സമ്പൂർണ്ണമായെന്ന അനുഭൂതിയുണ്ട്.

ഇവിടെ കാനഡയിൽ നിന്നും ഒരുപാട് സാമൂഹിക മര്യാദകൾ കണ്ടു പഠിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ, ജോലിക്കാര്യങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ വളരെ സെൻസിറ്റീവ് ആയതുകൊണ്ട് അത്തരം കാര്യങ്ങൾ ചോദിക്കുന്നത് വളരെ മര്യാദയില്ലായ്മയായാണ് ഇവിടെ കരുതപ്പെടുന്നത്. ഉദാഹരണമായി ജോലി, ശമ്പളം, കുടുംബകാര്യങ്ങൾ ഇവയൊക്കെ അറിയണമെന്ന് നമുക്ക് ആഗ്രഹം തോന്നിയാൽ വളരെ സൂക്ഷ്മതയോടെ “നിങ്ങൾക്ക് വിരോധമില്ലെങ്കിൽ പറയാമോ എന്ന വിനയഭാവത്തോടെയും തെറ്റിദ്ധരിക്കരുതെന്ന ക്ഷമാപണത്തോടെയുമാവണം നമ്മൾ ചോദിക്കേണ്ടത്” എന്ന സാമൂഹിക മര്യാദ ഇവിടെ നിലനിൽക്കുന്നുണ്ട്. ഇത് പറയാൻ കാരണം ഞാനും മോനും നാട്ടിൽ ജീവിച്ചപ്പോൾ ഒരുപാട് വിമർശന സ്വഭാവമുള്ള (ജഡ്ജ്മെന്റൽ) ചോദ്യങ്ങളും അഭിപ്രായങ്ങളും കേട്ടിട്ട് പലപ്പോഴും മനസ്സുതകർന്ന് അതിൽനിന്നു രക്ഷപെടാനാകാതെ ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്.
മറ്റുള്ളവരുടെ സ്വകാര്യഇടങ്ങളിലേക്ക് കടന്നു കയറരുതെന്നും, ആളുകളോട് അവരുടെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ എന്തൊക്കെ മര്യാദകൾ പാലിക്കണമെന്നൊന്നും നമ്മുടെ സമൂഹത്തിനറിയില്ല. ഒരിടത്തും സാമൂഹിക മര്യാദകൾ ആരും പഠിപ്പിക്കുന്നുമില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ജീവിതം എന്ന കല മനോഹരമാകുന്നത് ഓരോ വ്യക്തിയും അവർക്ക് ചുറ്റുമുള്ള ലോകവും ഒരുപോലെ മാന്യത പാലിച്ച് സംസ്കാരത്തിൽ മുന്നേറുമ്പോഴാണ് എന്നത് ഇവിടെനിന്നാണ് മനസ്സിലാക്കാനായത്. നമ്മുടേത് മഹത്വമുള്ള സംസ്കാരമാണ് എന്നൊക്കെ പറയുമ്പോഴും മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ടും അഭിപ്രായം പറഞ്ഞും നടക്കുന്നത് സ്വാഭാവികമാണ് എന്ന് കരുതുന്നത് വലിയ പോരായ്മയാണ്. മറ്റുള്ളവർ എന്ത് വിചാരിക്കും/വിധിക്കും എന്ന വേവലാതി കൂടാതെ ജീവിക്കാൻ ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യം വിലമതിക്കാനാകാത്തതാണ്.
ഡിവോഴ്സ് ആണെന്ന് അറിഞ്ഞിട്ടും, നീ ഇനി അങ്ങോട്ടു പോകുന്നില്ലേ, മോന് അപ്പനെ കാണേണ്ടേ, അവിടെ നിന്ന് സ്വത്തിന്റെ ഓഹരി കിട്ടുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരുമ്പോൾ നമുക്ക് ആളുകളെ എങ്ങനെ നേരിടണം എന്നറിയില്ല. ഇതിനെല്ലാം മറുപടി പറയാനോ ചോദിക്കുന്നവരെ മാറ്റാനോ നമുക്ക് പറ്റില്ല. ഇത്തരം ചോദ്യങ്ങൾക്കൊന്നും അവർ മറുപടി അർഹിക്കുന്നില്ല, ഇത്തരം ചോദ്യങ്ങൾ അവരുടെ പെരുമാറ്റവൈകൃതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കാൻ ഒരുപാട് സമയമെടുത്തു. സമൂഹത്തിന്റെ മൂല്യങ്ങൾ ചോർന്നുപോകുമ്പോൾ നമ്മൾ സ്വയം മാറുന്നതാണല്ലോ നല്ലത്. അങ്ങനെ സ്വയം പുനരുദ്ധരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗത്തിലും അമൃത ഫാർമസി സ്കൂളിലും അദ്ധ്യാപനത്തിലായിരിക്കവേ ഞാൻ വായനയെയും എഴുത്തിനെയും കൂട്ടുപിടിച്ചത്. ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാവാൻ പലവഴികൾ തിരഞ്ഞ് അതിലൊന്നായി എഴുത്തിനെ കൂടെക്കൂട്ടി.
സ്വന്തം വീട്ടിൽ അപ്പച്ചന്റെയും അമ്മയുടെയും കൂടെ ഒരുപാട് സ്നേഹവും കരുതലും ലഭിച്ചാണ് ജീവിച്ചതെങ്കിലും ഞാൻ എന്നെയൊരു “സിംഗിൾ മദർ വൈബി ”ലിട്ടാണ് ജീവിതം കൊണ്ടുപോയത്. ചുറ്റുമുള്ള ലോകം ഇങ്ങനെയൊരു ജീവിതത്തിനായി നമ്മളെ പരുവപ്പെടുത്തിയെടുക്കാത്തതുകൊണ്ട് ഇതങ്ങനെ കൈകാര്യം ചെയ്യണമെന്നത് വലിയൊരു ഉത്തരംകിട്ടാത്ത സമസ്യയായിരുന്നു. ഫാർമസിയിൽ പഠിച്ചിട്ടുള്ള, ഏതെങ്കിലും വിഷയത്തിൽ ഡോക്ട്രേറ്റ് എടുക്കാൻ പറ്റുമോ എന്നതിന്റെ പ്രാരംഭമായി കൊച്ചിയിലെ കുസാറ്റിൽ യുജിസി പരീക്ഷക്കൊരുങ്ങാൻ കോച്ചിങ്ങിനുപോയാണ് ഞാൻ ഒരു പോരാളിയാണെന്ന് സ്വയം പ്രഖ്യാപിച്ചതെന്നാണോർമ്മ. പോരാളിത്തം അത്ര ഉഷാറാകാത്തതുകൊണ്ട് പരീക്ഷ പാസായില്ല. പിന്നീട്, ഒരു സുഹൃത്തിന്റ സഹായത്തോടെ എറണാകുളത്ത് മരുന്നുകൾ ക്വാളിറ്റി ടെസ്റ്റിംഗ് നടത്തുന്ന ഒരു ലാബിൽ ഒരു വർഷത്തോളം ജോലി ചെയ്തു. അതൊരു തുടക്കമായിരുന്നു. പിന്നീടിങ്ങോട്ട് എത്രയോ കൂട്ടുകാരുടെ, ബന്ധുക്കളുടെ, സഹപ്രവർത്തകരുടെ , മീഡിയപ്രവർത്തകരുടെ ഒക്കെ സ്നേഹവും പ്രാർത്ഥനകളും നല്ല വാക്കുകളും പ്രശംസകളും ഒക്കെ ചേർത്താണ് ഞാൻ ഇന്നത്തെ എന്നെ പണിതെടുത്തത്. ഇന്ന്, കാലങ്ങൾക്കിപ്പുറം അതൊക്കെയും തെളിമയോടെ എന്റെ മനസ്സിലുണ്ട്. അതെല്ലാം ഓർത്തുകൊണ്ടാണ് മിക്കവാറും ഓരോ പ്രഭാതങ്ങളിലും ഞാൻ ഉണരുന്നത്. ആരോഗ്യ ശുചിത്വത്തിന്റെ (Mental hygiene) ഒരു ഭാഗംകൂടിയാണ് നമുക്കുള്ള നന്മകളുടെ കൃതജ്ഞത പ്രകാശിപ്പിക്കാനായി അതിരാവിലെ എഴുന്നേൽക്കുമ്പോഴുള്ള ആദ്യനിമിഷങ്ങൾ സമർപ്പിക്കുക എന്നുള്ളത്. പ്രവർത്തികമാക്കിയാൽ ജീവിതത്തിനു തെളിച്ചങ്ങൾ താനെ ഉണ്ടാവും.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി കോളേജിൽ സീനിയർ ലെക്ച്ചറർ ആയി കോൺട്രാക്ടിൽ ഒരു വർഷം ഞാൻ ജോലി ചെയ്തു. അതിലേക്കൊക്കെ നയിച്ചതും കൂട്ടുകാർ തന്നെ. പിന്നെ പെരിന്തൽമണ്ണ അൽ ഷിഫ ഫാർമസി കോളേജിൽ, അത് കഴിഞ്ഞു കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജിൽ ആറു വർഷത്തോളം MBBS, BSc നേഴ്സിങ്ങ്. കുട്ടികളെ ഫാർമക്കോളജിയും പഠിപ്പിച്ചു. പിന്നീട്, മൂന്നു വർഷം കൊച്ചിയിൽ അമൃത സ്കൂൾ ഓഫ് ഫാർമസിയിൽ അദ്ധ്യാപനത്തിലായിരിക്കവേ 2011-ലാണ് രണ്ടാമതൊരു കല്യാണം കഴിക്കാനുള്ള ബോധോദയം ഉണ്ടാവുന്നത്.

അമൃതയിൽ ജോലിചെയ്യുമ്പോൾ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു, പേര് മഞ്ജു. മാലാഖ പോലുള്ള ഒരു സുന്ദരി. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞങ്ങൾ ജീവിതം ആഘോഷിച്ചു. പെണ്ണുങ്ങൾ പോകാൻ മടിക്കുന്ന അല്ലെങ്കിൽ സ്ത്രീകൾക്ക് അയിത്തമുള്ള തട്ടുകട ഉൾപ്പെടെ ആഗ്രഹം തോന്നിയിടത്തൊക്കെ പോയി ഭക്ഷണം കഴിച്ചു. ചെലവുകൾ കഴിഞ്ഞു സ്വരുക്കൂട്ടിയ പൈസ കൊണ്ട് മക്കളെയും കൂട്ടി ഇന്ത്യക്കകത്തു ധാരാളം യാത്രകൾ ചെയ്തു. “സമാന ചിന്താഗതിയുള്ള കൂട്ടുകാർ ഉള്ളവർ ഭാഗ്യം ചെയ്തവർ, എന്തുകൊണ്ടെന്നാൽ അവർ ലോകത്തെ കീഴടക്കും” എന്ന് ബൈബിളിൽ പറയാതെ പോയ വാക്യം ഞങ്ങൾ കൂട്ടിച്ചേർത്തു.
അങ്ങനെയൊരു ദിവസം, പഴയ സ്‌കൂളിലെ കൂട്ടുകാരനാണ് "എന്താ ഇനി നിന്റെ ഭാവിപരിപാടി" എന്ന് ആദ്യമായി ചോദിക്കുന്നത്. മോന്റെ കൂടെ ഇങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കുന്നതു കണ്ടിട്ട് നിനക്ക് ഇത്തിരി കുശുമ്പുണ്ടോന്നു എനിക്കൊരു സംശയം എന്ന് പറഞ്ഞതിന്, “എന്റെ കുശുമ്പ് ഇങ്ങനെയല്ലെടീ, നിനക്കുവേണ്ടി എന്തെങ്കിലും ചെയ്തു എന്നുവരുത്താൻ നിന്റെ പ്രൊഫൈൽ ഞാൻ ഒരു മാട്രിമോണിയിൽ ഇട്ടോട്ടെ?” എന്നായിരുന്നു മറുപടി ചോദ്യം.
“മേശപ്പുറത്തുവെച്ച ഭക്ഷണം വിളമ്പിക്കഴിക്കാനോ ഒരു ചായ ഇട്ടു കുടിക്കാനോ ഒരു ഷർട്ട് ഇസ്തിരിയിടാനോ കഴിവില്ലാതെ, പരസഹായം മോഡിലുളള കേരളത്തിലെ പുരുഷന്മാരോട് എനിക്കൊരു ബഹുമാനവുമില്ല. ഇക്കാര്യങ്ങളൊക്കെ ഒത്തുചേർന്ന, സ്ത്രീകളെ ഒരു മനുഷ്യജന്മമായി പരിഗണിക്കുന്ന, ഫെമിനിസ്റ്റ് ആയ, ജീവിതം തളിർത്തു നിൽക്കാൻ എന്റെ സ്നേഹവും സപ്പോർട്ടും വേണമെന്നുള്ള, ഒരു ഭാര്യയെയോ, കുഞ്ഞുങ്ങൾക്കായി ഒരു അമ്മയെയോ ആവശ്യമുള്ള ഒരാളാണെന്ന് എനിക്ക് ബോധ്യപ്പെടുന്ന ഒരാൾ മുന്നിൽവന്നാൽ ചിലപ്പോൾ എന്റെ മനസ്സുമാറുമായിരിക്കും” എന്ന് മറുപടി കൊടുത്തു. തുടർന്ന് ‘എത്ര നല്ല നടക്കാത്ത നിലപാട്’ എന്ന് ഞാൻ എന്നോട് തന്നെ ഒരു ഇമോജി ഇട്ട് അനുമോദിച്ചു. പിന്നെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാത്ത എന്നെ പല കഷണങ്ങളാക്കി ഭിത്തിയിലൊട്ടിച്ചവരോട്, നിർബന്ധിച്ചാൽ ഒരു വിവാഹജീവിതമൊക്കെ കാഴ്ച്ച വെക്കാം എന്നു മറുപടി കൊടുക്കുന്ന റിസ്‌ക്കൊക്കെ ഒരു മണ്ടത്തരമല്ലേ എന്നതായിരുന്നു എന്നിലെ ബുദ്ധിജീവിയുടെ നിലപാട്. എന്തായാലും അവൻ ഭാരത് മട്രിമോണിയിൽ പ്രൊഫൈൽ ഇട്ടു, അങ്ങനെയാണ് കാനഡയിൽ നിന്നും ആ ഫോൺവിളി എന്നെ തേടി വരുന്നത്.
മരുന്നറിവുകൾകൊണ്ട് മാതൃരാജ്യത്തെ സ്നേഹിച്ച് ജീവിക്കണം എന്നുറപ്പിച്ച് കൂട്ടുകാരൊക്കെ വിദേശങ്ങളിലേക്ക് ചേക്കേറിയിട്ടും ഒരു പാസ്പോർട്ടു പോലുമില്ലാത്ത ഒരു മാസ്റ്റർ ബിരുദധാരിയായിരുന്നു ഞാൻ അന്ന്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ആദ്യത്തെ വിവാഹജീവിതത്തിൽ നിന്നുള്ള ആഘാതം അതുവരെയും എന്നെ വിട്ടു പോയിരുന്നില്ല. ശരിക്കും പറഞ്ഞാൽ ചൂട് വെള്ളത്തിൽ ചാടിയ പൂച്ചയുടെ അവസ്ഥ. വിവാഹജീവിതത്തോടുള്ള പേടി, പുരുഷന്മാരെ വിശ്വാസമില്ലായ്മ, ബഹുമാനമില്ലായ്മ, അവരോടുള്ള വെറുപ്പ് എന്നീ ഘടകങ്ങളൊക്കെ ചേർന്ന് വല്ലാത്തൊരു മനസികാവസ്ഥയിലാണ് അന്നുണ്ടായിരുന്നത്. ഭർത്താവില്ലാത്ത ജീവിക്കുന്ന ഒരു സ്ത്രീയോടുള്ള സമൂഹത്തിന്റെ മനുഷ്യരുടെ ചോദ്യങ്ങളും അന്വേഷണങ്ങളും നേരിടുമ്പോൾ പല സാഹചര്യങ്ങളിലും നമ്മുടെ ക്ഷമ നശിക്കും. മകന്റെ കൊച്ചുകൂട്ടുകാർ തമ്മിൽ വഴക്കിടുമ്പോൾ ജയിക്കാൻ വേണ്ടി അവർ എന്റെ മോനെ കളിയാക്കിയിരുന്നത് "അച്ഛനില്ലാത്ത കുട്ടി" എന്ന് വിളിച്ചായിരുന്നുവെന്ന് വളരെക്കാലം കഴിഞ്ഞാണ് അവനെന്നോട് പറയുന്നത്. ഞാൻ വിഷമിക്കുമല്ലോ എന്നോർത്താണ് പങ്കുവെക്കാതിരുന്നതെന്ന് അവൻ പറഞ്ഞപ്പോൾ ചങ്കിൽ ഒരു വാൾ കടന്ന വേദനയായിരുന്നു.
പക്ഷെ കാനഡയിൽ നിന്നു വന്ന ആ ഫോൺകോൾ എല്ലാം മാറ്റിമറിച്ചു. തലച്ചോറിൽ അത്രയും നാൾ പ്രോഗ്രാം ചെയ്തു വെച്ചിരുന്ന ചിപ്പ് എന്നെത്തന്നെ റീപ്രോഗ്രാം ചെയ്ത് പുതിയ വേർഷൻ ഉണ്ടാക്കിയിരിക്കുന്നു. രണ്ടു ആണ്മക്കൾക്കും പിന്നെ അവരുടെ ഡാഡിക്കും വീട്ടിൽ ഒരു അമ്മയുടെ ആവശ്യം ഉണ്ടെന്ന് പറഞ്ഞാണ് ആ വിളി വന്നത്. സംസാരിച്ചപ്പോൾ തികച്ചും ന്യായമായ, കളങ്കമറ്റ ആവശ്യമാണെന്ന് തോന്നി. അങ്ങനെ അന്ന് പത്തു വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനോട് സംസാരിച്ചു, “രണ്ടു ചേട്ടായിമാർക്ക് അമ്മയില്ലാത്ത ഒരു അവസ്ഥയാണുള്ളത്. നമുക്ക് പോയാലോ?”
“അമ്മക്കെന്താണ് സന്തോഷം എന്ന് വെച്ചാൽ നമുക്കതു പോലെ ചെയ്യാം” എന്നവൻ പറഞ്ഞപ്പോൾ അവനൊരു കാരണവരുടെ മുഖഛായ ആയിരുന്നു. അവനിലുള്ള എന്റെ വിശ്വാസവും ഒരു പ്രധാന ഘടകമാണ്. കാരണം അവൻ ഒരു കുട്ടിത്തമുള്ള കുഞ്ഞായി ഇരുന്നിട്ടേയില്ല. എന്നും പ്രായത്തിൽ അധികം വളർച്ച ചിന്തകളിൽ അവൻ സൂക്ഷിച്ചിരുന്നു. അതുകൊണ്ട്, തീരുമാനങ്ങളെടുക്കാൻ എന്നേക്കാൾ എനിക്ക് വിശ്വസിക്കാവുന്ന ഒരാൾ അവനായിരുന്നു. ഏതു പുതിയ സാഹചര്യത്തെയും പെട്ടന്ന് ഉൾക്കൊണ്ടു ജീവിക്കാൻ അവനു ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.
രണ്ടാമതും ആ വിളി വന്നപ്പോൾ, വീട്ടിൽ മാതാപിതാക്കളോട് ആലോചിക്കാമോ എന്ന് ചോദിച്ചു, കുടുംബങ്ങൾ തമ്മിൽ സംസാരിച്ചു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. അങ്ങനെ നാല്പതാം വയസ്സിൽ, രണ്ടാമതും ഒരു വധുവായി. 2012 സെപ്റ്റംബർ 17നു പിറവത്തെ രജിസ്ററർ ഓഫീസിൽ വെച്ച് രണ്ടു വീടുകളിലെയും പ്രിയബന്ധുക്കളുടെ സാന്നിധ്യത്തിൽ സിറിയക് കാപ്പൻ (മെക്കാനിക്കൽ എഞ്ചിനീയർ) ലീനാ തോമസ് എന്നിവർ ഭാര്യാഭർത്താക്കന്മാരായി സാക്ഷികളോടൊപ്പം ഒപ്പുവെച്ചു. പുതിയ ജീവിതം തുടങ്ങുന്നു. എന്റെ മകന് രണ്ടു ചേട്ടന്മാരെയും എനിക്ക് രണ്ടാണ്മക്കളെയും കൂടി കിട്ടിയ ദിവസമായിരുന്നു അത്. ഇപ്പോൾ ഞങ്ങൾ അഞ്ചു പേർ ഒന്നിച്ചുകൂട്ടിയിട്ട് ഇത് പന്ത്രണ്ടാമത്തെ വർഷം.

ഇനി കുറച്ച് ഫ്ലാഷ് ബാക്ക് ആയിക്കോട്ടെ. വെറും എഴുപതു ദിവസം മാത്രം ആദ്യത്തെ ഭർത്താവിന്റെ വീട്ടിൽ ഭാര്യയായി കഴിഞ്ഞിട്ട് ഇനി തിരിച്ചുപോകാൻ മനസ്സില്ലെന്ന് തിരിച്ചറിയുന്ന ഒരു കാലയളവ് മരിച്ചതിന് തുല്യമായ ഒരു ജീവിതമായിരുന്നു. "ഇപ്പോൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ യന്ത്രം ഓഫ് ചെയ്‌തുവെയ്ക്കണം" എന്നൊക്കെ പലപ്പോഴും തോന്നിയിരുന്ന കാലം. എന്ത് ചെയ്യണം, ആരോട് എന്ത് എങ്ങനെ പങ്കുവെക്കണം എന്നറിയാതെ ഭ്രാന്തിനും യാഥാർത്ഥ്യത്തിനും ഇടക്കുള്ള നൂൽപ്പാലത്തിലൂടെ നടക്കുന്ന കാലം. മുകളിലാകാശവും താഴെ മുതലകളുമുള്ള ഗർത്തവും മാത്രം കണ്ണിൽ നിറഞ്ഞു നിന്ന കാലം. ഗർഭിണിയായിരുന്നപ്പോൾ ഓഷോയുടെതുൾപ്പെടെ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടാണ് മനുഷ്യരുടെ പെരുമാറ്റരീതികൾ എന്നെ എങ്ങനെ ബാധിക്കാതിരിക്കണം എന്ന് പഠിച്ചത്. കൗൺസിലിംഗ് ഒന്നും അത്ര പ്രചാരത്തലില്ലാതിരുന്നത് കൊണ്ട് സ്വയം വായിച്ചും പഠിച്ചും മുന്നേറുക മാത്രമേ സാധ്യമായിരുന്നുള്ളു.
പ്രസവം കഴിഞ്ഞപ്പോൾ തൊണ്ണൂറു ദിവസത്തെ കിടപ്പൊന്നും ശരീരത്തിന് പറ്റിയിട്ടില്ല. കിടന്നാൽ ചില പ്രത്യേക ചിന്തകൾ ചിറകടിച്ചു പറന്നു വരും. മനസ്സിനെ അഴിച്ചുവിട്ട് ചിന്തിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് കരുതി ഇരിക്കുമ്പോൾ ഒരു കൂട്ടുകാരി പറഞ്ഞതനുസരിച്ച് ഓയിൽ പെയിന്റിംഗ് പഠിക്കാൻ എറണാകുളത്ത് സെന്റ് തേരേസാസിലെ ഒരു സിസ്റ്ററിന്റെ അടുത്തെത്തി ആ വിദ്യ കൈവശമാക്കി. പത്താം ക്ളാസ്സു മുതൽ അമ്മയുടെ സഹായത്തോടെ മിഡി, ചുരിദാർ, നൈറ്റി, പിന്നെ അപ്പച്ചന്റെ സഹായത്തോടെ ഫാർമസികോളേജിലെ ലാബ്‌കോട്ട് ഇതൊക്കെ സ്വന്തം തുന്നിയാണ് ഇട്ടിരുന്നത്. കോളർ, പോക്കറ്റ് എന്നിങ്ങനെ അഡ്വാൻസ്ഡ് ആയിട്ട് തയ്യൽ ഒന്നുഷാറാക്കണം എന്നു കരുതി അതും പഠിച്ചു. പിന്നെയാണ് കോളേജുകളിൽ പഠിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടുന്നത്.
ഇതൊക്കെയായാലും കരക്കമ്പികൾ കേട്ടും, ഇടനിലക്കാരോട് പൊരുതിയും, കരഞ്ഞും തളർന്നും മരിച്ചും ഉയിർത്തെഴുന്നേറ്റും ഒക്കെയാണ് ഓരോ ദിവസവും ജീവിതം മുന്നോട്ടുപോയിരുന്നത്. ഒരുതിരിച്ചുപോക്കില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നെങ്കിലും ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതെന്ന ബൈബിൾ വാക്യം എന്നെ വരിഞ്ഞുമുറുക്കി കെട്ടിയിട്ടിട്ടുണ്ട്. ‘ക്രിട്ടിക്കൽ തിങ്കിങ്’ എന്നത് ആരും പറഞ്ഞു പഠിപ്പിച്ചു തരാത്ത, അനുവദിക്കാത്ത കാലമായതുകൊണ്ട് ഇത്രയും വർഷത്തെ ഫിലോസഫി വെച്ച് ദൈവം യോജിപ്പിച്ചു എന്നുള്ളതിന്റെ ഉറപ്പും തെളിവും എവിടെയാണെന്ന് സ്വയം ചോദിയ്ക്കാൻ പഠിച്ചു. ദൈവം യോജിപ്പിച്ചോ എന്നെങ്ങനെയാണറിയുന്നത്, അതിനു ചെക്ക്ലിസ്റ്റുണ്ടോ, എന്ന എന്റെ നിരന്തരമായ ചോദ്യങ്ങൾക്ക് ഒരു മറുപടിയായി പിന്നീടെപ്പോഴോ എനിക്കൊരു ജ്ഞാനോദയമുണ്ടായി. “എന്തൊക്കെ ഘടകങ്ങൾ ചേർത്തുവെച്ചുനോക്കിയാണ് മനുഷ്യൻ അറേൻജ്‌ഡ് മാര്യേജ് നടത്തുന്നത്. അതിൽ ദൈവമെന്നു പേരുള്ള എനിക്ക് എന്തെങ്കിലും അഭിപ്രായമുണ്ടോ എന്ന് ആരും എന്നോട് ഒഫീഷ്യൽ ആയി ചോദിക്കാറില്ല. ദൈവം യോജിപ്പിച്ചോ എന്നതിന് ചെക്ക് ലിസ്റ്റ് ഒന്നും ഇല്ല. പിന്നെ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ഇനി അത് ടോക്സിക് റിലേഷൻഷിപ്പ് ആയാലും ‘ഞാൻ യോജിപ്പിച്ചു’ എന്ന് എല്ലാവരും നിന്നെ ഉപദേശിക്കും. അതത്ര കാര്യമാക്കാനില്ല. നിനക്ക് പറ്റില്ലാന്ന് ഉറപ്പുണ്ടെങ്കിൽ നീ തിരിച്ചു പോകണ്ടാന്നേ. നിന്നെ ഞാൻ കാത്തോളം.” എന്നാരോ ഉള്ളിലിരുന്ന് പറയുന്നതുപോലൊരു തോന്നൽ.”
ഈ ജ്ഞാനോദയം ഉണ്ടാകാൻ വർഷങ്ങളോളമുള്ള പലതരം പരീക്ഷകളും സഹനവും നിരാശയും മോഹഭംഗവുമൊക്കെയാണ് ഫീസായി നമ്മൾ കൊടുക്കേണ്ടത്. എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ എന്നതല്ല,ഈ ജീവിതം അർത്ഥപൂർണ്ണമാക്കി മാറ്റിയിട്ട് ദൈവത്തിനു എന്നിൽ വിശ്വാസമുണ്ടാക്കണം എന്ന ഒരു ചിന്തയും എന്നെ വന്നു കെട്ടിപ്പിടിച്ചു. അങ്ങനെയൊരു ദിവസം, എന്താണ് നിന്റെ തീരുമാനം? അവിടെനിന്നിറങ്ങിപ്പോന്നത് തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടങ്കിൽ മാപ്പപേക്ഷിച്ചു തിരിച്ചുവന്നാൽ സ്വീകരിക്കാമെന്ന ഒരു ഓഫറുമായി ചിലർ ജോലിസ്ഥലത്ത് വന്നപ്പോഴാണ് ഈ ജ്ഞാനോദയം തികച്ചും ഒരു തീരുമാനമെടുക്കാൻ എന്നെ സഹായിക്കുന്നത്. ബ്ലഡ് പ്രഷർ ഒക്കെ താണുപോയി എഴുന്നേൽക്കാൻ പോലും വയ്യാതെ ഡിപ്പാർട്ടുമെന്റിലിരുന്ന എന്നെ അപ്പച്ചൻ വന്നു കാറിലാക്കിയാണ് കൊണ്ടുപോന്നത്. അന്ന് ഞാനാദ്യമായി അപ്പച്ചനോട്; ഇനി ഇങ്ങനെ മരിച്ചുജീവിക്കുന്നതിന് അർത്ഥമില്ല. പഴയ കാലങ്ങളെ ഓർക്കാൻ അവസരമുണ്ടാകാത്ത വിധം ഇതൊന്നവസാനിപ്പിച്ച് സ്വതന്ത്രമാകണം എന്നുപറഞ്ഞത്.
എനിക്കെന്റെ തന്നെ പുതിയ വേർഷൻ ഉണ്ടാക്കണം. ഞാനും മാതാപിതാക്കൾ ഉൾപ്പെടുന്ന എന്റെ ചുറ്റുമുള്ളവരും എന്നെപ്പറ്റി അഭിമാനിക്കണം, എന്നെ നന്നായി കൊണ്ടുനടക്കാൻ, എന്റെ ജീവിതം ആഘോഷമാക്കാൻ ഞാൻ എന്നെ തേടിയിറങ്ങിയ ദിവസമായിരുന്നു അത്. ജീവിതത്തിൽ തെറ്റുചെയ്യുക, അതിനുശേഷം പശ്ചാത്തപിക്കാനായി സമയം കളയുക എന്നതൊക്കെ വളരെ ബോറായ പരിപാടിയാണെന്ന് കഴിഞ്ഞ ജന്മത്തിലേ തന്നെ തിരിച്ചറിവുണ്ടായിരുന്ന ഒരു പൊന്നമ്മയായിരുന്നിരിക്കണം ഞാൻ. അങ്ങനെ കുടുംബ സുഹൃത്തായ വക്കീലിന്റെ നിർദ്ദേശപ്രകാരം പെറ്റീഷൻ കൊടുക്കുന്നു, കോടതിയിൽ ചെന്ന് കൗൺസിലറുമായി സംസാരിച്ചപ്പോൾ "എന്തിനാണ് കഴിഞ്ഞ ഒൻപതു വർഷങ്ങൾ വെറുതെ കളഞ്ഞത്" എന്നായിരുന്നു അവരുടെ ചോദ്യം. ഇനി ഒരു നിമിഷം പോലും വൈകിക്കേണ്ട എന്ന് അവർ പറഞ്ഞപ്പോൾ വിവാഹമോചനത്തിന് വേണ്ടി കുടുംബക്കോടതിയിൽ വർഷങ്ങളോളം കയറിയിറങ്ങിയ ദുസ്സഹമായ അനുഭവങ്ങൾ പറഞ്ഞു കരഞ്ഞവരുടെ മുഖങ്ങൾ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഞാൻ സ്വപ്നം കാണുകയാണോ എന്ന സംശയം ഉണ്ടായപ്പോൾ കേട്ട കാര്യങ്ങൾ ശരിയാണെന്ന് അവരോട് ചോദിച്ച് ഒന്നൂകൂടെ ഉറപ്പുവരുത്തി. ദൈവമായി കണ്ട് എന്നും നന്ദിയോടെ മാത്രമേ ഞാൻ ആ സ്ത്രീയെക്കുറിച്ചു ഇന്നും ഓർക്കാറുള്ളു.

ആ നിമിഷം നമ്മൾ ഒരു കാര്യം തീരുമാനിച്ചാൽ ലോകം കൂട്ടുനിൽക്കുമെന്നു പറഞ്ഞ പൗലോ കൊയ്‌ലോയെ എനിക്കൊന്നു കെട്ടിപ്പിക്കണമെന്നു തോന്നി. കാരണം, എന്റെ തീരുമാനം അറിഞ്ഞപ്പോൾ മുതൽ വീട്ടിലുള്ളവരും വക്കീലും കൗൺസിലറും ഒക്കെ എന്റെ ചുറ്റും എന്തിനും റെഡിയായി നിൽക്കുകയായിരുന്നു. അക്കാലത്ത് വിവാഹമോചന നിയമങ്ങൾ കുറെക്കൂടി എളുപ്പമാക്കിയിരുന്നു. പിന്നീട് ഒരു ദിവസം കൂടിയുള്ള കോടതി സന്ദർശനത്തിനു ശേഷം, വീണ്ടും ആ കൗൺസിലറെ തന്നെ കണ്ടപ്പോൾ, പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനുള്ള അപേക്ഷയായാൽ കാര്യങ്ങൾക്ക് പെട്ടെന്ന് തീരുമാനമാകും അല്ലെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ലീനയ്ക്ക് അനുകൂലമായാണ് വിധി ഉണ്ടാവുക എന്നായിരുന്നു അവരുടെ നിർദ്ദേശം. അതിൻപ്രകാരം അവരുടെ വക്കീൽ കേസ് ഏറ്റെടുക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ പരസ്പരസമ്മതത്തോടെ അപേക്ഷ സമർപ്പിക്കാം എന്നതിലേക്ക് അവർ എത്തിച്ചേരുകയും എന്റെ വക്കീൽ അതേറ്റെടുക്കാൻ തയ്യാറായി അപേക്ഷ സമർപ്പിച്ചു. മൂന്നു മാസത്തിനു ശേഷം വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കത്ത് പോസ്റ്റുവഴി കിട്ടി.
രണ്ടാമത്തെ കല്യാണശേഷം എന്നെയും മോനെയും ഭർത്താവ് സ്പോൺസർ ചെയ്യുകയായിരുന്നു. 2014 മെയ് മാസം ആദ്യവാരം ഞങ്ങൾ ആൽബർട്ട എന്ന പ്രവിശ്യയിൽ പറന്നിറങ്ങി. ഇവിടെവന്നു ഫാർമസിസ്റ്റാവുക എന്ന ലക്ഷ്യമാണുള്ളത്. പരീക്ഷകൾ കടുകട്ടിയാണ്, തൈറോയ്ഡ് കുറവുള്ളതുകൊണ്ടുള്ള പ്രശ്നങ്ങൾ, വയസ്സ് 42 ആയെന്നുമൊക്കെ അറിയുന്നതുകൊണ്ട് അപ്പച്ചന്റെ ഒരു മുന്നറിയിപ്പു കൂടെ കിട്ടി. അവിടെച്ചെന്നു അവനവന്റെ മേഖല എത്തിപ്പിടിക്കുന്നതായിരിക്കണം പ്രധാന ലക്ഷ്യം എന്ന വലിയ മോട്ടിവേഷൻ. ആദ്യ പരീക്ഷയും, പ്രധാന പരീക്ഷയുടെ ആദ്യ പാർട്ടും രണ്ടു പ്രാവശ്യം വീതം തോറ്റപ്പോഴും ഈ വാക്കുകളായിരുന്നു പ്രധാന മോട്ടിവേഷൻ. അങ്ങനെ ഫാർമസി പരീക്ഷയുമായി മല്ലടിക്കാൻ തുടങ്ങി. ഒരു വല്ലാത്ത യുദ്ധം തന്നെയായിരുന്നു അത്. ഓരോ വർഷം ഓരോ പരീക്ഷ പാസായി. ഒപ്പം ഫാർമസി അസിസ്റ്റന്റായി ഫുൾ ടൈം ജോലിയും ചെയ്തു. മെക്കാനിക്കൽ എൻജിനീയറായി ഇവിടെ ഒരു കമ്പനിയിൽ ഡയറക്ടർ പോസ്റ്റിലിരിക്കുന്ന ഭർത്താവിന്റെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു കാനഡയിൽ മാസ്റ്റർ ഓഫ് ബിസിനസ്സ് ചെയ്യണമെന്നുള്ളത്. അൽപ്പം പ്രോത്സാഹനം കൊടുത്തതിന്റെ ഫലമായി അദ്ദേഹമുൾപ്പെടെ ഞങ്ങൾ അഞ്ചു പേരും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായി. അടുക്കളയും ജോലിയും കോഴ്സുകളും ഒരുമിച്ചു കൊണ്ടുപോകാൻ ഞങ്ങൾ ഒരുമിച്ചു നിന്നു. പലപ്പോഴും ഞാൻ പഠിക്കാനിരിക്കുമ്പോൾ മക്കൾ ഉണ്ടാക്കി തന്നിരുന്ന ഭക്ഷണത്തെയോർത്ത് എനിക്കിപ്പോഴും അവരോടുള്ള നന്ദിയും ബഹുമാനവും അലയടിക്കും.
ആദ്യമായി ഞാനും മോനും ഈ വീട്ടിലേക്കു കാലെടുത്തുവെച്ചപ്പോൾ ഇവിടുത്തെ ഇളയ മകൻ അരി കഴുകി അടുപ്പത്തിടുകയായിരുന്നു. അമ്മമാരാണ് ആൺമക്കളെ പരസഹായം കൂടാതെ ജീവിക്കാനാകില്ലെന്നു പഠിപ്പിച്ചു കൊടുക്കുന്നതെന്ന വലിയ സത്യം തിരിച്ചറിഞ്ഞത് ഈ കാഴ്ചയിൽ നിന്നാണ്. ഇത് എഴുതുമ്പോൾ അവൻ മെഡിസിന് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഇന്ന് അവനെന്റെ കൂടെയിരിക്കുമ്പോൾ എന്റെ മാതൃത്വം സമ്പൂർണ്ണമാണ്. അടുക്കള അടക്കിവാഴണമെന്ന നമ്മുടെ ആവശ്യമില്ലാത്ത വാശിപിടുത്തവും ആൺമക്കൾ വൃത്തികേടാക്കിയിടുമെന്ന മുൻവിധിയും ഒഴിവാക്കിയാൽ നമ്മുടെ ആണ്മക്കൾക്ക് ഒരുപാട് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും. അവരോടോപ്പം കൂട്ടുന്ന പെൺകുട്ടികൾക്കും അതൊരു വലിയ പിന്തുണയായിരിക്കും.
അന്ന് മുതലിന്നു വരെ കുടുംബം ഒന്നായാണ് വീട്ടിലെ എല്ലാത്തരം ജോലികളും ചെയ്യുന്നത്. ആൺകുട്ടികളെ വീട്ടുജോലികളുടെ പ്രാധാന്യം, കുടുംബാഗങ്ങൾ ഓരോരുത്തരും അവരവരുടെതായ പങ്കും ഉത്തരവാദിത്തവും വഹിച്ചില്ലെങ്കിൽ കൂടെ ജീവിക്കുന്നവർക്കുണ്ടാകുന്ന അമിതഭാരം, സ്ട്രെസ്സ്, പങ്കുവെച്ചു ഉത്തരവാദിത്തങ്ങൾ ചെയ്യുമ്പോൾ ലഭിക്കുന്ന ആഹ്ലാദം ഇവയൊക്കെ ഓരോ കുടുംബത്തിലും മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അങ്ങനെ പരസ്പരം സ്നേഹിച്ചും താങ്ങും തണലുമായും ഓരോരുത്തരുടെയും സ്വപ്നങ്ങളെല്ലാം ഞങ്ങൾ എത്തിപ്പിടിച്ചു. ഇവിടെയിപ്പോൾ ഫാർമസിസ്റ്റ് എന്ന റോളിനോപ്പം പുതിയ ബിരുദധാരികളെ പരിശീലനത്തിനു ഗൈഡ് ചെയ്യുന്ന Preceptor, അവരുടെ പരീക്ഷകൾ നടപ്പാക്കുന്ന പാനലിലെ അംഗം എന്നതൊക്കെ ഞാൻ ചെയ്യുന്നുണ്ട്. മാസ്റ്റർ ഡിഗ്രി കഴിഞ്ഞ പെൺകുട്ടിയെ കല്യാണം കഴിച്ചിട്ട് വീടുപണിക്ക് നിർത്തി ലോകത്തിനു മാതൃക കാണിച്ചുകൊടുക്കണമെന്നു കേട്ട ഒരു കൂട്ടിൽനിന്നു പറന്നുയർന്നിട്ട് ഞാൻ ആകാശമായവളായിരിക്കുന്നു.
തിരികെക്കിട്ടിയ ഒരു ജീവിതം കൊണ്ട് മൂന്നോ നാലോ ജീവിതങ്ങൾ ജീവിക്കണമെന്നാണ് ആഗ്രഹം, അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികൾ നമ്മളെത്തന്നെ കെട്ടിയുണ്ടാക്കണം. അതിനു കൂടെക്കൂട്ടാൻ ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർത്ഥം അറിയുന്ന നല്ല പാതിയും ആൺകുട്ടികളും. ഇളയ രണ്ടാണ്മക്കൾ തമ്മിൽ നല്ല കൂട്ടാണ്. രണ്ടാമത്തെ കൂട്ടിച്ചേർക്കൽ കൊണ്ട് ഏറ്റവും ഗുണം കിട്ടിയത് അവർക്കാണെന്നു പലപ്പോഴും തോന്നും. ചേട്ടൻ മെഡിക്കൽ സ്‌കൂളിലും അനിയൻ നിയമം പഠിക്കുന്ന സ്‌കൂളിലും. മൂത്തയാൾ അക്കൗണ്ടിംഗ് കഴിഞ്ഞിട്ട് കാനഡാ പോസ്റ്റിൽ ജോലി ചെയ്യുന്നു.

ഞങ്ങൾ അഞ്ചുപേരും ചേർന്ന് സന്തോഷത്തിന്റെ ഓരോ കണികയും ഊതിപ്പെരുപ്പിക്കുന്നു. അപ്പച്ചനും അമ്മയ്ക്കും ഇവിടെ സ്ഥിരമായി വന്നു താമസിക്കാമെന്നുള്ള വിസ കൂടി കിട്ടിയപ്പോൾ ഈ ലോകത്ത് എന്റെ ജീവിതം ധന്യമായെന്നുള്ള ചെറിയ അഹങ്കാരത്തിലാണിപ്പോൾ. അടുക്കളയിൽ മാത്രമല്ല, ടെക്നോളജി, സോഷ്യൽ മീഡിയ എന്നതൊക്കെ കൂട്ടിച്ചാലിച്ച് ജീവിതം കളറാക്കാൻ ഞാനും തീരുമാനിച്ചു. പണ്ട് പഠിച്ച ഡാൻസൊക്കെ പൊടിതട്ടി ഉഷാറാക്കി ഇൻസ്റ്റാഗ്രാമിൽ റീൽസ് ആക്കി. ആർത്തവവിരാമത്തിലൂടെ കടന്നു പോകുന്ന അവസ്ഥയിൽ ശരീരത്തിനും തലച്ചോറിനും നല്ല ഒരു വ്യായാമം കൂടിയാണിത്.
മരുന്നറിവുകളെ കൂടുതൽ ജനകീയമാക്കാൻ എഴുത്തിനേക്കാൾ നല്ലത് സോഷ്യൽ മീഡിയയിൽ റീൽസും യുട്യൂബ് വീഡിയോയുമാണെന്ന് തിരിച്ചറിഞ്ഞ് എഴുത്തിനോടൊപ്പം അതും തുടങ്ങി. ഇങ്ങനെയൊക്കെ സമൂഹത്തിനു തിരിച്ചുകൊടുക്കുമ്പോൾ കിട്ടുന്ന ആനന്ദം എന്നത് വാക്കുകൾക്കതീതമാണ്. ഒരു കാര്യം കൂടി പറഞ്ഞാലേ ഈ സോഷ്യൽമീഡിയ പെർഫോമൻസ് എന്നതിന്റെ ആഴം മനസ്സിലാവുകയുള്ളു. ഇരുനിറം എന്നൊക്കെ പറയാവുന്ന കറുപ്പാണ് എന്റെ നിറം. ഇന്ന് ഞാനീ നിറം വളരെ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ, പണ്ട് കറുമ്പി വിളികേട്ടുനടന്ന കുട്ടിക്കാലവും കൗമാരകാലവും അത്ര സുഖമുള്ള ഒരു കാലമായിരുന്നില്ല. എല്ലാകുട്ടികളെയും പോലെ തന്നെ ആ വിളികൾ എന്റെ ആത്മാഭിമാനം തകർക്കുകയും ഒരു പ്രത്യേക ഒറ്റപ്പെടൽ തോന്നിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ പലപരിപാടികൾക്കും ഗോതമ്പു നിറമുള്ള എന്റെ എല്ലാ കൂട്ടുകാർക്കും അവസരങ്ങൾ കിട്ടിയപ്പോൾ ഞാൻ മാത്രം മാറ്റിനിർത്തപ്പെട്ടിരുന്നു. തൊണ്ടയിൽ ഒരു ഗോളം ഉരുണ്ടുകൂടി വല്ലാത്ത വേദനയെടുത്തിട്ടുണ്ട് അപ്പോഴെല്ലാം. ഇന്ന് കാനഡയിൽ മില്ലിയൻസ് കാണികളുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആണ് എന്നുപറഞ്ഞു സന്തോഷത്തോടെ ഡോക്ടേഴ്സ്, നഴ്സുമാർ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകൾ പരിചയപ്പെടുത്തുകയും റീലുകൾ കാണാറുണ്ട് നല്ല ഇൻഫോമേറ്റീവ് ആണ് എന്നുപറഞ്ഞു ആൾക്കൂട്ടത്തിനിടയിലോ കടകളിൽ വെച്ചോ ഞങ്ങളെ തിരിച്ചറിഞ്ഞ് സ്വയം പരിചയപ്പെടുത്തി നല്ല വാക്കുകൾ കൈമാറുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ പണ്ട് കറുമ്പിവിളികളിൽ ചുരുങ്ങിക്കൂടി അമ്മയുടെ ഗർഭപാത്രത്തിനുള്ളിലേക്ക് കയറിപ്പോയ എന്നെ ഞാൻ തന്നെ തോളിൽത്തട്ടി അഭിനന്ദിച്ച് ആകാശത്തിന്റെ അറ്റത്തേക്ക് ചിറകുവിരിച്ച് പറത്തിവിടും. തിരിഞ്ഞു നോക്കുമ്പോൾ ഒട്ടും കുറ്റബോധമോ പരിഭവമോ ഇല്ലാതെ സംതൃപ്തമായ ജീവിതം. കണ്ണിന്റെ കാഴ്ച, സംസാരശേഷി, പഠിക്കാനുള്ള അവസരങ്ങൾ, സമാധാനം എന്ന അനുഭവത്തിന്റെ തീവ്രത എന്നിവയുടെയൊക്കെ സന്തോഷത്തിന്റെ, നന്ദിയുടെ, പരകോടിയിലെത്തി നിൽക്കുന്ന ഇപ്പോഴത്തെ മനോഭാവത്തിന് ജീവിതമെന്ന യൂണിവേഴ്സിറ്റിയോട് വളരെയധികം കടപ്പാടോടെ നന്ദി പറഞ്ഞുകൊണ്ടാണ് ഓരോ പ്രഭാതത്തേയും ഞാനീ നാളുകളിൽ പുണരുന്നത്. ഈ ജീവിതത്തിൽ തന്റേതായ ഇടം, (തന്റേടം എന്നും പറയാം) നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതാരും കാണിച്ചുതരികയോ ഉണ്ടാക്കിത്തരികയോ ഇല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്.

ഇപ്പോൾ ഞാൻ കാനഡയിലെ ബ്ലൂവാട്ടർ തടാകത്തിനരികെയിരുന്ന് മറയുന്ന സൂര്യനെ നോക്കി ഇനിയും ഒരുപാടുകാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് എന്ന തിരിച്ചറിവിൽ കൃതാർത്ഥതയോടെ ഇരിക്കുകയാണ്. അസ്തമയ സൂര്യൻ തന്റെ കിരണങ്ങൾ ഈ ഓളങ്ങളിൽ തട്ടിച്ചിതറിച്ച് എന്നിൽ നിറക്കുന്ന ഒരു പ്രേത്യേക ആനന്ദമുണ്ട്. കൂട്ടുകാരിയുടെ മൂന്നുവയസ്സുള്ള കുട്ടിയുടെ കണ്ടുപിടുത്തംപോലെ, “എന്നെപ്പോലെയാണ് സൂര്യനും, അതിന് ഇരുട്ടത്ത് നിൽക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് കടലിൽ പോയി മറയുന്നത്, ഇനി നാളെ പ്രകാശമായിട്ടേ സൂര്യൻ തിരിച്ചുവരികയുള്ളൂ,” എന്ന പോലെ വെളിച്ചങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവർക്കും ബോധോദയങ്ങളും വെളിച്ചങ്ങളും ഉണ്ടാകട്ടെ. അവസാനമായി ഞാൻ എന്നെ “ഫീനിക്സ് കുമാരി” എന്നാണ് വിളിക്കുന്നത് എന്നതുകൂടി ചേർത്തുവെയ്ക്കുന്നു. തളർന്നുപോയേക്കുമോ എന്ന ചെറിയ ഒരു അങ്കലാപ്പു വരുമ്പോഴേ നിങ്ങളും നിങ്ങളെ അങ്ങനെതന്നെ വിളിച്ചുതുടങ്ങുക.
(കടപ്പാട്: നിഷ രത്നമ്മ എഡിറ്റ് ചെയ്ത ഹാപ്പിലി ഡിവോഴ്സ്ഡ്)