നകുസ, വേണ്ടാത്തവളായി ജീവിക്കേണ്ടിവരുന്ന സ്ത്രീകൾ

ജീവിതത്തിലെ ഏറ്റവും വിഷമകരവും സങ്കടകരവുമായ ഷൂട്ടിങ് ആയിരുന്നു നകുസ എന്ന ഡോക്യുമെന്ററിയുടേത്. ആർക്കും വേണ്ടാത്തവൾ ആയി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ സങ്കടം കേൾക്കും. അവരുടെ കരച്ചിലുകൾക്കുമുന്നിൽ കാമറ ഓഫ് ചെയ്ത് നിശ്ശബ്ദമായിരിക്കും. മൂന്നുനാല് വർഷമെടുത്താണ് ഡോക്യുമെന്ററി പൂർത്തിയാക്കിയത്. വേണ്ടാത്തവൾ എന്ന പേരുംചുമന്ന് ജീവിതകാലം മുഴുവൻ നടക്കേണ്ടിവരുന്ന പെൺകുട്ടികളുടെ ജീവിതത്തിലൂടെ, മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലൂടെ നടത്തിയ ഒരു സിനിമാ ഇടപെടലിന്റെ തീവ്രമായ അനുഭവമാണ് ഷിജിത്ത്​ വി.പി സംവിധാനം ചെയ്​ത ‘നകുസ’യുടെ ക്യാമറാമാൻ കൂടിയായ ലേഖകൻ എഴുതുന്നത്

മുംബൈ IIPS (International Institute for Population Science) വിദ്യാർത്ഥിയായിരുന്ന വടകരക്കാരൻ ഷിജിത് വി.പിയുടെ ഗവേഷണ വിഷയമായിരുന്നു നകുസ.
മറാത്തിയിൽ നകോഷി എന്നാൽ unwanted- വേണ്ടാത്തവൾ എന്നർത്ഥം. ആർക്കും ‘വേണ്ടാത്തവളായി’ ജനിക്കുന്ന പെൺകുട്ടികളെ നകുസ എന്ന് വിളിച്ചുവരുന്നു. അങ്ങനെ പേരിടാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒരു പെൺകുട്ടിയ്ക്ക് നകുസ എന്ന് പേരിട്ടാൽ അടുത്തതായി ജനിക്കുന്നത് ആൺകുട്ടിയായിരിക്കും എന്നാണ് വിശ്വാസം. നഗരങ്ങളിലോ അർധനഗരങ്ങളിലോ ഉള്ളവർ സോണോഗ്രാഫി ചെയ്ത് പെൺകുട്ടികളെ ഗർഭത്തിലേ കൊല്ലുന്നു. അതിനു നിവൃത്തിയില്ലാത്തവർ നകുസ എന്ന് പേരിടുന്നു.

ഇത്രയും ഗൗരവമുള്ള വിഷയം ഒരു അക്കാദമിക് പ്രബന്ധത്തിൽ ഒതുങ്ങരുത് എന്ന തോന്നലിൽ നിന്നാണ് ഷിജിത് ഡോക്യുമെന്ററി എന്ന ലക്ഷ്യത്തിൽ കാമറയുമെടുത്ത് ഇറങ്ങുന്നത്. പ്രധാനമായും മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. കൂടുതൽ മുന്നോട്ട് പോകുന്തോറും വിഷയത്തിന്റെ വ്യാപ്തി ഷിജിത്തിനെ വൈകാരികമായി തളർത്തി. ഷൂട്ട് ചെയ്ത ഫയലുകൾ ഡിലീറ്റ് ചെയ്ത് ഷിജിത് സത്താറ വിട്ടു.
ഇത്രയും കഥ പറഞ്ഞശേഷമാണ് കാമറ ചെയ്യാൻ കഴിയുമോ എന്നുചോദിച്ച് ഷിജിത് എന്നെ സമീപിക്കുന്നത്.

ഷിജിത് വി.പി.
ഷിജിത് വി.പി.

ഉമേഷ് വിനായക് കുൽക്കർണിയുടെ സിനിമകളിലൂടെയാണ് എനിക്ക് സത്താറയെ പരിചയം. മൊട്ടക്കുന്നുകൾകൊണ്ട് നിറഞ്ഞ ഇടയ്ക്കിടയ്ക്ക് ചെറുതും വലുതുമായ കൃഷിയിടങ്ങളുള്ള മനോഹര പ്രദേശം. കാലിക്കൂടുകൾക്കും കോഴിക്കൂടുകൾക്കുമൊപ്പം സമാനമായ അവസ്ഥയിൽ മനുഷ്യർ കൂട്ടംകൂട്ടമായി താമസിക്കുന്ന ഇടങ്ങൾ. സത്താറയിൽനിന്ന് ബൈക്ക് വാടകയ്‌ക്കെടുത്ത് 60 ഉം 70 ഉം കിലോമീറ്റർ ദൂരെ ഉൾഗ്രാമങ്ങളിലേയ്ക്ക് പോകും. നകുസ എന്ന് പേരുള്ള നിരവധിപേരെ കണ്ടെത്തിയെങ്കിലും ആരും സംസാരിക്കാൻ തയ്യാറല്ല. തയ്യാറായാൽ തന്നെ ദ്വിഭാഷിയുടെ സഹായമില്ലാതെ ഒന്നും വിനിമയം ചെയ്യാൻ കഴിയില്ല. ഇങ്ങനെ പലവിധ പ്രതിബന്ധങ്ങളിലൂടെയാണ് ഡോക്യുമെന്ററി കടന്നുപോയത്.

ആദ്യഘട്ടത്തിൽ പത്തിരുപത് ദിവസം തുടർച്ചയായി ഷൂട്ട് ചെയ്തു. ഷൂട്ട് എന്നുപറഞ്ഞാൽ കാമറയുമെടുത്ത് ഇറങ്ങും. പലരോടും സംസാരിക്കും. ജീവിതകാലം മുഴുവൻ വേണ്ടാത്തവൾ ആയി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ സങ്കടം കേൾക്കും. അവരുടെ കരച്ചിലുകൾക്കുമുന്നിൽ കാമറ ഓഫ് ചെയ്ത് നിശ്ശബ്ദമായിരിക്കും. അതിൽ എല്ലാ പ്രായക്കാരും ഉണ്ടായിരുന്നു.

2012 ൽ മഹാരാഷ്ട്ര ഗവണ്മെന്റ് മുൻകൈയെടുത്ത് ഒരു പേരുമാറ്റൽ ചടങ്ങ് നടത്തിയിരുന്നു. അങ്ങനെ നകുസ എന്ന പേര് ഔദ്യോഗികമായി മാറ്റിയവരെയും പിന്നീട് ആളുകൾ നകുസ എന്നുതന്നെ വിളിച്ചുപോന്നു.

നകുസയിലെ ഒരു രംഗം
നകുസയിലെ ഒരു രംഗം

ജീവിതത്തിലെ ഏറ്റവും വിഷമകരവും സങ്കടകരവുമായ ഷൂട്ടിങ് ആയിരുന്നു നകുസ എന്ന ഡോക്യുമെന്ററിയുടേത്. പല കാരണങ്ങൾ കൊണ്ട് പലപ്പോഴായി മൂന്നുനാല് വർഷമെടുത്താണ് ഡോക്യുമെന്ററി പൂർത്തിയാക്കിയത്. അതിന് ഗുണവുമുണ്ടായി. EPW യിൽ ഷിജിത്തിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചതിന് പിന്നാലെ Times of India അത് ഒന്നാം പേജിൽ വാർത്തയായി കൊടുത്തു. അതിന്റെ പിന്നാലെ മഹാരാഷ്ട്ര ഗവണ്മെന്റ് വിഷയം പഠിക്കുന്നതിന് കമീഷനെ നിയോഗിച്ച.

ഇത് സത്താറയുടെ മാത്രം പ്രശ്‌നമല്ല എന്ന് എല്ലാവർക്കും അറിയാം. ഇന്ത്യയിൽ മിക്കയിടങ്ങളിലും പലരീതിയിൽ ഇതേ പ്രശ്‌നം നിലനിൽക്കുന്നു. ഒരു ദളിതയാവുക, പെൺകുട്ടിയാവുക എന്നതുതന്നെ ഇന്ത്യൻ സാഹചര്യത്തിൽ പലരീതിയിലുള്ള പരിമിതികൾക്ക് കാരണമാകാറുണ്ട്. അക്കൂട്ടത്തിൽ വേണ്ടാത്തവൾ എന്ന പേരുംചുമന്ന് ജീവിതകാലം മുഴുവൻ നടക്കേണ്ടിവരിക അങ്ങേയറ്റം സങ്കടകരമാണ്. വൈകാരികമായല്ല ഈ ഡോക്യുമെന്ററിയെ സമീപിക്കേണ്ടത് എന്ന് സംവിധായകന് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ട് കരച്ചിലുകളിലല്ല, നിശ്ശബ്ദതകളിൽ ആണ് ദൃശ്യങ്ങൾ കൂടുതൽ ഊന്നിയിട്ടുള്ളത്. ഡോക്യുമെന്ററി ഇത്ര ഷോർട്ടാവാനും കാരണം മറ്റൊന്നുമല്ല.


Summary: ജീവിതത്തിലെ ഏറ്റവും വിഷമകരവും സങ്കടകരവുമായ ഷൂട്ടിങ് ആയിരുന്നു നകുസ എന്ന ഡോക്യുമെന്ററിയുടേത്. ആർക്കും വേണ്ടാത്തവൾ ആയി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ സങ്കടം കേൾക്കും. അവരുടെ കരച്ചിലുകൾക്കുമുന്നിൽ കാമറ ഓഫ് ചെയ്ത് നിശ്ശബ്ദമായിരിക്കും. മൂന്നുനാല് വർഷമെടുത്താണ് ഡോക്യുമെന്ററി പൂർത്തിയാക്കിയത്. വേണ്ടാത്തവൾ എന്ന പേരുംചുമന്ന് ജീവിതകാലം മുഴുവൻ നടക്കേണ്ടിവരുന്ന പെൺകുട്ടികളുടെ ജീവിതത്തിലൂടെ, മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലൂടെ നടത്തിയ ഒരു സിനിമാ ഇടപെടലിന്റെ തീവ്രമായ അനുഭവമാണ് ഷിജിത്ത്​ വി.പി സംവിധാനം ചെയ്​ത ‘നകുസ’യുടെ ക്യാമറാമാൻ കൂടിയായ ലേഖകൻ എഴുതുന്നത്


പ്രതാപ്​ ജോസഫ്​

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, മാധ്യമപ്രവർത്തകൻ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ തുടങ്ങിയവ പ്രധാന സിനിമകൾ.

Comments