ഹറാം മുടിക്കാരി ഹലാൽ പ്രൈസ് നേടുമ്പോൾ
നമ്മുടെ പെൺ യുവത എന്തു ചെയ്യുകയാണ്?

സമാധാന നൊബേൽ നേടിയ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് 31 വർഷം വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. നെൽസൺ മണ്ടേലയാണ് അത്തരമൊരു ദീർഘമായ അനുഭവത്തിലൂടെ കടന്നുപോയത്. ‘ഫ്രീ ഫ്രീ മണ്ടേല’ എന്നു പറയുന്നതുപോലെ മുസ്ലിം യൗവനങ്ങൾ ‘ഫ്രീ ഫ്രീ നർഗീസ് മുഹമ്മദി’ എന്നു പറയുമോ? ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയ ജി.ഐ.ഒയോ പറയുമോ? ഫാത്തിമ തെഹ്ലിയ പറയുമോ? ആരും പറയില്ല.

വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്കാണ്. ഈ പുരസ്കാര വാർത്ത വന്നപ്പോൾ ഫാത്തിമ തെഹ്ലിയ ആഹ്ലാദസൂചകമായി എഫ്.ബിയിൽ എന്തെങ്കിലും കുറിച്ചിട്ടുണ്ടോ എന്ന് ഫേസ്ബുക്കിലുള്ള കൂട്ടുകാരിയോട് ഞാൻ ചോദിച്ചു. ഈ കുറിപ്പെഴുതുമ്പോൾ ഒന്നു കൂടി ചോദിച്ച് ഉറപ്പു വരുത്തി. ഇല്ല, ഒന്നും എഴുതിയിട്ടില്ല. മുസ്‍ലിം സ്വത്വബോധം ഉള്ളടരുകളിൽ ഉള്ളതുകൊണ്ടാവാം, സി. ദാവൂദ് പോലും ആ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഈ പുരസ്കാകാരലബ്ധി അസ്വസ്ഥപ്പെടുത്തുന്നവരിൽ ‘സമസ്ത ആൺ മുസ്‍ലിം’കളും ഉൾപ്പെടാനിടയുണ്ട് എന്നുറപ്പാണ്. പക്ഷെ, മുസ്ലിം സ്ത്രീകളെ എങ്കിലും അത് പ്രചോദിപ്പിക്കേണ്ടേ?
ഇല്ല എന്നതാണ് സത്യം.
കാരണം? മതം, മതം.

‘ഹറാം മുടിക്കാരി’ക്കാരിക്കാണ് ഏറ്റവും പ്രശസ്തമായ നോബൽ പ്രൈസ് കിട്ടിയിരിക്കുന്നത്. നർഗീസ് മുഹമ്മദിക്ക് ഈ പുരസ്കാരം കിട്ടുന്ന സന്ദർഭത്തിൽ, ആകസ്മികമായി, കേരളം ഒരു തട്ടം വിവാദത്തിലാണ്. മലപ്പുറത്തെ പുതിയ മുസ്‍ലിം സ്ത്രീകളെ കണ്ടോ? അതാണ് ചോദ്യത്തിൻ്റെ കാമ്പ്. അവർ തട്ടമിടുന്നില്ല. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘ൻ്റുപ്പുപ്പാക്കൊരേനാണ്ടാർന്നു’ എന്ന നോവലിൽ ഉയർത്തിയ പ്രശ്നങ്ങൾ: തട്ടമിട്ട മുസ്‍ലിം, കാഫിരിച്ചി, പരിഷ്കാരി - തുടങ്ങിയവ തന്നെയാണ് ഈ കാലത്തും മുസ്‍ലിം സ്ത്രീകളെ ചുറ്റിപ്പറ്റി നിൽക്കുന്ന വിഷയങ്ങൾ.

ഫാത്തിമ തെഹ്ലിയ

മത യാഥാസ്ഥിതികതയുടെ നടപ്പുറത്ത് ബഷീർ കൊടുത്ത അടിയൊന്നും പിന്നീടൊരു എഴുത്തുകാരനും കൊടുക്കാനും സാധിച്ചിട്ടില്ല. മുസ്‍ലിം ആൺകുട്ടിയുടെ മൊട്ടയും പെൺകുട്ടിയുടെ മുടിയും ബഷീറിൻ്റെ രചനാലോകത്തെ മുഖ്യ പ്രമേയമായി. ഇപ്പോഴും ‘സമസ്ത / നവോത്ഥാന’ ആൺ മുസ്‍ലിംകളുടെയും പ്രശ്നം പെൺകുട്ടിയുടെ മുടിയാണ്, സ്വർഗത്തിലേക്കുള്ള പാലം തന്നെ മുടി കൊണ്ടുള്ളതാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. അതിലൂടെ ചവിട്ടിനടന്ന്, നരകവാരിധി കടന്നു വേണം, സ്വർഗത്തിലെത്താൻ. ഇസ്‍ലാം ആ നിലയിൽ ദീർഘമായ മുടി വീക്ഷണം പുലർത്തുന്ന മതമാണ്.

സിയാവുദ്ദീൻ സർദാര്‍

സിയാവുദ്ദീൻ സർദാരിയുടെ പ്രധാനപ്പെട്ട ഒരു ആലോചന തന്നെ ‘താടിയാത്മക ഇസ്‍ലാം’ ആണ്. മുസ്‍ലിം പുരുഷന്മാർ നീട്ടി വളർത്തുന്ന വിവിധതരം താടികളുടെ നിർവചനങ്ങൾ, അതിലൂടെ അവർ ലക്ഷ്യം വെക്കുന്ന സ്വർഗീയ നിർവൃതികൾ. ഇങ്ങനെ താടിയാത്മക സ്വർഗീയ മുസ്‍ലിം പുരുഷന്മാരുടെ കടുകട്ടിയായ ആൺപൗരോഹിത്യത്തെ ഇറാനിലെ സ്ത്രീകൾ ചോദ്യം ചെയ്യുന്നു. മുടി പുറമേക്ക് കണ്ടതിൻ്റെ പേരിൽ മതപോലീസിനാൽ വേട്ടയാടപ്പെടുകയും പിന്നീട് ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ‘മഹ്സ അമിനി’യുടെ ആത്മാവ്, അങ്ങനെയൊന്നുണ്ടെങ്കിൽ, ഇപ്പോൾ ചിരിക്കുന്നുണ്ടാവും. (ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ ലേഖകൻ തന്നെ 'ട്രൂകോപ്പി തിങ്കി' ൽ എഴുതിയിരുന്നു. ‘മതവാദികളേ, ഇറാൻ ദേശീയ ടീം ലോക മുസ്‍ലിംകളുടെ മുന്നിൽ വെച്ച ചോദ്യത്തിന് ഉത്തരമുണ്ടോ?’. എൻ്റെ അറിവ് ശരിയാണെങ്കിൽ, ആ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു മലയാള മാധ്യമത്തിൽ  പ്രത്യക്ഷപ്പെട്ട പ്രധാനപ്പെട്ട കുറിപ്പ് അതാണ്) നർഗീസ് മുഹമ്മദിക്ക് കിട്ടിയ നോബൽ പ്രൈസ് വിമോചിത ലോകം സ്വപ്നം കാണുന്ന എല്ലാ സ്ത്രീകളെയും പ്രചോദിപ്പിക്കാൻ സാധ്യതയുണ്ട്.

മഹ്സ അമിനി

നർഗീസ് മുഹമ്മദിയിലേക്ക് വരുമ്പോൾ ഇത്രയും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം:

ഒന്ന്:

ദീർഘകാലമായി അവർ നിരന്തരമായ അറസ്റ്റുകൾക്കും തടവിനും വിധേയമാകുന്നു. അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു വിഷയം അസ്വാതന്ത്ര്യമാണ് എന്ന് അവർ വിശ്വസിക്കുന്നു. പൗരോഹിത്യ മതനിയമങ്ങൾ സ്വതന്ത്ര സ്ത്രീകൾക്ക് തുറന്ന നരകങ്ങളാണ്. ആ നരക ജീവിതങ്ങൾക്കെതിരെയാണ് അവരടക്കമുള്ള ഇറാനിലെ മുസ്‍ലിം സ്ത്രീകൾ പോരാടുന്നത്.

രണ്ട്:

ജനാധിപത്യം എന്ന മൂല്യത്തിൽ അവർ വിശ്വസിക്കുന്നു. അവിടെ, അത്തരമൊരു മൂല്യവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ തട്ടമിടാനും തട്ടമിടാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മതത്തിൻ്റെ പേരിൽ അനുക്രമമായി വളർന്ന നിയമനിർമ്മാണങ്ങളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെയാണ് അവരുടെ സമരം. അവർ പറയുന്ന മതത്തിലെ ഈ സ്ത്രീവിരുദ്ധത നമ്മുടെ ഫാത്തിമ തെഹ്‍ലിയക്ക് പറഞ്ഞാൽ മനസ്സിലാകുമോ? ഇല്ല. മുസ്‍ലിം ലീഗ് പാർട്ടി പരിപാടിയിലെ ചെറിയ ചെറിയ ലിംഗവിവേചനങ്ങൾക്കെതിരെ കുറച്ചു വാചകങ്ങൾ പറയാമെന്നല്ലാതെ അവർക്കെന്തു സാധിക്കും? കൂടുതൽ പറഞ്ഞാൽ സമസ്ത പുറത്താക്കില്ലേ? ആരെങ്കിലും പുറത്താക്കിയാലും അകത്താക്കിയാലും പ്രശ്നമില്ല എന്ന നിർഭയത്വമാണ് നർഗീസ് മുഹമ്മദിയെ പോലെയുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ പ്രചോദനം. സ്വാതന്ത്ര്യമാണ് സ്വർഗം എന്ന് അവരൊക്കെ വിശ്വസിക്കുന്നു. ‘നിർഭയത്വമാണ് യുവത്വത്തിൻ്റെ ആദർശം’ എന്ന് പറഞ്ഞത് നമ്മുടെ ഗാന്ധിജിയാണ്.

നർഗീസ് മുഹമ്മദി

മൂന്ന്:

ഇസ്ലാമിൻ്റെ ഘടനയിൽ ഉൾച്ചേർന്ന പുരുഷന്മാരുടെ പൊതുപരിപാടികൾക്ക് ഏറാൻ മൂളികളായി നിൽക്കേണ്ടിവരുന്ന ഹതാശമായ, ദാസ്യം നിറഞ്ഞ അവസ്ഥകളെ അവർ ചോദ്യം ചെയ്യുന്നു. തെരുവിൽ മുദ്രാവാക്യം വിളിച്ചും തടവിൽ കിടന്നും സ്വാതന്ത്ര്യത്തിൻ്റെ ഉദാത്തമായ ലോകവീക്ഷണങ്ങൾ അവർ അവതരിപ്പിക്കുന്നു. ഇറാനിലെ ഇന്ധനവില വർദ്ധവിനെതിരെ പോലും അവർ സമരം ചെയ്തിട്ടുണ്ട്.

നാല്:

മനസ്സിലാക്കിയേടത്തോളം 31 വർഷം വരെ അവർക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. നമ്മുടെ ഓർമയിൽ നെൽസൺ മണ്ടേലയാണ് അത്തരമൊരു ദീർഘമായ അനുഭവത്തിലൂടെ കടന്നു പോയത്. ‘ഫ്രീ ഫ്രീ മണ്ടേല’ എന്നു പറയുന്നത് പോലെ മുസ്‍ലിം യൗവനങ്ങൾ ‘ഫ്രീ ഫ്രീ നർഗീസ് മുഹമ്മദി’ എന്നു പറയുമോ? ജമാഅത്തെ ഇസ്‍ലാമിയോ സോളിഡാരിറ്റിയ ജി.ഐ.ഒയോ പറയുമോ? ഫാത്തിമ തെഹ്‍ലിയ പറയുമോ?
ആരും പറയില്ല. പരിവർത്തനത്തിൻ്റെ സ്ത്രീകളുടേതായ സമരമുഖം തുറക്കാൻ ഇവർക്ക് പേടിയാണ്. മതം, അതിൻ്റെ നാനാതരം ദാസ്യ പ്രവണതകൾ അത്രയധികം ദൃഡികരിക്കപ്പെട്ട 'സമസ്ത / നവോത്ഥാന' സമുദായ ഘടനയിലാണ് അവരുടെ ജീവിതം.

അഞ്ച്:

‘വധശിക്ഷ’ എന്ന കടുത്ത നിയമത്തിനെതിരെ അവർ പോരാട്ടം നയിക്കുന്നു. ഇറാനിൽ വധശിക്ഷയ്ക്ക് വിധേയമാകുന്നവരുടെ എണ്ണം നമ്മെ ആ നിയമത്തിൻ്റെ കാർക്കശ്യങ്ങളിലേക്ക് കണ്ണ് തുറപ്പിക്കേണ്ടതാണ്. 'കരുണ'യെക്കുറിച്ചു പറയുന്ന ഒരു മതത്തിൻ്റെ ശരീഅത്ത് നിയമ പ്രയോഗങ്ങളിൽ കരുണയില്ലാത്ത ഈ കടുംവെട്ട് ഉണ്ട്. ഇസ്‍ലാമികനിയമം ഇന്ത്യയിലും വരണം എന്ന് കമൻ്റിടുന്നവർ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്?
മതക്രമത്തിൻ്റെ ആക്രമണോത്സുക സ്ത്രീ വിരുദ്ധതയ്ക്കെതിരെ തുറന്നുപോരാടുകയും ചലനാത്മക ഇസ്‍ലാമിനുവേണ്ടി പോരാടുകയും ചെയ്യുന്ന നർഗീസ് മുഹമ്മദിക്ക്, അസ്സലാമുഅലൈക്കും.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments