കഴിഞ്ഞ ദിവസം അന്തരിച്ച ലോക പ്രശസ്ത ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് നവാൽ എൽ സദാവിയെക്കുറിച്ച് മലയാളത്തിൽ ആരെങ്കിലും രണ്ട് വരി കുറിച്ചത് വായിക്കാനാവുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. അതിനാൽ തന്നെ അവരെക്കുറിച്ച് കുറച്ചെങ്കിലും എഴുതണമെന്ന് തോന്നി. പരന്ന വായന കൊണ്ടും എഴുത്തുകൊണ്ടും നിലപാടുകൾ കൊണ്ടും പ്രഖ്യാപനങ്ങൾ കൊണ്ടും അടയാളപ്പെടുത്തപ്പെട്ട ഒട്ടേറെ ചിന്തകരും സ്ത്രീ വിമോചകരുമൊക്കെയുള്ള ഈ നാട്ടിൽ നവാൽ എൽ സദാവി മുന്നോട്ടുവെച്ച താരതമ്യേന തെളിച്ചമുള്ള ഒരു വിമോചന രാഷ്ട്രീയം ആരാലും ചർച്ച ചെയ്യപ്പെടാതെ പോവുന്നത് നമ്മൾ ആർജ്ജിച്ചെടുത്തുവെന്ന് അവകാശപ്പെടുന്ന ജ്ഞാനപരവും ബോധപരവുമായ രാഷ്ട്രീയത്തിന്റെ പരിമിതിയെ തുറന്നുകാട്ടുന്നതാവും.
മതത്തിനകത്തെയും മുതലാളിത്തത്തിനകത്തെയും ആണധികാര വ്യവസ്ഥയോട് ഒരുപോലെ ഇത്രത്തോളം പൊരുതിയും കലഹിച്ചും കടന്നുപോയ ഒരു ഫെമിനിസ്റ്റും ഇന്ന് ലോകത്ത് വേറെയില്ല. അതുകൊണ്ടുതന്നെ ഈ രണ്ട് മണ്ഡലങ്ങളുടെയും ‘കാന്തിക’വലയം വ്യാപിച്ചുകിടക്കുന്ന ഒരിടത്തും നവാലിന്റെ വിയോഗവും ജീവിതവും ചർച്ച ചെയ്യപ്പെടാനും പോവുന്നില്ല.
മേൽവിശേഷിപ്പിച്ചതുപോലെ കേവലമൊരു സ്ത്രീയവകാശ പോരാളി ആയിരുന്നില്ല നവാൽ എൽ സദാവി. അറിയാൻ ശ്രമിക്കുന്നവരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്നതരം അനുഭവങ്ങളുടെ വൻ കടലായിരുന്നു ആ ജീവിതം. സാഹിത്യകാരി, ആക്ടിവിസ്റ്റ്, ഫിസിഷ്യൻ, മാനസികാരോഗ്യ വിദഗ്ധ, അധ്യാപിക, സംഘാടക എന്നിങ്ങനെ വൈവിധ്യമാർന്ന മണ്ഡലങ്ങളിൽ തിളങ്ങിയ ഉജ്ജ്വല വ്യക്തിത്വം. 89ാംമത്തെ വയസ്സിൽ മാർച്ച് 21ന് ഈ ലോകത്തുനിന്ന് വിടപറയുന്നതുവരെ അവർ അനന്യമായ ചിന്തയുടെയും ശൗര്യത്തിന്റെയും പുത്തൻ ഈർജ്ജം ചുറ്റിലും പ്രസരിപ്പിച്ചുകൊണ്ടിരുന്നു. നോവലുകൾ, ഉപന്യാസങ്ങൾ, ആത്മകഥകൾ, ഊർജ്ജസ്വലമായ സംഭാഷണങ്ങൾ എന്നിവയിലൂടെ പതിറ്റാണ്ടുകളായി സ്വന്തം കഥയും കാഴ്ചപ്പാടുകളും അവർ ലോകത്തോട് പങ്കുവെച്ചു. അവരുടെ ക്രൂരമായ സത്യസന്ധതയും സ്ത്രീകളുടെ രാഷ്ട്രീയ, ലൈംഗിക അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അചഞ്ചലമായ സമർപ്പണവും തലമുറകളെ പ്രചോദിപ്പിക്കാൻ തക്കവണ്ണം കാതലുറ്റതായി.
1931 ൽ കൈറോയുടെ ഓരംചേർന്നുള്ള ഒരു ഗ്രാമത്തിൽ ഒമ്പത് മക്കളിൽ രണ്ടാമതായി ജനിച്ച സദാവിയുടെ ജീവിതം അതിശയിപ്പിക്കും വിധം സംഭവബഹുലമായിരുന്നു. ഈജിപ്ഷ്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു സദാവിയുടെ പിതാവ്. 1919 ലെ ഈജിപ്ഷ്യൻ വിപ്ലവകാലത്ത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പ്രചാരണം നടത്തിയതിന്റെ ഫലമായി അദ്ദേഹത്തെ നൈൽ നദിക്കരയിലെ ഒരു ചെറിയ പട്ടണത്തിലേക്ക് നാടുകടത്തി. താരതമ്യേന പുരോഗമനവാദിയായ അദ്ദേഹം മകളെ ആത്മാഭിമാനത്തോടെ വളരാൻ പഠിപ്പിച്ചു. മക്കളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു ആ മാതാപിതാക്കൾ . എന്നിട്ടുപോലും ആ നാട്ടിലെ രീതിയനുസരിച്ച് ആറാമത്തെ വയസ്സിൽ പെൺ ചേലാകർമത്തിന് (എഫ്.ജി.എം)വിധേയയായിരുന്നു സദാവി. ‘ദി ഹിഡൻ ഫെയ്സ് ഓഫ് ഈവ്’ എന്ന പുസ്തകത്തിൽ, ബാത്ത്റൂം തറയിൽ വേദനാജനകമായ ക്രൂരത അവർ വിവരിക്കുന്നുണ്ട്. ജീവിതകാലം മുഴുവൻ ഈ ദുരാചാരത്തിനെതിരെ അവർ പ്രചാരണം നടത്തി. ഇത് സ്ത്രീകളെ പീഡിപ്പിക്കാനുള്ളതാണെന്ന് വാദിച്ചു. 2008 ൽ ഈജിപ്ത് എഫ്.ജി.എം നിരോധിച്ചു. എന്നിട്ടും സദാവി അതിനെതിരെ പൊരുതിക്കൊണ്ടേയിരുന്നു.
10 വയസ്സുള്ളപ്പോൾ അവളെ വിവാഹം കഴിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും മാതാവ് എതിർത്തു. പെൺമക്കൾക്ക് ആ സമൂഹത്തിൽ ആൺമക്കളേക്കാൾ വില കുറവാണെന്ന് ചെറുപ്രായത്തിൽ തന്നെ സദാവി മനസ്സിലാക്കി. ‘ഒരു ആൺകുട്ടിക്ക് 15 പെൺകുട്ടികളുടെയെങ്കിലും വിലയുണ്ട്’ എന്ന് ഒരിക്കൽ മുത്തശ്ശി പറഞ്ഞപ്പോൾ അവൾ അതിനെതിരെ കയർത്തു. സദാവി തന്റെ
13-ാം വയസ്സിൽ ആദ്യ നോവൽ എഴുതി! മാതാപിതാക്കളുടെ നേരത്തെയുള്ള വിയോഗം ഒരു വലിയ കുടുംബത്തെ പരിപാലിക്കാനുള്ള ഭാരം അവളുടെ ചുമലിലാക്കിയെങ്കിലും തളർന്നില്ല.
1955 ൽ കെയ്‌റോ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി, ഗ്രാമങ്ങളിൽ അടകം ഡോക്ടറായി ജോലി ചെയ്തു, ഒടുവിൽ സൈക്യാട്രിയിൽ വിദഗ്ധയായി. ഈജിപ്ഷ്യൻ ഗവൺമെൻറിന്റെ
പൊതുജനാരോഗ്യ ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചു.
അപകടകരമായി സംസാരിക്കാൻ ധൈര്യപ്പെട്ടതുമുതൽ വധഭീഷണി, ജയിൽവാസം തുടങ്ങിയ തിക്താനുഭവങ്ങൾക്ക് സദാവി വിധേയയായി. അവർ ഒരിക്കലും ഭയന്ന് പിൻമാറിയില്ല. ‘ഞാൻ സത്യം പറയുന്നു. സത്യം ക്രൂരവും അപകടകരവുമാണ്’ എന്നവർ ഒരിക്കൽ പറഞ്ഞു. ‘പോരാട്ട മനോഭാവത്തോടെ ജനിച്ചവളെന്നാണ്’ സുഹൃത്തായ ഡോ. ഓംനിയ അമിൻ സദാവിയെക്കുറിച്ച് പറയുന്നത്. പിതാവിൽ നിന്നും ലഭിച്ചതായിരുന്നു അവർക്ക് പോരാട്ട വീര്യവും ആത്മാഭിമാനവും. ചെറുപ്പകാലം മുതൽ കറുത്ത തൊലിയുള്ള ഈജിപ്ഷ്യൻ സ്ത്രീയാണെന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിച്ചു.
സ്വന്തം നിലപാടുകളിലെ കാർക്കശ്യം മതമൗലിവാദികളെ മാത്രമല്ല, അവരുടെ കാലത്തെ സഹ ഫെമിനിസ്റ്റുകളെ പോലും ചൊടിപ്പിച്ചിരുന്നു. ദുർബലവും പരിമിതവുമായ ബോധ്യങ്ങൾക്കപ്പുറത്ത് അറിവന്വേഷണത്തിന്റെയും മൗലിക ചിന്തയുടെയും പ്രതിഭയുടെയും ജീവിതത്തിലെ തിക്താനുഭവങ്ങളുടെയും ആകത്തുകയായിരുന്നു ആ കാർക്കശ്യമെന്നവർ മുഖവിലക്കെടുത്തില്ല. അത് ഭരണകൂടത്തെയടക്കം വിറളിപിടിപ്പിച്ചു. നിർഭയം പൗരോഹിത്യത്തിന്റെയും അവയുടെ രാഷ്ട്രീയ രൂപങ്ങളുടെയും മുഖത്ത്നോക്കി അവർ സത്യം തുറന്നടിച്ചു. ഇതിലൊരു ഘട്ടത്തിൽ ഈജിപ്ത് പ്രസിഡൻറ് അൻവർ സാദത്ത് അവരെ ഇരുമ്പഴിക്കുള്ളിലടച്ചു.
പൊതുജനാരോഗ്യ ഡയറക്ടറായിരിക്കെ 1972 ൽ എഫ്.ജി.എമ്മിനെതിരെയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെയും വിമർശിച്ച് ‘വിമൻ ആൻറ് സെക്സ്’ എന്ന നോൺ ഫിക്ഷൻ പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം അവർ ആ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടു. സദാവി സ്ഥാപിച്ച ‘ഹെൽത്ത്’ എന്ന മാഗസിൻ അടച്ചുപൂട്ടി. എന്നിട്ടും പറച്ചിലും എഴുത്തും നിർത്തിയില്ല. 1975-ൽ ‘വുമൺ അറ്റ് പോയിൻറ് സീറോ’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. വധശിക്ഷക്ക് വിധേയയായ ഒരു സ്ത്രീയുടെ യഥാർത്ഥ ജീവിത വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ നോവൽ.
1977-ൽ രചിച്ച ‘ഹിഡൻ ഫെയ്സ് ഓഫ് ഈവ്’ ലൈംഗിക പീഡനം, കൊലപാതകങ്ങൾ, വേശ്യാവൃത്തി എന്നിവക്ക് സാക്ഷിയായ ഒരു ഗ്രാമത്തിലെ ഡോക്ടർ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ അവർ രേഖപ്പെടുത്തി. ഇത് വലിയ പ്രകമ്പനം സൃഷ്ടിച്ചു. അറബ് സ്ത്രീകളുടെ വാർപ്പുമാതൃകകളെ മാറ്റിയെടുക്കുന്നുവെന്ന് വിമർശകർ ആരോപിച്ചു.
1981 സെപ്റ്റംബറിൽ പ്രസിഡൻറ് അൻവർ സാദത്തിന്റെ ഭരണത്തിൽ സദാവിയെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം ജയിലിലടക്കുകയും ചെയ്തു. ജയിലിൽ തനിക്കൊപ്പമുണ്ടായിരുന്ന ഒരു ലൈംഗികത്തൊഴിലാളിയുടെ പക്കലുള്ള പുരികം വരയ്ക്കുന്ന പെൻസിൽ ഉപയോഗിച്ച് മുഷിഞ്ഞ ടോയ്‌ലറ്റ് പേപ്പറിൽ അവർ ഓർമ്മക്കുറിപ്പുകൾ എഴുതി.
ആളുകൾ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അവർ ചെയ്തത്, പക്ഷേ അവർക്ക് ഇത് സാധാരണമായിരുന്നു- ഡോ. അമിൻ പറയുന്നു. ‘അവർ ചട്ടങ്ങളോ ചിട്ടകളോ ലംഘിക്കുകയായിരുന്നില്ല, മറിച്ച് സത്യം പറയുകയായിരുന്നു’.
2018 ലെ ഒരു അഭിമുഖത്തിനിടെ തന്റെ വിമർശങ്ങളിൽ നിന്ന് പിൻവാങ്ങുമോ എന്ന് ബി.ബി.സി ജേണലിസ്റ്റ് ചോദ്യമുന്നയിച്ചപ്പോൾ സദാവിയുടെ മറുപടി ഇതായിരുന്നു: ‘ഇല്ല. ഞാൻ കൂടുതൽ തുറന്നുപറയണം, കൂടുതൽ ആക്രമണോത്സുകയാകണം, കാരണം ലോകം കൂടുതൽ ആക്രമണാത്മകമാവുകയാണ്, ഞങ്ങൾക്ക് ആളുകളെ ആവശ്യമുണ്ട്. അനീതികൾക്കെതിരെ ഉറക്കെ സംസാരിക്കുക. എനിക്ക് ദേഷ്യം ഉള്ളതിനാൽ ഞാൻ ഉറക്കെ സംസാരിക്കുന്നു.’
അൻവർ സാദത്തിന്റെ വധത്തിനുശേഷം സദാവി ജയിൽ മോചിതയായി. എന്നാൽ അവരുടെ ജോലി സെൻസർ ചെയ്യുകയും പുസ്തകങ്ങൾ നിരോധിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ, മത മൗലികവാദികളിൽ നിന്ന് വധഭീഷണികൾ വന്നു, കോടതിയിൽ കയറി. ഒടുവിൽ യു. എസിൽ പ്രവാസിയായി. നോർത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ, ആഫ്രിക്കൻ ഭാഷാ വകുപ്പിലും വാഷിംഗ്ടൺ സർവകലാശാലയിലും പഠിപ്പിക്കുന്നതിനുള്ള വാഗ്ദാനം അവർ സ്വീകരിച്ചു. അവിടെനിന്നുകൊണ്ട് മതം, കൊളോണിയലിസം, പാശ്ചാത്യ കാപട്യം എന്നിവക്കെതിരായ ആക്രമണങ്ങൾ തുടർന്നു.
പിന്നീട് കെയ്‌റോ യൂണിവേഴ്‌സിറ്റി, ഹാർവാർഡ്, യേൽ, കൊളംബിയ, സോർബോൺ, ജോർജ്ജ്ടൗൺ, ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ബെർക്ക്‌ലി എന്നിവയുൾപ്പെടെ നിരവധി പ്രശസ്ത കോളേജുകളിലും സർവകലാശാലകളിലും പദവികൾ വഹിച്ചു. മൂന്ന് ഭൂഖണ്ഡങ്ങളിൽനിന്ന് അവർക്ക് ഓണററി ബിരുദം ലഭിച്ചു. 2004 ൽ കൗൺസിൽ ഓഫ് യൂറോപ്പിൽ നിന്ന് നോർത്ത്-സൗത്ത് പ്രൈസ്, 2005 ൽ ബെൽജിയത്തിൽ ഇനാന ഇന്റർനാഷണൽ പ്രൈസ് എന്നിവ നേടി, 2012 ൽ ഇന്റർനാഷണൽ പീസ് ബ്യൂറോ 2012 സീൻ മാക്ബ്രൈഡ് സമാധാന സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. 2020ൽ ടൈം മാസഗിെൻറ കവൻചിത്രമായി.
എന്നാൽ, അവരുടെ ഏക സ്വപ്നം അല്ലെങ്കിൽ പ്രതീക്ഷ ഈജിപ്തിൽ നിന്നുള്ള അംഗീകാരങ്ങളായിരുന്നുവെന്ന് ഡോ. അമിൻ പറയുന്നു. ലോകമെമ്പാടും ബഹുമതികൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ സ്വന്തം രാജ്യത്ത് നിന്ന് ഒന്നും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. സദാവി 1996 ൽ തെൻറ പ്രിയപ്പെട്ട ഈജിപ്തിലേക്ക് മടങ്ങി.
2004 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനാർത്ഥിത്വത്തിന് ശ്രമിച്ചു. 2011 ൽ പ്രസിഡൻറ് ഹുസ്‌നി മുബാറക്കിനെതിരായ പ്രക്ഷോഭത്തിനായി കെയ്‌റോയിലെ തഹ്‌രിർ സ്‌ക്വയറിലായിരുന്നു. മകനും മകൾക്കുമൊപ്പം കെയ്‌റോയിൽ അവസാന വർഷങ്ങൾ ചെലവഴിച്ചു. ഇതിനും മുമ്പും പിന്നീടുമായി സദാവി കെയ്‌റോയിലെ സുപ്രീം കൗൺസിൽ ഫോർ ആർട്സ് ആൻഡ് സോഷ്യൽ സയൻസസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ, മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ജനറൽ, കൈയ്‌റോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ആരോഗ്യ ഡോക്ടർ, ആരോഗ്യ വിദ്യാഭ്യാസ അസോസിയേഷന്റെയും ഈജിപ്ഷ്യൻ വനിതാ എഴുത്തുകാരുടെ സംഘടനയുടെയും സ്ഥാപക, കെയ്‌റോയിലെ ‘ഹെൽത്ത്’ മാഗസിൻ ചീഫ് എഡിറ്റർ, മെഡിക്കൽ അസോസിയേഷൻ മാഗസിൻ തുടങ്ങി എണ്ണമറ്റ പദവികൾ കയ്യാളി. അറബ് വിമൻസ് സോളിഡാരിറ്റി അസോസിയേഷന്റെ സ്ഥാപക- പ്രസിഡൻറ്, അറബ് അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ
സഹസ്ഥാപക എന്നിങ്ങനെ അവർ കൈവെക്കാത്ത മേഖലകൾ വിരളമായിരുന്നു.
സദാവിയുടെ കൃതികൾ അറബിയിൽ നിന്ന് 30 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഈജിപ്ഷ്യൻ അറബിക്ക് പുറമേ സാദാവി നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്നു. മതങ്ങളെ പോലെ മുതലാളിത്തത്തിന്റെയും ശക്തയായ വിമർശകയായിരുന്നു അവർ. ‘കൊളോണിയൽ മുതലാളിത്ത ശക്തികൾ പ്രധാനമായും ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് സംസാരിക്കുന്നവരാണ് .... ലോകത്തിലെ വലിയ സാഹിത്യശക്തികൾ എന്നെ ഇപ്പോഴും അവഗണിക്കുന്നു, കാരണം ഞാൻ അറബിയിൽ എഴുതുന്നു, മാത്രമല്ല കൊളോണിയൽ, മുതലാളിത്ത, വംശീയ, പുരുഷാധിപത്യത്തെ വിമർശിക്കുകയും ചെയ്യുന്നു’ എന്ന് അവർ ഒരിക്കൽ പറഞ്ഞു.
‘സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ വേരുകൾ കിടക്കുന്നത് ആഗോള മുതലാളിത്ത വ്യവസ്ഥയിലാണ്, അത് മത മൗലികവാദത്തിന്റെ പിന്തുണയോടെയാണെന്ന' ഏറ്റവും കൃത്യതയുള്ള രാഷ്ട്രീയ നിരീക്ഷണം അവർ മുന്നോട്ടുവെച്ചു. മുതലാളിത്തതിന്റെ ഓരം ചേർന്ന് സഞ്ചരിക്കുന്ന പടിഞ്ഞാറൻ ഫെമിനിസത്തേക്കാൾ തീവ്രവും തെളിച്ചമുള്ളതുമായിരുന്നു ഇത്. ഈജിപ്തിലെ സ്ത്രീയവകാശ പോരാട്ടത്തിലെ രണ്ടാംതരംഗമെന്ന് നവാൽ സദാവിയെ വിശേഷിപ്പിച്ചു.
‘അവർ വളരെയധികം കടന്നുപോയി. തലമുറകളെ സ്വാധീനിച്ചു. ഇന്ന് ചെറുപ്പക്കാർ റോൾ മോഡലാക്കാൻ ശ്രമിക്കുന്നു. മറ്റ് സ്ത്രീകളുടെ കഥകൾ കേൾക്കാനുള്ള സന്നദ്ധതയ്ക്കും അവരുടെ കഠിനമായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാനും അവർ എഴുന്നേറ്റു നിന്നു- അമിൻ സ്മരിക്കുന്നു. എന്നാൽ അവർ ആരുടെയും നായികനോ /നായികയോ ആവാൻ ആഗ്രഹിച്ചില്ല. "നിങ്ങളുടെ സ്വന്തം നായികയാവൂ' എന്നാണവർ പറഞ്ഞത്....
ഇവ്വിധം പതിറ്റാണ്ടുകളോളം ആഞ്ഞടിച്ച കൊടുങ്കാറ്റ് അതിന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയിരിക്കുന്നു. ആദരാഞ്ജലികൾ...