മലയാള സിനിമയിലെ ഒരു നടി, സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായി അവർ ചെയ്യുന്ന കാര്യങ്ങൾ ഗൗരവപൂർവം വിശദീകരിക്കുന്ന വീഡിയോ കാണുമ്പോൾ എന്തുകൊണ്ടാണ് മലയാളി ആണുങ്ങളുടെ നോട്ടം അവരുടെ കാലിന്റെ ഇടയിലേക്ക് പോകുന്നത്?
ഈ ചോദ്യം ചോദിക്കുമ്പോൾ ഞാൻ ഒരു പുണ്യവാളനാണെന്ന് കരുതേണ്ട കാര്യമില്ല. പണ്ട് ഞാനും പരിചയമില്ലാത്ത സ്ത്രീകളെ കാണുമ്പോൾ പലപ്പോഴും മുഖത്തേക്കുള്ള ആദ്യ നോട്ടത്തിനു ശേഷം, എന്റെ നോട്ടം പോയിരുന്നത് അവരുടെ മുലകളിലേക്കാണ്, പ്രത്യേകിച്ചും നമ്മൾ നേരിട്ടിടപെടാത്ത സ്ത്രീകളെ നോക്കുന്ന കാര്യത്തിൽ. പിറകിൽ നിന്നാണ് കാണുന്നതെങ്കിൽ സ്ത്രീകളുടെ ചന്തിയിലേക്കും ഞാൻ നോക്കിപ്പോകാറുണ്ട്. എനിയ്ക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്ന ഒരു കാര്യമായിരുന്നു ചന്തിക്കും ലൈംഗിക ആകർഷണത്തിനും തമ്മിൽ എന്താണ് ബന്ധമെന്നത്.
പഠനങ്ങൾ പറയുന്നത്, ഇത് എന്റെ മാത്രം പ്രശ്‌നമല്ല എന്നാണ്. ആദ്യത്തെ നോട്ടം മുഖത്തേക്ക് ആണെങ്കിലും, ഭൂരിപക്ഷം ആണുങ്ങളും പിന്നീട് സ്ത്രീകളുടെ മുലകളിലാണ് നോക്കുന്നത്, കുറെ പേർ അവരുടെ അരക്കെട്ടിലേക്കും. ഏതാണ്ട് ഇരുപത് ശതമാനം ആണുങ്ങൾ മാത്രമാണ് മറ്റു ഭാഗങ്ങളിലേക്ക് നോക്കാതെ സ്ത്രീകളുടെ കണ്ണുകളിലേക്ക് അല്ലെങ്കിൽ മുഖത്തേക്ക് മാത്രം നോക്കുന്നത്. ഇത് വായിക്കുന്ന പല സ്ത്രീകൾക്കും അറിയാവുന്ന ഒരു കാര്യമാണിത്. എന്റെ ഭാര്യ തന്നെ ചില ആണുങ്ങൾ അവളെ വൃത്തികെട്ട രീതിയിൽ നോക്കുന്നു എന്ന് പരാതി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് നമ്മൾ അങ്ങനെ ചെയ്യുന്നത് എന്ന് തിരഞ്ഞു പോയാൽ കുറച്ച് ശാസ്ത്രവും, നരവംശ ചരിത്രവും മറ്റും പറയേണ്ടി വരും.
മറ്റു മനുഷ്യരുമായി ഇതുവരെ സഹവാസമില്ലാതിരുന്ന സമൂഹങ്ങളെ കണ്ടെത്തുമ്പോൾ നരവംശ ശാസ്ത്രജ്ഞന്മാർ നടത്തുന്ന ഒരു പരീക്ഷണം ഏതു തരത്തിലുള്ള സ്ത്രീകളെയാണ് പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യമായ ഇണകളായി കണക്കാക്കുന്നത് എന്ന ഒരു ചോദ്യത്തിന്റെ ഉത്തരമാണ്. ഇതിന്റെ അളവുകോലായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത് അരക്കെട്ടിന്റെ ചുറ്റളവും ചന്തിയുടെ ചുറ്റളവും തമ്മിലുള്ള അനുപാതമാണ്. Waist - Hip ratio അഥവാ WHR. വേട്ടയാടലും കായ്കനികൾ പെറുക്കലും ഇന്നും നടത്തിവരുന്ന ആദിമ സമൂഹങ്ങളിലും അതിൽ നിന്ന് ഈയടുത്ത് മാത്രം പുറത്തേക്ക് വന്ന സമൂഹങ്ങളിലും പുരുഷന്മാർ പലപ്പോഴും ഇഷ്ടപ്പെടുന്നത് WHR കൂടുതലുള്ള തടിച്ച സ്ത്രീകളെയാണ് (WHR .8 -.9). ഐശ്വര്യാ റായ് പോലുള്ള സ്ത്രീകളെ അല്ല മറിച്ച്, ഷക്കീല പോലുള്ള സ്ത്രീകളെയുമാണ് അവർ ഇണകളായി തിരഞ്ഞെടുക്കാൻ താല്പര്യം കാണിക്കുന്നത്. കാരണം അങ്ങനെയുള്ള സ്ത്രീകൾക്കാണ് പ്രത്യുത്പാദനത്തിനനുയോജ്യമായ ശരീരമുള്ളത് എന്ന് നമ്മുടെ അബോധമനസ് പറയുന്നത്. പുരുഷന് പല സ്ത്രീകളുമായി ബന്ധപ്പെടുമ്പോൾ ഒന്നിൽ കൂടുതൽ കുട്ടികളുണ്ടാവാനുള്ള സാധ്യത ഉള്ളപ്പോൾ, സ്ത്രീക്ക് എത്ര പുരുഷന്മാരുമായി ബന്ധപ്പെട്ടാലും ഒരു പ്രസവത്തിൽ ഒരു കുട്ടിയാണുണ്ടാവുക. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ തന്റെ ജീൻ കൂടുതൽ നിലനിൽക്കാൻ പുരുഷന്റെ ആവശ്യം കൂടുതൽ ഇണയുമായി ബന്ധപ്പെടുക എന്നതാണ്. അതുകൊണ്ടാണ് പുരുഷൻ തന്റെ കുട്ടിയെ പ്രസവിക്കാനും മുലയൂട്ടി വളർത്താനും കഴിവുള്ള എത്രമാത്രം സ്ത്രീകളുമായി ബന്ധപ്പെടാൻ കഴിയുമോ അത്രയും ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു ത്വര നിലനിൽക്കുന്നത്. സ്ത്രീകൾ അതേസമയം കുട്ടികൾ ഉണ്ടായിക്കഴിഞ്ഞ് അതിന്റെ കാര്യങ്ങൾ നോക്കുന്ന, വേറെ ഒരു ബന്ധം അന്വേഷിച്ചു പോകാതെ തന്റെ കൂടെ നിന്ന് കുട്ടിയെ നോക്കുന്ന ഒരു പുരുഷന്റെ കണ്ടെത്താനായി ശ്രമിക്കും. മനുഷ്യൻ എന്ന മൃഗത്തിന്റെ ശരീരം പലപ്പോഴും നമ്മുടെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള വെറും യന്ത്രം മാത്രമാണ്.
വേട്ടയാടി നടക്കുന്ന സമൂഹങ്ങളിൽ എന്നും സുലഭമായി ആഹാരം ഉണ്ടാകില്ല, തടിച്ച ശരീരം നല്ല ഭക്ഷണ ലഭ്യത കാണിക്കുന്ന ഒന്നാണ്. അതിൽ തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് രണ്ട് തരത്തിലാണ്. പുരുഷന്മാർക്ക് വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ, സ്ത്രീകൾക്ക് തുടകളിലും ചന്തിയിലും മുലകളിലുമാണ് കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഒരു കുട്ടിയുണ്ടായി മുലയൂട്ടാൻ തുടങ്ങുമ്പോൾ ഈ കൊഴുപ്പ് കുട്ടിക്ക് ഭക്ഷണമായി ഉപയോഗപ്പെടും. കുട്ടികളുടെ തലച്ചോറിന്റെ വികാസമൊക്കെ സ്ത്രീകളുടെ ചന്തിയിലെയും തുടയിലെയും കൊഴുപ്പിന്റെ അളവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇതാണ് ഒരു സ്ത്രീയെ കാണുമ്പോൾ അബോധപൂർവമായി ആണുങ്ങളുടെ നോട്ടം മുലകളിലേക്കും, തുടയിലേക്കും അരക്കെട്ടിലേക്കും പോകുന്നതിന്റെ ജീവശാസ്ത്രപരമായ കാരണം. മറ്റ് ജീവികൾ മനുഷ്യരെ പോലെ നേർക്കുനേർ നിന്നല്ല ഇണചേരൽ നടത്തുന്നത്, അതുകൊണ്ടുതന്നെ മനുഷ്യരിലാണ് മുലകൾ ലൈംഗികാകർഷണത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നത്. എല്ലാ സ്ത്രീകൾക്കും ശരിയായി പോഷകാഹാരം ലഭിക്കുന്ന ഒരു സമൂഹത്തിൽ ഈ പറയുന്നത് ബാധകമല്ല എന്ന് വ്യക്തമാണല്ലോ.
അങ്ങനെയാണെങ്കിൽ പുരുഷന്മാർ ഒരു സ്ത്രീയെ കാണുമ്പോൾ അവരുടെ മുഖത്തു നോക്കാതെ മുലകളിലേക്കും അരകെട്ടിലേക്കും മറ്റും നോക്കുന്നത് ശരിയാണ് എന്നാണോ പറഞ്ഞു വരുന്നത് എന്നാണെങ്കിൽ അങ്ങനെയല്ല. അതിന്റെ കാരണം വിശദീകരിക്കാൻ നമ്മുടെ തലച്ചോറിലെ മൂന്ന് ഭാഗങ്ങളെ കുറിച്ച് കൂടി ചെറുതായി ഒന്ന് വിവരിക്കാം.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പരിണമിച്ചു വന്ന സമയത്ത് തലച്ചോറിലുണ്ടായ മാറ്റങ്ങൾ വിശദമാക്കാൻ ഉപയോഗിക്കുന്ന ഒരു മോഡൽ ആണ് Triune മോഡൽ. ഇത് പ്രകാരം നമ്മുടെ തലച്ചോറിൽ നമ്മുടെ നിയന്ത്രണത്തിലല്ലാതെ ആദിമ മൃഗ ചോദനകൾ നിയന്ത്രിക്കുന്ന ഒരു ഭാഗമുണ്ട്. ബാസൽ ഗാംഗ്ലിയ ഉൾപ്പെടയുള്ള ഈ ഭാഗത്തിന് ഉരഗ തലച്ചോർ (Reptilian brain) എന്നാണ് വിളിക്കുന്നത്. പലപ്പോഴും നമ്മൾ ബോധപൂർവം അറിയാതെ നടത്തുന്ന നോട്ടങ്ങളും മറ്റും ഈ ഭാഗമാണ് കൈകാര്യം ചെയുന്നത്. തലച്ചോർ അധികം വികസിക്കാത്ത ജീവികളിൽ തലച്ചോറിന്റെ ഈ ഭാഗം മാത്രമേ ഉണ്ടാവൂ. എന്നാൽ കുറച്ചു കൂടി വികാസം പ്രാപിച്ച സസ്തനികൾ പോലുള്ള ജീവികളിൽ വികാരങ്ങളെ നിയന്ത്രിക്കുന്ന, അമിഗ്ദല, ഹിപ്പോകാമ്പസ് ഒക്കെയുള്ള ലിംബിക് തലച്ചോറുണ്ടാകും. വികാരങ്ങളെ ശരിയായി കൈകാര്യം ചെയ്യുന്നത് ഈ ഭാഗമാണ്. എന്നാൽ കൂടുതൽ വികാസം പ്രാപിച്ച ജീവികളിലാണ്, ചിന്ത, ഭാഷ തുടങ്ങിയ അതീവ സങ്കീർണങ്ങളായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന നിയോ കോർടെക്‌സ് എന്ന ഭാഗമുള്ളത്. ഒരു മനുഷ്യനെ മനുഷ്യൻ ആക്കുന്നത് ഈ ഭാഗമാണ്. ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ കാണുമ്പോൾ അവൾ പറയുന്നത് എന്താണെന്നു കേൾക്കണം എന്നും അവളുടെ മുലകളിലേക്കും തുടയിലേക്കും നോക്കുകയല്ല ചെയ്യേണ്ടത് എന്നും നമ്മളെ മനസിലാക്കി തരുന്നത് ഈ ഭാഗമാണ്. പലപ്പോഴും മനുഷ്യന്റെ തലച്ചോറിൽ ഈ മൂന്ന് ഭാഗത്തിന്റെയും പ്രവർത്തന ഫലം നിമിഷവ്യത്യാസങ്ങൾക്കിടയ്ക്ക് നടക്കുന്നത് നമുക്ക് കാണാൻ കഴിയും.
ഒരു പെൺകുട്ടിയെ അബോധപൂർവമായി ആവശ്യമില്ലാതെ ഒരു നോട്ടം നോക്കിയ ഉടനെ ആ നോട്ടം പിൻവലിച്ച് അവളെ ആധുനിക സമൂഹം എങ്ങനെയാണോ കാണേണ്ടത് എന്ന രീതിയിൽ നോക്കികാണുന്നത് അതിന് ഉദാഹരണമാണ്. (ഈ Triune brain മോഡലിൽ പറയുന്ന തലച്ചോറിലെ മൂന്ന് ഭാഗങ്ങളും പിന്നീട് പ്രത്യേകം ഉണ്ടായി വന്നതല്ല എന്നും മറിച്ച് പണ്ടുണ്ടായിരുന്ന ഉരഗ തലച്ചോറിലെ തന്നെ ഭാഗങ്ങൾ വികാസം പ്രാപിച്ച് പുതിയ വലിയ ഭാഗങ്ങളായി മാറിയതാണെന്നുമ്മാണ് ഏറ്റവും പുതിയ സിദ്ധാന്തം, ഇതൊരു ശാസ്ത്രീയ ലേഖനം അല്ലാത്തതുകൊണ്ട് കൂടുതൽ വിശദമാക്കുന്നില്ല).
ആധുനിക സമൂഹങ്ങളിൽ നമ്മുടെ പല ചിന്തകളും രൂപം കൊള്ളുന്നത് സമൂഹം നൽകുന്ന ട്രെയിനിങ് കൊണ്ട് കൂടിയാണ്. അമേരിക്കയിലെ ഒരു ബീച്ചിൽ ബിക്കിനിയിട്ട് സ്ത്രീകൾ വരുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. സാരി ഉടുത്ത് സ്ത്രീകളോ, പാന്റും ഷർട്ടും ഇട്ട് ആണുങ്ങളോ ബീച്ചൽ വരുന്നത് ഇവിടെ സാധാരണമല്ല, അതുകൊണ്ടുതന്നെ ദേഹം മുഴുവൻ മറച്ച് ബീച്ചിൽ വന്നാൽ ഇവിടെയുള്ളവർ നിങ്ങളെ അത്ഭുതവസ്തുക്കളെ പോലെ നോക്കും. നമ്മുടെ നാട്ടിൽ പക്ഷേ ബിക്കിനിയിട്ട സ്ത്രീകളെയായിരിക്കും അതുപോലെ ആളുകൾ തുറിച്ചു നോക്കുക. മാത്രമല്ല, നേരത്തെ പറഞ്ഞ WHR ആധുനിക സമൂഹങ്ങളിൽ വ്യത്യസ്തമാണ്, പരസ്യങ്ങളുടെ സ്വാധീനവും മറ്റും കൊണ്ട് ഐശ്വര്യാ റായിയെ പോലുള്ള WHR ഏതാണ്ട് .7 വരുന്ന സ്ത്രീകളെയാണ് അവർ ഇണകളായി പരിഗണിക്കുന്നത്. ജീവശാസ്ത്രം മാത്രമല്ല സമൂഹത്തിന്റെ ട്രെയിനിങ്ങും മനുഷ്യന്റെ സാമൂഹിക ഇടപെടലുകളെ സ്വാധീനിക്കുന്നുണ്ട്.
ഞാൻ പഠിച്ചത് ഒരു ബോയ്‌സ് ഒൺലി സ്‌കൂളിലാണ്. ഡിഗ്രിക്ക് ചേർന്ന സെൻറ് ആൽബെർട്‌സ് കോളേജും ആൺകുട്ടികൾ മാത്രമുള്ളതായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുന്നത് പാപമായി കാണാക്കായിരുന്ന ഒരു കാലത്ത് പഠിച്ചതുകൊണ്ട് പെൺകുട്ടികളോട് സംസാരിക്കേണ്ടി വരുമ്പോൾ തൊണ്ട വരണ്ടു പോകുന്ന ഒരവസ്ഥയായിരുന്നു എനിക്ക് കുറെ നാൾ വരെ. അതുകൊണ്ട് പെൺകുട്ടികളെ മറ്റ് ആൺകുട്ടികളെ പോലെ തന്നെ എന്റെ കൂട്ടുകാരായി കാണാം എന്നൊക്കെ അറിഞ്ഞതുതന്നെ വളരെ കഴിഞ്ഞാണ്.
ഒരു പക്ഷെ പെൺശരീരത്തെ ഒരു വസ്തു മാത്രമായി കുറെ നാൾ നോക്കിക്കാണാൻ എന്നെ പ്രേരിപ്പിച്ചത് ഇതുപോലെ ബോയ്‌സ് ഒൺലി സ്‌കൂളിലും കോളേജിലും പഠിച്ചതുകൊണ്ടാണ് എന്നെനിക്ക് തോന്നുന്നു. ഇപ്പോഴുള്ള കുട്ടികൾ പക്ഷെ ആൺപെൺ വ്യത്യാസമില്ലാതെ സൗഹൃദം ആഘോഷിക്കുന്നത് കാണുമ്പോൾ, ഇന്നത്തെ സമൂഹത്തിലെ പെൺകുട്ടികളോടുള്ള പെരുമാറ്റം ഒന്നോ രണ്ടോ തലമുറ കൊണ്ട് വളരെ അധികം മാറുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. ആണുങ്ങളും പെണ്ണുങ്ങളും മാത്രമുള്ള സ്‌കൂളുകളും കോളേജുകളും പൂട്ടേണ്ട സമയം കഴിഞ്ഞു. നമ്മൾ നമുക്കിടെ കുട്ടികളെ സ്വതന്ത്രമായി ഇടപഴകാൻ വിട്ടാൽ തന്നെ ഇത്തരം പ്രശനങ്ങൾക്ക് കുറെ ശമനം വരും.
എന്റെ മകൻ പഠിക്കുന്ന കോളേജിൽ, ഹോസ്റ്റലിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണ് താമസിക്കുന്നത്, അവരുടെ ബാത്‌റൂമുകളും ഒന്നുതന്നെയാണ്, 1970 കൾ മുതൽ ഇതുപോലെയാണ്. ഒരു പ്രശ്നവുമില്ല. ഇപ്പോൾ അവൻ വേറെ ഒരു സ്വകാര്യ അപ്പാർട്‌മെൻറ് എടുത്ത് മാറാൻ പോകുന്നതും രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഒരുമിച്ച് താമസിക്കാൻ വേണ്ടിയാണ്. പക്ഷെ പല ഇന്ത്യൻ മാതാപിതാക്കൾക്കും ഇത് കേൾക്കുമ്പോൾ എന്തോ പോലെയാണ്. നമുക്ക് പരിചയില്ലാത്ത ഒരു മേഖലയാണ് ഇതെന്നതുകൊണ്ടാണ് ഈ ആശങ്ക വരുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം തിരുവിതാംകൂർ കൊട്ടാരത്തിലെ ഒരു സ്ത്രീ തൊഴിലാളിയെ ബ്ലൗസ് ധരിച്ചു എന്ന കാരണം കൊണ്ട് പറഞ്ഞുവിട്ടു എന്ന കാര്യം ഞാൻ ഏതോ പുസ്തകത്തിൽ വായിച്ചതാണ്. സ്ത്രീകൾ മാറു മറക്കാതെ നടന്ന സമയത്ത് ബ്ലൗസ് ഇടുന്നതായിരുന്നു പ്രശ്‌നമായി നമ്മൾ കണ്ടിരുന്നത്.
സ്ത്രീകളെ കാണുമ്പോൾ വേണ്ടാത്തിടത്ത് നോക്കുന്നതിന്റെ പിറകിൽ ജീവശാസ്ത്രവും പരിണാമ സിദ്ധാന്തവും ഒക്കെ ഉണ്ടാകാം, പക്ഷെ അവർ പറയുന്നത് കേൾക്കാതെ അവരുടെ കാലിന്റെ ഇടയിലേക്ക് തന്നെ നോക്കിയിരിക്കുന്നവർ പൂർണമായും മനുഷ്യർ ആയിട്ടില്ല എന്നതാണ് ഞാൻ പറയാൻ വന്നത്. ഇങ്ങനെ ചെയ്യുന്നവരും പക്ഷെ സമൂഹത്തിന്റെ ഇരകളാണ്, നമ്മൾ തന്നെ ഉണ്ടാക്കിയെടുത്ത പ്രോഡക്ട് ആണ്. അടുത്ത തലമുറയിലെങ്കിലും മാറ്റം ഉണ്ടാകണമെങ്കിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ വിടണം, ഇങ്ങനെ ചെയ്യുന്നത് പ്രശ്നമാണ് എന്നഒരു സാമൂഹിക ബോധം വരണം.
ഏത് വസ്ത്രം ധരിക്കണമെന്നത് മനുഷ്യന്റെ അടിസ്ഥാന വ്യക്തിസ്വാതന്ത്ര്യമാണ്, സ്ത്രീ ധരിക്കുന്ന വസ്ത്രമല്ല, സ്ത്രീ പീഡനങ്ങൾക്ക് കാരണം, അത് മുഴുവനായും മനുഷ്യനായിട്ടില്ലാത്ത ആണുങ്ങളുടെ പ്രശ്‌നം മാത്രമാണ്.
റിമയോട് സ്നേഹത്തോടെ...