നെറ്റിസൺസ്​ ആയ സ്​ത്രീകൾ
പൊട്ടിത്തെറിച്ച്​ പുറത്തുവരികയാണ്

വിവര സാ​ങ്കേതിക വിദ്യയും നവമാധ്യമങ്ങളും സ്​ത്രീകൾക്ക്​ നൽകുന്ന സാധ്യതകളും അവയിലൂടെ അവർ പൊതു ഇടങ്ങളിൽ നടത്തുന്ന സർഗാത്മക ഇടപെടലുകളും ഇത്​ ആണധികാര വ്യവസ്​ഥിതിയിലുണ്ടാക്കുന്ന സംഘർഷങ്ങളും വിശകലനം ചെയ്യപ്പെടുന്നു

ർട്ടിഫിഷൽ ഇന്റലിജൻസ് കമ്പോളത്തെ സഹായിക്കാൻ തുടങ്ങിയ ഈ വിവരസാങ്കേതികതാ യുഗത്തിൽ നമ്മൾ ഇനിയും ചർച്ച ചെയ്യുന്നത് തുടങ്ങിയിടത്തു നിന്ന് തന്നെയാണ്. വിവിധ ആപ്പുകൾ, സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങളെ അതിവേഗം റിപ്പോർട്ട് ചെയ്യുന്നതിനും സ്ത്രീകളുടെ ചലനാത്മകതയും സർഗാത്മകതയും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആധുനികത സ്ത്രീ ജീവിതത്തിൽ നടത്തിയ വലിയ മാറ്റങ്ങൾ പക്ഷെ ഫ്യൂഡൽ -മതമൂല്യത്തിന്റെ ബോധ്യത്തിൽ രൂഢമൂലമായിക്കിടക്കുന്ന ആണധികാര പൊതുബോധം തിരിച്ചറിയുന്നില്ല.

സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും മുൻകൈ എടുത്തതിന്റെ ഫലമായാണ് വരേണ്യവർഗത്തിൽ നിന്നെങ്കിലും ധാരാളം സ്ത്രീ നേതാക്കൾ ഉയർന്നുവന്നത്.

കുടുംബത്തിന്റേയും സംഘടനകളുടേയും മതിലുകളും വെളിച്ചം കടക്കാത്ത കോട്ടകളും സ്ത്രീകൾ പ്രത്യയശാസ്ത്രത്തിന്റേയും സാഹോദര്യത്തിന്റെയും കനത്ത പ്രഹരങ്ങളാൽ തല്ലിതർക്കുന്നു. അവരുടെ ശബ്ദം ഉത്തരങ്ങൾ പൊളിച്ച് തെരുവിൽ മുഴങ്ങുന്നു.

നവോത്ഥാനനായകരും സാംസ്‌കാരിക- സാമുദായിക പ്രവർത്തകരും നടത്തിയ ഇടപെടലുകൾ സ്ത്രീകളുടെ നേരെയുള്ള അതിക്രമം നേരിടുന്നതിനുള്ള നിയമപരവും സാമൂഹികവുമായ പരിഹാരമാർഗ്ഗങ്ങൾ തേടി. സതി, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവയിൽ ചിലതു മാത്രം. കല്ലുമാല ബഹിഷ്‌കരണം, മാറുമറയ്ക്കൽ, മുക്കുത്തി അണിയൽ, പള്ളിക്കൂട പ്രവേശനം, ജോലിക്കു തുല്യമായ കൂലി ചോദിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ സ്ത്രീകളും പങ്കാളികളായി. സ്വാതന്ത്ര്യ സമരത്തിലും സാമുദായിക പരിഷ്‌കരണ പ്രവർത്തനങ്ങളിലും മാത്രമല്ല, തൊഴിലാളി സംഘടനകളിലും വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലും സ്ത്രീകൾ പങ്കെടുത്തു വന്നിരുന്നു. എന്നാൽ സ്ത്രീകളുടെ ഇടയിൽ നിന്ന്​ നേതൃസ്ഥാനത്തേക്ക് വരുന്നവർ കൂടുതലായും അഭ്യസ്ഥവിദ്യരും, ഉന്നതകുലജാതരുമായിരുന്നു.

വിജയലക്ഷ്മി പണ്ഡിറ്റ്, സരോജിനി നായിഡു, ക്യാപ്റ്റൻ ലക്ഷ്​മി, അമ്മു സ്വാമിനാഥൻ, തുടങ്ങിയവരാണല്ലോ പ്രമുഖർ. പരിഷ്‌കരണ പ്രവർത്തനങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും ഉണ്ടായിരുന്ന സ്ത്രീകൾ പിന്നീട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടു തുടങ്ങിയപ്പോൾ തിരശ്ശീലയിൽ പുറകിലേക്ക് പോകാൻ തുടങ്ങി. പ്രത്യശാസ്ത്ര- രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നതിലും മധ്യവർഗ- തൊഴിലാളി വർഗ സ്ത്രീകൾ മികച്ചു നിന്നു. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായി ധാരാളം യുവതീയുവാക്കളും, തൊഴിലാളികളും കർഷകരും മുന്നോട്ട് വന്ന സ്വാതന്ത്ര്യാനന്തര ഭാരതം വിപ്ലവച്ചൂടിലായിരുന്നു.

സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്

രാഷ്ട്രീയ സംഘടനകളിൽ വന്ന യുവജന പ്രവാഹം എന്നാൽ പല കാരണങ്ങളാൽ പൂർണമായും തുടർന്നില്ല. സ്ത്രീകളിൽ ഭൂരിപക്ഷവും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതു വരെ മാത്രമാണ് സംഘടനകളിൽ സജീവമായിരുന്നത്. ഇന്ത്യൻ കുടുംബഘടനയും സങ്കൽപ്പവും പുരോഗമന ആശയക്കാർക്ക് തെല്ലുപോലും മാറ്റുവാൻ കഴിഞ്ഞില്ല. പുരുഷാധികാര കേന്ദ്രീകൃതമായി തന്നെ തുടർന്നു കൊണ്ടിരുന്നു. കുടുംബങ്ങൾ തകർന്ന് അണുകുടുംബങ്ങൾ ഉണ്ടായപ്പോഴും, സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും ജോലി സമ്പാദിക്കുകയും ചെയ്തിട്ടും അവർക്കൊന്നും കുടുംബഘടനയിൽ മാറ്റം വരുത്തുവാൻ കഴിഞ്ഞില്ല. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഫെമിനിസ്റ്റു പ്രസ്ഥാനങ്ങൾക്ക് സ്ത്രീകളിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചില്ല. നിയമങ്ങളിലും നയങ്ങളിലും ഗണ്യമായ മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു. കുടുംബത്തിനകത്ത് തന്റെ അധികാരം ഒട്ടും പങ്കുവയ്ക്കാൻ തയ്യാറാവാത്ത പുരുഷന്മാർ സംഘടനകൾക്കുള്ളിലും അതേ പുരുഷാധിപത്യ മൂല്യങ്ങൾ നടപ്പിലാക്കി.

മായാവതിയേയും, മമതാ ബാനർജിയേയും, ജയലളിതയേയും ഒരേ അർത്ഥം വരുന്ന പദങ്ങൾ വ്യത്യസ്ത ഭാഷകൾ ഉപയോഗിച്ച് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭർത്സിച്ചു കൊണ്ടിരുന്നു.

സ്ത്രീകൾ നേതൃനിരയിൽ ഇല്ലാത്ത കമ്മിറ്റികളും, നിയമസഭകളും യാതൊരു സങ്കോചവുമില്ലാതെ തുടർന്നു. സ്ത്രീകളെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുന്നില്ല എന്നത് ഒരു കുറവായിട്ട് ഒരു പ്രസ്ഥാനത്തിനും തോന്നയതു പോലുമില്ല. എന്നാൽ കുടുംബമഹിമയുടേയോ മറ്റോ പിൻബലത്താൽ ഉയർന്നു സ്ത്രീകളെ അധികാര കസേരയിൽ നിന്ന്​ താഴെത്തേക്ക് വലിച്ചിടാൻ ആൺ വൃന്ദങ്ങൾ ഉപജാപക പ്രവർത്തികൾ ചെയ്തു വന്നു. മുഖ്യമന്ത്രിയായി ഉയർന്നു വന്ന സ്ത്രീ നേതാക്കൾ സ്വന്തം പാർട്ടി കമ്മിറ്റികളിലും എന്തിന് നിയമസഭയിൽ പോലും അപമാനിതരായി. സ്ത്രീയെ ഒരിക്കലും അംഗീകരിക്കാൻ പുരുഷാധികാര ഹുങ്കിന് കഴിഞ്ഞില്ല. രക്തരൂഷിതമല്ലെങ്കിലും ധാരാളും അണിയായുധങ്ങൾ സ്ത്രീയെ അവമതിക്കാനും സ്ഥാനഭ്രഷ്ടയാക്കുവാനുമായി അരങ്ങേറി. ഒരു സ്ത്രീക്കെതിരെ മറ്റു സ്ത്രീകളെ അണിനിരത്തുന്നതിലും ആണധികാരത്തിന്റെ ചാണക്യതന്ത്രം വിജയിച്ചു. ഓരോ പ്രസ്ഥാനങ്ങൾക്കും തങ്ങളുടെ നിറത്തിനും പ്രത്യയശാസ്ത്രത്തിനുമനുസരിച്ച് പലതരം അടവുകളും തന്ത്രങ്ങളും ഉണ്ടായി. ഓരോ സംസ്ഥാനങ്ങളും അവരുടെ ഭാഷയും സംസ്‌കാരവുമുപയോഗിച്ച് സ്ത്രീകളെ തള്ളിപ്പറയുകയും ഒറ്റിക്കൊടുക്കുകയും ചതിക്കുകയും ചെയ്തുകൊണ്ടിരുന്നു.

മായാവതി, മമതാ ബാനർജി, ജയലളിത

ഇന്ത്യൻ സംസ്‌കാരമെന്ന ഏകതാനതയിലെങ്കിലും, സ്ത്രീയുടെ നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും സ്ത്രീയെ അധികാര ഇടങ്ങളിൽ നിന്ന്​ മാറ്റി നിർത്തുന്ന കാര്യത്തിലും സ്ത്രീയെ അംഗീകരിക്കാതിരിക്കുന്ന കാര്യത്തിലും, സമാനസ്വഭാവം ദേശ- ഭാഷ- ജാതി- മത- രാഷ്ട്രീയ വ്യത്യാസമന്യേ കാണിച്ചു വന്നു. മായാവതിയേയും, മമതാ ബാനർജിയേയും, ജയലളിതയേയും ഒരേ അർത്ഥം വരുന്ന പദങ്ങൾ വ്യത്യസ്ത ഭാഷകൾ ഉപയോഗിച്ച് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭർത്സിച്ചു കൊണ്ടിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ ഇവർ പൊതുസമൂഹത്തിനു മുന്നിൽ സദാചാരമില്ലാത്തവരായും സ്വബോധമില്ലാത്തവരായുമാണ് പൊതുവേ ചിത്രീകരിച്ചിരുന്നത്.

കുടുംബഘടനയിൽ മാറ്റം വരുത്താൻ ശ്രമിക്കുകയോ അതിനെ പൊളിച്ച്​ പുറത്ത് വരികയോ ചെയ്യുന്ന സ്ത്രീകൾക്ക് എതിരെയുള്ള ഭൂരിപക്ഷം കേസുകളിലും ഇതേ രീതിയിൽ സദാചാരമില്ലാത്തവളും സ്വബോധമില്ലാത്തവളും ആയി ആരോപിച്ചാണ് അവരുടെ പുരുഷപങ്കാളികളോ കുടുംബത്തിലെ പുരുഷാഗംങ്ങളോ പരാതി നൽകുന്നത് എന്ന യാഥാർത്ഥ്യം തികച്ചും ആകസ്മികമാണെന്ന് ഒരിക്കലും സ്ഥാപിക്കുവാൻ കഴിയില്ല. കാരണം അത് ഒരു തുടർക്കഥയായി ദശാബ്ദങ്ങളായി തുടർന്നുവെന്നതുതന്നെ തകർക്കാൻ കഴിയാത്ത വസ്തുതയാണ്.

ഓരോ കൈകളിലേയും മൊബൈലുകൾ വഴി നൽകുന്ന ലൈക്കുകളും, കമന്റുകളും, ഷെയറുകളും വൻ വിപ്ലവമാണ് സ്ത്രീമനസ്സുകളിൽ സൃഷ്ടിക്കുന്നത്. അത് കുടുംബങ്ങളിലും സംഘടനകളിലും ഒരേപോലെ പൊട്ടിത്തെറികൾ ഉണ്ടാക്കുന്നു.

സ്ത്രീ ദേവതാ സങ്കൽപങ്ങൾ ധാരാളമായി ഉണ്ടായിരുന്ന കാവുകളും വെച്ചാരാധനാ ഇടങ്ങളും ഇന്ത്യയിൽ സുലഭമായിരുന്നു. എന്നാൽ പിന്നീട് നടന്ന അധിനിവേശങ്ങളിൽ ഈ ദേവതമാർ പലരും അധിനിവേശ ദേവന്മാരുടെ ഭാര്യ, മകൾ, അമ്മ, സഹോദരി എന്നീ ഉപദേവതകളായി മെരുക്കപ്പെടുകയോ, മറുത, കാളി, ചാമുണ്ഡി തുടങ്ങിയ അധഃകൃതവും ബഹിഷ്‌കൃതവുമായ നീചശക്തികളായി പുറന്തള്ളപ്പെടുകയുമായിരുന്നു. ഭയപ്പെടുത്തിയോ മെരുക്കിയോ അടിമപ്പെടുത്തുക, അല്ലെങ്കിൽ മോശമായി ചിത്രീകരിച്ച് പൊതുബോധത്തിന്റെ ഭയവും വെറുപ്പും നേടിക്കൊടുക്കുകയെന്ന പഴയ ബ്രാഹ്‌മണ്യ ഫ്യൂഡൽ തന്ത്രം തന്നെയാണ് പ്രബുദ്ധരും പരോഗമനക്കാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെയ്യുന്നത്.

വിവരസാങ്കേതിക വിദ്യ നൽകിയ തുറവി, നവലോകം അഥവാ virtual world, സാമൂഹ്യമാധ്യമങ്ങൾ സ്ത്രീകളെ കുറച്ചൊന്നുമല്ല ഐക്യപ്പെടുത്തുന്നത്. one billion rising തുടങ്ങിയ അലയടികൾ, me too തുറന്നു പറച്ചിലുകൾ, എത്രപെട്ടെന്നാണ് സ്ത്രീകൾ ലോകമെമ്പാടും ഏറ്റെടുത്തത്. ഓരോ കൈകളിലേയും മൊബൈലുകൾ വഴി നൽകുന്ന ലൈക്കുകളും, കമന്റുകളും, ഷെയറുകളും വൻ വിപ്ലവമാണ് സ്ത്രീമനസ്സുകളിൽ സൃഷ്ടിക്കുന്നത്. അത് കുടുംബങ്ങളിലും സംഘടനകളിലും ഒരേപോലെ പൊട്ടിത്തെറികൾ ഉണ്ടാക്കുന്നു. തത്ത സ്വന്തം ചിറകിനെ ബലപ്പെടുത്തി കൂട് തല്ലിപ്പൊളിച്ച് പുറത്തു വരുന്ന മനോഹരമായ കവി സ്വപ്‌നം ഇന്ന് ദൃശ്യമായി കഴിഞ്ഞിരിക്കുന്നു.

2018 ൽ ന്യൂ യോർക്ക് സിറ്റിയിൽ നടന്ന സ്ത്രീകളുടെ മാർച്ച്

കുടുംബത്തിന്റേയും സംഘടനകളുടേയും മതിലുകളും വെളിച്ചം കടക്കാത്ത കോട്ടകളും സ്ത്രീകൾ പ്രത്യയശാസ്ത്രത്തിന്റേയും സാഹോദര്യത്തിന്റെയും കനത്ത പ്രഹരങ്ങളാൽ തല്ലിതർക്കുന്നു. അവരുടെ ശബ്ദം ഉത്തരങ്ങൾ പൊളിച്ച് തെരുവിൽ മുഴങ്ങുന്നു.

Gender sensitization എന്ന പദം കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലാതായിരിക്കുന്നു. എന്നാൽ തന്നെയും പിന്നേയും ഇതു പറയുന്നത് സ്ത്രീകളോട് മാത്രമാകുന്നു. എല്ലാ പരിപാടികളിലേയും ഒഴിച്ചു കൂടാനാകാത്ത അജണ്ടയായിരിക്കുന്നു. തീവണ്ടികളിൽ ഘടിപ്പിക്കുന്ന വനിതാ കമ്പാർട്ടുമെന്റു പോലെ ഏറ്റവും ഒടുവിലും അപ്രസക്തമായ ഒരു ഏച്ചു ചേർക്കൽ തന്നെയായി തുടരുന്നു. സ്ത്രീ മനസ്സുകളിൽ നടക്കുന്ന ഐക്യപ്പെടലുകളോ തിരിച്ചറിവുകളോ പുരുഷപങ്കാളികൾ തിരിച്ചറിയുന്നില്ല. അവർ സ്ഥിരമായി നടത്തി വന്നിരുന്ന മുഴുവൻ കലാപരിപാടികളും തുടരുന്നു. എന്നാൽ ചെറുത്തു നിൽപ്പിന്റെയും പൊരുതി വിജയിക്കുന്നതിന്റെയും പുത്തൻ ഗാഥകൾ എല്ലായിടത്തും കേൾക്കുന്നു. സിനിമകളിൽ, പാട്ടുകളിൽ, കഥകളിൽ, ചിത്രങ്ങളിൽ, സ്ത്രീയുടെ സർഗ്ഗാത്മക ഇടങ്ങളിലെല്ലാം ഇതു കാണുന്നു. തീർച്ചയായും പൊതുവിടങ്ങളിൽ സ്ത്രീദൃശ്യതയേറുന്നു. അവഗണിക്കാനാകാത്ത തുല്യശക്തിയായി അവർ വരുന്നു. പലകാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട ഇതരമനുഷ്യരുമായും അവർ കൈകോർക്കുന്നു. പുതിയ പ്രത്യയശാസ്ത്രങ്ങൾ രൂപപ്പെടുന്നു. കേവല സ്ത്രീവാദത്തിൽ നിന്ന്​ കുറേ മുന്നോട്ട് പോയിരിക്കുന്നു.

വിദ്യാർത്ഥിനികൾക്ക് ചിന്തിക്കാനും സംഘടിക്കാനും പച്ചനൂലുകൾ കൊണ്ട് പൂപ്പ ' തീർക്കുന്നവർ അറിയുന്നില്ല ഹരിതമാർ കൂടുപൊളിച്ച് പുറത്തു വരുന്ന വർണ്ണശലഭങ്ങളാണെന്ന്

വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടുന്നില്ല. Inclusive politics ഇന്ന് യൂണിവേഴ്‌സിറ്റികളിൽ പഠനവിഷയമാണ്, ഗവേഷണവിഷയമാണ്. എന്നാൽ സ്ത്രീ-പുരുഷ ദ്വന്ദത്തിൽ നിന്ന്​ മാറി non-binaryയെക്കൂടി ഉൾക്കൊള്ളിക്കുന്ന തരത്തിൽ വളർന്നുവന്നു കഴിഞ്ഞ പ്രസ്ഥാനങ്ങൾ ലോകമെമ്പാടും രൂപപ്പെട്ടുവരുന്നത് global citizen എന്നതിൽ നിന്ന്​ netizens ആയ യുവാക്കൾ, വിദ്യാർത്ഥികൾ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അപ്പോഴും വിദ്യാർത്ഥിനികൾക്ക് ചിന്തിക്കാനും സംഘടിക്കാനും ‘പച്ചനൂലുകൾ കൊണ്ട് പൂപ്പ ' തീർക്കുന്നവർ അറിയുന്നില്ല; ഹരിതമാർ കൂടുപൊളിച്ച് പുറത്തു വരുന്ന വർണ്ണശലഭങ്ങളാണെന്ന്. എന്നാൽ ഇന്നത് യാഥാർത്ഥ്യമാണ്. ഇടം-വലം നിൽക്കുന്ന ബാനർ തൊഴിലാളികളിൽ നിന്നും തീരുമാനമെടുക്കുന്ന സഭകളിലേക്ക്, അധികാര കസേരകളിലേക്കാണ് സ്ത്രീകൾ കടന്നുവരുന്നത് എന്ന് സംഘടനാ നേതാക്കന്മാരും രാഷ്ട്രീയ നേതൃത്വങ്ങളും തിരിച്ചറിയാനിരിക്കുകയാണ് . ആ വഴിയൊരുക്കുക എന്നതാണ് തുല്യപങ്കാളികളായ രാഷ്ട്രീയ മനുഷ്യന്മാർ ചരിത്രപരമായി ഏറ്റെടുക്കേണ്ട ദൗത്യം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments