കേരളത്തിലെ സർവകലാശാലകളിൽ പഠിക്കുന്ന ആർത്തവമുള്ള വിദ്യാർത്ഥികളുടെ കുറഞ്ഞ ഹാജർശതമാനത്തിൽ 2% ഇളവ് വരുത്തി, 73% ആക്കിയതിലൂടെ പുരോഗമനപരമായ നിലപാടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും യൂണിവേഴ്സിറ്റികളും കൈക്കൊണ്ടിരിക്കുന്നത്. ഈയൊരു നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും ഇതിന്റെ തുടർച്ചയായി സമൂഹത്തിലുണ്ടാകാൻ പോകുന്ന പിന്തിരിപ്പൻ ചർച്ചകളുടെ സാധ്യതകളിൽ ആശങ്കയുമുണ്ട്. ഇത്തരം ചർച്ചകളെ പ്രതിരോധിക്കാൻ, ആർത്തവവും അവധിയും എന്ന വിഷയം സമഗ്രമായി മനസ്സിലാക്കി വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി, ആർത്തവത്തിന്റെ ചരിത്രവും വർത്തമാനവും പരിശോധിക്കുന്നതിനോടൊപ്പം ആർത്തവമെന്ന ജൈവികപ്രക്രിയ മനുഷ്യനിലുണ്ടാക്കുന്ന ശാരീരിക- മാനസിക- സാമൂഹിക- സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുക്കണം.
അവധി എന്ന ആശ്വാസം
ആർത്തവവുമായി ബന്ധപ്പെട്ട് വയറുവേദന, നടുവേദന, രക്തസ്രാവം, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ പോലുള്ള ശാരീരിക അസ്വസ്ഥതകളും സമ്മർദ്ദം, മൂഡ് സ്വിങ്‌സ്, പ്രീ മെൻസ്ട്രൽ സിൻട്രോം (PMS & PMDD) പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും PCOD, PCOS, വയറിളക്കം, ബ്ലോട്ടിങ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മറ്റും സ്ഥിരമായി അനുഭവിക്കുന്നവർക്ക് ആർത്തവാവധി ആശ്വാസമാകും എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. എന്നാൽ, എല്ലാ ആർത്തവചക്രത്തിലും ഒരുപോലെ സ്വസ്ഥതയോ അസ്വസ്ഥതയോ അനുഭവിക്കാത്ത ഒരുപാടുപേരുണ്ട്. സാധാരണയായി കുടിക്കേണ്ട വെള്ളത്തിന്റെ അളവിൽ ആർത്തവമുള്ള ദിവസങ്ങളിൽ കുറവുവരുമ്പോൾ പോലും വയറുവേദന, ഇടുപ്പുവേദന തുടങ്ങിയവ അനുഭവപ്പെടുന്നവരുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അവഗണിച്ച് വിദ്യാലയങ്ങളിൽ വന്നാലും ക്ലാസിൽ ശ്രദ്ധാപൂർവ്വം ഇരിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ നമുക്കുചുറ്റുമുണ്ട്. ദൃശ്യമായ ശാരീരിക പ്രശ്‌നങ്ങൾ കാണുന്നില്ലെങ്കിലും മാനസികമോ വൈകാരികമോ ആയ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവർ ഏറെയുണ്ട്.
ആർത്തവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മിഥ്യകളും ശുദ്ധി-അശുദ്ധി സങ്കല്പങ്ങളും ഇന്നും ഓരോരുത്തയെയും പിന്തുടരുന്ന ഒന്നാണ്. ആർത്തവമുള്ള ദിവസങ്ങളിൽ പൊതുഇടങ്ങളിൽ യാത്ര ചെയ്യുമ്പോൾ രക്തം ഉടുപ്പിലായിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തിന്റെ ഭീതിപ്പെടുത്തുന്ന നിഴലിൽ സഞ്ചരിക്കുന്നവരാണ് ഭൂരിഭാഗവും. സ്‌കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും പഠിക്കുമ്പോഴും സീറ്റിൽ നിന്നെഴുന്നേൽക്കുന്ന സന്ദർഭത്തിൽ ‘ഉടുപ്പിൽ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാമോ?' എന്ന് ചോദിച്ചിട്ടില്ലാത്ത വ്യക്തികൾ വളരെ ചുരുക്കമായിരിക്കും. രാവിലെയും വൈകീട്ടും മണിക്കൂറുകൾ യാത്രചെയ്ത് പഠിക്കാനെത്തുന്ന വിദ്യാർഥികൾ ഇപ്പോഴും നേരിടുന്ന പ്രതിസന്ധിയാണ് ആർത്തവം. വീടിന് അഞ്ചു കിലോമീറ്റർ പരിധിയിൽ സ്‌കൂളില്ലാതെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന നിരവധി ആദിവാസി കുട്ടികളുണ്ട് കേരളത്തിൽ. ഒന്നാം ക്ലാസിൽ പ്രവേശനം നടത്തുന്ന ആദിവാസി കുട്ടികളിൽ 90% പേരും പത്താം ക്ലാസ് പൂർത്തിയാക്കുന്നതോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന സാഹചര്യം ഇവിടെയുണ്ട്. ആദിവാസി- ദലിത് വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സ്ഥിതി അങ്ങനെയാണെന്നിരിക്കെ ഉന്നത വിദ്യാഭ്യാസത്തിന്റെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.
അനാരോഗ്യകരമായ വാദങ്ങൾ
ആർത്തവ അവധി അനുവദിക്കുമെന്ന പ്രഖ്യാപനം, പലതരം വാദമുഖങ്ങൾക്കിടയാക്കിയിട്ടുണ്ട്. ‘ആർത്തവസംബന്ധമായി ഗുരുതരപ്രശ്‌നങ്ങൾ അനുഭവിക്കാത്തവരെ ആർത്തവ അവധിക്ക് പരിഗണിക്കേണ്ടതില്ല' എന്ന വാദമാണ് അതിലൊന്ന്. ഇതിൽ ശരികേടുണ്ട്. എത്രയോ വിദ്യാർത്ഥികൾ ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ സഹിച്ച്ക്ലാസിൽ തലതാഴ്ത്തി കിടന്ന് ദിവസം കഴിച്ചുകൂട്ടുന്നു. അറ്റൻഡൻസ് പ്രശ്‌നം മാത്രം കണക്കിലെടുത്ത് ലീവെടുക്കാതെ വിദ്യാലയങ്ങളിലേക്ക് വരാൻ നിർബന്ധിതരാകുന്നവരുണ്ട്. ‘ആർത്തവമുള്ള ദിവസങ്ങളിൽ യാതൊരു ബുദ്ധിമുട്ടുകളും അനുഭവിക്കാത്തവർക്ക് എന്തിനാണ് അവധി' എന്ന ആശങ്കയുള്ളവർ ആർത്തവത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ മനസ്സിലാക്കാത്തവരാണ്.
ആർത്തവമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ ആവശ്യമായ വിശ്രമമുറി സജ്ജമാക്കിയാൽ മാത്രം മതിയെന്നും അവർ ആർത്തവ അവധിയെ ഉപയോഗിക്കുന്നത് ‘ദുരുപയോഗമാണ്' എന്നുമുള്ള വാദവും ആർത്തവമുള്ളവരുടെ ആരോഗ്യവും ക്ഷേമവും സൗകര്യവും പരിഗണിക്കാത്ത ഒന്നാണ്. അത്തരക്കാർ നനഞ്ഞു കുതിർന്ന ഒരു പാഡ് ചുരുങ്ങിയത് 6-8 മണിക്കൂർ ഇട്ടുനടന്നുനോക്കിയാൽ അതിന്റെ ബുദ്ധിമുട്ടിന്റെ ഒരംശം മനസ്സിലായേക്കും. ആർത്തവമുള്ള ഒരു ദിവസത്തിൽ നാലിൽ കൂടുതൽ തവണ മാറ്റേണ്ടി വരുന്ന പാഡുകൾകൊണ്ട് കഷ്ടപ്പെടുന്നവരും വീടിനു വെളിയിൽ നിന്ന് പാഡ് മാറ്റാനുള്ള വിഷമം കാരണം അനാരോഗ്യകരമെന്നറിഞ്ഞിട്ടും ദിവസം മുഴുവൻ അതേ പാഡുതന്നെ ഉപയോഗിക്കുന്നവരും ചുരുക്കമല്ല. ആർത്തവമുള്ള ദിവസങ്ങളിൽ നിലത്ത് കിടക്കുകയും ഉപയോഗിച്ച തുണികളും പാത്രങ്ങളും സ്വയം അലക്കുകയും ചെയ്തശേഷം വിദ്യാലയങ്ങളിലേക്ക് എത്തിപ്പെടേണ്ടി വരുന്നവരുണ്ട്. വൈവിധ്യമാർന്ന പ്രശ്‌നങ്ങൾ നേരിടുന്നവരെ വ്യവസ്ഥാപിതമായി പരിഗണിക്കുന്ന നിലപാടാണ് ആർത്തവാവധി.
സ്ത്രീകൾക്കും കുട്ടികൾക്കും അനുകൂലമായതോ അവർ നേരിടുന്ന അനീതികൾക്കെതിരായതോ ആയ എന്ത് നിയമങ്ങൾ (Gynocentric Laws) നിലവിൽ വരുമ്പോഴും പൊതുവിൽ ഉയരുന്ന വാദമാണ് ‘ദുരുപയോഗം ചെയ്യപ്പെടും' എന്നത്. വൈവാഹിക ബന്ധത്തിനകത്തെ റേപ്പ്, ഗാർഹിക പീഡനം, വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യക്ക് ഭർത്താവ് നൽകുന്ന ജീവനാംശം (Alimony after Divorce) എന്നീ നിയമങ്ങളോടൊക്കെയും ഇതേ സമീപനം നിലനിൽക്കുന്നു. അതുപോലെയുള്ള സ്ത്രീവിരുദ്ധ ചിന്തയാണ് ആർത്തവാവധിയുടെ പേരിൽ വിദ്യാർത്ഥികൾ ‘വെറുതെ വീട്ടിലിരിക്കും' എന്നത്. അഥവാ ആർത്തവമല്ലാത്ത കാരണങ്ങളാൽ ഒരു വിദ്യാർത്ഥി അവധി എടുക്കുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടായിരിക്കും എന്ന് വിദ്യാർത്ഥി കേന്ദ്രീകൃതമായി, സാമൂഹിക- രാഷ്ട്രീയ വിശകലനത്തിലൂടെയുള്ള ഇടപെടലുകളാണ് വിദ്യാഭ്യാസ സംവിധാനം നടത്തേണ്ടത്. തന്റെ വിദ്യാലയം പഠിക്കുവാനും സഹവർത്തിക്കുവാനും സഹായിക്കുന്ന ഇടമാണെങ്കിൽ വിദ്യാർത്ഥികൾ ഉത്സാഹത്തോടെ, മുടക്കമില്ലാതെ ക്ലാസിൽ വരാനാണ് ശ്രമിക്കുക. അവധി എടുക്കുന്നവർക്കാണോ അതോ കലാലയങ്ങളിലെ അന്തരീക്ഷത്തിനാണോ വ്യത്യാസം വരുത്തേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പ് അധികാരം അവരവർക്ക്
വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കൃത്യമായ ആർത്തവകാല പരിചരണ സംവിധാനം ഉണ്ടാകേണ്ടത് നിർബന്ധമാണ്. വിശ്രമമുറി, വേദനയ്ക്കുള്ള അടിസ്ഥാന മരുന്നുകൾ, ആർത്തവകാല ശുചിത്വോപകരണങ്ങൾ (പാഡ്, ടാമ്പൂൺ, കപ്പ് തുടങ്ങിയവ), പാഡുകളും ടാമ്പൂണുകളും മറ്റും നിക്ഷേപിക്കാനുള്ള സംവിധാനങ്ങൾ (കത്തിച്ചു കളയാനുള്ള ഇൻസിനറേട്ടർ, അല്ലെങ്കിൽ വേസ്റ്റ്‌കൊട്ട) എന്നിങ്ങനെയുള്ള എല്ലാ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകണം. എന്നാൽ, ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണോ അതോ അവധിയെടുത്ത് വീട്ടിലോ സൗകര്യമുള്ള മറ്റിടത്തോ വിശ്രമിക്കുന്നതാണോ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടിൽ നിന്ന് ആശ്വാസം നൽകുക എന്ന് തീരുമാനിക്കേണ്ടത് ആർത്തവമുള്ള വ്യക്തികളാണ്. അവരുടെ ആരോഗ്യത്തിനും സൗകര്യത്തിനും നിരക്കുന്നത് തിരഞ്ഞെടുക്കാനുള്ള അവകാശം ആർത്തവമുള്ള ഓരോ വ്യക്തികൾക്കുമാണ്.
വിദ്യാഭ്യാസരംഗത്തുള്ള എല്ലാവർക്കും ആർത്തവ അവധി ഒരേ തോതിൽ പ്രയോജനപ്പെടുത്താനാവും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ശാസ്ത്രം, വിവരസാങ്കേതികശാസ്ത്രം, മെഡിക്കൽ, എഞ്ചിനീറിങ് തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർ, എന്തെല്ലാം കഷ്ടതയുണ്ടായാലും ക്ലാസിൽ വരാൻ നിർബന്ധിക്കപ്പെടാറുണ്ട്. അതുപോലെ, താൻ അനുഭവിക്കുന്ന അസ്വസ്ഥതകളെ പറ്റി വീട്ടുകാരെയും ബോധ്യപ്പെടുത്തിയാൽ മാത്രമേ അവധിയെടുക്കാൻ അനുവാദം ലഭിക്കൂ എന്ന ആണധികാര അവസ്ഥയും കുടുംബങ്ങളിൽ നിലനിൽക്കുന്നു. വിദ്യാർത്ഥികൾക്ക്, തങ്ങൾക്ക്അനുയോജ്യമായ തിരഞ്ഞെടുപ്പ് നടത്താൻ ഇടം നൽകുകയാണ് ചെയ്യേണ്ടത്. അത് ആർത്തവാവധി എടുക്കുന്നതോ എടുക്കാതിരിക്കുന്നതോ ആവാം, അതിനുള്ള അധികാരം ആർത്തവമുള്ളവർക്ക് കൈമാറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
സ്വയംനിർണയാവകാശം ലംഘിക്കപ്പെടുന്നതിന്റെ സമാനമായ ഉദാഹരണമാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ കാണാനാവുക. വിവാഹപ്രായം 21 ആക്കുന്നത് ഒരുപാട് സ്ത്രീകൾക്ക് സഹായകമാകുമെന്നും വിദ്യാർത്ഥിനികൾക്ക് കൂടുതൽ പഠനാവസരവും ജോലി നേടി വീടുവിടാനുള്ള സാവകാശവും ഇത് നൽകുമെന്നുമുള്ള അഭിപ്രായം നിലനിൽക്കുന്നുണ്ട്. ഇത്തരം ചർച്ചകളാൽ മറച്ചുവയ്ക്കപ്പെടുന്ന യാഥാർഥ്യമെന്തെന്നാൽ വിവാഹം, ആർത്തവം, ലൈംഗികത, പ്രസവം എന്നിങ്ങനെ സ്ത്രീയായി കല്പിക്കപ്പെട്ടതിന്റെ പേരിൽ ഓരോരുത്തരും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഇല്ലാതാവണമെങ്കിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേൽ സ്വയംനിർണയാവകാശം ലഭിക്കേണ്ടതുണ്ട് എന്നതാണ്. പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രീകൾക്ക് സ്വയംനിർണയാവകാശം സാധ്യമാവുക നിലവിലെ വ്യവസ്ഥിതിക്ക് എതിരായ തുറന്ന പോരാട്ടങ്ങൾ വളരുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ചായിരിക്കും. അതല്ലാതെ, ‘സ്ത്രീകൾ 18 വയസ്സിൽ വിവാഹിതരാകാൻ നിർബന്ധിക്കപ്പെടാതിരിക്കാനുള്ള പോംവഴി വിവാഹപ്രായം 21 ആക്കലാണ്' എന്നും ‘ആർത്തവവുമായി ബന്ധപ്പെട്ട പൊതുബോധം തകർക്കാനുള്ള ഉപാധി ‘ആർത്തവസമയത്തും കഠിനാധ്വാനം ചെയ്ത് കഴിവ് തെളിയിക്കലാണ്' എന്നുമുള്ള നിലപാട് ഫലത്തിൽ ചെയ്യുന്നത്, സ്ത്രീവിമോചന പോരാട്ടങ്ങളെ നിർജ്ജീവമാക്കലാണ്.
ആർത്തവത്തിന്റെ സാമ്പത്തികമാനം
ആർത്തവാവധി ചർച്ചകളിൽ അത്ര ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത വിഷയമാണ് ആർത്തവത്തിന്റെ സാമ്പത്തികമാനം. ആറ് പാഡുള്ള ചെറിയ പാക്കറ്റ് വാങ്ങാൻ മുപ്പത് രൂപയാവും. ഒരു ആർത്തവചക്രത്തിൽ ഇരുപത് തവണ പാഡ് മാറ്റാനായി നൂറു രൂപ കണ്ടെത്താൻ സാമ്പത്തികസ്രോതസില്ലാത്ത വിദ്യാർത്ഥികളും ഈ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്. തുണികൊണ്ടുള്ള പാഡുകൾ ശീലിച്ചവരും സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ശീലിക്കാൻ നിർബന്ധിതരായവരുമുണ്ട്. അത്തരം ആളുകൾക്ക് കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങൾ തുറന്നു കൊടുക്കാനുള്ള ആർത്തവ അവബോധ പരിപാടികൾ നടത്തുകയും അവർക്ക് അത്തരം തിരഞ്ഞെടുപ്പുകൾ എടുക്കാനുള്ള സാഹചര്യം പൂർണമായും ഒരുക്കുകയും ചെയ്യേണ്ടത് വ്യവസ്ഥയുടെ ഉത്തരവാദിത്തമാണ്. തുണിയുടെ ഉപയോഗത്തിനും മെസ്ട്രൽ കപ്പ് ഉപയോഗിക്കാനുള്ള വൈമുഖ്യം പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം വ്യക്തിയിന്മേലിടുക എന്നത് അനീതിയാണ്. ആർത്തവകാല പരിചരണവും ശുചിത്വവും ശുചിത്വോപകരണങ്ങളും പ്രോത്സാഹിപ്പിക്കാനും മിഥ്യകളെ മറികടക്കാനും സമഗ്ര അവബോധ പരിപാടികളാണ് വേണ്ടത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യോനിയും അനുബന്ധ ഭാഗങ്ങളും സംബന്ധമായി വേദനയുണ്ടാക്കുന്ന രോഗാവസ്ഥകൾ (Sexual Pain Disorders Among People With Vagina) അനുഭവിക്കുന്നവർക്ക് യോനിയിൽ കയറ്റിവയ്ക്കുന്ന തരം ആർത്തവകാല ശുചിത്വോപകരണങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. ശുദ്ധമായ വെള്ളം കിട്ടാനില്ലാതെ ഇലയും മണ്ണും യോനിയിലേക്ക് തിരുകി ആർത്തവകാലം കഴിച്ചുകൂട്ടുന്ന അതിദരിദ്രരുള്ള രാജ്യമാണിതെന്ന് മറന്നുകൂടാ. വ്യക്തിഗതമായും സാമൂഹികമായും അതിസങ്കീർണമായ ആർത്തവകാല ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിച്ച് വ്യവസ്ഥയോട് സമരസപ്പെടുന്നത് ക്രൂരതയാണ്.
ആർത്തവകാലത്തെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഭരണകൂടം പരിഹരിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വിഭവങ്ങൾക്കുമേൽ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യ അധികാരം നൽകുകയാണ് വേണ്ടത്. അതിലൂടെ മാത്രമാണ് മെച്ചപ്പെട്ട ആരോഗ്യ-സാമ്പത്തിക അവസ്ഥയിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അടിസ്ഥാന പോഷകാഹാരം ലഭ്യമാകാത്ത ഒരു സമൂഹത്തിൽ മെൻസ്ട്രൽ കപ്പ് വിതരണം കൊണ്ടുമാത്രം ആർത്തവ പ്രശ്‌നം പരിഹരിക്കാം എന്ന വിചാരം വികലവീക്ഷണത്തിൽ നിന്നുണ്ടാവുന്നതാണ്. സാമൂഹിക പ്രശ്‌നങ്ങളെ അതിന്റെ അടിസ്ഥാനപരമായ സത്തയിൽ പരിഗണിക്കാൻ ഭരണകൂടം ശ്രമിക്കേണ്ടതുണ്ട്. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു എന്ന സർക്കാർ ഏജൻസികളുടെ കണക്കുകൾ ഓർത്തുകൊണ്ടായിരിക്കണം നാം ഈ തീരുമാനത്തെ വിലയിരുത്തേണ്ടത്. അവബോധ പരിപാടികളിലൂടെ മാത്രം പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല സാമ്പത്തിക അസമത്വം.
ഹാജറിലെ അസമത്വങ്ങൾ
ആർത്തവവുമായി ബന്ധപ്പെട്ട് ഹാജർനില പട്ടികയിൽ നൽകിയിരിക്കുന്ന 2% ഇളവിലെ ദുരുപയോഗ സാധ്യത തേടുന്നവർ കണക്കിലെടുക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഒരു സെമസ്റ്ററിലെ അറ്റൻഡൻസിൽ 2% ഇളവ് എന്നത് കിഴിച്ചുനോക്കിയാൽ രണ്ടുദിവസം പോലും വരുന്നില്ല. 90 ദിവസമാണ് ഒരു സെമസ്റ്ററെന്ന് കണക്കാക്കിയാൽ, ശരാശരി മൂന്ന് ആർത്തവചക്രമാണ് ഉണ്ടാവുക, 15-20 ദിവസത്തെ ആർത്തവദിനങ്ങളും. 90 ദിവസത്തിന്റെ 2% എന്നത് 1.8 മാത്രമാണ്. ആർത്തവാവധിയുടെ അഭാവത്തിൽ ആർത്തവമുള്ളവർ സ്വമേധയാ അവധിയെടുക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ‘ആർത്തവമെന്ന ശാരീരികപ്രക്രിയയിലൂടെയേ പോകേണ്ടതില്ലാത്തവരുടെ അതേ ഹാജർനില നിലനിർത്തിയാലേ പരീക്ഷയെഴുതാൻ അനുവദിക്കൂ' എന്ന നിലപാട് അശാസ്ത്രീയമാണ്. ആർത്തവ സമയത്ത് യാതൊരു പ്രശ്‌നവും അനുഭവിക്കുന്നില്ലാത്ത ആളുകൾ പോലും ആർത്തവമില്ലാത്തവരിൽ നിന്ന് വ്യത്യസ്തമായ ശാരീരികപ്രക്രിയയിലൂടെയാണ് പോകുന്നത് എന്നത് ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമാണ്. ആർത്തവം ഉള്ളവരും ഇല്ലാത്തവരും രണ്ടുതരം ശാരീരികപ്രക്രിയയിലൂടെ സഞ്ചരിക്കുന്നവരാണ്. അങ്ങനെയിരിക്കെ, ആർത്തവമുള്ളവരും ഇല്ലാത്തവരും ഒരേ രീതിയിലും ശേഷിയിലുമുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കണം എന്നാവശ്യപ്പെടുന്നത് ഏബിലിസ്റ്റ് കാഴ്ചപ്പാടാണ്. ആർത്തവമുള്ള ശരീരങ്ങളെ രണ്ടാം ലിംഗമായും ദുർബലരായും കണക്കാക്കുന്ന സദാചാര പിന്തിരിപ്പൻ കാഴ്ചപ്പാടിനെ ഊട്ടിയുറപ്പിക്കാൻ ഉപയോഗിക്കുമോ എന്ന ന്യായമായ ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. തീർച്ചയായും ഉപയോഗിക്കപ്പെടും എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടതും അതിനെതിരെയാണ് പ്രതിരോധം തീർക്കേണ്ടതും. ആർത്തവവുമായി ബന്ധപ്പെട്ട എന്തിനോടും സൂക്ഷിക്കുന്ന അറപ്പോ അരോചകാവസ്ഥയോ പരിഹരിക്കപ്പെടേണ്ടത് സാമൂഹികമായാണ്. അതിനുവേണ്ടി സമൂഹത്തിന്റെ നാനാതുറയിലുമുള്ള ആളുകൾക്ക് ലിംഗഭേദമന്യേ അവബോധം നൽകേണ്ടി വരും. അതല്ലാതെ, ഇത്തരം അവബോധം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്തവും ആർത്തവമുള്ളവരുടെ ചുമലിൽ വച്ചുകൊടുക്കുന്നത് അനീതിയാണ്.
ചരിത്രവും പുരുഷാധിപത്യത്തിന്റെ ഉത്ഭവവും പരിശോധിച്ചു മനസ്സിലാക്കേണ്ടത്; സ്ത്രീകൾക്ക് ജോലിയിൽ നിന്ന് ഇളവ് നൽകാൻ വേണ്ടിയല്ല; മറിച്ച്, പ്രത്യുൽപാദന പ്രക്രിയയിലും ജനിക്കുന്ന കുട്ടിയുടെ പിതൃത്വം നിർണയിക്കുന്നതിലും സഹായിക്കാനാണ് സ്ത്രീലൈംഗികതയുടെ മേൽ സമൂഹം കടിഞ്ഞാണിട്ടതും സ്ത്രീലിംഗത്തിന്മേലുള്ള ആധിപത്യം ഉറപ്പിച്ചതും കുടുംബത്തെ വ്യവസ്ഥാപിത യൂണിറ്റാക്കി മാറ്റിയതും എന്നാണ്. ആർത്തവത്തെയും ഗർഭത്തെയും കൈകാര്യം ചെയ്യുന്നത് കൂട്ടായ ഉത്തരവാദിത്തം എന്നതിൽ നിന്ന് വ്യക്തിഗതമായതോ ഓരോ യൂണിറ്റിനകത്ത് (കുടുംബത്തിൽ) കൈകാര്യം ചെയ്യേണ്ടതോ ആയി മാറിയതിനാലാവണം ആർത്തവവുമായി ബന്ധപ്പെട്ട് ശുദ്ധി- അശുദ്ധി സങ്കൽപങ്ങൾ രൂപപ്പെട്ടതും പൊതുഇടങ്ങളിൽ നിന്ന് വിലക്കപ്പെടേണ്ടതും ഒളിച്ചുവയ്‌ക്കേണ്ടതുമായ പ്രക്രിയയായി ഇത് മാറിയതും.
സമൂഹത്തിന്റെ ജീർണമായ ചിന്താഗതി മാറുന്നതുവരെ ആർത്തവമുള്ള വിദ്യാർത്ഥികൾ ബുദ്ധിമുട്ട് വകവയ്ക്കാതെ ആർത്തവമില്ലാത്ത വിദ്യാർത്ഥികളുമായി മത്സരത്തിൽ ഏർപ്പെടണമെന്ന് തുടർന്നും ആവശ്യപ്പെടുന്നത് ശരിയല്ല. ഓരോ വ്യക്തികൾക്കും അവരവരുടെ ശേഷിയനുസരിച്ച് പ്രവർത്തിക്കാനുള്ള ഇടം നൽകേണ്ടത് സാമൂഹ്യവ്യവസ്ഥയുടെ ഉത്തരവാദിത്തമാണ്. എല്ലാ വ്യക്തികൾക്കും അവരുടെ സവിശേഷമായ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിഭവങ്ങൾ ലഭിക്കുക എന്നതും അനിവാര്യതയാണ്. വിദ്യാഭ്യാസരംഗത്ത് അത് നിർബന്ധമാക്കാനുള്ള അവകാശസമരങ്ങളിൽ ഏർപ്പെട്ടതിന്റെ ഫലമായാണ് ആർത്തവാവധി ലഭിക്കുന്നത്. പിന്തിരിപ്പൻ ചിന്തകളെയും പ്രവർത്തികളെയും ചെറുക്കാൻ തുടർന്നും അത്തരം സമരങ്ങൾ എല്ലാ രംഗങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നത് മാത്രമാണ് നമുക്ക് മുമ്പിലെ വഴി.
ക്വീർ വ്യക്തികളുടെ വെല്ലുവിളികൾ
ആർത്തവമുള്ള എല്ലാ വ്യക്തികൾക്കും ഉപയോഗിക്കാൻ പറ്റുന്നതായിരിക്കണം ആർത്തവ അവധി. ആർത്തവവുമായി ബന്ധപ്പെട്ട് ക്വീർ വ്യക്തികൾ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ ആർത്തവാവധി സഹായകരമായിരിക്കും. ഗർഭപാത്രമോ അണ്ഡാശയമോ യോനിയോ ഉള്ളതിന്റെ പേരിൽ സ്ത്രീയായി കല്പിക്കപ്പെട്ട (Assigned Female At Birth) അനേകം നോൺ- ബൈനറി, ട്രാൻസ്മാൻ വ്യക്തികളെ സംബന്ധിച്ച് ആർത്തവം അത്രമേൽ ദുഷ്‌കരവും വെറുപ്പുളവാക്കുന്നതുമായ പ്രക്രിയയാണ്. സ്ത്രീയായി സ്വയം അടയാളപ്പെടുത്തുന്നവരെ (Cis Women) മാത്രമല്ല ആർത്തവാവധിക്ക് പരിഗണിക്കേണ്ടത്. താൻ അനുഭവിക്കുന്ന അസ്വസ്ഥത മറ്റൊരു മനുഷ്യനെ ബോധ്യപ്പെടുത്താനുള്ള സാഹചര്യം പോലുമില്ലാത്ത ക്വീർ വ്യക്തികളോട് ‘അവധിയുടെ പരിഗണന വേണമെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൊണ്ടുവരൂ' എന്ന് ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം, സാമൂഹിക സദാചാര സ്ത്രീരുദ്ധ ബോധത്തിന്റെ പകർപ്പുകൾ പേറുന്നവരായിരിക്കും പല ഡോക്ടർമാരും. ഇവർ വൈവിധ്യമാർന്ന ബുദ്ധിമുട്ടനുഭവിക്കുന്നവരെ പരിഗണിക്കാതിരിക്കാനുള്ള സാധ്യത ഏറെയാണ്, പ്രത്യേകിച്ചും അവർ പാർശ്വവൽകൃത സമൂഹങ്ങളിൽ നിന്ന്വരുന്നവരാണെങ്കിൽ. അതുകൊണ്ട്, ആർത്തവ അവധിയുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങളിലുള്ള ശ്രദ്ധ അനിവാര്യമാണ്.
തൊഴിൽ മേഖലയിലോ?
വിദ്യാഭ്യാസ രംഗത്ത് എന്നതുപോലെ തൊഴിൽ മേഖലയിലും ആർത്തവാവധി ഉപയോഗപ്പെടുത്താൻ പറ്റാത്ത സാഹചര്യമുണ്ട്. സമകാലിക തൊഴിൽ രംഗം അങ്ങേയറ്റം അസമത്വം നിറഞ്ഞതും ചൂഷണാധിഷ്ഠിതവുമാണ്. ജോലി ചെയ്യുന്ന സ്ത്രീകളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് തൊഴിൽ സുരക്ഷിതത്വം അനുഭവിക്കുന്നത്. തൊഴിൽ രംഗങ്ങളിൽ ആർത്തവാവധി കൊണ്ടുവന്നാൽ തന്നെ അത് ആർക്കൊക്കെ ഉപയോഗിക്കാൻ പറ്റുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഇക്കാര്യത്തിലും തൊഴിൽമേഖലയിൽ നിലവിലുള്ള പലതരം ആധിപത്യങ്ങൾ മേധാവിത്തം പുലർത്തും. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കും സ്ഥിരജോലിക്കാർക്കും മാസവേതനക്കാർക്കും മാത്രമായിരിക്കും ഇത് ഉപയോഗപ്പെടുത്താൻ കഴിയുക. താത്കാലിക ജോലിക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ അസ്ഥിരമായ അവസ്ഥയിൽ ജോലി ചെയ്യുന്നവർ, ദിവസവേതനക്കാർ, കൂലിപ്പണിക്കാർ തുടങ്ങിയവർ ആർത്തവാവധി എടുക്കാൻ കഴിയാത്ത വിഭാഗങ്ങളായി നിലനിൽക്കും. എട്ട്- എട്ടര മാസം ഗർഭം ധരിക്കുന്നവർ പോലും ജോലി നഷ്ടമായേക്കാമെന്ന കാരണം കൊണ്ട് വളരെ കഷ്ടപ്പെട്ട് ജോലിക്കുപോകേണ്ട സാഹചര്യമുള്ള, ഗർഭിണിയാണെന്ന പേരിൽ ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യമുള്ള, ഒരു സമൂഹത്തിൽ ആർത്തവത്തിന്റെ പേരിൽ ഇത്തരം വ്യക്തികൾക്ക് അവധി എടുക്കുക അസാധ്യമായിരിക്കും.
ഇന്നത്തെ ലോകസാഹചര്യം നോക്കിയാൽ, വിദ്യാലയങ്ങളിലെ ആർത്തവാവധി വിപ്ലവമല്ല, പരിഷ്‌കാരം മാത്രമാണ്. ശാസ്ത്രീയ സോഷ്യലിസം മുന്നോട്ടുവച്ച്പ്രവർത്തിക്കുന്ന സാമൂഹികക്രമത്തിൽ മാത്രമേ ആർത്തവവും ഗർഭവും പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട അവകാശങ്ങൾ ജാതി- മത- ലിംഗ-വർഗ ഭേദമന്യേ ആസ്വദിക്കാൻ എല്ലാവർക്കും കഴിയുകയുള്ളൂ.