മുസ്‌ലിം സമുദായത്തെ ആർക്കാണ് പിറകിൽ കെട്ടേണ്ടത്?

സംഘ്പരിവാറിന്റെ രാഷ്ടീയാധീശത്വമുള്ള നമ്മുടെ രാജ്യത്ത് ഇരകളായി നിർത്തപ്പെട്ടവരാണ് മുസ്‌ലിം ജനത. അതുകൊണ്ട് അവരെ കൂടുതൽ പ്രതിസ്ഥാനത്ത് നിർത്തുന്ന ഇടപെടലുകൾ ഉണ്ടാകരുത് എന്ന ഒരു വാദവും ഇവിടെ ഉയരുന്നുണ്ട്. കേൾക്കുമ്പോൾ കൊള്ളാവുന്ന ഒരു വാദമായി ഇത് തോന്നാമെങ്കിലും ആ വാദം ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്നത് മുസ്‌ലിം സമൂഹത്തിനായിരിക്കും.

മുസ്‌ലിം കല്യാണങ്ങളിൽ സ്ത്രീയും പുരുഷനും ഒരേ പന്തലിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണല്ലോ നടി നിഖില വിമലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കാരണം. പൊതുപന്തിയിലിരുന്ന് ആഹാരം കഴിക്കുക എന്നത് സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശമാണെന്നതും കണ്ണൂരിൽ പല സ്ഥലങ്ങളിലും അങ്ങനെ അനുവദിക്കുന്നില്ല എന്നതുമാണ് നിഖില ഉയർത്തിയ വിമർശനത്തിന്റെ കാതൽ. അടിസ്ഥാനപരമായി ലിംഗനീതിയുമായി ബന്ധപ്പെട്ട പരാമർശമാണ് നിഖില നടത്തിയിരിക്കുന്നത്.

വ്യക്തിപരമായി പറയുകയാണെങ്കിൽ നിഖില ഉയർത്തിയ വിമർശനത്തെ ഒരു മുസ്‌ലിം സമുദായാംഗം എന്ന നിലയിൽ ഞാൻ പിന്തുണക്കുകയാണ്. അതിന്റെ കാരണങ്ങൾ വിശദീകരിക്കാം.

സത്യം പറഞ്ഞാൽ ഇന്നത്തെ കാലത്ത് നിഖില പറഞ്ഞതുപോലെയുള്ള കല്യാണങ്ങളെക്കാൾ എത്രയോ കൂടുതൽ അങ്ങനെയല്ലാതെ നടക്കുന്ന കല്യാണങ്ങളാണുള്ളത്. അത് മാത്രവുമല്ല, പലയിടങ്ങളിലും മുസ്‌ലിം കല്യാണങ്ങളിൽ സ്ത്രീകൾ വിവാഹവേദിയിൽ വരെ ഇരിക്കാൻ തുടങ്ങിയിട്ടുണ്ട്. വിവാഹവേദിയിൽ സ്ത്രീകൾ കൂടി ഉണ്ടാകൽ ഇത്ര പുതുമയോ എന്ന് ആശ്ചര്യപ്പെടുന്നവരുണ്ടെങ്കിൽ അവർക്കുവേണ്ടി പറയുകയാണ്- അതെ, മുസ്‌ലിംകളെ സംബന്ധിച്ച്​ അതൊരു വലിയ പുതുമ തന്നെയാണ്.

വലിയ പരിഷ്കരണ ചരിത്രങ്ങൾ അവകാശപ്പെടുന്ന സംഘടനകൾ പോലും ഇക്കാലം വരെ മുസ്‌ലിം സ്ത്രീക്ക് ഈ അവകാശം അനുവദിച്ചുകൊടുത്തിരുന്നില്ല. സ്വന്തം മകന്റെയോ മകളുടെയോ വിവാഹചടങ്ങുകൾ നടക്കുന്ന വേദിയിൽ ഉമ്മമാർക്ക് പ്രവേശനമില്ലായിരുന്നു. സ്വന്തം വിവാഹം നടക്കുന്ന വേദിയിൽ വധുവിനുപോലും പ്രവേശനമില്ലായിരുന്നു. ഇന്നും 99 ശതമാനം മുസ്‌ലിം കല്യാണങ്ങളും അങ്ങനെ തന്നെയാണ് നടക്കുന്നത്. ഈ വിഷയത്തിൽ ചെറിയ മാറ്റങ്ങൾ പോലും സംഭവിക്കാൻ തുടങ്ങുന്നത് ഈയടുത്ത കാലത്ത് മാത്രമാണ്. വരും കാലങ്ങളിൽ ഈ മാറ്റം കൂടുതൽ ശക്തമാകുകയും വ്യാപകമാവുകയും ചെയ്യും എന്നതുറപ്പാണ്.

ഇങ്ങനെയൊക്കെയുള്ള പാശ്ചാത്തലത്തിൽ നിഖില പറഞ്ഞതുപോലെയുള്ള സംഭവങ്ങളെ മതപരമായി പ്രതിരോധിക്കാൻ നിൽക്കേണ്ട ഒരു ബാധ്യതയും കേരളത്തിലെ മുസ്​ലിം സംഘടനകൾക്കോ അതിന്റെ പ്രവർത്തകർക്കോ ഇല്ലായിരുന്നു. ആ അവധാനത കാണിക്കാൻ അവർക്ക് കഴിഞ്ഞില്ല എന്ന വസ്തുതയെയാണ് വിവാദങ്ങളുടെ ഇപ്പോഴത്തെ ദിശ വെളിപ്പെടുത്തുന്നത്.

ഒരു ജനാധിപത്യ- മതേതര സമൂഹത്തിൽ എല്ലാ സാമൂഹ്യ രൂപങ്ങളും വിമർശനങ്ങൾക്കും ഓഡിറ്റിംഗുകൾക്കും വിധേയമാകും. അതിൽ ഒരു പുതുമയുമില്ല. മതങ്ങളും അതിൽ നിന്ന് ഒഴിവല്ല. കാരണം, ഇതൊരു മതരാജ്യമല്ല. ആധുനികമായ ജനാധിപത്യ- മതേതര ബോധങ്ങൾ കൊണ്ട് രൂപപ്പെട്ട ജനാധിപത്യ രാഷ്ട്രമാണ്. മനുഷ്യന്റെ വികസിച്ച് കൊണ്ടിരിക്കുന്ന സാമൂഹ്യ ബോധങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്ന എന്തും അപ്ഡേഷനുകൾക്ക് വിധേയമായേ പറ്റൂ. എങ്കിലേ അവക്ക് നില നിൽക്കാൻ സാധിക്കൂ.

അങ്ങനെ നിരന്തര അപ്ഡേഷനുകൾക്ക് വഴങ്ങിക്കൊടുത്ത ഒരു ഇസ്​ലാമാണ് ഇന്ന് ഇവിടെ നാം കാണുന്നത്. ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഇസ്​ലാമല്ല ഇവിടെയുള്ളത്. ഉത്തരേന്ത്യയിലെ ഇസ്​ലാം പോലുമല്ല കേരളത്തിലെ ഇസ്​ലാം. ഈ പറഞ്ഞതിനോട് വിയോജിപ്പുള്ളവരുണ്ടെങ്കിൽ എണ്ണിയെണ്ണി അവർക്ക് തെളിവുകൾ നൽകാം.

ഇനി മതപരമായ ആസ്പെക്ടിൽ തന്നെ നമുക്ക് ഇതിനെ നോക്കാം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് പറഞ്ഞാൽ, മക്കയും അവിടുത്തെ വിശുദ്ധമായ പള്ളിയുമാണല്ലോ അവർക്ക് അതിപ്രധാനമായത്. അവിടെ ആരാധനകൾ നടക്കുന്നത് നിങ്ങൾ പറയുന്നത് പോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് പന്തിയിലായാണോ അതോ ഒറ്റ പന്തിയിലാണോ?

കഅബക്കുചുറ്റും ഒരേ നടുത്തളത്തിൽ പ്രദക്ഷിണം വെക്കുന്നവർക്ക്, സഫ മർവ കുന്നുകൾക്ക് ഇടയിൽ ഒരേ വഴികളിലൂടെ തിക്കിയും തിരക്കിയും ഓടുന്നവർക്ക്, ഒരേ വിതാനത്തിൽ സുജൂദ് ചെയ്യുന്നവർക്ക്, വിശുദ്ധ ദേവാലയത്തിൽ ഒരേ വഴിയിലൂടെ പ്രവേശിക്കുന്നവർക്ക്, കണ്ണൂരിലെ കല്യാണ വീട്ടിലെഎത്തുമ്പോൾ എന്ത് മതപരവും സ്വത്വപരവുമായ സവിശേഷതകളാണ് പ്രത്യേകമായി കൈവരുന്നത്? അഷ്ടദിക്കിലേക്കും സ്വത്വവാദ, മതസവിശേഷതാ വാദങ്ങളുടെ ബാണങ്ങളും കുലപ്പിച്ച് നിൽക്കുന്ന മഹാന്മാർ അതൊന്ന് വിശദീകരിക്കണം.

Photo : Pexels

മുസ്​ലിംകളുമായി ബന്ധപ്പെട്ട് ഇവിടെ രൂപപ്പെടുന്ന വിവാദങ്ങളുടെ ഒരറ്റത്ത് എപ്പോഴും ഉണ്ടാകുക ഇസ്​ലാമിസ്റ്റുകളായിരിക്കും. അവർ പ്രക്ഷേപണം ചെയ്യുന്ന ക്യാപ്സൂളുകളാണ് അവരെ അനുകരിക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ പ്രവർത്തകർ ചർദ്ദിച്ച് വെക്കുന്നത്. ഇസ്​ലാമിസ്റ്റുകൾ ഉയർത്തുന്ന വാദങ്ങൾ അടിസ്ഥാനപരമായി അവരുടെ രാഷ്ട്രീയലാഭത്തിനാണ്. പലവട്ടം നാമത് കണ്ടതാണ്. ബാക്കി മുഴുവൻ ആളുകളെയും വർഗീയവും വംശീയവുമായി പ്രചോദിപ്പിക്കുകയും, സ്വന്തം കാര്യം സൂത്രത്തിൽ അവർ നേടിയെടുക്കുകയും ചെയ്യും. അവരുടെ വംശീയ വ്യഗ്രതകളെ ആധുനിക ബോധങ്ങളുടെ പദാവലികൾ കൊണ്ട് വ്യാഖ്യാനിക്കാൻ നടത്തുന്ന കസർത്തുകൾ കാണുമ്പോൾ പുച്ഛം മാത്രമേ തോന്നുന്നുള്ളൂ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചോയ്സ് വാദം.

എന്താണ് അവർ പറയാൻ ശ്രമിക്കുന്ന ചോയ്സ് വാദം? മുസ്‌ലിം സ്ത്രീകൾ പൊതുഇടങ്ങളിൽ വന്നിരിക്കാതെ അവർക്കായി മാത്രം കെട്ടിയുണ്ടാക്കുന്ന മറപ്പുരകളിൽ അവരുടെ സാമൂഹ്യജീവിതം തളച്ചിടുന്നത് അവരുടെ സ്വന്തം ചോയ്സ് ആണെന്നോ? മറ്റുള്ളവരാരും അതിനെ വിമർശിക്കാൻ പാടില്ലെന്നോ? എങ്കിൽ നല്ല കഥയായി. എല്ലാ കാലത്തും ഈ വാദങ്ങളും ഉയർത്തിയാണ് ഓരോ ജനതയും ആധുനിക സാമൂഹ്യ ക്രമങ്ങളോട് പുറം തിരിഞ്ഞുനിന്നത്.

അധികം പിറകിലല്ലാത്ത ഒരു കാലത്ത് ചോയ്സ് എന്ന വ്യാജേന ചില സ്ത്രീകൾ ‘സതി' ആചരിച്ചിരുന്ന ഒരു ചരിത്രം നമുക്കുമുന്നിലുണ്ട്. മേൽജാതിക്കാരുടെ എച്ചിലിലകളിൽ സ്വന്തം ഇഷ്ടപ്രകാരം ഉരുളുന്ന കീഴാള ജനത ഇവിടെ ഉണ്ടായിരുന്നു. മണ്ണിൽ സ്വയം കുഴി കുഴിച്ച് അതിൽ ഇലയിട്ടു മൂടി മാത്രം അതിന്മേൽ കഞ്ഞിയൊഴിച്ചുകുടിച്ചിരുന്ന ഒരു ജനത ഇവിടെയുണ്ടായിരുന്നു. ഇസ്‌ലാമിസ്റ്റുകളുടെ ചോയ്സ് സിദ്ധാന്തം മാനദണ്ഡമാക്കിയാൽ ഇവരെല്ലാം സ്വന്തം ചോയ്സ് കൊണ്ടാണ് അങ്ങനെ ചെയ്തിരുന്നത് എന്ന് അംഗീകരിച്ച് കൊടുക്കേണ്ടി വരും. അവരെ അതിൽ നിന്ന് തടഞ്ഞത് കടുത്ത ജനാധിപത്യ വിരുദ്ധതയായി മാറുകയും ചെയ്യും.

Photo : Pexels

ഇന്നും സ്വന്തം ചോയ്സ് കൊണ്ട് മുസ്‌ലിം സ്ത്രീകൾ ചേലാകർമം ചെയ്യപ്പെടുന്ന പല സ്ഥലങ്ങളുമുണ്ട്. ഈ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ അതിനോടൊക്കെയുള്ള ഇവരുടെ നിലപാടുകൾ കൂടി അറിയാൻ പൊതുസമൂഹത്തിന് താത്പര്യമുണ്ടാകണം.

നിർമിത, കല്പിത, വ്യാജ ചോയ്സുകളും ജനാധിപത്യപരമായ ചോയ്സും തമ്മിലുള്ള വൈജാത്യവും വൈരുദ്ധ്യവും അറിയാത്തവരല്ല ഈ ചോയ്സ് വാദമുയർത്തുന്ന ‘അഭിനവ ജനാധിപത്യ വാദികൾ'. സാമാന്യ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ പദാവലികളെ അവർ കടമെടുക്കുന്നത്.

ആധുനിക സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ച്​ഏറ്റവും നവീനരായി ജീവിക്കുക എന്നത് അവരുടെ അവകാശമാണ്. അത് ആണായാലും പെണ്ണായാലും. ആ നവീനതകൾ അവർക്ക് നിഷേധിക്കുന്നത് ആരാണ് എന്നതാണ് പ്രധാന ചോദ്യം. രണ്ടാമതായി, അതെന്തുകൊണ്ട് അവർക്ക് നിഷേധിക്കുന്നു എന്നതും. ഒന്നാമത്തേതിന്റെ ഉത്തരം, മതത്തിന്റെ പേരിലുള്ള മേധാവിത്വബോധങ്ങൾ എന്നതാണ്. അവർ നടത്തുന്ന അധീശത്വപരമായ ചൂഷണങ്ങളും സ്ത്രീവിരുദ്ധമായ നിലപാടുകളും എന്നതാണ് രണ്ടാമത്തെ ഉത്തരം.

ഒരിടത്ത് ജാതിബോധമായാണ് അത് പ്രത്യക്ഷപ്പെടുന്നതെങ്കിൽ മറ്റൊരിടത്ത് അത് അമൂർത്തമായ മതസംരക്ഷകരുടെ തിട്ടൂരങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. സൂക്ഷിച്ചുനോക്കിയാൽ ഇതിനെല്ലാം ഗുണഭോക്താക്കളുണ്ട് എന്ന് നമുക്ക് മനസ്സിലാകും. അത് ഒന്നുകിൽ രാഷ്ട്രിയാധികാരമാകും അല്ലെങ്കിൽ മതധികാരമാകും.

സംഘ്പരിവാറിന്റെ രാഷ്ടീയാധീശത്വമുള്ള നമ്മുടെ രാജ്യത്ത് ഇരകളായി നിർത്തപ്പെട്ടവരാണ് മുസ്‌ലിം ജനത. അതുകൊണ്ട് അവരെ കൂടുതൽ പ്രതിസ്ഥാനത്ത് നിർത്തുന്ന ഇടപെടലുകൾ ഉണ്ടാകരുത് എന്ന ഒരു വാദവും ഇവിടെ ഉയരുന്നുണ്ട്. കേൾക്കുമ്പോൾ കൊള്ളാവുന്ന ഒരു വാദമായി ഇത് തോന്നാമെങ്കിലും ആ വാദം ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്നത് മുസ്‌ലിം സമൂഹത്തിനായിരിക്കും.

ആഭ്യന്തരമായി നവീകരിക്കപ്പെടാത്ത, ജീർണിച്ച ഒരു മുസ്‌ലിം സമൂഹത്തിന്റെ നിർമ്മിതിക്ക് മാത്രമേ ഈ വാദം ഉപകരിക്കുകയുള്ളൂ. നിരന്തരമായി നവീകരിക്കപ്പെടുകയും ജനാധിപത്യപരവും മതേതരവുമായ വീക്ഷണ സമ്പന്നത കൈവരിക്കുകയുംചെയ്യുന്ന ഒരു മുസ്‌ലിം സമുദായത്തിന് മാത്രമേ രാഷ്ട്രീയ പ്രതിരോധങ്ങൾ ഉയർത്താൻ വേണ്ട കെല്പുണ്ടാകൂ. താത്കാലികമായി മുസ്‌ലിം സമൂഹത്തെ തടവിവിടുന്നവർ അവരെ അതിൽ നിന്ന് തടയുകയാണ് യഥാർത്ഥത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അത് മത, സമുദായ വാദികളയാലും ശരി പോസ്റ്റ് മോഡേൺ മുസ്‌ലിം അനുഭാവികളായാലും ശരി.

Comments