"എനിക്ക് മാപ്പു കൊടുക്കുവാൻ കഴിയാത്ത ഒരു അധ്യായമാണ് KSFDC-യും ഷാജി എൻ കരുണും "

ഷാജി എൻ കരുൺ ശക്തനാണെന്നും അദ്ദേഹത്തിന്റെ സ്വാധീനം എനിക്ക് സങ്കല്പിക്കാവുന്നതിനും അപ്പുറമാണ് എന്നും ചിലർ പരോക്ഷമായി താക്കീത് തന്നു. ഇനി ഒരിക്കലും എന്നെ ഇവിടെ സിനിമ ചെയ്യുവാൻ അനുവദിക്കില്ല എന്ന് ഷാജി എൻ കരുൺ പ്രഖ്യാപിച്ചതായി ചില സുഹൃത്തുക്കൾ എന്നെ അറിയിച്ചു. ഷാജി എൻ കരുണിന്റെ അപ്രീതിക്ക് പാത്രമായി ബുദ്ധിമുട്ടുന്നത് ഞാൻ മാത്രമല്ല എന്ന് ഞാൻ മനസ്സിലാക്കി. എല്ലാവർക്കും ഇതൊക്കെ തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം എന്നില്ല. പലരുടെയും ഉപജീവനമാർഗം തന്നെ വഴിമുടങ്ങും എന്ന ഭയം അവർക്കുണ്ട്- ‘നിള’ എന്ന സിനിമയുമായി ബന്ധപ്പെട്ട് KSFDC-യിൽനിന്നും ചെയർമാൻ ഷാജി എൻ. കരുണിൽനിന്നുമുണ്ടായ ആക്ഷേപകരമായ അനുഭവങ്ങളെക്കുറിച്ച് എഴുതുന്നു തിരക്കഥാകൃത്തും സംവിധായികയുമായ ഇന്ദു ലക്ഷ്മി.

ലച്ചിത്ര വികസന കോർപറേഷൻ നിർമ്മിച്ച നിള എന്ന ചിത്രത്തിന്റെ സംവിധായികയാണ് ഞാൻ. നിളയുമൊത്തുള്ള യാത്രയിൽ, കാലങ്ങളായി സിനിമയിൽ നടന്നുവരുന്ന വിവേചനത്തിന്റെ ഒരു അംശം ഞാനും അനുഭവിച്ചിട്ടുണ്ട്. ഷാജി എൻ. കരുൺ (KSFDC ചെയർമാൻ) എന്ന പ്രഗത്ഭനായ സംവിധായകൻ ആവർത്തിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ചില കീഴ്‌വഴക്കങ്ങൾ എനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

രണ്ടു വർഷത്തോളം നീണ്ട എന്റെ ആദ്യ സിനിമയുടെ അനുഭവങ്ങളുടെ വിപുലമായ പകർപ്പായിട്ടാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ എനിക്ക് തോന്നുന്നത്. അന്ന് എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ചങ്ങലകൾ കാലപ്പഴക്കമുള്ളതായിരുന്നുവെന്ന് ആ റിപ്പോർട്ടിൽ നിന്ന് എനിക്ക് മനസ്സിലാകുന്നു. പഴക്കം കൊണ്ട് ചില കീഴ്‌വഴക്കങ്ങൾ നിയമങ്ങളായി മാറുന്നതു പോലെയാണ് അവരുടെയൊക്കെ മെമ്മറിയിലുള്ള ലിംഗവിവേചനം. അങ്ങനെയല്ല എങ്കിൽ, ‘എന്റെ മുന്നിൽ അഭിപ്രായം പറയാൻ എങ്ങനെ ധൈര്യം വന്നു’ എന്ന് ഷാജി എൻ. കരുൺ ‘ആത്മവിശ്വാസ’ത്തോടെ ചോദിക്കില്ലല്ലോ.

സംവിധായകൻ ഷാജി എൻ. കരുൺ
സംവിധായകൻ ഷാജി എൻ. കരുൺ

ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ 2024 വരെയും മാറാതെ തുടരുന്ന ചില മാറാലകളുടെ കാവൽക്കാരാണ് അധികാരത്തിലിരിക്കുന്ന ഷാജി എൻ. കരുണിനെ പോലെയുള്ളവർ. മാറ്റങ്ങൾ കൊണ്ടുവരാനോ മാറി ചിന്തിക്കാനോ സ്ത്രീകളെ അനുവദിക്കാതെ, അദൃശ്യമായ ഒരു കുടക്കീഴിൽ നിർത്തി ഭരിക്കാൻ ഒരുപക്ഷെ നല്ല ഹരമായിരിക്കാം. അത്തരം കുടക്കീഴിൽ നിൽക്കാനിഷ്ടപ്പെടുന്ന ഒരു ചെറിയ സ്ത്രീസമൂഹവും ഈ കാലയളവിൽ ഉണ്ടാക്കപ്പെട്ടുകഴിഞ്ഞു. വിധേയത്വത്തോടെ 'ചേട്ടാ' എന്ന് വിളിച്ച് സുഖിപ്പിച്ചുനിർത്താൻ കഴിയുന്ന ഒരു പെൺസമൂഹവും ഇവിടെയുണ്ട്. അതിനെ നിരന്തരം നോർമലൈസ് ചെയ്യുകയാണ് ഷാജി എൻ. കരുൺ ചെയ്തിരുന്നത്.

ഒന്നര കോടി ബജറ്റ് ആണ് നിള ഉൾപ്പെടെയുള്ള നാല് സിനിമകൾക്കും ഗവണ്മെന്റ് അനുവദിച്ചത്. നിള പോലൊരു സിനിമ ചെയ്യുവാൻ ആ ബഡ്ജറ്റിന്റെ ആവശ്യമില്ല. അതിൽ പ്രവർത്തിച്ച എല്ലാ അഭിനേതാക്കളും ടെക്‌നിഷ്യൻമാരും വളരെ ചെറിയ പ്രതിഫലത്തിലായിരുന്നു സഹകരിച്ചിരുന്നത്. ആകെ രണ്ടു ലൊക്കേഷൻ മാത്രം. ഒരു മുറി. ആർട്ട് പ്രോപ്പർട്ടി ആയി എന്റെ വീട്ടിലെയും എന്റെ സുഹൃത്തുക്കളുടെ വീട്ടിലെയും സാധനങ്ങളാണ് ഭൂരിഭാഗവും ഉപയോഗിച്ചത്. പ്രധാന കഥാപാത്രങ്ങളുടെ കോസ്റ്റിയൂമുകൾ പലതും എന്റെ തന്നെ ആയിരുന്നു. ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ലൈൻ പ്രൊഡ്യൂസർ സാമ്പത്തിക ക്രമക്കേട് ചെയ്യുന്നു എന്ന് മനസ്സിലായപ്പോൾ തന്നെ ഞാൻ KSFDC- യെ അറിയിച്ചിരുന്നു. പക്ഷെ അവർ അത് വളരെ ലാഘവത്തോടെ എന്റെ 'അറിവില്ലായ്മ' എന്നു പറഞ്ഞ് ചിരിച്ചുകളഞ്ഞു. നിള യുടെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ്, ഇത് ഇവരെല്ലാം ചേർന്ന് നടത്തുന്ന നാടകമാണ് എന്നെനിക്ക് മനസ്സിലായത്. ഷാജി എൻ. കരുണിനെ പല തവണ കാണുവാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പുച്ഛത്തോടെ നിരസിച്ചു. 'നാല് അവാർഡ് വാങ്ങിക്കൊണ്ടുവന്നാൽ നിങ്ങൾ പറയുന്നത് ഞാൻ കേട്ടേക്കും' എന്നാണ് അദ്ദേഹം പറഞ്ഞത്.

കത്തുകൾ മുഖേന അറിയിച്ചപ്പോൾ KSFDC MD ഒഫീഷ്യൽ ആയി അയച്ച കത്തിൽ, ഞാൻ 'ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായതുകൊണ്ട് എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ല എന്നും എല്ലാ പ്രശ്നങ്ങളും എന്റെ സങ്കല്പങ്ങൾ മാത്രം ആണ്' എന്നുമായിരുന്നു മറുപടി. ഇപ്പോൾ പലരും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഈ അദ്ധ്യായങ്ങളാണ് ഓർമ വരുന്നത്. ഇരുട്ടുകൊണ്ട് വെളിച്ചത്തെ അടക്കാൻ ശ്രമിക്കുന്നതുപോലെ 'ഒന്നും അറിഞ്ഞില്ല' എന്ന ഭാവം.

സംവിധായിക ഇന്ദു ലക്ഷ്മി
സംവിധായിക ഇന്ദു ലക്ഷ്മി

അങ്ങനെ കത്തുകൾക്കൊടുവിൽ ഷാജി എൻ. കരുൺ വിളിച്ച മീറ്റിംഗിൽ, ഇപ്പോൾ ഗവണ്മെന്റ് പറയുന്ന കോൺക്ലേവിൽ സംഭവിക്കാൻ പോകുന്നതുപോലെ, ഇരയും വേട്ടക്കാരുമൊക്കെ ഒരുമിച്ചുണ്ടായിരുന്നു. KSFDC-യിലെ നിരന്തര മാനസിക പീഡനങ്ങൾ കാരണം എന്റെ വീടിനു പുറത്തു പോലും ഒന്നിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന് എനിക്ക്. എന്റെ കുട്ടികളെ പോലും ഒന്ന് നോക്കാൻ കഴിയാത്ത അത്രയും വിധം മനസ്സിലെ മുറിവുകൾ വീർപ്പുമുട്ടിച്ചിരുന്ന ഒരു കാലഘട്ടം. അതുകൊണ്ടുതന്നെ ഒറ്റക്ക് അവിടെ പോകാൻ എനിക്ക് കഴിയുമായിരുന്നില്ല.

നേരത്തെ അറിയിച്ച പ്രകാരം എന്നെ പ്രതിനിധീകരിക്കാനും ഒരു സാക്ഷിയായും ഒരു വക്കീലിനെ ഞാൻ ആ മീറ്റിംഗിൽ കൂടെക്കൊണ്ടുപോയി. ഒരു സാക്ഷി അനിവാര്യമായിരുന്നു. KSFDC- യുടെ മീറ്റിംഗുകളിലും ചർച്ചക്കുശേഷം അവർക്ക് തോന്നുന്ന പോലെയാണ് മിനുറ്റ്സ് എഴുതിയിരുന്നത്. അത് അവരുടെ ഒരു തന്ത്രമായിരുന്നു. അപ്പോഴൊക്കെ ശബ്ദം നിലച്ചപോലത്തെ ഒരു അവസ്ഥയായതിനാൽ ഒരു വക്കീൽ കൂടെയില്ലാതെ എനിക്ക് പോകുവാൻ കഴിയില്ലായിരുന്നു. പക്ഷെ എന്റെ കൂടെ മറ്റാരെയും ചെയർമാന്റെ മുറിയിലേക്ക് കയറ്റാൻ അവർ സമ്മതിച്ചില്ല. കൂടെ കയറാൻ നോക്കിയ വക്കീലിനെ ബലമായി ആ മുറിയിൽ നിന്ന് അവർ പുറത്താക്കി. ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ, ഒന്നര മണിക്കൂർ നേരം എന്നെ അവർ തുടർച്ചയായി verbal harass ചെയ്തു . അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചു, കളിയാക്കി, ഞാൻ പറയുന്നതുകേട്ട് ഉറക്കെ പരിഹസിച്ചു ചിരിച്ചു. എന്നെ പ്രകോപിപ്പിക്കുകയാണ് എന്ന് മനസ്സിലായതു കൊണ്ടുതന്നെ ഞാൻ കരയുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല. അത് അവരെ കൂടുതൽ ചൊടിപ്പിച്ചു. തെറി പറയുകയും അലറി വിളിക്കുകയും ചെയ്യുന്നതാണ് ഒരു ഫിലിം മേക്കർക്ക് വേണ്ട കഴിവുകൾ എന്ന് വിശ്വസിക്കുന്ന ഫിലിം ഓഫീസർ എന്റെ ശരീരഭാഷയെ അപമാനിച്ചു. ടോയ്ലറ്റ് ഇഷ്യൂവിനെ കുറിച്ച് സംസാരിച്ചപ്പോൾ ‘ഇന്ദു മൂത്രമൊഴിച്ചതിന്റെ ബിൽ വരെ submit ചെയ്തു' എന്ന ഫിലിം ഓഫീസറുടെ 'തമാശ' കേട്ട് എല്ലാവരും ചിരിച്ചു.

അന്ന് എന്നെ അത്ഭുതപ്പെടുത്തിയത് ഷാജി എൻ. കരുൺ ആണ്. സൗമ്യഭാവനായി വളരെ പതുക്കെ അദ്ദേഹം പറഞ്ഞ മനുഷ്യവിരുദ്ധത എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. വളരെ മൃദുവായി എങ്ങനെ ഒരാളെ കൊല്ലാം എന്ന് അദ്ദേഹത്തോളം മറ്റാർക്കും അറിയുന്നുണ്ടാവില്ല. അദ്ദേഹവും ആ മുറിയിലിരുന്ന പാദസേവകരും എന്നോട് അന്ന് പറഞ്ഞത്, 'കാലങ്ങളായി സിനിമയിൽ സ്ത്രീകൾ ഈ പ്രശ്നങ്ങളോടൊക്കെ പൊരുത്തപ്പെട്ടു പോകുന്നുണ്ട്' എന്നാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഒരു സീനിയർ ഡയറക്ടർ ഇത് പറഞ്ഞതായി സൂചിപ്പിക്കുന്നുണ്ട്. എൺപതുകളിൽ തുറന്ന ഇടങ്ങളിലും മരങ്ങളുടെ മറകളിലും സ്ത്രീകൾ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിട്ടുണ്ടത്രേ. അങ്ങനെയുള്ളപ്പോൾ, പരാതി പറയാൻ എനിക്ക് എന്തവകാശം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നാഷണൽ അവാർഡ് ഉൾപ്പെടെ വാങ്ങിയിട്ടുള്ള പ്രതിഭാശാലികളായ മലയാള സിനിമയിലെ സീനിയർ നടിമാരെ ആ മീറ്റിംഗിൽ അദ്ദേഹം അപമാനിച്ചു സംസാരിച്ചു. 'ഇവരൊക്കെ പണ്ട് തറയിൽ കിടന്നുറങ്ങുന്നതുവരെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അവർക്കൊക്കെ എ സി റൂം ഉണ്ടെങ്കിലേ പറ്റൂ' എന്നുപറഞ്ഞ് പരിഹസിച്ചപ്പോൾ ആ മുറിയിലിരുന്ന എല്ലാവരും ഉറക്കെ എന്തോ വലിയ തമാശ കേട്ടതുപോലെ നിർത്താതെ ചിരിച്ചു.

ആ മീറ്റിംഗിൽ പങ്കെടുത്ത അന്നത്തെ KSFDC MD (ഒരു സ്ത്രീ കൂടിയാണവർ) എന്നോട്, 'പരാതി പറയാതെ ആത്മഹത്യ ചെയ്തു കാണിക്കൂ' എന്നു പറഞ്ഞപ്പോഴും അവിടെ ഒരു കൂട്ടച്ചിരിയാണ് ഉയർന്നത്.

ഒന്നര മണിക്കൂർ ഷാജി എൻ. കരുൺ എന്നെ ഓർമിപ്പിച്ചത് ദ്രൗപതി വസ്ത്രാക്ഷേപത്തെയാണ്. ഒരു സദസ്സിൽ ഒരു സ്ത്രീയുടെ അഭിമാനത്തെ എത്ര ക്രൂരമായിട്ടാണ് അദ്ദേഹവും ആ മുറിയിലുള്ള മറ്റുള്ളവരും വലിച്ചുകീറിയത്. അവിടെ നിന്നിറങ്ങുമ്പോൾ എന്റെ തൊലിപ്പുറം പോലും അപമാനത്താൽ പൊള്ളുന്നുണ്ടായിരുന്നു. അവരുടെ ചിരി എന്നെ മാസങ്ങളോളം പിന്തുടരുന്നുണ്ടായിരുന്നു. ഇന്നും, കാലമിത്ര കഴിഞ്ഞിട്ടും എനിക്ക് മാപ്പു കൊടുക്കുവാൻ കഴിയാത്ത ഒരു അധ്യായമായി KSFDC-യും ഷാജി എൻ കരുണും തുടരുന്നു.

ഇനി ഒരിക്കലും ഒരാൾക്കും ഇത് സംഭവിക്കരുത് എന്ന് കരുതിയാണ് സാംസ്‌കാരിക വകുപ്പു മന്ത്രിക്ക് പരാതി നൽകിയത്. ആ കത്തിൽ വിശദമായി എല്ലാ പ്രശ്നങ്ങളും അഴിമതികളും ചൂണ്ടിക്കാണിച്ചിരുന്നു. ആ കത്തും പിന്നീടുള്ള ഫോളോ അപ്പ് കത്തുകളും സെക്രട്ടറിയേറ്റിന്റെ ഷെൽഫുകളിൽ ഇപ്പോൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. നേരിട്ടുപോയി പല തവണ അഭ്യർഥിച്ചപ്പോഴൊക്കെ ‘ഇപ്പൊ ശരിയാക്കി തരാം' എന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പു നൽകി. കഴിഞ്ഞ ഇരുപതു കൊല്ലമായി ഒരു സിനിമ പോലും കണ്ടിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്ന സിനിമാമന്ത്രിക്ക്, KSFDC ചെയർമാൻ ഷാജി എൻ. കരുൺ സിനിമയുടെ ദൈവതുല്യനായതുകൊണ്ട് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പകരം നിള എന്ന സിനിമ തുടച്ചു മാറ്റപ്പെട്ടു. അയച്ച ഫെസ്റ്റിവലുകളിൽ ‘ചിലരുടെ' ഇടപെടൽ കാരണം നിള ഡ്രോപ്പ് ചെയ്തു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. തിയേറ്ററിൽ നിന്ന് നിള മനഃപൂർവം KSFDC എടുത്തുമാറ്റി. 'മര്യാദക്ക് നിന്നിരുന്നെങ്കിൽ ഇങ്ങനെ ആകുമായിരുന്നോ' എന്ന് KSFDC- യിലെ ചിലർ എന്നെ ഓർമപ്പെടുത്തി. ഷാജി എൻ കരുൺ ശക്തനാണെന്നും അദ്ദേഹത്തിന്റെ സ്വാധീനം എനിക്ക് സങ്കല്പിക്കാവുന്നതിനും അപ്പുറമാണ് എന്നും പറഞ്ഞ് ചിലർ പരോക്ഷമായി താക്കീത് തന്നു. ഇനി ഒരിക്കലും എന്നെ ഇവിടെ സിനിമ ചെയ്യുവാൻ അനുവദിക്കില്ല എന്ന് ഷാജി എൻ കരുൺ പ്രഖ്യാപിച്ചതായി ചില സുഹൃത്തുക്കൾ എന്നെ അറിയിച്ചു. ഷാജി എൻ കരുണിന്റെ അപ്രീതിക്ക് പാത്രമായി ബുദ്ധിമുട്ടുന്നത് ഞാൻ മാത്രമല്ല എന്ന് ഞാൻ മനസ്സിലാക്കി. പലരുടെയും അനുഭവങ്ങൾ നിളയുടെ അനുഭവങ്ങളെക്കാൾ ഭീകരമാണ്. എല്ലാവർക്കും ഇതൊക്കെ തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം എന്നില്ല. പലരുടെയും ഉപജീവനമാർഗം തന്നെ വഴിമുടങ്ങും എന്ന ഭയം അവർക്കുണ്ട്.
ഇങ്ങ​നെയൊരു നിലപാടുള്ള ഒരാളുടെ നേതൃത്വത്തിൽ രൂപീകരിക്കാനിരിക്കുന്ന സിനിമാനയത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം എന്താകുമെന്ന് എനിക്ക് ഉറപ്പാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഷാജി എൻ കരുൺ എന്നാൽ സിനിമയുടെ അവസാന വാക്കായതുകൊണ്ട് ഇവിടെയുള്ള സ്ത്രീകൾ ഇത് അനുഭവിച്ചു കൊള്ളണം എന്നുണ്ടോ? ഷാജി എൻ കരുൺ 'വൃദ്ധൻ' ആണെന്നും പല രോഗങ്ങളാൽ ക്ഷീണിതനാണ് എന്നുമാണ് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ ചില ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞത്. വാർദ്ധക്യവും രോഗവും മരണവും പോലും മനുഷ്യത്വമില്ലായ്മക്കുള്ള ന്യായങ്ങൾ ആണോ? അവരുടെ സാഡിസ്റ്റിക് പുളകങ്ങൾക്ക് ഇട്ടു കൊടുക്കേണ്ട ഒന്നാണോ ദശകങ്ങളായി ഇവിടെ ഒരു സമൂഹം സിനിമയിൽ അനുഭവിക്കുന്ന വേദനകൾ? മരണം ഒരു ന്യായമാണ് എങ്കിൽ, എത്ര സ്ത്രീകളാണ് മലയാള സിനിമയിൽ നിശ്ശബ്ദരാക്കപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുള്ളത് എന്നും കൂടി പരിശോധിക്കണ്ടേ? മാനസികമായി ഒരു ഉന്നതിയുമുണ്ടാകുന്നില്ല എങ്കിൽ പ്രായവും വാർദ്ധക്യവും കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? മരിച്ചുപോയ പലരുടെയും പേരുകൾ ഉച്ചരിക്കുമ്പോൾ ഷാജി എൻ കരുണിനുണ്ടാകുന്ന പുച്ഛം ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. മരണത്തിനുശേഷവും 'വെറും സ്ത്രീകൾ' മാത്രമായി നമ്മളൊക്കെ അവശേഷിക്കുമല്ലോ എന്ന ഭയമായിരുന്നു അതു കണ്ടപ്പോൾ എനിക്കന്ന് തോന്നിയത്.

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യഗൗരവമുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ, 'മോഹൻലാലിന് കൊടുക്കുന്ന വേതനം തന്നെ എങ്ങനെ ജൂനിയർ ആർട്ടിസ്റ്റിനും കൊടുക്കും, രണ്ടും അഭിനയം തന്നെയല്ലേ?’ എന്ന് ചിരിച്ചു പുച്ഛിക്കുന്നത് ഇവരുടെയെല്ലാം ടൈം റെസ്റ്റഡ് തന്ത്രമാണ്. ആ ചിരി എനിക്ക് പരിചിതമാണ്. അത് അവരുടെ മുഖം മൂടിയാണ്. ആ ചിരിമറയിൽ ഒളിച്ചിരിക്കുന്നത് വികൃതമായ സത്യങ്ങളുടെ ഒരു വലിയ കൂമ്പാരമാണ്. ആ വൈകൃതങ്ങളിലും അവരുടെ പ്രിവിലേജുകളിലും ആത്മാഭിമാനമുള്ള ഒരു സ്ത്രീയും പുരുഷനും ഇനി ഇവിടെ ബലികൊടുക്കപ്പെടരുത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു തുടക്കം മാത്രമാണ്. കാലത്തിന്റെ ഓർമപ്പെടുത്തലാണ്. ഇനിയെങ്കിലും ഇവിടെ മാറ്റങ്ങളുണ്ടാകണം. ചില വ്യക്തികളുടെ പ്രീതിയാകരുത് സിനിമയിലെ നിലനിൽപ്പിന്റെ താക്കോൽ. ഷാജി എൻ കരുണിനെ പോലെ എത്രയോ പവർ സെന്ററുകൾ മലയാള സിനിമയിൽ ഉണ്ടായിരിക്കാം. മാറ്റം വേണം എന്ന് ആവശ്യപ്പെടുമ്പോൾ അവരുടെയൊക്കെ കയ്യിലായിരിക്കരുത് സർക്കാർ അധികാരം നൽകേണ്ടത്.

Comments