സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ്, സ്ത്രീകളെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ വെച്ച് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തപ്പോൾ

തല മൊട്ടയടിക്കുന്ന പെൺപ്രതിസന്ധികൾ

നിയസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ പത്ത് ശതമാനം പോലും വനിതാ പ്രാതിനിധ്യമില്ല

സ്വന്തമായി സ്വത്തുണ്ടായിരുന്ന സ്ത്രീകൾക്കും വിദ്യാഭ്യാസമുണ്ടായിരുന്ന സ്ത്രീകൾക്കും സമൂഹത്തിൽ ഉയർന്ന നിലകളിലുണ്ടായിരുന്ന സ്ത്രീകൾക്കും മാത്രമാണ് 17, 18 നൂറ്റാണ്ടുകളിൽ വോട്ട് ചെയ്യാൻ അവകാശമുണ്ടായിരുന്നത്. അതും ലോകത്ത് ചുരുക്കം ചിലയിടങ്ങളിൽ മാത്രവും. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ചെങ്കിലും എല്ലാ സ്ത്രീകൾക്കും വോട്ടവകാശം കിട്ടാനും അത് സ്ഥിരമാകാനും വീണ്ടും സമയമെടുത്തു. ഇന്ത്യയിൽ 1917 ലാണ് സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയുള്ള നീക്കങ്ങൾ ഉണ്ടാകുന്നത്. 1919 ലാണ് പരിമിതമായ നിലയിൽ സ്ത്രീകൾക്ക് വോട്ടവകാശം അനുവദിക്കപ്പെട്ടത്. 2015ൽ മാത്രമാണ് സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നത്. അതായത് ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് വോട്ടവകാശം നേടിയെടുക്കുന്നതിനു തന്നെ ഒരു നീണ്ടകാലം വേണ്ടിവന്നു. ഈ നീണ്ടകാലത്തിനിടയിൽ രാഷ്ട്രീയമണ്ഡലത്തിൽ സ്ത്രീകളുടെ സാന്നിധ്യം വർധിച്ചു വന്നിട്ടുണ്ടെങ്കിലും അത് ഇപ്പോഴും പുരുഷന്മാരുടെ തീരുമാനങ്ങളാലും പ്രവൃത്തികളാലും രൂപപ്പെടുകയും നിലനിൽക്കുകയും ചെയ്യുന്ന ഇടമാണ്. നാമമാത്രമായ പ്രാതിനിധ്യവും ഇടപെടലും മാത്രമാണ് സ്ത്രീകൾക്ക് ഈ ഇടത്തിൽ സാധ്യമായിട്ടുള്ളത്.

രാഷ്ട്രീയം തങ്ങളുടെ കൂടി വിഷയമാണെന്ന് കരുതി സ്വയം തെരഞ്ഞെടുക്കലുകൾ നടത്തിയും രാഷ്ട്രീയത്തിലിടപെട്ടും മുൻപോട്ട് വരുന്ന സ്ത്രീകൾ കുറവാണ്. പുരുഷന്മാരെപ്പോലെ ഒരു തൊഴിലായോ തന്റെ വ്യക്തിത്വത്തിന്റെ പ്രധാന ഘടകമായോ രാഷ്ട്രീയത്തെ കാണാൻ സ്ത്രീക്ക് ഇനിയും കഴിഞ്ഞിട്ടില്ല

സ്ത്രീകളുടെ രാഷ്ട്രീയം ആരുടെ രാഷ്ട്രീയമാണ് എന്ന സുപ്രധാനമായ ചോദ്യം നേരിട്ടു കൊണ്ടു മാത്രമേ രാഷ്ട്രീയ മണ്ഡലത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചർച്ച ആരംഭിക്കാൻ കഴിയൂ. പുരുഷന്മാർ കൂടിയിരുന്ന് രാഷ്ട്രീയം ചർച്ച ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പുറം ലോകത്തിന്റെ സാധ്യതകളിൽ നിന്ന് അകറ്റി നിർത്തപ്പെടുന്ന ഒരുവൾക്ക് സ്വന്തമായ രാഷ്ട്രീയ ബോധ്യങ്ങളും അതിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികളും തെളിഞ്ഞു കിട്ടുക എളുപ്പമല്ല. ജനിച്ച ജാതി ഒരാളുടെ സ്ഥിര മേൽവിലാസമാകുന്ന സ്വാഭാവികത പോലെ ജനിച്ച രാഷ്ട്രീയം തന്നെയാണ് മിക്കപ്പോഴും സ്ത്രീയുടെ മാത്രമല്ല പുരുഷന്റെയും രാഷ്ട്രീയ സ്വത്വം. പല സാധ്യതകളെ കണ്ടും കേട്ടും വായിച്ചുമറിഞ്ഞ് രൂപപ്പെടുന്ന ഒന്നല്ല ഒരാളുടെ രാഷ്ട്രീയം. വിവാഹം വരെ അച്ഛന്റെയും വിവാഹശേഷം ഭർത്താവിന്റെയും രാഷ്ട്രീയം പിൻതുടരുക എന്നതാണ് സ്ത്രീയെ സംബന്ധിച്ച്, പൊതു സ്വീകാര്യതയുള്ള രാഷ്ടീയ നിലപാട്. രാഷ്ട്രീയം തങ്ങളുടെ കൂടി വിഷയമാണെന്ന് കരുതി സ്വയം തെരഞ്ഞെടുക്കലുകൾ നടത്തിയും രാഷ്ട്രീയത്തിലിടപെട്ടും മുൻപോട്ട് വരുന്ന സ്ത്രീകൾ കുറവാണ്. പുരുഷന്മാരെപ്പോലെ ഒരു തൊഴിലായോ തന്റെ വ്യക്തിത്വത്തിന്റെ പ്രധാന ഘടകമായോ രാഷ്ട്രീയത്തെ കാണാൻ സ്ത്രീക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അങ്ങനെ കാണുന്ന സ്ത്രീകൾക്ക് തന്നെ മുന്നോട്ട് പോകാൻ പരിമിത സാധ്യതകളേ ഉണ്ടാവുന്നുമുള്ളൂ.

സ്​ഥാനാർഥിത്വം നിഷേധിക്കപ്പെടുമെന്ന സൂചനയുണ്ടായപ്പോൾ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്കുമുന്നിൽ വിതുമ്പുന്ന കൊല്ലം ഡി.സി.സി പ്രസിഡൻറ്​ ബിന്ദു കൃഷ്ണ. പീന്നിട്​ ഇവരെ കൊല്ലം നിയമസഭാ മണ്ഡലത്തിൽ സ്​ഥാനാർഥിയാക്കി

സ്ത്രീവാദത്തിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ ഏറ്റവും പ്രാധാന്യത്തോടെ ഉയർത്തിപ്പിടിച്ച വിഷയമാണ് സ്ത്രീകളുടെ വോട്ടവകാശമെങ്കിലും ആദ്യഘട്ടത്തിൽ ഉയർന്നുവന്ന ഈ വിഷയത്തെ പോലും സമഗ്രമായി നേരിടാനോ പരിഹരിക്കാനോ ഇന്നും സാധിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അമ്പത് ശതമാനം പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നത് രാഷ്ട്രീയ മണ്ഡലത്തിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നു വരാൻ ഇടയാക്കിയിട്ടുണ്ട്. തങ്ങളുടെ കൂടി ഇടമായി രാഷ്ട്രീയ മണ്ഡലത്തെ സ്ത്രീകൾ മനസിലാക്കുന്നത് രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതൽ അവർ ശ്രദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. അതേ സമയം ഇവരിലെത്ര പേർ രാഷ്ട്രീയ ജ്ഞാനമുള്ളവരാണ്, തങ്ങളുടെ രാഷ്ട്രീയത്തെ നിശ്ചയിക്കാൻ പ്രാപ്തിയുള്ളവരാണ്, രാഷ്ട്രീയ തീരുമാനങ്ങളിൽ ഇവർക്കെത്ര ഇടപെടാൻ കഴിയുന്നുണ്ട് എന്നതൊക്കെ മനസ്സിലാക്കേണ്ടതുണ്ട്. കാലക്രമത്തിൽ ഇതുകൂടി വന്നേക്കാം എന്നിരുന്നാലും കേവല പ്രാതിനിധ്യങ്ങളെ സജീവ പ്രാതിനിധ്യങ്ങളാക്കാൻ നിരന്തര ശ്രമങ്ങൾ ആവശ്യമുണ്ട്. എന്നാൽ പ്രാതിനിധ്യങ്ങൾ ഉറപ്പിക്കാൻ പോലും നിരന്തര കലഹങ്ങൾ സ്ത്രീകൾക്ക് വേണ്ടി വരുന്നു എന്നതാണ് സാക്ഷര കേരളത്തിലെ സ്ത്രീ അവസ്ഥ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കടലാസിലെങ്കിലും പകുതിയുണ്ട്. എന്നാൽ നിയസഭാ തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പാർട്ടികൾ പുറത്തുവിട്ട സ്ഥാനാർത്ഥി ലിസ്റ്റിൽ പത്ത് ശതമാനം പോലും വനിതാ പ്രാതിനിധ്യമില്ല എന്ന സങ്കടകരമായ വസ്തുതയെയാണ് നാം നേരിടുന്നത്. ജനസംഖ്യയിൽ 52% സ്ത്രീകളായ, സ്ത്രീ സാക്ഷരതയെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന, കേരളത്തിൽ വിവിധരാഷ്ട്രീയ പാർട്ടികളുടെ ഉന്നതാധികാര സമിതികളിലെന്നപോലെ ഭരണരംഗത്തും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ വളരെ കുറവാണ് എന്ന് കാണാം. ഒന്നാം കേരള നിയമസഭയിലേക്ക് മത്സരിച്ച ഒമ്പത് സ്ത്രീകളിൽ നിന്ന് ആറ് പേർ തെരഞ്ഞെടുക്കപ്പെടുകയും ഒരാൾ മന്ത്രിയാവുകയും ചെയ്തു എന്ന കണക്കിൽ നിന്ന് 2021ലെ തെരഞ്ഞെടുപ്പിലെത്തുമ്പോഴും പ്രാതിനിധ്യത്തിൽ വലിയ മുന്നേറ്റം ഉണ്ടാവാനിടയില്ല. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സ്ത്രീകൾ മാത്രമാണ് വിജയിച്ച് വന്നത്.1957 ൽ 11 മന്ത്രിമാരുണ്ടായിരുന്നപ്പോൾ അവരിൽ ഒരു വനിതാ മന്ത്രിയുണ്ടായിരുന്നു എന്നിടത്തു നിന്ന് 2016ലെ 20 അംഗ മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാരുണ്ടായി എന്നതിലേക്ക് ഏറെ ദൂരമൊന്നുമില്ല.

കേരള നിയമസഭാ ചരിത്രത്തിൽ എട്ട് വനിതകൾ മാത്രമാണ് മന്ത്രിമാരായിട്ടുള്ളത്. കെ.കെ ഷൈലജയിൽ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെ പലരും കണ്ടെങ്കിലും അത് നടക്കാൻ സാധ്യത വളരെ കുറവാണ്

92 സീറ്റിലാണ്​ കോൺഗ്രസ്​ മത്സരിക്കുന്നത്​, ഇതിൽ പത്തു വനിതകൾ മാത്രമാണ് ലിസ്റ്റിലുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷിനു പിന്നാലെ കെ.പി.സി.സി സെക്രട്ടറി രമണി പി. നായരും രാജിവെച്ചിരിക്കുന്നു. ലതിക സുഭാഷ്​ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുകയാണ്​. ഇരുപതു ശതമാനം സീറ്റ് വനിതകൾക്ക് നീക്കിവെക്കാൻ മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നതായി ഇവർ പറയുന്നു.

നൂർബീന റഷീദ്

ലതികാ സുഭാഷ് തലമൊട്ടയടിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഈ വിഷയം പൊതുചർച്ചയിലേക്ക് വരുന്ന സാഹചര്യമുണ്ടായി. സി.പി.എം സ്ഥാനാർത്ഥികളിൽ 12 സ്ത്രീകൾ മാത്രമാണുള്ളത്. ഇതിൽ പരസ്യമായി പ്രതിഷേധിക്കാൻ പോലും സ്ത്രീകളാരും തയ്യാറായിട്ടില്ല. സി.പി.ഐ സ്ഥാനാർത്ഥി പട്ടികയിൽ രണ്ടു വനിതകളാണുള്ളത്​. ഇത് ഒരു കുറവാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ സമ്മതിച്ചിരിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് ശോഭ സുരേന്ദ്രൻ ആദ്യഘട്ടത്തിൽ തഴയപ്പെട്ടു. സി.പി.ഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ചിഞ്ചുറാണി , മുസ്‌ലിം ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി നൂർബീന റഷീദ്, പിറവത്ത് മത്സരിക്കുന്ന സിന്ധു ജേക്കബ് എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നു. 1996 ൽ ഖമറുന്നീസ അൻവർ മത്സരിച്ച ശേഷം 25 വർഷം കഴിഞ്ഞാണ് മുസ്‌ലിം ലീഗ് ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തുന്നത്. 1964ൽ രൂപീകൃതമായ കേരള കോൺഗ്രസിന്റെ 56 വർഷത്തെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ സ്ഥാനാർത്ഥിയാണ് പിറവത്ത് മത്സരിക്കുന്ന സിന്ധു ജേക്കബ്ബ്.

തല മൊട്ടയടിച്ച രണ്ട് സ്ത്രീകൾ - വാളയാറിലെ അമ്മയും ലതികാ സുഭാഷ് എന്ന മഹിളാ കോൺഗ്രസ്​ നേതാവും - കേരളത്തിലെ സ്ത്രീകൾ നേരിടുന്ന ബൗദ്ധിക- ഭൗതിക പ്രതിസന്ധികളെ പ്രതീകവൽക്കരിക്കുന്നുണ്ട്

അതായത് സ്ത്രീകളെ സ്ഥാനാർത്ഥികളാക്കുന്നതിനോ സ്ഥാനങ്ങൾ കൊടുക്കുന്നതിനോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ആത്മാർത്ഥമായ താല്പര്യമില്ല എന്നുതന്നെ. ഇതുവരെയുള്ള കേരള നിയമസഭാ ചരിത്രത്തിൽ എട്ട് വനിതകൾ മാത്രമാണ് മന്ത്രിമാരായിട്ടുള്ളത്. കെ.കെ ഷൈലജയിൽ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെ പലരും കണ്ടെങ്കിലും അത് നടക്കാൻ സാധ്യത വളരെ കുറവാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലോ നയപരിപാടികൾ തീരുമാനിക്കുന്നതിലോ സ്ത്രീകൾക്ക് പങ്കാളിത്തമില്ലെന്നതു മാത്രമല്ല പ്രാതിനിധ്യത്തിനു വേണ്ടി കരയുകയോ കാലു പിടിക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥ കൂടിയാണ് ആണ് കേരളത്തിൽ.

തല മൊട്ടയടിച്ച രണ്ട് സ്ത്രീകൾ - വാളയാറിലെ അമ്മയും ലതികാ സുഭാഷ് എന്ന മഹിളാ കോൺഗ്രസ്​ നേതാവും - കേരളത്തിലെ സ്ത്രീകൾ നേരിടുന്ന ബൗദ്ധിക- ഭൗതിക പ്രതിസന്ധികളെ പ്രതീകവൽക്കരിക്കുന്നുണ്ട്. ശരീരവും സൗന്ദര്യവുമായി മാത്രം സ്ത്രീയെ കാണുന്ന സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളിൽ സ്വന്തം ശരീരത്തെ തന്നെ ഇവർ പ്രതിഷേധത്തിന്റെ മാധ്യമമാക്കിയിരിക്കുന്നു. സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ വനിതാ സംവരണ ബിൽ നടപ്പിൽ വരുന്നതും കാത്തിരിക്കുകയാണ് പുരോഗമന പാർട്ടികൾ പോലും. വീട്ടിൽ പുരുഷൻ മുതലാളിയും സ്ത്രീ തൊഴിലാളിയും ആണെന്ന് സമ്മതിക്കുകയും മുതലാളിത്തം തകരുമ്പോൾ ഇതു മാറുമെന്ന് പറയുകയും ചെയ്യുമ്പോലെയാണ് ബില്ല് നടപ്പിൽ വന്നിട്ട് വേണം സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കാൻ എന്ന് പറയുന്നത്. വ്യവസ്ഥിതി മാറുമ്പോൾ മാറ്റുമ്പോൾ ഞങ്ങളും മാറാം എന്ന് പറയുന്ന കേരള മോഡൽ വിപ്ലവകാരിത്തത്തിന് ലിംഗനീതിക്കുവേണ്ടിയുള്ള നിരന്തര പ്രത്യക്ഷ സമരങ്ങൾ കൊണ്ടു തന്നെ മറുപടി പറയേണ്ടതുണ്ട്.▮


നിഷി ലീല ജോർജ്

കവി, എഴുത്തുകാരി, അധ്യാപിക. മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം, മണിക്കൂർ സൂചിയുടെ ജീവിതം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments