അത്യനർഘമാമിമ്മുഹൂർത്തത്തിൽ
ഉത്തമേ നീ മരിക്കണം
മാമകാശയം ക്രൂരമാണെങ്കിലോമനേ
നീ പൊറുക്കണം
പതിറ്റാണ്ടുകളായി കലയും സാഹിത്യവും പ്രണയത്തോട് ചെയ്യുന്നതും ചങ്ങമ്പുഴ മോഹിനിയിലൂടെ നിസാരമായി പറഞ്ഞു പോയ ഈ കൊടുംപാതകമാണ്. പ്രണയം പ്രകൃതിക്കനിവാര്യമായ അതിജീവനത്തിന്റെ തന്ത്രമാണ്. ഈ യാഥാർത്ഥ്യ ബോധത്തിൽ നിന്ന് അയഥാർത്ഥമായ സാംസ്കാരിക ഭാവനകളിലേയ്ക്ക് പ്രണയത്തെ പറിച്ചു നടുമ്പോൾ പ്രണയാനുഭൂതി ആസിഡിന്റെ പൊള്ളലും മൂർച്ചയേറിയ കത്തിമുനയുമായി മാറുന്നു.
നിഷേധിക്കപ്പെട്ട പ്രണയത്തിന്റെ പേരിൽ അരുംകൊലകൾക്കിരയാകുന്ന പുരുഷൻമാർ ഇവിടെയൊരു പതിവു കാഴ്ചയല്ല, ഒരു പക്ഷേ ഇല്ലെന്നു തന്നെ പറയാം. എന്നാൽ തനിക്ക് സ്വീകരിക്കാൻ കഴിയാത്ത പ്രണയത്തെ നിഷേധിക്കുന്നതിന്റെ പേരിൽ ക്രൂരമായി ഇല്ലായ്മ ചെയ്യപ്പെടുന്ന പെൺജീവിതങ്ങൾ ഈ സമൂഹത്തിൽ എന്തുകൊണ്ടാണ് ഒരു പതിവു കാഴ്ചയായിത്തീരുന്നത്? വേട്ടക്കാരന്റെ മനോവൈകല്യമായി ഇതിനെ ചുരുക്കിക്കൊണ്ട് പുരോഗമനത്തിന്റെ മുഖംമൂടികളെ വേണമെങ്കിൽ നമുക്കുടയാതെ സൂക്ഷിക്കാം. എന്നാൽ രോഗിയെ ഉൻമൂലനം ചെയ്യുകയും രോഗത്തെ കാണാതിരിക്കുകയും ചെയ്യുന്ന അപകടകരമായ ഒരു ചികിത്സയാവുമത്. ആധുനികവും പരിഷ്കൃതവുമെന്ന് നാം എത്രകണ്ട് ആവർത്തിച്ചാലും ശരി, രോഗാതുരമായ ഒരു സാമൂഹിക മനസാണ് നാമിന്നും കാത്തുസൂക്ഷിക്കുന്നത്. വാസ്തവത്തിൽ ഇതൊരു ജെൻഡർ ഇഷ്യു ആണ്, വഴിപിഴച്ച ലിംഗബോധത്തിന്റെ പ്രശ്നമാണ്. ഈ ബോധമാണ് പാലാ സെന്റ് തോമസ് കോളേജിലെ അഭിഷേകിനെ മറിച്ചൊന്നാലോചിക്കാതെ സഹപാഠിയുടെ കഴുത്തറക്കാൻ പ്രേരിപ്പിച്ചത്.
ഇല്ല അല്ലെങ്കിൽ വേണ്ട എന്ന പ്രതികരണത്തെ പക്വതയോടെ സമൂഹം ഉൾക്കൊള്ളാൻ തയ്യാറാണോയെന്ന ചോദ്യം പ്രസക്തമാകുന്ന ഗതികെട്ട കാലത്തിലൂടെയാണ് നാം നിർഭാഗ്യവശാൽ കടന്നു പോകുന്നത്. ഇത് പ്രണയ ബന്ധങ്ങളിൽ മാത്രമല്ല, തൊഴിലിടങ്ങളിലും കുടുംബങ്ങളിലുമൊക്കെ മുഴച്ചു നിൽക്കുന്നു. പ്രണയത്തിന്റെ മേൽവിലാസത്തിൽ അരങ്ങേറുന്ന നിഷ്ഠൂരമായ കൊലപാതകത്തെ കമ്പോളയുക്തി കൊണ്ട് വൈകാരികമായി മുതലെടുക്കുന്ന ന്യൂസ് റൂമുകൾ, വാർത്താവിശകലനങ്ങൾ ഒക്കെ ശരിയായ കാരണങ്ങളെ കണ്ടത്തുന്നതിൽ പരാജയപ്പെടുന്നു എന്ന് പറയാതെ വയ്യ. ഏതൊരു വ്യക്തിയുടെയും പേഴ്‌സണൽ സ്പേസ് എന്നുള്ളത് തങ്ങൾക്കു തുറന്നു കാണിക്കാനും അവരുടെ തെരഞ്ഞെടുപ്പുകളെ തങ്ങൾക്ക് ചോദ്യം ചെയ്യാനുള്ളതുമാണെന്ന അനാരോഗ്യകരമായ പ്രവണതയിലേയ്ക്ക് മാധ്യമങ്ങൾ നീങ്ങുമ്പോൾ യാഥാർത്ഥത്തിൽ വിചാരണ ചെയ്യപ്പെടേണ്ടത് ന്യൂസ് റൂമുകളിൽ പ്രതിഫലിക്കുന്ന ആൺബോധമാണ്. ഈ മാധ്യമധാർഷ്ട്യം പാലായിൽ മരണപ്പെട്ട നിതിനയുടെ സ്വഭാവ സർട്ടിഫിക്കറ്റ് തേടിയെത്തുന്ന റിപ്പോർട്ടറിൽ എത്തി നിൽക്കുന്നു. കണ്ണീരിനെ മാർക്കറ്റ് ചെയ്യുന്ന, വ്യക്തിസ്വാതന്ത്ര്യത്തിനെ ചോദ്യം ചെയ്യുന്ന, സമൂഹത്തിന്റെ പുരോഗതിയെ പുറകോട്ടടിക്കുന്ന കടന്നുകയറ്റങ്ങളെ ആട്ടിയോടിക്കേണ്ടതാണ്.
ലിംഗബോധമെന്നത് അനുശാസനങ്ങളിൽ കൂടി, നിത്യവ്യവഹാരങ്ങളിൽ കൂടി സമൂഹം നിർമ്മിച്ചു കൊണ്ടേയിരിക്കുന്ന കൃത്രിമ ബോധമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തിയത് ജൂഡിത് ബട്ലറാണ്. കൃത്രിമ ബോധങ്ങളെ അപനിർമ്മിക്കാൻ കേവലം സ്ത്രീ ശാക്തീകരണ പോസ്റ്ററുകളോ നോക്കുകുത്തിയാകുന്ന നിയമങ്ങളോ മാത്രം മതിയാകുന്നില്ല. പറയേണ്ടത് ആണുങ്ങളോടാണ്, പഠിപ്പിക്കേണ്ടത് ആൺകോയ്മ തിരുത്താനാണ്. കൃത്യമായ വിദ്യാഭ്യാസ സമ്പ്രദായ പരിഷ്കരണത്തിലൂടെ ഇത് സാധ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഇന്നത്തെ ഉത്തരവാദിത്വമാണ്. പ്രണയത്തെ, സഹിഷ്ണുതയെ, സമഭാവനയെ ഒക്കെ പ്രതിസ്ഥാനത്ത് നിർത്തി ഫത്വ ഇറക്കുന്ന മതപണ്ഡിതന്മാരും, ഇടയലേഖനങ്ങളിൽ അഭിരമിക്കുന്ന ഇടയന്മാരും, രാഖി കെട്ടി മതില് കെട്ടുന്ന ദേശസ്നേഹികളും കൃത്രിമബോധം നിർമ്മിക്കുന്നതിൽ മുഖ്യ പങ്കാളികളാണ്.
അടുക്കള നിങ്ങൾ പെണ്മക്കൾക്കായി മാറ്റി വയ്ക്കുമ്പോൾ, തീൻമേശയിലെ രണ്ടാം പന്തിയിലേയ്ക്ക് അവളെ തള്ളുമ്പോൾ, വീട്ടിലെയും സമൂഹത്തിലെയും പൊതു ഇടങ്ങൾ ആണുങ്ങൾക്കായി ഒഴിച്ചിടുമ്പോൾ വാസ്തവത്തിൽ നമ്മൾ തീർക്കുന്നത് അസമത്വത്തിന്റെയും അനീതിയുടെയും പ്രതിലോമ രാഷ്ട്രീയമാണ്. ഈ പ്രതിലോമ രാഷ്ട്രീയ ബോധ്യമാണ് കത്തിയായും ആസിഡായും പെണ്ണുടലിലേയ്ക്ക് നീളുന്നത്.
മോഹിനിയായ കാമുകിയുടെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്ന് അവളെ കൊല ചെയ്യാനുറച്ച ചങ്ങമ്പുഴയെക്കാൾ സ്ത്രീയുടെ ധർമ്മമെന്തെന്ന് ചൂണ്ടിക്കാട്ടിയ കുമാരനാശാൻ ആവണം നമുക്ക് മുൻപിലുണ്ടാവേണ്ടത്. ആൺതാൽപര്യത്തിന് പുറത്ത് പെണ്ണിന് യാതൊരു ധർമവുമില്ലായെന്ന വികല ബോധ്യത്തെ ചിന്താവിഷ്ടയായ സീതയിൽ കൂടി ആശാൻ ചോദ്യം ചെയ്തിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പരിഷ്‌കൃത സമൂഹത്തിനു അതിന്നും സാധിക്കുന്നില്ലെന്നത് ബാക്കിയാവുന്നു. വീടകങ്ങളിൽ ആണിന് നൽകുന്ന സവിശേഷ പരിഗണനകളിൽ കൂടി, പെണ്ണിന് നിഷേധിയ്ക്കുന്ന മനുഷ്യാവകാശങ്ങളിൽ കൂടി നാം പടുത്തുയർത്തുന്ന ഈ സമൂഹത്തിൽ ഒരോ പുരുഷ മനസ്സിലും നമ്മൾ വേട്ടക്കാരന് മുറിയൊരുക്കുകയാണ്.