മഹത്തായ ഭാരതീയ അടുക്കളയിലെ ലളിത

സമൂഹത്തിലും കുടുംബത്തിലും ഒരുപോലെ നിലനിൽക്കുന്ന വൈരുധ്യങ്ങളും അതിൽ നിന്നും വളരുന്ന അസമത്വവും ചർച്ചക്കായി മുന്നോട്ടുകൊണ്ടുവരുന്നതിൽ The Great Indian Kitchen എന്ന സിനിമ വലിയ പങ്കാണ് വഹിച്ചത്. എന്നാൽ വളരെ ശ്രദ്ധയോടെ കാണേണ്ടതാണ് ഈ ചർച്ചകൾ പലതും. ജനങ്ങൾ ചിത്രം കണ്ടു, ചിത്രം അവരെ കണ്ടു. പക്ഷെ ഏതു ജനം, ഏതു സ്ത്രീകൾ? വളരെ സങ്കീർണമായ പ്രശ്‌നങ്ങൾ നേരിടുമ്പോൾ സംഭവിക്കുന്ന ലളിതവത്കരണത്തിൽ തുടങ്ങി മർദിതവർഗത്തോട് നടത്തുന്ന ചരിത്രപരമായ തെറ്റിൽ എത്തിനിൽക്കുന്നുണ്ട് ഈ സിനിമ എന്ന വിമർശനം മുന്നോട്ടുവെക്കുകയാണ് ലേഖകൻ

‘ജനങ്ങൾ ഫോട്ടോകളിലേക്കുനോക്കി, ഫോട്ടോകൾ തിരിച്ചും. അവർ പരസ്പരം തിരിച്ചറിഞ്ഞു'.
ന്യൂ യോർക്ക് സിറ്റിയിലെ മോഡേൺ ആർട്ട് മ്യൂസിയം ക്യൂറേറ്ററും ഫോട്ടോഗ്രാഫി വിഭാഗം തലവനുമായ എഡ്വേഡ് സ്റ്റെയ്​ക്കിൻ അഭിമാനത്തോടെ പറഞ്ഞു.

1955-ൽ ന്യൂ യോർക്ക് നഗരത്തിൽ ഒരു ഫോട്ടോ പ്രദർശനവുമായി ബന്ധപ്പെട്ടായിരുന്നു ആ പ്രഖ്യാപനം. The Family of Man എന്ന പേരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ആ ഫോട്ടോ പ്രദർശനം, പിന്നീട് എട്ട് വർഷത്തോളം ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നു. അമേരിക്കയിൽ നിന്ന് പാരീസിലേക്ക് പ്രദർശനം മാറിയപ്പോൾ The Family of Man എന്ന പേര് മാറി The Great Family of Man എന്നായി. പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങൾ എല്ലാം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മനുഷ്യരുടെ മുഖങ്ങളുടേതായിരുന്നു, ചിരിക്കുന്ന, കരയുന്ന, ആഘോഷിക്കുന്ന, പ്രതിഷേധിക്കുന്ന പല മുഖങ്ങൾ.

1955-ൽ ന്യൂ യോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് മ്യൂസിയത്തിൽ നടത്തിയ The Family of Man-ന്റെ ഇൻസ്റ്റലേഷൻ

പല രാജ്യങ്ങളിൽ നിന്നുമുള്ള മനുഷ്യരുടെ ചിത്രങ്ങൾ. അവ നിറത്തിലും രൂപത്തിലും വ്യത്യാസങ്ങൾ നിറഞ്ഞതാണെങ്കിൽ തന്നെയും ഭാവങ്ങളുടെ കാര്യത്തിൽ അവ സമത്വം പുലർത്തിയിരുന്നു. ലോകത്ത് എല്ലായിടത്തും ജീവിതങ്ങൾ ഒരുപോലെയാണ് എന്ന് വിളിച്ചു പറയും പോലെ.

ആധുനിക സമൂഹത്തിൽ എങ്ങനെ മിത്തുകൾ നിർമിക്കപ്പെടുന്നു?

ചിത്രങ്ങളുടെ ഈ സാമാന്യസ്വഭാവത്തെ, മനുഷ്യർ ലോകത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ ഏതു ഭാഗത്തായി ജീവിച്ചാലും പ്രകൃത്യാ അവർ സമാനമായ ഭാവങ്ങൾ പുലർത്തുന്നു. ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു എന്ന രീതിയിലുള്ള വളരെ മായികമായ എന്നാൽ വളരെ എളുപ്പത്തിൽ ചരിത്രത്തെ മനസിലാക്കുവാൻ കഴിയുന്ന ഒരു പ്രക്രിയയായി ജീവിതങ്ങളെ അവ മാറ്റുന്നുണ്ട്. വളരെ ആശ്വാസം നൽകുന്ന (സമൂഹത്തിൽ സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നതിയിൽ നിൽക്കുന്നവർക്ക് മാത്രം) എന്നാൽ ഓരോ സമൂഹത്തിന്റെയും മനുഷ്യന്റെയും ജീവിതങ്ങളെ ലളിതവൽക്കരിക്കുന്ന ഈ പ്രവണതയെ റൊളാങ് ബാർത്ത് വളരെ ശ്രദ്ധയോടെ വിശകലനം ചെയ്യുന്നുണ്ട്.

1950-കളിൽ പ്രസിദ്ധീകൃതമായ ‘മിത്തോളജിസ്' എന്ന ലേഖനസമാഹാരം വിശദമായി ആധുനിക സമൂഹത്തിൽ എങ്ങനെ ഇത്തരത്തിൽ മിത്തുകൾ നിർമിക്കപ്പെടുന്നു എന്ന വിഷയം ചർച്ച ചെയ്യുന്നു. തുടക്കത്തിൽ പറഞ്ഞ ഫോട്ടോ പ്രദർശനത്തിൽ കറുത്ത വർഗക്കാരനും വെളുത്ത വർഗക്കാരനും ഒരു പോലെയുള്ള ജീവിതം നയിക്കുന്നതായി (അവർ ജനിക്കുന്നു, മരിക്കുന്നു) കാണാമെങ്കിലും അവർക്കിടയിൽ നിലനിൽക്കുന്ന ചരിത്രപരമായ വൈരുധ്യങ്ങൾ (കൊളോണിയൽ ചൂഷണത്തിന്റെയും, വംശീയ വേർതിരിവിന്റെയും എല്ലാം പ്രശ്‌നങ്ങൾ ഫോട്ടോകളിൽ ഒപ്പിയെടുക്കുവാൻ സാധിക്കുകയില്ല) ബാർത്ത് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്നം ഫോട്ടോഗ്രാഫി പോലെ തന്നെ സിനിമയും നേരിടുന്ന ഒന്നാണ്. സാമൂഹിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അറിയാതെ സംഭവിക്കുന്ന ലളിതവൽക്കരണം, പ്രശ്‌നങ്ങളുടെ സങ്കീർണതകളെ കുറിച്ചുള്ള ബോധം പാടെ തള്ളിക്കളയുന്നതിലേക്ക് നയിക്കപ്പെടുന്നു. 1950-കളിൽ The Great Family of Man എന്ന ഫോട്ടോ പ്രദർശനം എങ്ങനെ ജനശ്രദ്ധ നേടിയോ അതെ രീതിയിൽ തന്നെയാണ് അടുത്തിടെ പുറത്തിറങ്ങിയ The Great Indian Kitchen / മഹത്തായ ഭാരതീയ അടുക്കള എന്ന ചലച്ചിത്രം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

അന്ന് കൊളോണിയൽ പശ്ചാത്തലവും, വംശീയ വേർതിരിവും ആയിരുന്നു ലളിതവൽക്കരിക്കപ്പെട്ടതെങ്കിൽ ഇന്ന് ജാതിയും, മതവും ഒരു പരിധി വരെ സാമ്പത്തികസ്ഥിതികൾ സൃഷ്ടിക്കുന്ന അസമത്വവുമാണ് ലളിതവൽക്കരിക്കപ്പെടുന്നത്. അത്തരം ലളിതവൽക്കരണങ്ങൾ പലതും ചെന്നെത്തി നിൽക്കുന്നതാകട്ടെ സ്ത്രീ/പുരുഷൻ എന്ന ദ്വന്ദത്തിലും. പല ചർച്ചകളും അത്തരത്തിൽ നീണ്ട് പോകുന്നതാകട്ടെ ചൂഷണമെന്നത് പ്രകൃത്യാ നിലനിൽക്കുന്ന ഒന്നാണെന്നുമുള്ള ചരിത്ര-വിരുദ്ധ നിഗമനങ്ങളിലുമാണ്.
ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ The Great Indian Kitchen, വളരെ നല്ല സ്വീകരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലും കുടുംബത്തിലും ഒരു പോലെ നിലനിൽക്കുന്ന വൈരുധ്യങ്ങളും അതിൽ നിന്നും വളരുന്ന അസമത്വവും ചർച്ചക്കായി മുന്നോട്ടുകൊണ്ടുവരുന്നതിൽ ഈ ചലച്ചിത്രം വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ വളരെ ശ്രദ്ധയോടെ കാണേണ്ടതാണ് ഈ ചർച്ചകൾ പലതും. വളരെ വ്യാപകമായി കഥ പല നിരൂപണങ്ങളിലും വിശദീകരിക്കപ്പെടുന്നതിനാൽ അതിന് മുതിരുന്നില്ല.

അപകടകരമായ അനുമാനം

കഥ പൂർണമായും പറയപ്പെടുന്നത് സവർണ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ്. തറവാടിന്റെ അടുക്കള വളരെ വിപുലമായി ഒപ്പിയെടുക്കുന്നുണ്ട് ക്യാമറ. ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങി നിന്ന കഥപറച്ചിൽ കഥാവസാനത്തിലേക്ക് വരുമ്പോൾ വളരെ വേഗം കേരളത്തിലെ (പേരിൽ സൂചിപ്പിക്കുന്ന പോലെ ഇന്ത്യയിലെയും) എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുന്നതിലേക്ക് കഥയിലെ നായികയെ വളർത്തുന്നുണ്ട്. ഈ വളർച്ച പക്ഷെ എത്രത്തോളം പൂർണമാകുന്നു എന്നതാണ് പ്രശ്‌നം. തന്റെ വിവാഹത്തിനുശഷം താൻ ചൂഷണത്തിന് വിധേയയാവുന്നു എന്ന് തിരിച്ചറിഞ്ഞാൽ ആ കുടുംബത്തിൽ നിന്ന് പൂർണമായും ബന്ധം വേർപെടുത്തി സ്വന്തമായി ജീവിതം കെട്ടിപ്പടുക്കുവാൻ ഇന്ന് കേരളത്തിലെ എത്ര സ്ത്രീകൾക്ക് സാധ്യമാകും. അതുകൊണ്ട് തന്നെ ഇതൊരു മധ്യവർഗ, സവർണ പ്രശ്‌നമായി മാത്രമേ കാണുവാൻ സാധിക്കൂ. അതിന് ജാതിക്കും മതത്തിനും അതീതമായ ഒരു മാനം കൽപിച്ചുകൊടുക്കുന്നതിൽപരം അപകടമില്ല. ഉദാഹരണത്തിന് സിനിമ പൂർണമായും ദൃശ്യവൽക്കരിക്കുന്നത് തറവാടിന്റെ അടുക്കളയാണ്, കഥാവസാനം നായിക നടന്നു പോകുന്ന പാതയിൽ കടൽതീരത്തായി പല കുടുംബങ്ങളിലെയും സ്ത്രീകൾ വീട്ടുപണികൾ എടുക്കുന്നതായി കാണാം. പക്ഷെ അവരുടെ ആരുടെയും വീടിന്റെ കഥ നമുക്കറിയില്ല, നായിക ആ വഴി സഞ്ചരിക്കുന്നതുകൊണ്ട്, നായികയുടേതായ ജീവിതം തന്നെയാണ് അവരുടേതും എന്ന അനുമാനത്തിലേക്കാണ് നാം എത്തിനിൽക്കുക. ഇതൊരു അപകടകരമായ അനുമാനമാണ്, എല്ലാ വീടുകളുടെയും കഥ (സാമ്പത്തിക സാമൂഹിക വ്യത്യാസങ്ങളുടെയും, ജാതിയുടെയും, മതത്തിന്റെയും), ഒരു ക്ലീൻ സ്വീപ്പിലൂടെ ഒറ്റ ഫ്രെയ്മിൽ ഒതുക്കുകയാണ് സംവിധായകൻ. സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളിൽ പലതിലും കാണാത്ത ഒരു സാമാന്യവൽക്കരണം ഇതിൽ കാണാം. പുരുഷാധിപത്യ സമൂഹം എന്നത് ഏതോ കാലത്ത് ആരോ ഉണ്ടാക്കിയെടുത്തതല്ല മറിച്ച് ചരിത്രപരമായ പ്രക്രിയകളിലൂടെ കടന്നു വന്നതാണ് എന്ന ബോധം കൈവരുമ്പോൾ മാത്രമെ ഇതൊരു സാമൂഹിക പ്രശ്നമാണ് എന്ന് കണ്ടെത്തുവാൻ സാധിക്കൂ.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സംവിധായകൻ ജിയോ ബേബി

അതുകൊണ്ട് ഒരു വ്യക്തിയുടെ വ്യവസ്ഥിതിയിൽ നിന്നുമുള്ള രക്ഷപ്പെടൽ എന്നതിനേക്കാൾ സാമൂഹികമാറ്റം എന്ന ലക്ഷ്യം മുന്നോട്ട് വെക്കുമ്പോൾ അതിന്റെ സങ്കീർണതകൾ മനസിലാക്കേണ്ടത് പ്രധാനമാണ്. സങ്കീർണമായ ഈ വിഷയത്തെ ഇത്ര ലളിതമായി കാട്ടുന്നതുകൊണ്ട് തന്നെയാണ് സിനിമ ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത് (ചർച്ച ചെയ്യപ്പെടുന്നത് മധ്യവർഗത്തിനിടയിലാണ്). എന്തുകൊണ്ടെന്നാൽ വ്യവസ്ഥയെക്കാൾ നാം തേടി പോകുന്നത് ഒരു വില്ലനെയാണ്. സർവ പഴിയും ആ വില്ലന്റെ മേൽ ചാരുക അല്ലെങ്കിൽ വ്യവസ്ഥിതിയിൽ ലഭ്യമാകുന്ന സാമ്പത്തിക സാമൂഹിക മൂലധനം ഉപയോഗിച്ച് സ്വതന്ത്രമാകുക. പക്ഷെ അത്തരമൊരു സ്വാതന്ത്ര്യം കൈവരിക്കുവാൻ എല്ലാ സ്ത്രീകൾക്കും, പ്രത്യേകിച്ച് ദളിത് സ്ത്രീകൾക്ക് സാധ്യമാണോ?. ഇത്തരത്തിൽ ചൂഷണത്തിന്റെ കാരണം കാണുവാൻ കഴിയാതെ വരുമ്പോഴാണ് സംവിധായകൻ നായികയെ ഒരു നർത്തക സംഘത്തിന്റെ അധ്യാപികയായി മാറ്റുന്നത്. അതുവരെ കഥ പറഞ്ഞു വന്നിരുന്ന രീതിയിൽ നിന്നും മാറി വളരെ മാജിക്കലായ, (സംവിധായകൻ ഈ സന്ദർഭത്തെ ഇതിലും വിപുലമായി എടുക്കവനാണ് തീരുമാനിച്ചിരുന്നത് എന്ന് ഒരു അഭിമുഖത്തിൽ കാണാം) ഭ്രമിപ്പിക്കുന്ന ഒരു കൊളാഷിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്. അവസാന സീനിൽ. ഭ്രമിപ്പിക്കുന്ന ഈ കൊളാഷിൽ നിന്നും രക്ഷപ്പെടുന്നത് ജീവിതത്തിലെ യഥാർഥ വൈരുധ്യങ്ങൾ തന്നെയാണ്.

എന്തിനാണ് ആ പാട്ട് ഉപയോഗിച്ചത്?

ഇനി ഗാനങ്ങളിലേക്ക് വരാം. ‘പാളുവാ' ഭാഷയിലുള്ള ഗാനം ആദ്യമായി ഉപയോഗിച്ച ചലച്ചിത്രം എന്ന ഖ്യാതി മഹത്തായ ഭാരതീയ അടുക്കളയ്ക്ക് ലഭിക്കുമ്പോഴും പക്ഷെ എന്തിനാണ് ആ ഗാനം ഉപയോഗിച്ചത് എന്നത് പ്രധാനമാണ്. മൃദുല ദേവി എസ് എഴുതിയ ‘ഒരു കുടം പാറ്​' എന്ന ഗാനം ചലച്ചിത്രത്തിന്റെ തുടക്കത്തിൽ ഉപയോഗിക്കുമ്പോൾ വരികളുടെ അർത്ഥമോ, അതിന്റെ കാരണമോ വിശദീകരിക്കപ്പെടുന്നില്ല. മുൻപ് ഇത്തരത്തിൽ ഒരു ഗാനം അവതരിപ്പിക്കപ്പെട്ടത് സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിലെ ‘കലാക്കാത്ത' എന്ന് തുടങ്ങുന്ന ഗാനമാണ്. മലയാള സിനിമയിൽ മർദ്ദിത വർഗ വിഭാഗത്തിന്റെ കലയും സംഗീതവും ഉപയോഗിക്കപ്പെടുന്നുണ്ട്.

പക്ഷെ അവയുടെ അർത്ഥമോ? അവയുടെ ചരിത്രപരമായ പ്രാധാന്യത്തെയോ അതിനോടുള്ള ചരിത്രപരമായ ബാധ്യതയോ കാണാതെയാണ് അവ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം ഗാനങ്ങൾ ഉപയോഗിക്കുമ്പോൾ, മഹത്തായ ഭാരതീയ അടുക്കളയുടെ കാര്യത്തിൽ സവർണ പ്രശ്‌നങ്ങൾ അവതരിപ്പിക്കുവാൻ ഇന്നും മർദിത വർഗ്ഗവികാരം ഉപയോഗിക്കുന്നതിന്റെ പ്രശ്നം അറിയേണ്ടതുണ്ട്. ചലച്ചിത്രം കാണുന്ന ജനങ്ങളുടെ മനസ്സിൽ ഇനി അത്തരം ഗാനങ്ങൾ ചലച്ചിത്രവുമായി ബന്ധപെട്ടായിരിക്കും ഓർമിക്കപെടുക (അതും സവർണ ജീവിത സാഹചര്യവുമായി ബന്ധപ്പെടുത്തി). ആദിവാസി- ദളിത് വിഭാഗങ്ങളുടെ അധ്വാനം മാത്രമല്ല കലയും ചരിത്രവും കൂടി നഷ്ടപെടുത്തുമ്പോഴാണ് മലയാള സിനിമ തുടർന്നും പിന്തിരിപ്പനായി നിൽക്കുന്നത്.

കെ.ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമയിലെ രംഗം

അതുകൊണ്ട് തന്നെ വളരെ സങ്കീർണമായ പ്രശ്‌നങ്ങൾ നേരിടുമ്പോൾ സംഭവിക്കുന്ന ലളിതവത്കരണത്തിൽ തുടങ്ങി മർദിത വർഗത്തോട് നടത്തുന്ന ചരിത്രപരമായ തെറ്റിൽ എത്തി നിൽക്കുന്നുണ്ട് ഭാരതീയ അടുക്കള. ഒരു പക്ഷെ സമാനരീതിയിൽ സ്ത്രീപ്രശ്‌നങ്ങൾ അവതരിപ്പിച്ച കെ.ജി. ജോർജിന്റെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമ വളരെ സങ്കീർണമായ സ്ത്രീപ്രശ്നത്തെ അതിന്റെ വർഗ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തന്നെ അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട് മലയാള സിനിമയിൽ.

ഇതാ, ഒരു തമിഴ് മാതൃക

സാമൂഹിക പ്രശ്‌നങ്ങൾ അതിന്റെ സങ്കീർണതകളിൽ നിന്ന് വിഘടിപ്പിക്കുന്ന, അതിന്റെ തീവ്രത പരമാവധി മധ്യവർഗ- അപ്പർ ക്ലാസ് സമുദായങ്ങൾക്ക് കുറ്റബോധമില്ലാത്ത, എന്നാൽ ഫെമിനിസം പോലെ സ്‌ഫോടനാത്മകമായ ആശയങ്ങളുടെ സാധ്യതകൾ ദളിതർക്കും, ആദിവാസികൾക്കും നിഷേധിക്കുന്ന കാലമാണ് നമ്മുടേത്. നെറ്റ്ഫ്‌ലിക്‌സിൽ അടുത്ത് പുറത്തിറങ്ങിയ Sir, ത്രിഭങ്ങ തുടങ്ങിയ സിനിമകൾ സ്ത്രീപക്ഷസിനിമകൾ എന്ന പേരിൽ വർഗ, വർണ, വേർതിരിവുകളെ അറിയാത്ത, അത്തരം യഥാർത്ഥമായ വേർതിരിവുകൾ നിലനിൽക്കുമ്പോൾ അതിനോടെല്ലാം അന്ധത പുലർത്തുന്ന സിനിമകൾ ഇന്ത്യൻ സമൂഹത്തിൽ മോശമായ മാറ്റങ്ങളാണ് സൃഷ്ടിക്കുക എന്നതാണ്.

സിനിമകളിലൂടെ നടക്കുന്ന രാഷ്ട്രീയപ്രവർത്തനം അതിന്റെ എല്ലാ ബോധത്തോടെയും നടക്കുന്ന ഭാരതത്തിലെ ഏക ഇടം തമിഴ്‌നാടാണ്. അവിടെ ദളിത് രാഷ്ട്രീയവും സ്ത്രീ വിമോചനവും ഒരേ വേഗത്തിൽ സംഭവിക്കേണ്ട ആവശ്യങ്ങളാണ്. ദരിദ്രരും നിരാലംബരുമായ ദലിതരല്ല മറിച്ച്, ദളിതർ എന്നതിൽ അഭിമാനം കൊള്ളുന്ന കഥാപാത്രങ്ങളായിരുന്നു അവ, അവർക്ക് സാമ്പത്തികമായ ഭദ്രതയല്ല മറിച്ച് എങ്ങനെ ചരിത്രപരമായി, എങ്ങനെ മർദിത വർഗമായി മാറി എന്ന ചരിത്രബോധമാണ് അവിടെ ചിത്രങ്ങളിൽ സന്നിവേശിക്കപ്പെടുന്നത്. പാ. രഞ്ജിത്തും അദ്ദേഹത്തിന്റെ ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ‘നീലം പ്രൊഡക്ഷൻസും' അത്തരം സിനിമകളുടെ പിന്നിലുണ്ട്. ചെന്നൈ കേന്ദ്രികരിച്ച് വളർന്നുവന്ന ‘ഗാനാ പാട്ടുകൾ' സിനിമകളിൽ ഉൾപ്പെടുത്തി, പിന്നീട് അത്തരം പാട്ടുകൾ ഉൾപ്പെടുത്തി ‘കാസ്റ്റ് ലെസ്സ് കളക്റ്റീവ്' എന്ന മ്യൂസിക് ബാൻഡ് ഉദയം കൊള്ളുകയും ചെയ്തു. എന്നാൽ അത്തരം മ്യൂസിക് ഒരിക്കലും അരികുവൽക്കരിക്കപ്പെടുകയല്ല മറിച്ച് മുഖ്യധാരയെ പിടിച്ചടക്കുകയായിരുന്നു തമിഴ്‌നാട്ടിൽ. ഇത് പതിയെ ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ എന്നിങ്ങനെ തമിഴ് സംസ്‌കാരമുള്ള എല്ലാ ദേശങ്ങളിലേക്കും വ്യാപിക്കുകയാണ് ചെയ്തത്.

‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ലെ രംഗം

സാമൂഹിക പ്രശ്‌നങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങൾ എടുക്കുമ്പോൾ അതിന് ചരിത്രപരമായ അറിവ് കൈമാറപ്പെട്ടില്ലെങ്കിൽ അവ വെറും ഫോട്ടോകൾ മാത്രമാണ്. ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ക്യൂറേറ്ററെ പോലെയാണ് മഹത്തായ ഭാരതീയ അടുക്കളയുടെ സംവിധായകൻ, ജനങ്ങൾ ചിത്രം കണ്ടു, ചിത്രം അവരെ കണ്ടു. പക്ഷെ ഏതു ജനം, ഏതു സ്ത്രീകൾ?. സവർണരോ, അവർണരോ അതോ ആദിവാസി സ്ത്രീകളോ?.

ശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോൾ

The Great Family of Man എന്ന ഫോട്ടോ പ്രദർശനവും അതുമായി ബന്ധപ്പെട്ട ചർച്ചകളെയും കുറിച്ച് റൊളാങ് ബാർത്ത് 1950-കളിൽ നടത്തിയ വിശകലനം ഇങ്ങനെയാണ്: ഇവിടെ എല്ലാം തന്നെ - ചിത്രങ്ങളുടെ സത്തയും സ്വീകാര്യതയും, അതിനെ ന്യായികരിക്കുന്ന ചർച്ചകളും ശ്രമിക്കുന്നത് ചരിത്രത്തിന്റെ കഠിനഭാരം തമസ്‌കരിക്കാനാണ്. ഒരു സ്വത്വത്തിന്റെ പുറം അടരിൽ തട്ടി നിൽക്കുകയാണ് നാമിപ്പോഴും. മനുഷ്യസ്വഭാവത്തിന്റെ ആഴത്തിലേക്ക് കടക്കാനാകാതെ നമ്മെ തടഞ്ഞു, ചരിത്രപരമായ അന്യവൽക്കരണം സൃഷ്ടിക്കുന്ന കാല്പനിക വ്യത്യാസങ്ങളെ നാം അനീതി എന്ന് വിളിക്കുകയാണ്.

റൊളാങ് ബാർത്ത് അന്ന് പറഞ്ഞ സ്വത്വത്തിന്റെ പുറം അടർ എന്നത് ‘സ്ത്രീ' എന്ന വളരെ വൈകാരികമായ സ്വത്വത്തിൽ നിന്നാണ്. പ്രശ്‌നങ്ങൾ അതിലും ഗുരുതരമാണ്, എന്നാൽ അത്തരം പല പ്രശ്‌നങ്ങളിലേക്കും നമ്മുടെ ചർച്ചകൾ വളരുകയില്ല. കാരണം യഥാർത്ഥ വൈരുധ്യങ്ങൾക്ക് നമ്മൾ മാജിക്കലായ അവസാനങ്ങൾ തീരുമാനിക്കും, മഹത്തായ ഭാരതീയ അടുക്കളയുടെ അവസാന സീൻ പോലെ.
സിനിമ നന്ദി പറയുന്നത് ദൈവത്തോടല്ല മറിച്ചു ശാസ്ത്രത്തോടാണ്. ദൈവത്തെ മാറ്റിനിർത്തി പ്രകൃതിയെയും സമൂഹത്തേയും മനസ്സിലാക്കുവാൻ ഉദ്യമിക്കുന്ന ശാസ്ത്രവും പക്ഷേ സിനിമ മുന്നോട്ടു വയ്ക്കുന്ന ലളിത (പേരില്ലാത്ത നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പറ്റിയെ പേര് ഇതാവും) എന്ന് പേരിട്ടുവിളിക്കാവുന്ന സിനിമ മുന്നോട്ടു വയ്ക്കുന്ന സ്ത്രീ സ്വത്വത്തിൽ നിന്ന്​വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. പൊതുബോധത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ലളിതവത്കരണങ്ങളെ മറികടന്ന് സങ്കീർണതകളെ മനസ്സിലാക്കുവാനാണ് ശാസ്ത്രം ശ്രമിക്കുന്നത്. പ്രകൃതിശാസ്ത്രങ്ങൾ പ്രകൃതിയുടെ സങ്കീർണതകളെ കുറിച്ചും സാമുഹ്യശാസ്ത്രങ്ങൾ സമൂഹത്തിന്റെ സങ്കീർണതകളെ കുറിച്ചും പഠിച്ചറിഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഈ സിനിമയിൽ സന്നിവേശപ്പെടുന്നില്ല. മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ അല്ലെങ്കിൽ രണ്ടും കൊണ്ടോ വീട്ടിൽ നിന്നിറങ്ങി എത്താനാവുന്ന അഭയസ്ഥാനമായി നൃത്തത്തെയും കലയെയും അടയാളപ്പെടുത്തുന്നതിൽ തീരുന്നില്ല ഈ സങ്കീർണതകളുടെ നിർധാരണം.

Comments