ദിവസം 28 സ്ത്രീകളെ കാണാതാവുന്നു, മൂന്ന് വർഷത്തിനിടെ കാണാതായത് 31,000 സ്ത്രീകളെ; വെളിപ്പെടുത്തലുമായി മധ്യപ്രദേശ് സർക്കാർ

ഓരോ ദിവസവും ശരാശരി 28 സ്ത്രീകളെയും മൂന്ന് കുട്ടികളെയും മധ്യപ്രദേശിൽ കാണാതാവുന്നുണ്ട്. ഇന്ദോറിലാണ് ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായത്, 2384. ഒരു മാസത്തിനിടെ ഇന്ദോറിൽ കാണാതായത് 428 സ്ത്രീകളെ. എന്നാൽ 15 കേസ് മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടത്.

Think

ധ്യപ്രദേശിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുട്ടികളുൾപ്പടെ 31,000 സ്ത്രീകളെ കാണാതായെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ട് സർക്കാർ. 28,857 സ്ത്രീകളേയും 2944 പെൺകുട്ടികളേയുമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാണാതായതെന്നാണ് സംസ്ഥാന സർക്കാർ വെളുപ്പെടുത്തിയത്. കോൺഗ്രസ് എം.എൽ.എയും മുൻ ആഭ്യന്തര മന്ത്രിയുമായ ബാല ബചന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സംസ്ഥാന സർക്കാർ.

ഓരോ ദിവസവും ശരാശരി 28 സ്ത്രീകളെയും മൂന്ന് കുട്ടികളെയും മധ്യപ്രദേശിൽ കാണാതാവുന്നുണ്ട്. എന്നാൽ 724 കേസുകൾ മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഉജ്ജയിനിൽ മാത്രം കഴിഞ്ഞ 34 മാസങ്ങൾക്കിടെ 674 പേരെ കാണാതായി. എന്നാൽ, ഒരു കേസും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. സാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പെൺകുട്ടികളെ കാണാതായത്. 245 പേരെയാണ് ഇവിടെ കാണാതായത്.

ഇന്ദോറിലാണ് ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായത്, 2384. ഒരു മാസത്തിനിടെ ഇന്ദോറിൽ കാണാതായത് 428 സ്ത്രീകളെ. എന്നാൽ 15 കേസ് മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടത്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ രാജ്യത്തെ മിസ്സിംഗ് കേസുകളിൽ ഏറ്റവും കൂടുതൽ മധ്യപ്രദേശിലാണ്.

2023 ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ( National Crime Records Bureau ) കണക്ക് പ്രകാരം 2019 നും 2021 നും ഇടയിൽ മധ്യപ്രദേശിൽ കുട്ടികൾ ഉൾപ്പടെ ഏകദേശം രണ്ട് ലക്ഷം സ്ത്രീകളെ കാണാതായതായി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പെൺകുട്ടികളെ എങ്ങോട്ടാണ് കടത്തുന്നത് എന്നോ കടത്തുന്ന പെൺകുട്ടികൾക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്നോ സംബന്ധിച്ച് കൃത്യമായൊരു വിശദീകരണം മധ്യപ്രദേശ് സർക്കാർ നൽകിയിട്ടില്ല.

കഴിഞ്ഞ വർഷം മെയിൽ മഹാരാഷ്ട്രയിലും പെൺകുട്ടികളെ കാണാതാവുന്നുണ്ടെന്ന വെളിപ്പെടുത്തലുണ്ടായിരുന്നു. ഓരോദിവസവും ശരാശരി 70 പെൺകുട്ടികളെ കാണാതാവുന്നുണ്ടെന്നും ഓരോമാസം കഴിയുന്തോറും കാണാതാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരുകയാണെന്നുമായിരുന്നു സംസ്ഥാന വനിതാകമ്മിഷൻ ചെയർപേഴ്സൺ രുപാലി ചകാങ്കറുടെ വെളിപ്പെടുത്തൽ.

ജനുവരിയിൽ 1,600 പെൺകുട്ടികളെയാണ് കാണാതായത്. ഫെബ്രുവരിയിൽ ഇത് 1,810 ആയി. മാർച്ചിലാകട്ടെ 2,200 പെൺകുട്ടികളെയാണ് കാണാതായത്. ഇത് ഭീതിപ്പെടുത്തുന്ന കണക്കാണ്. 2020 മുതൽ ഇതാണവസ്ഥ. വിവാഹം, ജോലി എന്നിവ വാഗ്ദാനചെയ്തും പ്രേമംനടിച്ചുമാണ് പല പെൺകുട്ടികളെയും കടത്തുന്നത്. ഇത്തരം പെൺകുട്ടികളിൽ നല്ലൊരുശതമാനവും പീഡനത്തിനിരയാവുന്നു. വിഷയത്തിൽ ആഭ്യന്തരവകുപ്പ് അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും രുപാലി ചകാങ്കർ ആവശ്യപ്പെട്ടിരുന്നു.

Comments