ആൺപാർട്ടികളിൽനിന്ന്
എങ്ങനെ പെൺമുഖ്യമന്ത്രിയുണ്ടാകും?

‘‘സ്ത്രീകളും ലിംഗന്യൂനപക്ഷങ്ങളും അധികാരത്തിൽ നിന്ന് അകന്നുനിൽക്കുന്നതിന്റെ അടിസ്ഥാനം പിതൃമേധാവിത്വമാണ്. ഇത് നിയമങ്ങളിലൂടെ മാത്രം പ്രവർത്തിക്കുന്നില്ല; കുടുംബം, വിദ്യാഭ്യാസം, മതം, മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയിലൂടെ പുനരുൽപ്പാദിപ്പിക്കപ്പെടുന്ന സാമൂഹിക ഘടനയാണിത്’’- ശ്രീനിജ് കെ.എസ് എഴുതുന്നു.

ന്ത്യൻ ജനാധിപത്യം 75-ാം വാർഷികം പിന്നിട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന അഭിമാനകരമായ പദവി ആവർത്തിച്ച് ഉദ്ഘോഷിക്കുമ്പോഴും, ഈ ജനാധിപത്യത്തിന്റെ ആന്തരിക ഘടനയിലേക്ക് ആഴത്തിൽ നോക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

ഭരണഘടനാശില്പികൾ സ്വപ്നം കണ്ട സമത്വം, നീതി, സ്വാതന്ത്ര്യം എന്നീ ആദർശങ്ങൾ പാർലമെന്റിന്റെയും നിയമസഭകളുടെയും അകത്തളങ്ങളിൽ എത്രമാത്രം പ്രതിഫലിക്കുന്നു എന്നത് ഗൗരവമായ ആത്മപരിശോധന ആവശ്യപ്പെടുന്നു. പ്രത്യേകിച്ച്, ജനസംഖ്യയുടെ ഏകദേശം പകുതി വരുന്ന സ്ത്രീകളും ലിംഗന്യൂനപക്ഷങ്ങളും അധികാര കേന്ദ്രങ്ങളിൽനിന്ന് തുടർന്നും അകറ്റിനിർത്തപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ആരോഗ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നു. ഈ അസമത്വം കേവലം സംഖ്യകളുടെ പ്രശ്നമല്ല; അത് സാമൂഹിക നീതിയുടെ, രാഷ്ട്രീയ പങ്കാളിത്തത്തിന്റെ, തീരുമാനമെടുക്കൽ പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങളെ ബാധിക്കുന്ന മൗലിക പ്രതിസന്ധിയാണ്.

“പകുതി ആകാശം” എന്ന പ്രയോഗം സാഹിത്യത്തിന്റെയോ കവിതയുടെയോ പരിധിയിൽ ഒതുങ്ങുന്ന രൂപകം മാത്രമല്ല. അത് രാഷ്ട്രീയ അധികാരത്തിന്റെ പകുതി, നിയമനിർമാണത്തിന്റെ പകുതി, ഭരണനിർവഹണത്തിന്റെ പകുതി, തീരുമാനമെടുക്കലിന്റെ പകുതി സ്ത്രീകൾക്കും ലിംഗന്യൂനപക്ഷങ്ങൾക്കും ഉറപ്പാക്കേണ്ട രാഷ്ട്രീയാവകാശത്തെ സൂചിപ്പിക്കുന്നു. എന്നാൽ, 2026-ൽ നിൽക്കുമ്പോഴും ആ ആകാശം പൂർണമല്ല; അത് ഒരു മരീചികയായി തുടരുന്നു. ഈ മരീചികയ്ക്കുപിന്നിൽ പ്രവർത്തിക്കുന്നത് പിതൃമേധാവിത്വത്തിന്റെ ആഴമേറിയ വേരുകളും, രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പും, സാമൂഹിക ഘടനയുടെ നിഷ്ക്രിയത്വവുമാണ്.

രാഷ്ട്രീയ പ്രവേശനത്തിനുള്ള സാമ്പത്തിക കടമ്പകൾ സ്ത്രീകളെ കൂടുതൽ പിന്നോട്ടടിക്കുന്നു. തിരഞ്ഞെടുപ്പ് ചെലവുകൾ കോടികളിലേക്ക് ഉയരുമ്പോൾ, സ്വത്തുക്കളിൽ തുല്യാവകാശമില്ലാത്ത ഇന്ത്യൻ സ്ത്രീകൾക്ക് സ്വതന്ത്രമായി രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കുക അസാധ്യമായി മാറുന്നു.

ജനാധിപത്യത്തിന്റെ കണക്കുകളും
കഠിന യാഥാർത്ഥ്യവും

18-ാം ലോക്‌സഭയിൽ സ്ത്രീപ്രാതിനിധ്യം 13.6 ശതമാനം മാത്രമാണ്. 543 അംഗങ്ങളിൽ 74 സ്ത്രീകൾ മാത്രം. 2019-ലെ 17-ാം ലോക്‌സഭയിൽ ഇത് 14.4 ശതമാനമായിരുന്നു (78 സ്ത്രീകൾ). അതായത്, പുരോഗതി പ്രതീക്ഷിച്ചിടത്ത് പിന്നോട്ടുള്ള ഒരു ചുവടാണ് നാം കാണുന്നത്. ഇൻ്റർ പാർലമെൻ്ററി യൂണിയന്റെ (IPU) 2025-ലെ കണക്കുകൾ പ്രകാരം ലോകത്തെ ദേശീയ നിയമസഭകളിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ ആഗോള ശരാശരി 27.2 ശതമാനമാണ്. റുവാണ്ട (61%), ക്യൂബ (53%), നിക്കരാഗ്വ (51%) തുടങ്ങിയ രാജ്യങ്ങൾ സ്ത്രീപ്രാതിനിധ്യത്തിൽ വിപ്ലവം സൃഷ്ടിക്കുമ്പോൾ, ഇന്ത്യയുടെ സ്ഥാനം 130 മുതൽ 140 വരെ റാങ്കുകളിലാണ്. ജനാധിപത്യത്തിന്റെ മാതൃകയെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന് ഇത് അഭിമാനകരമായ സ്ഥാനമല്ല.

ഈ പ്രശ്നം പുതിയതല്ല. 1952-ലെ ആദ്യ ലോക്‌സഭയിൽ മൊത്തം 489 അംഗങ്ങളിൽ സ്ത്രീപ്രാതിനിധ്യം 4.9 ശതമാനം മാത്രമായിരുന്നു (24 സ്ത്രീകൾ). ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം, 2024-ലെ തിരഞ്ഞെടുപ്പിൽ 797 സ്ത്രീകൾ മത്സരിച്ചിട്ടും വിജയിച്ചത് 74 പേർ മാത്രം; വിജയശതമാനം 9.3. ഇത് വ്യക്തമാക്കുന്നത് സ്ത്രീകൾ മത്സരിക്കാൻ തയ്യാറാകാത്തതല്ല പ്രശ്നം; മറിച്ച്, രാഷ്ട്രീയ പാർട്ടികൾ അവർക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ നൽകാത്തതാണ്. പലപ്പോഴും മിക്ക സ്ത്രീസ്ഥാനാർത്ഥികൾക്കും വിജയിക്കാൻ സാധ്യതയില്ലാത്ത നിയോജകമണ്ഡലം നൽകി, ഒന്നുകിൽ പൊരുതി ജയിക്കുക, അല്ലെങ്കിൽ പിന്മാറുക എന്ന കടുത്ത സമ്മർദ്ദമുണ്ടാക്കുന്ന സ്ഥിതിയാണ് മുഖ്യധാരാ പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്. പാർട്ടികൾ സ്ത്രീകളെ “സുരക്ഷിതമല്ലാത്ത” അല്ലെങ്കിൽ “പരാജയസാധ്യത കൂടിയ” സീറ്റുകളിൽ മാത്രം മത്സരിപ്പിക്കുന്ന പ്രവണത ഇതിന്റെ തെളിവാണ്. 1984-ൽ ലീലാ ദാമോദരമേനോൻ ആത്മകഥയിൽ എഴുതിയതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇന്നുള്ള അവസ്ഥ.

ലീലാ ദാമോദരമേനോൻ. പലപ്പോഴും മിക്ക സ്ത്രീസ്ഥാനാർത്ഥികൾക്കും വിജയിക്കാൻ സാധ്യതയില്ലാത്ത നിയോജകമണ്ഡലം നൽകി, ഒന്നുകിൽ പൊരുതി ജയിക്കുക, അല്ലെങ്കിൽ പിന്മാറുക എന്ന കടുത്ത സമ്മർദ്ദമുണ്ടാക്കുന്ന സ്ഥിതിയാണ് മുഖ്യധാരാ പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്.
ലീലാ ദാമോദരമേനോൻ. പലപ്പോഴും മിക്ക സ്ത്രീസ്ഥാനാർത്ഥികൾക്കും വിജയിക്കാൻ സാധ്യതയില്ലാത്ത നിയോജകമണ്ഡലം നൽകി, ഒന്നുകിൽ പൊരുതി ജയിക്കുക, അല്ലെങ്കിൽ പിന്മാറുക എന്ന കടുത്ത സമ്മർദ്ദമുണ്ടാക്കുന്ന സ്ഥിതിയാണ് മുഖ്യധാരാ പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്.

കൂടാതെ, രാഷ്ട്രീയ പ്രവേശനത്തിനുള്ള സാമ്പത്തിക കടമ്പകൾ സ്ത്രീകളെ കൂടുതൽ പിന്നോട്ടടിക്കുന്നു. തിരഞ്ഞെടുപ്പ് ചെലവുകൾ കോടികളിലേക്ക് ഉയരുമ്പോൾ, സ്വത്തുക്കളിൽ തുല്യാവകാശമില്ലാത്ത ഇന്ത്യൻ സ്ത്രീകൾക്ക് സ്വതന്ത്രമായി രാഷ്ട്രീയ രംഗത്ത് നിലയുറപ്പിക്കുക എന്നത് അസാധ്യമായി മാറുന്നു. ഇതിനെ മറികടക്കാൻ പലപ്പോഴും രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് മാത്രമേ (Dynasty Politics) അവസരം ലഭിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പാർലമെന്റിലേക്കുള്ള വഴി ഇന്നും അടഞ്ഞുതന്നെ കിടക്കുന്നു.

ലോക്സഭയിൽ കേരളത്തിൽനിന്നുള്ള സ്ത്രീപ്രാതിനിധ്യം ‘പൂജ്യം’ ആയിട്ടും ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നു പോലും സ്ത്രീകൾക്ക് കൊടുക്കാൻ പാർട്ടികൾ തയ്യാറായില്ല.

കേരളം: പുരോഗതിയുടെ
പുറംചട്ടയും യാഥാർത്ഥ്യവും

സാക്ഷരതയിലും ആരോഗ്യ സൂചികകളിലും സാമൂഹിക പുരോഗതിയിലും രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ ചിത്രം പോലും ആശ്വാസകരമല്ല. 140 അംഗങ്ങളുള്ള കേരള നിയമസഭയിലുള്ളത് 11 സ്ത്രീകൾ മാത്രം (ഏകദേശം 5.7 ശതമാനം). ചരിത്രത്തിൽ ഒരിക്കലും 10 ശതമാനം കടന്നിട്ടില്ലാത്ത ഈ പ്രാതിനിധ്യം കേരളത്തിന്റെ രാഷ്ട്രീയ വൈരുദ്ധ്യത്തെ തുറന്നുകാട്ടുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു സ്ത്രീ പോലും വിജയിച്ചില്ല – 20-ൽ പൂജ്യം. ഇത് കേരളത്തിന്റെ 'പുരോഗമന' മുഖംമൂടി ഊരിമാറ്റുന്ന ഒരു കണ്ണാടിയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം നടപ്പാക്കി ലക്ഷക്കണക്കിന് സ്ത്രീകളെ നേതാക്കളാക്കിയ കേരളം, സംസ്ഥാന- ദേശീയ തലങ്ങളിൽ ഇതേ മാതൃക ആവർത്തിക്കാത്തത് പിതൃമേധാവിത്വത്തിന്റെ ആഴമേറിയ വേരുകളെ സൂചിപ്പിക്കുന്നു. കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം വർധിച്ചെങ്കിലും, രാഷ്ട്രീയ അധികാരശ്രേണിയുടെ മുകൾത്തട്ടിൽ പുരുഷൻമാർ ചരടുവലിക്കുന്നു. ലോക്സഭയിൽ കേരളത്തിൽനിന്നുള്ള സ്ത്രീപ്രാതിനിധ്യം ‘പൂജ്യം’ ആയിട്ടും ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നു പോലും സ്ത്രീകൾക്ക് കൊടുക്കാൻ തയ്യാറാവാതിരുന്നത് സ്ത്രീകൾ ഇല്ലാതിരിക്കുന്നത് ഒരു പ്രശ്നമായിപ്പോലും ആൺകോയ്മാ നേതൃത്വങ്ങളെ അലട്ടാത്തതുകൊണ്ടാണ്.

കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം വർധിച്ചെങ്കിലും, രാഷ്ട്രീയ അധികാരശ്രേണിയുടെ മുകൾത്തട്ടിൽ പുരുഷൻമാർ ചരടുവലിക്കുന്നു.
കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം വർധിച്ചെങ്കിലും, രാഷ്ട്രീയ അധികാരശ്രേണിയുടെ മുകൾത്തട്ടിൽ പുരുഷൻമാർ ചരടുവലിക്കുന്നു.

രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാൻ കരുത്തുള്ള ഒരു സ്ത്രീയെ നിലവിലെ കേരള രാഷ്ട്രീയത്തിൽ ഇനിയും കണ്ടെത്തിയിട്ടുണ്ടോ എന്ന സംശയം വരെ ഉന്നത നേതാക്കളിൽ നിന്നുണ്ടാകുന്നു. ഷീലാ ദീക്ഷിത്, ജയലളിത, വസുന്ധര രാജെ സിന്ധ്യ, മായാവതി, മമത ബാനർജി തുടങ്ങിയവരുടെ പേരിനൊപ്പം കൂട്ടിച്ചേർക്കാൻ കേരളത്തിൽ ഇന്നു വരെ ഒരു നമ്പർ വൺ പേരും വന്നിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സ്ത്രീമുഖ്യമന്ത്രി വരുമെന്ന ഘട്ടം വരെ എത്തിയിട്ടും അത്തരം ഉദ്യമങ്ങൾ എങ്ങനെയൊക്കെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് നാം കണ്ടതാണ്. അധികാരത്തിൽ കൊതിതീരാത്ത ആൺപാർട്ടികൾ ചർച്ച ചെയ്ത് അവരിൽ നിന്ന് ഒരു പെൺമുഖ്യമന്ത്രി വരാനിടയില്ലെന്നു തന്നെയാണ് ചർച്ചയിൽ തെളിഞ്ഞത്. അധികാരത്തിനോടുള്ള ആണുങ്ങളുടെ ആർത്തി പരിഹാസ്യമായാണ് പൊതുചർച്ചകളിൽ പോലും പ്രകടിപ്പിക്കുന്നത്. “ഞങ്ങൾ വളർത്താം, പക്ഷെ വളരുന്നത് ഞങ്ങൾ അനുവദിക്കുന്നിടത്തോളം മതി” എന്നതാണ് അവരുടെ അലിഖിത നിയമം.

സ്ത്രീകളുടെ പ്രാതിനിധ്യമില്ലായ്ത, കേവലം സംഖ്യകളുടെ പ്രശ്നമല്ല; അത് സാമൂഹിക നീതിയുടെ, രാഷ്ട്രീയ പങ്കാളിത്തത്തിന്റെ, തീരുമാനമെടുക്കൽ പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങളെ ബാധിക്കുന്ന മൗലിക പ്രതിസന്ധിയാണ്.

പിതൃമേധാവിത്വം:
രാഷ്ട്രീയത്തിന്റെ അദൃശ്യഘടന

സ്ത്രീകളും ലിംഗന്യൂനപക്ഷങ്ങളും അധികാരത്തിൽ നിന്ന് അകന്നുനിൽക്കുന്നതിന്റെ അടിസ്ഥാനം പിതൃമേധാവിത്വമാണ്. ഇത് വ്യക്തമായ നിയമങ്ങളിലൂടെ മാത്രം പ്രവർത്തിക്കുന്നില്ല; കുടുംബം, വിദ്യാഭ്യാസം, മതം, മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയിലൂടെ പുനരുൽപ്പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹിക ഘടനയാണിത്. വീട്ടുജോലിയും ശിശുപരിപാലനവും സ്ത്രീകളുടെ മാത്രം “സ്വാഭാവിക കടമ”യായി ചിത്രീകരിക്കുന്നത് അവരുടെ പൊതുജീവിത പങ്കാളിത്തത്തെ തടസ്സപ്പെടുത്തുന്നു. ഒരു പുരുഷന് തന്റെ വീടിനെക്കുറിച്ച് ആകുലപ്പെടാതെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയുമ്പോൾ, സ്ത്രീകൾക്ക് വീടിന്റെ ഉത്തരവാദിത്തങ്ങൾ കൂടി പേറേണ്ടി വരുന്നു. രാഷ്ട്രീയരംഗത്തേക്ക് വരുന്ന സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബർ ആക്രമണങ്ങളും സ്വഭാവഹത്യയുമാണ്. പൊതുമണ്ഡലത്തിൽ ശബ്ദമുയർത്തുന്ന സ്ത്രീകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവരെ രാഷ്ട്രീയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പുരോഗമനവാദം പറയുന്നവർ പോലും പ്രയോഗിക്കുന്ന ആയുധമാണ്.

ഇന്ത്യയിലെ രാഷ്ട്രീയ തീരുമാനങ്ങൾ പലതും എടുക്കപ്പെടുന്നത് രാത്രികാലങ്ങളിലെ പുരുഷക്കൂട്ടായ്മകളിലാണ്. വൈകീട്ട് നടക്കുന്ന ചർച്ചകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും സ്ത്രീകൾ സ്വാഭാവികമായും ഒഴിവാക്കപ്പെടുന്നു, ഇത് അവരെ പ്രധാന തീരുമാനങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നു.

പെണ്ണുങ്ങൾ തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും ആൺതമ്പുരാക്കന്മാർക്ക് ജയ് വിളിക്കാനും ബാനർ പിടിക്കാനും ആൺനേതാക്കന്മാർക്കുവേണ്ടി പൊതുഇടങ്ങളിൽ പ്രസംഗിച്ച് ആളെ കൂട്ടാനും ചാനലുകളിൽ ചെന്നിരുന്ന് അവർക്കുവേണ്ടി വാദിക്കാനുമുള്ള ‘ദാസികൾ’ മാത്രമാണ് പലപ്പോഴും. തുമ്മിയാൽ തെറിക്കുന്നതാണ് തങ്ങളുടെ സീറ്റെന്ന് അവർക്കും നന്നായി അറിയാം. കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോവിലെ തടവുകാരനെ പോലെ, നീണ്ട കാലത്തെ കഠിന പ്രയത്‌നം കൊണ്ട് തുരന്നുണ്ടാക്കിയ തുരങ്കം വേറൊരു തടവുമുറിയിൽ ചെന്നാണ് തുറന്നത് എന്ന അവസ്ഥയാണ് രാഷ്ട്രീയരംഗത്തെ സ്ത്രീകൾ നേരിടുന്നത്.

മുൻ മന്ത്രി കെ.കെ. ശൈലജ. അധികാരത്തിൽ കൊതിതീരാത്ത ആൺപാർട്ടികൾ ചർച്ച ചെയ്ത് അവരിൽ നിന്ന് ഒരു പെൺമുഖ്യമന്ത്രി വരാനിടയില്ലെന്ന് ഉറപ്പുവരുത്തുന്നു.
മുൻ മന്ത്രി കെ.കെ. ശൈലജ. അധികാരത്തിൽ കൊതിതീരാത്ത ആൺപാർട്ടികൾ ചർച്ച ചെയ്ത് അവരിൽ നിന്ന് ഒരു പെൺമുഖ്യമന്ത്രി വരാനിടയില്ലെന്ന് ഉറപ്പുവരുത്തുന്നു.

നാരീശക്തി വന്ദൻ അധിനിയമം:
പ്രത്യാശയും പരിധികളും

2023-ലെ 106-ാം ഭരണഘടനാ ഭേദഗതി (നാരീശക്തി വന്ദൻ അധിനിയമം) 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ നടപടിയാണ്. ഇത് പതിറ്റാണ്ടുകളായുള്ള പോരാട്ടത്തിന്റെ വിജയമാണ്. എങ്കിലും ഇതിലെ വ്യവസ്ഥകൾ പരിശോധിക്കുമ്പോൾ ഗൗരവമായ ആശങ്കകൾ ഉയരുന്നുണ്ട്. സംവരണം നടപ്പിലാക്കുന്നതിന് മുൻപ് സെൻസസും മണ്ഡല പുനർനിർണയവും നടത്തണമെന്ന വ്യവസ്ഥ ഒരു വലിയ തടസ്സമാണ്. 33% സ്ത്രീസംവരണം നടപ്പിലാക്കാൻ ആവശ്യമില്ലാത്ത അടിസ്ഥാനരഹിതമായ ഈ രണ്ട് ഉപാധികൾ പിൻവലിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ നിയമം നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാകണം. 2026-നു ശേഷമുള്ള സെൻസസിനുശേഷം മാത്രമേ ഇത് പ്രായോഗികമാകൂ. ഈ കാലതാമസം നിയമത്തിന്റെ സത്തയെ തന്നെ ചോർത്തിക്കളയുന്നു. രാജ്യസഭയിലേക്കും സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കും ഈ സംവരണം ബാധകമല്ല. ബി.ജെ.പി 69 സ്ത്രീകളെയാണ് (16%) മത്സരിപ്പിച്ചത്. കോൺഗ്രസ് 41 സ്ത്രീകളെയും (13%). അതേസമയം തൃണമൂൽ കോൺഗ്രസ് 29% സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിച്ച് മാതൃക കാട്ടി.

ചരിത്രപരമായ പിന്നാക്കാവസ്ഥയും പ്രതിരോധവും

സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിന് നൂറു കൊല്ലത്തെ ചരിത്രം പോലുമില്ല. തിരുവിതാംകൂറിൽ നിബന്ധനകൾക്ക് വിധേയമായി സ്ത്രീ വോട്ടവകാശം ലഭിച്ചത് 1920-ലാണ്. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് സാക്ഷരതയും സ്വത്തും മാനദണ്ഡമാക്കി വോട്ടവകാശം പരിമിതപ്പെടുത്തി. ആനി തയ്യിലും അജിതയും അന്നാ ചാണ്ടിയും മുതൽ മാധവിക്കുട്ടി വരെ നേരിട്ട രാഷ്ട്രീയ വിവേചനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. "കേരളത്തിൽ പ്രസംഗിച്ചു നടന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല... നാറ്റമുള്ള പൂച്ചെണ്ട്, താടിയെല്ലിനു വേദന, ഇതു രണ്ടും കിട്ടുമെന്നല്ലാതെ" എന്ന് മാധവിക്കുട്ടി പറഞ്ഞത് ഇന്നും അന്വർത്ഥമായി തുടരുന്നു.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവസ്ഥ ഇതിലും ദയനീയമാണ്. 1998-ൽ ശബ്നം മൗസി ആദ്യ ട്രാൻസ് MLA ആയെങ്കിലും, ഇന്നും ഈ വിഭാഗം ഒരു വോട്ട് ബാങ്ക് പോലുമല്ല. കേരളം പോലൊരു സംസ്ഥാനം ഒരു ട്രാൻസ്ജെൻഡർ ജനപ്രതിനിധിയെ കുറിച്ച് ആലോചിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നിയമങ്ങൾക്കപ്പുറം എന്ത്?

നിയമനിർമ്മാണം കൊണ്ടുമാത്രം ഈ മരീചിക ഇല്ലാതാവില്ല. അതിന് താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്:

  • രാഷ്ട്രീയ പാർട്ടികൾ ആഭ്യന്തര ഘടനയിൽ 50 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം. സ്ത്രീസംവരണ നിയമം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ നടപ്പിലാക്കാൻ വേണ്ട നടപടികൾക്കായി പ്രതിപക്ഷം ശബ്ദം ഉയർത്തണം.

  • പെൺകുട്ടികളിൽ സ്കൂൾ കാലഘട്ടം മുതൽ രാഷ്ട്രീയ അവബോധവും നേതൃത്വപാടവവും വളർത്തുന്ന രീതിയിലുള്ള മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് വരണം.

  • സ്ത്രീ സ്ഥാനാർത്ഥികൾക്കായി പ്രത്യേക തിരഞ്ഞെടുപ്പ് ഫണ്ടുകൾ രൂപീകരിക്കുകയോ തിരഞ്ഞെടുപ്പു ചെലവുകൾ സർക്കാർ വഹിക്കുകയോ വേണം.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രാതിനിധ്യം ഏറെ ദയനീയമാണ്. 1998-ൽ ശബ്നം മൗസി ആദ്യ ട്രാൻസ് MLA ആയെങ്കിലും, ഇന്നും ഈ വിഭാഗം ഒരു വോട്ട് ബാങ്ക് പോലുമല്ല.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ പ്രാതിനിധ്യം ഏറെ ദയനീയമാണ്. 1998-ൽ ശബ്നം മൗസി ആദ്യ ട്രാൻസ് MLA ആയെങ്കിലും, ഇന്നും ഈ വിഭാഗം ഒരു വോട്ട് ബാങ്ക് പോലുമല്ല.

പകുതി ആകാശം പൂർണമാകുമോ?

പകുതി ജനതയെ പാർശ്വവൽക്കരിച്ചുകൊണ്ട് ഒരു രാജ്യത്തിനും യഥാർത്ഥ പുരോഗതി കൈവരിക്കാനാവില്ല. ‘നാരീശക്തി വന്ദൻ അധിനിയമം’ അതിന്റെ എല്ലാ അർത്ഥത്തിലും നടപ്പാകുകയും, ജാതി- മത ഭേദമന്യേ എല്ലാ വിഭാഗം സ്ത്രീകളും അധികാര കേന്ദ്രങ്ങളിൽ എത്തുകയും ചെയ്യുമ്പോൾ മാത്രമേ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആകാശം പൂർണമാകുകയുള്ളൂ. അതുവരെ, ആ ആകാശം നമ്മുടെ പരാജയത്തിന്റെ പ്രതീകമായി, ഒരു മരീചികയായി തുടരും.

Comments