പെണ്ണുങ്ങൾക്ക് ആണുങ്ങളേക്കാൾ മെമ്പർഷിപ്പുള്ള പാർട്ടി, പക്ഷേ...

മുസ്‌ലിം ലീഗ് നിർണായകമായ ചരിത്ര ഘട്ടത്തിലാണ് നിൽക്കുന്നത്, പ്രത്യേകിച്ചും സമുദായത്തിലെ സ്ത്രീകൾ അംഗത്വ അനുപാതത്തിൽ മുന്നിലെത്തുന്നു. നേരത്തെത്തന്നെ അവരവരുടെ സ്വതന്ത്രമായ വേദികൾ ആവശ്യപ്പെടുന്നു. ലീഗിലേക്കും അതിന്റെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലേക്കും സ്ത്രീകൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കുകയാണ് പാർട്ടി ഇപ്പോൾ ചെയ്യേണ്ടത്. ഇപ്പോഴെങ്കിലും തുടക്കമിട്ടാൽ ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്ന നീക്കമായിരിക്കും ഇത്. അവളെ ഉൾക്കൊള്ളുന്ന മുസ്‌ലിം ലീഗിനെ അവളർഹിക്കുന്നു, അവളെ ഉൾക്കൊള്ളാത്ത ലീഗ് അവളെ അർഹിക്കുന്നില്ല. വരുന്ന കാലം അവളുടേതാണ്.

മുസ്‌ലിം ലീഗ്അംഗത്വമെടുത്തവരിൽ ഇക്കുറി ആണുങ്ങളേക്കാൾ പെണ്ണുങ്ങളാണുള്ളത്. ഇന്നലെ വൈകിട്ടോടെ ലഭ്യമായ പുതിയ സംസ്ഥാന ഭാരവാഹികളുടെ പട്ടികകളിൽ എന്നാൽ സ്ത്രീകളില്ല. 10 വൈസ് പ്രസിഡണ്ടുമാർ, 11 സെക്രട്ടറിമാർ, 32 സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവരിൽ സ്ത്രീകളില്ല. ഇല്ലാത്തതിന്റെ സാങ്കേതിക കാരണം, സംസ്ഥാന കൗൺസിലിൽ സ്ത്രീകളില്ല എന്നതാണ്. മെമ്പർഷിപ്പ് വിതരണത്തിൽ സ്ത്രീപുരുഷ ഭേദമില്ല. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും സംസ്ഥാന മുസ്‌ലിം ലീഗിലേക്കാണ് അംഗത്വം. ഈ മെമ്പർമാരിൽ നിന്നും കൗൺസിലിലേക്ക് ആണുങ്ങളേ എത്തൂ, സ്ത്രീകൾ അവിടം മുതൽ വനിതാലീഗും അതിന്റെ കൗൺസിലിൽ മാത്രം എത്തുന്നവരുമായി മാറുന്നു. എന്നാൽ മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിൽ സ്ത്രീകളില്ല എന്നു വിധിച്ചുകൂട താനും. അങ്ങനെ ഒരു വിധിത്തീർപ്പ് വരാതിരിക്കാനുള്ള പ്രതിവിധി ഭാരവാഹി ലിസ്റ്റിൽ മുൻകൂട്ടി കൊണ്ടുവെച്ചിട്ടുണ്ട്. അതാണ് സ്ഥിരം ക്ഷണിതാക്കൾ എന്ന വിഭാഗം. ലിസ്റ്റിലെ സ്ഥിരം ക്ഷണിതാക്കളിൽ മൂന്ന് പേരുണ്ട് സ്ത്രീകൾ. പകുതിയിലേറെ അംഗങ്ങൾ പെണ്ണുങ്ങളായ പാർട്ടിയിൽ സംസ്ഥാന നേതൃത്വത്തിൽ പെണ്ണുങ്ങളുടെ ഇടം ഈ സ്ഥിരം ക്ഷണിതാക്കൾ എന്നതായിത്തന്നെ തുടരുന്നു.

കേരളത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു പാർട്ടികൾ തയ്യാറെടുക്കുന്ന സമയം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനു മുഖാമുഖം മുസ്‌ലിം ലീഗിന്റെ ഒരു നിയുക്ത വനിതാസ്ഥാനാർത്ഥി ചിരിച്ചിരുന്ന് സംസാരിക്കുന്ന ഫോട്ടോ പുറത്തുവന്നതോർക്കുന്നു. ലീഗ്-സമസ്ത ബന്ധത്തിൽ തലേനാൾ വരെ ഭാവന ചെയ്യാൻ പറ്റുമായിരുന്നില്ല അങ്ങനെയൊരു കൂടിക്കാഴ്ചയും. കൂടിക്കാഴ്ച നടന്നാൽ തന്നെ അതിന്റെ അത്തരമൊരു ചിത്രം പുറത്തുവരുന്നതും. എന്നാലത് 2021 -ൽ സംഭവിച്ചു. ലീഗ് വനിതകളെ സ്ഥാനാർത്ഥിയാക്കിയാൽ സമസ്ത അതിനെതിരെ നിലകൊള്ളും എന്ന ലീഗിലെത്തന്നെ ആൺനേതൃത്വത്തിന്റെ വാദത്തെ റദ്ദു ചെയ്യുന്ന സമസ്തയുടെ നിലപാടും ജിഫ്രി തങ്ങൾ ആ സന്ദർഭത്തിൽ വ്യക്തമാക്കി. ലീഗ് വനിതാ സ്ഥാനാർത്ഥിയെ നിർത്തിയാൽ സമസ്ത പരാജയപ്പെടുത്തുമെന്നായിരുന്നു എപ്പോഴും പ്രചാരണം.

ഖമറുന്നീസ അൻവർ

1996 -ൽ ഖമറുന്നീസ അൻവറിനോട് ചെയ്തത് തന്നെയാകും ഏതു വനിതാ സ്ഥാനാർഥിയോടും അവർ ചെയ്യാൻ പോകുന്നതെന്ന തരത്തിൽ പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും വിശകലനങ്ങൾ വന്നു. ഒരുപക്ഷേ, രണ്ടോ മൂന്നോ സീറ്റുകൾ പെണ്ണുങ്ങൾക്കു പോയാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നു കരുതിയ ആണുങ്ങളായ സ്ഥാപിതതാല്പര്യക്കാരുടെ തന്നെ പടച്ചുവിടലായിരുന്നിരിക്കണം ആ ആരോപണം. ഏതായാലും ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുമുമ്പേ, സമസ്ത പ്രസിഡന്റ് വ്യക്തമാക്കിയ നിലപാട് ശ്രദ്ധേയമായിരുന്നു. "മുസ്ലിംലീഗ് സെക്യുലർ സ്വഭാവമുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയാണ്. മതത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെട്ട പാർട്ടിയല്ല. മുസ്‌ലിം എന്ന പേരുണ്ടെങ്കിലും അതു മുസ്‌ലിംകളുടെ അവകാശങ്ങൾ മാത്രം നേടിയെടുക്കുന്ന പാർട്ടിയല്ല. അവർക്ക് ചിലപ്പോൾ സ്ഥാനാർഥി നിർണയത്തിൽ, സംവരണ സീറ്റിൽ നിർബന്ധമായും വനിതകളെ പരിഗണിക്കേണ്ടി വരും. അതാണ് പഞ്ചായത്തുകളിലൊക്കെ കാണുന്നത്. അതല്ലാതെയും ചിലപ്പോൾ പരിഗണിക്കേണ്ട പ്രത്യേക ഘട്ടങ്ങൾ ഉണ്ടാകാം. പരിഗണിച്ചില്ലെങ്കിൽ പാർട്ടിയുടെ ശക്തി നഷ്ടപ്പെടുകയോ പാർട്ടി പരിഹസിക്കപ്പെടുകയോ ഒക്കെ ഉണ്ടാകാം. പരിഗണിക്കപ്പെടേണ്ട സന്ദർഭങ്ങളിൽ അവരെ പരിഗണിച്ചാൽ അതൊരു തെറ്റാണെന്ന് പറയേണ്ടി വരില്ല.''

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ആയിരുന്ന നൂർബീന റഷീദിനോടൊപ്പം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കേരളത്തിൽ പാർട്ടി പുനസംഘടന വരുമ്പോഴും സ്ഥാനാർത്ഥി ലിസ്റ്റു വരുമ്പോഴും അതിൽ തങ്ങളുടെ പ്രാതിനിധ്യം എത്രയുണ്ടാവുമെന്ന് ഉറ്റുനോക്കുന്ന സ്ത്രീകൾ ഇപ്പോൾ ലീഗിലുണ്ട്. പോയ രണ്ടു പതിറ്റാണ്ടിനിടെ മുസ്‌ലിം സമുദായത്തിൽ നടക്കുന്ന പുതിയ ഉണർവുകളുടെ ഫലമാണിത്. ഉന്നത വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടം തന്നെയായിരുന്നു ആ മാറ്റത്തിന്റെ രാസത്വരകം. കേരളത്തിലെ ഉന്നത കലാലയങ്ങളിലേക്കും അവിടെനിന്ന് സംസ്ഥാനത്തിനു പുറത്തെ കേന്ദ്ര-കേന്ദ്രേതര സർവകലാശാലകളിലേക്കും അവിടവും കടന്ന് വിദേശസർവകലാശാലകളിലേക്കും മാപ്പിളമാരുടെ വൻ ഒഴുക്കുണ്ടായി. ഈ പ്രവാഹത്തിന്റെ മുന്നിലുണ്ടായിരുന്നത് പെൺകുട്ടികളായിരുന്നു. ഈ കുതിപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും പെൺകുട്ടികളായിരുന്നു. സ്വയംപര്യപ്തത, സ്വയം നിർണയാവകാശം, സ്വന്തം ആലോചനകൾ, സഞ്ചാരങ്ങൾ എന്നതൊക്കെ പെണ്ണുങ്ങൾക്കുമുണ്ടെന്ന് ഭൂരിഭാഗംപേരും തിരിച്ചറിയുന്നത് ഇതിനിടയിലായിരുന്നു. പെൺകുട്ടികൾക്കും ഗവേഷണം നടത്താം, വിഷയ വിദഗ്ധരാകാം, തീരുമാനങ്ങൾ പറയാം, സ്വന്തം കാലിൽ നിൽക്കാം എന്നൊക്കെയുള്ള തെളിച്ചങ്ങൾ വ്യാപകമായി. ഇതേസമയത്തു തന്നെ ലിംഗനീതി, സാമൂഹികനീതി ചർച്ചകൾ പൊതുമണ്ഡലത്തിലും ചൂടുപിടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക, സാഹിത്യ, കലാ രംഗങ്ങളിൽനിന്നുള്ള പൊതുവ്യക്തിത്വങ്ങളും അവരുടെ പൂർവകാല നയങ്ങളും നിലപാടുകളും വ്യാപകമായി ഓഡിറ്റ് ചെയ്യപ്പെട്ടു. മതപണ്ഡിതരും മതപ്രഭാഷകരും ഈ സോഷ്യൽ ഓഡിറ്റിങ്ങിൽനിന്ന് രക്ഷപ്പെട്ടില്ല. അതിന്റെ മാറ്റവും പ്രതിഫലനവുമുണ്ടായി. പുതുതായുണ്ടായ ഈ നീതിയുടെ സൂക്ഷ്മരാഷ്ട്രീയം വാക്കിലും നോക്കിലുമെല്ലാം സൂക്ഷിക്കേണ്ടതുണ്ടെന്ന ഉൾക്കൊള്ളൽ പരക്കെയുണ്ടായി. ഇതിന്റെയൊക്കെ തുടർച്ചയിലാണ് മുസ്ലിം ലീഗിലും ഹരിത ഒരു പ്രശ്‌നമേഖലയായത്.

ഫാത്വിമ തഹ്ലിയ, നജ്മ തബ്ഷീറ, മുഫീദ തസ്‌നി, ഷിഫ എം.

മാറുന്ന സാമൂഹികാന്തരീക്ഷം തിരിച്ചറിഞ്ഞാണ് സമസ്ത പോലും നിലപാടുകളിൽ ഒന്നയഞ്ഞത്. എന്നാൽ, ആ സാമൂഹികസ്ഥിതിയും തലമുറമാറ്റവും ഇനിയും മനസിലാകാത്ത, ഉൾകൊള്ളാൻ താൽപര്യമില്ലാത്തവരാണ് മുസ്‌ലിം ലീഗ് നേതൃത്വമെന്നതാണ് ലീഗിലിപ്പോഴും പെൺഭാരവാഹിത്വം സ്ഥിരം ക്ഷണിതാക്കളിൽ ഒതുങ്ങിയതിനു കാരണം. പുരുഷന്മാരുടെ കീഴൊതുങ്ങിക്കഴിയുന്ന, അവരുടെ സ്ത്രീവിരുദ്ധതകളെ വെളുപ്പിക്കാനുള്ള ന്യായീകരണയന്ത്രങ്ങളായി മാത്രം പ്രവർത്തിച്ചിരുന്ന വനിതാലീഗ് നേതൃത്വത്തിൽനിന്ന് വ്യത്യസ്തമായി സ്വന്തമായി നയവും നിലപാടുമൊക്കെയുള്ള, സ്വയം കർതൃത്വശേഷിയുള്ള ഒരു പുതിയ പെൺതലമുറയുടെ ഉണർവ് ഉൾക്കൊള്ളാൻ ലീഗ് നേതൃത്വത്തിനാകുന്നില്ല. സമുദായ അംഗങ്ങൾ സ്വന്തം വീടുകളിൽ വരെ ഉൾക്കൊണ്ടു തുടങ്ങിയ അടിസ്ഥാനപരമായ ലിംഗനീതി വ്യക്തതയോടെ മുസ്ലിം പെൺകുട്ടികൾ പറയുമ്പോൾ നിങ്ങളുടെ സെമിനാർ പ്രബന്ധം കേൾക്കാൻ സൗകര്യമില്ലെന്നു ചാനൽ ചർച്ചയിൽ പറഞ്ഞ വക്താവിന്റെ കൂടെയാണ്, മേൽപറഞ്ഞ പെണ്ണുങ്ങളുടെ കൂടെയല്ല ലീഗിപ്പോഴും എന്നത് നിരാശയാണ്. നാട്ടിൽ സാർവത്രികമായ ലിംഗനീതി, സാമൂഹികനീതി ചർച്ചകൾ തങ്ങളെ ബാധിക്കുന്നതല്ലെന്നാണ് ലീഗിലെ വലിയൊരു വിഭാഗം ഇപ്പോഴും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ, ലീഗിന്റെ ഭാവി തന്നെ തീരുമാനിക്കാൻ പോകുന്നത് സ്വയം തീരുമാനങ്ങളുള്ള പുതിയ ഈ പെൺതലമുറ ആകുമെന്നതുറപ്പാണ്. ഈ തിരിച്ചറിവ് എത്ര നേരത്തെ ഉദിക്കുന്നു എന്നതിലാണ് ലീഗിന്റെ ഭാവി. മുസ്‌ലിം ലീഗ് പാർട്ടി അതിന്റെ അംഗങ്ങളിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന നേതാക്കളെ സ്ഥിരം ക്ഷണിതാക്കൾ എന്നു പേരിട്ട കസേരകളിലിരുത്തുന്നത് തുടരുമ്പോൾ ഇക്കാര്യം ഓർമ്മിപ്പിക്കാതെ പറ്റില്ല.

നിർബന്ധിത സാഹചര്യത്തിലാണെങ്കിലും മുസ്‌ലിം ലീഗ് സ്ത്രീ ശാക്തീകരണവും പ്രാതിനിധ്യവും സാക്ഷാൽക്കരിച്ചിട്ടുണ്ട് എന്നത് താഴെത്തട്ടിൽ ദൃശ്യമാണ്. സാമൂഹിക മാറ്റം നേരം ഇരുട്ടി വെളുക്കുമ്പോൾ സംഭവിക്കുന്നതല്ല. അതു പടിപടിയായി സംഭവിക്കുന്നതാണ്. അങ്ങനെ ചരിത്രത്തിന്റെ വിളിക്ക് ഉത്തരം നൽകിയാണ് വനിതാലീഗും ഹരിതയും ഉൾപ്പെടെ സ്ത്രീ പ്രസ്ഥാനങ്ങൾ മുസ്‌ലിം ലീഗിന്റെ സ്ത്രീവേദികളായി രൂപപ്പെട്ടത്. ഇതെല്ലാം സ്ത്രീ സമൂഹം സ്വയം ഉയർന്നു വന്നതിന്റെയും മുന്നോട്ടു വന്നതിന്റെയും ഫലമാണ്. ആണുങ്ങളുടെ സൗജന്യമായല്ല, സ്ത്രീ സമൂഹത്തിന്റെ അവകാശമായാണ് ഈ വേദികൾ ഉണ്ടായത്. സ്ത്രീകളുടെ അവകാശങ്ങൾക്കും അധികാര പങ്കാളിത്തത്തിനും വേണ്ടിയുള്ള നിർണായക ചുവടു വെപ്പുകൾ ഭാവിയിലുണ്ടാകും. അതിന്റെ അലയൊലി കൂടിയാണ് കേരളത്തിലെ സുന്നി മുസ്ലിംകൾക്കിടയിലെ ഇപ്പോഴത്തെ സംവാദങ്ങളിൽ കേൾക്കുന്നത്. ഇപ്പോൾ കേൾക്കുന്നത് ചരിത്രത്തിന്റെ വിളിയാണ്.

മുസ്‌ലിം ലീഗ് നിർണായകമായ ചരിത്ര ഘട്ടത്തിലാണ് നിൽക്കുന്നത്, പ്രത്യേകിച്ചും സമുദായത്തിലെ സ്ത്രീകൾ അംഗത്വ അനുപാതത്തിൽ മുന്നിലെത്തുന്നു. നേരത്തെത്തന്നെ അവരവരുടെ സ്വതന്ത്രമായ വേദികൾ ആവശ്യപ്പെടുന്നു. ലീഗിലേക്കും അതിന്റെ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലേക്കും സ്ത്രീകൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കുകയാണ് പാർട്ടി ഇപ്പോൾ ചെയ്യേണ്ടത്. അതിന്റെ തുടക്കം എം.എസ്‌.എഫിൽ നിന്നു തന്നെയാണ് ഉണ്ടാവേണ്ടത്. മുസ്‌ലിം ലീഗ് ഒരു കുടുംബം ആണെങ്കിൽ അതിലെ ഏറ്റവും ഇളയ തലമുറയാണ് എം.എസ്‌.എഫ്. എം.എസ്‌.എഫിലേക്ക് വിദ്യാർഥിനികൾ നേരിട്ട് കടന്നു വരട്ടെ. അവർക്കൊരു സ്ത്രീ വേദിയുടെ ആവശ്യമല്ല ഉള്ളത്. ഹരിതക്കു പകരം എം.എസ്‌.എഫിൽ പെൺകുട്ടികൾ പ്രവർത്തിച്ചു തുടങ്ങട്ടെ. അവർക്കു വേണ്ടി പദവികൾ സംവരണം ചെയ്യുക കൂടി വേണം. ഇവർ പരിചയവും പരിശീലനവും നേടി വളർന്നു വരുന്ന മുറയ്ക്ക് യൂത്ത് ലീഗിലും ഇതേപോലെ വാതിലുകൾ തുറന്നിടണം. ഇപ്പോഴെങ്കിലും തുടക്കമിട്ടാൽ ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്ന നീക്കമായിരിക്കും ഇത്. അവളെ ഉൾക്കൊള്ളുന്ന മുസ്‌ലിം ലീഗിനെ അവളർഹിക്കുന്നു, അവളെ ഉൾക്കൊള്ളാത്ത ലീഗ് അവളെ അർഹിക്കുന്നില്ല. വരുന്ന കാലം അവളുടേതാണ്.

ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, സാദിഖലി ശിഹാബ് തങ്ങൾ

സ്ഥിരം ക്ഷണിതാക്കൾ: ഈ വാക്കിനെപ്പറ്റി ഇന്നലെ മുതൽ ആലോചിക്കുന്നു. അത് ആരു കണ്ടുപിടിച്ചതായിരിക്കും. ഇങ്ങനെ ചില വാക്കുകൾ ഉണ്ട്. വാരിക്കുഴി പോലെയാണ്. ഒരിക്കൽ വീണാൽ നമ്മുടെ ബോധധാര മെരുങ്ങി അതിലൊതുങ്ങിപ്പോവും. വാക്കുകൊണ്ട് ഇങ്ങനെയുള്ള കെണികൾ ഉണ്ടാക്കാനാവും. പിന്നെ പാർട്ടി നേതൃത്വത്തിൽ എന്തുകൊണ്ട് പെൺ പ്രാതിനിധ്യം ഇല്ല എന്ന ആലോചന ആ വാക്കിനപ്പുറം പോകില്ല, ഇല്ലെന്നാരു പറഞ്ഞു ഉണ്ടല്ലോ എന്നതിനു തെളിവായി ഈ സ്ഥിരം ക്ഷണിതാക്കൾ കാണും. മറ്റൊരു വിധേനയും അവരെക്കൂടി ഉൾച്ചേർക്കാനുള്ള ചിന്ത നീങ്ങില്ല. ഇങ്ങനെ നമ്മുടെ ബോധത്തിലും വ്യവഹാര മണ്ഡലങ്ങളിലും കുറേ വാക്കുകൾ ഉണ്ട്, ഊരാക്കുടുക്ക് പോലെ കെട്ടുവീണ വാക്കുകൾ. ഭാഷയുടെ രാഷ്ട്രീയത്തിൽ ശ്രദ്ധയുള്ളവർ ഈ പ്രയോഗങ്ങളെ Semantic Traps എന്നു പറയുന്നു. നമ്മുടെ രാഷ്ട്രീയത്തിലും ഭാഷാ പ്രയോഗത്തിലും വ്യവസ്ഥാപിതമായ രീതിയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ആശയ സംവേദനം ഒരു പ്രത്യേക ദിശയിൽ ഒതുക്കാനും വഴിതെറ്റിക്കാനും ആളുകളുടെ വിധിയെ സ്വാധീനിക്കാനും സെമാന്റിക് ട്രാപ്പുകൾ ഉപകരിക്കുന്നു. 1949ൽ പുറത്തിറങ്ങിയതും 1988 വരെ സോവിയറ്റ് റഷ്യ നിരോധനം ഏർപ്പെടുത്തിയതുമായ ജോർജ് ഓർവലിന്റെ 1984 എന്ന നോവലിൽ ഭാഷ കൊണ്ടുള്ള ഈ രാഷ്ട്രീയ പ്രയോഗത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലുകളുണ്ട്. ആശയം പ്രകാശിപ്പിക്കാനല്ല, മറച്ചുവെക്കാനാണ് ഭാഷ (Language is used not to communicate, but to conceal) എന്ന പ്രശസ്തമായ നിരീക്ഷണം അതിലെയാണ്. മറ്റൊരിടത്ത് ചിന്ത ഭാഷയെ ദുഷിപ്പിക്കുന്നുവെങ്കിൽ, ഭാഷ തിരിച്ചു ചിന്തയെയും ദുഷിപ്പിക്കുന്നുണ്ട് എന്നും ഓർവൽ. "If thought corrupts language, language can also corrupt thought.' മലയാളത്തിൽ പ്രചാരമുള്ള Semantic Trap ന്റെ ക്ലാസിക് ഉദാഹരണം കൂട്ടആത്മഹത്യ എന്ന വാക്കാണ്. ഇനി ജീവിച്ചിരിക്കേണ്ട എന്നു തീരുമാനിച്ച മാതാപിതാക്കൾ കുട്ടികളെ ആദ്യം കൊന്നിട്ട് ആത്മഹത്യ ചെയ്യും, കൂട്ടആത്മഹത്യ എന്ന വാക്കിൽ ആ ആദ്യം നടക്കുന്ന കൊലപാതകങ്ങളെ നമ്മളും നമ്മുടെ മാധ്യമങ്ങളും ഒളിപ്പിച്ചു പോരുന്നു. നമ്മുടെ മീഡിയ, നീതിന്യായ ഏജൻസികൾ എന്നിവയെല്ലാം ഇങ്ങനെ ഭാഷയുടെ ഈ കെണിയിൽ പെടാറുണ്ട്. ചുരുക്കത്തിൽ ഈ കെണിവാക്കുകൾ മുസ്‌ലിം ലീഗിന്റെ മാത്രം കുറ്റമോ ഉപായമോ അല്ല, ഇത്തരം പദക്കെണികൾ കൊണ്ട് നമ്മളെല്ലാവരും മറ്റുള്ളവരെയും നമ്മളെത്തന്നെയും പറ്റിച്ചാണ് ജീവിക്കുന്നത്

Comments