കെ. കണ്ണൻ: ലൈംഗികാരോപണത്തിലെ പ്രതിസ്ഥാനത്തുള്ള ഒരാൾ പരസ്യമായി, താനാണ് ഇര എന്നും തന്റെ കൈയിൽ അവരുമായി ബന്ധപ്പെട്ട 400 സ്‌ക്രീൻ ഷോട്ടുകളുണ്ടെന്നും നിയമത്തിന്റെ പരിരക്ഷയിൽ അവർ സുഖമായി ഇരിക്കുന്നു എന്നത് എവിടുത്തെ ന്യായമാണ് എന്നുമൊക്കെ വാദിച്ച്, തന്റെ അമ്മയുടെയും ഭാര്യയുടെയും കുടുംബത്തിന്റെയുമൊക്കെ പേരിൽ പൊതുസമൂഹത്തിന്റെ പിന്തുണ തേടാൻ ശ്രമം നടത്തുന്ന കാഴ്ചയാണ്, നടനും നിർമാതാവുമായ വിജയ് ബാബുവുമായി ബന്ധപ്പെട്ട കേസിൽ നമ്മൾ കണ്ടത്. ഇയാളുടെ ലൈവ് ഷോക്കുതൊട്ടുപുറകേ, ആക്രമിക്കപ്പെട്ട സ്ത്രീക്കെതിരെ സംഘടിതമായിത്തന്നെ സൈബർ ലിഞ്ചിംഗുണ്ടായി. ഇനി, ഒരു സ്ത്രീയും ഇത്തരത്തിൽ ധീരമായി മുന്നോട്ടുവരാതിരിക്കാനുള്ള ഒരു സാഹചര്യം കൂടി, പ്രത്യക്ഷമായി തന്നെ ഈ സംഭവവികാസങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
അതേസമയം, ആക്രമിക്കപ്പെട്ട സ്ത്രീ, പൊതുസമൂഹത്തിനുമുന്നിൽ പേരുപോലും നഷ്ടപ്പെട്ട അവസ്ഥയിൽ കഴിയേണ്ടിവരുന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ടവർക്കെതിരെ സാമൂഹികമായി ഉണ്ടായേക്കാവുന്ന വിവേചനങ്ങളിൽനിന്നുള്ള സംരക്ഷണത്തിനെന്നപേരിൽ നിലവിലുള്ള ഈ നിയമം, അതായത്, ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഐഡന്റിറ്റി രഹസ്യമാക്കി വക്കണമെന്ന നിയമം, പുതിയ സാമൂഹിക വായനകളുടെ വെളിച്ചത്തിൽ നിലനിർത്തേണ്ടതുണ്ടോ? ഈ സാഹചര്യങ്ങളെ അതിജീവിച്ച്, ധീരയായി സമൂഹത്തെ അഭിമുഖീകരിക്കാൻ അവർക്ക് അവസരം നൽകുകയല്ലേ, ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാൻ നല്ലത്?
അഡ്വ. എൻ. ഷംസുദ്ദീൻ: ഐ.പി.സി. സെക്ഷൻ 228 എ പ്രകാരം അങ്ങനെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാക്കിവെച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിനിരയാകുന്ന ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, മൈനറാണെങ്കിൽ കുട്ടികൾ തുടങ്ങിയവരുടെ പേര് വെളിപ്പെടുത്തരുത് എന്ന് പറയുന്നതിന്റെ കാരണം, പേര് വെളിപ്പെടുന്നതോടെ അവർക്കുണ്ടാകാനിടയുള്ള മാനസികവ്യഥയും സാമൂഹ്യമായ ഒറ്റപ്പെടലും അതിജീവിക്കുന്നതിനുവേണ്ടിയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ലൈംഗികാതിക്രമത്തിനിരയാകുന്ന ആളുകൾ വലിയ രീതിയിൽ പരാതിയുമായി പൊലീസിനെ സമീപിക്കുന്നതിനും സഹായകരമായിട്ടാണ് ഐ.പി.സി.യിലെ 228 എ നിലനിന്നുവരുന്നത്. നമ്മുടെ സമൂഹം വലിയ രീതിയിൽ വളർച്ച പ്രാപിക്കാത്ത ഒരു സാഹചര്യത്തിൽ ഐ.പി.സി.യിലെ 228 എ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ 228 (1) ൽ പറയുന്നത് പത്രം, സാമൂഹ്യമാധ്യമങ്ങൾ, ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇരയുടെ പേര് പ്രസിദ്ധീകരിക്കാൻ പാടില്ല എന്നും മറ്റൊരാൾ മീഡിയയിലൂടെ പറയുന്നതാണെങ്കിൽ പോലും അത് പബ്ലിഷ് ചെയ്യുന്നതോടുകൂടി പബ്ലിഷ് ചെയ്യുന്ന സ്ഥാപനവും ബന്ധപ്പെട്ട മേധാവികളും ഉത്തരവാദികളായിരിക്കും എന്നുമാണ്. പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി അതിക്രമങ്ങൾക്കിരയാകുന്നവരുടെ പേര് സാമൂഹ്യ മാധ്യമങ്ങളിലും സമൂഹത്തിലും ചർച്ചയാകുന്നത് തടയുക എന്നതാണ് ഉദ്ദേശ്യം. കൂടാതെ ഇരായക്കപ്പെടുന്നവർക്ക് സമാധാനത്തോടെ തെളിവുകൾ നൽകുന്നതിനും മറ്റും സഹായകരമാകുമെന്നുള്ളതുകൊണ്ട് 228 എ നിലനിൽക്കേണ്ടത് അത്യാവശ്യമാണ്.
ഏതെങ്കിലുമാളുകൾ നിലവിലുള്ള നിയമം ലംഘിച്ച് ഇരകളുടെ പേരോ പുറത്തുപറഞ്ഞാൽ തക്കതായ ശിക്ഷ നൽകുന്നതിലൂടെ മാത്രമെ തുടർന്ന് ആ രീതിയിലുള്ള പ്രവൃത്തി ബന്ധപ്പെട്ട ആളുകളിൽ നിന്ന് ഒഴിവാക്കാൻ കഴിയുകയുള്ളൂ.
അതോടൊപ്പം, ഐ.പി.സി. 228 ക്ലോസ് 3 പ്രകാരം ഇൻക്യാമറ പ്രൊസീഡിങ്‌സിൽ വരുന്ന അല്ലെങ്കിൽ ലൈംഗികാതിക്രമത്തിനിരയാകുന്നവർ കോടതികളിൽ കൊടുക്കുന്ന മൊഴിയോ കോടതികളിൽ അതുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളോ പുറത്ത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഇതിന് ഐ.പി.സി.യിലെ സെക്ഷൻ പ്രകാരം തന്നെ രണ്ടുവർഷം തടവോ അനുയോജ്യമായ പിഴയോ ഈടാക്കുന്നതിനും നിയമം അനുവാദം നൽകിയിട്ടുണ്ട്. നമ്മുടെ സാമൂഹ്യ സാഹചര്യത്തിൽ ഈ നിയമം ഈ രീതിയിൽ അതിക്രമങ്ങൾക്കിരയാകുന്നവർക്ക് സമാധാനത്തോടും സ്വൈര്യമായും തെളിവുകൾ നൽകുന്നതിന് സഹായകരമാണ് എന്നതുകൊണ്ട് നിർബന്ധമായും നിലനിന്നുപോകേണ്ടതാണ്. ഏതെങ്കിലുമാളുകൾ നിലവിലുള്ള നിയമം ലംഘിച്ച് ഇരകളുടെ പേരോ പുറത്തുപറഞ്ഞാൽ തക്കതായ ശിക്ഷ നൽകുന്നതിലൂടെ മാത്രമെ തുടർന്ന് ആ രീതിയിലുള്ള പ്രവൃത്തി ബന്ധപ്പെട്ട ആളുകളിൽ നിന്ന് ഒഴിവാക്കാൻ കഴിയുകയുള്ളൂ.
ഇപ്പോൾ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ലൈംഗികാക്രമണക്കേസിലെ അതിജീവിതയായ നടി, കോടതിയിൽ നടന്ന 15 ദിവസത്തെ വിസ്താരം അവരിലുണ്ടാക്കിയ ട്രോമയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇരയാക്കപ്പെട്ടവൾ എന്നതിൽനിന്ന് അതിജീവിച്ചവളായി താൻ മാറിയത്, ആ ട്രോമ സാഹചര്യം പിന്നിട്ടശേഷമാണെന്നും അവർ പറഞ്ഞു. കേരളത്തിൽ, പൊതുശ്രദ്ധ നേടിയ ലൈംഗികാക്രമണക്കേസുകളിലെല്ലാം അതിജീവിതമാർക്ക് സമാന അനുഭവങ്ങളുണ്ടായിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കും കുടുംബങ്ങൾക്കും കാണാമറയത്തുതന്നെ കഴിയേണ്ടിവരുന്നു. ലൈംഗികാക്രമണക്കേസുകളുമായി ബന്ധപ്പെട്ട നിയമനടപടികൾ ഫലത്തിൽ, ഇപ്പോഴും അതിജീവിതമാർക്ക് എതിരായി മാറുന്നത് എന്തുകൊണ്ടാണ്?
നിയമങ്ങളുടെ അപര്യാപ്തകൊണ്ടല്ല, തെളിവ് കൊടുത്തുകൊണ്ടിരിക്കുന്ന ആളുകൾക്ക് ഈ രീതിയിലുള്ള ട്രോമ ഉണ്ടാകുന്നത്. ബന്ധപ്പെട്ട കോടതികളിലെ ജഡ്ജിമാരും പബ്ലിക് പ്രോസിക്യൂട്ടർമാരുമാണ് ഇരയായിട്ടോ സാക്ഷികളായിട്ടോ കോടതിയിൽ വരുന്ന ആളുകൾക്ക് പറയാനുള്ള കാര്യങ്ങൾ നിർഭയമായി കോടതിയിൽ ബോധിപ്പിക്കാൻ അവസരം ഉണ്ടാക്കേണ്ടത്. അത് ലംഘിക്കുന്ന ഏതെങ്കിലും ജഡ്ജിയോ പ്രോസിക്യൂട്ടർമാരോ ഉണ്ടെങ്കിൽ അവർക്കെതിരെ നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്. അതിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമാണെങ്കിൽ പുതിയ നിയമനിർമാണം നടത്താം. സുപ്രീംകോടതി വിധിപ്രകാരം തന്നെ കോടതിയിൽ വരുന്ന സാക്ഷികൾ എന്നുപറയുന്നത് കോടതിയുടെ അതിഥികളാണ് എന്നാണ് നിയമം പറഞ്ഞുവെക്കുന്നത്. ഒരു അതിഥിയോട് എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ പെരുമാറാനുള്ള നിയമപരമായ ബാധ്യത ബന്ധപ്പെട്ട കോടതിയിലെ പ്രിസൈഡിങ് ഓഫീസർമാർക്കുണ്ട് എന്നത് കാണാതെ പോകരുത്. അതിനുവിരുദ്ധമായി ഏതെങ്കിലും പ്രിസൈഡിങ് ഓഫീസർമാർ പെരുമാറുന്നുണ്ടെങ്കിൽ അവരെ സമൂഹമധ്യത്തിൽ തുറന്നുകാണിച്ചും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചും പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.