രവീന്ദ്രൻ

നടി ആക്രമിക്ക​പ്പെട്ട കേസ്​ പോകുന്ന രീതിയിൽ
സിനിമയി​ലെ പലർക്കും കടുത്ത ആശങ്കയുണ്ട്​

ഞങ്ങളുടെ പ്രതിഷേധത്തിന്​, സിനിമ മേഖലയിൽ നിന്ന്​ ധാരാളം പേർ പിന്തുണ അറിയിച്ചിരുന്നു. പ്രത്യേകിച്ച്​. നിരവധി നടിമാർ എനിക്ക് പിന്തുണ നൽകി. കേസ് മുന്നോട്ടുപോകുന്ന രീതിയിലുള്ള അവരുടെ ആശങ്ക പ്രകടിപ്പിക്കാത്തതിൽ ഓരോരുത്തർക്കും ഓരോ കാരണങ്ങളുമുണ്ട്. അവരെയൊന്നും നമുക്ക് കുറ്റപ്പെടുത്താനാവില്ല.

ഷഫീഖ് താമരശ്ശേരി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അട്ടമറിക്കപ്പെടുന്നു എന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി.ടി. ആൻറ്​ നേച്ചർ എന്ന കൂട്ടായ്മയുടെ മുൻകൈയിൽ എറണാകുളം ഗാന്ധി സ്‌ക്വയറിൽ നടന്ന ഏകദിന സത്യാഗ്രഹത്തിന് താങ്കൾ നേതൃത്വം നൽകിയിരുന്നുവല്ലോ. മലയാള സിനിമയിൽ നിന്നൊരാൾ ഇതാദ്യമായാണ് നടിക്ക് വേണ്ടി പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്താണ് താങ്കളെ ഇതിലേക്ക് നയിച്ചത്?

രവീന്ദ്രൻ: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരസ്യ സമരങ്ങൾ നടത്തിയിട്ടുള്ളയാളാണ് ഞങ്ങളുടെ സുഹൃത്തും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന അന്തരിച്ച പി.ടി. തോമസ്. അദ്ദേഹം തുടങ്ങിവെച്ച ഒരു സമരം ഞങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു എന്നേയുള്ളൂ. കേസിന്റെ നിലിവിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് ലഭിക്കുന്ന വാർത്തകളെല്ലാം വളരെയധികം ആശങ്കയുളവാക്കുന്നതാണ്. കേസിൽ നീതി അട്ടിമറിക്കപ്പെടുമോ എന്ന സംശയം നിലനിൽക്കുന്ന ഇത്തരമൊരു സാഹചര്യത്തിലാണ് ഞങ്ങൾക്ക് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങേണ്ടിവന്നത്.

പ്രതിഷേധത്തിന് പല ഭാഗങ്ങളിൽ നിന്ന്​ ധാരാളം പേരിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിച്ചു. കോഴിക്കോടും എറണാകുളത്തുമൊക്കെയായി വേറെയും ചിലർ സമാനമായ ഉപവാസങ്ങൾ നടത്തുമെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്.

സ്ത്രീത്വത്തിനുനേരെയുള്ള കടന്നുകയറ്റത്തിനെതിരെ ഞങ്ങളെല്ലാം ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ്. ആക്രമിക്കപ്പെട്ട ഒരു സ്ത്രീക്ക് നീതി കിട്ടുക എന്നതാണല്ലോ നമ്മെ സംബന്ധിച്ച് ഏറ്റവും അനിവാര്യം. അതുകൊണ്ടാണ് ഈ വിഷയത്തിൽ നടിക്ക് നീതി ലഭിക്കുന്നതിനായി പരസ്യ പ്രതിഷേധത്തിന് തയ്യാറായത്. അല്ലാതെ സെലിബ്രിറ്റി ആയതുകൊണ്ടാണ് നടിയുടെ കേസിൽ പ്രതിഷേധിക്കുന്നത് എന്ന് കരുതരുത്. ഇത് ആക്രമിക്കപ്പെട്ട നടിയുടെ മാത്രം പ്രശ്‌നമല്ല. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കാലങ്ങളായി അനുഭവിക്കുന്ന അനീതിയാണ് ഇത്തരം അതിക്രമങ്ങൾ. പൊതുശ്രദ്ധയിൽ വന്ന ഒരു കേസിൽ മാതൃകാപരമായി കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ഇനിയും ധാരാളം അതിജീവിതമാർക്ക് അത് കരുത്താകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആന്ത്യന്തികമായി സ്ത്രീത്വത്തെ ബഹുമാനിക്കണമെന്ന് കരുതുന്ന ഒരു പക്ഷക്കാരനാണ് ഞാൻ. ഏതെങ്കിലും ഒരു വ്യക്തിയോടുള്ള എതിർപ്പുകൊണ്ടോ അയാൾ ശിക്ഷിക്കപ്പെടുന്നതിനുവേണ്ടിയോ അല്ല ഞാൻ ഈ വിഷയത്തിൽ നിൽക്കുന്നത്. അതിജീവിതയ്ക്ക്, അതിലൂടെ അതിജീവിതകൾക്ക് നീതി ലഭിക്കണമെന്നതാണ് നമ്മുടെ പക്ഷം.

പ്രതിഷേധത്തിന് പല ഭാഗങ്ങളിൽ നിന്ന്​ ധാരാളം പേരിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിച്ചു. യൂറോപ്പിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമെല്ലാം അനേകം പേർ ഞങ്ങളെ വിളിച്ച് പിന്തുണയറിയിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളത്തുമൊക്കെയായി വേറെയും ചിലർ സമാനമായ ഉപവാസങ്ങൾ നടത്തുമെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നും ധാരാളം പേർ പിന്തുണ അറിയിച്ച്​ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും അനേകം നടിമാർ എനിക്ക് പിന്തുണ നൽകി എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. എനിക്കവരുടെ പേരുകൾ പരസ്യപ്പെടുത്താൻ നിർവാഹമില്ല. കേസ് മുന്നോട്ടുപോകുന്ന രീതിയുമായി ബന്ധപ്പെട്ട് പലരുടെയും മനസ്സിൽ കടുത്ത ആശങ്കയുണ്ട്. അത് പൊതുവിൽ പ്രകടിപ്പിക്കാത്തതിൽ ഓരോരുത്തർക്കും ഓരോ കാരണങ്ങളുമുണ്ട്. അവരെയൊന്നും നമുക്ക് കുറ്റപ്പെടുത്താനാവില്ല. വിശപ്പനുഭവിക്കുന്ന എല്ലാവരും വിശക്കുന്നു എന്ന് തുറന്ന് പറയാറില്ലല്ലോ, ചിലർ വിശപ്പടക്കി വെക്കും, ചിലരത് തുറന്നുപറയും. ഇവിടെ തുറന്നുപറഞ്ഞാലും ഇല്ലെങ്കിലും വിശപ്പ് എന്നത് യാഥാർത്ഥ്യമാണല്ലോ. അത് തന്നെയാണ് ഇക്കാര്യത്തിൽ സംഭവിക്കുന്നത്. ചിലർ മാത്രം എല്ലാം തുറന്നുപറയന്നു, എന്നാൽ എല്ലാവർക്കുമുള്ളിൽ കടുത്ത ആശങ്കകളുണ്ട്.

കോളേജ് കാലം മുതൽ പി.ടി. തോമസിന്റെ സുഹൃത്തുക്കളായിരുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സമാന ചിന്താഗതിക്കാരായ ധാരാളം പേരുടെ കൂട്ടായ്മയാണ് ഫ്രണ്ട്‌സ് ഓഫ് പിടി ആൻറ്​ നേച്ചർ. പലരും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും എല്ലാവരും അനേകം വർഷമായി പരസ്പരം അറിയുന്നവരാണ്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ പി.ടി. മത്സരിച്ച സാഹചര്യത്തിലാണ് സുഹൃത്തുക്കളെല്ലാം ഒന്നിച്ചുകൂടി ഇങ്ങനെയൊരു കൂട്ടായ്മ ആരംഭിച്ചത്. എന്നാൽ, പി.ടിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ സംഘടനയല്ലിത്. നിരവധി പാരിസ്ഥിതിക സാമൂഹിക വിഷയങ്ങളിൽ ഞങ്ങൾ ഇടപെട്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയ പ്രശ്‌നങ്ങൾക്കപ്പുറം പി.ടി. എന്ന രാഷ്ട്രീയപ്രവർത്തകൻ മുന്നോട്ടുവെച്ച സാമൂഹിക കാഴ്ചപ്പാടുകൾക്കൊപ്പമാണ് ഞങ്ങൾ നിന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് മൂടിവെക്കുന്നത് ധാരാളം ഊഹാപോഹങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അവയെല്ലാം ചിലർ വിശ്വസിക്കും, ചിലർ അവിശ്വസിക്കും. പല പ്രമുഖരെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾപ്പെട്ടതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തത് എന്ന അഭ്യൂഹങ്ങളടക്കം പ്രചരിക്കപ്പെടുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം മുതൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന, നിർമാതാവ് വിജയ് ബാബുവിനെതിരെയുള്ള വെളിപ്പെടുത്തൽ വരെയുള്ള അനേകം സംഭവങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന കടുത്ത വിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും യാഥാർത്ഥ്യങ്ങളാണല്ലോ വെളിവാകുന്നത്. എന്നിട്ടും ഈ വിഷയത്തിൻമേൽ സർക്കാർ തലത്തിൽ അന്വേഷണം നടത്തിയ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് മൂടിവെക്കപ്പെടുകയാണ്. ഈ സാഹചര്യത്തെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് അടങ്ങിയിരിക്കുന്നത് എന്നത് ലോകം അറിയണമെന്ന ആഗ്രഹക്കാരാണ് ഞാൻ. അതിൽ മറച്ചുവെക്കപ്പെടേണ്ട ചില കാര്യങ്ങളുണ്ട്. അത് കമ്മിറ്റിക്കു മുമ്പാകെ മൊഴി നൽകിയിട്ടുള്ള, അതിക്രമം നേരിട്ടിട്ടുള്ള ആളുകളെ സംബന്ധിച്ച വിവരങ്ങളാണ്. അവരുടെ പേരുവിവരങ്ങൾ പുറത്തുവരാൻ പാടില്ല. അത് നിയമപരമായ കാര്യമാണ്. എന്നാൽ ഇക്കാര്യം പറഞ്ഞ്​ റിപ്പോർട്ട് തന്നെ മൂടിവെക്കുന്നത് ശരിയല്ല. തീർച്ചയായും, ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുമധ്യത്തിൽ കൊണ്ടുവരണമെന്ന പക്ഷക്കാരനാണ് ഞാൻ. മറച്ചുവെക്കേണ്ടതായ കാര്യങ്ങൾ നിയമാനുസൃതമായി മാത്രം ചെയ്ത് ബാക്കിയുള്ളവ പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്വം സർക്കാറിനുണ്ട്.

മാത്രവുമല്ല, റിപ്പോർട്ട് മൂടിവെക്കുന്നത് ധാരാളം ഊഹാപോഹങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അവയെല്ലാം ചിലർ വിശ്വസിക്കും, ചിലർ അവിശ്വസിക്കും. പല പ്രമുഖരെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾപ്പെട്ടതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തത് എന്ന അഭ്യൂഹങ്ങളടക്കം പ്രചരിക്കപ്പെടുന്നുണ്ട്. പലരെ കുറിച്ചും പല കഥകളും പ്രചരിക്കുന്നുണ്ട്. ഒരുപക്ഷേ അവയിൽ പലതും തെറ്റായിരിക്കും. പലരും നിരപരാധികളായിരിക്കാം. അതുകൊണ്ട് ഏറ്റവും നല്ലത് ഈ റിപ്പോർട്ട് പൊതുസമക്ഷം കൊണ്ടുവന്ന് ഊഹാപോഹങ്ങളെല്ലാം അവസാനിപ്പിക്കുന്നതാണ്. എന്തുകൊണ്ട് സർക്കാർ ഈ റിപ്പോർട്ട് മൂടിവെക്കുന്നു എന്നത് വീണ്ടും വീണ്ടും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments