നമ്മുടെ സ്​ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച്​, വേദനയോടെ...

പാതിരാനമസ്കാരത്തിന് പള്ളിയിലേക്ക് പോവുമ്പോൾ, അവിടെ ആ അടുക്കളയിലെ എച്ചിൽ പാത്രങ്ങൾക്ക് മുമ്പിൽ തലകുനിച്ചിരിക്കുന്ന മനുഷ്യജീവിയെ ഓർക്കാറുണ്ടോ? അവർ എന്താണ് തിന്നതെന്ന് അന്വേഷിക്കാറുണ്ടോ? കുട്ടികൾക്കും മുതിർന്നവർക്കും വിളമ്പി കഴിഞ്ഞ്, ആ പാത്രങ്ങളിൽ വല്ലതും ബാക്കിയുണ്ടായിരുന്നോ എന്നറിയാൻ, ഒന്ന് അടുക്കളയിലേക്ക്, ആ പാത്രങ്ങളിലേക്ക് എത്തിനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഭൂമിയിൽ തന്നെ നരകങ്ങൾ തീർക്കുന്ന നമ്മളെ ഏത് സ്വർഗമാണ് വരവേൽക്കാൻ പോവുന്നത്?

നോമ്പുകാലമാണ്. നല്ല ചൂടാണ്.

നോമ്പുകാലത്താണ് നമ്മുടെ പെൺജീവിതങ്ങൾ കൂടുതൽ വെന്തുരുകുന്നത്. "നിനക്കെന്താ അതിനുമാത്രം ഈ വീട്ടിൽ പണി’ എന്നു ചോദിച്ച് ശീലിച്ച ആൺ സമൂഹത്തിന്റെ ഈ ചോദ്യം ഒന്നു കൂടി കടുപ്പിക്കുന്ന കാലം കൂടിയാണ് നോമ്പുകാലം.

ഒരു ശരാശരി വീട്ടമ്മയുടെ (വീട്ടച്ഛനില്ല) നോമ്പുകാല പുലരികൾ ഏതാണ്ട് മൂന്ന് മണിക്ക് ആരംഭിക്കും. ജീവിതം കണ്ണിൽ ഉറക്കമായി തൂങ്ങിക്കിടക്കുന്നുണ്ടാവും. ചൂടു കാരണം, കിട്ടിയ ഉറക്കം തന്നെ ശരിയായിട്ടുണ്ടാവില്ല. അഞ്ചരക്കുള്ളിൽ കഴിക്കേണ്ട ഭക്ഷണത്തിന് മൂന്നുമണിക്കെങ്കിലും ഉണരണം. വീട്ടിൽ നാലാളുകൾ ഉണ്ടെങ്കിൽ നാൽപതുതരം ഇഷ്ടങ്ങളുണ്ടാവും. അതിൽ നാലഞ്ച് ഇഷ്ടങ്ങളെങ്കിലും സാധിച്ചെടുക്കാൻ അടുക്കളയിൽ അവർ തനിച്ച് നിന്ന് പണിയെടുക്കണം.

സ്ത്രീ അമ്മയാണ്, ദേവിയാണ്, അവരുടെ കാൽക്കീഴിലാണ് സ്വർഗം എന്ന പരസ്യവാചകങ്ങളെല്ലാം അടുക്കളച്ചുമരുകളിൽ അദൃശ്യമായ അക്ഷരങ്ങളിൽ എഴുതിവെച്ചിട്ടുണ്ടാവും. പുരുഷു കൂർക്കം വലിച്ചുറങ്ങുകയാവും. ഒറ്റ നിമിഷത്തിന്റെ വിശ്രമം പോലുമില്ലാതെ മിനിമം രണ്ടുമൂന്ന് വിഭവങ്ങളുണ്ടാക്കി കഴിയുമ്പഴേക്കും വിയർപ്പിൽ കുളിച്ചിട്ടുണ്ടാവും. വസ്ത്രങ്ങൾ ശരീരത്തിൽ ഒട്ടി പിടിച്ചിട്ടുണ്ടാവും. ഇനിയത് ആർത്തവ കാലമാണെങ്കിൽ ദുരിതം പറയുകയും വേണ്ട.

ഫാനിന് ചുവട്ടിലോ എ.സിയിലോ കിടന്നുറങ്ങുന്ന ഭർത്താവിനെയും കുട്ടികളെയും (ചില വീടുകളിൽ അമ്മായിയമ്മയേയും അമ്മായിയപ്പനേയും ) വിളിച്ചണർത്തണം. അവർ പല്ലൊക്കെ തേച്ച് കുളിച്ച്, ശുദ്ധി വരുത്തി തീൻമേശയിൽ വന്നിരിക്കുന്ന നേരത്തിനുള്ളിൽ അതിൻമേൽ വിഭവങ്ങൾ നിരന്നിരിക്കണം (നിരന്നിരിക്കും) ഉപ്പ് കൂടിയതും എരിവ് കുറഞ്ഞതും കൂടുതൽ മൊരിഞ്ഞതും വേവ് കൂടിയതുമായ കുറ്റങ്ങളുടെ പുരസ്കാരങ്ങൾ ഏറ്റു വാങ്ങണം. വിരലൊക്കെ ഈമ്പി ഏമ്പക്കമിട്ട് അവർ എഴുന്നേറ്റു പോയി കൈകഴുകി, വിശുദ്ധ ഗ്രന്ഥങ്ങളിലേക്കും വിശുദ്ധ മുസല്ലകളിലേക്കും മുഖം താഴ്ത്തും.

പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ഏറ്റുവാങ്ങി അത് ശീലമായി മാറിയ പെണ്ണൊരുത്തി ആ എച്ചിൽ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. മേശ തുടയ്ക്കണം. നിലം അടിച്ചുവാരണം. അപ്പോഴേക്കും സമയം ഏതാണ്ട് അഞ്ച് മണിയായി കാണും. നിന്നിട്ടോ നടന്നിട്ടോ ജോലിക്കിടയിലോ അവർ വല്ലതും തിന്നെങ്കിലായി.

വിശുദ്ധ മാസത്തിലെ സുബഹി ബാങ്ക് വിളിക്കുമ്പോൾ എച്ചിൽ മണങ്ങളിൽ പുതഞ്ഞ്, വിയർത്തൊട്ടിയ ശരീരത്തെ അവർ ജലത്തിനുകീഴിൽ കൊണ്ട് നിർത്തും. ഒരു കാക്കക്കുളി കുളിച്ച്, അടുക്കള വാതിൽ തൽക്കാലത്തേക്ക് അടച്ച്, അവർ നിസ്കാരപ്പായ വിരിക്കും. നിസ്​കാരം കഴിഞ്ഞാൽ ആ പായയിൽ തന്നെ കിടന്ന് ഇത്തിരി നേരം അറിയാതെ ഉറങ്ങിപ്പോവും. അപ്പഴേക്കും ചെറിയ കുട്ടികൾ ഉണർന്നിട്ടുണ്ടാവും. അവരിൽ ചിലർ സ്വന്തം പല്ലുതേപ്പും കക്കൂസിൽ പോക്കുമൊക്കെ നടത്തി വന്ന് ഉമ്മാനെ വിളിച്ചുണർത്തും. അവർക്ക് നോമ്പ് ഇല്ലല്ലോ. മുല കുടിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ ഉമ്മാക്ക് നിസ്കാരപ്പായയിലെ ആ ഇത്തിരി മയക്കവും നഷ്ടമാവും.

നേരം പുലർന്നു കഴിഞ്ഞു. നോമ്പല്ലാത്ത കാലത്തുള്ള എല്ലാ വീട്ടുജോലികളും അവരെ കാത്തിരിപ്പുണ്ട്. പുരുഷു പള്ളിയിൽ പോയി സുബഹി നമസ്കരിച്ച് വന്ന് ഉറങ്ങുന്നുണ്ടാവും (ജോലിയുള്ളവർ ജോലിക്ക് പോവും). വിയർപ്പിന്റെ കടലിലൂടെ നീന്തി തൊണ്ടയിൽ ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ, നിലം തുടച്ചും മുറ്റവും അകവും അടിച്ചുവാരിയും, തുണിയലക്കിയും, കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്തും, കക്കൂസ് കഴുകിയും സമയം പന്ത്രണ്ട് മണിയാവും. പുരുഷു ഉറക്കമൊക്കെ ഉണർന്ന് ഉച്ചനമസ്കാരത്തിന് തയ്യാറെടുക്കുകയാവും. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത്, ഉച്ച നമസ്കാരം കഴിഞ്ഞാൽ ഭാഗ്യമുള്ളവർക്ക് ആ നിസ്കാരപ്പായയിൽ തന്നെ ചെറുതായിട്ടൊന്ന് മയങ്ങാം.
ഇതിനിടയിൽ പല രൂപഭാവങ്ങളിലുള്ള പുരസ്കാരങ്ങൾ അവർ ഏറ്റുവാങ്ങിയിട്ടുണ്ടാവും.

പുരസ്കാരങ്ങളുടെ ഭാണ്ഡവുമായി പിന്നെയും അടുക്കളയിലേക്ക്... സമയം ഒരുമണി. ഒരു മണി മുതൽ ആറുമണി വരെ അടുക്കളയിൽ കിടന്നുള്ള യുദ്ധമാണ്. വെട്ടൽ, അരിയൽ, കാച്ചൽ, പൊരിക്കൽ, വറുക്കൽ, ചുടൽ, ഇളക്കൽ, ചേർക്കൽ, കുറുക്കൽ, അരയ്ക്കൽ, ചിരവൽ, പൊളിക്കൽ, പിഴിയൽ, പരത്തൽ, ഉരുട്ടൽ ....നീണ്ടുനീണ്ട് പോവുന്ന, ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന ആ യുദ്ധം തീർന്നു കഴിയുമ്പോൾ പെണ്ണൊരുത്തി ഈ ഭൂമിയിലെ ഏറ്റവും തളർച്ചയുള്ള, നിസ്സഹായയായ ജീവിയായി മാറിയിട്ടുണ്ടാവും.

പുരുഷു, നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചം, ഓർഡറിട്ടും, ദീവാനിയിൽ മലർന്ന് കിടന്ന്, ഒന്നിന് എഴുപതിനായിരം പ്രതിഫലം കിട്ടുന്ന പ്രാർത്ഥനകളിൽ മുഴുകി, ഇടയ്ക്ക് നാലഞ്ച് തവണ ചൂടായി, പിന്നെ തണുത്ത്, പിന്നെയും ചൂടായി, ക്ലോക്കിലേക്കോ മൊബൈലിലേക്കോ നോക്കി കാത്തിരിപ്പുണ്ടാവും.

അടുക്കളയിൽ ഓരോ പാത്രങ്ങളിലേക്കും ഗ്ലാസുകളിലേക്കും ഓരോരോ വിഭവങ്ങൾ വിളമ്പുന്ന ജീവനില്ലാത്ത രണ്ട് കൈകൾ നിങ്ങൾക്ക് കാണാം. ആ കൈകൾക്ക് വിശ്രമമില്ല. ആ കാലുകൾക്ക് വിശ്രമമില്ല. ആ ശരീരത്തിൽ വിയർപ്പൊഴിഞ്ഞ നേരമില്ല. മഗ്‌രിബ് ബാങ്കിന്റെ ദൂരത്തിലേക്ക് ഇഴഞ്ഞും കിതച്ചും നീങ്ങുന്ന ആ ജീവിയെ നിങ്ങൾക്ക് ഭാര്യയെന്നോ അമ്മയെന്നോ സഹോദരിയെന്നോ വിളിക്കാം. അവരുടെ വിശ്രമമില്ലാ ജോലികൾക്ക് കൂലിയില്ല. കുറ്റങ്ങളുടെയും കുറവുകളുടെയും പേരിൽ നമ്മൾ നൽകുന്ന പുരസ്കാരങ്ങൾ മാത്രം. ആ പുരസ്കാരങ്ങൾക്ക് അവർ നമ്മോട് നന്ദി പറയാറില്ല. പറയാൻ തുടങ്ങിയാൽ നമ്മുടെ അടുക്കളകൾക്ക് മാത്രമല്ല, വീടിന് ഒന്നാകെയും തീപിടിക്കും. ആ തീയിലൂടെ നിങ്ങളും ഞാനും ഉടുതുണിയില്ലാതെ ഓടേണ്ടി വരും.

ദാ, മഗ്‌രിബ് ബാങ്ക് വിളിക്കുന്നു.
കാരക്കയും ശുദ്ധ വെള്ളവും നാരങ്ങാ വെള്ളവും ജ്യൂസും പഴങ്ങളും നിരന്നിരിക്കുന്നു.
പുരുഷയുദ്ധങ്ങൾ തുടങ്ങുകയായി. നാരങ്ങാവെള്ളത്തിൽ മധുരം കൂടിയതും ജ്യൂസിന് മധുരം കുറഞ്ഞതും ഉറക്കെ പറയാൻ നമ്മൾ മറക്കാറില്ല. കാരക്ക വെച്ച പാത്രത്തിലെ വെള്ളം തുടക്കാത്തതിന് ചീത്ത പറയാനും നമ്മൾ മറക്കാറില്ല.
അത് വെള്ളമല്ല സുഹൃത്തേ, അവരുടെ നെറ്റിയിൽ നിന്ന് പൊടിഞ്ഞ് വീണ വിയർപ്പാണ്, ദുരിതജീവിതത്തിന്റെ ഉപ്പാണ്.

അടുക്കളയുടെ ഒരു കോണിൽ നിന്ന് വെള്ളം കുടിക്കുന്ന, ആ ജീവി നിങ്ങളുടെ ഭാര്യയാവാം അമ്മയാവാം സഹോദരിയാവാം. അതിനൊക്കെയപ്പുറം അവരും നമ്മെപ്പോലെ വിശപ്പും ദാഹവും വിചാരങ്ങളും വികാരങ്ങളും ഒക്കെയുള്ള മനുഷ്യ ജീവിയാണ്. അവരുടെ വസ്ത്രങ്ങളിൽ മൈദ മാവും അരിപ്പൊടിയും മസാലകളും, ഇറച്ചിക്കറയും പുരണ്ടിട്ടുണ്ടാവും. അവരെ വിയർപ്പ് നാറുന്നുണ്ടാവും. നിന്ന പടി ഒരു ഗ്ലാസ് പച്ചവെള്ളമോ നാരങ്ങാവെള്ളമോ കുടിച്ച്, രണ്ടാംഘട്ട വിഭവങ്ങൾ അവർക്ക് പാത്രങ്ങളിലേക്ക് നിരത്തേണ്ടതുണ്ട്. മഗ്‌രിബ് നമസ്കാരം കഴിഞ്ഞാലുടൻ നിങ്ങളുടെ മുമ്പിൽ നിരക്കുന്ന നേർത്ത പത്തിരിയിലും ഇറച്ചിക്കറിയിലും മറ്റ് ഉപദംശങ്ങളിൽ എല്ലാം അവരുടെ ജീവന്റെ വിലയുള്ള അധ്വാനമുണ്ട്. കൂലിയില്ലാ പണി ചെയ്ത്, അടുക്കളച്ചുമരിൽ ചാരി നിന്ന്, ഒരു തുണ്ട് തണ്ണീർ മത്തൻ തിന്നുന്ന ആ മനുഷ്യജീവിയെ ഒന്ന് ചേർത്തുപിടിച്ച്, വിയർപ്പ് പൊടിഞ്ഞ ആ നെറ്റിയിൽ ഉമ്മ വെച്ചിട്ടുണ്ടോ...?

പുലരി മുതൽ രാത്രി വരെയുള്ള അവരുടെ ഓട്ടപ്പാച്ചിലിന് എന്ത് പ്രതിഫലമാണ് നിങ്ങൾ കൊടുക്കുക? നിങ്ങൾക്ക് തോന്നുന്നുണ്ടോ, അവർ നമ്മൾ പഠിപ്പിച്ച സാമൂഹ്യപാഠങ്ങൾക്ക് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണെന്ന്? എല്ലാ പാഠങ്ങളെയും എരിയിച്ച് കളയുന്ന അഗ്നി ആ നെഞ്ചിൽ പുകയുന്നുണ്ട്. രക്തത്തെ മുലപ്പാലാക്കാൻ കഴിയുന്ന രാസവിദ്യ സ്വന്തമായുള്ള ആ ജന്മങ്ങളുടേതാണ് ഈ ഭൂമി. സ്നേഹത്തോടെയും അല്ലാതെയും അവർ നൽകുന്ന ഭിക്ഷയാണ് നമ്മുടെ ജീവിതം.

പാതിരാനമസ്കാരത്തിന് പള്ളിയിലേക്ക് പോവുമ്പോൾ, അവിടെ ആ അടുക്കളയിലെ എച്ചിൽ പാത്രങ്ങൾക്ക് മുമ്പിൽ തലകുനിച്ചിരിക്കുന്ന മനുഷ്യജീവിയെ ഓർക്കാറുണ്ടോ? അവർ എന്താണ് തിന്നതെന്ന് അന്വേഷിക്കാറുണ്ടോ? കുട്ടികൾക്കും മുതിർന്നവർക്കും വിളമ്പി കഴിഞ്ഞ്, ആ പാത്രങ്ങളിൽ വല്ലതും ബാക്കിയുണ്ടായിരുന്നോ എന്നറിയാൻ, ഒന്ന് അടുക്കളയിലേക്ക്, ആ പാത്രങ്ങളിലേക്ക് എത്തിനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഭൂമിയിൽ തന്നെ നരകങ്ങൾ തീർക്കുന്ന നമ്മളെ ഏത് സ്വർഗമാണ് വരവേൽക്കാൻ പോവുന്നത്?

അതിസമ്പന്നരുടെ വീടുകളിലെ നോമ്പുകാലത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഏറ്റവും താഴെ തട്ടിലുള്ള കൂലിപ്പണിക്കാരുടെ വീട്ടിലെ നോമ്പ് കാലങ്ങൾ എനിക്ക് നന്നായിട്ട് അറിയാം. അവിടെ നിരത്താൻ, പല വർണ്ണത്തിലും മണങ്ങളിലും രുചിയിലുമുള്ള വിഭവങ്ങൾ ഇല്ല. അവിടുത്തെ കുട്ടികൾ നോമ്പു തുറക്കാൻ കാരക്ക അന്വേഷിക്കാറില്ല. പഴച്ചാറുകൾക്ക് വേണ്ടി കാത്തിരിക്കാറില്ല.

അന്നന്നത്തെ കൂലിക്ക് ഉപജീവനം കഴിക്കുന്ന സാധാരണ തൊഴിലാളികളുടെ വീട്ടിൽ സമൂഹനോമ്പുതുറയോ കുടുംബ സംഗമ നോമ്പുതുറയോ ഉണ്ടാവില്ല. ഭാര്യയ്ക്കും കുട്ടികൾക്കും നോമ്പ് തുറക്കാനായി, സാധനങ്ങൾക്ക് പൊന്നിന്റെ വിലയുള്ള ഇക്കാലത്ത് തന്റെ ദിവസക്കൂലിയായ 850 രൂപയുമായി, ചെറിയൊരു യുദ്ധം തന്നെ നടത്തേണ്ടി വരും അയാൾക്ക്.

അയാൾക്ക് വില പേശേണ്ടി വരും. കോഴിക്കടയിൽ അരക്കിലോ ഇറച്ചിക്ക് വേണ്ടി കാത്തുനിൽക്കേണ്ടി വരും. മൂന്നും അഞ്ചും പത്തും കിലോ വേണ്ടവർക്ക് തൂക്കി കൊടുത്തിട്ടേ അയാൾക്കുള്ള അരക്കിലോ ഇറച്ചി തൂക്കി കിട്ടുകയുള്ളൂ. കിലോക്കണക്കിന് പഴങ്ങൾ വാങ്ങുന്നവരുടെ തിക്കിലും തിരക്കിലും പെട്ട്, മക്കൾക്ക് ഇത്തിരി തണ്ണീർ മത്തനും രണ്ട് ചെറുനാരങ്ങയും വാങ്ങാൻ വയറെരിഞ്ഞ് അയാൾ കാത്തു നിൽക്കും .

അയാളുടെ ഉള്ളിൽ വിശന്ന് തളർന്ന കുഞ്ഞുങ്ങളുടെ മുഖമുണ്ടാവും .ഈ ചൂടത്ത് ,അവരെ ചേർത്തു പിടിക്കുന്ന ഭാര്യയുടെ മുഖമുണ്ടാവും.
ഉപ്പ കൊണ്ടുവരുന്ന ഫ്രൂട്ടും കാത്ത് ,അവർ ഈ ഒരു മാസം മുഴുവനും നിൽക്കും.ഈ ഒരു മാസത്തിലേ അവർക്ക് തണ്ണീർമത്തൻ കിട്ടുകയുള്ളൂ.

വീടെത്തിച്ചേരുന്ന അയാൾക്ക് ഭാര്യയുടെ മുഖത്തെ ദൈന്യം മനസ്സിലാവും. തന്നെപ്പോലെ തന്നെ ഭാര്യയും, പണിയെടുക്കുകയാണ് എന്ന് അയാൾക്ക് മനസ്സിലാക്കാനാവും. അവരുടെ നോട്ടങ്ങൾ തമ്മിൽ ഇടയുമ്പോൾ തെളിയുന്ന ചിരിക്ക് ,ഏത് റമദാൻ നിലാവിനെയും തോൽപ്പിക്കുന്ന ചന്തമുണ്ടാവും .ബാക്കി പണി അവർ ഒരുമിച്ച് ചെയ്യും. നോമ്പുതുറക്കാൻ കാത്തുനിൽക്കുന്ന മക്കളോട് അവർ തങ്ങളുടെ ഇല്ലായ്മകളുടെ കഥകൾ പറയാറില്ല .പാപ പുണ്യങ്ങളെ കുറിച്ച് ഒട്ടും പറയാറില്ല.

അവർക്ക് അറിയാം, പതിനൊന്ന് മാസവും അരപ്പട്ടിണി കിടന്ന്, റമദാനിൽ മുഴു പട്ടിണി കിടക്കേണ്ടി വരുന്ന ഒരു പാട് മനുഷ്യർ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്ന്. അതിന് അവർക്ക് ശ്രീ ലങ്കയിലേക്കോ യു ക്രൈയിനിലേക്കോ നോക്കേണ്ടതില്ല. സ്വന്തം പരിസരങ്ങളിൽ ആ മണങ്ങളുണ്ട്. ആ മണങ്ങൾ തങ്ങളെ തൊടാതിരിക്കാൻ അവർ നടത്തുന്ന ഓട്ടപ്പാച്ചിലിന്റെ പേരും ജീവിതം എന്ന് തന്നെയാണ്.

Comments