അബ്ബാസിന്റെ ആ അതിശയോക്തിക്കുപുറകിൽ ചില സത്യങ്ങളുണ്ട് ?

മുസ്‌ലിം സ്ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ച്​ മുഹമ്മദ്​ അബ്ബാസ്​ ​ട്രൂ കോപ്പി തിങ്കിൽ എഴുതിയ ലേഖനം വലിയ ചർച്ചയായി. അബ്ബാസ് ​അതിശയോക്തിപരമായി പറഞ്ഞ അബദ്ധങ്ങൾ മാറ്റിനിർത്തിയാൽ, ​ഈ ലേഖനം മുന്നോട്ടുവക്കുന്ന വാദങ്ങളിൽ ചില സത്യങ്ങളുണ്ടെന്ന്​ അഭിപ്രായപ്പെടുകയാണ്​, ഫൗസിയ ആരിഫ്.

മുഹമ്മദ് അബ്ബാസ് ട്രൂകോപ്പി തിങ്കിൽ എഴുതിയ മുസ്‌ലിം സ്ത്രീകളുടെ നോമ്പുകാല ജീവിതത്തെക്കുറിച്ചുള്ള കുറിപ്പാണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച. മറ്റു സ്ത്രീകളോടൊന്നുമില്ലാതെ മുസ്‌ലിം സ്ത്രീകളോട് മാത്രമായി ഓരോ സീസണിലും പ്രത്യേകമായി സിംപതി കാണിക്കുന്നവരോടുള്ള നന്ദിയും കടപ്പാടും ആദ്യം തന്നെ അറിയിക്കുന്നു.

ഇനി ഈ വിഷയത്തിൽ ചിലത് പറയാം.

ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം പൂർണമായും ശരിയല്ലാത്തതു പോലെ തന്നെ പൂർണമായും തെറ്റുമല്ല എന്നതാണ് യാഥാർത്ഥ്യം. അതറിയാൻ നമ്മൾ സത്യസന്ധമായി വിഷയത്തെ സമീപിക്കണം.

വിശ്വാസികൾക്ക് ഏറെ അനുഗ്രഹങ്ങൾ ചൊരിയുന്ന പടച്ചവന്റെ കാരുണ്യമൊഴുകുന്ന വിശുദ്ധ മാസമാണ് റംസാൻ. മറ്റെല്ലാ കെട്ടുപാടുകളിൽ നിന്നും വിട്ട് മനസ്സും ശരീരവും ശുദ്ധമായിരുന്ന് പകൽ മുഴുവൻ ഭക്ഷണവും പാനീയവും ഉപേക്ഷിച്ച് രാത്രികളിൽ നമസ്‌ക്കാരത്തിലും ഖുർആൻ പാരായണത്തിലും പ്രാർത്ഥനകളിലും മുഴുകി ദൈവസാമീപ്യം തേടാനുള്ള മാസമാണത്.

ഇതിനുള്ള അവസരം പുരുഷൻമാർക്ക് ലഭിക്കുന്നത് പോലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്നും അവരുടെ രാപ്പകലുകൾ നോമ്പുതുറ, അത്താഴം വിഭവങ്ങളൊരുക്കുന്നതിൽ കുരുങ്ങിപോകുന്നു എന്നതുമാണ് ആ ലേഖനത്തിലെ കാര്യമായ വിമർശനം.

എന്നാൽ സത്യം പലപ്പോഴും മറ്റൊന്നാണ്, എനിക്ക് പ്രിയപ്പെട്ട പുരുഷൻമാരിൽ പലരും ചുമട്ട് തൊഴിലാളികളായിരുന്നു. നോമ്പുതുറ നേരത്ത് അവര് കുടിക്കുന്ന വെള്ളത്തിന്റെ അളവ് നോക്കിയാലറിയാം അവര് നോറ്റ നോമ്പിന്റെ കാഠിന്യം.
അതുപോലുള്ള പലതരം ജോലികൾ ചെയ്യുന്ന പുരുഷൻമാരുടെ നോമ്പിനോട് താരതമ്യം ചെയ്യാനാവുന്നത് പോലുമല്ല വീട്ടമ്മയുടെ നോമ്പ്, അവരുടെ വിയർപ്പുകൊണ്ട് നോമ്പുതുറക്കുന്ന കുടുംബത്തിന് നോമ്പുതുറ വിഭവങ്ങളൊരുക്കുന്നത് ഒരു ഭാരമാകില്ല, അതൊരിക്കലും സന്ധ്യമുതൽ പുലർച്ച വരെയുള്ള തീറ്റയുത്സവങ്ങളുമാവില്ല.

മറ്റൊന്ന് മിഡിൽ ക്ലാസ് സാമ്പത്തിക സ്ഥിതിയുള്ള അണുകുടുംബങ്ങളായി നമ്മൾ ജീവിക്കാൻ തുടങ്ങിയതിൽ പിന്നെ വീട്ടിലെ പുരുഷന് അടുക്കളയെ കുറിച്ച് നല്ല ധാരണയുണ്ട്, അതിന്റെ ഭാഗമായി സഹായത്തിന് ധാരാളം വീട്ടുപകരണങ്ങളുണ്ടായി, അധികം ആളുകൾ വരുന്ന ദിവസങ്ങളിൽ പുറത്തു നിന്ന് പാർസൽ വാങ്ങുന്ന സ്ഥിതിവരെയായി. ഇതൊക്കെ നോമ്പ് നോറ്റ് പുറത്ത് ജോലിക്ക് പോകേണ്ടിവരുന്നവരെ (പുരുഷൻ/സ്ത്രീ) അപേക്ഷിച്ച് എത്രയോ ആയാസ രഹിതവും സമാധാന പൂർണ്ണവും സന്തോഷപ്രദവുമായി മാറി വീട്ടമ്മമാരുടെ നോമ്പ് കാലം. അതുകൊണ്ട് തന്നെ പുതിയ തലമുറക്ക് അബ്ബാസിന്റെ ലേഖനം അപസർപ്പക കഥയായി മാത്രമേ തോന്നൂ.

എന്നാൽ, ഇതിനൊക്കെ വിരുദ്ധമായ ഒരു പാരലൽ വേൾഡ് ഇന്നും നിലവിലുണ്ട്. ഇത്തരം വീട്ടുപകരണങ്ങൾ വാങ്ങാൻ സാധിക്കാത്തവരും തിന്ന പാത്രം എടുത്തുവെക്കാൻ പോലും അടുക്കള കയറാത്ത പുരുഷൻമാരുമുള്ള കൂട്ടുകുടുംബങ്ങളാണത്. അത്തരം ഇടങ്ങളിലെ വീട്ടമ്മമാരുടെ നോമ്പുകാലം ഇന്നും വളരെ ദയനീയം തന്നെയാണ്. അത് ട്രോളി തോൽപിക്കേണ്ട കാര്യമല്ല,
സത്യസന്ധമായി അഭിമുഖീകരിക്കേണ്ട കാര്യമാണ്. അബ്ബാസ്​ അതിശയോക്തി പരമായി പറഞ്ഞ അബദ്ധങ്ങൾ മാറ്റിനിർത്തിയാൽ അതിൽ സത്യങ്ങളുണ്ട്.

ഇപ്പോഴും ഒരു ചായയുണ്ടാക്കാൻ പോലുമറിയാത്ത, വീട്ടിലെ കുടിവെള്ളം എവിടെയാണ് സൂക്ഷിക്കുന്നത് എന്നുപോലുമറിയാത്ത, സ്വന്തം ഇന്നർവെയറിന് ഉറങ്ങുന്ന ഭാര്യയെ വിളിച്ചുണർത്തി ചോദിക്കുന്ന പുരുഷൻമാരുണ്ട്,
അതവരുടെ അവകാശവും അധികാരവുമായി കാണുന്നവരാണവർ.

വീട്ടിലെ സ്ത്രീ തളർന്ന് കിടക്കുമ്പോൾ പോലും സ്വന്തം കാര്യത്തിന് സ്വയം പര്യാപ്തരാകാത്തവർ. അവർ സാധാരണ ദിവസങ്ങളിലുണ്ടാക്കുന്നതിനേക്കാൾ പതിന്മടങ്ങ് പ്രയാസമാണ് നോമ്പുകാലത്തുണ്ടാക്കുന്നത് എന്നത് ഒരു ട്രോളുകൊണ്ടും മൂടിവെക്കാനാവാത്ത നഗ്‌നമായ സത്യമാണ്. എന്നാൽ ഇത് മുസ്‌ലിം സ്ത്രീയുടെ മാത്രം ദുര്യോഗമല്ല, പാട്രിയാർക്കി കൊടികുത്തിവാഴുന്ന എല്ലായിടത്തേയും അവസ്ഥയാണ്. മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തെ അപസർപ്പക കഥകളാക്കി അതിശയോക്തി കലർത്തി അവതരിപ്പിക്കുന്ന ഇത്തരം ഇസ്ലാമോഫോബിക്ക് ലേഖനങ്ങളും അതിനെതിരെ എന്ന നിലക്ക് പടച്ചുവിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യാൻ പോലും കൂട്ടാക്കാത്ത ട്രോളുകളും "മുസ്‌ലിം' "സ്ത്രീ' യോട് ചെയ്യുന്നത് അനീതിയാണ്.

Comments