Photo: Screen grab, The Quint

നോമ്പുകാലത്തെ പെണ്ണ്​

അസുഖക്കാരായ ആണുങ്ങൾ നോമ്പ് ഒഴിവാക്കുമ്പോൾ വീട്ടിൽ പരസ്യമായി ഭക്ഷണം കഴിക്കുക തെറ്റായി കണക്കാക്കിയില്ല. അപ്പോഴും നിയമപരമായി നോമ്പ് എടുക്കേണ്ടതില്ലാത്ത സ്ത്രീകൾ രഹസ്യമായി മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിച്ചു. മറിച്ചു ചിന്തിക്കാൻ എനിക്ക് ഒരവസരം എവിടെനിന്നും കിട്ടിയതുമില്ല.

നോമ്പുകാലത്ത് കുട്ടികൾക്കിടയിൽ വലിയ ഒരു മത്സരമുണ്ട്. അത് നോമ്പുകഴിഞ്ഞാൽ മാത്രം പൂർത്തിയാവുന്നതാണ്. നമുക്ക് തോൽവി കണക്കുകൂട്ടാമെങ്കിലും ഒരിക്കലും പ്രവചിക്കാനാകില്ല.

എന്തുകാരണം കൊണ്ടാണ് കുട്ടികൾക്കിടയിൽ നോമ്പെടുക്കാനാകാതെ പോകുകയെന്ന് മുൻകൂട്ടി പറയാനാകില്ലല്ലോ. ചിലപ്പോൾ ഒരു നേരത്തെ വയറുവേദന മതി, എത്ര പിടിച്ചുനിന്നാലും എന്തെങ്കിലും മരുന്ന് കഴിക്കേണ്ടിവരും. ചില ദിവസങ്ങളിൽ, പ്രത്യേകിച്ചും നോമ്പുതുറ ഉള്ള ദിവസങ്ങളിൽ, ഭക്ഷണസാധനങ്ങളുടെ പ്രലോഭനം കൂടി വരാനുണ്ട്- അന്നത്തെ ദിവസം ഉപ്പും മധുരവുമെല്ലാം ടെയ്‌സ്റ്റ് ചെയ്യാൻ. ഉമ്മായ്‌ക്കെല്ലാം ഞങ്ങൾ നോമ്പ് ഒഴിവാക്കുന്നതിൽ പരാതിയുണ്ടാകാറില്ല.

Photo: Pexels

നോമ്പുതുറയുടെ തിരക്കിൽ ഞങ്ങൾ നോമ്പ് ഒഴിവാക്കുന്നതാണ് അവർക്ക് സന്തോഷം എന്നു തോന്നിയിട്ടുണ്ട്. ഒന്ന്, സ്‌പെഷൽ കെയറിംഗ് ആവശ്യമില്ല. മാത്രമല്ല, പാത്രമെടുക്കാനും വിഭവങ്ങൾ മേശപ്പുറത്ത് കൊണ്ടുവെക്കാനുമെല്ലാം നോമ്പെടുക്കാത്തവർ എന്ന നിലയ്ക്ക് ആ പീക്ക് അവറിൽ സഹായവും കിട്ടും. അതിനാൽ ചെറിയതാണെങ്കിലും, സ്‌പെഷൽ നോമ്പ് വിഭവങ്ങളെല്ലാം വന്നാലും നമ്മൾ സ്വന്തം ഇച്ഛാശക്തികൊണ്ടുതന്നെ പിടിച്ചുനിൽക്കണം. അവസാനം നോമ്പ് എണ്ണിനോക്കുമ്പോൾ കുറഞ്ഞുപോയാൽ ആകെ നാണക്കേടാണ്. എന്തിന്റെ പേരിലായാലും ഒരിക്കൽ ഒഴിവാക്കിയ നോമ്പ് വെച്ച് എണ്ണം കൂട്ടാനാകില്ല.

ഏഴാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിമോൾ താത്ത പഠിത്തം നിർത്തി എന്ന് മതിൽക്കൽ വന്ന് അറിയിച്ചപ്പോഴാണ് മുതിർന്ന കുട്ടിയാകുക എന്ന എന്തോ കാര്യം സംഭവിക്കാനുണ്ട് എന്ന് ആദ്യം ബോധ്യപ്പെട്ടത്.

ഈ കടുത്ത മത്സരത്തിൽ ആദ്യം ഇക്കാക്കാനെ തോൽപ്പിക്കണം. പിന്നെ കസിൻസ്. പെരുന്നാൾ കഴിഞ്ഞ് സ്‌കൂൾ തുറന്നാൽ കൂട്ടുകാരും എണ്ണമെടുക്കും. അതുകൊണ്ട് നോമ്പുകാലം കുട്ടികളായിരുന്ന ഞങ്ങൾക്ക് ശരിക്കും വ്രതകാലമാണ്. ഒഴിവാക്കലും ത്യജിക്കലും തന്നെയായിരുന്നു അതിന്റെ സ്വഭാവം. വൈകീട്ട് കിട്ടുന്ന മാങ്ങയോ പേരക്കയോ എല്ലാം നോമ്പ് തുറന്ന് കഴിക്കാം എന്നുകരുതി എടുത്തുവച്ചാലും പലതും കഴിക്കാനാകാതെ ഉപേക്ഷിക്കേണ്ടിവരും. അതിൽ അയനിച്ചക്കയും എലന്തപ്പഴവും ഇലഞ്ഞിക്കായയും വരെയുണ്ടാകും. ആദ്യ ദിവസങ്ങളിൽ ഇവയെല്ലാം ആദ്യം കഴിച്ച് കൊതിതീർത്താൽ പിന്നീട് ഭക്ഷണമൊന്നും കഴിക്കാനാകാതെ വരും. ഒരുപക്ഷെ, ത്യാഗത്തിന്റെ ആദ്യപാഠങ്ങൾ ഇങ്ങനെയൊക്കെയാകും കുട്ടികൾ ഉൾക്കൊള്ളുന്നത്.

Photo : seekersguidance.org

പതുക്കെപ്പതുക്കെയാണ് ഒരു കാര്യം ഞങ്ങൾ, കുട്ടികൾക്ക് വ്യക്തമായത്. മുതിർന്നവർ എല്ലാ ദിവസവും നോമ്പെടുക്കുന്നില്ല. സ്‌റ്റോർ മുറിയുടെ ഇരുട്ടിലും അടുക്കളയിൽ ആളൊഴിഞ്ഞ സമയത്തും ഇങ്ങനെ ചില അത്താഴക്കള്ളത്തികളെ കണ്ടെത്താൻ തുടങ്ങി. എന്നാൽ, അടുത്ത ദിവസം അതേസമയം പോയി നോക്കിയാൽ അവരെ കണ്ടുപിടിക്കാൻ പറ്റണമെന്നില്ല. എന്നാൽ, അവരുടെ വകയായും, പഴഞ്ചോറ് നല്ല മുളകുചാറു ചേർത്ത് ഉരുട്ടിക്കൊണ്ട് ഒരു പ്രലോഭനമുണ്ടാകും. എന്നാൽ, അതെനിക്ക് വലിയ ആകർഷണമൊന്നുമായിരുന്നില്ല. ഇക്കാക്കാക്ക്​ പലപ്പോഴും അതിനെ മറികടക്കാൻ പറ്റില്ല. എല്ലാ പ്രലോഭനങ്ങളെയും മറികടന്ന് ഇക്കാക്കയും കുറെ നോമ്പെടുക്കും.

ഏഴാം ക്ലാസിലെത്തിയപ്പോൾ മുതൽക്ക് ഉമ്മാനോട് എല്ലാവരും ചോദിക്കാൻ തുടങ്ങി, ഇവൾക്കൊന്നും ആയില്ലേ എന്ന്. എനിക്കാണെങ്കിൽ ആ ചോദ്യം കേൾക്കുന്നതേ ദേഷ്യം വരാൻ തുടങ്ങും. നന്നായി സൂക്ഷിക്കാനും മറ്റുമുള്ള ഉപദേശങ്ങളും അത് കഴിഞ്ഞാലുള്ള നിയന്ത്രണങ്ങളുമെല്ലാം ഓർത്തപ്പോൾ അത് എത്രയും വൈകിയാൽ മതി എന്നായി എന്റെ പ്രാർഥന.

നോമ്പ് നിർബന്ധമായും ഞങ്ങൾ എടുത്തിരുന്നതിന് മറ്റൊരു കാരണം എനിക്ക് തോന്നിയിരുന്നത്, മുതിർന്നവരിൽനിന്ന് കിട്ടിയിരുന്ന പരിഗണനയാണ്. പകൽ ക്ഷീണിച്ചോ എന്നന്വേഷിക്കുന്നതും വൈകീട്ട് നോമ്പ് തുറക്കുമ്പോഴുള്ള പ്രത്യേക ശ്രദ്ധയും ഭക്ഷണകാര്യങ്ങളിലെ കരുതലുമെല്ലാം ഞാൻ ഒരിക്കലൂം വേണ്ടെന്നുവക്കാൻ ആഗ്രഹിച്ചില്ല.

ഒരിക്കൽ വലിയ അമ്മാവന്റെ മകൾ നോമ്പുതുറക്കാൻ വന്ന ദിവസമാണ് എനിക്ക് നോമ്പ് മുറിക്കേണ്ടിവന്നത്. പലഹാരങ്ങളുടെ കൂട്ടത്തിൽ ഞങ്ങൾക്ക് പ്രിയപ്പെട്ട കോഴി അടയാണ് സഫിയ താത്താന്റെ കൈയിലുള്ളത്. ഒന്നെടുത്ത് കഴിച്ചോ എന്നു പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഫിയതാത്ത നോമ്പ് നോറ്റിട്ടില്ലെങ്കിൽ എനിക്ക് എന്താ കഴിച്ചാൽ എന്നു കരുതി അത് കഴിക്കുകയും ചെയ്തു. പിന്നീടാണ് എണ്ണത്തിൽ കുറവു വരുന്ന നോമ്പുകളുടെ കണക്കിൽ കൂട്ടുകാരികളുടെ മുന്നിൽ ചെറുതാവുന്നതോർത്തത്. സഫിയ താത്താനോട്, ഞാനത് കഴിച്ചില്ല എന്നെല്ലാം പറഞ്ഞുനോക്കിയെങ്കിലും കളിയാക്കി ചിരിച്ച് അവർ കടന്നുകളഞ്ഞു. എന്റെ അന്നത്തെ നോമ്പ് പോയി.

കോഴി അട, നോമ്പുതുറ പലഹാരം

പക്ഷെ, സഫിയ താത്ത എന്താണ് നോമ്പെടുക്കാതിരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്നേക്കാൾ മുതിർന്നവർ, വലിയ ക്ലാസിൽ പഠിക്കുന്നവൾ, പോരാത്തതിന് കല്യാണവും കഴിഞ്ഞു. അവർ നോമ്പെടുത്തിട്ടില്ല എന്ന ധൈര്യമായിരുന്നു എനിക്കാദ്യം പ്രലോഭനമായത്. പക്ഷെ, എന്റെ കൂട്ടുകാരോട് സഫിയ താത്താന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതാലോചിച്ചുവരുമ്പോഴേക്കും ആ നോമ്പ് പോയ്ക്കഴിഞ്ഞിരുന്നു. പിന്നെ കുറെക്കഴിഞ്ഞപ്പോൾ മുതിർന്ന പെൺകുട്ടികൾക്ക് നോമ്പിൽ ചില ഇളവുകളുണ്ടെന്ന് മനസ്സിലായി.

മെൻസസ് ആവുന്ന സന്ദർഭങ്ങളിൽ ഇത് നിർബന്ധമില്ല. അതെന്താണെന്ന് മനസ്സിലാവാതിരുന്ന കാലത്ത് അതിന്റെ നിഗൂഢതകൾ അഴിക്കാൻ പല ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷെ, നോമ്പില്ല എന്ന് മനസ്സിലാകുന്നതുതന്നെ, ഭക്ഷണം കഴിക്കുന്നത് കണ്ടെത്തിയാൽ മാത്രമാണ്. അവരെ കണ്ടാൽ അസുഖത്തിന്റെയോ മറ്റോ ഒരു സൂചനയും കിട്ടില്ല. അതുകൊണ്ട് വലിയ അന്വേഷണങ്ങൾക്കൊന്നുമുള്ള സാധ്യതകളില്ല. കൂട്ടത്തിൽ മൂത്ത പെൺകുട്ടി ഞാനും.

വിവാഹം കഴിഞ്ഞപ്പോഴും ഇതുപോലെ പട്ടിണി കിടക്കാൻ പാടില്ലെന്ന കർശന നിർദേശത്തിൽ രഹസ്യ സങ്കേതങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചുപോന്നു. അസുഖക്കാരായ ആണുങ്ങൾ നോമ്പ് ഒഴിവാക്കുമ്പോൾ വീട്ടിൽ പരസ്യമായി ഭക്ഷണം കഴിക്കുക തെറ്റായി കണക്കാക്കിയില്ല.

ഏഴാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിമോൾ താത്ത പഠിത്തം നിർത്തി എന്ന് മതിൽക്കൽ വന്ന് അറിയിച്ചപ്പോഴാണ് മുതിർന്ന കുട്ടിയാകുക എന്ന എന്തോ കാര്യം സംഭവിക്കാനുണ്ട് എന്ന് ആദ്യം ബോധ്യപ്പെട്ടത്. ഞങ്ങൾ സ്‌കൂളിൽ പോകുന്ന വഴിയിൽ പാറയിൽ എന്നുപേരുള്ള ഒരു വലിയ തറവാടുണ്ട്. അതാണ് കുഞ്ഞിമോൾ താത്താന്റെ വീട്. അവർക്ക് ഉമ്മയില്ല. വലിയ കുട്ടിയായപ്പോൾ എളാമ്മയാണ് അവരോട് സ്‌കൂളിൽ പോകേണ്ട എന്നുപറഞ്ഞത്. ആരെങ്കിലും അത് ചോദ്യം ചെയ്‌തോ എന്നറിയില്ല. അന്ന് ബല്യുപ്പയുള്ള കാലമാണ്. ഞങ്ങളുടെ വീട്ടിൽ അത് സ്‌കൂൾ ഉപേക്ഷിക്കാനുള്ള കാരണമായിരുന്നില്ല. സഫിയ താത്തയും ഉമ്മാന്റെ അനുജത്തി മൈമൂനയുമെല്ലാം സ്‌കൂൾ പഠനം തുടർന്നിരുന്നു. രണ്ടുപേരും പത്താം ക്ലാസ് വരെ എത്തി എന്നാണോർമ. ആമാന്റെ കല്യാണം അവർ പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. പക്ഷെ, പിന്നീട് അയൽപക്കത്തുള്ള പലരും പഠനം നിർത്തുന്നതിന്റെ കാരണം ഇതായിരുന്നുവെന്ന് ഊഹിക്കാൻ പറ്റിയിട്ടുണ്ട്. അവിലും ശർക്കരയും പഴവും കൊടുത്തുവിടുന്ന രീതിയും കൂടി അവിടെയുണ്ടായിരുന്നു. ഈ മധുരം കൈമാറിക്കൊണ്ടാണ് കുഞ്ഞിമോൾ താത്ത ഇനി സ്‌കൂളിലേക്കില്ല എന്ന വിവരം പറഞ്ഞത്. അവർ സുന്ദരിയാണെന്ന് വെറുതെ പറഞ്ഞാൽ മതിയാകില്ല. അവരുടെ ചുണ്ടുകൾക്ക് സ്വതവേ ചുവപ്പുനിറമായിരുന്നു. എല്ലാ ശരീരാവയവയങ്ങളും പറഞ്ഞുതീർപ്പിച്ചപോലെ സുന്ദരങ്ങളായിരുന്നു. വലിയ പഴയ വീട്ടിൽ എളാമ്മയോടൊപ്പം കഴിയുന്ന ഈ സുന്ദരി എന്റെ എത്രയോ ബാല്യകാല ഭാവനകൾക്ക് ചിറകു നൽകിയിട്ടുണ്ട്. ജിന്നിനെ കുറിച്ചുള്ള കഥകളിലെല്ലാം ആദ്യം ഓർമ വരുന്നത് ഇവരുടെ മുഖമായിരുന്നു. അന്ന് ഞാനും വലുതാകുന്നതും ഇതുപോലെ ഇനി സ്‌കൂളിൽ പോവുന്നില്ല എന്ന് അയൽവീട്ടുകാരോട് മതിലിനപ്പുറം നിന്ന് പറയുന്നതും ഭാവനയിൽ കണ്ടിരുന്നു. പക്ഷെ, പിന്നീടാണ് മനസ്സിലായത്, എല്ലാ വീട്ടിലും ഇത് നടക്കില്ല എന്ന്.

Photo: UNICEF/Sayed Bidel

എന്നാലും ഏഴാം ക്ലാസിലെത്തിയപ്പോൾ മുതൽക്ക് ഉമ്മാനോട് എല്ലാവരും ചോദിക്കാൻ തുടങ്ങി, ഇവൾക്കൊന്നും ആയില്ലേ എന്ന്. എനിക്കാണെങ്കിൽ ആ ചോദ്യം കേൾക്കുന്നതേ ദേഷ്യം വരാൻ തുടങ്ങും. നന്നായി സൂക്ഷിക്കാനും മറ്റുമുള്ള ഉപദേശങ്ങളും അത് കഴിഞ്ഞാലുള്ള നിയന്ത്രണങ്ങളുമെല്ലാം ഓർത്തപ്പോൾ അത് എത്രയും വൈകിയാൽ മതി എന്നായി എന്റെ പ്രാർഥന. അതിനിടയ്ക്ക് എന്റെ ഒരു വയസ്സിനിളയതായ ഇഷക്ക് മെൻസസായി. അത് കഴിഞ്ഞപ്പോൾ അവൾ കണ്ടാലറിയാത്തവിധം മാറിപ്പോയതായും എനിക്കുതോന്നി. എണ്ണ തേച്ചു കുളിയും ഉള്ളി വറുത്തിട്ട ചോറും ചിക്കനുമെല്ലാം ആ പ്രായത്തിൽ നമ്മളെ മാറ്റിയില്ലെങ്കിലേ അൽഭുതമുള്ളൂ.

ഈജിപ്തിൽനിന്ന് ഒരു പെൺകുട്ടി ഗവേഷണത്തിന് ചേർന്നപ്പോഴാണ് ഞങ്ങളുടെ ധാരണ മാറിമറിഞ്ഞത്. അവൾ പരസ്യമായി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇതെന്താ, രഹസ്യമാക്കി വെക്കേണ്ട ആവശ്യം എന്നവൾ ചോദിച്ചതിന് ഞങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല.

മുതിർന്നവരാകുന്നതോടെ നോമ്പിന്റെ എണ്ണം കുറയുന്നതുകൂടി പരിഗണനയ്ക്കുവരും. അത് എത്ര ദിവസം എന്നത് ഓരോരുത്തർക്കും വ്യത്യാസമുണ്ടാകുമെന്നുമാത്രം. അത്തരം സന്ദർഭങ്ങളിൽ ഞങ്ങളും സ്‌റ്റോർ റൂമിലോ ആളില്ലാത്ത മുറികളിലോ പോയിരുന്ന് നോമ്പിന് ഭക്ഷണം കഴിക്കാൻ തുടങ്ങി. നോമ്പ് ഇല്ലെന്ന വിവരം പുറത്തറിയാൻ പാടില്ലെന്നു മാത്രമല്ല, വീട്ടിലും ആരെയും അറിയിക്കാൻ പാടില്ല. അത് വലിയ കുറച്ചിലായാണ് അന്ന് ഞങ്ങളെ പഠിപ്പിച്ചത്. നാണക്കേട് പുറത്തറിയാതിരിക്കാൻ ഞങ്ങളും മെനക്കെട്ട് രഹസ്യ സങ്കേതങ്ങളിൽ പോയി മാത്രം ഭക്ഷണം കഴിച്ചു. പിന്നെയും കാലം പോയതോടെ വീട്ടിലുള്ളവർ അറിഞ്ഞാൽ കുഴപ്പമില്ലാതെയായി. നോമ്പില്ലാത്തവർ ഒരുമിച്ചിരുന്ന് കഴിക്കുന്നത് പലപ്പോഴും ഡൈനിങ് ടേബിൾ വരെ എത്തി. എന്നാലും ഒരിക്കലും പുറമെനിന്ന് വെള്ളം പോലും കുടിക്കാൻ തയാറായില്ല.

വിവാഹം കഴിഞ്ഞപ്പോഴും ഇതുപോലെ പട്ടിണി കിടക്കാൻ പാടില്ലെന്ന കർശന നിർദേശത്തിൽ രഹസ്യ സങ്കേതങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചുപോന്നു. അസുഖക്കാരായ ആണുങ്ങൾ നോമ്പ് ഒഴിവാക്കുമ്പോൾ വീട്ടിൽ പരസ്യമായി ഭക്ഷണം കഴിക്കുക തെറ്റായി കണക്കാക്കിയില്ല. അപ്പോഴും നിയമപരമായി നോമ്പ് എടുക്കേണ്ടതില്ലാത്ത സ്ത്രീകൾ രഹസ്യമായി മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിച്ചു. മറിച്ചു ചിന്തിക്കാൻ എനിക്ക് ഒരവസരം എവിടെനിന്നും കിട്ടിയതുമില്ല.

Photo : UNICEF

വളരെ കാലം കഴിഞ്ഞ് ഈജിപ്തിൽനിന്ന് ഒരു പെൺകുട്ടി ഗവേഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നപ്പോഴാണ് ഈ ധാരണ മാറിമറിഞ്ഞത്. ജുൽ തുൽ എന്നായിരുന്നു അവളുടെ പേര്. അവൾ പരസ്യമായി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇതെന്താ, രഹസ്യമാക്കി വെക്കേണ്ട ആവശ്യം എന്നവൾ ചോദിച്ചതിന് ഞങ്ങൾക്ക് ഉത്തരമുണ്ടായിരുന്നില്ല. മുസ്‌ലിം രാജ്യമായിരുന്നിട്ടുപോലും അവരുടെ നാട്ടിൽ സ്ത്രീകൾ ഇങ്ങനെ ഭക്ഷണം കഴിക്കാറുണ്ടെന്ന് അവൾ പറഞ്ഞു. നമുക്ക് നോമ്പ് നിർബന്ധമില്ലാത്ത സമയമല്ലേ, ഇതെല്ലാവർക്കും അറിയുന്നതുമല്ലേ, പിന്നെന്തിന് ഒളിച്ചുവക്കണം എന്നുചോദിച്ച് അവൾ പൊതുസ്ഥലങ്ങളിൽ നിന്നുതന്നെ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. നോമ്പെടുക്കുന്ന ദിവസങ്ങളിൽ അത് കൃത്യമായി പാലിക്കുകയും ചെയ്തു. നീണ്ട യാത്രകളിലും നോമ്പെടുക്കേണ്ടതില്ലെന്നതും ആ സമയത്തും ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ലെന്നും അവർ വിശ്വസിച്ചു. ഇത് എന്നെയും വളരെയധികം മാറ്റിത്തീർത്ത കാഴ്ചപ്പാടായിരുന്നു.

കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ചില കുട്ടികൾ വിളിച്ചുചോദിച്ചു, നിങ്ങൾ ഏതു മതക്കാരാ? ഞാൻ ഒരു പുഞ്ചിരിയിൽ ആ കുസൃതി ആസ്വദിച്ചുനിന്നു. പവിത്രേട്ടൻ പറഞ്ഞു, ‘ബുദ്ധമതം.' ​ബുദ്ധമതം എന്ന് കേട്ടതോടെ കുട്ടികളും ആകെ ആശങ്കയിലായി.

വർഷങ്ങൾക്കുശേഷം യൂണിവേഴ്‌സിറ്റിയിൽനിന്ന് നോമ്പില്ലാത്ത ഒരു ദിവസം പവിത്രേട്ടനോടൊപ്പം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. തിരുന്നാവായയിലെ കുന്നിൻപുറത്തെ ചെറിയ ഹോട്ടൽ. അതിനടുത്തുള്ള റോഡരികിലാണ് കൈ കഴുകാൻ വെള്ളം വെച്ചിരുന്നത്. ആ റോഡിനപ്പുറം തിരുന്നാവായയിലെ എൽ.പി സ്‌കൂളും. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ചില കുട്ടികൾ വിളിച്ചുചോദിച്ചു, നിങ്ങൾ ഏതു മതക്കാരാ? ഞാൻ ഒരു പുഞ്ചിരിയിൽ ആ കുസൃതി ആസ്വദിച്ചുനിന്നു. പവിത്രേട്ടൻ പറഞ്ഞു, ‘ബുദ്ധമതം.'
​ബുദ്ധമതം എന്ന് കേട്ടതോടെ കുട്ടികളും ആകെ ആശങ്കയിലായി. അതെന്തു മതമാണ് എന്നൽഭുതപ്പെട്ട് അവർ പരസ്പരം നോക്കി നിന്നു.

അവരുടെ അൽഭുതങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നുപോയി. ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments