ഉടുപ്പും നടപ്പും വാക്കും ഞങ്ങളുടെ അവകാശത്തിന്റെ രാഷ്ട്രീയമാണ്​

മ്മുടെ സ്‌കൂൾ യൂണിഫോമുകൾ ഓർക്കുന്നുണ്ടോ? ആൺകുട്ടികൾക്ക് ട്രൗസറും പെൺകുട്ടികൾക്ക് മുട്ടൊപ്പമുള്ള പാവാടയും.
വീട്ടിൽ വിരുന്നുകാർ വരുമ്പോൾ പെൺകുട്ടികളോട് ‘നന്നായി' ഡ്രസ് ചെയ്യാൻ പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടോ? പക്ഷേ ആൺകുട്ടികൾക്ക് ലിവിങ് റൂമിലെ സോഫയിൽ കാലുകളകത്തി ഇരിക്കാൻ കഴിയുമായിരുന്നു.

സിനിമയിലെ സൊസൈറ്റി ലേഡീസിനെ ഓർമയുണ്ടോ? സ്ലീവ്‌ലെസ്സ് ബ്ലൗസും കടുംനിറമുള്ള ലിപ്സ്റ്റിക്കുമിട്ട സ്ത്രീകൾ. സ്വന്തം കാറ് സ്വയം ഓടിക്കുകയും സ്വന്തമായി തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്ന സ്ത്രീകൾ. ഒരു മലയാളി പുരുഷന്റെ കാഴ്ചയിൽ, കാഴ്ചയ്ക്കുവേണ്ടി എപ്പോഴും നെഗറ്റീവായി ചിത്രീകരിക്കപ്പെട്ടിരുന്ന സ്ത്രീകൾ.
സ്ഥിരം വില്ലത്തികളായിരുന്നത്, സമ്പന്നരും സ്വന്തം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ബിസിനസ്സ് ചെയ്തിരുന്ന സ്ത്രീകളാണ്.

യാത്ര ചെയ്യുന്ന സ്ത്രീകൾ സ്വന്തം സംസ്ഥാനം വിട്ടാൽ സ്വതന്ത്രവും കംഫർട്ടബിളും മോഡേണുമായ ഉടുപ്പുകൾ ധരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു ‘നല്ല പെൺകുട്ടി'യുടെ അച്ചിലേക്ക് ഉരുക്കിയൊഴിച്ച് പ്രതിഷ്ഠിക്കുന്നതിനായി സ്വന്തം ശരീരത്തെ പൊതിഞ്ഞ് വെയ്ക്കണമെന്ന് സ്ത്രീകൾ എല്ലാക്കാലത്തും ഓർമിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. സ്വന്തം വ്യക്തിത്വത്തിന്റെ ചുക്കിച്ചുളിഞ്ഞ വേർഷൻ മാത്രം പുറത്തു കാണിക്കാൻ കഴിയുന്ന തരത്തിൽ നിരന്തരം സദാചാര വിചാരണയ്ക്ക് സ്ത്രീകൾ വിധേയരായി. ഉള്ളിലുള്ള കരുത്തിന്റെ പൂർണതയെ സ്വയം കണ്ടെത്താനോ അനുഭവിക്കാനോ രൂപപ്പെടുത്തിയെടുക്കാനോ ഒരിക്കലും അനുവദിച്ചില്ല.

അതെ, ഞങ്ങൾ കാലുകളും മുലകളും ചന്തിയുമുള്ള മനുഷ്യ സ്ത്രീകളാണ്. ശരീര ചർമത്തിൽ കാറ്റുകൊള്ളാൻ ഇഷ്ടമുള്ള സ്ത്രീകൾ. പരിധിയില്ലാത്ത സ്വാതന്ത്ര്യം കൊതിക്കുന്നവർ. വൃത്തികെട്ട കണ്ണുകൾ കൊണ്ട് ശരീരവും വസ്ത്രവും സ്കാൻ ചെയ്യപ്പെടില്ല എന്ന ഉറപ്പോടെ ചുറ്റുമിറങ്ങി നടക്കാൻ ആഗ്രഹിക്കുന്നവർ. ഇട്ടിരിക്കുന്ന ടോപ്പുകൾ ഒട്ടും സുതാര്യമല്ല എന്നും ബ്രായുടെ സ്ട്രാപ്പ് പുറത്തുകാണുന്നില്ല എന്നും പാവാടയുടെ നീളം ചുറ്റുമുള്ള മനുഷ്യരുടെ കയ്യിലുള്ള സ്കെയിലിനനുസരിച്ച് തന്നെയാണെന്നും നൂറു തവണ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഗതികേടിൽ നിന്ന് ഞങ്ങൾക്ക് പുറത്ത് വരണം.

അനശ്വര രാജൻ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഫോട്ടോ. ഈ ചിത്രം സൈബർ അറ്റാക്കിന് വിധേയമായതിനെ തുടർന്നാണ് വനിതകൾ Yes We have Legs ചാലഞ്ചുമായി  മുന്നോട്ട് വന്നത്.
അനശ്വര രാജൻ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഫോട്ടോ. ഈ ചിത്രം സൈബർ അറ്റാക്കിന് വിധേയമായതിനെ തുടർന്നാണ് വനിതകൾ Yes We have Legs ചാലഞ്ചുമായി മുന്നോട്ട് വന്നത്.

മുല മറയ്ക്കാനുള്ള അവകാശത്തിന് ധീരമായി പോരാടിയ സ്ത്രീകളുടെ നാട്ടിലിരുന്നാണ് വസ്ത്രത്തിനു മേലുള്ള ഞങ്ങളുടെ തെരഞ്ഞെടുപ്പിന്റെ അധികാരത്തിനുവേണ്ടി പോരാടേണ്ടി വരുന്നത് എന്നതാണ് വിരോധാഭാസം. കാരണം, ഇത് അതേ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ്. എല്ലാത്തിലുമുപരി ഞങ്ങൾ എന്ത് പറയുന്നു, ചെയ്യുന്നു, ധരിക്കുന്നു എന്നതിലൂടെ ആവിഷ്കരിക്കുന്ന ആത്മത്തിന്റെയും ആത്മപ്രകാശനത്തിന്റെയും രാഷ്ട്രീയമാണ്.

പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.

പുരുഷൻമാരേ, ഒരു ഹെറ്ററോനോർമേറ്റീവ് സമൂഹത്തിൽ നിങ്ങൾ ആണത്ത പ്രദർശനവും ആണത്ത സംസ്ഥാപനവും നടത്തുന്നത് എവിടെയാണ് എന്ന് നമുക്കറിയാം. നിങ്ങളിൽ പലർക്കും സ്ത്രീകൾക്കുനേരെയുള്ള വയലൻസ് സ്വാഭാവികമായ ഒന്നാണെന്നും അറിയാം. നിങ്ങളോട് ഒറ്റക്കാര്യം പറയാം, ആ കാലം ഇനിയില്ല. അങ്ങനെയൊരു കാലമുണ്ടായിരുന്നു. നിങ്ങളുടെ വില പേശലുകൾക്ക് നിന്നുതന്നിരുന്ന, നിങ്ങളുടെ സമർപ്പിത അടിമകളായി ജീവിച്ചിരുന്ന കാലം. ആ ജീവിതം ജീവിക്കാൻ ഇനി മനസ്സില്ല.

നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകളെ മനസ്സിലാക്കാനും സ്നേഹിക്കാനും നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. എന്നെ വിശ്വസിക്കൂ, നിങ്ങളുടെ അറിവില്ലായ്മയുടെ മറുവശത്തുള്ള ജീവിതം അതിശയകരമാം വിധം മനോഹരമാണ്.

അതിനിടയ്ക്ക്, സോഷ്യൽ മീഡിയയെ ഉപയോഗിച്ച് ഞങ്ങളെ തള്ളിത്താഴെയിടാൻ നിങ്ങൾ ശ്രമിക്കും. പക്ഷേ അതേ സോഷ്യൽ മീഡിയയെ ഉപയോഗിച്ച് ഞങ്ങൾ കുതിക്കുകയും നിങ്ങളുടെ ദുർബലമായ അഹംബോധങ്ങളെ അട്ടിമറിക്കുകയും ചെയ്യും.

Comments