മലയാളത്തിലെ ഒന്നുരണ്ട് യുവനടിമാരുടെ പേര് പറയൂ എന്നാരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടു എന്നിരിക്കട്ടെ. മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖങ്ങൾ ആരുടെയൊക്കെയാണ്.?
മമിതാ ബിജു, അനശ്വര രാജൻ, അന്ന ബെൻ…ഭൂരിഭാഗവും ഇരുപതുകളിൽ ജീവിക്കുന്നവർ അല്ലേ?
ശരി, ഇനി യുവനടന്മാരുടെ പേരാണ് ആവശ്യപ്പെടുന്നതെങ്കിൽ ആദ്യം ഓർമ വരുന്നത് ആരെയാവും?
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ...?
പക്ഷെ, ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ വച്ച് വച്ചുനോക്കിയാൽ 40 വയസ്സിന് മുകളിലാണ് ഈ നാലുപേരുടെയും പ്രായം.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ വെബ്സൈറ്റിൽ നൽകുന്ന വിവരമനുസരിച്ച് 35 വയസിൽ താഴെ പ്രായമുള്ള, ജോലി ചെയ്യാൻ സജ്ജരായ വ്യക്തികളെയാണ് നമ്മുടെ രാജ്യം 'യുവാക്കൾ' എന്നതുകൊണ്ട് അർഥമാക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയാകട്ടെ, പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയിലാണ് യൗവ്വനത്തെ നിർവചിക്കുന്നതുതന്നെ.
അതായത് ഒരു ശരാശരി മലയാളിയുടെ ആയുർദൈർഘ്യം കണക്കിലെടുത്താൽ, യൗവ്വനം പിന്നിട്ട മനുഷ്യരുടെ കാറ്റഗറിയിലാണ് മേൽപ്പറഞ്ഞ യുവനടന്മാരൊക്കെ എന്നുതന്നെ.
എന്നാൽ, ഇവർ അപ്‌ഡേറ്റ് ചെയ്യുന്ന പുതിയ ഫോട്ടോകൾക്കു താഴെ ചെന്ന് ആരും പ്രായം പറഞ്ഞ് അധിക്ഷേപിക്കുകയോ ‘കിളവാ’, ‘അങ്കിൾ’ മുതലായ പദപ്രയോഗങ്ങളിലൂടെ അവരെ 'ബഹുമാനി’ക്കുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ടോ?
പോട്ടെ, അറുപതുകളിൽ ജീവിക്കുന്ന മോഹൻലാലിനെയും എഴുപതുകളിലൂടെ സഞ്ചരിക്കുന്ന മമ്മൂട്ടിയേയും ആരെങ്കിലും അവരുടെ യഥാർഥ പ്രായത്തിനൊത്ത സംബോധനകൾ നടത്താറുണ്ടോ?
ഇനി കാര്യത്തിലേക്കു വരാം.
‘39 വയസുള്ള' റിമ കല്ലിങ്കൽ കഴിഞ്ഞദിവസം തന്റെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ ചില ഫോട്ടോകൾ പങ്കുവച്ചിരുന്നു. മാൽഡീവ്സിലെ യാത്രയ്ക്കിടെ വിഷ്ണു സന്തോഷ് പകർത്തിയ റിമയുടെ സ്റ്റൈലിഷായ ചില ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെ താഴെ വന്ന ചില കമന്റുകൾ നോക്കാം:
‘സിനിമകള്‍ കുറഞ്ഞതുകൊണ്ടാണോ’.
‘ആഷിക് അബു കയറൂരിവിട്ടതാണോ' തുടങ്ങിയ സ്ഥിരം അശ്ലീല കമന്റുകൾക്കൊപ്പം, പ്രത്യക്ഷമായി പ്രായം പറഞ്ഞ് തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോസ്റ്റ് ചെയ്യുന്ന 'തള്ള', 'ആന്റി' എന്നു തുടങ്ങുന്ന നിരവധി കോപ്പി പേസ്റ്റ് വാചകങ്ങളും അവിടെ കാണാം. അതിന്റെ ഉടമസ്ഥർക്കാവട്ടെ ജാതി- മത വ്യത്യാസങ്ങളുമില്ല.
അതെന്താ റിമക്കുമാത്രം ഇങ്ങനെ?
സ്വന്തം കഴിവിലും ശേഷിയിലും മാത്രം വിശ്വസിച്ച് മുകളിലേക്ക് കുതിക്കുന്ന, വൈകാരിക കെട്ടുപാടുകളേക്കൾ കരിയറിന് ഒരല്പം പ്രാധാന്യം നൽകുന്ന സ്ത്രീകളെ ഇടിച്ചുതാഴ്ത്താനായി, അവരുടെ നേട്ടങ്ങളെ മുഴുവൻ ഒറ്റയടിക്കങ്ങ് റദ്ദ് ചെയ്യാനായി ഉപയോഗിക്കപ്പെടുന്ന ഒരു ആയുധമാണ് 'തള്ള’, ‘ആന്റി' പറഞ്ഞുള്ള ഇത്തരം പള്ളുപറച്ചിലുകൾ. അതാകട്ടെ, ഇന്നോ ഇന്നലെയോ തുടങ്ങിയതും അല്ല.
റിമ കല്ലിങ്കൽ...
ഒന്നു നോക്കിയാൽ ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാൻ നിൽക്കാതെ, നായകന്മാരുടെ അരികുപറ്റി, ഉടലളവുകളിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോയിരുന്നെങ്കിൽ ഇപ്പോൾ അഭിനയിച്ചതിനേക്കാൾ കൂടുതൽ സിനിമകളും കഥാപാത്രങ്ങളും അവർക്ക് ലഭിച്ചേനേ. റിമ അഭിനയിച്ചതുകൊണ്ടുമാത്രം ‘‘നീലവെളിച്ചം കാണില്ല’’ എന്ന് വാശിപിടിച്ച ചിലരെ ആ സിനിമ ഇറങ്ങിയ സമയത്ത് സൈബർ ഇടങ്ങളിൽ കണ്ടുമുട്ടിയിരുന്നു.
ലിംഗവിവേചനത്തിനെതിരെ, പെണ്ണിനെ രണ്ടാംകിടയായി പിരിച്ചുനിർത്തുന്ന അത്തരം അടിക്കാടുകൾക്കെതിരെ സംസാരിച്ചു തുടങ്ങിയ കാലം മുതൽ റിമ നേരിടുന്ന ഒട്ടേറെ ഹെയ്റ്റ് കാമ്പയിനുകളുണ്ട്. അവയുടെ ഉപോത്പ്പന്നമായി രൂപപ്പെടുന്ന ഇടിച്ചുതാഴ്ത്തൽ ശ്രമങ്ങളുടെ ശ്രേണിയിലെ പുതിയ എൻട്രിയാണ് ഈ ചിത്രങ്ങൾക്കുതാഴെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഇത്തരം കമന്റുകൾ.
റിമ മലയാളത്തിലെ ഏറ്റവും നല്ല നടിയാണെന്നല്ല പറയുന്നത്. അവരുടേതിനേക്കാൾ നല്ല കഥാപാത്രങ്ങൾ സ്‌ക്രീനിൽ കൊണ്ടുവന്ന, അവയൊക്കെയും ഒന്നാന്തരമായി അഭിനയിച്ചു ഫലിപ്പിച്ച അനേകം നടിമാർ നമുക്കുണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവും. പക്ഷെ, അഭിനയം, നൃത്തം, നിർമാണം എന്നുതുടങ്ങി റിമ കല്ലിങ്കൽ കൈ വയ്ക്കുന്ന എന്തിനു താഴെയും ചെന്ന് അവരെ അറ്റാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുണ്ട് എന്നത് അത്ര നിഷ്കളങ്കമായി തള്ളിക്കളയാവുന്ന ഒന്നല്ല.
സിനിമാമേഖലയിൽ സമത്വം, സ്ത്രീസുരക്ഷ എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി ഡബ്ല്യു.സി.സി പോലൊരു സംഘടനക്ക് റിമയും സുഹൃത്തുക്കളും രൂപം നൽകിയത് അവരുടെയൊക്കെ സിനിമാഭാവിയെ തന്നെ റിസ്ക് ചെയ്തുകൊണ്ടാണ്.
2018- ലോ മറ്റോ നടന്ന ഒരു TEDx ടോക്കിലാണ് ഒട്ടേറെ ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയ, 'മീൻ വറുത്തത്' പരാമർശം റിമ നടത്തുന്നത്. 'എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ പൊരിച്ചതിലൂടെയാണ്'' എന്നു പറഞ്ഞു തുടങ്ങിയ ആ ടോക്കിൽ വീട്ടിലെ ആണുങ്ങൾക്കു മാത്രം മീൻ വിളമ്പിയ, എല്ലാവർക്കുമൊടുവിൽ മാത്രം ഭക്ഷണം കഴിച്ചിരുന്ന അമ്മയേയാണ് അവർ ഓർത്തെടുത്തത്. ''ഒരു കഷണം മീനിന്റെ പേരിലുള്ള എച്ചിക്കണക്ക്'' എന്ന് ആ സംഭാഷണത്തെ വിലകുറച്ചു കാണാതെ സമൂഹത്തിന്റെ തന്നെ ചെറുപകർപ്പായ കുടുംബങ്ങളിലെ ലിംഗവിവേചനമാണ് റിമ തുറന്നു കാട്ടിയത് എന്ന സത്യം നാം ഇടയ്ക്കിടെ ഓർമിക്കേണ്ടതുണ്ട്..
ഒന്നോ രണ്ടോ കൊല്ലങ്ങൾക്കിപ്പുറം, ''തൃശ്ശൂർ പൂരം അടക്കമുള്ള കേരളത്തിലെ ഉത്സവങ്ങളും ആൾക്കൂട്ടങ്ങളും പുരുഷന്മാർക്ക് മാത്രമുള്ളതാണ്'' എന്ന് അവരുടെ മറ്റൊരു പ്രസ്താവനയും ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. കൊച്ചിയില്‍ റീജ്യണല്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ ഐ സി സി പോലുള്ള സംവിധാനങ്ങളുടെ ആവശ്യകത, സുരക്ഷിത തൊഴിലിടങ്ങളുടെ പ്രാധാന്യം പോലുള്ളവ റിമ കല്ലിങ്കൽ പങ്കുവച്ചിരുന്നത് ഓർക്കുന്നുണ്ടോ?. റിമയുടെ ആ സംഭാഷണത്തേക്കാൾ അന്നവർ അണിഞ്ഞ ഷോർട്സ് കൊളുത്തിവിട്ട വിവാദമായിരിക്കും ഞാനും നിങ്ങളും അടങ്ങുന്ന ഭൂരിഭാഗം മലയാളികളും ഓർത്തിരിക്കുക.
തന്റെ പക്ഷത്ത് ശരിയുണ്ടെന്ന ഉത്തമബോധ്യത്തിൽ അല്പം ശബ്ദമുയർത്തി കൃത്യമായ വാദമുഖങ്ങൾ നിരത്തി സംസാരിക്കുന്ന സ്ത്രീകൾ അന്നും ഇന്നും വലിയ തോതിൽ കോർണർ ചെയ്യപ്പെടാറുണ്ട്. അവർ അണിയുന്ന വസ്ത്രം, കഴിക്കുന്ന ആഹാരം, സ്വകാര്യജീവിതം, ഏർപ്പെടുന്ന ബന്ധങ്ങൾ എന്നിവയൊക്കെ വലിയ തോതിലുള്ള ഒളിഞ്ഞു നോട്ടങ്ങൾക്കും പൊളിച്ചു കീറലുകൾക്കും വിധേയമാക്കപ്പെടും. വ്യക്തിജീവിതത്തിന്റെയോ കരിയറിന്റെയോ ഏതെങ്കിലും പടവുകളിൽ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഈ പെണ്ണുങ്ങൾക്ക് സംഭവിക്കുന്ന വീഴ്ചകൾ വലിയ തോതിൽ ആഘോഷിക്കപ്പെടും.
അഭിനേതാവ് എന്ന പ്രൊഫഷൻ സമ്മാനിച്ച വിസിബിലിറ്റി ഉപയോഗിച്ച് സമൂഹത്തിലെ അഴുക്കുകൾ തുടച്ചുനീക്കാൻ, പാട്രിയാർക്കിയുടെ അടിക്കാടുകൾ വെട്ടുനീക്കാൻ ശ്രമിക്കുന്ന റിമയും പാർവതിയും തുടങ്ങിയ സ്ത്രീകൾക്ക് മലയാളി സമൂഹം കുറച്ചുകൂടി പിന്തുണ നൽകേണ്ടതുണ്ട് എന്നതിൽ സംശയമില്ല. നമ്മുടെയൊക്കെ വീടുകളിൽ വളർന്നുവരുന്ന പെൺകുഞ്ഞുങ്ങൾക്ക് കൂടി വേണ്ടിയാണ് അവർ സംസാരിക്കുന്നത്. അല്ലാത്തപക്ഷം പതിറ്റാണ്ടുകൾക്കപ്പുറം മലയാളത്തിന്റെ, കേരളത്തിന്റെ ചരിത്രമെഴുതുന്ന ഭാവി തലമുറക്ക് ഇവരോടൊക്കെ വലിയ തോതിൽ മാപ്പിരക്കേണ്ടതായി വരും.
ഇനി, ഞാനെന്തിനാണ് ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത റിമ കല്ലിങ്കലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇതൊക്കെ എഴുതുന്നത് എന്നാണെങ്കിൽ...
ജീവിതത്തിന്റെ സിംഹഭാഗവും കുട്ടനാട്ടിലെ കാവാലം പോലെ ധാരാളം പുഴമീൻ കിട്ടുന്ന ഒരു പ്രദേശത്ത് ജീവിച്ചുതീർത്ത എന്റെ അമ്മ, ഒരു മീനിന്റെ നടുക്കഷണം ആദ്യമായി തിന്നുന്നത് റിമയുടെ 'മീൻപൊരി’ സംഭാഷണം കേട്ടശേഷമാണ് എന്നതാണ് ഞാനും അവരും തമ്മിലുള്ള ബന്ധം.