കേസരി ബാലകൃഷ്ണപിള്ള സ്ത്രീകൾക്കു ഫലിതരസം കുറഞ്ഞിരിക്കുന്നതെന്തുകൊണ്ടെന്ന് ഒരു ലേഖനത്തിൽ കണ്ടെത്തുന്നുണ്ട്.
ലോക സാഹിത്യം മുഴുവൻ വായിച്ചു കൊണ്ടിരിക്കെ കേസരി ഒരു തവണയെങ്കിലും വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ വീട്ടിലെയോ നാട്ടിലെയോ പെണ്ണുങ്ങളെ നോക്കാനും കേൾക്കാനും കൗതുകപ്പെടാനും വിസ്മയിക്കാനും ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.
ജപ്പാനിലെ കൊട്ടാര ദാസിയായിരുന്ന സീ ഷൊണാഗൺ ന്റെ Pillow book (തലയിണ പുസ്തകം) മാത്രം വായിച്ചാൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.
ആയിരത്തൊന്നു രാവുകൾ വായിച്ചാൽ, പെണ്ണുങ്ങൾ പറയുന്ന കുറെ കെട്ടുകഥകൾ, പരദൂഷണങ്ങൾ, അവരുടെ ചില വർണ്ണനകൾ അവരുപയോഗിക്കുന്ന ചില മെറ്റഫറുകൾ കേട്ടാൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.
ബർട്രന്റ് റസ്സൽ ചെയ്തിരുന്നതു പോലെ ബുദ്ധിയുള്ള പെണ്ണുങ്ങളെ സംസാരിക്കാനനുവദിച്ചിട്ട് വെറുതെ കേൾവിക്കാരനായി ഇരിക്കാൻ തയ്യാറായിരുന്നെങ്കിലും ഇങ്ങനെയൊന്നും എഴുതുമായിരുന്നില്ല.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇങ്ങനെ ചുരുക്കി പറയാം.
സ്ത്രീകൾക്ക് യാഥാസ്ഥിതികത്വം കൂടിയിരിക്കുന്നു.
സാമാന്യീകരണത്തിനുള്ള ശക്തി പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കുറവാണ്.
ഓരോ കാര്യത്തിലും അടങ്ങിയിരിക്കുന്ന തത്വം ഗ്രഹിക്കാൻ അവർക്കു പ്രയാസമാണ്.
പുരുഷന്മാരോടു തുല്യമായ നിരൂപണ ശക്തിയില്ല
സ്ത്രീകളുടെ മാനസിക വളർച്ച, പുരുഷന്മാരേക്കാൾ വേഗത്തിൽ സംഭവിച്ചിട്ട് എളുപ്പത്തിൽ നിലച്ചു പോകുന്നതാണ്.
25 വയസ്സുകഴിഞ്ഞാൽ സ്ത്രീക്ക് കൂടുതലായി ഒന്നും കൂടുതലായി പഠിക്കുവാൻ കഴിയില്ല.
സ്ത്രീകൾക്ക് പ്രവൃത്തിപരത കുറവാണ്
8. സംഗതികളിൽ നിന്ന് വേർതിരിഞ്ഞു നിന്നുകൊണ്ട് അവയെ വീക്ഷിക്കുവാൻ സ്ത്രീകൾക്ക് സാധിക്കാറില്ല.
ആഡംബര പ്രിയരായതു കൊണ്ട് അവർക്ക് സരളത കുറയും. സരളത കുറഞ്ഞാൽ ഹാസ്യം വരില്ല.
സ്ത്രീകൾക്ക് പ്രസാദാത്മകത്വം കൂടുതലും വിഷാദാത്മകത്വം വളരെ കുറവുമാണ്. ഇതുകാരണം അവർക്ക് ഫലിതം വരില്ല.
കേസരി സാഹിത്യ ലോകത്തിനാരായിരുന്നാലും ശരി, ആ പാവം മനുഷ്യന്റെ ജീവിതനഷ്ടങ്ങളിൽ എനിക്കഗാധമായ വേദനയും നിരാശയുമുണ്ട്.