എസ്​. ശാരദക്കുട്ടി

ജെൻഡർ പൊളിറ്റിക്​സ്​ ഇനിയും
​തിരിച്ചറിയാത്ത ‘ആൺവീര’ന്മാരോട്​

ഡ്രസ് ന്യൂട്രലാവുക എന്നാൽ അത് പാന്റോ പാവാടയോ ആവുക എന്നല്ല അർഥം. ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും സ്വന്തം ജെൻഡർ ഐഡൻറിഫൈ ചെയ്തവർക്കും ചെയ്യാത്തവർക്കും ഒക്കെ സ്വീകാര്യമാകുമ്പോഴാണ് ഡ്രസ് ന്യൂട്രലാവുക.

കേരളത്തിൽ ജെൻഡർ പൊളിറ്റിക്​സ്​ സജീവമായി ചർച്ച ചെയ്തുതുടങ്ങിയിട്ട് ഇത്ര കാലമായിട്ടും നമ്മുടെ രാഷ്ട്രീയനേതൃനിരയിൽ നിൽക്കുന്ന ‘ആൺവീര'ന്മാരിൽ പലരും അപരിഷ്‌കൃതരെപ്പോലെ സംസാരിക്കുന്നതു കേൾക്കുമ്പോൾ, വിദ്യാഭ്യാസമില്ലായ്മയേക്കാൾ പ്രശ്‌നം തെറ്റായ വിദ്യാഭ്യാസമാണ് എന്ന് പറയേണ്ടിവരുന്നു.

ഇനി എന്നാണിവർ വ്യക്തതയോടെ രാഷ്​ട്രീയം പറഞ്ഞുതുടങ്ങുക? ഇനി എന്നാണിവർ ന്യൂനപക്ഷങ്ങൾക്കുവേണ്ടി, അപരവത്കരിക്കപ്പെടുന്നവർക്കുവേണ്ടി, ക്വിയർ മനുഷ്യർക്കുവേണ്ടിയൊക്കെ ഗൗരവമായി സംസാരിച്ചുതുടങ്ങുക? ഇനി എന്നാണവർ ‘ആണും പെണ്ണും കെട്ടവർ’ എന്നത് ഒരധിക്ഷേപവാക്കുപോലെ ഉച്ചരിക്കുന്നത് അവസാനിപ്പിക്കുക? അപ്പോൾ അവർ അധിക്ഷേപിക്കുന്നത് അവരവരെത്തന്നെയാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങുക? ഇനി എന്നാകും അവർ ജെൻഡറും സെക്ഷ്വാലിറ്റിയും ഒക്കെ മാന്യമായി അഡ്രസ് ചെയ്തുതുടങ്ങുക?

ഡോ. എം.കെ. മുനീറിനെ പോലെയുള്ളവർ കുറച്ചുകൂടി സയൻറിഫിക്കായി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചവർക്കുതെറ്റി. പഴയകാല ബയോളജി പുസ്തകങ്ങൾ പഠിപ്പിച്ചതിനപ്പുറമൊന്നും മെഡിക്കൽ വിദ്യാഭ്യാസം കൊണ്ടും ദീർഘകാല പൊതുപ്രവർത്തനം കൊണ്ടുപോലും ആർജിക്കാനാകുന്നില്ലെങ്കിൽ അത് നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ തകരാറുതന്നെയാണ്.

ജെൻഡർ സെൻസിബിലിറ്റിയെക്കുറിച്ച് അടിസ്ഥാനബോധ്യം പോലുമില്ലാത്തതുകൊണ്ടാണ് നിയമസഭക്കുള്ളിൽനിന്നും പുറത്തുനിന്നും ഇവരിൽനിന്ന് ഇങ്ങനെ ആൺപുളപ്പുഭാഷകൾ നിരന്തരം കേൾക്കേണ്ടിവരുന്നത്. ആൺഫാന്റസികളെ തൃപ്തിപ്പെടുത്തി കൈയടി നേടാനുള്ള ശ്രമങ്ങൾ നമ്മുടെ രാഷ്ട്രീയപ്രവർത്തകരിൽ നിന്ന് തുടരെത്തുടരെയുണ്ടാകുന്നു. ഡോ. എം.കെ. മുനീറിനെ പോലെയുള്ളവർ കുറച്ചുകൂടി സയൻറിഫിക്കായി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. പഴയകാല ബയോളജി പുസ്തകങ്ങൾ പഠിപ്പിച്ചതിനപ്പുറമൊന്നും മെഡിക്കൽ വിദ്യാഭ്യാസം കൊണ്ടും ദീർഘകാല പൊതുപ്രവർത്തനം കൊണ്ടുപോലും ആർജിക്കാനാകുന്നില്ലെങ്കിൽ അത് നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ തകരാറുതന്നെയാണ്. ഇന്നും ആൺ- പെൺ എന്നാൽ പരസ്പരാകർഷണമുണ്ടാക്കാനുള്ള രണ്ട് ലിംഗശരീരങ്ങൾ മാത്രമായി പലരുടെയും തലയിൽ ഉറച്ചിരിക്കുക തന്നെ ചെയ്യുന്നു. മതങ്ങളേതിലും വലുതും ആദിമമായതും ആണത്തമതം തന്നെ എന്നിവരുടെ നാവുകൾ കൊണ്ട് ഉറപ്പിച്ചുകൊണ്ടേയിരിക്കും.
ബാക്കി മതങ്ങളെല്ലാം അതിന്റെ അവാന്തരഭേദങ്ങൾ മാത്രമാണ് എന്നവർ തെളിയിച്ചുകൊണ്ടേയിരിക്കും.

ഇന്നും ആൺ- പെൺ എന്നാൽ പരസ്പരാകർഷണമുണ്ടാക്കാനുള്ള രണ്ടു ലിംഗശരീരങ്ങൾ മാത്രമായി പലരുടെയും തലയിൽ ഉറച്ചിരിക്കുക തന്നെ ചെയ്യുന്നു. photo/ alibaba.com

നിലനിൽക്കുന്ന മതബോധം തന്നെ അങ്ങേയറ്റം അപകടകരമാണെന്നിരിക്കെ കൂടുതൽ വികലവും മനുഷ്യവിരുദ്ധവുമായ മതബോധം ജനങ്ങളിലേക്ക് പകരരുതെന്ന് കേരളത്തിന് ഏറെ ആദരണീയനായ സി.എച്ച്. മുഹമ്മദ് കോയയുടെ മകനെ ഓർമിപ്പിക്കേണ്ടിവരുന്നത് വല്ലാത്ത ഗതികേടുതന്നെയാണ്. ലൈംഗികവിദ്യാഭ്യാസം ആരംഭിക്കണമെന്നു പറയുമ്പോൾ സ്‌കൂളുകളിൽ ഡേ കെയർ കൂടി തുടങ്ങേണ്ടിവരുമെന്നുപറയുന്ന സൈബർ ഗുണ്ടകളുടെ ഭാഷയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ചു പറയുമ്പോഴുള്ള ഡോ. മുനീറിന്റെ പിണറായി - കമല പരാമർശവും അതുകേട്ട് കൈയടിച്ച ജനങ്ങളുടെ ആഹ്ലാദാട്ടഹാസവും. ഇത് ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ജെൻഡർ ന്യൂട്രൽ ടോയ്​ലറ്റുകളിൽ ഗർഭധാരണസാധ്യത കൂടുതലാണെന്നുവരെ കൈയടികളിൽ ഭ്രമിക്കുന്ന നേതാക്കളിൽനിന്ന് കേൾക്കേണ്ടിവരും. ടോയ്‌ലറ്റ് സാഹിത്യത്തോളം അധഃപതിക്കരുത് പൊതുപ്രവർത്തകരുടെ പ്രഭാഷണകല. വിമാനത്തിലും തീവണ്ടിയിലും വീടുകളിലും ഒക്കെ ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റുകളാണ് നിലവിലുള്ളതെന്നൊക്കെ നമ്മേക്കാൾ ലോകപരിചയമുള്ളവരെ ഓർമിപ്പിക്കേണ്ടിവരുന്നുവെന്നതാണ് പരിതാപകരം.

ലൈംഗികവിദ്യാഭ്യാസം ആരംഭിക്കണമെന്നു പറയുമ്പോൾ സ്‌കൂളുകളിൽ ഡേ കെയർ കൂടി തുടങ്ങേണ്ടിവരുമെന്നുപറയുന്ന സൈബർ ഗുണ്ടകളുടെ ഭാഷയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ചു പറയുമ്പോഴുള്ള ഡോ. മുനീറിന്റെ പിണറായി - കമല പരാമർശവും അതുകേട്ട് കൈയടിച്ച ജനങ്ങളുടെ ആഹ്ലാദാട്ടഹാസവും. ഇത് ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

നിയമസഭ സ്പീക്കർ എം.ബി. രാജേഷ് നിയമസഭയിൽ നൽകിയ റുളിങ്ങിന് തൊട്ടുപിന്നാലെയാണ് ലിംഗസമത്വമെന്ന ആശയത്തെ പരിഹസിച്ചും അധിക്ഷേപിച്ചുകൊണ്ടുമുള്ള മുനീറിന്റെ പരാമർശങ്ങളുണ്ടായത് എന്നത് ഏറെ ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. ലിംഗസമത്വത്തെ അംഗീകരിക്കാൻ ഇദ്ദേഹം മടിക്കുന്നത് അജ്ഞത കൊണ്ടാണെന്ന് കരുതാനാനെനിക്ക് ഇപ്പോഴും കഴിയുന്നില്ല. സമൂഹം ഡോക്ടർമാരിൽ അർപ്പിക്കുന്ന വിശ്വാസത്തെ ചോദ്യംചെയ്യുന്നതുപോലെയാകും അത്. മെഡിക്കൽ വിദ്യാഭ്യാസവും പഴയകാല ഹൈസ്‌കൂൾ ബയോളജി പുസ്തകത്തിനപ്പുറത്തേക്ക് കടന്നുചിന്തിക്കുന്നില്ല എന്നുകരുതാൻ എന്റെ യുക്തിബോധം അനുവദിക്കുന്നില്ല.
ലിംഗസമത്വമെന്ന ആശയത്തിനെതിരായി സംസാരിക്കുന്ന പലരും മുനീർ പറഞ്ഞതിലെന്താ തെറ്റ്, കമലാ വിജയന് പാന്റിടാമെങ്കിൽ പിണറായി വിജയന് സാരിയുടുത്താലെന്താ എന്നാവർത്തിക്കുന്നത് കേട്ടപ്പോൾ ആശങ്ക തോന്നി. നേതാക്കളുടെ ഭാഷാപ്രയോഗങ്ങളുടെ വ്യാപനശേഷി വലിയ വലിയ സാമൂഹിക പരിവർത്തനങ്ങൾക്ക് വഴിതുറന്നിട്ടുള്ള നാടാണിത്. എന്നാൽ ഇന്നു നടക്കുന്നത് ഒരുതരത്തിൽ ബോധപൂർവമായ ആക്രമണമാണ്. വളരെ സ്വാഭാവികമായിത്തന്നെ പരിഗണിക്കേണ്ട ലിംഗസമത്വമെന്ന ആശയത്തെപോലും അസ്വാഭാവികവും അസാധ്യവുമെന്ന മട്ടിൽ പെരുപ്പിച്ച് ജനങ്ങൾക്കിടയിൽ അജ്ഞത വളർത്തുന്നതിനെ അംഗീകരിക്കാനാവില്ല.

ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനാമൂല്യങ്ങളെയും തള്ളിക്കളയുക എന്നാണർഥമെന്ന സ്പീക്കറുടെ അസന്ദിഗ്ധമായ പ്രസ്താവന ഇവരെ ഒന്നും സ്പർശിച്ചിട്ടുപോലുമില്ല.

റിയാസ് സലിം

ഇനിയും തലയിൽ വെട്ടം വീഴാത്തവർ കേട്ടു മനസ്സിലാക്കാനായി ഞാൻ ഒരു വീഡിയോ സജസ്റ്റ് ചെയ്യുകയാണ്. റിയാസ് സലിം എന്ന ചെറുപ്പക്കാരൻ LGBTQIA+ നെ കുറിച്ച് സംസാരിക്കുന്ന ആ വീഡിയോക്ക് നിങ്ങളെ കൃത്യമായി പലതും പഠിപ്പിക്കാനാകും. റിയാസ് സലിം വെറും ഒരു ബിഗ്​ ബോസ്​ കാൻഡിഡേറ്റ്​ മാത്രമല്ല. തനിക്കു കിട്ടിയ പ്ലാറ്റ്​ഫോമിലൂടെ എങ്ങനെ സമൂഹത്തിലേക്ക് നൂതനാശയങ്ങൾ സംവേദനം ചെയ്യാമെന്ന് തെളിയിച്ച വ്യക്തിയാണ്. പലതരം സെക്ഷ്വാലിറ്റീസ്​ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും അതെല്ലാമേതാണെന്നും എന്തുകൊണ്ടാണെന്നുമൊക്കെ ആ ഇരുപത്തിയഞ്ചുകാരൻ വ്യക്തമായി പറയുന്നത് ഡോക്ടറായ മുനീർ ഉൾപ്പെടെയുള്ളവർ ഒന്നു കേൾക്കണം. നിങ്ങളെ മികച്ച രീതിയിൽ പൊളിറ്റിക്കലാകാൻ ഈ സംഭാഷണം സഹായിക്കാതിരിക്കില്ല. കുറഞ്ഞപക്ഷം, സാരിയുടുക്കുന്നതല്ല പെണ്ണത്തമെന്നും പാന്റിടുന്നതും മീശവെക്കുന്നതും ഒച്ചയിടുന്നതും ആർപ്പുവിളിക്കുന്നതുമല്ല ആണത്തമെന്നും എങ്കിലും മനസ്സിലാക്കിയിരിക്കണം. താനിടപെടുന്ന ചെറിയ ഇടങ്ങളിൽ നിന്നുകൊണ്ട്, തനിക്കു കിട്ടുന്ന ചെറിയ സമയത്തിനുള്ളിൽ വാക്കുകളെ കൃത്യമായുപയോഗിച്ച് പുറംലോകത്തെ വലുതായി മാറ്റാൻ കഴിയുന്ന ചെറുപ്പക്കാരുണ്ട്. അവരിൽനിന്ന് നമ്മുടെ രാഷ്ട്രീയക്കാർ വിദ്യാഭ്യാസമാർജിക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് നിങ്ങൾ റിയാസ് സലിമിനെ പോലുള്ളവരെ കേൾക്കണമെന്നു പറയുന്നത്.

സമൂഹത്തിൽ പലതരം ലൈംഗികതകളും പലതരം വ്യക്തിത്വങ്ങളും ഉണ്ടെന്നറിയുന്ന ചെറുപ്പക്കാർ ഏറിവരുന്ന ഒരു കാലത്തോടാണ്, തലമുറയോടാണ് താൻ സംസാരിക്കുന്നത് എന്നുപോലും ചിന്തിക്കാത്ത ഡോ. എം.കെ മുനീർ, താങ്കൾ അത്യാവശ്യമായും കേട്ടിരിക്കണം റിയാസ് സലിം പറഞ്ഞ വാക്കുകൾ. കേരളം മുഴുവൻ ഈയൊരഭിമുഖം കാണട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. തലക്കു വെളിവും വെളിച്ചവും അഴകുമുള്ള ഒരാളെ കേട്ടിരിക്കുക, കണ്ടിരിക്കുക.

ജൻഡർ ന്യൂട്രൽ വസ്ത്രമെന്നാൽ cross dressing അല്ല. ന്യൂട്രലെന്നാൽ അത് ന്യൂട്രലായിരിക്കണം. Photo/H&M

വലിയ വായനയുള്ള, ധാരാളം വായിക്കുന്ന നല്ല സുഹൃത്തുക്കളും ഉപദേശകരും പ്രചാരകരും ഉള്ള നേതാവാണ് ഡോ. മുനീർ. സാംസ്‌കാരികസമൃദ്ധമായ ഒരു രാഷ്ട്രീയപൈതൃകമുള്ളയാൾ. വൈദ്യശാസ്ത്ര ബിരുദധാരി. അദ്ദേഹത്തിൽ അറിവില്ലായ്മ ആരോപിക്കുവാൻ അത്ര എളുപ്പമല്ല. ജെൻഡർ ന്യൂട്രാലിറ്റി എന്നൊന്നും അദ്ദേഹത്തെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതുമില്ല. ആ വാക്കിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ അർഥവ്യാപ്തി മറ്റൊരുതരത്തിൽ ചുരുക്കിക്കൊണ്ട് മതപരമായ ഒരിടുക്കിലേക്ക് തന്നെ വിശ്വസിക്കുന്ന ജനതയെ നയിക്കുവാൻ അദ്ദേഹം തന്റെ പൊതുജനസമ്മതിയും വാക് സാമർഥ്യവും അപകടകരമായി ഉപയോഗിക്കുകയാണ്.

രാഷ്ട്രീയനേതാക്കൾ വലിയ പൊതുപ്രവർത്തനപരിചയവും സമൂഹത്തിലെ നാനാ വിതാനങ്ങളിൽപെട്ടവരുമായുള്ള വലിയ സൗഹൃദസമ്പത്തും വാക്ചാതുരിയും ആൾക്കൂട്ടങ്ങളെ ആകർഷിക്കുവാൻ ശേഷിയുമുള്ളവരാണ്. ഈ സിദ്ധികളെ കുത്സിതബുദ്ധിയോടെ ബോധപൂർവം വിഭാഗീയത സൃഷ്ടിക്കാനായി തങ്ങളുടെ വലുതായ ജനസ്വാധീനത്തെ അവർ ഉപയോഗിക്കുന്നതിനെക്കുറിച്ച് നമ്മൾ ശ്രദ്ധാലുക്കളായിരിക്കണം. തങ്ങൾക്കുള്ള ജനപിന്തുണയെ അവർ ഗുരുതരമായി ഭയക്കുകയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവരെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് ഇന്ന് നമ്മെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കർത്തവ്യമാണ്. ഉപയോഗിക്കുന്ന വാക്കുകളുടെമേൽ ഉണ്ടായിരിക്കേണ്ട ജാഗ്രതയാണ് പൊതുപ്രവർത്തകരുടെ ഏറ്റവും മികവുള്ള ഗുണമേന്മയായി ഞാൻ കരുതുന്നത്. അല്ലാതെ അഴകിലും ആരോഗ്യത്തിലും ജനസമ്മതിയിലും കിടന്നുപുളയ്ക്കലല്ല..

പുതുതായി അധികാരമേറ്റ ഫിൻലാൻഡ് പ്രധാനമന്ത്രി സാന്നാ മാറിനെ കുറിച്ച് ഈയടുത്ത ദിവസം വായിക്കാനിടയായി. മൂന്നാമത്തെ തവണയും ഒരു പെണ്ണ് അവരുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി സാന്നാ മാറിനോട് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങൾ മാറാൻ പോവുകയാണ്, എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി ഇതാണ്: ‘ഞാൻ ഇതുവരെ എന്റെ ജെൻഡറിനെക്കുറിച്ചോ പ്രായത്തെക്കുറിച്ചോ ചിന്തിച്ചിട്ടുപോലുമില്ല'. അവരുടെ വിദ്യാഭ്യാസത്തിലൂടെ അവരാർജിച്ച വിവേകമാണ് അവരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

ഫിൻലാൻഡ് പ്രധാനമന്ത്രി സാന്നാമാറിൻ

സ്വൈര്യജീവിതം സാധ്യമാകുന്ന ഒരു തുല്യസങ്കൽപത്തിലേക്കെത്താൻ നമ്മുടെ വിദ്യാഭ്യാസപദ്ധതി മാറിയേ കഴിയൂ. നമ്മുടെ മതബോധവും രാഷ്ട്രീയബോധവും അടിമുടി പൊളിച്ചെഴുതിയേ കഴിയൂ. അതിന് നമ്മുടെ ജ്ഞാനവൃദ്ധർ അവരുടെ വ്യാജബോധ്യങ്ങൾ ഉപേക്ഷിച്ച് ചെറുപ്പക്കാരെ വിശ്വസിക്കാനും കേൾക്കാനും തയ്യാറാവുക. അവർ തീരുമാനിക്കട്ടെ അടുത്ത തലമുറയ്ക്ക് എന്തുതരം വിദ്യാഭ്യാസമാണ് ലഭ്യമാകേണ്ടതെന്ന്, ഏതുതരം വസ്ത്രമാണ് വേണ്ടത് എന്നെല്ലാം. അവരുടെ മോഡൽ അവർ തീരുമാനിക്കട്ടെ.

ഡ്രസ് ന്യൂട്രലാവുക എന്നാൽ അത് പാന്റോ പാവാടയോ ആവുക എന്നല്ല അർഥം. ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും സ്വന്തം ജെൻഡർ ഐഡൻറിഫൈ ചെയ്തവർക്കും ചെയ്യാത്തവർക്കും ഒക്കെ സ്വീകാര്യമാകുമ്പോഴാണ് ഡ്രസ് ന്യൂട്രലാവുക. വ്യക്തിയുടെ ജെൻഡറും വസ്ത്രവും ജെൻഡർ ഐഡന്റിറ്റിയും തികച്ചും വേറിട്ട തലങ്ങളിൽ നിൽക്കുന്ന സംഗതികളാണ്

പിണറായിയോ കമലയോ അവർക്കു വേണ്ടത് ധരിക്കട്ടെ. സാരിയും ചുരിദാറുമൊക്കെ സൗകര്യപ്രദമെന്നു തോന്നിയാൽ മുനീറിനും ധരിക്കാം. ജെൻഡർ ന്യൂട്രൽ വസ്ത്രമെന്നാൽ cross dressing അല്ല. ന്യൂട്രലെന്നാൽ അത് ന്യൂട്രലായിരിക്കണം. അത് സാരിയോ പാന്റോ ആണെന്ന് സ്‌കൂളോ ഭരണകൂടമോ എങ്ങനെ തീരുമാനിക്കും? ഒരാളുടെ വസ്ത്രം കണ്ട് അയാൾ ഏതു ജെൻഡറാണെന്നോ ഒരാളുടെ ജെൻഡർ നിർവചിച്ച് അയാൾ ഏതു വസ്ത്രം ധരിക്കണമെന്നോ നിർദേശിക്കാൻ ആർക്കും അവകാശമില്ല. ഡ്രസ് ന്യൂട്രലാവുക എന്നാൽ അത് പാന്റോ പാവാടയോ ആവുക എന്നല്ല അർഥം. ആണിനും പെണ്ണിനും ട്രാൻസ്ജെൻഡറിനും സ്വന്തം ജെൻഡർ ഐഡൻറിഫൈ ചെയ്തവർക്കും ചെയ്യാത്തവർക്കും ഒക്കെ സ്വീകാര്യമാകുമ്പോഴാണ് ഡ്രസ് ന്യൂട്രലാവുക. വ്യക്തിയുടെ ജെൻഡറും വസ്ത്രവും ജെൻഡർ ഐഡന്റിറ്റിയും തികച്ചും വേറിട്ട തലങ്ങളിൽ നിൽക്കുന്ന സംഗതികളാണ്. അവയെ തമ്മിൽ കൂട്ടിയിണക്കാനോ കൂട്ടിക്കുഴക്കാനോ ആർക്കും അവകാശമില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments