ശാരദക്കുട്ടിയുടെ ആരാധനാപുരുഷന്മാർ

‘‘മാധ്യമപ്രവർത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളിൽ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങൾ. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനർജിയും കണ്ടിട്ടില്ല.’’- ത​ന്റെ ജീവിതത്തിലെ ആരാധാനപുരുഷന്മാരിലൂടെ സഞ്ചരിക്കുകയാണ്​, എസ്​. ശാരദക്കുട്ടി. ട്രൂ കോപ്പി വെബ്​സീനിൽ അവർ ആ പുരുഷന്മാരെക്കുറിച്ച്​ എഴുതുന്നു.

Truecopy Webzine

‘‘മാധ്യമപ്രവർത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളിൽ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങൾ. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനർജിയും കണ്ടിട്ടില്ല. മിക്കവർക്കും ആരെ അഭിമുഖീകരിച്ചാലും ഒരേ മട്ടും ഭാവവും. നികേഷ് നോക്കുന്നത് അങ്ങനെയല്ല. എതിരെയിരിക്കുന്നത് ശ്വേത മേനോനായാലും കെ.ആർ.ഗൗരിയായാലും സി.കെ. ജാനുവായാലും കെ.എസ്. ചിത്രയായാലും കെ.പി.എ.സി ലളിതയായാലും നികേഷിന്റെ കണ്ണുകൾ സൗന്ദര്യവും സ്‌നേഹവും തിളക്കവും പ്രതിഫലിപ്പിക്കുന്നത് പ്രത്യേകമായ ഒരു നൈസർഗ്ഗികതയോടെയാണ്. നികേഷിന്റെ നോട്ടം മാത്രം കണ്ടാലറിയാം എതിർസീറ്റിൽ ഒരു സ്ത്രീയോ പുരുഷനോ എന്ന്.’’

ത​ന്റെ ജീവിതത്തിലെ ആരാധാനപുരുഷന്മാരിലൂടെ സഞ്ചരിക്കുകയാണ്​, എസ്​. ശാരദക്കുട്ടി: ‘‘ഞാനിങ്ങനെ എത്രയോ ഇഷ്ടങ്ങളിലൂടെ കടന്നുപോയി. അതിൽ ഏതൊക്കെയായിരുന്നു പ്രണയങ്ങൾ? ഏതൊക്കെയായിരുന്നു ആരാധനകൾ? ഏതൊക്കെയായിരുന്നു വെറും ഭ്രമങ്ങൾ? ഏതൊക്കെയായിരുന്നു സാധാരണ സൗഹൃദങ്ങൾ?’’, ട്രൂ കോപ്പി വെബ്​സീനിൽ അവർ ആ പുരുഷന്മാരെക്കുറിച്ച്​എഴുതുന്നു.

‘‘സ്‌നേഹത്തോടെ, അൽപം feminine ഭാവത്തിൽ ഇടപെടുന്നതുകൊണ്ട് അടുക്കാൻ ഭയം തോന്നിയിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവാണ് തോമസ് ഐസക്. പെണ്ണുങ്ങൾക്കിഷ്ടമാകുന്നവരോ പെണ്ണുങ്ങളെ മൃദുവായി സമീപിക്കുന്നവരോ womanizer ആയിരിക്കണമെന്നില്ല. അപൂർവ്വമായി മാത്രമേ പുരുഷന്മാരിൽ അത്തരം മൃദുലതകൾ കണ്ടെത്താൻ കഴിയൂ.’’

‘‘മാധവി നോക്കുമ്പോഴാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാകുന്നത് എന്നെനിക്കു തോന്നാറുണ്ട്. അവരുടെ ഏറ്റവും വശ്യമായ ആ നോട്ടത്തെ നേരിടുവാൻ തന്റെ‘യുള്ളി'ലെ ബാക്കി സൗന്ദര്യം കൂടി മമ്മൂട്ടിക്കു പുറത്തെടുക്കേണ്ടിവരുന്നു എന്നതുകൊണ്ടാണത്. ഓരോ നല്ല നോട്ടത്തിനും മുന്നിലല്ലാതെ ഒരു സൗന്ദര്യവും ഉണ്ടാകുന്നില്ല.’’

‘‘ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്. അടക്കമില്ലാത്ത ആ ആരാധനയുടെ പേരിൽ എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജന്മദിനങ്ങൾ ആരുടേതായാലും, എത്ര വേണ്ടപ്പെട്ടവരുടേതായാലും മറന്നുപോകുന്ന ഞാൻ ജനുവരി പത്ത് യേശുദാസിന്റെ ജന്മദിനമെന്നത് ഒരിക്കലും മറക്കുന്നില്ല. ഈ ദിവസം കൃത്യമായി ഓർത്തുവെച്ച് മനസ്സിൽ പ്രാർഥനകൾ ഉരുവിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രക്ക് ആ പാട്ടുകളിൽ നിന്ന് ജീവവായു സ്വീകരിച്ചിരുന്ന അനേകരിലൊരാൾ മാത്രം.’’

‘‘പൊളിറ്റിക്കലി കറക്ടാകാൻ നിർബ്ബന്ധിതയാകുന്നതൊക്കെ പിന്നീടാണല്ലോ. അപ്പോൾ നമുക്ക് എത്ര പ്രിയപ്പെട്ടതെങ്കിലും നമ്മുടെ വിഗ്രഹങ്ങളെ തള്ളിപ്പറയേണ്ടതായിവരും. അങ്ങനെ യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായ ഒട്ടേറെ സന്ദർഭങ്ങളുണ്ട്. എനിക്കേറ്റവുമിഷ്ടമുള്ള ശബ്ദവുമായി ഈ മനുഷ്യന് മിണ്ടാതിരുന്നു കൂടേ എന്ന് ശപിച്ചുപോവുക പോലും ചെയ്ത സന്ദർഭങ്ങൾ.’’

‘‘എന്നെങ്കിലും ജയചന്ദ്രനെ നേരിൽ കണ്ടാൽ, ആ മുഖത്തേക്കു നോക്കിയാൽ, ഗാനങ്ങളിലൂടെ എന്നെ ആവേശിച്ച ആ കാമുകശബ്ദത്തെ നോക്കി അഗാധവും അടുപ്പമേറിയതും രഹസ്യാത്മകവുമായി ഞാൻ സൂക്ഷിച്ച എന്റെ വികാരങ്ങൾ വെളിപ്പെടുത്തിക്കളയാമെന്നുറപ്പിച്ചു.’’

‘‘ശാന്തിനികേതനിൽ രബീന്ദ്രനാഥ ടാഗോറിന്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നിൽക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു പറഞ്ഞു, ‘ഈ നോട്ടം നേരിടണമെങ്കിൽ അസാധാരണമായ ആത്മശക്തി വേണം. എനിക്ക് താങ്ങാനാകുന്നില്ല ആ നോട്ടത്തിന്റെ തീക്ഷ്ണത'എന്ന്. അദ്ദേഹം പ്രണയിച്ചതും അദ്ദേഹത്തെ പ്രണയിച്ചതുമായ മുഴുവൻ സ്ത്രീകളുടെയും ചിത്രങ്ങൾ ആ മ്യൂസിയത്തിലുണ്ട്. അവരെ ഓരോരുത്തരെയായി ഞാനെതിർ നിർത്തിനോക്കി. ടാഗോറിന്റെ കണ്ണുകൾ അവരെയൊന്നുമായിരിക്കില്ല തേടിയത് എന്നെനിക്കു തോന്നി. എന്റെ കണ്ണുകൾ തീർച്ചയായും അത്തരമൊരു നോട്ടം ആഗ്രഹിക്കുന്നുണ്ട്.’’

ഉള്ളിന്റെയുള്ളിലെയുന്മാദങ്ങൾ
എസ്​. ശാരദക്കുട്ടി എഴുതിയ ലേഖനത്തിന്റെ
പൂർണരൂപം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 104


Summary: ‘‘മാധ്യമപ്രവർത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളിൽ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങൾ. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനർജിയും കണ്ടിട്ടില്ല.’’- ത​ന്റെ ജീവിതത്തിലെ ആരാധാനപുരുഷന്മാരിലൂടെ സഞ്ചരിക്കുകയാണ്​, എസ്​. ശാരദക്കുട്ടി. ട്രൂ കോപ്പി വെബ്​സീനിൽ അവർ ആ പുരുഷന്മാരെക്കുറിച്ച്​ എഴുതുന്നു.


Comments