പ്രണയമോ ആരാധനയോ എന്ന് പേരിട്ടു പറയാനാകാത്തത്ര അവ്യക്തവും സുന്ദരവും വാഗതീതവുമായ ഹൃദയബന്ധമായിരുന്നു പുഷ്‌കിനുമായി അന്ന അഖ്മതോവക്കുണ്ടായിരുന്നത്

ഉള്ളിന്റെയുള്ളിലെയുന്മാദങ്ങൾ

​ഞാനിങ്ങനെ എത്രയോ ഇഷ്ടങ്ങളിലൂടെ കടന്നുപോയി. അതിൽ ഏതൊക്കെയായിരുന്നു പ്രണയങ്ങൾ? ഏതൊക്കെയായിരുന്നു ആരാധനകൾ? ഏതൊക്കെയായിരുന്നു വെറും ഭ്രമങ്ങൾ? ഏതൊക്കെയായിരുന്നു സാധാരണ സൗഹൃദങ്ങൾ?

വിതയുടെയും സൗന്ദര്യത്തിന്റെയും വശ്യതയുടെയും അപകടകരമായ പുരുഷരൂപമായിരുന്ന പ്രശസ്ത റഷ്യൻകവി അലക്‌സാണ്ടർ ബ്ലോക്കിന് അന്ന ആഖ്മതോവയോടുണ്ടായിരുന്ന ആരാധന റഷ്യയിലെ കാൽപനികമനസ്സുകൾക്ക് ഏറെ പ്രിയപ്പെട്ട വിഷയമായിരുന്നു. തങ്ങളുടെ ഈ ഇഷ്ടകവികൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നതും അവരുടെ ആഹ്ലാദമായിരുന്നു. കൃത്യമായ തെളിവുകൾ ഒന്നുമില്ലാതെ തന്നെ ഈ കഥ അവർ പ്രചരിപ്പിച്ചു.

ഒരു ഞായറാഴ്ച താനെഴുതിയ പുസ്തകങ്ങളുടെ കോപ്പികൾ അന്ന ആഖ്മാതോവയ്ക്ക് നൽകാനായി ബ്ലോക്ക് ചെല്ലുന്നു. ആ കവിതകൾ സമർപ്പിച്ചിരിക്കുന്നതും അന്നയ്ക്ക് തന്നെയാണ്. തന്റെ ഒരു കവിതയിൽ അന്നയെ അസാധാരണ വശ്യതയുള്ള കാർമെൻ ആയി ബ്ലോക്ക് ചിത്രീകരിച്ചിട്ടുമുണ്ട്.

Beauty is terrible, they will tell Round your shoulders languidly! You will draw a Spanish shawl Put a red rose in your hair

അലക്‌സാണ്ടർ ബ്ലോക്ക്

തങ്ങളുടെ ഈ അവസാന കൂടിക്കാഴ്ചയെക്കുറിച്ച് അന്ന ‘എന്റെ അരനൂറ്റാണ്ട്' (my half century) എന്ന ഓർമപ്പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘‘അത് 1921 ലെ ഒരു വൈകുന്നേരമായിരുന്നു. ഈ കവിത എനിക്കായി സമർപ്പിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷെ ഒരിക്കൽ പോലും ഞാൻ സ്പാനിഷ് ഷാൾ പുതയ്ക്കുകയോ തലയിൽ റോസാപുഷ്പം ചൂടുകയോ ചെയ്യുമായിരുന്നില്ല. ബോൾഷോയ് നാടകസ്റ്റേജിന്റെ പിന്നിൽ വച്ച് എന്റെയടുത്ത് വന്ന് ഉന്മാദഭരിതമായ കണ്ണുകളോടെ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അയാൾ, ‘പക്ഷെ, നിങ്ങളുടെ സ്പാനിഷ് ഷാൾ എവിടെ' എന്നു ചോദിച്ചു. അവസാനമായി അദ്ദേഹം എന്നോട് ചോദിച്ചത് അതായിരുന്നു.''
1921ൽ തന്നെയാണ് ബ്ലോക്കിന്റെ അന്ത്യം സംഭവിക്കുന്നതും.

അയാളുടെ കണ്ണുകളിലേക്ക് നോക്കിനിൽക്കാനാവില്ല, അത്ര വശ്യതയായിരുന്നു അവയ്‌ക്കെന്ന്​ അന്ന ഓർമിക്കുന്നുണ്ട്. ബ്ലോക്കിന്റെ നേർക്കു​നീളുന്ന അന്നയുടെ സ്‌നേഹനിർഭരമായ ഹൃദയത്തെ ഏറെ ആശ്വാസത്തോടെയാണ് ബ്ലോക്കിന്റെ അമ്മയും കണ്ടിരുന്നത്.

ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്. അടക്കമില്ലാത്ത ആ ആരാധനയുടെ പേരിൽ എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

അന്ന തന്റെ ‘റോസറി' എന്ന കവിത ബ്ലോക്കിന് സമർപ്പിച്ചുകൊണ്ട്, ‘നിങ്ങളിൽ നിന്നാണ് ഞാൻ കവിതയുടെ വേദനയും കരവേലയും പഠിച്ചത്' എന്ന് രേഖപ്പെടുത്തി.

രണ്ടു കവികൾ തമ്മിലുള്ള സൗഹൃദമെന്ന് അന്ന ഈ ബന്ധത്തെ വിശേഷിപ്പിച്ചു. അന്നയും ബ്ലോക്കും തമ്മിലായിരുന്നില്ല പ്രണയിച്ചത്, ഒരു കാവ്യദേവത മറ്റൊരു കാവ്യദേവതയുമായി പ്രണയത്തിലാവുകയായിരുന്നു.

സെലിബ്രിറ്റികളോടുള്ള ആരാധന വിവരമില്ലായ്മയുടെ ലക്ഷണമായി പരിഹസിക്കപ്പെടാറുണ്ട്. ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്. അടക്കമില്ലാത്ത ആ ആരാധനയുടെ പേരിൽ എന്റെ സംഗീതാസ്വാദന നിലവാരം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജന്മദിനങ്ങൾ ആരുടേതായാലും, എത്ര വേണ്ടപ്പെട്ടവരുടേതായാലും മറന്നുപോകുന്ന ഞാൻ ജനുവരി പത്ത് യേശുദാസിന്റെ ജന്മദിനമെന്നത് ഒരിക്കലും മറക്കുന്നില്ല. ഈ ദിവസം കൃത്യമായി ഓർത്തുവെച്ച് മനസ്സിൽ പ്രാർഥനകൾ ഉരുവിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്രക്ക് ആ പാട്ടുകളിൽ നിന്ന് ജീവവായു സ്വീകരിച്ചിരുന്ന അനേകരിലൊരാൾ മാത്രം.

യേശുദാസ് പാടിയതൊക്കെ യേശുദാസിന്റെ ശബ്ദത്തിൽ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നു ഇന്നും. യേശുദാസ് പാടിയ പാട്ട് മറ്റൊരാൾ പാടി കേൾക്കുന്നതെന്തിന്, യേശുദാസ് പാടിയത് അവിടെത്തന്നെ ഉണ്ടെന്നിരിക്കെ എന്നൊരു വാശി എനിക്കിന്നുമുണ്ട്. യേശുദാസിനെ കുറ്റം പറയുന്നവരുടെ മുന്നിൽ നാഗവല്ലി ഡോ. സണ്ണിയോടെന്ന പോലെ മതിഭ്രമം ബാധിച്ച് തർക്കിച്ചിരുന്നു.

അന്ന ആഖ്മതോവ

എന്നെ തോൽപിക്കാൻ തർക്കിക്കുന്നവരുടെ മുന്നിൽ ഞാൻ അവസാനം ആ ബ്രഹ്മാസ്ത്രം തന്നെ എടുക്കുമായിരുന്നു. ആദരണീയനായ ദേവരാജൻ മാസ്റ്ററെ പോലൊരാളുടെ വാക്കുകൾ എന്റെ തുണക്കെത്തും, ‘ക്ലാസിക്കൽ രാഗങ്ങളുടെ സൂക്ഷ്മഛായകളെ സാധാരണ മാനുഷികവികാരങ്ങളുമായി ചേർത്തിണക്കി സാധാരണക്കാർക്കുപോലും ആസ്വാദ്യമാക്കി മാറ്റിയ യേശുദാസുള്ളതുകൊണ്ട് എനിക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ മറ്റൊരാളെക്കുറിച്ചാലോചിക്കേണ്ടതില്ല' എന്ന്.
ആഹാ, എനിക്ക് പിടിച്ചുനിൽക്കാൻ ആ റഫറൻസ് മാത്രം മതി.

ശാന്തിനികേതനിൽ രബീന്ദ്രനാഥ ടാഗോറിന്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നിൽക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു പറഞ്ഞു, ‘ഈ നോട്ടം നേരിടണമെങ്കിൽ അസാധാരണമായ ആത്മശക്തി വേണം

പൊളിറ്റിക്കലി കറക്ടാകാൻ നിർബ്ബന്ധിതയാകുന്നതൊക്കെ പിന്നീടാണല്ലോ. അപ്പോൾ നമുക്ക് എത്ര പ്രിയപ്പെട്ടതെങ്കിലും നമ്മുടെ വിഗ്രഹങ്ങളെ തള്ളിപ്പറയേണ്ടതായിവരും. അങ്ങനെ യേശുദാസെന്ന ഗായകനിലെ വ്യക്തിയുടെ നിലപാടുകളോട് വെറുപ്പുണ്ടായ ഒട്ടേറെ സന്ദർഭങ്ങളുണ്ട് . എനിക്കേറ്റവുമിഷ്ടമുള്ള ശബ്ദവുമായി ഈ മനുഷ്യന് മിണ്ടാതിരുന്നു കൂടേ എന്ന് ശപിച്ചുപോവുക പോലും ചെയ്ത സന്ദർഭങ്ങൾ.

വീണ്ടും ജനവരി പത്ത്​ വരും.
അന്ന് യേശുദാസിന്റെ പിറന്നാളാണ്.
എനിക്ക് കുറിപ്പെഴുതണം. ആശംസകൾ അർപ്പിക്കണം.
അപ്പോൾ ഞാനിങ്ങനെയൊക്കെയെഴുതി എന്നെത്തന്നെ സമാധാനിപ്പിക്കും: ‘‘പോകെപ്പോകെ പുകയെല്ലാം മായും. യേശുദാസ് അദ്ദേഹത്തിന്റെ പാട്ടും ശബ്ദവും മാത്രമായി അടയാളപ്പെടുന്ന ഒരു കാലം വരും. അവ മാത്രമേ അന്ന് നിലനിൽക്കൂ. ആ കാലത്ത് അദ്ദേഹം ഇന്നത്തേക്കാൾ തിളക്കത്തോടെ ഓർമിക്കപ്പെടട്ടെ. കാരണം, കഠിനമായ ജീവിത സന്ദർഭങ്ങളിലൊക്കെ എന്നെപ്പോലെ എത്രയധികം ആളുകളെ എന്നും ആശ്വസിപ്പിച്ചിരുന്ന ശബ്ദമായിരുന്നു യേശുദാസിന്റേത്.’’

എന്നിട്ട്, ഇന്നും കേട്ടാൽ ഏതൊക്കെയോ ഓർമകളിൽ കണ്ണു നിറയുന്ന, വികാരം കൊള്ളുന്ന, ഉന്മാദത്തിൽ പെട്ടുപോകുന്ന യേശുദാസിന്റെ ചില പ്രിയ ഗാനങ്ങൾ ഞാൻ തിരഞ്ഞെടുത്തു വെക്കും.

അനുരാഗലോല ഗാത്രി വരവായി നീലരാത്രി നിനവിൻ മരന്ദ ചഷകം നെഞ്ചിൽ പതഞ്ഞ രാത്രി

അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ...

സീമന്തിനീ നിൻ ചൊടികളിലാരുടെ പ്രേമമൃദുസ്‌മേരത്തിൻ സിന്ദൂരം...

ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ...

ചന്ദനലേപ സുഗന്ധം ചാർത്തിയതാരോ കാറ്റോ കാമിനിയോ

ഇനിയുമെത്രയെത്ര...

ഇന്നും കേട്ടാൽ ഏതൊക്കെയോ ഓർമകളിൽ കണ്ണു നിറയുന്ന, വികാരം കൊള്ളുന്ന, ഉന്മാദത്തിൽ പെട്ടുപോകുന്ന യേശുദാസിന്റെ ചില പ്രിയ ഗാനങ്ങൾ ഞാൻ തിരഞ്ഞെടുത്തു വെക്കും/ photo: wikipedia

അങ്ങനെ ഒരാളിലൊന്നും നിൽക്കുന്നതല്ല എന്റെ ആരാധനകൾ.
യേശുദാസിന്റെ ഗാനങ്ങൾ പ്രണയമധുരമായിരിക്കുമ്പോൾ തന്നെ യേശുദാസിന്റെ ചിന്തകൾക്ക് വാർധക്യം ബാധിച്ചു തുടങ്ങുകയും അദ്ദേഹം അസംബന്ധങ്ങൾ പറഞ്ഞു തുടങ്ങുകയും ചെയ്തതോടെയാണ് ഞാൻ ജയചന്ദ്രന്റെ യൗവന സുരഭിലമായ ആ ശബ്ദത്തെ കൂടുതലായി ആരാധിച്ചുതുടങ്ങുന്നത്. ജയചന്ദ്രൻ പാടിയ പണ്ടേയിഷ്ടമുള്ള ചില ഗാനങ്ങൾ മൂളിയാണ് യേശുദാസുണ്ടാക്കി വെച്ച ആ സ്തംഭനത്തെ ഞാൻ അതിജീവിച്ചത്.

ഒറ്റ നിമിഷം കൊണ്ട് ജയചന്ദ്രന്റെ ശബ്ദത്തിലൂടെ എനിക്കെന്റെ കൗമാരയൗവ്വനങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയുന്നു. ‘ഒരു ഗാനത്തിൻ മഴവിൽച്ചിറകിൽ പ്രിയസഖി നിന്നെയുയർത്താം ഞാൻ 'എന്നത് ഒരു തലമുറയിലെ കാമുകിമാരിൽ ജയചന്ദ്രന്റെ ശബ്ദം അബോധമായി നിക്ഷേപിച്ചു പോയ ഇന്ദ്രിയാനുഭവമാണ്. ഭാവങ്ങൾക്ക് ഭാഷയേക്കാൾ ശക്തി, ശബ്ദശുദ്ധിയേക്കാൾ മികച്ച ഭാവപൂർണ്ണിമ... ഞാൻ പ്രണയത്തിന്റെ കൂട് പുതുക്കിപ്പണിതു.

സ്‌നേഹത്തോടെ, അൽപം feminine ഭാവത്തിൽ ഇടപെടുന്നതുകൊണ്ട് അടുക്കാൻ ഭയം തോന്നിയിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവാണ് തോമസ് ഐസക്. പെണ്ണുങ്ങൾക്കിഷ്ടമാകുന്നവരോ പെണ്ണുങ്ങളെ മൃദുവായി സമീപിക്കുന്നവരോ womanizer ആയിരിക്കണമെന്നില്ല.

എന്നെങ്കിലും ജയചന്ദ്രനെ നേരിൽ കണ്ടാൽ, ആ മുഖത്തേക്കു നോക്കിയാൽ, ഗാനങ്ങളിലൂടെ എന്നെ ആവേശിച്ച ആ കാമുകശബ്ദത്തെ നോക്കി അഗാധവും അടുപ്പമേറിയതും രഹസ്യാത്മകവുമായി ഞാൻ സൂക്ഷിച്ച എന്റെ വികാരങ്ങൾ വെളിപ്പെടുത്തിക്കളയാമെന്നുറപ്പിച്ചു.

‘നിൻ മലർമിഴിയുമായ് സുന്ദരിയങ്ങനെ ഞാനിണങ്ങുമല്ലോ' എന്നും ‘ആരു ആരു നീ ദേവതേ ' എന്നും ആ മുഖത്തുനിന്നുതന്നെ ഒരിക്കലെങ്കിലും കേൾക്കാനാഗ്രഹിച്ചു. ‘ഇന്നുമെന്റെ ചിന്തകളെ ആരുണർത്തുന്നു' എന്ന ചോദ്യത്തിന് ഉത്തരമായല്ലേ വിരഹിയായ ഈ കാമുകശബ്ദം ‘ഹർഷ ബാഷ്പം തൂകീ' എന്ന ഗാനം എല്ലാക്കാലത്തേക്കുമായി പാടിത്തന്നത്. പ്രണയത്തിനു ചേക്കേറാൻ ഈ ശബ്ദം പോലെ നല്ലൊരു ചില്ല വേറെയേതുണ്ട് എന്ന് ഞാനിരുന്നു കുറുകുന്നു.

പുഷ്‌കിന്റെ കവിതയോട് അന്ന അഖ്മതോവക്കുണ്ടായിരുന്നത്ര അഗാധമായ വൈകാരികബന്ധമാണ് എനിക്ക് ഈ ഗായകർ പാടിവെച്ച ഗാനങ്ങളോടുള്ളത്.
പ്രണയമോ ആരാധനയോ എന്ന് പേരിട്ടു പറയാനാകാത്തത്ര അവ്യക്തവും സുന്ദരവും വാഗതീതവുമായ ഹൃദയബന്ധമായിരുന്നു പുഷ്‌കിനുമായി അന്ന അഖ്മതോവക്കുണ്ടായിരുന്നത്. അന്നയ്ക്ക് നൂറു വർഷം മുൻപ് ജീവിച്ചിരുന്ന കവിയായിരുന്നു പുഷ്‌കിൻ. ജീവിതത്തിലെ ദുരന്തകാലങ്ങളിൽ അവർ പിടിച്ചുനിൽക്കാനുള്ള കരുത്താർജ്ജിച്ചത് പുഷ്‌കിന്റെ ജീവിതത്തെയും കവിതകളെയും കുറിച്ചുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ്. പക്ഷെ കവിതയോടുള്ള പ്രണയം കവിയോടുള്ള പ്രണയം തന്നെയായി മാറിയിരുന്നു. തനിക്ക് പുഷ്‌കിന്റെ ഭാര്യയോട് വല്ലാത്ത അസൂയ തോന്നുന്നുവെന്ന് ആ ആരാധന മറച്ചുവയ്ക്കാതെ അന്ന തന്റെ ഡയറിയിൽ കുറിച്ചിട്ടു. തനിച്ചായിപ്പോയ ജീവിതഘട്ടങ്ങളിലെല്ലാം ഇണയും തുണയുമായി കൂടെ നിന്നത് പുഷ്‌കിൻ തന്നെയായിരുന്നു. അതൊരു വൈകാരികസുരക്ഷിതത്വം തന്നെയാണ്. പ്രണയബന്ധങ്ങളിൽ നിന്ന്​ പ്രണയികൾ പരസ്പരം തേടുന്നതുപോലെ ഒന്ന്. പ്രണയത്തെ അന്ന ‘അഞ്ചാമത്തെ ഋതു' എന്നാണ് വിളിക്കുന്നത്.

ഒറ്റ നിമിഷം കൊണ്ട് ജയചന്ദ്രന്റെ ശബ്ദത്തിലൂടെ എനിക്കെന്റെ കൗമാരയൗവ്വനങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയുന്നു.

മനുഷ്യാത്മാവ് അതിജീവിക്കുന്നത് ഇത്തരം ചില ആസക്തികളിലോ ആനന്ദങ്ങളിലോ പ്രിയതരമായ ലൗകികപ്രണയങ്ങളിലോ ഒക്കെയാണ്. ഇത്തരം ആരാധനകൾ അനേക വർഷങ്ങൾക്കിപ്പുറവും മൃദുവായ ചില ഇഴകൾ കൊണ്ട് കാലങ്ങളെ തമ്മിൽ തൊടുവിക്കുന്നുണ്ട്. ജവഹർലാൽ നെഹ്രുവിനെയും രവീന്ദ്രനാഥ ടാഗോറിനെയും രാജേഷ് ഖന്നയെയും ഇതുപോലെ പ്രണയിച്ചാരാധിച്ചവർ എത്രയോ ഉണ്ട്. അവർക്കൊക്കെ ഇനിയും നമ്മൾ സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത അവസ്ഥകളെ പ്രണയം കൊണ്ട് ജ്വലിപ്പിച്ച എത്ര കഥകൾ പറയാനുണ്ടാകും.

ശാന്തിനികേതനിൽ രബീന്ദ്രനാഥ ടാഗോറിന്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നിൽക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു പറഞ്ഞു, ‘ഈ നോട്ടം നേരിടണമെങ്കിൽ അസാധാരണമായ ആത്മശക്തി വേണം. എനിക്ക് താങ്ങാനാകുന്നില്ല ആ നോട്ടത്തിന്റെ തീക്ഷ്ണത'എന്ന്. അദ്ദേഹം പ്രണയിച്ചതും അദ്ദേഹത്തെ പ്രണയിച്ചതുമായ മുഴുവൻ സ്ത്രീകളുടെയും ചിത്രങ്ങൾ ആ മ്യൂസിയത്തിലുണ്ട്. അവരെ ഓരോരുത്തരെയായി ഞാനെതിർ നിർത്തിനോക്കി. ടാഗോറിന്റെ കണ്ണുകൾ അവരെയൊന്നുമായിരിക്കില്ല തേടിയത് എന്നെനിക്കു തോന്നി. എന്റെ കണ്ണുകൾ തീർച്ചയായും അത്തരമൊരു നോട്ടം ആഗ്രഹിക്കുന്നുണ്ട്.

മാധവി നോക്കുമ്പോഴാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാകുന്നത് എന്നെനിക്കു തോന്നാറുണ്ട്. അവരുടെ ഏറ്റവും വശ്യമായ ആ നോട്ടത്തെ നേരിടുവാൻ തന്റെ‘യുള്ളി'ലെ ബാക്കി സൗന്ദര്യം കൂടി മമ്മൂട്ടിക്കു പുറത്തെടുക്കേണ്ടിവരുന്നു എന്നതുകൊണ്ടാണത്.

മാധ്യമപ്രവർത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളിൽ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങൾ. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനർജിയും കണ്ടിട്ടില്ല. മിക്കവർക്കും ആരെ അഭിമുഖീകരിച്ചാലും ഒരേ മട്ടും ഭാവവും. നികേഷ് നോക്കുന്നത് അങ്ങനെയല്ല. എതിരെയിരിക്കുന്നത് ശ്വേത മേനോനായാലും കെ.ആർ.ഗൗരിയായാലും സി.കെ. ജാനുവായാലും കെ.എസ്. ചിത്രയായാലും കെ. പി. എ. സി ലളിതയായാലും നികേഷിന്റെ കണ്ണുകൾ സൗന്ദര്യവും സ്‌നേഹവും തിളക്കവും പ്രതിഫലിപ്പിക്കുന്നത് പ്രത്യേകമായ ഒരു നൈസർഗ്ഗികതയോടെയാണ്. നികേഷിന്റെ നോട്ടം മാത്രം കണ്ടാലറിയാം എതിർസീറ്റിൽ ഒരു സ്ത്രീയോ പുരുഷനോ എന്ന്.

ടാഗോറിന്റെ കണ്ണുകൾ അവരെയൊന്നുമായിരിക്കില്ല തേടിയത് എന്നെനിക്കു തോന്നി. എന്റെ കണ്ണുകൾ തീർച്ചയായും അത്തരമൊരു നോട്ടം ആഗ്രഹിക്കുന്നുണ്ട് .

സ്‌നേഹത്തോടെ, അൽപം feminine ഭാവത്തിൽ ഇടപെടുന്നതുകൊണ്ട് അടുക്കാൻ ഭയം തോന്നിയിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവാണ് തോമസ് ഐസക്. പെണ്ണുങ്ങൾക്കിഷ്ടമാകുന്നവരോ പെണ്ണുങ്ങളെ മൃദുവായി സമീപിക്കുന്നവരോ womanizer ആയിരിക്കണമെന്നില്ല. അപൂർവ്വമായി മാത്രമേ പുരുഷന്മാരിൽ അത്തരം മൃദുലതകൾ കണ്ടെത്താൻ കഴിയൂ. പരസ്പര സ്‌നേഹത്തോടെ നോക്കാൻ കഴിയുമ്പോൾ രണ്ടു പേരിലുണ്ടാകുന്ന ആ ധൈര്യത്തെ ഞാൻ ആരാധന എന്നു കൂടി വിളിക്കും. കണ്ടപ്പോൾ കണ്ണിൽ നോക്കി, തോളിൽ തട്ടി, അടുത്തിരുന്നു എന്നൊക്കെ അവഹേളിക്കുന്ന രാഷ്ട്രീയകുതന്ത്രങ്ങൾ മനുഷ്യരിലെ എല്ലാ മൃദുലതകളെയും, ശരീരവും മനസ്സും തമ്മിലുള്ള സ്വരൈകൃത്തെയും നശിപ്പിച്ചു കളയും.

മാധ്യമപ്രവർത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളിൽ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങൾ. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനർജിയും കണ്ടിട്ടില്ല.

നവംബറിന്റെ നഷ്ടവും ഓർമ്മക്കായിയും കണ്ട് നടി മാധവിയുടെ നോട്ടവും നടപ്പും ചിരിയും കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് ഞാൻ. നിവർന്ന് നെഞ്ചുവിരിച്ചു നടക്കുന്ന ആ ആത്മവിശ്വാസവും ചിരിക്കുമ്പോൾ വിടർന്നുവരുന്ന കണ്ണുകളും അത്രക്ക് പ്രിയപ്പെട്ടതാണെനിക്ക്. മാധവി നോക്കുമ്പോഴാണ് മമ്മൂട്ടി ഏറ്റവും സുന്ദരനാകുന്നത് എന്നെനിക്കു തോന്നാറുണ്ട്. അവരുടെ ഏറ്റവും വശ്യമായ ആ നോട്ടത്തെ നേരിടുവാൻ തന്റെ‘യുള്ളി'ലെ ബാക്കി സൗന്ദര്യം കൂടി മമ്മൂട്ടിക്കു പുറത്തെടുക്കേണ്ടിവരുന്നു എന്നതുകൊണ്ടാണത്. ഓരോ നല്ല നോട്ടത്തിനും മുന്നിലല്ലാതെ ഒരു സൗന്ദര്യവും ഉണ്ടാകുന്നില്ല. ഉള്ളിനെ പുറത്തേടുക്കുന്ന ആ ചുഴിഞ്ഞുനോട്ടമറിയാവുന്ന ഒരു പെണ്ണ്​ മുന്നിലുണ്ടെങ്കിൽ ലോകത്തിലുള്ള ആണുങ്ങളെല്ലാം എത്രമാതം സുന്ദരന്മാരാകുമായിരുന്നു! സ്വകാര്യമായി അവരെന്തെല്ലാം നർമ്മങ്ങൾ പറയുമായിരിക്കും

മാധ്യമപ്രവർത്തകനായ നികേഷ് കുമാറിന്റെ കണ്ണുകളിൽ കാണാം, എതിരെയൊരു സ്ത്രീ ഇരുന്നാലുള്ള തിരയിളക്കങ്ങൾ. മറ്റൊരു ചാനലവതാരകന്റെ കണ്ണിലും ഞാനങ്ങനെയൊരു കുസൃതിയും കൗതുകവും എനർജിയും കണ്ടിട്ടില്ല.

ഞാനിങ്ങനെ എത്രയോ ഇഷ്ടങ്ങളിലൂടെ കടന്നുപോയി. അതിൽ ഏതൊക്കെയായിരുന്നു പ്രണയങ്ങൾ? ഏതൊക്കെയായിരുന്നു ആരാധനകൾ? ഏതൊക്കെയായിരുന്നു വെറും ഭ്രമങ്ങൾ? ഏതൊക്കെയായിരുന്നു സാധാരണ സൗഹൃദങ്ങൾ? അതിന്റെ ഊർജ്ജപ്രവാഹത്തിൽ ആഞ്ഞടിക്കുന്ന തിരമാലയായി, തിമിർത്തു പെയ്യുന്ന മഴയായി, ഇടിയും മിന്നലുമായി, ഹർഷോന്മാദങ്ങളിലേക്ക് അവ ഇന്നും എന്നെ ആനയിക്കാറുണ്ട്. അതൊക്കെയും നൽകിയ ജീവിതപ്രേരണകൾ നിസ്സാരമായിരുന്നില്ല.

സോർബയെ പോലെ തിരമാലകൾക്കുമേൽ നൃത്തം വെക്കുന്ന ഒരു കടൽപ്പക്ഷിയായി ഞാൻ. ▮


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments