ഭയവും നാണക്കേടും വിറ്റ് പണം തട്ടുന്നവർ; സുരക്ഷിതമാണോ കേരളത്തിൽ അബോർഷൻ?

പ്രസവിക്കണോ അതോ ഗർഭം അവസാനിപ്പിക്കണോ എന്ന തികച്ചും സ്വകാര്യവും പങ്കാളിത്തപരവുമായ തീരുമാനത്തിന്മേൽ സദാചാരവിചാരണ നടത്തുന്ന നമ്മുടെ മെഡിക്കൽ സംവിധാനത്തെക്കുറിച്ചാണ് ഈ എഴുത്ത്. 28 വയസ്സായ, രണ്ടര വയസ്സ് പ്രായമായ ഒരു കുട്ടിയുടെ അമ്മയായ ഒരു സ്ത്രീയുടെ, ഒറ്റപ്പെട്ടതല്ലാത്ത അനുഭവം കേസ് സ്റ്റഡിയായി എടുത്ത്, നമ്മുടെ ഗൈനക്കോളജി മുറികൾ എത്രത്തോളം സ്ത്രീവിരുദ്ധമാണ് എന്ന് കാണിച്ചുതരികയാണ് ഉദയശ്വനി എസ്., ഫിർഷ വി. ഇന്ന് International Safe Abortion Day.

28 വയസ്സുള്ള ഒരു സ്ത്രീ രണ്ടര വയസ്സ് പ്രായമുള്ള കുട്ടിയുടെ അമ്മയാണ്. MSc മൂന്നാം സെമസ്റ്ററിന്റെ അവസാന ഘട്ടത്തിലായിരുന്നു അവൾ. ഭർത്താവ് ലീവിനുവന്ന് വീണ്ടും വിദേശത്തേക്ക് തിരിച്ചു പോയിരുന്നു. ക്യാമ്പസിൽ വെച്ച് തലകറക്കം തോന്നിയതിനെ തുടർന്ന് അവൾ വീട്ടിൽ പോയി പ്രെഗ്നൻസി ടെസ്റ്റ് നടത്തി. പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടതോടെ അവൾ പരിഭ്രാന്തയായി. തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള അവൾക്ക് തന്റെയോ ഭർത്താവിന്റേയോ വീട്ടുകാരോട് ഈ കാര്യം പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എന്തുചെയ്യണമെന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ ഇരുവരും തമ്മിൽ നീണ്ട ചർച്ചകൾ നടന്നു ഒടുവിൽ, ഏറെ ആലോചിച്ച ശേഷമാണ് അവർ അബോർഷൻ തീരുമാനിച്ചത്. സർക്കാർ ആശുപത്രികളിലെ ഗൈനക്കോളജി ഒ.പിയിലെ നീണ്ട വരിയും പരിചയക്കാരെ കാണുമോ എന്ന ഭയവും കാരണം, ചികിത്സയ്ക്കായി ആദ്യമേ തന്നെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിക്കാമെന്ന് അവർ തീരുമാനിച്ചു. അന്ന് അവൾ ഒറ്റയ്ക്കാണ് ആശുപത്രിയിൽ പോയത്.

ഒരു ഗൈനക്കോളജി മുറിയിലെത്തുന്ന സ്ത്രീയോട് സാധാരണ ഡോക്ടറും നഴ്സും വളരെ സൗഹാർദപരമായാണ് പെരുമാറുക. ബി.പി., ഭാരം തുടങ്ങിയവ പരിശോധിക്കും. ഗർഭവുമായി ബന്ധപ്പെട്ട കേസാണെങ്കിൽ ഉടൻ അവസാനമായി ആർത്തവമുണ്ടായ തീയതി (LMP) ചോദിക്കും, പ്രസവം പ്രതീക്ഷിക്കുന്ന തീയതി കണക്കാക്കും. ചിലപ്പോൾ വ്യക്തിപരമായ ചില കാര്യങ്ങളും ചോദിച്ചേക്കാം. എന്താണ് ജോലി, എവിടെയാണ് വീട്, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലല്ലോ എന്നൊക്കെ സ്നേഹത്തോടെ അന്വേഷിക്കും.

തുടർന്ന് ഫോളിക് ആസിഡും അയൺ ഗുളികകളും കുറിച്ചുനൽകും. സ്കാൻ ചെയ്യാനുള്ള പ്രിസ്ക്രിപ്ഷനും. ഇതെല്ലാം വളരെ സാധാരണമായ ചികിത്സാനടപടികളാണ്. എന്നാൽ, “എനിക്ക് ഈ ഗർഭം തുടരാൻ താൽപര്യമില്ല” എന്ന് ആ സ്ത്രീ പറയുന്ന നിമിഷം, അതേ മുറിയിലെ അന്തരീക്ഷം മാറുന്നു. ഡോക്ടറുടെയും ആശുപത്രിയുടെയും സമീപനത്തിൽ പെട്ടെന്ന് ഒരു അകലം രൂപപ്പെടുന്നു. ചികിത്സ തേടിയെത്തിയ ഒരു രോഗിയിൽ നിന്ന്, സ്വന്തം തീരുമാനത്തിന് വിശദീകരണം നൽകേണ്ട ഒരാളായി ആ സ്ത്രീ മാറുന്നു.

സ്കാൻ റിപ്പോർട്ടിൽ അവൾ ആറാഴ്ച ഗർഭകാലമാണെന്ന് കണ്ടെത്തി. ഡോക്ടറെ കണ്ട് റിപ്പോർട്ട് കാണിച്ച്, ഗർഭച്ഛിദ്രം വേണമെന്ന് പറഞ്ഞു. “ഭർത്താവ് വേണ’’മെന്നായി ഡോക്ടർ.
ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞപ്പോൾ, “അമ്മയോ അച്ഛനോ വേണം” എന്നായി. സഹോദരി കൂടെയുണ്ടെന്നും, ഭർത്താവിനെ ഫോണിൽ വിളിച്ച് സംസാരിപ്പിക്കാമെന്നും പറഞ്ഞിട്ടും ഡോക്ടർ വഴങ്ങിയില്ല.

നേരത്തെ തന്റെ മറ്റൊരു സുഹൃത്തും ഭർത്താവും ചേർന്ന് എത്തിയപ്പോൾ അബോർഷൻ ചെയ്തുകൊടുത്തത് ഇതേ ഡോക്ടറാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവൾ ഈ ആശുപത്രിയിലെത്തിയത്. അതുകൊണ്ടുതന്നെ തനിക്കും ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷ അവൾക്കുണ്ടായിരുന്നു. കോളേജിൽ നിന്ന് നഗരത്തിലേക്ക് പോകേണ്ട ദൂരം ഒഴിവാക്കാമെന്നതിനാലാണ് ആദ്യം വീടിനടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. എന്നാൽ, അവിടെനിന്ന് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവന്നു.

താൻ പ്രസവിച്ചതും കുഞ്ഞിന്റെ സ്ഥിരമായ കൺസൾട്ടേഷനുകൾക്കുമായി പോകുന്നതുമായ നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്കാണ് പിന്നീട് പോയത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ആലോചിച്ച്, അവൾ ആ ഓപ്ഷൻ നേരത്തെ ഒഴിവാക്കിയതായിരുന്നു. ചെറുതും വലുതുമായ മറ്റ് ആരോഗ്യസേവനങ്ങളെല്ലാം തടസ്സമില്ലാതെ നൽകിയിരുന്ന അതേ ആശുപത്രിയാണ്, അബോർഷന്റെ കാര്യം വന്നപ്പോൾ, “ഞങ്ങളുടെ ഹോസ്പിറ്റൽ റൂൾസ് അബോർഷൻ അനുവദിക്കില്ല” എന്നു പറഞ്ഞ് കയ്യൊഴിഞ്ഞത്.

വിശ്വസിച്ച് ആശ്രയിച്ചിരുന്ന ഒരു ആശുപത്രിയിൽ നിന്നുപോലും, അബോർഷൻ എന്ന ഒറ്റ കാരണത്താൽ സേവനം നിഷേധിക്കപ്പെടുന്ന വിരോധാഭാസമാണിവിടെ സംഭവിച്ചത്. തുടർന്ന് അവിടെനിന്ന് ഒരു പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് റഫർ ചെയ്യുകയായിരുന്നു. നഗരത്തിൽ ഇത്തരത്തിൽ എത്തിപ്പെടുന്ന അബോർഷൻ കേസുകളെല്ലാം ഒടുവിൽ എത്തിച്ചേരുന്നതും ഈ ആശുപത്രിയിലേക്കാണ്.

അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. D&C മാത്രമേ ചെയ്യൂ എന്ന നിലപാടിൽ ഡോക്ടർ ഉറച്ചുനിന്നു. മെഡിക്കൽ അബോർഷൻ ഗുളികകളെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ചതാകട്ടെ പരുഷമായ പെരുമാറ്റവും. കൂടാതെ, ഭർത്താവിന്റെ സമ്മതപത്രം ഇ-മെയിൽ വഴി അയയ്ക്കണമെന്നും മാതാപിതാക്കളെ ആശുപത്രിയിൽ കൊണ്ടുവരണമെന്നും നിർബന്ധിക്കുകയും ചെയ്തു. അതോടൊപ്പം ₹30,000 എന്ന ഭീമമായ ഫീസ് ആവശ്യപ്പെട്ടതോടെ, അവിടെനിന്ന് മടങ്ങുകയല്ലാതെ മറ്റ് മാർഗമൊന്നും ഉണ്ടായിരുന്നില്ല.

അന്ന് രണ്ട് ആശുപത്രികൾ കയറിയിറങ്ങിയിട്ടും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവന്നതിന്റെ നിരാശയിലായിരുന്നു അവൾ. സുഹൃത്തിനൊപ്പം മടങ്ങുന്നതിനിടെ വഴിയിൽ കണ്ട മറ്റൊരു പ്രമുഖ ആശുപത്രിയിൽ അവൾ കയറി. എന്നാൽ അവിടെയെത്തിയപ്പോഴും സമീപനം വ്യത്യസ്തമായിരുന്നില്ല. ചികിത്സ തേടിയെത്തിയ ഒരു സ്ത്രീ എന്നതിലുപരി, ഒരു വലിയ “തെറ്റ്” ചെയ്യാൻ ശ്രമിക്കുന്ന ഒരാളെന്ന മട്ടിലായിരുന്നു അവളോടുള്ള പെരുമാറ്റം. ഏറെ നേരം ചോദ്യം ചെയ്യലും പരുഷമായ സംസാരവും അവൾക്ക് നേരിടേണ്ടിവന്നു. ഒരു ചികിത്സാ തീരുമാനം തേടിയെത്തിയ അവൾ, ഒരു വലിയ പാപം ചെയ്യാൻ ശ്രമിക്കുന്നവളെപ്പോലെ പ്രതിക്കൂട്ടിൽ നിർത്തപ്പെട്ട അനുഭവമാണ് അവിടെയുണ്ടായത്.

“താൻ ഇതുകൂടി പ്രസവിച്ചിട്ട് അങ്ങ് നിർത്തിയേക്കൂ’’.
“സ്റ്റെറിലൈസേഷൻ ചെയ്തോളൂ. പ്രസവിക്കാൻ താൽപര്യമില്ലെങ്കിൽ അതല്ലേ നല്ലത്?”- അങ്ങനെയായിരുന്നു ഡോക്ടറുടെ നിർദേശം. ഒരു സ്ത്രീ അബോർഷൻ തിരഞ്ഞെടുക്കുന്നത് പലപ്പോഴും ഒരു താൽക്കാലിക സാഹചര്യമോ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടമോ പരിഗണിച്ചായിരിക്കാമെന്ന ലളിതമായ വസ്തുത പോലും മനസ്സിലാക്കാതെയായിരുന്നു ഈ ഉപദേശം. ഒരു ഡോക്ടർ തന്റെ അധികാരം ഉപയോഗിച്ച് വന്ധ്യംകരണത്തിന് (Sterilisation) നിർദേശിക്കുന്നത് മെഡിക്കൽ എതിക്സിന് പോലും നിരക്കാത്ത സമീപനമാണെന്ന ബോധ്യമില്ലാത്ത മറുപടിയായിരുന്നു അവിടെനിന്ന് ലഭിച്ചത്.

“ഇവിടെ ഹോസ്പിറ്റൽ എത്തിക്സും എന്റെ എത്തിക്സും അബോർഷൻ ചെയ്യാൻ അനുവദിക്കില്ല. പോയി സ്കാൻ ചെയ്യൂ. കുട്ടിക്ക് ഹാർട്ട്‌ബീറ്റ് ഇല്ലെങ്കിൽ അബോർഷൻ ചെയ്തു തരാം.”

എന്തോ വലിയൊരു സഹായം വാഗ്ദാനം ചെയ്യുന്നതുപോലെയാണ് ഡോക്ടർ അത് പറഞ്ഞത്. എന്നാൽ ആ വാക്കുകളിലെ നിസ്സംഗതയും ക്രൂരമായ വൈരുധ്യവും അവളെ അമ്പരപ്പിച്ചു. ചികിത്സ തേടിയെത്തിയ ഒരു സ്ത്രീയോട്, “ഭ്രൂണത്തിന് ഹൃദയമിടിപ്പ് ഉണ്ടാകരുതെന്ന് പ്രാർത്ഥിക്കൂ” എന്നുപറയാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു അത്.

ഒരു ഘട്ടത്തിൽ, താൻ നേരിടുന്നത് കേവലമൊരു ചികിത്സാ നിലപാടാണോ, അതോ കാര്യമായ മാനസിക പ്രശ്നമുള്ള ഒരാളുടെ പെരുമാറ്റമാണോ എന്ന് പോലും അവൾ ചിന്തിച്ചുപോയി. ഡോക്ടറുടെ വാക്കുകൾ കേട്ടുനിന്ന അവൾക്ക് ഒടുവിൽ അവിടെനിന്ന് ഇറങ്ങിപ്പോകുകയല്ലാതെ മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. കാര്യങ്ങൾ അത്രയ്ക്കും അസഹനീയമായിരുന്നു. നിയമപരമായും വൈദ്യശാസ്ത്രപരമായും ലഭ്യമായ ഒരു സേവനം തേടിയെത്തിയ സ്ത്രീയെ, അവളുടെ സാഹചര്യങ്ങളെ പരിഗണിക്കാതെ, ഇത്തരമൊരു മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതാണ് ഈ അനുഭവത്തിന്റെ ഏറ്റവും വേദനാജനകമായ ഒരു വശം. ഇത്രയും അനുഭവങ്ങൾ അവളെയും ഭർത്താവിനെയും കൂടുതൽ പരിഭ്രാന്തരാക്കി. അപ്പോഴേക്കും ഗർഭം ഏഴ് ആഴ്ച പിന്നിട്ടിരുന്നു. അമ്മയോ സുഹൃത്തുക്കളോ തന്റെ ശാരീരികമാറ്റങ്ങൾ ശ്രദ്ധിക്കുമെന്ന ഭയത്താൽ അവൾ അവരിൽനിന്ന് അകന്നുനിന്നു. ശാരീരിക അസ്വസ്ഥതകൾ തോന്നുമ്പോൾ പോലും അത് ആരോടും പങ്കുവെക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ.

നാലാമത്തെ ആശുപത്രി സന്ദർശനത്തിനുശേഷം, ഒരു ഞായറാഴ്ച സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞ് അവൾ വീട്ടിൽനിന്നിറങ്ങി. രണ്ട് സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നുള്ള രണ്ടുമൂന്ന് ദിവസങ്ങളിൽ ഗർഭച്ഛിദ്രം നടത്തിക്കൊടുക്കുന്ന സ്ഥലം അന്വേഷിച്ച് അവളും ഭർത്താവും പല സുഹൃത്തുക്കളെയും വിളിച്ച്. ഒടുവിൽ നഗരത്തിലെ ഒരു IVF സെന്ററിന്റെ വിലാസം അവർക്ക് ലഭിച്ചു. ആറാമത്തെ ആശുപത്രിയായി ഒരു IVF ക്ലിനിക്കിലെത്തിയപ്പോഴാണ് ഒടുവിൽ പിൽസ് നൽകാൻ തയ്യാറായത്. എന്നാൽ ഗർഭം എട്ട് ആഴ്ച പിന്നിട്ടിരുന്നതിനാൽ D&E ചെയ്യുന്നതാണ് ഉചിതമെന്ന് ഡോക്ടർ നിർദേശിച്ചു. അതിനാവശ്യമായ വലിയ തുക അന്ന് താങ്ങാൻ കഴിയാത്തതിനാൽ, അവൾ മെഡിക്കൽ അബോർഷൻ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ അബോർഷൻ പൂർണ്ണമാകാതെ പോയതിനെ തുടർന്ന്, ഒടുവിൽ ഗർഭത്തിന്റെ പത്താം ആഴ്ചയിൽ D&E ചെയ്യേണ്ടിവന്നു.

അടിയന്തരമായും എളുപ്പത്തിലും പൂർത്തിയാക്കാവുന്ന ഒരു ചികിത്സയ്ക്കായി ഏകദേശം ആറോളം ആശുപത്രികൾ കയറിയിറങ്ങേണ്ടിവന്നു. ഒടുവിൽ ഏകദേശം 50,000 രൂപ ചെലവഴിച്ചാണ് ചികിത്സ പൂർത്തിയാക്കാൻ കഴിഞ്ഞത്. ചികിത്സ ലഭിക്കേണ്ട വഴിയിൽ നേരിട്ട നിരന്തരമായ ചോദ്യം ചെയ്യലുകളും നിഷേധങ്ങളും അപമാനങ്ങളും അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ആഴത്തിൽ ബാധിച്ചു. ഒരു ചികിത്സാ സേവനം തേടിയെത്തിയ സ്ത്രീ, ആ യാത്രയുടെ അവസാനം മടങ്ങിയത് ശരീരത്തിലും മനസ്സിലും മായാത്തൊരു ആഘാതം കൂടി പേറിയായിരുന്നു.

സ്ത്രീവിരുദ്ധമായ
ഗൈനക്കോളജി മുറികൾ

ഒരു സ്ത്രീയുടെ അബോർഷൻ എന്ന തീരുമാനത്തിനുപിന്നിൽ നിരവധി കാരണങ്ങളുണ്ട്. രണ്ട് കുട്ടികൾക്കിടയിലെ ഇടവേള എത്രയായിരിക്കണം എന്ന ആലോചന മുതൽ, ആ സമയത്തെ സാമ്പത്തികവും മാനസികവും ശാരീരികവുമായ അവസ്ഥകൾ വരെ അതിൽ ഉൾപ്പെടാം. കുടുംബസാഹചര്യങ്ങളും വ്യക്തിപരമായ ജീവിതത്തിലെ പലവിധ സമ്മർദ്ദങ്ങളും തീരുമാനത്തെ സ്വാധീനിച്ചേക്കാം. ഒറ്റനോട്ടത്തിൽ കാണാനാകാത്ത, പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന നിരവധി കാരണങ്ങളാണ് പലപ്പോഴും ഒരു സ്ത്രീയെ ആ തീരുമാനത്തിലേക്ക് എത്തിക്കുന്നത്.

എന്നാൽ, ഇത്രയധികം വ്യക്തിപരമായ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഈ തിരഞ്ഞെടുപ്പിന് മുന്നിൽ, എന്തിനാണ് നമ്മുടെ മെഡിക്കൽ വ്യവസ്ഥയും സ്ത്രീകൾ പ്രസവിച്ചേ മതിയാകൂ എന്ന് ഇത്ര നിർബന്ധം പിടിക്കുന്നത്? പ്രസവിക്കണോ അതോ ഗർഭം അവസാനിപ്പിക്കണോ എന്ന തികച്ചും സ്വകാര്യവും പങ്കാളിത്തപരവുമായ തീരുമാനത്തിന്മേൽ സദാചാര വിചാരണ നടത്താൻ ഒരു സ്ത്രീയുടെ ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് തീരുമാനമെടുക്കാനുള്ള അധികാരം മെഡിക്കൽ സംവിധാനത്തിന് ആരാണ് നൽകിയത്?

ഈ അനുഭവം ഒരു പ്ലെയിൻ കഥയല്ല, മറിച്ച് നമ്മുടെ ഗൈനക്കോളജി മുറികൾ എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നതിന്റെ ജീവിക്കുന്ന തെളിവ് കൂടിയാണിത്. കേരളത്തിലെ ഒരു പ്രധാന നഗരത്തിൽ ദമ്പതികൾക്ക് നേരിടേണ്ടി വന്ന ഈ സംഭവം ഒറ്റപ്പെട്ടതല്ല.

സാക്ഷരതയിലും പൊതുജനാരോഗ്യ മാതൃകകളിലും വലിയ പെരുമ അവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ, ഗർഭച്ഛിദ്രം (Abortion) തേടുന്ന ദമ്പതികളും സ്ത്രീകളും ദിനംപ്രതി നേരിടുന്ന സിസ്റ്റമിക് അതിക്രമങ്ങളുടെയും (Systemic Violence) വിവേചനങ്ങളുടെയും കൃത്യമായ പ്രതിഫലനമാണിത്. ഇതിലൂടെ പുറത്തുവരുന്നത് കേരളത്തിലെ ആരോഗ്യരംഗത്തെ ഭയപ്പെടുത്തുന്ന ചില യാഥാർത്ഥ്യങ്ങളാണ്. ഒരു രോഗി സഹാനുഭൂതിയും ശാസ്ത്രീയമായ പരിഗണനയും പ്രതീക്ഷിക്കുന്ന മുറികളിൽനിന്ന് സ്ത്രീകൾ നേരിടുന്നത് കടുത്ത സദാചാരവിചാരണയും വ്യക്തിഹത്യയുമാണ്.

സേഫ് അബോർഷനും
MTP നിയമവും

നിയമപരമായി അംഗീകരിക്കപ്പെട്ട ആരോഗ്യസ്ഥാപനത്തിൽ, ആവശ്യമായ മെഡിക്കൽ മാനദണ്ഡങ്ങളും സുരക്ഷാസംവിധാനങ്ങളും പാലിച്ച്, MTP Act പ്രകാരം യോഗ്യതയും രജിസ്ട്രേഷനുമുള്ള Registered Medical Practitioner-ടെ (RMP) മേൽനോട്ടത്തിൽ, ഗർഭകാലത്തിന് (Gestational Age) അനുയോജ്യമായ നടപടിക്രമങ്ങളിലൂടെ ഗർഭച്ഛിദ്രം നടത്തുന്നതാണ് സുരക്ഷിത ഗർഭച്ഛിദ്രം (Safe Abortion).

2010-ൽ, ഇന്ത്യ സർക്കാർ ആദ്യമായി Comprenhesive Abortion Care Training and Service Delivery Guidelines പുറത്തിറക്കി. ഗർഭച്ഛിദ്രത്തെ വെറും ഒരു മെഡിക്കൽ നടപടിയായി കാണുന്നതിൽ നിന്ന് സ്ത്രീകേന്ദ്രിത സമഗ്ര ഗർഭച്ഛിദ്ര പരിചരണമായി (Woman-Centered Comprehensive Abortion Care) മാറ്റുകയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യ ആവശ്യങ്ങൾ, വ്യക്തിപരമായ സാഹചര്യങ്ങൾ, സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്ര സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ പരിഗണിച്ചുകൊണ്ടുള്ള പരിചരണമാണ് CAC-ൽ ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനങ്ങൾ 2018-ലും 2023-ലും പുറത്തിറങ്ങിയ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും തുടർന്നു.

CAC-യുടെ മൂന്ന് പ്രധാന ഘടകങ്ങൾ:

  1. Choice / തിരഞ്ഞെടുക്കാനുള്ള അവകാശം:
    സ്ത്രീയ്ക്ക് തന്റെ ശരീരത്തെയും ആരോഗ്യത്തെയും സംബന്ധിച്ച തീരുമാനങ്ങൾ സ്വയം എടുക്കാനുള്ള അവകാശവും അവസരവും ഉണ്ടായിരിക്കണം. ഗർഭം തുടരണമോ അവസാനിപ്പിക്കണമോ, ലഭ്യമായ ഗർഭച്ഛിദ്ര രീതികൾ, ഗർഭനിരോധന മാർഗങ്ങൾ, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ, ചികിത്സാകേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണം. തീരുമാനമെടുക്കുന്നതിന് മുമ്പ് പൂർണ്ണവും കൃത്യവുമായ വിവരങ്ങളും സംശയങ്ങൾ ചോദിക്കാനുള്ള അവസരവും നൽകണം.

  1. Access/സേവനങ്ങളിലേക്കുള്ള പ്രവേശനം:
    സ്ത്രീയ്ക്ക് ആവശ്യമായ സമയത്ത് സുരക്ഷിതമായ ഗർഭച്ഛിദ്ര സേവനങ്ങൾ ലഭ്യമാകണം. സാമ്പത്തികസ്ഥിതി, വിവാഹസ്ഥിതി, പ്രായം, വിദ്യാഭ്യാസം, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ സേവനം ലഭിക്കണം. ഭരണപരമായോ മറ്റ് തടസ്സങ്ങളാലോ അനാവശ്യമായ കാലതാമസം ഉണ്ടാകരുത്; സാധ്യമാകുന്നത്ര വീടിനടുത്ത് സേവനം ലഭ്യമാക്കണം.

  1. Quality with Respect / ഗുണമേന്മയും ബഹുമാനവും: കൗൺസലിംഗിന് മതിയായ സമയം നൽകുകയും സ്ത്രീയുടെ സ്വകാര്യതയും രഹസ്യസ്വഭാവവും സംരക്ഷിക്കുകയും വേണം. ബഹുമാനത്തോടെയും വിവേചനമില്ലാതെയും പരിചരണം നൽകണം. സുരക്ഷിതമായ സാങ്കേതികവിദ്യകളും ശരിയായ ക്ലിനിക്കൽ മാനദണ്ഡങ്ങളും പാലിച്ച് വേദന നിയന്ത്രണം, അണുബാധ തടയൽ, സങ്കീർണതകളുടെ ചികിത്സ, ഗർഭച്ഛിദ്രാനന്തര ഗർഭനിരോധന സേവനങ്ങൾ എന്നിവ നൽകണം. സേവനങ്ങൾ ഓരോ സ്ത്രീയുടെയും വൈദ്യശാസ്ത്രപരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കണം.

സമ്മതം / Consent

18 വയസ്സ് തികഞ്ഞ, പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും ഗർഭച്ഛിദ്രം ചെയ്യാൻ അവളുടെ സ്വന്തം സമ്മതം (Consent) മാത്രം മതിയെന്ന് MTP ആക്റ്റ് വ്യക്തമാക്കുന്നുണ്ട്. ഭർത്താവിന്റെയോ/പങ്കാളിയുടെയോ മാതാപിതാക്കളുടെയോ സമ്മതപത്രം ആവശ്യപ്പെടാൻ ആശുപത്രികൾക്കോ ഡോക്ടർമാർക്കോ യാതൊരു നിയമപരമായ അവകാശവുമില്ല. സ്വന്തം ശരീരത്തിന്മേലുള്ള അന്തിമ തീരുമാനം സ്ത്രീയുടേത് മാത്രമാണ്. (18 വയസ്സിൽ താഴെയുള്ള കുട്ടികളുടെയോ മാനസിക വെല്ലുവിളി നേരിടുന്നവരുടെയോ കാര്യത്തിൽ മാത്രമാണ് രക്ഷിതാവിന്റെയോ ലീഗൽ ഗാർഡിയന്റെയോ രേഖാമൂലമുള്ള സമ്മതം ആവശ്യമായി വരുന്നത്).

MTP ആക്റ്റ് പ്രകാരം ഗർഭച്ഛിദ്രം നടത്തുന്ന സ്ത്രീയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടുന്നത് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വലിയ കുറ്റമാണ്.

എന്നാൽ പ്രായോഗികതലത്തിൽ, ഈ അവകാശത്തെ റദ്ദാക്കിക്കൊണ്ട് ആശുപത്രികൾ നിയമവിരുദ്ധമായ നിബന്ധനകളും ആൺകോയ്മയും അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ ഒപ്പില്ലാതെ ചികിത്സ നിഷേധിക്കുക മാത്രമല്ല, കുടുംബത്തിൽ ഭർത്താവും ഗർഭിണിയായ സ്ത്രീയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ ഡോക്ടർമാർ പുരുഷന്റെ തീരുമാനത്തിന് (Male-centric Decision) മുൻഗണന നൽകുന്ന ഗുരുതരമായ ലിംഗവിവേചനവും ഇവിടെ നടക്കുന്നുണ്ട്. ശരീരം ചുമക്കുന്ന സ്ത്രീയുടെ ഇച്ഛയ്ക്കല്ല, മറിച്ച് പുരുഷന്റെയും കുടുംബത്തിന്റെയും തീരുമാനങ്ങൾക്കാണ് മെഡിക്കൽ മുറികളിൽ പ്രാധാന്യം ലഭിക്കുന്നത്. ഇത് പച്ചയായ മനുഷ്യാവകാശ ലംഘനവും സ്ത്രീക്ക് മേൽ നടക്കുന്ന മെഡിക്കൽ വയലൻസുമാണ്.

ഒരു സ്ത്രീയുടെ അബോർഷൻ എന്ന തീരുമാനത്തിനുപിന്നിൽ നിരവധി കാരണങ്ങളുണ്ട്. രണ്ട് കുട്ടികൾക്കിടയിലെ ഇടവേള എത്രയായിരിക്കണം എന്ന ആലോചന മുതൽ, ആ സമയത്തെ സാമ്പത്തികവും മാനസികവും ശാരീരികവുമായ അവസ്ഥകൾ വരെ അതിൽ ഉൾപ്പെടാം.
ഒരു സ്ത്രീയുടെ അബോർഷൻ എന്ന തീരുമാനത്തിനുപിന്നിൽ നിരവധി കാരണങ്ങളുണ്ട്. രണ്ട് കുട്ടികൾക്കിടയിലെ ഇടവേള എത്രയായിരിക്കണം എന്ന ആലോചന മുതൽ, ആ സമയത്തെ സാമ്പത്തികവും മാനസികവും ശാരീരികവുമായ അവസ്ഥകൾ വരെ അതിൽ ഉൾപ്പെടാം.

18 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീക്ക് സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം മറ്റൊരാളുടെ സമ്മതത്തിന് വിധേയമാണെന്ന പൊതുസമൂഹത്തിലെ അതേ പിതൃാധിപത്യ ധാരണയാണ് പലപ്പോഴും മെഡിക്കൽ ഇടങ്ങളിലേക്കും കടന്നുവരുന്നത്. നിയമത്തിൽ നിർബന്ധമല്ലാത്ത ഇത്തരം വ്യവസ്ഥകൾ ആശുപത്രികളുടെ പ്രായോഗിക നടപടിക്രമങ്ങളായി മാറുമ്പോൾ, നിയമം ഉറപ്പുനൽകുന്ന അവകാശവും ചികിത്സാമുറിയിൽ ലഭിക്കുന്ന അനുഭവവും തമ്മിൽ വലിയൊരു വിടവാണ് രൂപപ്പെടുന്നത്. നിയമം നിർബന്ധമാക്കാത്ത ഒരു കാര്യത്തെ സ്ത്രീയുടെ ചികിത്സയ്ക്കുള്ള മുൻവ്യവസ്ഥയാക്കി മാറ്റുമ്പോഴാണ് അത് വിവേചനപരമായ നിയന്ത്രണമായി മാറുന്നത്. പ്രത്യേകിച്ച് സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ, ഇത്തരത്തിലുള്ള എഴുതപ്പെടാത്ത നിയമങ്ങളും പ്രായോഗിക വ്യവസ്ഥകളും അവളുടെ സ്വകാര്യതയെയും സ്വയംനിർണയാവകാശത്തെയും പരിമിതപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

MTP ആക്റ്റ് പ്രകാരം ഗർഭച്ഛിദ്രം നടത്തുന്ന സ്ത്രീയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടുന്നത് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വലിയ കുറ്റമാണ്. എന്നാൽ, സുരക്ഷിതത്വവും രഹസ്യസ്വഭാവവും ഉറപ്പുനൽകേണ്ട ആശുപത്രികളിൽ പോലും സേവനം നിഷേധിക്കുകയും സ്വകാര്യത പൂർണ്ണമായി ലംഘിക്കപ്പെടുകയും സ്ത്രീകൾ ദയയില്ലാത്ത സദാചാരവിചാരണയ്ക്ക് ഇരയാവുകയും ചെയ്യുന്നു.

22 വയസ്സുള്ള ഒരു സ്ത്രീ പ്രഗ്നൻസി ഉറപ്പുവരുത്തിയ യൂറിൻ ടെസ്റ്റ് റിപ്പോർട്ടുമായി മെഡിക്കൽ കോളേജിലെ ഒ.പിയിൽ ഗർഭച്ഛിദ്ര സേവനത്തിന് എത്തിയപ്പോൾ നേരിട്ട അനുഭവം ഈ വ്യവസ്ഥിതിയുടെ ഭീകരത വ്യക്തമാക്കുന്നതാണ്. താൻ അബോർഷനാണ് വന്നതെന്ന് തുറന്നുപറഞ്ഞ നിമിഷം, ആ ഡോക്ടർ ചെയ്തത് മെഡിക്കൽ എത്തിക്സിനെയും മനുഷ്യാവകാശങ്ങളെയും കാറ്റിൽപ്പറത്തുന്ന കാര്യമായിരുന്നു. അടുത്തുണ്ടായിരുന്ന മറ്റ് ജീവനക്കാരെയും ഡോക്ടർമാരെയും ഉച്ചത്തിൽ വിളിച്ചുകൂട്ടി, "കണ്ടില്ലേ, ഇത്രയേ പ്രായമായിട്ടുള്ളൂ. അതിനുള്ളിൽ അബോർഷന് വേണ്ടി വന്നിരിക്കുകയാണ്" എന്ന് പരസ്യമായി അധിക്ഷേപിച്ച് പറയുകയായിരുന്നു.

ഇതേ പ്രായത്തിലുള്ള ഒരു സ്ത്രീ ഗർഭം ചുമക്കുന്നതിലോ അമ്മയാകുന്നതിലോ നമ്മുടെ സിസ്റ്റത്തിന് ഒരു പ്രശ്നവും തോന്നിക്കാണില്ല; എന്നാൽ അവൾ സ്വന്തം ശരീരത്തിന്മേലുള്ള അവകാശം ഉന്നയിച്ച് ഗർഭച്ഛിദ്രം ആവശ്യപ്പെടുമ്പോഴാണ് ഇവിടെ സിസ്റ്റം അതിക്രമകാരിയാകുന്നത്. രോഗിയുടെ വ്യക്തിവിവരങ്ങളും മെഡിക്കൽ സ്വകാര്യതയും സംരക്ഷിക്കാൻ നിയമപരമായി ബാധ്യതയുള്ള ഒരു പൊതു സ്ഥാപനത്തിൽ വെച്ചാണ്, ഒപി മുറിയിലുണ്ടായിരുന്ന അപരിചിതരുടെ മുന്നിൽ വെച്ച് ആ പെൺകുട്ടിയുടെ നൈതികതയെ ചോദ്യം ചെയ്ത് അപമാനിച്ച് തിരിച്ചയച്ചത്.

അബോർഷൻ ആവശ്യപ്പെട്ട് ഒരു സ്ത്രീ ഗവൺമെന്റ് ആശുപത്രിയെ സമീപിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിലൊന്ന് അവിടുത്തെ 'മാൻഡേറ്ററി അഡ്മിഷൻ' (Mandatory Admission) പ്രൊസീജ്യർ ആണ്.
അബോർഷൻ ആവശ്യപ്പെട്ട് ഒരു സ്ത്രീ ഗവൺമെന്റ് ആശുപത്രിയെ സമീപിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിലൊന്ന് അവിടുത്തെ 'മാൻഡേറ്ററി അഡ്മിഷൻ' (Mandatory Admission) പ്രൊസീജ്യർ ആണ്.

D&C എന്ന അനാവശ്യ ഹിംസയും
മെഡിക്കൽ ഹരാസ്‌മെന്റും

ആദ്യ 12 ആഴ്ചകൾക്കുള്ളിൽ കുറഞ്ഞ ചെലവിൽ, ലളിതമായ ഗുളികകൾ (Medication Abortion) വഴി വീട്ടിൽ വിശ്രമിച്ചുകൊണ്ട് ചെയ്യാവുന്ന അബോർഷന് വലിയ സാധ്യത നിലനിൽക്കെ തന്നെയാണ് നൂറുകണക്കിന് കേസുകളിൽ അനാവശ്യമായി സർജിക്കൽ പ്രൊസീജറുകൾ അടിച്ചേൽപ്പിക്കുന്നത്.

2023-24-ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത 11,462 അബോർഷനുകളിൽ 77.8 ശതമാനവും (8,914 കേസുകൾ) ആദ്യ 12 ആഴ്ചകൾക്കുള്ളിൽ സംഭവിച്ചതാണ്. എങ്കിലും ഇതിൽ 28 ശതമാനത്തോളം (3,210 കേസുകൾ) കേസുകളിലും സർജിക്കൽ രീതികളാണ് ഉപയോഗിച്ചത്. ഇതിന് പ്രധാന കാരണം ചികിത്സാ മേഖലയിലെ സിസ്റ്റമാറ്റിക് ആയ പ്രതികൂല സമീപനങ്ങളാണ്. ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള സ്ത്രീകൾ ആദ്യ 12 ആഴ്ചകൾക്കുള്ളിൽ ആശുപത്രിയിലെത്തി മെഡിക്കൽ അബോർഷൻ ചോദിക്കുമ്പോൾ പോലും, 'അത് ഞങ്ങൾ തീരുമാനിക്കും, എന്തായാലും പിൽസ് നൽകാൻ പറ്റില്ല' എന്ന തരത്തിലാണ് പല ഡോക്ടർമാരും പ്രതികരിക്കുന്നത്. അബോർഷനായി എത്തിയതുകൊണ്ടുതന്നെ സൗകര്യമില്ലെന്ന മട്ടിൽ, അബോർഷനെ ഒരു 'ശിക്ഷ' (punishment) എന്ന രീതിയിൽ കണ്ട് സ്ത്രീകളെ ബോധപൂർവ്വം സർജിക്കൽ പ്രൊസീജറുകളിലേക്ക് തള്ളിവിടുന്ന അനുഭവങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

ഭൂരിഭാഗം ആശുപത്രികളിലും D&C ചെയ്യുന്ന സമയത്ത് പ്രാദേശികമായോ (Local) പൂർണ്ണമായോ (General) അനസ്തെഷ്യ (Anesthesia) നൽകാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല. "അത്രയും അസഹനീയമായ വേദന അനുഭവിക്കട്ടെ" എന്ന മട്ടിലുള്ള ഈ സമീപനം കേവലം ചികിത്സാ വൈകല്യമല്ല, മറിച്ച് അതൊരു മെഡിക്കൽ ഹരാസ്‌മെന്റാണ് (Medical Harassment).

ഇതിനായി അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യസംഘടന (WHO) തള്ളിക്കളഞ്ഞതും നിർത്തിവെക്കാൻ നിർദ്ദേശിച്ചതുമായ D&C (Dilation and Curettage) പോലെയുള്ള കാലഹരണപ്പെട്ട ചികിത്സാരീതികൾ ഇപ്പോഴും കേരളത്തിൽ തുടരുന്നു.

D&C നടത്തുന്ന രീതി:

ഡിലേറ്ററുകൾ (Dilators) എന്ന ലോഹ ഉപകരണങ്ങൾ ഉപയോഗിച്ച് ഗർഭാശയ മുഖം (Cervix) വികസിപ്പിച്ച ശേഷം, 'ക്യൂറേറ്റ്' എന്ന മൂർച്ചയേറിയ ഉപകരണം ഉള്ളിലേക്ക് കടത്തി ഗർഭാശയ ഭിത്തികൾ ചുരണ്ടി ഗർഭസ്ഥ ഭ്രൂണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു.

കഠിന വേദനയും ന്യൂറോജെനിക് ഷോക്കും (Neurogenic Shock):

അനസ്തെഷ്യയില്ലാതെ ഗർഭാശയ മുഖം വികസിപ്പിക്കുമ്പോഴും ഭിത്തി ചുരണ്ടുമ്പോഴും അനുഭവപ്പെടുന്ന അസഹനീയമായ വേദന രോഗിയെ ബോധക്ഷയത്തിലേക്കും ശാരീരിക ആഘാതത്തിലേക്കും തള്ളിവിടുന്നു.

ആഷർമാൻസ് സിൻഡ്രോം (Asherman's Syndrome):

ശാസ്ത്രീയമായി ചുരണ്ടുമ്പോൾ ഗർഭാശയ ഭിത്തിയിലുണ്ടാകുന്ന ആഴത്തിലുള്ള തഴമ്പുകൾ (Scar tissue) ഭാവിയിൽ ക്രമരഹിതമായ ആർത്തവത്തിനും വന്ധ്യതയ്ക്കും കാരണമാകാം. അനാവശ്യമായ ചുരണ്ടലുകൾ മൂലം ആന്തരിക മുറിവുകളും കഠിനമായ രക്തസ്രാവവും അണുബാധയും (Sepsis) ഉണ്ടാകാൻ സാധ്യതയേറുന്നു. വേദന ഒരു പ്രതികാര ശിക്ഷയായി അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളിൽ ദീർഘകാലത്തേക്ക് ഗുരുതരമായ മാനസികാഘാതവും (PTSD) മെഡിക്കൽ സിസ്റ്റത്തോടുള്ള ഭയവും രൂപപ്പെടുന്നു.

WHO ഗൈഡ്‌ലൈനുകൾ പ്രകാരം സക്ഷൻ അസ്പിറേഷൻ (MVA/EVA) രീതികളോ, D&E (Dilation and Evacuation), മെഡിക്കൽ അബോർഷൻ (Pills) എന്നിവയോ ആണ് ശുപാർശ ചെയ്യുന്നത്. എന്നാൽ ആശുപത്രികളുടെ സാമ്പത്തിക നേട്ടത്തിനും രോഗിയെ ബുദ്ധിമുട്ടിക്കുന്ന ശിക്ഷ എന്ന നിലയിലും ഡോക്ടർമാർ ഇപ്പോഴും രോഗികളെ D&C-യിലേക്ക് തള്ളിവിടുന്നു.

ഇതിലും ക്രൂരമായ മറ്റൊരു യാഥാർത്ഥ്യമുണ്ട്; ഭൂരിഭാഗം ആശുപത്രികളിലും D&C ചെയ്യുന്ന സമയത്ത് പ്രാദേശികമായോ (Local) പൂർണ്ണമായോ (General) അനസ്തെഷ്യ (Anesthesia) നൽകാൻ ഡോക്ടർമാർ തയ്യാറാകുന്നില്ല. "അത്രയും അസഹനീയമായ വേദന അനുഭവിക്കട്ടെ" എന്ന മട്ടിലുള്ള ഈ സമീപനം കേവലം ചികിത്സാ വൈകല്യമല്ല, മറിച്ച് അതൊരു മെഡിക്കൽ ഹരാസ്‌മെന്റാണ് (Medical Harassment). "നിന്റെ തെറ്റിന് നീ വേദന തിന്നണം" എന്ന യാഥാസ്ഥിതിക കുറ്റബോധം രോഗിക്കുമേൽ അടിച്ചേൽപ്പിക്കുന്ന സദാചാര വിചാരണയുടെ മറ്റൊരു രൂപമാണ.  കേരളത്തിലെ ഭൂരിഭാഗം ഡോക്ടർമാരും ഇപ്പോഴും യാതൊരു വീണ്ടുവിചാരവുമില്ലാതെ രോഗികളെ D&C-യിലേക്ക് തള്ളിവിടുന്നത് രോഗിയുടെ ശാരീരിക സുരക്ഷിതത്വത്തേക്കാൾ സാമ്പത്തിക ചൂഷണത്തിനും ഡോക്ടറുടെ സൗകര്യത്തിനും മാത്രം പ്രാധാന്യം നൽകുന്നതിന്റെ തെളിവാണ്.


ഗവൺമെന്റ് ആശുപത്രികളിലെ വാതിലടയ്ക്കലും 'വൈകുന്നേരത്തെ ക്ലിനിക്ക്' കച്ചവടവും

സൗജന്യ ചികിത്സ നൽകേണ്ട ഗവൺമെന്റ് ആശുപത്രികളിൽ അബോർഷൻ നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

അബോർഷൻ ആവശ്യപ്പെട്ട് ഒരു സ്ത്രീ ഗവൺമെന്റ് ആശുപത്രിയെ സമീപിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിലൊന്ന് അവിടുത്തെ 'മാൻഡേറ്ററി അഡ്മിഷൻ' (Mandatory Admission) പ്രൊസീജ്യർ ആണ്. കേവലം ഗുളികകൾ (Pills) കഴിച്ച് വീട്ടിൽ വിശ്രമിച്ചുകൊണ്ട് ചെയ്യാവുന്ന മെഡിക്കൽ അബോർഷന് പോലും ഗവൺമെന്റ് hospitalukalil രോഗി അഡ്മിറ്റ് ആകണമെന്ന് നിർബന്ധം പിടിക്കുന്നു.

കുടുംബത്തിൽനിന്നോ സമൂഹത്തിൽനിന്നോ സ്വകാര്യത ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്, വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക്, ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവർക്ക് ദിവസങ്ങളോളം ആശുപത്രിയിൽ അഡ്മിറ്റ് ആയി കഴിയുക എന്നത് പലപ്പോഴും പ്രായോഗികമല്ല. അതിനിടെയാണ് “കൂടെ ആരെങ്കിലും വേണം”, “ഹസ്ബൻഡ് കൺസെന്റ് വേണം”, “പാരന്റ്സ് കൺസെന്റ് വേണം”, പ്രത്യേകിച്ച് അവിവാഹിതയായ സ്ത്രീകളോട് “ടെസ്റ്റിമണി” എഴുതിക്കൊടുക്കണം തുടങ്ങിയ പലവിധ കാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുന്നത്.

സ്ത്രീകൾ നേരിടുന്ന ഈ പ്രായോഗിക പരിമിതികളെയും, സ്വന്തം തീരുമാനവും ചികിത്സയും സ്വകാര്യമായി സൂക്ഷിക്കാനുള്ള അവരുടെ നിർബന്ധിതാവസ്ഥയെയും സംവിധാനം കൃത്യമായി ചൂഷണം ചെയ്യുകയാണ്. “അഡ്മിറ്റ് ആകാൻ പറ്റില്ലെങ്കിൽ പ്രൈവറ്റ് ക്ലിനിക്കുകളിലേക്ക് പൊയ്ക്കോളൂ” എന്ന മട്ടിൽ, സർക്കാർ ആശുപത്രികളിൽനിന്ന് അവരെ പുറന്തള്ളുന്നു.

ഗവൺമെന്റ് ആശുപത്രികളിലെത്തുന്ന സ്ത്രീകളെ ഭയപ്പെടുത്തി തിരിച്ചയക്കുന്നതിനേക്കാൾ ക്രൂരമായ മറ്റൊരു മാഫിയാപ്രവർത്തനം അവിടെ നടക്കുന്നുണ്ട്. അബോർഷനെത്തുന്ന സ്ത്രീകളോട് "വൈകുന്നേരം എന്റെ പ്രൈവറ്റ് ക്ലിനിക്കിലേക്ക് വരൂ" എന്ന് പരസ്യമായി നിർദ്ദേശിക്കുന്ന ഗൈനക്കോളജിസ്റ്റുകൾ ഇവിടെ ധാരാളമുണ്ട്.

അബോർഷൻ ആവശ്യപ്പെടുന്ന സ്ത്രീകൾക്ക് പരമാവധി രഹസ്യസ്വഭാവം (Privacy & Confidentiality) ആവശ്യമാണ് എന്ന അവസ്ഥയാണ് ഡോക്ടർമാർ ചൂഷണം ചെയ്യുന്നത്. "ഹോസ്പിറ്റലിൽ ചെയ്താൽ ആളുകളറിയും, പ്രൊസീജറുകൾ സങ്കീർണ്ണമാണ്, റിപ്പോർട്ടിംഗ് വലിയ പണിയാണ്" എന്നൊക്കെ പറഞ്ഞ് രോഗികളെ ഭയപ്പെടുത്തി സ്വന്തം സ്വകാര്യ ക്ലിനിക്കിലേക്ക് തിരിച്ചുവിട്ട്, അവിടെ വെച്ച് പതിനായിരങ്ങൾ ഈടാക്കി പണമുണ്ടാക്കുന്ന സാമ്പത്തിക ചൂഷണമാണ് (Monetary Exploitation) ഇവിടെ നടക്കുന്നത്.

ഗവൺമെന്റ് ആശുപത്രികളിലെ ഇല്ലാത്ത അഡ്മിഷൻ നിബന്ധനകളും, പ്രൈവറ്റ് ക്ലിനിക്കുകളിലെ ഭീമമായ സാമ്പത്തികഭാരവും താങ്ങാൻ കഴിയാത്ത സാധാരണക്കാരായ സ്ത്രീകൾ ഒടുവിൽ വ്യാജ മെഡിക്കൽ ഷോപ്പുകളിൽ നിന്നോ ഓൺലൈൻ വഴിയോ അനധികൃതമായി (Illegal / Unsafe) പിൽസ് വാങ്ങി കഴിക്കാൻ നിർബന്ധിതരാകുന്നു. ഇത് അപൂർണ്ണമായ അബോർഷനും (Incomplete abortion), കടുത്ത രക്തസ്രാവത്തിനും, ചിലപ്പോൾ ജീവന് തന്നെ അപകടമുണ്ടാക്കുന്ന മെഡിക്കൽ കോംപ്ലിക്കേഷൻസുകളിലേക്കും നയിക്കുന്നു.

ചുരുക്കത്തിൽ, അനാവശ്യമായ നിർബന്ധിത അഡ്മിഷൻ വ്യവസ്ഥകളിലൂടെ സർക്കാർ ആരോഗ്യസംവിധാനം തന്നെ പൊതുജനങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണ്. ഇതിന്റെ ഫലമായി സാധാരണക്കാരായ സ്ത്രീകൾ സ്വകാര്യ ആശുപത്രികളുടെ ഉയർന്ന ചികിത്സാചെലവിലേക്കോ, അതിലും അപകടകരമായ നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ മാർഗങ്ങളിലേക്കോ തള്ളപ്പെടുന്നു.

സ്വകാര്യ മേഖലയിലാകട്ടെ, അബോർഷൻ പലപ്പോഴും വലിയൊരു കച്ചവടമായി മാറുന്നു. 500 രൂപയിൽ താഴെ വിലയുള്ള ഒരു പിൽ ഉപയോഗിച്ച് പൂർത്തിയാക്കാവുന്ന മെഡിക്കൽ അബോർഷന് പോലും 10,000 മുതൽ 25,000 രൂപ വരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. ഒരു സ്ത്രീയുടെ നിർബന്ധിതാവസ്ഥയും സ്വകാര്യത സംരക്ഷിക്കേണ്ട ആവശ്യവും, ചിലയിടങ്ങളിൽ ചികിത്സയ്ക്കപ്പുറം ലാഭമുണ്ടാക്കാനുള്ള അവസരമായി മാറുകയാണ്.

കേരളത്തിലെ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ ആശുപത്രികളിലാണ് MTP- കൾ കൂടുതലായി നടക്കുന്നതെന്ന് കാണാം. 2017–18ൽ സ്വകാര്യ ആശുപത്രികളിൽ 6,647 MTP- കൾ നടന്നപ്പോൾ, 2023–24ൽ ഇത് 14,825 ആയി ഉയർന്നു. അതേസമയം സർക്കാർ ആശുപത്രികളിലെ എണ്ണം 2,811-ൽ നിന്ന് 5,354 ആയി മാത്രമാണ് വർധിച്ചത്.

രഹസ്യസ്വഭാവത്തോടെ നിർവ്വഹിക്കുന്ന ഇത്തരം പ്രൊസീജ്യറുകളിൽ ഭൂരിഭാഗവും ഔദ്യോഗിക രേഖകളിൽപ്പെടാതെ പോകുന്ന വലിയൊരു അണ്ടർ- റിപ്പോർട്ടിംഗ് സിസ്റ്റത്തിനുള്ളിൽ നിലനിൽക്കുന്നുണ്ട്. ഈ വിവരമറവിക്ക് പിന്നിൽ കൃത്യമായ ചില മെഡിക്കൽ-സിസ്റ്റമിക് കാരണങ്ങളുണ്ട്: തങ്ങൾ നടത്തുന്ന അബോർഷനുകളുടെ കൃത്യമായ കണക്കുകൾ പല പ്രൈവറ്റ് ക്ലിനിക്കുകളും ഡോക്ടർമാരും പ്രതിമാസ റിപ്പോർട്ടുകളിൽ (Monthly Reporting System) ഉൾപ്പെടുത്താൻ തയ്യാറാകുന്നില്ല. ചുരുക്കത്തിൽ, നിയമപരമായ ഒരു പ്രത്യുൽപാദന ആരോഗ്യ സർവീസിനെ 'കുറ്റകൃത്യത്തിന്റെ' തണലിൽ നിർത്തി, ഔദ്യോഗിക ഡാറ്റ പോലും കൃത്യമായി രേഖപ്പെടുത്താതെ അനിയന്ത്രിതമായ സാമ്പത്തിക ചൂഷണ മേഖലയാക്കി മാറ്റുകയാണ് നമ്മുടെ മെഡിക്കൽ സിസ്റ്റം.

'ധർമ്മമല്ല, അവകാശമാണ്'

  • ഹെൽത്ത് കെയർ അവകാശമാണ്:

അബോർഷനെയും റിപ്രൊഡക്റ്റീവ് ചോയ്സുകളെയും സദാചാരത്തിന്റെയോ സഹതാപത്തിന്റെയോ കണ്ണിലൂടെ കാണുന്നതിനു പകരം, അത് തികച്ചും "മെഡിക്കൽ കെയർ / എസൻഷ്യൽ ഹെൽത്ത് കെയർ" (Essential Healthcare) ആയി സംസാരിക്കുക.

  • ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം:

ഭരണഘടനയുടെ ആർട്ടിക്കിൾ 21 വാഗ്ദാനം ചെയ്യുന്ന 'ജീവിക്കാനുള്ള അവകാശത്തിൽ' (Right to Life and Personal Liberty) സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും (Right to Privacy & Bodily Autonomy) ഉൾപ്പെടുന്നുവെന്ന സുപ്രീം കോടതി വിധികളെ മുൻനിർത്തി സംസാരിക്കുക.

  • ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് (State  Accountability) സംസാരിക്കുക:

വോട്ടവകാശവും നികുതിയും നൽകുന്ന പൗരർക്ക് ഗവൺമെന്റ് ആശുപത്രികളിൽനിന്ന് അനാവശ്യ ചോദ്യങ്ങളോ സദാചാര വിചാരണയോ ഇല്ലാതെ സൗജന്യമായും സുരക്ഷിതമായും ഈ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ട്.

  • സർക്കാർ ആശുപത്രികളിലെ തടസ്സങ്ങൾ നീക്കുക:

സുരക്ഷിതമായ ഗർഭച്ഛിദ്രസേവനം എല്ലാവർക്കും എളുപ്പം ലഭ്യമാകണമെങ്കിൽ സർക്കാർ ആശുപത്രികളിലെ അനാവശ്യമായ നടപടിക്രമങ്ങളും സേവനതടസ്സങ്ങളും ഒഴിവാക്കണം. പ്രത്യേകിച്ച് മെഡിക്കൽ അബോർഷൻ (ഗുളികകൾ വഴി നടത്തുന്ന ഗർഭച്ഛിദ്രം) ആവശ്യമായ സാഹചര്യങ്ങളിൽ, ആവശ്യകതയില്ലാത്ത ‘നിർബന്ധിത അഡ്മിഷൻ’ പോലുള്ള നിബന്ധനകൾ ഒഴിവാക്കി, ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് സേവനം ലഭ്യമാക്കണം.

സർക്കാർ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാർക്ക് ആവശ്യമായ (D &E polulla noothana) ശസ്ത്രക്രിയാ രീതികളിൽ പരിശീലനം നൽകുകയും, അതിനാവശ്യമായ ഉപകരണങ്ങളുടെയും മറ്റ് മെഡിക്കൽ സൗകര്യങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും വേണം. സുരക്ഷിതമായ ഗർഭച്ഛിദ്രസേവനം ഏതാനും വലിയ ആശുപത്രികളിൽ മാത്രം കേന്ദ്രീകരിക്കാതെ, സർക്കാർ താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ പ്രാഥമികവും പ്രാദേശികവുമായ ആരോഗ്യസ്ഥാപനങ്ങളിൽ ഉറപ്പാക്കുകയും വേണം.

അതോടൊപ്പം, സർക്കാർ ആശുപത്രികളിൽ സേവനം തേടിയെത്തുന്ന രോഗികളെ സ്വകാര്യ ക്ലിനിക്കുകളിലേക്ക് സാമ്പത്തിക താൽപര്യത്തോടെ വഴിതിരിച്ചുവിടുന്ന പ്രവണത സർക്കാർ ഗൗരവമായി പരിശോധിക്കണം. രോഗിയുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് സ്വകാര്യ ചികിത്സയിലേക്ക് നിർബന്ധിതമായി നയിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിനെ ആരോഗ്യരംഗത്തെ അഴിമതിയായും രോഗിയുടെ അവകാശങ്ങളുടെ ലംഘനമായും ചോദ്യം ചെയ്യുകയും ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും വേണം.

സ്വകാര്യ ആശുപത്രികളിലെ സേവനങ്ങൾ

നിയന്ത്രണവും ഉത്തരവാദിത്വവും ഉറപ്പാക്കുക:

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഗർഭച്ഛിദ്ര സേവനങ്ങൾ നൽകുമ്പോൾ രോഗിയുടെ ആരോഗ്യവും അവകാശങ്ങളും മുൻഗണനയാക്കുന്ന കൃത്യമായ സർക്കാർ പ്രോട്ടോക്കോളുകളും മേൽനോട്ട സംവിധാനവും ഉണ്ടാകണം. അമിതമായ ചികിത്സാചെലവ് ഈടാക്കുകയും സാമ്പത്തികമായി രോഗികളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ കൃത്യമായ നിരീക്ഷണവും റിപ്പോർട്ടിംഗ് സംവിധാനവും ആരോഗ്യവകുപ്പ് ഉറപ്പാക്കണം.

ഡി ആൻഡ് സി പോലുള്ള നിലവിൽ ശുപാർശ ചെയ്യപ്പെടാത്ത രീതികൾ അനാവശ്യമായി അടിച്ചേൽപ്പിക്കുന്നത് തടയുകയും, ഗർഭകാലത്തിനും രോഗിയുടെ ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ, തെളിവ് അടിസ്ഥാനമാക്കിയുള്ള രീതികൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം.

MTP സേവനം അടിസ്ഥാന ആരോഗ്യസേവനങ്ങളുടെ ഒരു നിർബന്ധിത മാനദണ്ഡമായി പരിഗണിച്ച്, ആവശ്യമായ സൗകര്യങ്ങളുള്ള എല്ലാ അംഗീകൃത സ്വകാര്യ ആശുപത്രികളിലും അത് ലഭ്യമാക്കണം. ഒരു ഡോക്ടർക്ക് വ്യക്തിപരമായ വിശ്വാസങ്ങളോ conscientious objection-ഓ ഉണ്ടാകാം. എന്നാൽ അത് രോഗിയുടെ നിയമപരമായ അവകാശത്തെയും ചികിത്സ ലഭിക്കാനുള്ള അവകാശത്തെയും തടസ്സപ്പെടുത്തരുത്. രോഗിക്ക് ആവശ്യമായ സേവനം ഉറപ്പാക്കാനുള്ള അന്തിമ ഉത്തരവാദിത്വം ആശുപത്രി തന്നെ ഏറ്റെടുക്കണം.

വിവാഹിതയായ സ്ത്രീ, ഇതിനകം ഒരു കുഞ്ഞിന്റെ അമ്മയായിരിക്കെ, അനാവശ്യ ഗർഭധാരണം നേരിടുമ്പോൾ പോലും ഇത്ര സാമൂഹിക- മാനസിക സമ്മർദ്ദം നേരിടേണ്ടിവരുന്നുണ്ടെങ്കിൽ, വിവാഹിതരല്ലാത്തവരും ഗർഭധാരണം മറ്റുള്ളവരിൽനിന്ന് മറച്ചുവെക്കാനാഗ്രഹിക്കുന്നവരും നേരിടേണ്ടിവരുന്ന സാഹചര്യം എത്രത്തോളം ബുദ്ധിമുട്ടുള്ളതായിരിക്കും?

കേരളത്തിലെ അബോർഷൻ സർവീസുകൾ നേരിടുന്ന ഈ സിസ്റ്റമിക് അതിക്രമങ്ങൾ കേവലം വ്യക്തിഗത അനുഭവങ്ങളല്ല, മറിച്ച് നമ്മുടെ ഗൈനക്കോളജി മുറികളിലും ഭരണസംവിധാനങ്ങളിലും വേരൂന്നിയ ആൺകോയ്മയുടെയും ധാർമ്മിക വിചാരണകളുടെയും ഫലമാണ്. സ്ത്രീയുടെ പ്രത്യുൽപാദന അവകാശങ്ങളും (Reproductive Rights) ശരീരത്തിന്മേലുള്ള സ്വയംനിർണ്ണയാവകാശവും (Bodily Autonomy) സംരക്ഷിക്കപ്പെടണമെങ്കിൽ സമഗ്രമായ medical നിയമ-സംവിധാന മാറ്റങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.

നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അബോർഷനിലൂടെ കടന്നുപോയ വ്യക്തിയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോ പരിചയക്കാരോ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കിൽ, ഒരു നിമിഷം ഒന്ന് ആലോചിച്ചുനോക്കൂ: നിങ്ങളുടെ അബോർഷൻ യഥാർത്ഥത്തിൽ സുരക്ഷിതമായിരുന്നോ?

▮

(ഈ വിഷയത്തിൽ നിരന്തരമായി ഇടപെടുകയും, അബോർഷൻ ഉൾപ്പെടെയുള്ള പ്രത്യുൽപാദന ആരോഗ്യ സേവനങ്ങൾ സദാചാര വിചാരണകളില്ലാതെ സുരക്ഷിതമായും മാന്യമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനായി Safe Abortion Kerala എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. നിങ്ങൾക്കോ സുഹൃത്തുക്കൾക്കോ ആശുപത്രികളിൽ നിന്നും സമാനമായ അതിക്രമങ്ങളോ സദാചാര വിചാരണകളോ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിൽ അനുഭവങ്ങൾ പങ്കുവെക്കാനും ഈ കൂട്ടായ്മയുടെ ഭാഗമായി ഒരുമിച്ച് പ്രവർത്തിക്കാനും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം: [email protected].

ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന വിവരങ്ങളും കേസ് സ്റ്റഡികളും The YP Foundation നൽകിയ SAFE Fellowship (2023-24) ഭാഗമായി ഞങ്ങൾ കേരളത്തിലെ ലൈംഗിക- പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചും അബോർഷൻ ലഭ്യതയെക്കുറിച്ചും നടത്തിയ വിശദമായ പഠനത്തിന്റെ തുടർച്ചയാണ്. ഫെലോഷിപ്പ് കാലയളവിൽ കണ്ടെത്തിയ യാഥാർത്ഥ്യങ്ങളുടെയും, തുടർന്ന് ഇതുവരെ ഈ വിഷയത്തിൽ നടന്ന സംവാദങ്ങളുടെയും അനുഭവങ്ങളുടെയും ആകെത്തുകയാണ് ഈ ലേഖനം.)


Summary: Seeking legal abortion care in Kerala often subjects women to illegal consent barriers, privacy breaches, and financial extortion. Case study and report by Udayaswani S and Firsha V.


ഉദയശ്വനി എസ്.

പ്രൊജക്റ്റ്‌ ഇന്റേൺ. ഇന്ത്യൻ സ്കൂൾ ഓഫ് ഡെവലപ്പ്മെന്റ് മാനേജ്മെന്റ്, ന്യൂഡൽഹി.

ഫിർഷ വി.

ഗവേഷക, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, ചെന്നൈ.

Comments