മരിക്കുന്നതു വരെ താൻ ആക്രമിക്കപ്പെട്ട, തന്റെ സഹപ്രവർത്തകയായ സുഹൃത്തിനൊപ്പം, അവൾക്കൊപ്പം നിൽക്കുമെന്നും അതിന്റെ പേരിൽ തനിക്ക് എന്തു സംഭവിച്ചാലും അതൊരു വിഷയമല്ല എന്നും സയനോര പറയുന്നു. ചങ്ക് പറിച്ചും കൂടെ നിൽക്കുന്ന ചങ്ങായിയാണ് താനെന്ന് സയനോര ആവർത്തിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്രതാരങ്ങൾ തന്നെയായ സാക്ഷികൾ കൂറുമാറുകയും ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിൽ സയനോരയുടേത് ധീരമായ നിലപാടാണ്.
ഉറക്കെ ചിരിക്കുന്ന സ്ത്രീയാണ് സയനോര. മലയാള സിനിമാസംഗീത രംഗത്ത് ആദ്യമായി ബാക് ഗ്രൗണ്ട് സ്‌കോർ ചെയ്ത മലയാളി സംഗീത സംവിധായിക സയനോരയാണ്. ജോലി ചെയ്ത് പണം സമ്പാദിക്കുന്ന, യാത്രകൾ ചെയ്യുന്ന, വാഹനങ്ങൾ ഓടിക്കുന്ന ഒരു സ്ത്രീയ്ക്ക് സ്വാഭാവികമായും ഉണ്ടാവുന്ന ഉൾക്കരുത്തുണ്ട് സയനോരയുടെ സംസാരത്തിന്. പാട്ടും സൗഹൃദവും ജീവിത കാഴ്ചപ്പാടുകളും ഉറക്കെച്ചിരികളും നിറഞ്ഞതാണ് കണ്ണൂർക്കാരിയായ, ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പുമായുള്ള ഈ സംസാരം.