ഭാവന

ഭാവനയുടെ തിരിച്ചുവരവ്​
ഒരു രാഷ്​ട്രീയ നിലപാടാണ്​

‘എന്തുകൊണ്ട്​ ​എനിക്കുമാത്രം ഇത് സംഭവിച്ചു’ എന്ന് ഒരു ദിവസം അവൾ ചോദിച്ചപ്പോൾ കൊടുത്ത ഉത്തരം എനിക്കോർമയുണ്ട്​: ‘നിനക്കുമാത്രമേ അത് മറികടന്ന് മുന്നോട്ടുപോകാൻ പറ്റൂ, അതുകൊണ്ടാണ് നിനക്കുതന്നെ ഇത് സംഭവിച്ചത്.’

സയനോര

ചിലരുണ്ട്; പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്ന്, അതിൽ നിന്നൊക്കെ ഓടിയൊളിക്കാൻ ശ്രമിക്കുന്നവർ. എന്നാൽ ചിലർ പ്രതിസന്ധികളെ തോളിലേറ്റുന്നു, അവയിൽ നിന്ന് പഠിക്കുവാനുള്ള പാഠങ്ങളുൾക്കൊണ്ട് ചുറ്റിലുള്ളവർക്ക് പ്രചോദനമായി മുന്നേറുന്നു. ഭാവന അങ്ങനെയുള്ള ഒരാളാണ്. സമൂഹത്തെ ആകമാനം അവർ ഉടച്ചുവാർത്തെടുക്കുന്ന കാഴ്ചയാണ് നാം എല്ലാവരും കഴിഞ്ഞ അഞ്ചുവർഷമായി കണ്ടത്. അവളുടെ ധൈര്യവും ആത്മവിശ്വാസവും ഒരു ദിവസം കൊണ്ടുണ്ടായതല്ല. കളിച്ചുചിരിച്ചു നടന്നിരുന്ന ആ പെൺകുട്ടി ഇന്ന് ലോകത്താകമാനമുള്ളവർക്ക് ഒരുപാട് പ്രത്യാശ നൽകുന്ന ഒരാളാണ്. ‘എന്തുകൊണ്ട്​ ​എനിക്കുമാത്രം ഇത് സംഭവിച്ചു’ എന്ന് ഒരു ദിവസം അവൾ ചോദിച്ചപ്പോൾ കൊടുത്ത ഉത്തരം എനിക്കോർമയുണ്ട്​: ‘നിനക്കുമാത്രമേ അത് മറികടന്ന് മുന്നോട്ടുപോകാൻ പറ്റൂ, അതുകൊണ്ടാണ് നിനക്കുതന്നെ ഇത് സംഭവിച്ചത്.’

ഭാവനയോടൊപ്പം സയനോര

അവൾ ഒരു പ്രതീകമാണ്​, ആക്രമിക്കപ്പെട്ടവർക്കും ചൂഷണത്തിന് വിധേയരാവുന്നവർക്കും നിലനിൽപ്പിനെക്കുറിച്ചോർത്ത്​ വേവലാതിപ്പെടുന്നവർക്കും.

‘എനിക്ക് ഞാൻ ഉണ്ട്, എപ്പോഴും എന്റെ നീതിക്കുവേണ്ടി ഞാൻ നിലകൊള്ളുക തന്നെ ചെയ്യും’- അതാണ് അവളുടെ മുദ്രാവാക്യം. ‘ന്റിക്കാക്കായ്‌ക്കൊരു പ്രേമണ്ടാർന്ന്​' എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവന അതിശക്തമായ ഒരു രാഷ്ട്രീയ നിലപാടാണ് നമുക്ക്​ കാണിച്ചുതരുന്നത്.
കണ്ണുള്ളവർ കാണട്ടെ. ▮


സയനോര

ഗായിക, സംഗീത സംവിധായിക.

Comments