റേപ് കേസിൽ അറസ്റ്റിലായ അധ്യാപകനെ പിരിച്ചുവിടണം; യൂണിവേഴ്‌സിറ്റിക്ക് പരാതി നൽകി വിദ്യാർഥിനി

സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ റേപ്പ്​ ചെയ്​ത കേസിൽ പ്രതിയായ അധ്യാപകൻ സുനിൽകുമാറിനെ പിരിച്ചുവിടുന്ന കാര്യത്തിൽ യൂണിവേഴ്‌സിറ്റി ഇടപെലുണ്ടാകണമെന്ന്​ വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഒന്നാം വർഷ ബി.ടി.എ. വിദ്യാർഥിനിയുടെ പരാതിയിൽ കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഡോ. എസ്. സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടിക്ക് ശക്തമായ പിന്തുണ നൽകി സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ സമരം തുടങ്ങിയശേഷമാണ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. കേസ് നടപടി മുന്നോട്ടുപോകുന്നതിനിടെ സുനിൽകുമാർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്. ഇതേതുടർന്നാണ്, സ്വന്തം​ മനുഷ്യാവകാശ സംരക്ഷണമെന്ന അവകാശം കൂടി ഉന്നയിച്ച്​ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്​.

വിദ്യാർഥിനിയെ റേപ്​ ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ അധ്യാപകൻ ഡോ. എസ്. സുനിൽകുമാറിനെ പുറത്താക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് തൃശൂരിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ. ഒന്നാം വർഷ ബി.ടി.എ. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഡോ. എസ്. സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടിക്ക് ശക്തമായ പിന്തുണ നൽകി സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ സമരം തുടങ്ങിയശേഷമാണ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. കേസ് നടപടി മുന്നോട്ടുപോകുന്നതിനിടെ സുനിൽകുമാർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്. ഇതേതുടർന്നാണ്, സ്വന്തം​ മനുഷ്യാവകാശ സംരക്ഷണമെന്ന അവകാശം കൂടി ഉന്നയിച്ച്​ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്​.

കാലിക്കറ്റ് സർവകലാശാല സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ സുനിൽകുമാറിനെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പരാതിക്കാരിയും മറ്റു വിദ്യാർഥികളും. സുനിൽകുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്റേണൽ കംപ്ലയിൻറ്​ കമ്മിറ്റിക്ക് (ICC) അതിജീവിതയായ വിദ്യാർഥിനി പരാതി നൽകിയിരുന്നു.

താൻ നേരിട്ട ലൈംഗിക, വൈകാരിക, മാനസിക പീഡനങ്ങളെല്ലാം വിശദമാക്കി മാർച്ച് 28-നാണ് വിദ്യാർഥിനി ഐ.സി.സി.യ്ക്ക് കത്തയച്ചത്. വിഷയത്തിൽ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകണമെന്നും സുനിൽകുമാറിനെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നുമാണ് വിദ്യാർഥിനി ആവശ്യപ്പെടുന്നത്. സുനിൽകുമാർ മറ്റു പല വിദ്യാർഥിനികളെയും ലൈംഗികമായി ആക്രമിച്ചിട്ടുണ്ടെന്നും അവരൊന്നും പുറത്തുപറയാൻ പറ്റാത്ത അവസ്ഥയിലാണെന്നും വിദ്യാർഥിനി പറയുന്നു. അധ്യാപക- വിദ്യാർഥി ബന്ധം ദുരുപയോഗം ചെയ്താണ് സുനിൽകുമാർ തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് വിദ്യാർഥിനി പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2022 ജനുവരി 17-ന് കോളേജ് അടച്ചു. കോവിഡ് കാരണം നാട്ടിലേക്ക് പോകാൻ സാധിക്കാതിരുന്ന വിദ്യാർഥിനിയോട് താനും ഭാര്യയും താമസിക്കുന്ന വീട്ടിലേക്ക് വന്ന് താമസിക്കാൻ സുനിൽ നിർദേശിക്കുകയായിരുന്നു. അതേ അപ്പാർട്ട്‌മെന്റിൽ തന്നെ തൊട്ടുതാഴെയാണ് എച്ച്.ഒ.ഡി.യും കുടുംബവും താമസിക്കുന്നത് എന്നതിനാലും സുനിലിന്റെ ഭാര്യ കൂടെയുണ്ട് എന്നതിനാലും സുരക്ഷിതമായിരിക്കുമെന്ന് കരുതിയാണ് വിദ്യാർഥിനി പോയത്. എന്നാൽ വിദ്യാർഥിനിയുടെ നിസഹായാവസ്ഥ മുതലെടുത്ത് സുനിൽകുമാർ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ്​ പരാതി. ഈ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ പഠനത്തെ ബാധിക്കുമെന്ന്​അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്​.

2022 ഫെബ്രുവരി 12-ന് കോളജ് തുറന്നതോടെ സുനിലിന്റെ സാന്നിധ്യം പെൺകുട്ടിക്ക് വലിയ പ്രയാസമുണ്ടാക്കി. ഫെബ്രുവരി 13-ന് പെൺകുട്ടി ആത്മഹത്യാശ്രമം നടത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനിയെ ഈ അധ്യാപകൻ അവിടെ ചെന്നും മാനസികമായി സമ്മർദത്തിലാക്കി. വിദ്യാർഥിനിയുടെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന സുഹൃത്തുക്കളോട് "അവൾക്ക് മാനസികപ്രശ്‌നമാണെന്നും അതിനാൽ പലതും പറയാൻ സാധ്യതയുണ്ടെന്നും' പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയുമാണ് അധ്യാപകൻ ചെയ്​തതെന്ന്​ പരാതിയിൽ പറയുന്നു. ഫെബ്രുവരി 15-ന് അയാൾ മദ്യപിച്ച് വിദ്യാർഥിനിയെ ഫോൺ വിളിക്കുകയും സംഭവിച്ച കാര്യങ്ങൾ പുറത്തുപറഞ്ഞാൽ താൻ കടലിലേക്ക് കാറോടിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറയുകയും ചെയ്തുവത്രേ.

ഫെബ്രുവരി 16-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി ഹോസ്റ്റലിലെത്തിയ വിദ്യാർഥിനിയെ ഹോസ്റ്റൽ വാർഡനും മറ്റൊരു അധ്യാപികയും ചോദ്യം ചെയ്തു. എന്തിനാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് അവർ പലതവണ ചോദിച്ചെങ്കിലും പെൺകുട്ടി പറയാൻ തയ്യാറായില്ല. മാസങ്ങൾക്കുമുമ്പ് കോളേജിൽ ക്ലാസെടുക്കാനെത്തിയ കേരള യൂണിവേഴ്‌സിറ്റിയിലെ രാജാ വാര്യരെന്ന അധ്യാപകനിൽ നിന്ന് ക്ലാസിൽവെച്ചുണ്ടായ ഫിസിക്കൽ അബ്യൂസിനെക്കുറിച്ച് പരാതിപ്പെട്ടപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തനിക്ക് കോളേജിലെ ആരെയും വിശ്വാസമില്ലാത്തതിനാലാണ് പറയാതിരുന്നതെന്നാണ് വിദ്യാർഥിനി പറയുന്നത്.

സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ സമരത്തിനായി പോസ്റ്ററുകൾ തയ്യാറാക്കുന്നു

ഫെബ്രുവരെ 24-ന് ക്യാമ്പസിൽ പെൺകുട്ടികൾക്ക് മാത്രമായി വിളിച്ചുചേർത്ത മീറ്റിങ്ങിൽ പലരും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ സദാചാര പൊലീസിങ്ങിനെക്കുറിച്ചും മോശം പെരുമാറ്റങ്ങളെക്കുറിച്ചും പറഞ്ഞു. അപ്പോഴാണ് വിദ്യാർഥിനി രാജാ വാര്യരിൽ നിന്നുണ്ടായ അനുഭവത്തെപ്പറ്റി വീണ്ടും സംസാരിക്കുന്നത്. തുടർന്ന് സുനിൽകുമാറിൽ നിന്നുണ്ടായ ഇമോഷണൽ ടോർച്ചറിങ്ങിനെക്കുറിച്ചും പറഞ്ഞു.

മീറ്റിങ്ങിനെത്തിയ പെൺകുട്ടികളോട് ഓരോരുത്തരായി അകത്തുകയറിയാൽ മതിയെന്ന് അധ്യാപകർ പറഞ്ഞിരുന്നു. എന്തിനാണ് ഓരോരുത്തരെയായി കാണുന്നതെന്ന ചോദിച്ചപ്പോൾ ഇതൊരു അന്വേഷണമാണെന്നും പെൺകുട്ടികൾക്കെതിരെ കുറച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അധ്യാപകരുടെ മറുപടി. എന്നാൽ എന്ത് പരാതിയാണെന്ന് പറഞ്ഞിരുന്നില്ല. അധ്യാപകർ ആവശ്യപ്പെട്ടതനുസരിച്ച് അകത്ത് കയറിയ വിദ്യാർഥിനികൾക്ക് കടുത്ത സദാചാര പൊലീസിങ്ങാണ് അനുഭവിക്കേണ്ടിവന്നത്. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സദാചാര പൊലീസിങ് ഇതാദ്യമായല്ല നേരിടുന്നതെന്നും ക്യാമ്പസിൽ അത് പതിവാണെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. പഠനത്തിന്റെ ഭാഗമായി തിയേറ്ററിൽ കുറച്ചധികം സമയം ചെലവഴിക്കാൻ അനുമതി ചോദിക്കുന്നതിനെയടക്കം തെറ്റായ രീതിയിലാണ് അധ്യാപകർ വ്യാഖ്യാനിക്കുന്നത്. ഇവിടത്തെ പെൺകുട്ടികൾ മോശപ്പെട്ട കാര്യങ്ങൾക്കായാണ് പോകുന്നത് എന്ന തരത്തിലൊക്കെയുള്ള കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും നിരന്തരം കേൾക്കുന്നതാണ്. പരാതികളൊക്കെ അവഗണിക്കുന്ന രീതിയാണ് എച്ച്.ഒ.ഡി. വിനോദ് വി. നാരായണന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകുന്നതെന്നും വിദ്യാർഥിനികൾ പറയുന്നു. കടുത്ത ലിംഗവിവേചനമാണ് ഇവിടെ പെൺകുട്ടികൾ നേരിടുന്നത്.

സ്‌കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ പെൺകുട്ടികൾ രൂക്ഷമായ സദാചാര പൊലീസിങ്ങിനാണ് ഇരകളാകുന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്. വസ്ത്രധാരണത്തിന്റെ പേരിലും നാടകപരിശീലനത്തിന് ഉൾപ്പെടെ പോകുന്നതിന്റെ പേരിലുമൊക്കെ വിദ്യാർഥിനികൾ പലപ്പോഴും ചോദ്യംചെയ്യപ്പെടുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ ചിലപ്പോൾ ആൺകുട്ടികളും സദാചാര പൊലീസിങ്ങിന് ഇരയാകേണ്ടി വരാറുണ്ട്.

ഏകപക്ഷീമായ രീതിയിലാണ് രാജാ വാര്യരുടെ ക്ലാസ് പൊതുവെ പൊയ്‌ക്കൊണ്ടിരുന്നതെന്നും തുടക്കത്തിൽ ചിലരൊക്കെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നെന്നും അക്കൂട്ടത്തിൽപെട്ടയാളായിരുന്നു താനെന്നും പരാതിക്കാരിയായ വിദ്യാർഥിനി പറഞ്ഞു. ""ഒരു പെൺകുട്ടി ക്ലാസിൽ സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ "ടച്ചിങ് സെൻസേഷനെ'പ്പറ്റി സംസാരിക്കുന്നതിനിടെ അദ്ദേഹം എന്റെ കൈയിൽ അടിച്ചുകൊണ്ട് "വേദനയെടുത്തോ' എന്ന് ചോദിച്ചു. എന്തിനാണ് നിങ്ങൾ എന്നെ അടിച്ചതെന്ന് ചോദിച്ചപ്പോൾ ടച്ചിങ് സെൻസേഷനെപ്പറ്റി സംസാരിക്കുകയാണല്ലോ അപ്പോൾ ടച്ചിങ്ങിനെപ്പറി പറയാനാണ് അടിച്ചതെന്നായിരുന്നു മറുപടി.

""ഈ സംഭവത്തെക്കുറിച്ച് ഞാൻ എച്ച്.ഒ.ഡി.യോടും വാർഡനോടും ഇവിടത്തെ മറ്റ് അധ്യാപകരോടും പറഞ്ഞതാണ്. ആരും ഒരു നടപടിയുമെടുത്തില്ലെന്ന് മാത്രമല്ല, എന്നെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്.''- വിദ്യാർഥിനി പറയുന്നു. എച്ച്.ഒ.ഡി. വിനോദ് വി. നാരായണനും ഡീൻ ഡോ. എസ്. സുനിൽ കുമാറും രാജാ വാര്യരും വളരെയടുത്ത സുഹൃത്തുക്കളാണെന്നും അവരുടെ കള്ളുകുടി ചർച്ചയിലെ വിഷയമായിരുന്നു തന്നെ അടിച്ച കാര്യമെന്നും ഡോ. എസ്. സുനിൽ പിന്നീട് സൗഹൃദസംഭാഷണത്തിനിടയിൽ തന്നോട് പറഞ്ഞതായും വിദ്യാർഥിനി പറയുന്നു.

ഫെബ്രുവരി 25-ന്‌ സുനിൽകുമാർ കൂടി ഉൾപ്പെട്ട ഗ്രീവൻസ് സെൽ മീറ്റിങ്ങിൽ വെച്ച് ഫിസിക്കൽ അബ്യൂസിനെപ്പറ്റിയും ഇമോഷണൽ അബ്യൂസിനെപ്പറ്റിയും പറഞ്ഞെങ്കിലും റേപ്പിനെപ്പറ്റി പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്ന് വിദ്യാർഥിനി പറയുന്നു.

പിന്നീട് പല പെൺകുട്ടികളും സുനിൽകുമാറിൽ നിന്ന് നേരിട്ട സെക്ഷ്വൽ അബ്യൂസിനെപ്പിറ്റിയും മദ്യപിച്ചുള്ള ഫോൺ കോളുകളെക്കുറിച്ചും തന്നോട് പറഞ്ഞപ്പോഴാണ് തുറന്നുപറയാനും കേസ് കൊടുക്കാനും തീരുമാനിച്ചതെന്ന് വിദ്യാർഥിനി പറയുന്നു. ഇയാൾ ഇനിയും അധ്യാപകനായി തുടരുന്നത് ഒരുപാട് വിദ്യാർഥിനികളെ അപകടത്തിലാക്കുമെന്ന് ബോധ്യപ്പെട്ടതിനാൽ കേസുമായി മുന്നോട്ടുപോകാൻ വിദ്യാർഥിനി തീരുമാനിക്കുകയായിരുന്നു. 25-ന് നടന്ന മീറ്റിങ്ങിനുശേഷം പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ മാത്രമാണ് ക്യാമ്പസിലെ മറ്റു കുട്ടികൾ ലൈംഗികാതിക്രമം നടന്നതുൾപ്പെടെയുള്ള സംഭവങ്ങൾ അറിയുന്നത്. ക്യാമ്പസിലെ മറ്റു വിദ്യാർഥികളെല്ലാം ഒറ്റക്കെട്ടായി വിദ്യാർഥിനിക്കൊപ്പം നിൽക്കുകയും സുനിൽകുമാറിനെ പുറത്താക്കണമെന്നും പൊലീസ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു.

വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്ന് ഫെബ്രുവരി 27-ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും സ്‌കൂൾ ഓഫ് ഡ്രാമയിലെത്തുകയും അധ്യാപകരും വിദ്യാർഥികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ സുനിൽകുമാറിനെ യൂണിവേഴ്‌സിറ്റി സസ്‌പെൻഡ് ചെയ്യുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സുനിൽകുമാർ അറസ്റ്റ് ചെയ്യപ്പെട്ടതോടെ വിദ്യാർഥികൾ പ്രത്യക്ഷസമരത്തിൽ നിന്ന് പിന്നോട്ടുപോവുകയും അക്കാദമിക് കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയും ചെയ്തു. ഒരുമാസം കഴിഞ്ഞിട്ടും നടപടികൾ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് അതിജീവിത യൂണിവേഴ്‌സിറ്റി ഐ.സി.സി.യ്ക്ക് വിശദമായ കത്തെഴുതിയത്. എന്നാൽ മാർച്ച് 28-ന് നൽകിയ പരാതിയിൽ തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കേസ് മുന്നോട്ടുപോകുന്നതിനനുസരിച്ചായിരിക്കും യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുക. അതുവരെ ഡോ. എസ്. സുനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരും. പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേസിൽ സുനിൽകുമാർ കുറ്റവാളിയാണോയെന്ന് വ്യക്തമായതിനുശേഷം മാത്രമാണുണ്ടാവുക.

അതേസമയം, എത്രയും പെട്ടെന്ന് കേസ് നടപടികൾ മുന്നോട്ട് പോകണമെന്നും സുനിൽകുമാറിനെ പിരിച്ചുവിടുന്ന കാര്യത്തിൽ യൂണിവേഴ്‌സിറ്റിയുടെ ഇടപെടൽ ഉണ്ടാകണമെന്നുമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം വീണ്ടും സമരം തുടങ്ങുമെന്നും വിദ്യാർഥികൾ പറയുന്നു.

12 വർഷമായി സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായ സുനിൽ കുമാറിനെതിരെ നേരത്തെ ഇവിടെ പഠിച്ചുപോയ ഒട്ടേറെ വിദ്യാർഥിനികൾ ഈ വിദ്യാർഥിനിയുടെ പരാതി പുറത്തുവന്നതോടെ പരാതി ഉന്നയിച്ചിരുന്നു. ഈ അധ്യാപകൻ പൊതുവെ പെൺകുട്ടികളോട് മോശമായി പെരുമാറുകയും ഫോണിൽ വിളിച്ച് അശ്ലീലം പറയുകയും ചെയ്യുന്നയാളാണെന്നും മാർക്ക് കുറയ്ക്കുമെന്നും കോഴ്‌സ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടാകുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി എല്ലാവരെയും നിശബ്ദരാക്കുകയാണെന്നുമാണ് പറയുന്നത്.

മദ്യപിച്ച് വരുന്നയാളൊക്കെ ആണെങ്കിലും വിദ്യാർഥികളെ ലൈംഗികമായി ആക്രമിക്കുന്നയാളാണെന്ന് കരുതിയിരുന്നില്ലെന്നാണ് മറ്റ് അധ്യാപകർ പറയുന്നത്. പെൺകുട്ടിയുടെ പരാതി കിട്ടിയതിനുശേഷം വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്‌സിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയും അധ്യാപകനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും പൂർണമായും അതിജീവിതയായ വിദ്യാർഥിനിക്കൊപ്പമാണെന്നുമാണ് സ്ഥാപനത്തിലെ മറ്റ് അധ്യാപകർ വ്യക്തമാക്കിയിട്ടുള്ളത്.
ഡോ. സുനിലിന്റെ ഭാഗത്തുനിന്ന് മുമ്പും എത്രയോ പെൺകുട്ടികൾക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. ലൈംഗികച്ചുവയോടെ സംസാരിക്കുകയും മദ്യപിച്ച് ഫോൺ വിളിക്കുകയും ചെയ്യുന്നത് പതിവാണെന്ന് ഒട്ടേറെപ്പേർ പറയുന്നുണ്ട്. വിദ്യാർഥിനികളുമായുള്ള ലൈംഗികബന്ധം ഇയാളുടെ ഫാന്റസിയാണെന്ന് പറഞ്ഞതിന്റെ ഫോൺ കോൾ റെക്കോർഡ് ഉണ്ടെന്നും വിദ്യാർഥികൾ വ്യക്തമാക്കിയിട്ടുണ്ട്.

Comments