ലതിക സുഭാഷ്, ശോഭാ സുരേന്ദ്രൻ; പിന്നെ തുടർഭരണ 'ഭീഷണി'യും

ഈ കൊഴിച്ചിട്ട സോൾട്ട് ആൻഡ് പെപ്പർ കേശഭാരം കേരളത്തിന്റെ രാഷ്ട്രീയ പൗരുഷത്തിനു നേരെയുയർത്തിയ വെല്ലുവിളിക്ക് ഈ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു മാനമുണ്ട്.

മുണ്ഡനം ചെയ്ത ഒരു തലയിൽ നിന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പുത്സവം കൊട്ടിക്കയറുന്നത്. പുതുപ്പള്ളിയിലെ ‘അയ്യോ അച്ഛാ പോകല്ലേ’ വിളിയടക്കം വലിയ തെരഞ്ഞെടുപ്പു നാടകങ്ങൾ അതിനു മുമ്പു നടന്നെങ്കിലും മുക്കാലേമുണ്ടാണി മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ നിറഞ്ഞെങ്കിലും കുന്നത്തുനാടും വേണ്ടിവന്നാൽ മൂവാറ്റുപുഴയും പിടിക്കാൻ ട്വന്റി 20 കച്ചകെട്ടിയതിന്റെ പരസ്യം ഉപകാരസ്മരണയുള്ള മാധ്യമങ്ങൾ നമ്മെ ഉണർത്തിച്ചുവെങ്കിലും വൃത്തികെട്ടതും വിലകുറഞ്ഞതുമായ ഒരു മുദ്രാവാക്യം വിളി ഏതുപക്ഷത്തുനിന്നു വരരുതോ, അവിടെ നിന്ന്, കുറ്റ്യാടിയിൽ മുഴങ്ങിക്കേട്ടെങ്കിലും ഈ കൊഴിച്ചിട്ട സോൾട്ട് ആൻഡ് പെപ്പർ കേശഭാരം കേരളത്തിന്റെ രാഷ്ട്രീയ പൗരുഷത്തിനു നേരെയുയർത്തിയ വെല്ലുവിളിക്ക് ഈ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു മാനമുണ്ട്.

മത്സരിക്കാൻ സീറ്റുകിട്ടാതെ വരുന്നവരുടെ മോഹഭംഗമായി അതിനെ ചുരുക്കിക്കാണാനാവില്ല. കാരണം മോഹങ്ങളില്ലാത്തവരല്ല, രാഷ്ട്രീയക്കാരാരും. അതില്ല എന്നൊക്കെ നമ്മളങ്ങ് കല്പിച്ചുകൂട്ടുന്നുവെന്നേയുള്ളൂ. ചിലർ അതു തുറന്നുപ്രകടിപ്പിക്കുന്നു. ചിലർ അതു പുറത്തുകാട്ടാൻ പേടിക്കുന്നു. ഇനിയും ചിലർ നാണിക്കുന്നു.

പുരുഷന്​ ഒരു രൂപ, സ്​ത്രീക്ക്​ അഞ്ചുരൂപ ചെലവ്​

ലതിക സുഭാഷ് അതിനു ശേഷം ചാനൽ ചർച്ചയിൽ വന്നിരുന്നു പറഞ്ഞ ഒരു കാര്യമുണ്ട്. കോൺഗ്രസിലെ ഒരു മുൻനിര രാഷ്ട്രീയപ്രവർത്തകയെ സംബന്ധിച്ച്, പുരുഷ നേതാക്കൾ ഒരു രൂപ ചെലവഴിക്കുന്നിടത്ത് തങ്ങൾക്ക് അഞ്ചുരൂപ ചെലവഴിക്കേണ്ടി വരുന്നു എന്നതാണത്. സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷപദവിയാണ് അവർ ഇന്നു വച്ചൊഴിഞ്ഞത്. കേരളമൊട്ടാകെ സഞ്ചരിച്ച് രാഷ്ട്രീയപ്രവർത്തനം നടത്താൻ അവർക്ക് വാഹന സഹായമില്ലാതെ പറ്റില്ല. അതിനു തന്നെ നല്ല പണച്ചെലവുണ്ട്. എം.എൽ.എ ആയാൽ വാഹനവും ഡ്രൈവറും പെട്രോളുമൊക്കെ ലഭിക്കും. ഇല്ലെങ്കിൽ അതെല്ലാം കൈപ്പെറപ്പാണ്. അഴിമതിക്കാരല്ലാത്ത നേതാക്കൾക്ക് അതു താങ്ങാനാവുന്നതല്ല.

യാത്രാവേളയിൽ സ്വയരക്ഷയ്ക്കായി എടുക്കേണ്ടിവരുന്ന മുൻകരുതലുകളെ കുറിച്ച് അവർ പറയുമ്പോൾ അന്താരാഷ്ട്ര വനിതാദിനത്തിൽ തിരുവനന്തപുരത്ത രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാനവീയം വീഥി വരെ "രാത്രിയെ പിടിച്ചടക്കി' നടക്കുന്നതിന്റെ ആ തവളവീർപ്പ് കാണിച്ചാൽ പോരാ. ഇപ്പോഴും സ്വതന്ത്രമാകാത്ത നമ്മുടെ തെരുവുകളെ കുറിച്ചും രാത്രികളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

ഒരു വിരൽപ്പാടി​ന്റെ മുന്നേറ്റം

സമത്വവും സ്വാതന്ത്ര്യവും ചില കാര്യങ്ങളിൽ വേണം, ചില കാര്യങ്ങളിൽ പാടില്ല എന്നു പറയാവുന്നവയല്ല. അവ pick and choose ചെയ്യാവുന്ന ഒന്നല്ല . ഒന്നുകിൽ സ്വാതന്ത്ര്യമുണ്ട്, സമത്വമുണ്ട് അല്ലെങ്കിലില്ല. ശബരിമലയിൽ രജസ്വലകളായ സ്ത്രീകൾക്കു കയറാമോ എന്ന ചോദ്യത്തോട് അതല്ല, ഇന്നാടു നേരിടുന്ന പ്രധാന പ്രശ്‌നം എന്ന നിലപാടു സ്വീകരിക്കാം. കാരണം അതൊരു ജീവന്മരണ പ്രശ്‌നമല്ല. അതുകൊണ്ടു തന്നെ അതിൽ ആക്റ്റീവ് ആയ ഒരു നിലപാട് സ്വീകരിക്കണം എന്നു നിങ്ങളെ നിർബന്ധിക്കാനാവില്ല. മറ്റെല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞ് ക്ഷേത്രദർശനം എന്ന ആർഭാടത്തിനു സമയമുള്ളവർക്ക് അതേക്കുറിച്ചു ചർച്ചിക്കാം.

എന്നാൽ അവിടെ കയറാൻ പാടില്ല എന്ന നിലപാടെടുക്കുന്ന നിമിഷത്തിൽ അയാൾ വ്യവസ്ഥിതിക്കു കീഴ്‌പ്പെടുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പരിശ്രമിക്കുന്ന ഒരാളായി മാറുകയാണ്. അത്തരം ഒരു നിലപാട് സ്വീകരിച്ച ഒരാൾക്ക് സ്ഥാനാർത്ഥിപ്പട്ടികയിലെ ഉച്ചനീചത്വങ്ങളോടു പ്രതികരിക്കാൻ എന്തവകാശം എന്ന ചോദ്യം ഒരു വശത്തുണ്ട്. എന്നാൽ അങ്ങനെയായിരിക്കെ തന്നെ, തന്നെത്തൊടുന്ന അനീതിയോടു പ്രതികരിക്കാൻ അവർക്കാവുന്നുവെന്ന ഒരുവിരൽപ്പാടിന്റെ മുന്നേറ്റവുമുണ്ട്.

ശോഭ സുരേന്ദ്രന്റെ വിജയാശംസ

ഇത് ലതികാ സുഭാഷിന്റെ കാര്യത്തിൽ മാത്രമല്ല, മുള്ളും മുനയും വച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്​ രണ്ടുമണ്ഡലങ്ങളിൽ വിജയാശംസ നേർന്ന ശോഭ സുരേന്ദ്രന്റെ വാക്കുകളിലും നാം കണ്ടതാണ്. "രാഷ്ട്രീയരംഗത്തുള്ള പുരുഷന്മാർ പുനർവിചിന്തനത്തിനു തയ്യാറാകുന്ന സാഹചര്യമാണ് ഈ കാഴ്ചയിൽനിന്ന്​ ലഭിക്കുക എന്നുകരുതുന്നു' എന്നാണ് ലതികയുടെ തലമുണ്ഡനം ചെയ്ത പ്രവൃത്തിയെ കുറിച്ച് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.

എഴുത്തുകാരി കെ. ആർ. മീര, ഈ രണ്ടു സ്ത്രീകളുടെയും വിമതത്വത്തെ കുറിച്ച് മനോഹരമായ ഒരു കുറിപ്പെഴുതിയിട്ടുണ്ട്, ഫേസ്ബുക്കിൽ. വാസ്തവത്തിൽ ഈ കുറിപ്പിനു പോലും കടപ്പെട്ടിരിക്കുന്നത്, മീരയുടെ ആ വാചകങ്ങളോടാണ്. അതു കാണാത്തവരായി ആരെങ്കിലുമുണ്ടെങ്കിൽ അതുപോയി വായിക്കണം എന്ന്അഭ്യർത്ഥിക്കുന്നു. https://www.facebook.com

നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന്, തദ്ദേശസ്ഥാപനങ്ങളിലേതു പോലെയുള്ള സംവരണം ഇതേവരെ ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് രാഷ്ട്രീയകക്ഷികൾ അവരുടെ ഉറച്ച കോട്ടകളിൽ കഴിയുന്നത്ര സ്ത്രീകളെ നിർത്തേണ്ടത് ആവശ്യമാണ്. അല്ലാത്തിടത്ത് മാത്രം സ്ത്രീകളെ നിർത്തുന്നത് ഒരുതരം ഗാംബ്ലിങ് ആണ്. അത് വിജയിക്കില്ല എന്നല്ല. എന്നാൽ ജയം ഉറപ്പുള്ള സീറ്റുകളിലെല്ലാം പുരുഷനേതാക്കളും ജയസാധ്യത കമ്മിയായ ഇടത്തുമാത്രം സ്ത്രീ സ്ഥാനാർത്ഥികളും എന്നരീതി മാറേണ്ടതുണ്ട്.

യു. പ്രതിഭ, അരിത ബാബു
യു. പ്രതിഭ, അരിത ബാബു

ഇടതുപക്ഷ കക്ഷികൾ പലപ്പോഴും ഉറച്ച സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനു പരിമിതമായെങ്കിലും മുതിരാറുണ്ട്. എന്നാൽ അതുകൊണ്ടുമാത്രം മണ്ഡലം കൈവിട്ടുപോയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. വലതുപക്ഷ കക്ഷികളാവട്ടെ അപൂർവ്വം സന്ദർഭങ്ങളിലൊഴികെ അതിനു തയ്യാറാവാറുമില്ല. ലതിക സുഭാഷിനെ പണ്ടു വി.എസിനെതിരെ മലമ്പുഴയിൽ നിർത്തിയതുപോലെ, ചാവേറുകളായാവും അവരെ അടർക്കളത്തിലേക്കു പറഞ്ഞുവിടുക. അന്ന് മലമ്പുഴയിൽ പോയി അപവാദം കേട്ടു തിരിച്ചുവരേണ്ടി വന്നതിനെ കുറിച്ചു പോലും ഇന്ന് ലതിക സുഭാഷ് സംസാരിക്കുന്നതു കേട്ടപ്പോൾ ഈ ലേഖകന് സ്വയം തോന്നിയ പുച്ഛമാണ് ലതിക സുഭാഷ് വടിച്ചുകളഞ്ഞ ആ മുടിയുടെ വില.

ഇഷ്​ടക്കാർക്കുശേഷമുള്ള സീറ്റ്​ സ്​ത്രീകൾക്ക്​

അവർ ആവശ്യപ്പെട്ട ഏറ്റുമാനൂർ സീറ്റ് വർഷങ്ങളായി കേരള കോൺഗ്രസ് മത്സരിച്ചുവന്നിരുന്നതാണ്. എന്നാൽ തോമസ് ചാഴിക്കാടൻ സ്ഥിരം ജയിച്ചിരുന്ന പഴയ ഏറ്റുമാനൂരല്ല, ഡീലിമിറ്റേഷനു ശേഷമുള്ള ഏറ്റുമാനൂർ. കുമരകം കൂടി ചേർന്നതോടെ കേരള കോൺഗ്രസിനു മുമ്പുണ്ടായിരുന്ന എഡ്​ജ്​ നഷ്ടപ്പെട്ട ഒരു മണ്ഡലം. നിലവിൽ സി.പി.എമ്മിന്റെ സുരേഷ് കുറുപ്പ് പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂരിൽ ഇത്തവണ ജില്ലാ സെക്രട്ടറിയും മുൻ കോട്ടയം എം.എൽ.എയുമായ വി.എൻ. വാസവനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ചാഴിക്കാടൻ ഇപ്പോൾ എൽ.ഡി.എഫിലാണ്.

ഷാനിമോൾ ഉസ്മാൻ, ദലീമ ജോജോ
ഷാനിമോൾ ഉസ്മാൻ, ദലീമ ജോജോ

യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഈ മണ്ഡലത്തിൽ യാതൊരു സ്വാധീനവുമില്ല. അവർ ആവശ്യപ്പെട്ട, അവർക്കു സ്വാധീനമുള്ള കോട്ടയം, എറണാകുളം ജില്ലകളിലെ രണ്ടു മണ്ഡലങ്ങളും വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായതുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കേരളയാത്രയിലുടനീളം അംഗമായിരുന്ന ലതിക സുഭാഷിന്​ സീറ്റു നൽകുന്നതിനേക്കാൾ തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കന് ഇഷ്ടമുള്ള സീറ്റ് ഉറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താത്പര്യം. കെ ബാബുവിനു വേണ്ടി പോലും കടുംപിടുത്തം നടത്തിയ ഉമ്മൻ ചാണ്ടിയാവട്ടെ, ഏറ്റുമാനൂരിനു പകരം തന്റെ ഭർത്താവിന്റെ നാടായ വൈപ്പിനെങ്കിലും തരുമോ എന്ന്​ ലതിക ചോദിച്ചിട്ടും അതെല്ലാം തീരുമാനിച്ചുപോയെന്ന മറുപടിയാണു നൽകിയത്.

ഏറ്റുമാനൂർ ലതികയുടെ തട്ടകമാണ്. മുമ്പ് അവിടെ നിന്നാണ് അവർ ജില്ലാ പഞ്ചായത്തിലേക്കു ജയിച്ചിട്ടുള്ളത്. മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്കുവേണ്ടി ഏറ്റുമാനൂർ എന്ന, വേണമെങ്കിൽ യു.ഡി.എഫിനു പിടിച്ചെടുക്കാവുന്ന മണ്ഡലം ഉറപ്പിക്കാൻ മുൻ മുഖ്യമന്ത്രിയും ഇടപെട്ടില്ല. ഇഷ്ടക്കാർക്കെല്ലാം സീറ്റ് ഉറപ്പിച്ച ശേഷം മിച്ചമുള്ള മണ്ഡലം വല്ലതുമുണ്ടെങ്കിൽ സ്ത്രീകൾക്ക് എന്നതാണ് ശൈലി. കൊല്ലം ഡി.സി.സി പ്രസിഡൻറ്​ ബിന്ദു കൃഷ്ണയ്ക്കു പോലും ഇഷ്ടമണ്ഡലത്തിൽ സീറ്റുറപ്പിക്കാൻ പൊട്ടിക്കരയേണ്ടിവന്നു.

ലീഗിലെ അപൂർവത

രണ്ടരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം കോഴിക്കോട് സൗത്തിൽ എം. കെ. മുനീറിന്റെ സിറ്റിങ് സീറ്റിൽ ലീഗിന്റെ വനിത നേതാവ് നൂർബിന റഷീദിന് സീറ്റു നൽകാൻ ഇക്കുറി മുസ്​ലിം ലീഗ് തയ്യാറായത്, മുസ്​ലിം സമുദായത്തിൽ പോലും നടക്കുന്ന സ്ത്രീകൾക്ക് അനുകൂലമായ മാറ്റങ്ങളുടെ പ്രതിഫലനമാണ്. ഈ ട്രെൻഡ് തുടരേണ്ടതുണ്ട്. ലീഗിന്റെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇതൊരപൂർവ്വതയാണ്. എന്നാൽ ഇനിയങ്ങോട്ട് ഇതൊരു പതിവാകേണ്ടതുണ്ട്.

നൂർബിന റഷീദ്
നൂർബിന റഷീദ്

അതേ സമയം നിലവിൽ എം.എൽ.എ ആയ സ്ത്രീ സ്ഥാനാർത്ഥിക്കെതിരെ മറ്റൊരു സ്ത്രീയെ നിർത്തി വെല്ലുവിളിക്കുന്ന കാഴ്ച ആലപ്പുഴ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ കാണാം. അരൂരിൽ സിറ്റിങ് എം.എൽ.എയായ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനെതിരെ സി.പി.എം നിർത്തിയിരിക്കുന്നത് പിന്നണി ഗായിക ദലീമ ജോജോയെയാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ആയിരുന്നു, ദലീമ. പകരം കായംകുളം എം.എൽ.എ സി.പി.എമ്മിന്റെ യു. പ്രതിഭയ്‌ക്കെതിരെ കോൺഗ്രസ് മത്സരിപ്പിക്കുന്നത് മുൻ ജില്ലാ പഞ്ചായത്ത് അംഗം അരിത ബാബുവിനെയാണ്. ഇത്തരം നേർക്കുനേർ മത്സരത്തിലൂടെ ആരു ജയിച്ചാലും രണ്ടു വനിതാനേതാക്കളുടെ അവസരമാണ് നഷ്ടമാകുന്നത്. ഈ സ്ഥാനാർത്ഥികളെ ഒന്നു മണ്ഡലം മാറ്റി പരീക്ഷിക്കാൻ പോലും ഈ രണ്ടു പ്രമുഖ പാർട്ടികൾക്കുമായില്ല.

മത്സ്യത്തൊഴിലാളികൾ എന്ന വോട്ടർമാർ

സ്ത്രീപ്രാതിനിധ്യം മാത്രമല്ലല്ലോ, ഈ തെരഞ്ഞെടുപ്പിലെ വിഷയം. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തെ വരിഞ്ഞുമുറുക്കിയത് സൈക്ലോൺ ഓഖി, നിപ്പ, രണ്ടു പ്രളയങ്ങൾ, കോവിഡ് 19 എന്നിങ്ങനെയുള്ള ദുരിതങ്ങളാണ്. തങ്ങളുടെ ഫൈബർ വള്ളങ്ങളുമായി വെള്ളം കയറിയ ഇടങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളാണ് ആ മഹാദുരന്തത്തിൽ നിന്ന് കേരളത്തെ ഒരു പരിധിവരെ രക്ഷിച്ചുനിർത്തിയത്. അവരെ കേരളത്തിന്റെ സൈന്യം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

വെള്ളമിറങ്ങിയശേഷം വീടുകൾ വൃത്തിയാക്കാൻ "എന്നാൽ നമ്മളൊന്നിച്ചങ്ങിറങ്ങുകയല്ലേ' എന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് ആളുകളെ പ്രചോദിപ്പിച്ചത്. adversitiesൽ ഒരു നേതാവ് എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അത്. അതിലൂടെ കേരളത്തിന്റെ ക്യാപ്റ്റൻ എന്ന വിശേഷണം പിണറായി വിജയനെ തേടിയെത്തി. ഇത് ഒരു പുതിയ ഹാർമണിക്കു തുടക്കമിടുകയായിരുന്നു. കേരളത്തിന്റെ മത്സ്യത്തൊഴിലാളി സമൂഹത്തിൽ ഗണ്യമായ ഭാഗം പരമ്പരാഗതമായി തന്നെ യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിരുന്നവരാണ്. അവരിലൊരുഭാഗം എൽ.ഡി.എഫിനോട് അടുക്കുന്നോ എന്ന തോന്നലുളവാക്കിയ വർഷങ്ങൾ കൂടിയായിരുന്നു കടന്നുപോയത്.

രാഹുലിന്റെ കടൽയാത്ര

എന്നാൽ കൃത്യസമയത്ത് ലോഞ്ച് ചെയ്ത ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലൂടെ ഈ പുതിയ ബാന്ധവത്തിൽ ആഴമേറിയ ഒരു Rift ഉണ്ടാക്കാൻ പ്രതിപക്ഷത്തിനായി. ഈ സന്ദർഭം ഉപയോഗപ്പെടുത്തി മത്സ്യത്തൊഴിലാളിമേഖലയിൽ യു.ഡി.എഫിന് നഷ്ടപ്പെട്ട എഡ്ജ് തിരികെപ്പിടിക്കുക എന്ന ലക്ഷ്യമായിരുന്നു കൊല്ലം തങ്കശ്ശേരി കടപ്പുറത്തുനിന്ന് ആഴക്കടലിൽ മീൻപിടിക്കാൻ പോയ സംഘത്തിനൊപ്പം ഫിഷിങ് ഫ്രീക്‌സ് എന്ന യൂറ്റ്യൂബറെയും കൂട്ടി രാഹുൽ ഗാന്ധി നടത്തിയ കടൽയാത്രയും നീന്തലും. രാഹുൽ സ്‌കൂബാ ഡൈവിങ് ഇൻസ്ട്രക്റ്ററാണെന്ന പുതിയ വിശേഷമാണ് ശേഷം മാധ്യമങ്ങൾ ഉണർത്തിച്ചത്. രാഹുലിന്റെ നോൺ പൊളിറ്റിക്കൽ ബയോഗ്രാഫി എന്നു പറഞ്ഞ് ഒരു ഷോർട്ട്​ റെസ്യൂമെയും സോഷ്യൽ മീഡിയയിൽ വിതരണം ചെയ്യപ്പെട്ടു.

വാസ്തവത്തിൽ ഒരു പൊളിറ്റിക്കൽ ലീഡർ എന്ന നിലയിൽ രാഹുൽ ഗാന്ധി ആരാണ് എന്ന ചോദ്യത്തിൽ നിന്ന് വ്യക്തിപരമായ നന്മ എന്നതിലേക്ക് ശ്രദ്ധ മാറ്റുന്ന ഒരു പി.ആർ എക്‌സർസൈസ് ആയിരുന്നു അതിലൂടെ നടന്നത്. ഈ വ്യക്തിമാഹാത്മ്യമാണ് ഇത്തവണ തങ്ങളുടെ തുരുപ്പുചീട്ടാവുക എന്നതായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. അതിന് അനുഗുണമാംവിധമാണ് താമസിച്ചെങ്കിലും കോൺഗ്രസിന്റെ പാനൽ പ്രഖ്യാപനവും നടന്നത്. എന്നാൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും രാഹുലിനു മത്സരിക്കാനാവില്ലല്ലോ. തൈര്!

തുടർഭരണം എന്ന ‘ഭീഷണി’

അതിനാലാണ് വ്യക്തിനന്മ എന്ന ടെംപ്ലേറ്റ് മറിച്ചിട്ട് "തുടർ ഭരണ ഭീഷണി' എന്ന ഭീതിപരത്തലിലേക്ക് യു.ഡി.എഫിന്റെ ഇലക്ഷൻ സ്ട്രാറ്റജി ഇപ്പോൾ മാറിയിരിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിക്ക്​ നല്ല മാർക്ക് കൊടുത്താൽ അവൻ/ൾ അഹങ്കരിക്കും, അതിനാൽ അവനെ/ളെ തോല്പിക്കണം എന്നു പറയുന്ന മട്ടിൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കയാണ്. എം. എൻ. കാരശ്ശേരി അതു പറഞ്ഞപ്പോൾ പലരും അദ്ദേഹത്തെ ട്രോളി. ചിലർ പരിഹസിച്ചു. ചിലർ രൂക്ഷമായി പ്രതികരിച്ചു. എന്നാൽ മധ്യവർഗ കേരളത്തിൽ കൃത്യമായും കച്ചവടം ചെയ്യാവുന്ന വില്പനച്ചരക്കാവും അതെന്ന് യു.ഡി.എഫ് തിരിച്ചറിഞ്ഞു. കെ. വേണു മുതൽ റെഡ് സ്റ്റാറുകാർ വരെ ഇന്നിപ്പോൾ ഈ പല്ലവി പാടുകയാണ്. എങ്ങനെയാണ് ഒരു പോസിറ്റീവ് അസേർഷനെ നെഗറ്റീവ് ഇൻസിനുവേഷൻ വഴി മറികടക്കുന്നത് എന്നതിന്റെ കൂടി പരീക്ഷണമാണ് നാം കൺമുന്നിൽ കാണുന്നത്. തൃപ്പൂണിത്തുറയിൽ സീറ്റ് ഉറപ്പിച്ചതിനു പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ. ബാബു എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയും ആയ എം. സ്വരാജിനെതിരെ ശബരിമല വിഷയം എടുത്തിട്ട് പ്രതികരിക്കുന്നതും സമാനമായ കാഴ്ചയാണ്.

പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, വൈദ്യുതി, കൃഷി, ഭക്ഷ്യ പൊതുവിതരണം, വ്യവസായം, ധനകാര്യം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, തുടങ്ങിയ നിരവധി വകുപ്പുകൾ തമ്മിൽ വികസനനേട്ടങ്ങളുടെ കാര്യത്തിൽ ആരോഗ്യകരമായ മത്സരം നടത്തിയ ഒരു മന്ത്രിസഭയെ നയിച്ച മുന്നണിയാണ് ‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്ന ടാഗ് ലൈനുമായി ജനവിധി തേടുന്നത്. ഇതൊന്നും ചർച്ചയാകാതിരിക്കുകയും കോക്കാച്ചി വരുന്നേ എന്ന പേടി മാർക്കറ്റ് ചെയ്യപ്പെടുകയും ചെയ്യുക എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ദുര്യോഗം.

അമിത ആത്മവിശ്വാസം ആപത്താകുമെന്ന്​

ഇതിനിടയ്ക്ക് എൽ.ഡി.എഫ്, ഓവർ കോൺഫിഡൻസ് മൂലം പത്തോളം സീറ്റുകളെങ്കിലും കളഞ്ഞുകുളിക്കും എന്ന വർത്തമാനം പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്കു പോകുന്നില്ല. എങ്കിലും ഒരുദാഹരണം പറയാം. സെവൻസ് ഫുട്‌ബോളിന്റെ തട്ടകമായ ഏറനാട് ഏറ്റെടുത്ത് അവിടെ ഷറഫലിയെ മത്സരിപ്പിക്കാൻ സി.പി.എം നടത്തിയ നീക്കം സി.പി.ഐ പൊളിച്ചുകൊടുത്തു. നിലവിലെ ലീഗ് എം.എൽ.എയോടുള്ള എതിർപ്പിന്റെയും ഫുട്‌ബോളർ എന്ന നിലയിൽ ഷറഫലിക്കുള്ള പോപ്പുലാരിറ്റിയുടെയും ബലത്തിൽ ആ സീറ്റ് പിടിച്ചടക്കാനാവും എന്ന് ഒരു ധാരണയുണ്ടായിരുന്നു. അത് അടപടലം തകർന്നു.

ആയാറാം ഗയാറാം രാഷ്ട്രീയത്തിനു നൽകുന്ന ക്ലീൻചിറ്റാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു കൗതുകക്കാഴ്ച. റാന്നിയിൽ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റിൽ ഇത്തവണ മത്സരിക്കുന്നത് കേരള കോൺഗ്രസ് എമ്മിന്റെ പ്രമോദ് നാരായണനാണ്. എസ്​.എഫ്​.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേരള സർവകലാശാലാ സിണ്ടിക്കേറ്റ് അംഗവുമായിരിക്കെ സി.പി.എമ്മിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവുകയും അവിടെ നിന്ന് ഡി.ഐ.സി - എൻ.സി.പി റൂട്ടിലൂടെ കേരള കോൺഗ്രസ് മാണിയിൽ വന്നടിയുകയും ചെയ്തയാളാണ് ഈ പ്രമോദ്. സി.പി.ഐ പിന്തുണയിൽ സ്വതന്ത്രയായി മത്സരിച്ച് പഞ്ചായത്ത് മെമ്പറാവുകയും തുടർന്ന് സി.പി.എമ്മുകാർ ചൂണ്ടയിട്ടുകൊണ്ടുപോയി പഞ്ചായത്ത് വൈസ് പ്രസിഡന്റാക്കുകയും പിന്നീട് സി.പി.എം സ്വതന്ത്രയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സിന്ധുമോൾ ജേക്കബ് ആണ് പിറവത്തുനിന്ന് രണ്ടിലച്ചിഹ്നത്തിൽ ജനവിധി തേടുന്നത്. സി.പി.എം പിറവം സീറ്റുമാത്രമല്ല, അവിടെ മത്സരിക്കാൻ കേരള കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയേയും നൽകിയ അപൂർവ്വത!

ഡോ. സിന്ധുമോൾ ജേക്കബ്
ഡോ. സിന്ധുമോൾ ജേക്കബ്

സിറ്റിങ് എം.എൽ.എ കോൺഗ്രസിന്റെ വി. പി. സജീന്ദ്രനെതിരെ കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത് മുൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും ദേശാഭിമാനി പത്രമടക്കം അഴിമതിക്കാരനെന്ന് ആക്ഷേപിച്ചയാളുമായ പി. വി. ശ്രീനിജനാണ്. വിജയത്തിന് പ്രാധാന്യമുള്ള തെരഞ്ഞെടുപ്പു ഗോദയിൽ ഇത്തരം എന്തു നീക്കുപോക്കുകളും സ്വാഭാവികം.

​പൊളിക്കേണ്ട അന്ധവിശ്വാസങ്ങൾ

അതിനിടയിൽ ചില അന്ധവിശ്വാസങ്ങളും ചർച്ചയാവുന്നുണ്ട്. കാലടി സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് മെമ്പറാകുന്ന എം.എൽ.എമാർക്ക് തുടർന്നങ്ങോട്ട് എം.എൽ.എ സ്ഥാനം നിലനിർത്താനാവുന്നില്ല എന്നതാണ് അത്തരമൊരു അന്ധവിശ്വാസം. സി.പി.എമ്മിന്റെ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയും വാമനപുരം എം.എൽ.എയുമായിരുന്ന പീരപ്പൻകോട് മുരളി സിൻഡിക്കേറ്റ് അംഗമായ ശേഷം പാർലമെന്ററി രാഷ്ട്രീയത്തിൽ ആളുടെ പൊടിപോലും കണ്ടിട്ടില്ല. മൂന്നുവട്ടം അങ്കമാലി എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് പി. ജെ. ജോയിക്കും കാലടിയിലെ സിൻഡിക്കേറ്റിൽ വന്നതിനു ശേഷം എം.എൽ.എ സ്ഥാനം നഷ്ടമായി.

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയും കോട്ടയം എം.എൽ.എയും ആയിരുന്ന വി. എൻ. വാസവൻ, പത്തനംതിട്ടയിലെ തലമുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി പ്രസിഡന്റുമായ കെ. ശിവദാസൻനായർ, യൂത്ത് കോൺഗ്രസ് നേതാവും മുൻ ചെങ്ങന്നൂർ എം.എൽ.എയുമായ പി. സി. വിഷ്ണുനാഥ്, എന്നിവരെല്ലാം ഇതേ അവസ്ഥ പങ്കിടുന്നു. ഇപ്പോഴിതാ കല്യാശ്ശേരി എം.എൽ.എയും ഡി.വൈ.എഫ്‌.ഐ നേതാവുമായിരുന്ന ടി. വി. രാജേഷിനും കാലടി സിൻഡിക്കേറ്റിൽ അംഗമായ ശേഷം സീറ്റില്ല. ഇത്തവണ ഏറ്റുമാനൂരു നിന്ന് വി. എൻ. വാസവൻ ജയിക്കുകയാണെങ്കിൽ ഈ അന്ധവിശ്വാസമാകും തിരുത്തിക്കുറിക്കുക.

അതേസമയം ഉറച്ചുപോയ മറ്റൊരു അന്ധവിശ്വാസം കൂടിയുണ്ട്. മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുന്ന മന്ത്രിമാർ പിറ്റേ തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ല എന്നതാണ് ആ അന്ധവിശ്വാസം. ഇക്കുറി സി.പി.എമ്മിന്റെ രണ്ടുടേം നിബന്ധന പ്രകാരം ഡോ. തോമസ് ഐസക്ക്​​ മത്സരരംഗത്തില്ല എന്നതാണ്, ഈ പഴയ വിശ്വാസം റീസർഫേസ് ചെയ്യാൻ ഇടയാക്കുന്നത്. എം. എ. ബേബിയുടെയും തോമസ് ഐസക്കിന്റെയും 13ാം നമ്പർ പ്രേമവും അതോടൊപ്പം ചർച്ചയാകുന്നു. അതുകൊണ്ടു തന്നെ കേരളത്തിൽ ഓൾട്ടർനേറ്റായി ഇടതുവലതു മുന്നണികൾ അധികാരത്തിലെത്തും എന്ന പതിവിന് ഇക്കുറി ഇളക്കം സംഭവിച്ചാൽ അത് ഒരു വലിയ സംഭവമാകും. കാരണം, അതു തകർക്കുക ഇത്തരത്തിലുറച്ചുപോയ മറ്റൊരു അന്ധവിശ്വാസം കൂടിയാണ്.

വാൽക്കഷ്ണം: കേരള കോൺഗ്രസി (എം) ന്റെ ഒരു നേതാവിനോട് എന്താണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം എന്നു ചോദിച്ചു. മറുപടി ഇങ്ങനെ - യു.ഡി.എഫിന്റെ വേദികളിൽ പ്രസംഗിക്കുംമുമ്പ് നേതാക്കന്മാരുടെ ഒരു നീണ്ടലിസ്റ്റ് വായിക്കണമായിരുന്നു. ഇവിടിപ്പോൾ സഖാക്കളെ എന്നുപറഞ്ഞങ്ങ് തുടങ്ങിയാൽ മതി. അതേ പോലെ അന്ന് വേദിയിൽ എത്ര പേരാണ് ഇടിച്ചുകയറുന്നത് എന്നതിൽ ഒരു കണക്കുമില്ലായിരുന്നു. ഇന്നിപ്പോൾ എത്ര കസേര വേദിയിൽ ഉണ്ടാവും എന്ന് മുൻകൂട്ടി നിശ്ചയിച്ചിരിക്കും. അതിനപ്പുറം ഒരാൾ പോലും വേദിയിൽ കാണില്ല. അല്ലാതൊരു വ്യത്യാസവും ഞാൻ കാണുന്നില്ല! (ജാമ്യം: ഇതൊരു പെഴ്‌സ്‌പെക്റ്റീവ് മാത്രമാണ്, ലേഖകന്റെ അഭിപ്രായമല്ല.)


Comments