ശരീരം ജാതിയ്ക്കുവിറ്റ സ്ത്രീകളും അനീതിയുടെ തുരുത്തും

ദിവസങ്ങൾക്ക് മുൻപാണ് സുപ്രീം കോടതി ലൈംഗിക തൊഴിലിന് നിയമസാധ്യത കൊണ്ടുവരുന്നു എന്ന വാർത്ത രാജ്യം കേട്ടത്. ആദ്യം ഓർമ്മയിൽ വന്നത് മധ്യപ്രദേശിൽ നിന്നും കണ്ടറിഞ്ഞ ലൈംഗിക തൊഴിലാളികളുടെ ജീവിതമാണ്. പത്തു രൂപക്ക് വരെ ശരീരം വിൽക്കേണ്ടി വരുന്ന ആയിരക്കണക്കിന് സ്ത്രീ ജന്മങ്ങളുടെ അവരുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ ഡെൽഹി ലെൻസ്

Delhi Lens

"നിയും ശരീരം വിൽക്കില്ലെന്ന് ഉറപ്പിച്ചാണ് നാടുവിട്ടത്. വീട്ടിൽ നിന്ന് അർദ്ധരാത്രി ഇറങ്ങി. 15 കാരിക്ക് ഓടി എത്താവുന്ന പരമാവധി ദൂരം പോയി. പുലരുമ്പോൾ ഏതോ വീട്ടിനുള്ളിൽ ബോധമില്ലാതെ കിടക്കുന്നു. അടുത്ത ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരനായ ഠാക്കൂറിന്റെ വീടായിരുന്നു അത്. മുൻപ് 20 രൂപക്ക് വരെ അയാൾക്ക് ശരീരം കൊടുത്തിട്ടുണ്ട്. അപകടം മനസ്സിലാക്കിയെങ്കിലും പുറത്തുകടക്കാൻ പറ്റിയില്ല. മാസങ്ങളോളം അയാൾ എന്നെ പീഡിപ്പിച്ചു. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് തന്നത്. ഒടുവിൽ മദ്യക്കുപ്പി അയാളുടെ തലക്കടിച്ചാണ് അവിടെനിന്നും രക്ഷപ്പെട്ടത്. അതിന്റെ പേരിൽ വർഷങ്ങളോളം ജയിലിലായി. എന്നെ മുറിയിൽ അടച്ചിട്ട് പീഡിപ്പിച്ചെന്ന് കേൾക്കാൻ ആരുമുണ്ടായില്ല. പുറത്തുവന്നതിന് ശേഷം ഞാൻ അയാളുടെ അടിമയാണ്. ഇനി അങ്ങോട്ടും. അതാണ് സവർണ്ണർ തന്ന ശിക്ഷ. അല്ലാത്തൊരു ജീവിതം എനിക്ക് സ്വപ്നം കാണാൻ പോലും പാടില്ല '.

പല്ലവി (യഥാർത്ഥ പേരല്ല) ശക്തിയിൽ മുറുക്കിത്തുപ്പി. ജീവിതം അന്യമായതിന്റെ രോഷം ആ ശരീരത്തിലാകെ പ്രതിഫലിച്ചു. കയർ പിരിച്ചു കെട്ടിയ കട്ടിലിൽ കൈ അമർത്തിക്കൊണ്ട് ആരോടെന്നില്ലാതെ പിറുപിറുത്തു. മുഖത്ത് തേച്ച ചായം കണ്ണീരിൽ കുതിർന്നു. നിലത്തിറ്റുവീണ വേദനയുടെ തുള്ളികൾ മണ്ണിനോട് ചേർന്നിട്ടില്ല. ചായം കലർന്നതുകൊണ്ട് കണ്ണീർ വീണ മണ്ണ് തിളങ്ങുന്നുണ്ട്. ഞങ്ങളുടെ നിശ്ശബ്ദതയിലേക്ക് റോഡിൽ നിന്നും ചൂട് കാറ്റ് ശക്തിയിൽ വീശി. ഇരിക്കുന്ന കയർ കട്ടിലിന് മുകളിലും വെയിൽ വന്നു.

പൊടുന്നനെയാണ് വലിയ ഇരമ്പലോടെ ഒരു ലോറി വന്നുനിന്നത്. അസാധ്യ വേഷപ്പകർച്ചയോടെ പല്ലവി ചാടി എഴുന്നേറ്റു. പാവാടകൊണ്ട് മുഖം തുടച്ച് ചിരിവരുത്തി. നിമിഷനേരം കൊണ്ട് മറ്റൊരാളായി. ലോറിയിൽ നിന്ന് ഇറങ്ങിയ മധ്യ വയസ്‌കനുമായി കുറച്ച് അപ്പുറത്തുള്ള വീട്ടിലേക്ക് പോയി. ഏതാണ്ട് അരമണിക്കൂറിനുള്ളിൽ അവർ തിരികെ വന്നു. ചെറിയൊരു ചിരി തന്നിട്ട് ലോറി ഡ്രൈവർ ദ്രിതിയിൽ നടന്നു. കറുപ്പ് പുക ബാക്കിയാക്കിക്കൊണ്ട് ലോറിയും ആയാളും എങ്ങോട്ടോ പോയി.

കൈയിൽ ചുരുട്ടി വച്ച 50 രൂപയുടെ നോട്ട് പല്ലവി തുറന്നു കാണിച്ചു. ഇന്നത്തെ കൂലിയാണത്. പാവാട കെട്ടിനോട് ചേർന്നുള്ള ചെറിയ തുണി സഞ്ചിയിൽ പൈസ ഇടുമ്പോഴും അവരുടെ കണ്ണ് റോഡിലാണ്. അന്നത്തെ അന്നത്തിന് ഇനിയും ആരെങ്കിലും വരണം. മക്കളുടെ വിശപ്പിന് മറ്റൊരു ഉത്തരമില്ല. ആ കാത്തിരിപ്പാണ് പല്ലവിയുൾപ്പെടുന്ന വലിയൊരു സമൂഹത്തിന്റെ അന്നവും ഒടുങ്ങി തീരും വരെയുള്ള ജീവിതവും

ദിവസങ്ങൾക്ക് മുൻപാണ് സുപ്രീം കോടതി ലൈംഗിക തൊഴിലിന് നിയമസാധ്യത കൊണ്ടുവരുന്നു എന്ന വാർത്ത രാജ്യം കേട്ടത്. ആദ്യം ഓർമ്മയിൽ വന്നത് മധ്യപ്രദേശിൽ നിന്നും കണ്ടറിഞ്ഞ ലൈംഗിക തൊഴിലാളികളുടെ ജീവിതമാണ്. പത്തു രൂപക്ക് വരെ ശരീരം വിൽക്കേണ്ടി വരുന്ന ആയിരക്കണക്കിന് സ്ത്രീ ജന്മങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കാലത്താണ് മധ്യപ്രദേശിലെ മൻസോറിലുള്ള ചെറിയ പ്രദേശങ്ങളിലേക്ക് പോയത്. രത്‌നാമിനും നീമച്ചിനും ഇടയിലാണ് വാഹനങ്ങൾക്ക് കൈകാണിക്കുന്ന സ്ത്രീകളെയും കുട്ടികളെയും ശ്രദ്ധയിൽപ്പെട്ടത്.

ശരീരം വിൽക്കാനാണ് അവർ നിൽക്കുന്നതെന്ന യാഥാർഥ്യം ഉള്ളുനീറ്റി. സംസാരിക്കാൻ പലരും വിസമ്മദിച്ചപ്പോൾ പല്ലവി തയ്യാറായി. അവരിൽ നിന്നാണ് കൂടുതൽ അറിയുന്നത്. തങ്ങളുടെ സമുദായമായ ബച്ചാടയെ കുറിച്ചാണു പറഞ്ഞു തുടങ്ങിയത്. കുടുംബത്തിന് വേണ്ടി സ്വയം ബലി നൽകിയ സ്ത്രീകളുടെ കഥ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. ബച്ചാടയെന്ന ജാതിയിൽ ജനിച്ചതുകൊണ്ടുമാത്രം തെരുവിൽ ശരീരം വിൽക്കേണ്ടി വരുന്ന സ്ത്രീകൾ. അതിന് ചൂട്ട് പിടിക്കുന്ന പുരുഷ സമൂഹം. ഒറ്റവാക്കിൽ പറഞ്ഞാൽ വഞ്ചനയുടെ തുരുത്താണ് അവിടം.

അവശേഷിക്കുന്ന ശരീരങ്ങളും ഗൂഢാലോചനയും

പെൺകുഞ്ഞായതിന്റെ പേരിൽ ശബ്ദമുയർത്തി കരയും മുൻപെ ജീവനറ്റുപോയ നൂറുകണക്കിന് കുരുന്നുകളുടെ നാടാണ് മധ്യപ്രദേശ്. കുഞ്ഞു ജീവനുകൾ ഗ്രാമങ്ങൾക്ക് മുകളിൽ നിലവിളിച്ചാർക്കുന്നത് ചെവിയോർത്താൽ കേൾക്കാം. ഏറ്റവും കൂടുതൽ ശിശു മരണ നിരക്കുള്ള സംസ്ഥാനവും മധ്യപ്രദേശ് ആണെന്നത് ചേർത്ത് വായിക്കാം. സ്ത്രീകൾക്ക് മനുഷ്യനെന്ന പരിഗണന പോലും നൽകാത്ത ഗ്രാമങ്ങളുണ്ട്. എല്ലാ നീതിന്യായത്തിനും മുകളിലാണ് അവിടുത്തെ സവർണ്ണ ആണധികാരത്തിന്റെ കൽപ്പനകൾ. എന്നാൽ ബച്ചാടകളുടെ ഗ്രാമങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. അതിന് പുറകിൽ ആഴത്തിൽ ആണ്ടുപോയ ചതിയുണ്ട്.

ബച്ചാടകളുടെ ഗ്രാമങ്ങളിൽ ഓരോ പെൺകുട്ടി ജനിക്കുമ്പോഴും വലിയ ആഘോഷമാണ്. ദൈവ തുല്യമായാണ് ആ ജന്മത്തെ അവർ കൊണ്ടാടുക. ആദ്യത്തെ ആർത്തവം അവളിൽ വേദനയുണ്ടാക്കുന്നത് വരെ പുണ്യജന്മമാണ്. പിന്നീടങ്ങോട്ട് ജാതകം പാടെ മാറും. ചിരിച്ച മുഖങ്ങളുടെ ഉള്ളിലൊളിപ്പിച്ച ദ്രംഷ്ട്ടകൾ പുറത്തു വരും. വിദ്യാഭ്യാസമുൾപ്പെടെ എല്ലാ നീതിയും നിഷേധിക്കപ്പെടും. ചെറുപ്രായത്തിലെ കുടുംബം അവരുടെ ചുമലിലാകും. പണമുണ്ടാക്കുന്നതും ഭക്ഷണം വച്ചുവിളമ്പുന്നതുമെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമാണ്.

വിവാഹം കഴിക്കുമ്പോൾ പെണ്ണിന്റെ അച്ഛന് സ്ത്രീധനം കൊടുക്കുന്ന ആചാരവുമുണ്ട്. പണം ഉണ്ടാക്കാവുന്ന ഒരു യന്ത്രമായാണ് സ്ത്രീകളെ അവർ കാണുന്നത്. ഭൂരിഭാഗവും വിവാഹം കഴിഞ്ഞാലും ലൈംഗിക തൊഴിൽ തുടരും. പുറത്തുനിന്നും വരുന്ന ആളുകൾക്ക് വീട്ടിനുള്ളിൽ പ്രത്യേക മുറിയുണ്ട്. അവിടേക്ക് വീട്ടിലുള്ള മറ്റാരും പോകില്ല. ഭർത്താവും കുട്ടികളും വീട്ടിലുള്ളപ്പോഴും അകത്ത് ഊരും പേരുമില്ലാത്ത ആളുകളുണ്ടാവും. അതിന് സഹായിക്കുന്നതും വീട്ടിലെ മുതിർന്ന പുരുഷനാണ്.

മിക്ക പുരുഷന്മാരും പല കേസുകളിലും പ്രതികളാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ജോലിയായി തിരഞ്ഞെടുത്തവരാണ് ഭൂരിഭാഗവും. മറ്റ് സ്ഥലങ്ങളിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഒളിത്താവളമായി ഗ്രാമങ്ങളെ ആശ്രയിക്കുന്നതും പതിവാണ്. ലഹരികൾക്ക് അടിമപ്പെട്ട് അബോധാവസ്ഥിയിലായ മനുഷ്യരെ അവിടെയെങ്ങും കാണാം. മറ്റൊരു തരത്തിൽ ജീവിതം അസാദുവാക്കുകയാണ് പുരുഷന്മാരും.

വലിയൊരു ശതമാനം സ്ത്രീകളും വിവാഹ മോചിതരാണ്. ഒരു വാക്കുപോലും പറയാതെ നാടുവിട്ട ഭർത്താക്കന്മാരുണ്ട്. മറ്റു ചിലർ ദീർഘ കാലമായി ജയിലിലാണ്. കുട്ടികളും പ്രായമായവരും അടങ്ങുന്ന കുടുംബം സ്ത്രീകളിലേക്ക് എത്തുന്നതിന്റെ മറ്റൊരു വഴിയാണത്. ഗ്രാമം വിട്ട് പുറത്തു പോകാൻ പലർക്കും അറിയില്ല. മറ്റൊരു ജീവിതവും നാടും കണ്ട് പരിചയവുമില്ല. അവർക്കുമുമ്പിൽ അത്തരം വഴികൾ അടച്ചിടുന്നതിന് പുറകിൽ വലിയ ഗൂഢാലോചനയുണ്ട്. ലൈംഗിക തൊഴിലാളികളായി അവരെ തളച്ചിടേണ്ടത് സവർണ്ണതയുടെ ആവശ്യമാണ്. ഭൂരിഭാഗം പുരുഷ സമൂഹവും അതിനൊപ്പമാണ്.

സ്വപ്നങ്ങളിൽ നഞ്ച് കലർന്നവർ

ശരീരം പങ്കിടുന്നത് അന്നേവരെ കാണാത്ത മനുഷ്യരുമായാണ്. കാഴ്ച്ചയിൽ പെടാത്ത രോഗങ്ങൾ കൊടുത്താണ് അവരിൽ പലരും മടങ്ങുന്നത്. മിക്ക സ്ത്രീകൾക്കും ഒന്നിലേറെ അസുഖങ്ങളുണ്ട്. മാനസിക സമ്മർദ്ധങ്ങൾ വേറെയും. ശരീരത്തെ കാർന്നു തിന്നുന്ന മഹാവ്യാധികൾക്ക് മുന്നിൽ കീഴ്പ്പെട്ടവരും അനവധിയാണ്. ബച്ചാടകൾ കൂടുതലായി താമസിക്കുന്ന രണ്ട് ജില്ലകളിൽ നടത്തിയ പരിശോധന ഫലവും ഞെട്ടിക്കുന്നതാണ്. 5,500 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 15-16 ശതമാനം പേരും എച്ച്ഐവി ബാധിതരാണ്.

2015 ൽ മധ്യപ്രദേശ് വനിതാ ശാക്തീകരണ വകുപ്പ് മന്ദ്സൗറിലെ 38 ഗ്രാമങ്ങളിൽ ബച്ചാടകാളുമായി ബന്ധപ്പെട്ട് സർവ്വെ നടത്തി. 3,435 ആണ് അത് പ്രകാരം ബച്ചാടകളുടെ ജനസംഖ്യ. 2,243 സ്ത്രീകളും 1,192പുരുഷന്മാരുമുണ്ട്. കണക്കുകൾ പ്രകാരം സ്ത്രീകൾ ഇരട്ടിയാണ്. ഗ്രാമത്തിലെ ഇരുണ്ട ജീവിത സഹചര്യങ്ങളെ ഈ കണക്കുകൾ അടിവരയിടുന്നുണ്ട്.

മഹാ ഭൂരിഭാഗം സ്ത്രീകളും ഒറ്റക്കാണ് ജീവിതം നയിക്കുന്നത്. അന്നത്തിനായി മറ്റ് മാർഗ്ഗങ്ങളില്ലാതെയാണ് തെരുവിൽ നിൽക്കുന്നത്. പകരുന്ന അസുഖങ്ങൾ തിരിച്ചറിഞ്ഞിട്ടും പര്യാപ്തമായ ചികിത്സ അന്യമാണ്. അവരിൽ പലർക്കും ഇന്നും ലൈംഗിക തൊഴിൽ ചെയ്യേണ്ടി വരുന്നു. വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി പ്രവചനാതീതമാണ്. ചില സാമൂഹ്യ പരിഷ്‌കരണ സംഘടനകൾ അവർക്കിടയിൽ ഇടപെടുന്നുണ്ട്. അതിന്റെ ഭാഗമായി രോഗത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. എങ്കിലും തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറല്ല. ചെയ്യരുത് എന്ന് പറയുന്നവർക്ക് അന്നത്തിനുള്ള ബദൽ ഇല്ലാത്തതാണ് പ്രധാന കാരണം. അവിടെയാണ് അത്തരം സവിധാനങ്ങൾ മുട്ടുമടക്കുന്നത്.

ഓടിപ്പോകാനുള്ള വഴിപോലും ആ സ്ത്രീകൾക്ക് അവ്യക്തമാണ്. നേരം ഇരുണ്ട് പുലരുന്നത് മാത്രമാണ് അവർ തിരിച്ചറിയുന്നത്. കാലം കവർന്ന ജീവിതത്തെ ഓർക്കാൻ പലരും ഇഷ്ടപ്പെടുന്നില്ല. പാനിന്റെയും മദ്യത്തിന്റെയും ദുർഗന്ധമില്ലാതെ അന്നമിറക്കിയത് ഓർമ്മകളിൽ മാത്രം. സ്വപ്നങ്ങളിൽപോലും ലോറിയുടെ ഇരമ്പലാണ്. അത്രമേൽ ജീവിതത്തിൽ നഞ്ച് കലർന്ന മറ്റൊരു നാട് ഒരു പക്ഷെ ഉണ്ടാകില്ല.

ചരിത്രത്തിൽ വലിയ ചതിയുണ്ട്

പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിച്ചവർ നമ്മുടെ നാട്ടിലും കുറച്ച് മനുഷ്യരെ കാടുകയറ്റിയിട്ടുണ്ടല്ലോ. ആദിവാസികൾ എന്ന് പറഞ്ഞ് ഇന്നും നിശ്ചിത അകലത്തിൽ അവരെ നിർത്തുന്നതിന് പുറകിൽ തുരുമ്പെടുത്ത അജണ്ടയുണ്ട്. ഏറെക്കുറെ അത്തരമൊരു വഞ്ചനയാണ് ബച്ചാടകളോടും ചരിത്രം ചെയ്തത്. രണ്ടു തരത്തിലാണ് ആ മനുഷ്യർ ശരീരം വിൽക്കേണ്ടി വന്നതിന്റെ ചരിത്രം. എന്നാൽ രണ്ട് ചരിത്രത്തിലും സമാനമായ ഒന്നുണ്ട്. അത് ഇരയുടെ ജാതിയാണ്. ആ ജാതിയുടെ നിശബ്ദതയാണ്.

രാജസ്ഥാനിലെ നാടോടികളായിരുന്ന ബച്ചാടകളെ ബ്രിട്ടീഷുകാരാണ് മധ്യപ്രദേശിലേക്ക് ആദ്യം കൊണ്ടുവന്നത്. നീമച്ചിൽ സ്ഥാപിച്ച ബ്രിട്ടീഷ് പട്ടാളത്തിന്റെ വിനോദത്തിന് വേണ്ടിയാണ് അത്തരമൊരു ഗ്രാമം സജ്ജമാക്കിയത്. ശരീരം വിലകൊടുത്തും അല്ലാതെയും യഥേഷ്ട്ടം അവിടെ ലഭ്യമാക്കി. ചരിത്രത്തിൽ മറ്റ് മാതൃകകളില്ലാത്ത മനുഷ്യക്കടത്താണ് അന്നുനടന്നത്. മറ്റൊരു കഥ അൽപ്പം വ്യത്യസ്തമാണ്. കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ഒരു സമൂഹം നാട്ടിൻപുറങ്ങളിലെ തങ്ങളുടെ ഫ്യൂഡൽ യജമാനന്മാരെ പരിപാലിക്കുന്നതിനായി ഈ തൊഴിലിൽ ചെയ്യേണ്ടിവന്നു. ഇത്തരത്തിൽ രണ്ടു കഥകളാണ് ബച്ചാടകൾ അവിടെ എത്തിയതിന് പുറകിൽ കേൾക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുൻപ് സവർണ്ണാധികാരം വിധിച്ച വിഴുപ്പാണ് ഇന്നും ആ മനുഷ്യർ ചുമക്കുന്നത്. പുറത്തുകടക്കാൻ സാധിക്കാത്ത വിധം ആചാരങ്ങളും വിശ്വാസങ്ങളും കുരുക്കിയിട്ടുണ്ട്. ജനാധിപത്യ നിയമ സംവിധാനങ്ങളെല്ലാം കീഴ്‌മേൽ മറിയുന്ന കാഴ്ചയാണ് ആ മണ്ണിൽ. എങ്കിലും സംവേദന പോലുള്ള സംഘടനകളുടെ ഇടപെടലുകൾ ഗുണം ചെയ്യുന്നുണ്ട്. പുതിയ തലമുറയിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം കിട്ടുന്നു. ആവശ്യത്തിന് മരുന്നുകളും മറ്റ് നിർദ്ദേശങ്ങളുമായി സന്നദ്ധ പ്രവർത്തകർ സജീവമാണ്. വിദ്യാലയത്തിലെത്തുന്ന കുട്ടികൾ അവിടെയും സ്വതന്ത്രരല്ല. ബച്ചാടകളാണെന്ന് തിരിച്ചറിയുമ്പോൾ അധ്യാപകരുൾപ്പെടെ അകറ്റി നിർത്തുന്ന അവസ്ഥയാണ്. പൊതു പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നത് വിലക്കിയ അധ്യാപകരുണ്ട്. മിക്ക ക്ലാസ്സിലും ഇടകലർന്നിരിക്കാൻ വിസമ്മതിക്കുന്ന സഹപാഠികളും കുറവല്ല.

ആഴ്ന്നുപോയ ചതുപ്പിൽ നിന്നാണ് ഒരു ജനത പുറത്തു കടക്കാൻ ശ്രമിക്കുന്നത്. മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ഒടുവിലത്തെ പോരാട്ടമാണ് അവർ നടത്തുന്നത്. അവിടെയും തുരംഗം വക്കുന്നത് അങ്ങേയറ്റത്തെ മനുഷ്യ വിരുദ്ധതയാണ്. അനീതിയാണ്. നെറികേടാണ്. എല്ലാത്തിലുമുപരി ദളിതന് വലിയ ജനാധിപത്യ രാജ്യം കൊടുക്കുന്ന ഉത്തരമുണ്ട് ആ നിഷേധങ്ങൾക്ക് പുറകിൽ. സവർണ്ണാധികാരത്തിന്റെ തോടുപൊട്ടിച്ച് എന്റെ ശരീരം എന്റെ അവകാശം എന്നു പറയുന്ന ജനത, പുതിയ ലോകം ആ മണ്ണിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

അടുത്ത ലോറിയിലെ ചെറുപ്പക്കാരനുമായി പല്ലവി വീണ്ടും പോയി. യാത്രപറയാതെ ഞങ്ങളും. വെയിൽ മറഞ്ഞു. യാത്രയിൽ ഉടനീളം കൈകാണിക്കുന്ന കുട്ടികൾ കണ്ണു നിറയ്ക്കും. അന്നത്തിനുള്ള വക ഒക്കും വരെ അവർ ആ നിരത്തിൽ പാതിതുറന്ന ശരീരവുമായി നിൽക്കും. അക്ഷരം പഠിക്കുന്ന പുതിയ തലമുറ ഇതൊന്നും ചോദിക്കാതെ കടന്നു പോകില്ല. അവരാണ് ആ മണ്ണിന്റെ പ്രതീക്ഷ.


Summary: ദിവസങ്ങൾക്ക് മുൻപാണ് സുപ്രീം കോടതി ലൈംഗിക തൊഴിലിന് നിയമസാധ്യത കൊണ്ടുവരുന്നു എന്ന വാർത്ത രാജ്യം കേട്ടത്. ആദ്യം ഓർമ്മയിൽ വന്നത് മധ്യപ്രദേശിൽ നിന്നും കണ്ടറിഞ്ഞ ലൈംഗിക തൊഴിലാളികളുടെ ജീവിതമാണ്. പത്തു രൂപക്ക് വരെ ശരീരം വിൽക്കേണ്ടി വരുന്ന ആയിരക്കണക്കിന് സ്ത്രീ ജന്മങ്ങളുടെ അവരുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ ഡെൽഹി ലെൻസ്


Comments