സ്മിത നെരവത്ത്

പതിനാറുവയസ്സുകാരന്റെ അമ്മ

വീടിനകത്ത് ഞാനെത്ര കരുതലോടെ 16 വയസ്സുകാരനായ എന്റെ മകന്റെ ‘ആണത്ത' ബോധത്തെ ഇല്ലാതാക്കാൻ ബോധപൂർവം ഇടപെടുന്നുണ്ടെങ്കിലും അവന്റെ അച്ഛനു കിട്ടുന്ന പ്രിവിലേജുകൾ, അമ്മയുടെ ജെൻഡർ റോളുകൾ, മറ്റ് കുടുംബാംഗങ്ങളുടെ പെരുമാറ്റങ്ങൾ ഒക്കെയും അവനെ നന്നായി സ്വാധീനിക്കുന്നുണ്ട്

രു പതിനാറുകാരന്റെ വളർച്ചയെ കൗതുകത്തോടെ നിരീക്ഷിക്കുന്ന ഒരമ്മയാണ് ഞാൻ.അവൻ കുഞ്ഞായിരിക്കുമ്പോഴെ ‘ആണ്​' ആക്കാനുള്ള പരിശീലനക്കളരി വീട്ടിൽ ഒരുക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയിട്ടും ഭാഗികമായി പരാജയപ്പെട്ടു പോയ ഒരമ്മ.

ആണാവുക എന്നാൽ അച്ഛനുൾപ്പെടുന്ന പുരുഷന്മാരെ അനുകരിക്കുന്ന, പാട്രിയാർക്കിയിൽ ആണിനു വേണ്ടതെന്ന് സംസ്‌കാരവും സമൂഹവും നിഷ്‌കർഷിക്കുന്ന ഗുണഗണങ്ങളെ സ്വാംശീകരിക്കുന്ന, ആവിഷ്‌കരിക്കുന്ന സങ്കീർണ പ്രക്രിയയാണ്. കളിപ്പാട്ടവും ഉടുപ്പും തിരഞ്ഞെടുക്കൽ മുതൽ അവന്റെ നടപ്പിനെയും, ഭാവത്തിനെയുമൊക്കെ രൂപപ്പെടുത്തൽ വരെയുള്ള എല്ലാത്തിലും ഈ പ്രക്രിയ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പാട്രിയാർക്കി പുരുഷന് നൽകിയ എല്ലാ പ്രിവിലേജുകളെയും നിലനിർത്തി അത് മുന്നോട്ടുവെക്കുന്ന പുരുഷ മാതൃകയെ സ്വീകരിക്കുന്ന ആൺബോധത്തെയാണ് ഇവിടെ വിമർശന വിധേയമാക്കുന്നത്.

ജെൻഡറും, സെക്‌സും നേരത്തെ എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ റിഹേഴ്‌സലും ആവിഷ്‌കാരവുമാണ്. ആ സ്‌ക്രിപ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തുമ്പോഴേക്കും സമൂഹം അസ്വസ്ഥരാകും

വീട്ടിനകത്ത് എത്ര ജാഗ്രത പുലർത്തിയിട്ടും സമൂഹവും സ്‌കൂളും, മറ്റു എല്ലാ സ്ഥാപനങ്ങളും അവനെ മേൽപ്പറഞ്ഞ ബോധം പേറുന്ന ‘പ്രഖ്യാപിത ആണാ’ ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. വീടിനകത്ത് ഞാനെത്ര കരുതലോടെ അവനിലെ ‘ആണത്ത' ബോധത്തെ ഇല്ലാതാക്കാൻ ബോധപൂർവ്വം ഇടപെടുന്നുണ്ടെങ്കിലും അവന്റെ അച്ഛനു കിട്ടുന്ന പ്രിവിലേജുകൾ, അമ്മയുടെ ജെൻഡർ റോളുകൾ, മറ്റ് കുടുംബാംഗങ്ങളുടെ പെരുമാറ്റങ്ങൾ ഒക്കെയും അവനെ നന്നായി സ്വാധീനിക്കുന്നുണ്ട്. മീശ വരാത്തതിന്റെയും ശബ്ദം മാറാത്തതിന്റെയും ആകുലതകൾ അവനിലുണ്ടാകുന്നതിന്റെ കാരണം മറ്റൊന്നുമല്ല.

വളരെ മാച്ചോ ആയ സൂപ്പർ താരങ്ങളോടാണ് അവന് ആരാധന. ഫുട്‌ബോളും, ബോക്‌സിംഗും, തോക്കുമായി ശത്രുക്കളെ തുരത്തുന്ന വീഡിയോ ഗെയിമുകളുമാണ് അവന്റെ ഇഷ്ട വിനോദങ്ങൾ. പെൺകുട്ടികളോടുള്ള അവന്റെ സമീപനത്തിലും ആൺബോധം ചെറുതല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു രസകരമായ കാര്യം പെൺകുട്ടികളുടെ പെർഫോമൻസ് അവൻ നിരീക്ഷിക്കുന്നുണ്ട് എന്നതാണ്. ഒരിക്കൽ പത്തു വയസ്സുള്ള അവൻ ഇത്തിരി മുതിർന്ന കസിൻ ബ്രദറിനോട് പറയുന്നത് ഞാൻ കേട്ടു; ‘ഏട്ടാ, എനിക്കീ പെൺകുട്ടികളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അവരെപ്പോഴും ചിരിച്ചും കളിച്ചും ഡാൻസ് ചെയ്തുമൊക്കെയാണ് നടക്കുന്നത്. എനിക്കത് തീരെ പിടിക്കുന്നില്ല.'.

അപ്പോൾ ഒരു വയസു മൂത്ത ഏട്ടന്റെ പ്രതികരണം: ‘‘അതൊക്കെ ഇപ്പഴത്തെ തോന്നലാ മോനെ, കുറച്ചു കഴിഞ്ഞാലതൊക്കെ മാറും''.

ആൺകുട്ടികൾ മാത്രമുള്ള ഗ്യാങ്ങുകളാണ് അവന്റെ ക്ലാസിൽ.
പെൺകുട്ടികൾ മാത്രമുള്ള മറ്റൊരു ഗ്യാങ്ങും.

ആണും പെണ്ണും ഇടപഴകി കളിക്കുന്ന, പെരുമാറുന്ന ഇടങ്ങൾ വളരെ കുറവാണ്. സ്‌ക്കൂളും, സിനിമയും മറ്റു സമൂഹമാധ്യമങ്ങളുമെല്ലാം നിലനിൽക്കുന്ന ജെൻഡർ റോളുകൾ കുട്ടികളിൽ ഊട്ടി ഉറപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ജൂഡിത്ത് ബട്ട്‌ലർ പറയും പോലെ ജെൻഡറും, സെക്‌സും നേരത്തെ എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ റിഹേഴ്‌സലും ആവിഷ്‌കാരവുമാണ്. ആ സ്‌ക്രിപ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തുമ്പോഴേക്കും സമൂഹം അസ്വസ്ഥരാകും. ലാൽ ജോസിന്റെ ചാന്തുപൊട്ട് എന്ന സിനിമയിലെ ദിലീപിന്റെ സ്‌ത്രൈണമെന്നു കരുതുന്ന സ്വഭാവപെരുമാറ്റങ്ങളുള്ള കഥാപാത്രത്തെ പുരുഷനാക്കി മാറ്റാൻ നടത്തുന്ന ശ്രമങ്ങൾ ഓർമ്മിക്കുന്നില്ലേ? എത്ര സ്വാഭാവികമായാണ് നമ്മളതിനെ സ്വീകരിച്ചത്. പുരുഷനെപ്പോലെ വസ്ത്രം ധരിച്ച, പുരുഷൻ ചെയ്യുന്ന ജോലികൾ ചെയ്യുന്ന അവനെയാണു നമ്മൾക്കു വേണ്ടതെന്ന് സിനിമ തീരുമാനിച്ചിരുന്നു. ആ മാറ്റത്തിലേക്കുള്ള അവന്റെ ശ്രമങ്ങളെ നമ്മൾ കയ്യടിച്ചു പ്രോൽസാഹിപ്പിച്ചു. ചെറുപ്പത്തിൽ എന്റെ കളിക്കൂട്ടുകാരന് കണ്ണെഴുതി, പൊട്ടു തൊട്ടു നടക്കാൻ ഇഷ്ടമായിരുന്നു. അത് കണ്ടുപിടിച്ചതും അവന്റെ അമ്മ അവനെ പൊതിരെ തല്ലി. എന്താണ് താൻ ചെയ്ത തെറ്റന്നറിയാതെ അവൻ ഉറക്കെ കരയുന്നത് കണ്ട് ഞാനും കൂടെ കരഞ്ഞു. അവന്റെ കരച്ചിൽ കേട്ടു വന്ന അച്ഛൻ, എടാ നമ്മളാണുങ്ങൾ ഇങ്ങനെ കരയുന്നത് മോശമാണേ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്.

ശക്തിയും ബലവും ആണ് പുരുഷന് വേണ്ട ഏറ്റവും അത്യാവശ്യ ഗുണമെന്നും കരച്ചിലും, ദയയും ദുർബലതയുമൊക്കെ സ്ത്രീകൾക്കു മാത്രമായുള്ള സഹജമായ സവിശേഷതകളാണെന്നുമൊക്കെ എത്ര നൈസായിട്ടാണ് നമ്മൾ കുട്ടികളെ പഠിപ്പിച്ചു കൊടുക്കുന്നത്. എന്റെ മകന് മുടി നീട്ടി വളർത്താൻ ഇഷ്ടമാണ്. അവന്റെ അദ്ധ്യാപകൻ പക്ഷേ സൈ്വര്യം കൊടുത്തില്ല. ആൺകുട്ടികൾ മുടി നീട്ടി വരുന്നത് തടയുക എന്നത് ആ സ്‌കൂളിലെ നയമായിരുന്നു. സാറിനെന്താ എന്റെ മുടി കൊണ്ടു പ്രശ്‌നം? നിങ്ങളെ ചോറിലൊന്നും എന്റെ മുടി വീണിട്ടില്ലല്ലോ എന്നുവരെ അവന് ചോദിക്കേണ്ടി വന്നു. ഒടുവിൽ എന്നെ സ്‌ക്കൂളിൽ വെച്ചു കണ്ടതിനു ശേഷം ആ അദ്ധ്യാപകൻ ഒന്നും പറഞ്ഞില്ല. മുടി പറ്റെ വെട്ടിയ എന്നോട് മകനെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ലെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവണം. മുടി നീട്ടിവളർത്തിയതിന്റെ പേരിൽ വിനായകനെന്ന ദളിത് ചെറുപ്പക്കാരനെ കൊലക്കു കൊടുത്ത നാടാണ് നമ്മുടേത്.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ‘കുട്ടികളെ എങ്ങനെ വളർത്തണം’ എന്ന സർക്കുലറിലെ ഒരു നിർദ്ദേശം പെൺകുട്ടികൾക്ക് പ്രായത്തിനനുസരിച്ച് ഉപദേശങ്ങൾ നൽകണമെന്നാണ്. ആർത്തവവും അതുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളും, ഗർഭസാധ്യതകളുമൊക്കെയാവാം അവർ ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഇത്തരം വിഷയങ്ങളെക്കുറിച്ച് ആൺകുട്ടികൾക്ക് ഉപദേശം വേണ്ടാത്തത്? ആർത്തവകാലത്ത് ഒരു സ്ത്രീ കടന്നുപോകുന്ന വൈകാരിക, ശാരീരിക അവസ്ഥകളെക്കുറിച്ച് അവൻ തിരിച്ചറിയേണ്ടതല്ലേ?

അനുവാദം ചോദിച്ചോ അല്ലാതെയോ മുല പിടിക്കാൻ ആ ആൺകുട്ടിയെ തോന്നിപ്പിച്ചതിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് നാം സംസാരിച്ചതേയില്ല

പതിനാലു വയസ്സുള്ള ആൺകുട്ടി ഒരു ചെറുപ്പക്കാരിയോട് മുലപിടിക്കട്ടേ എന്നു ചോദിച്ചപ്പോഴേക്കും സദാചാര പ്രശ്‌നവും, കൺസെന്റിന്റെ പ്രശ്‌നവുമൊക്കെ നമ്മൾ ഘോരഘോരം ചർച്ച ചെയ്തതാണ്. ആ പെൺകുട്ടി വളരെ വ്യാകുലതയോടെയാണ് ആ പ്രശ്‌നം അവതരിപ്പിച്ചത്. അവളുടെ വീഡിയോക്കുതാഴെ വന്ന കമന്റുകളിൽ മലയാളി ആൺബോധത്തിന്റെ അപക്വമായ പ്രകടനങ്ങളും, സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മയും സ്ത്രീവിരുദ്ധതയുമൊക്കെ തെളിഞ്ഞുകാണാം. അനുവാദം ചോദിച്ചോ അല്ലാതെയോ മുല പിടിക്കാൻ ആ ആൺകുട്ടിയെ തോന്നിപ്പിച്ചതിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് നാം സംസാരിച്ചതേയില്ല. ലൈംഗിക ചോദനകളുയരുന്ന പ്രായത്തിൽ അതിനെ വിവേകപൂർവ്വം മനസിലാക്കണമെന്നും, അപരന്റെ ശരീരത്തിലേക്കുള്ള എതൊരു തരത്തിലുള്ള കയ്യേറ്റവും മോശമായ പ്രവൃത്തിയാണെന്ന ബോധ്യം അവനിൽ ഉണ്ടാക്കാൻ കുടുംബമോ സമൂഹമോ ശ്രമിച്ചിട്ടില്ല. അവനെ വിളിച്ച് സമാധാനപൂർവ്വം അവന്റെ തെറ്റിനെക്കുറിച്ച്, അവന്റെ പ്രവൃത്തി അവളിലുണ്ടാക്കിയ അപമാനത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കാൻ അവളെയും നമ്മൾ പ്രാപ്തരാക്കിയിട്ടില്ല. ശരീരവും സെക്‌സും എല്ലാം പാപമാണെന്ന വിക്ടോറിയൻ സദാചാര ബോധത്തിൽ നിന്ന് ഏറെയൊന്നും നമ്മുടെ സമൂഹം വളർന്നിട്ടില്ല എന്നതിന്റെ തെളിവാണിത്. അവനെയും അവളെയും ചേർത്തിരുത്തി ആൺ - പെൺ, ട്രാൻസ്‌ജെൻഡർ ശരീരത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചുമൊക്കെ തുറന്ന ശാസ്ത്രീയമായ അവബോധം നൽകാൻ നാളിതുവരെ ശ്രമിക്കാതെ പെൺകുട്ടികൾക്കു മാത്രമായി ഉപദേശം നൽകാനാണ് ഭരണകൂടവും സമൂഹവും മുൻകൈ എടുക്കുന്നത്. കോളേജുകളിലൊക്കെയും പെൺകുട്ടികൾക്കായാണ് ജെൻഡർ അവയർനസ്സ് ക്ലാസുകൾ നൽകാറ്. ഇത്തരം ക്ലാസെടുക്കാൻ പോയപ്പോഴൊക്കെയും പെൺകുട്ടികൾ പറഞ്ഞത്; ടീച്ചറെ ഞങ്ങൾക്കിതൊക്കെ അറിയാം, നിങ്ങളിതൊക്കെ ആൺകുട്ടികൾക്കൊന്നു പറഞ്ഞു കൊടുക്കൂ എന്നാണ്.

ആൺകരുത്തും, അവന്റെ അഗ്രസീവ്‌നെസ്സുമൊക്കെ ആഘോഷിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ലോകത്തിരുന്നാണ് നാം ആൺബോധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

കരുത്തും കൂസലില്ലായ്മയും കാർക്കശ്യവുമൊക്കെയാണ് ആൺനേതാക്കളിൽ നിന്ന് നാം ആവശ്യപ്പെടുന്നത്. അവന്റെ ദാർഷ്ട്യം നിറഞ്ഞ ഗർജ്ജനങ്ങളിൽ നമ്മൾ പുളകം കൊള്ളും. സ്ത്രീകളായ നേതാക്കളിൽ മാതൃഗുണങ്ങളാണ് മഹത്തായ മാതൃക. ടീച്ചറമ്മ, പെങ്ങളൂട്ടി എന്നിങ്ങനെ അവരെ അഭിസംബോധന ചെയ്യുന്നതുപോലും ഈ ബോധത്തിൽ നിന്നാണ്. ഈ മാതൃകകളുടെ അനുകരണമാണ് രാഷ്ട്രീയത്തിൽ എല്ലാക്കാലവും നടന്നുകൊണ്ടിരിക്കുന്നത്. സിനിമയിലും സാഹിത്യത്തിലും എല്ലാം ഈ ആൺബോധത്തിന്റെ പ്രകടനങ്ങളാണ്. അപൂർവമായി മാത്രമേ ഈ ബോധത്തെ അപനിർമിക്കാനും, പ്രശ്‌നവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുള്ളൂ. നിരന്തരമായി ആണധികാര സാംസ്‌കാരിക ധാർമ്മിക ബോധത്തെ പ്രശ്‌നവൽക്കരിക്കാതെ, ജെൻഡർ സെൻസിറ്റീവായ പുതിയ മാതൃകകളെ സൃഷ്ടിക്കാതെ നമുക്ക് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ▮


സ്​മിത നെരവത്ത്​

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സ്‌കൂൾ ഓഫ് സിസ്റ്റൻസ് എജ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ. പാഠമില്ലെങ്കിൽ പാടത്തേക്കില്ല, അയ്യങ്കാളിയുടെ ജീവചരിത്രം, വാക്കിന്റെ രാഷ്​ട്രീയം എന്നിവ പ്രധാന കൃതികൾ.

Comments