ദേഹിക്ക് ദേഹമാണ് വസ്ത്രം!
ദേഹവും ദേഹിയുമൊന്നും അത്രമേൽ അലോസരപ്പെടുത്താത്ത നിസ്സാരദേഹങ്ങൾ അതിവ്യാകുലതയോടെ അക്ഷരാർഥത്തിലെ വസ്ത്രങ്ങളെയോർത്തുഴറി ഒരുപാട് മൂഢയുദ്ധങ്ങൾ പടച്ചുവിടുന്ന ഒരു കാലഘട്ടത്തിൽ ഒരിക്കൽക്കൂടി പറയാൻ തോന്നുകയാണ്, ‘ദേഹിക്ക് ദേഹമാണ് വസ്ത്രം’ എന്ന്.
വസ്ത്രങ്ങളോടുള്ള മനുഷ്യന്റെ അഭിനിവേശം മനുഷ്യപരിണാമത്തിന്റെയത്ര തന്നെ സങ്കീർണമായതത്രേ. മരത്തോൽ മുതലിങ്ങോട്ട് പുരാതന- മധ്യ- ആധുനിക കാലങ്ങൾവഴി പുരോഗമിച്ച് ഇന്ന് ഫ്ലൂയിഡ് ഫാഷന്റെയും, ക്രോസ്ഡ്രെസിങ്ങിന്റെയും പടിവാതിലിൽ ആ നീണ്ടചരിത്രം പുതിയവഴിത്തിരിവിന് കാതോർത്തു നിൽക്കുന്നു. വസ്ത്രം നമുക്കെന്താണ്? വെറും അലങ്കാരം മാത്രമോ? ഇഷ്ടവസ്ത്രം ധരിച്ചാൽ കിട്ടുന്ന ആത്മവിശ്വാസം ഒന്ന്, അതൊരു ആത്മപ്രകാശനംകൂടിയാണെന്നത് മറ്റൊന്ന്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഓരോ മനുഷ്യരും ധരിക്കുന്ന വസ്ത്രങ്ങളിൽ അവരുടെയൊരു വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടാവും. അത് മനഃപൂർവമല്ലാത്ത ഒരു വെളിപ്പെടലാണ്. ആത്മപ്രകാശനം ഏതുവിധത്തിലായാലും അത് തടസങ്ങളില്ലാതെ സ്വാഭാവികമായി പ്രകാശിതമാകാൻ കഴിയണമല്ലോ. പക്ഷേ ഇന്നാ സ്വാതന്ത്ര്യം പരിപൂർണ അർഥത്തിൽ ലഭിക്കുന്നുണ്ടോ? സ്ത്രീക്കോ പുരുഷനോ ഭിന്നലിംഗക്കാർക്കോ ആർക്കെങ്കിലും?
എന്തിനും ഏതിനും വെറുതേ ഒരു കോലാഹലമുണ്ടാക്കുക എന്നത് കുറച്ചുകാലമായി ആചരിച്ചുവരുന്ന പുതിയൊരു സമ്പ്രദായമാണ്. കല, നൃത്തം, സിനിമ, ഭക്ഷണം, വസ്ത്രം അങ്ങനെ നിസാരമെന്ന് നമുക്കുതോന്നുന്ന പലതിനെയും ഒതുക്കി ഒരു വ്യാകരണവക്ത്രത്തിനുള്ളിലാക്കാൻ നിർബന്ധപൂർവം ശ്രമിക്കുന്ന ഒരു ‘സ്‌കൂൾ ഓഫ് തോട്ട്’ ഉണ്ടായിട്ടുണ്ട്.
സ്ത്രീയ്ക്ക് മാത്രമല്ല പുരുഷനും വസ്ത്രങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷേ പലപ്പോഴും എടുത്തുപറയപ്പെടുന്നത് സ്ത്രീകളുടെ വസ്ത്രങ്ങളെപ്പറ്റിയാണെന്നുമാത്രം.
കഴിഞ്ഞ ദിവസങ്ങളിൽ രൺവീർ സിങ് വാർത്തകളിൽ നിറഞ്ഞുനിന്നതിന്റെ കാരണവും മറ്റൊന്നല്ലല്ലോ. വസ്ത്രമോ വസ്ത്രക്കുറവോ വസ്ത്രമില്ലായ്മയോ ഒക്കെ നമ്മളെ എന്തുകൊണ്ടാണിങ്ങനെ അലോസരപ്പെടുത്തുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായിട്ടേയില്ലേ. ഈയടുത്ത് ഇൻസ്റ്റാഗ്രാമിലെ indiaculturehub എന്ന പേജിൽ സ്ത്രീ- പുരുഷ വസ്ത്രധാരണരീതികളിൽ ചരിത്രാതീത
കാലം മുതലുണ്ടായ മാറ്റങ്ങളെ കാണിക്കുന്ന ഒരു പോസ്റ്റർ വന്നു. സ്ത്രീയ്ക്ക് മാത്രമല്ല പുരുഷനും വസ്ത്രങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷേ പലപ്പോഴും എടുത്തുപറയപ്പെടുന്നത് സ്ത്രീകളുടെ വസ്ത്രങ്ങളെപ്പറ്റിയാണെന്നുമാത്രം. അതങ്ങനെ നിഷ്‌കളങ്കമായി സംഭവിക്കുന്ന ഒരു അടയാളപ്പെടുത്തലല്ലല്ലോ. കാലങ്ങളായി മൂശയിൽക്കിടന്ന് ഉരുകിത്തിളച്ച് പരുവപ്പെട്ട പിന്തിരിപ്പൻ ചിന്താധാരകൾ പൊട്ടിപ്പുറപ്പെട്ടാണ് ഇത്തരം സമൂഹമനഃസ്ഥിതികൾ രൂപംകൊള്ളുന്നത്. അവിടെ പാട്രിയാർക്കിയുടെ നിഴലുണ്ട്, ഇരുട്ടുണ്ട്. അത് കഴിഞ്ഞകാലം. ഇന്നതുമാത്രമല്ല പ്രശ്‌നം. അതിനപ്പുറത്തേയ്ക്ക് വസ്ത്രസംബന്ധചർച്ചകൾ കൊഴുത്തുകയറുന്നു. അതിൽ സ്ത്രീയും പുരുഷനും അവർക്കാവുംവിധമുള്ള കാലുഷ്യങ്ങൾ പ്രസരിപ്പിക്കുകയും ചെയ്യുന്നു.
ഒരാൾ എന്തുതരം വസ്ത്രംധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അയാൾക്കുമാത്രമാണുള്ളതെന്നിരിക്കെ ചുറ്റുമുള്ളവർ വസ്ത്രധാരണത്തിലെ ശരി- തെറ്റുകൾ വിലയിരുത്തുന്നതെന്തിനാണ്. എത്ര അക്കമിട്ടുനിരത്തിയാലും അതൊക്കെ എത്രവ്യർഥമായിരിക്കും, അനുസരിക്കണമെന്ന് സമൂഹം കരുതുന്നവർ അതപ്പാടെ നിരാകരിച്ചാൽ. അല്ലെങ്കിലും ഭക്ഷണരീതികൾക്കും വസ്ത്രധാരണരീതികൾക്കുമൊക്കെ നമുക്കെന്തിനാണ് നിയമസംഹിതകൾ? ആർക്ക് ആരെ അനുസരിപ്പിക്കാൻ? ആശയങ്ങളിൽ ദാരിദ്ര്യമുള്ളവരോ സാമൂഹികാവസ്ഥകളിൽ ദുർബലരായവരോ ഒക്കെ ഭയത്താൽ ഒരുപക്ഷേ ഈ സംഹിതകളിൽ ഒതുങ്ങിയേക്കാം. പക്ഷേ എത്രകാലം? ഒരേതരം വസ്ത്രങ്ങൾ ധരിച്ച് കുലത്തെ ദ്യോതിപ്പിക്കുന്ന തരത്തിൽ ഒരേതരം ആഭരണങ്ങളണിഞ്ഞ് ഒരേ താളത്തിൽ ചുവടുവെച്ച് ഒരേ നിയമാവലികളാൽ അന്യോന്യം ബന്ധിക്കപ്പെട്ട് കഴിയാൻ നമ്മൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇപ്പോഴും ഏത് ഗോത്രസംസ്‌കൃതിയാണ് പിന്തുടരുന്നത്? ആ ഗോത്രസാഹചര്യങ്ങൾ ആരുടെ ആവശ്യമാണ്. പൊളിയാതെ നോക്കേണ്ട ‘ജെൻഡർ ബാരിയറുകൾ' എന്നത് എന്തിന്റെ കാഹളമാണ്?
ഞാനിങ്ങനെയാണ് എന്നൊരു തുറന്നുപറച്ചിലാണ് എന്റെ ഒരോ കുർത്തയും ഓരോ ജീൻസും ടീഷർട്ടും ടോപ്പും സ്‌കർട്ടും സാരിയും. അതെങ്ങനെ സംഭവിച്ചു എന്ന് ഇടയ്‌ക്കൊക്കെ അത്ഭുതം തോന്നിയിട്ടുണ്ട്.
വ്യക്തിപരത
കുട്ടിക്കാലം മുതൽ വസ്ത്രങ്ങൾ നമ്മെ ഭ്രമിപ്പിക്കുന്നുണ്ടെങ്കിലും ശരിക്കും എപ്പോഴാണ് നമ്മൾ വസ്ത്രത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കി തുടങ്ങുന്നത്? പ്രായത്തിന്റെ ഇരുപതുകളിൽ നാമോടുന്നതത്രയും ചില ചട്ടക്കൂടുകൾക്കുള്ളിലാണ്. പറന്നുതുടങ്ങാത്ത നമ്മുടെ മനസ് ജാലകക്കാഴ്ചകൾ കണ്ട് പൊതുബോധസൗന്ദര്യസങ്കൽപങ്ങളെ നമ്മിലേക്കാവാഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നതാണ് ഇരുപതുകളുടെ മുഖമുദ്ര. അതിനുശേഷമാണല്ലോ ഒരു മനുഷ്യൻ അവരവരെത്തന്നെ കുറച്ചെങ്കിലും മനസ്സിലാക്കുകയും ഇഷ്ടങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നത്. മനസ്സിൽ നിന്ന് സാമൂഹികഭയത്തിന്റെ ചങ്ങലകൾ അയഞ്ഞോ അലിഞ്ഞോ പോയാൽ പിന്നെ വസ്ത്രം ആത്മാവിഷ്‌കാരമാവുകയായി. അതുവരെ പൊതുവിൽ അംഗീകരിക്കപ്പെട്ട ചില അളവുകോലുകളിലേയ്ക്ക് സ്വയം വിളക്കിചേർത്തുകൊണ്ടിരുന്നവർ പതിയെപ്പതിയെ ഇതല്ലല്ലോ ഇതുപോരല്ലോ എന്നൊക്കെ മാറിചിന്തിച്ചുതുടങ്ങും. അവിടെയാണ് നമ്മൾ ശരിക്കും വസ്ത്രത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുന്നത്.
ഞാനിങ്ങനെയാണ് എന്നൊരു തുറന്നുപറച്ചിലാണ് എന്റെ ഒരോ കുർത്തയും ഓരോ ജീൻസും ടീഷർട്ടും ടോപ്പും സ്‌കർട്ടും സാരിയും. അതെങ്ങനെ സംഭവിച്ചു എന്ന് ഇടയ്‌ക്കൊക്കെ അത്ഭുതം തോന്നിയിട്ടുണ്ട്. ടൈംലൈനുകൾ മാർക്ക് ചെയ്യപ്പെടാതെപോയ ഒരു മാറ്റമായിരുന്നു അത്.
ആറുകൊല്ലം മുൻപുള്ളൊരു അനുഭവമുണ്ട്. മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫറായി വരുന്ന സമയം. വളരെയടുത്തൊരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് നൽകി, ‘ഇത് ബാംഗ്ലൂരല്ല, അതോർത്തോണം. ജീൻസൊന്നും ഇടാത്തതാ നല്ലത്.’
ഇട്ടാലെന്താ എന്ന ചോദ്യം തൊണ്ടമുട്ടിനിന്നു, ചോദിച്ചില്ല. പകരം ജീൻസിട്ടു. ഒന്നും സംഭവിച്ചില്ല. ഒറ്റയ്ക്കായിരുന്നു, പക്ഷേ ഒരുപാട് നോട്ടങ്ങൾ ആദ്യകാലത്ത് നേരിടേണ്ടിവന്നിട്ടുമുണ്ട്. എന്നാൽ ഒരു നോട്ടത്തിനും നമ്മുടെ ആത്മവിശ്വാസത്തെ കെടുത്തികളയാൻ പറ്റാത്തതുകൊണ്ട് പൊതുബോധങ്ങൾക്കതീതമായി ഇഷ്ടവസ്ത്രങ്ങൾ ധരിക്കാൻ ഒരിക്കലും ഒരു മടിയും തോന്നിയിട്ടില്ല!
Nobody knows the Power of a Good Dress on a Bad day.
ഇഷ്ടമുള്ളത് ധരിക്കുമ്പോൾ നമുക്ക് നമ്മോടുതന്നെ തോന്നുന്ന ഒരു ആരാധനയുണ്ട്, ആത്മവിശ്വാസമുണ്ട്. എല്ലാ കറുത്തദിനങ്ങളിലും ഏറ്റവും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചുപോകാൻ ശ്രദ്ധിക്കാറുണ്ട്. അത്തരം ദിവസങ്ങളിൽ ഓഫീസ് യൂണിഫോമിന് നിഷ്‌കരുണം അവധി പ്രഖ്യാപിക്കാറുണ്ട്. നാം നമ്മളിൽ സംതൃപ്തരാകുകയാണല്ലോ ആദ്യം വേണ്ടത്. ഭൂരിഭാഗം ആളുകളും അതുകൊണ്ടുതന്നെയാണ് നിറത്തിലും, പറ്റേണിലും, ബ്രാൻഡിലുമടക്കം സൂക്ഷ്മശ്രദ്ധ പുലർത്തി വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതും. അല്ലെങ്കിലും പഴയകാലം പോലെയല്ല, It's not a Dress, it's rather an Outfit.
പാവാടയും കുർത്തിയുമൊക്കെ ധരിക്കാൻ ഇഷ്ടമുള്ള ധാരാളം പുരുഷൻമാരുണ്ടല്ലോ. സ്ത്രീകൾ പിന്നെ പണ്ടേ ‘ക്രോസ് ഡ്രസിംഗ്' ശീലിച്ചവരും. ആണുങ്ങളിൽ കുറഞ്ഞപക്ഷം റാമ്പുകളിലെങ്കിലും അത് സർവ്വസാധാരണമാണ്.
ക്രോസ്- ഡ്രസിങ്
എന്നാൽ ഈ ഔട്ട്ഫിറ്റ് എന്താവണമെന്നുള്ള ജൻഡർ റൂളുകൾ ഇന്നും നിലനിൽക്കുന്നു എന്നുമാത്രമല്ല, അത് പലപ്പോഴും അതിശക്തമായ നിലപാടുകളായി വിശ്വരൂപം കാട്ടുന്നുമുണ്ട്. പുരുഷനോ സ്ത്രീയോ ഏതുവസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് നിർദിഷ്ട നിയമാവലികളോ സാമൂഹികകല്പനകളോ ആവരുത്, മറിച്ച് അത് പൂർണമായും ഒരു വ്യക്തിയുടെ ‘കംഫർട്ട്' ആയിരിക്കണം.
പാവാടയും കുർത്തിയുമൊക്കെ ധരിക്കാൻ ഇഷ്ടമുള്ള ധാരാളം പുരുഷൻമാരുണ്ടല്ലോ. സ്ത്രീകൾ പിന്നെ പണ്ടേ ‘ക്രോസ് ഡ്രസിങ്' ശീലിച്ചവരും. ആണുങ്ങളിൽ കുറഞ്ഞപക്ഷം റാമ്പുകളിലെങ്കിലും അത് സർവസാധാരണമാണ്. അതിന്റെ മനോഹാരിതയെപ്പറ്റി പറയുമ്പോൾ വീണ്ടും നമുക്ക് രൺവീർ സിങ്ങിലേയ്ക്ക് പോകേണ്ടിവരും. അത്ര ഗംഭീരമായാണയാൾ ക്രോസ് ഡ്രെസിങ്ങിന്റെ മാസ്മരികതയെ കൈയടക്കിയത്. ഒരിക്കൽ ആദ്ദേഹം ഹൈ ഹീൽസ് ധരിച്ച ഫോട്ടോ ട്വീറ്റ് ചെയ്തതുകണ്ട് മൊത്തം ട്വിറ്റെറാറ്റിക്ക് ഹാലിളകിപ്പോയെന്നത് ചരിത്രം
ഒരു പുരുഷനോട് ‘സാരി ഉടുത്തുവരുമോ’ എന്ന് ചോദിച്ച ചോദ്യം കാലഘട്ടത്തെയറിയാത്തൊരു വിഡ്ഢിച്ചോദ്യമായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് അതുകൊണ്ടാണ്. മതപരമായ പരിധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട് ‘ജെൻഡർ ന്യൂട്രാലിറ്റി' എന്നൊന്ന് സാധ്യമല്ല എന്നുവിളിച്ചുപറയാനായിട്ടാണെങ്കിലും ഇത്തരം ഫണ്ടമെന്റൽ വിചാരണകൾ സാക്ഷരമെന്ന് പേരുകേട്ട കേരളത്തിന് തീരെ അനുയോജ്യമല്ല. നമ്മുടെ പുതിയ തലമുറ കണ്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് സ്വയം അനാവൃതരായി, മൂല്യശോഷിതരെന്ന് അവരെ അറിയിക്കാതിരിക്കാം. പറഞ്ഞുവന്നത്, ഒരു പുരുഷന് നാളെ സാരിയുടുത്ത് വരണമെന്ന് തോന്നിയാൽ, അതൊരു തെറ്റല്ല. അതൊരു ചന്ദസ്സിനും പുറത്താവുകയുമില്ല. പറഞ്ഞില്ലേ, ഫാഷൻ ഇക്കാലത്ത് ഫ്ലൂയിഡിക്കാണ്. അതിന്റെ ഒഴുക്കിനെ നിങ്ങളുടെ പിന്തിരിപ്പൻ ആശയങ്ങൾ കൊണ്ട് തടകെട്ടി നിർത്താൻ പറ്റില്ല.
ഒരു ഓട്ടോ ഡ്രൈവറോ, ഒരു പച്ചക്കറി വിൽപനക്കാരിയോ, ഒരു പത്രക്കാരിയോ, ഒരു വയൽപ്പണിക്കാരിയോ, ഒരു നിർമാണ തൊഴിലാളിയോ ഒക്കെ ഈ ആശയപ്രസരണത്തിന് പുറത്തുനിൽക്കുന്നതെന്തുകൊണ്ടാണ്?
നവോത്ഥാനം എവിടെവരെ?
പുരോഗമനത്തിന്റെ ഈ ആശയങ്ങൾ എന്തുകൊണ്ടായിരിക്കും പലപ്പോഴും സമൂഹത്തിലെ ഇന്റലിജൻഷ്യയിലേയ്ക്കും സമ്പന്നരിലേയ്ക്കും മാത്രം ചുരുങ്ങിപ്പോകുന്നത്? എല്ലാ സ്ട്രാറ്റയിലേയ്ക്കും ഈ ആശയങ്ങൾക്ക് പടർന്നുകയറാനുള്ള കേശികത്വം സാധാരണജനങ്ങൾക്കിടയിൽ നഷ്ടമാകുന്നതെങ്ങനെയാണ്? കോളേജിലോ ഓഫീസിലോ റാമ്പിലോ മറ്റേതെങ്കിലും വിധത്തിലുള്ള പ്രിവിലേജ്ഡ് ആയ ഇടങ്ങളിലോ അല്ലാതെ ഒരു സാധാരണക്കാരന്/സാധാരണക്കാരിക്ക് ക്രോസ്- ഡ്രസിങ് സാധ്യത മങ്ങുന്നതെന്തുകൊണ്ടാണ്. ഒരു ഓട്ടോ ഡ്രൈവറോ, ഒരു പച്ചക്കറി വിൽപനക്കാരിയോ, ഒരു പത്രക്കാരിയോ, ഒരു വയൽപ്പണിക്കാരിയോ, ഒരു നിർമാണ തൊഴിലാളിയോ ഒക്കെ ഈ ആശയപ്രസരണത്തിന് പുറത്തുനിൽക്കുന്നതെന്തുകൊണ്ടാണ്? അവരുടെ കൂടിയായ സമൂഹത്തെ സംബന്ധിക്കുന്ന ചർച്ചകളായി ഈ നവചിന്തകളെ ഉൾക്കൊള്ളാൻ അവർക്ക് സാധിക്കാത്തതെന്തുകൊണ്ടാണ്? നമ്മെ ആപാദചൂഡം പൊതിഞ്ഞുനിൽക്കുന്ന
സോഷ്യൽ കൺസ്ട്രക്റ്റുകളുടെ അതിസൂക്ഷ്മമായ, അതേസമയം അതിനിർണായകമായ ഇടപെടലുകൾ കൊണ്ടല്ലേ അത് സാധ്യമാവാത്തത്? ചിലർ അകത്തും ചിലർ പുറത്തുമെന്ന നവോത്ഥാത്തിന്റെ ഇരട്ടത്താപ്പുകൊണ്ട്. സാംസ്‌കാരികനായകരും സംഗീതജ്ഞരും രാഷ്ട്രീയനേതാക്കളും ഉയർന്ന ബൗദ്ധികനിലവാരമുള്ളവരും മറ്റും പലപ്പോഴായി പറഞ്ഞുവെക്കുന്ന ‘വസ്ത്ര- മനുസ്മൃതികൾ' സാധാരണ ജനങ്ങൾക്കുള്ളതെന്നത്രേ ധാരണ. മറ്റുള്ളവർ, ഈ ‘സാധാരണത്വ’ത്തിന് പുറത്തുനിൽക്കുന്നവർ, ഇതിനൊന്നും കാതുകൊടുക്കുന്നേയില്ലല്ലോ.
സാധാരണക്കാർക്ക് പക്ഷേ വസ്ത്രം ആയുധമല്ല, രാഷ്ട്രീയമല്ല, നിലപാടല്ല, കവചവുമല്ല. പിന്നെയെന്താണ്? എന്തെങ്കിലുമൊക്കെയാവണമെന്ന് നമ്മൾ അവരെ ബോധ്യപ്പെടുത്തിയിട്ടില്ല. രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള... പക്ഷേ ആ രണ്ടറ്റത്തും വസ്ത്രധാരണത്തെസംബന്ധിച്ച ഒന്നുമില്ല. ഭക്ഷണം- വസ്ത്രം- പാർപ്പിടം എന്നീ ത്രയത്തിലെ സാന്നിധ്യം മാത്രം. അതിന്റെ രാഷ്ട്രീയം മറ്റൊന്നാണുതാനും.
നമ്മൾ സംസാരിക്കുന്ന വസ്ത്രങ്ങൾ വെറും വരേണ്യവേഷങ്ങളോ? വസ്ത്രസ്വാതന്ത്ര്യം സമൂഹത്തിന്റെ ഉയർന്ന ശ്രേണിയുള്ളവർക്ക് മാത്രമായുള്ള മാഗ്‌നകാർട്ടയോ?
പാവാടപ്രായത്തിൽ...
ഏതുവേഷം ധരിച്ചുവന്ന് കണ്ണാടിയിൽ നോക്കിയാലും ഞാൻ എന്നെത്തന്നെ കണ്ടു. വസ്ത്രങ്ങൾ കണ്ടില്ല. ഞാൻ കൂടുതൽ കൂടുതൽ സുന്ദരിയായിക്കൊണ്ടിരുന്നു. കഴിഞ്ഞ കൊല്ലത്തേക്കാളേറെ ഇക്കൊല്ലം, കഴിഞ്ഞ മാസത്തേക്കാളേറെ ഈ മാസം, ഇന്നലത്തെക്കാളേറെ ഇന്ന്, അങ്ങനെയങ്ങനെ ഞാൻ കണ്ണാടിയിൽ കണ്ട എന്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി.
അഞ്ജനക്കല്ലുരച്ച കൺകറുപ്പിൽ ഒരു സത്യത്തിന്റെ മീൻപിടച്ചിൽ.
‘ദേഹമാകുന്ന വസ്ത്രം മാറി ദേഹി...'
‘അപ്പൊ അതിനും മേലെയുള്ള വസ്ത്രം...?'
‘അതാടയല്ലേ... വെറും ബാഹ്യാലങ്കാരം...’
‘അപ്പൊ അതിൽ പ്രത്യേകിച്ച് കാര്യമില്ലേ...?'
‘ഹേയ്, എവിടുന്ന്, നഹി...’
‘അപ്പൊ നാട്ടുകാരോട് വസ്ത്രനിയമം പാലിക്കാൻ ആക്രോശിച്ച എന്റെ സമയം...'
‘വേസ്റ്റ്, അട്ടർ വേസ്റ്റ്...’ ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.