2025-ലെ ഇന്ത്യ, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ ഗുരുതരമായ വൈരുദ്ധ്യ സാമൂഹിക ചിത്രം മുന്നോട്ട് വയ്ക്കുന്നു. ഒരു വശത്ത് ലിംഗപദവിയിലധിഷ്ഠിതമായ നീതി (gender justice) സംബന്ധിച്ച നിയമങ്ങളും സ്ഥാപനങ്ങളും സംവിധാനങ്ങളും പരിപാടികളും ശക്തിപ്പെടുമ്പോൾ, മറുവശത്ത് സ്ത്രീകളുടെ ശരീരത്തെയും ശബ്ദത്തെയും തീരുമാനങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന പിതൃമേധാവിത്വം (patriarchy) പുതുമയുള്ള രൂപങ്ങളിലൂടെ തുടരുകയാണ്. ഈ സംഘർഷം 2025-ലെ കണക്കുകളിലും കേസുകളിലും കോടതിവിധികളിലും സാംസ്കാരിക– രാഷ്ട്രീയ ചർച്ചകളിലും വ്യക്തമായി പ്രതിഫലിക്കുന്നു. കേരളവും ദേശീയതലവും ഒരുപോലെ ഇതിന് സാക്ഷ്യം വഹിക്കുന്നു.
ലിംഗപദവിയിലധിഷ്ഠിതമായ അതിക്രമം gender-based violence (GBV) കുറഞ്ഞിട്ടില്ല; മറിച്ച് അതിന്റെ ഇടങ്ങളും രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. വീട്ടിൽ, ജോലിസ്ഥലങ്ങളിൽ, സിനിമാരംഗത്ത്, രാഷ്ട്രീയ– സാംസ്കാരിക ഇടങ്ങളിൽ, ഓൺലൈൻ ലോകത്ത്- സ്ത്രീസുരക്ഷ ഇന്നും ചോദ്യചിഹ്നമായി തുടരുന്നു.
ഗാർഹിക പീഡന കേസുകളിൽ വലിയൊരു ശതമാനം ഇന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. നഗരങ്ങളിലും വിദ്യാഭ്യാസമുള്ള ഇടങ്ങളിൽപോലും സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതിന്റെ തോത് ഉയരുകയാണ്.
2025-ലെ കണക്കുകൾ, പ്രധാന കേസുകൾ, സിനിമാരംഗത്തെ സ്ത്രീപ്രശ്നങ്ങൾ, ഹേമ കമ്മിറ്റി റിപ്പോർട്ട്, കേരളത്തിലും ഇന്ത്യയിലുമായി വന്ന കോടതിവിധികൾ, സാംസ്കാരിക–രാഷ്ട്രീയ രംഗങ്ങളിലെ ചില പ്രധാന വിവാദങ്ങൾ വാർത്തകൾ എന്നിവയെ അടിസ്ഥാനമാക്കി തെളിവുകളുടെ അടിസ്ഥാനത്തിൽ (evidence-based) വിലയിരുത്തൽ നടത്താൻ ശ്രമിക്കുകയാണ്. ഒപ്പം, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടക്കുന്ന Gender Based Violence പ്രതിരോധ പ്രവർത്തനങ്ങളും ഈ വിലയിരുത്തലിന്റെ ഭാഗമാകുന്നു.
കണക്കുകൾ പറയുന്നു:
അതിക്രമം തുടരുന്നു, മൗനം ശക്തമാകുന്നു
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗാർഹിക പീഡനം, ലൈംഗിക പീഡനം, stalking, cyber harassment എന്നിവ ഇപ്പോഴും മുൻനിരയിൽ തന്നെയാണെന്നാണ് National Crime Records Bureau (NCRB), National Commission for Women (NCW) തുടങ്ങിയ സംവിധാനങ്ങളുടെ സമീപകാല റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാർഹിക പീഡന കേസുകളിൽ വലിയൊരു ശതമാനം ഇന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. നഗരങ്ങളിലും വിദ്യാഭ്യാസമുള്ള ഇടങ്ങളിൽപോലും സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതിന്റെ തോത് ഉയരുകയാണ്.

ഇത് ഒരു പ്രധാന വസ്തുത തുറന്നുകാട്ടുന്നു: പുരുഷാധിപത്യം (Male dominance) അതിക്രമം സൃഷ്ടിക്കുന്നതിൽ മാത്രമല്ല, അതിനെ ‘നോർമല’ (Normalised) ആക്കി മൗനത്തിലാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കുടുംബം, വിവാഹം, മാന്യത (honour), സഹിഷ്ണുത തുടങ്ങിയ സാമൂഹിക മൂല്യങ്ങൾ സ്ത്രീകളെ നീതി തേടുന്നതിൽ നിന്ന് പിന്നോട്ടാക്കുന്നു. “കുടുംബത്തിന്റെ പേര്”, “സമാധാനം”, “കുട്ടികളുടെ ഭാവി” തുടങ്ങിയ വാദങ്ങൾ സ്ത്രീയുടെ വേദനയെ - അനുഭവത്തെ സാമൂഹികമായി ദൃശ്യരഹിതമാക്കുന്നു.
ലിംഗാധിഷ്ഠിത അതിക്രമം, വ്യക്തിഗത കുറ്റം മാത്രമല്ല, മറിച്ച് ഘടനാപരമായ അതിക്രമമാണ് എന്നത് 2025-ലെ ചർച്ചകളിൽ ശക്തമായി ഉയർന്ന ഒരു ബോധ്യമാണെന്നുതോന്നുന്നു. Gender-based violence വ്യക്തികളുടെ ദുഷ്ടത കൊണ്ടു മാത്രമല്ല ഉണ്ടാകുന്നത്. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് അധികാര അസമത്വം (power imbalance), സാമ്പത്തിക ആശ്രിതത്വം, സാമൂഹിക നിയന്ത്രണം, നിയമവ്യവസ്ഥയോടുള്ള ഭയവും അവിശ്വാസവും എന്നിവയാണ്. ഇവയെല്ലാം ചേർന്നാണ് Gender-based violence ഒരു structural violence ആകുന്നത്.
ലൈംഗികാതിക്രമ കേസുകളിൽ തെളിവ് ശേഖരണവും വിലയിരുത്തലും gender-sensitive ആണോ? സ്ത്രീയുടെ മൊഴിക്ക് നിയമവ്യവസ്ഥയിൽ എത്രത്തോളം വിശ്വാസ്യത ലഭിക്കുന്നു? “benefit of doubt” സാധാരണയായി ആരുടെ പക്ഷത്താണ് പോകുന്നത്?
സ്ത്രീകൾക്കുനേരെയുള്ള അതിക്രമം ‘crime’ എന്നതിലുപരി സ്ത്രീകളുടെ സ്വാതന്ത്ര്യവും ഏജൻസിയും നിയന്ത്രിക്കുന്ന സാമൂഹിക ഉപാധിയാണ്. അതുകൊണ്ടുതന്നെ, നിയമനടപടികൾ മാത്രം മതിയാകുന്നില്ല; സാമൂഹിക അധികാരബന്ധങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ–സാംസ്കാരിക ഇടപെടലുകളും അതിനൊപ്പം ആവശ്യമാണ്.
സിനിമാരംഗത്തെ സ്ത്രീപ്രശ്നങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. സിനിമാരംഗത്തെ, പ്രത്യേകിച്ച് മലയാള സിനിമാരംഗത്തെ സ്ത്രീകളുടെ അനുഭവങ്ങളെ തുറന്നുകാട്ടുന്ന ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. അത് ഞെട്ടിക്കുന്നതുമായിരുന്നു. പരാതിപ്പെട്ടാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി, അവസരങ്ങളുടെ നഷ്ടം, power imbalance തുടങ്ങിയവ സിനിമാരംഗത്തെ മാത്രം പ്രശ്നങ്ങളല്ല. സിനിമ വ്യത്യസ്ത ഇടം (exceptional space) അല്ല; മറിച്ച് സമൂഹത്തിന്റെ തന്നെ ചെറുരൂപം (miniature version) ആണ്. ഇവിടെ പ്രവർത്തിക്കുന്ന പതിവ് ധാരണകൾ, patriarchal stereotypical norms, കുടുംബത്തിലും കോടതികളിലും പ്രവർത്തിക്കുന്ന അതേ ചിന്താഗതികളാണ്. സ്ത്രീയുടെ സുരക്ഷയും മാന്യതയും വ്യക്തിഗത പ്രശ്നമായി ചുരുക്കപ്പെടുമ്പോൾ, സ്ഥാപനപരമായ ഉത്തരവാദിത്വം മറവിയിലാകുന്നു. Women in Cinema Collective (WCC) പോലുള്ള കൂട്ടായ്മകളുടെ പ്രസക്തിയും അതിജീവിതമാർക്കൊപ്പം നില്ക്കുന്ന അവരുടെ നിലപാടുകളും ഈ സാമൂഹികാവസ്ഥയിൽ കാണാതെ പോകാനാവില്ല.
കേരളത്തിലെ പ്രതീകാത്മക കേസായ ദിലീപ് കേസിന്റെ വിധിയും അതിന്റെ സാമൂഹ്യഅർത്ഥവും വിശകലനം ചെയ്യപ്പെടണ്ടതുതന്നെയാണ്. ദിലീപുമായി ബന്ധപ്പെട്ട കേസ് കേരളത്തിൽ വലിയ സാമൂഹിക–നിയമ ചർച്ച സൃഷ്ടിച്ചു. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. നിയമപരമായി അത് ശരിയാണോ എന്നത് കോടതിയുടെ പരിധിയിലാണ്. എന്നാൽ ചില ചോദ്യങ്ങൾ അവഗണിക്കാനാവില്ല.

ലൈംഗികാതിക്രമ കേസുകളിൽ തെളിവ് ശേഖരണവും വിലയിരുത്തലും gender-sensitive ആണോ? സ്ത്രീയുടെ മൊഴിക്ക് നിയമവ്യവസ്ഥയിൽ എത്രത്തോളം വിശ്വാസ്യത ലഭിക്കുന്നു? “benefit of doubt” സാധാരണയായി ആരുടെ പക്ഷത്താണ് പോകുന്നത്? ഈ കേസ് വ്യക്തമാക്കുന്നത്, നിയമം നിഷ്പക്ഷമാണെന്ന് പറയുമ്പോഴും അതിന്റെ പ്രയോഗം സാമൂഹികമൂല്യങ്ങളിൽ നിന്ന് സ്വതന്ത്രമല്ല എന്നതാണ്.
2025-ൽ ദേശീയതലത്തിലുണ്ടായ കോടതിവിധികളിലെ പുരോഗതിയും വൈരുദ്ധ്യങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
2025-ൽ സുപ്രീം കോടതിയും ഹൈക്കോടതികളും നൽകിയ വിധികൾ സമ്മിശ്ര ചിത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. Domestic Violence Act (PWDVA) ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കർശന ശിക്ഷകൾ, victim support mechanisms ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവ പുരോഗമനപരമായ സൂചനകളാണ്.
അതേസമയം, “ദീർഘകാല ബന്ധം” എന്ന പേരിൽ rape charge quash ചെയ്യുന്ന വിധികൾ, 498A IPC പോലുള്ള നിയമങ്ങളെ “misuse” discourse-ലേക്ക് ചുരുക്കുന്ന വ്യാഖ്യാനങ്ങൾ തുടങ്ങിയവ കടുത്ത വിമർശനങ്ങൾക്കിടയാക്കി. ഇതിലെ അടിസ്ഥാന വൈരുദ്ധ്യം വ്യക്തമാണ്: നിയമം സ്ത്രീകളെ സംരക്ഷിക്കാൻ നിലവിലുണ്ടെങ്കിലും, അതിന്റെ വ്യാഖ്യാനങ്ങൾ പലപ്പോഴും patriarchal morality-യിൽ കുടുങ്ങിക്കിടക്കുന്നു.
നീതിന്യായവ്യവസ്ഥയിൽ പാട്രിയാർക്കി
എങ്ങനെ പ്രവർത്തിക്കുന്നു?
Patriarchy കോടതികളിൽ തുറന്നുപറയാറില്ല, അത് ദൃശ്യവുമല്ല; അത് പ്രവർത്തിക്കുന്നത് സൂക്ഷ്മമായ രീതിയിലാണ്. സ്ത്രീയുടെ പെരുമാറ്റം, ബന്ധങ്ങൾ, “മാന്യത” എന്നിവ നിരന്തരം വിലയിരുത്തപ്പെടുന്നു. consent പുരുഷകേന്ദ്രമായി വ്യാഖ്യാനിക്കപ്പെടുന്നു. വിവാഹവും കുടുംബസമാധാനവും സ്ത്രീയുടെ നീതിക്കുമുകളിൽ വയ്ക്കപ്പെടുന്നു. ഇതിന്റെ ഫലം വ്യക്തമാണ്. സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങളുണ്ടെങ്കിലും, അവ പ്രാപിക്കാൻ കൂടുതൽ ഭാരം സ്ത്രീകൾ ഏറ്റെടുക്കണ്ടതായിവരുന്നു. നീതി ഒരു അവകാശമല്ല, മറിച്ച് സ്ത്രീക്ക് ലഭിക്കുന്ന ‘കരുണ’ പോലെ മാറുന്നു.
സാംസ്കാരിക അധികാരവും ലൈംഗികാതിക്രമവും:
പി.ടി. കുഞ്ഞുമുഹമ്മദ് കേസ്
2025 അവസാനം സാംസ്കാരിക രംഗത്ത് ഉയർന്ന ഒരു ഗുരുതര വിഷയം, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ, IFFK-യിലേക്ക് മലയാള സിനിമകൾ തെരഞ്ഞെടുക്കുന്ന ജൂറിയിലെ സീനിയർ വനിതാ അംഗം ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണമാണ്. ഇത് സാമൂഹിക കാഴ്ചപ്പാടിൽ ‘വ്യക്തിഗത തെറ്റ്’ അല്ല. അധികാരം, ബൗദ്ധിക പ്രതിഷ്ഠ, പുരുഷാധികാരം എന്നിവ ചേർന്നുണ്ടാക്കുന്ന പിതൃമേധാവിത്വപരമായ പെരുമാറ്റത്തിന്റെ ഉദാഹരണമാണ്.
അനുഭവവും സ്ഥാനവുമുള്ള സ്ത്രീകളോടും ഇത്തരം അതിക്രമങ്ങൾ നടക്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയം. patriarchy സ്ത്രീയെ ആദരിക്കുന്നത് അവളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലല്ല, പുരുഷന്റെ അധികാരബോധത്തിന്റെ പരിധിയിലാണ്. തന്റെ ഇഷ്ടാനുസരണം ഉപയോഗിക്കാനും നിയന്ത്രിക്കാനും അധികാരം പ്രയോഗിക്കാനുമുള്ള ഉപഭോഗവസ്തുവായി സ്ത്രീയെ കാണുന്ന വ്യവസ്ഥിതിയുടെ പ്രതിഫലനത്തിൽ പുരുഷന്റെ പ്രായത്തിന് പരിധിയില്ല. എന്നിരിക്കെ, പ്രതിയുടെ പ്രായം പരിഗണിച്ച് ജാമ്യം അനുവദിച്ചത് ഗൗരവമായ ചോദ്യം ഉയർത്തുന്നു. സ്ത്രീയുടെ അന്തസ്സിനേക്കാളും ശരീരത്തേക്കാളും സുരക്ഷയേക്കാളും പുരുഷന്റെ ‘പ്രായം’ കൂടുതൽ കരുണ അർഹിക്കുന്നതായി കണക്കാക്കപ്പെടുന്ന patriarchal social empathy ഇതിലൂടെ വെളിവാകുന്നു.
അതിലുപരി ആശങ്കാജനകമായത്, സ്ത്രീപക്ഷ നിലപാടുകൾ അവകാശപ്പെടുന്ന സംഘടനകളുടെ മൗനമാണ്. AIDWA പോലുള്ള സംഘടനകൾ ഉൾപ്പെടെ അവൾക്കൊപ്പം / അതിജീവിതക്കൊപ്പം എന്ന് പറയുമ്പോഴും വ്യക്തമായ പൊതുനിലപാട് കൈക്കൊള്ളാതിരുന്നത് നിഷ്പക്ഷതയല്ല; മൗനം ഇവിടെ അധികാരത്തിന്റെ പക്ഷത്തുള്ള ഒരു നിലപാടായാണ് കാണുന്നത്.

രാഷ്ട്രീയ യുവത്വവും പുരുഷാധികാരവും
പ്രതിഫലിച്ച രാഹുൽ മാങ്കൂട്ടത്തിൽ കേസ്
2025-ലെ gender justice ചർച്ചകളിൽ രാഷ്ട്രീയ രംഗവും വിമർശന വിധേയമായി. രാഹുൽ മാങ്കൂട്ടത്തിൽ എം!.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ ആരോപണങ്ങളും തുടർന്നുണ്ടായ പ്രതികരണങ്ങളും, രാഷ്ട്രീയ യുവത്വം പോലും patriarchy-യിൽ നിന്ന് സ്വതന്ത്രമല്ല എന്ന സത്യം തുറന്നുകാട്ടി.
ഈ വിഷയത്തിൽ ചർച്ചയായത് പ്രതിയുടെ political future, പാർട്ടിയുടെ image management, ആരോപണം “രാഷ്ട്രീയ പ്രേരിതമാണോ” എന്ന വാദം തുടങ്ങിയവയായിരുന്നു. ഇതിൽ സ്ത്രീയുടെ അനുഭവം വീണ്ടും രണ്ടാംകിട കഥകളായി (secondary narrative). യുവത്വം, വിദ്യാഭ്യാസം, “പ്രഗത്ഭ രാഷ്ട്രീയ നേതാവ്” എന്ന ഇമേജ് — ഇവയൊന്നും പുരുഷാധികാര രാഷ്ട്രീയത്തെ സ്വയം നിരാകരിക്കുന്നില്ല എന്നതാണ് ഈ കേസ് ചൂണ്ടിക്കാട്ടുന്നത്.
ദിലീപ് കേസിലെ വിധിയോടനുബന്ധിച്ച പ്രതിഷേധങ്ങൾ, സ്വയം പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സാമൂഹിക വിഭാഗങ്ങൾ പോലും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ ഇരയായ സ്ത്രീയെ അപമാനിക്കുന്ന അക്രമഭാഷയിലേക്ക് വഴുതിവീഴുന്ന സാഹചര്യം എന്നിവയെല്ലാം നാം കണ്ടു. ഇത് വ്യക്തിഗത പ്രതികരണങ്ങളുടെ പ്രശ്നമല്ല; ആണത്തമൂല്യങ്ങളും അധികാരബന്ധങ്ങളും സ്ത്രീകളിലേക്കും ആന്തരീകരിക്കപ്പെടുന്ന (internalised patriarchy) ഒരു സാമൂഹിക പ്രക്രിയയുടെ പ്രതിഫലനമാണ്.
പൊതു ഇടങ്ങളിൽ പുരോഗമന മൂല്യങ്ങളുടെ കവചമണിഞ്ഞുനടക്കുന്നവർ പോലും വീടുകളിലും പങ്കാളിത്തബന്ധങ്ങളിലും (വിവാഹം മാത്രമല്ല) എത്തിയാൽ പുരുഷമേധാവിത്വത്തിന്റെ പഴയ തോൽ വീണ്ടും ധരിക്കുന്നതായി ഓരോ സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നു.
ലൈംഗികത, രാഷ്ട്രീയം, സാമൂഹിക സ്ഥാനം എന്നിവയുടെ gender insensitive (ജെൻ്റർ വിവേചനബോധമില്ലാത്ത) ആയ വ്യാഖ്യാനത്തിലൂടെ സ്ത്രീയുടെ സ്വതന്ത്രതീരുമാനശേഷിയും പ്രവർത്തനാധികാരവും നിഷേധിക്കപ്പെടുകയും, അവളെ തന്നെ കുറ്റപ്പെടുത്തുന്ന victim-blaming രാഷ്ട്രീയങ്ങൾ സാധൂകരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് പുരുഷനെ മാത്രമല്ല; സ്ത്രീശരീരത്തെയും സ്ത്രീസ്വരത്തെയും നിയന്ത്രണവിധേയമാക്കുന്ന ആണധികാര രാഷ്ട്രീയ–സാംസ്കാരിക ഘടനകളെയും, അവയെ സ്വാഭാവികമാക്കുന്ന സാമൂഹിക പൊതു ബോധത്തെയുമാണ്. സ്ത്രീകൾ ഉൾപ്പെടെ മുഴുവൻ സമൂഹവും ഈ അടിച്ചമർത്തൽ സംവിധാനത്തിന്റെ പുനരുൽപ്പാദനത്തിൽ പങ്കാളികളാകുന്നുവെന്ന സത്യം അംഗീകരിക്കാതെ യഥാർത്ഥ വിമോചന രാഷ്ട്രീയത്തിന് ഇടമില്ല.
പൊതു ഇടങ്ങളിൽ പുരോഗമന മൂല്യങ്ങളുടെ കവചമണിഞ്ഞുനടക്കുന്നവർ പോലും വീടുകളിലും പങ്കാളിത്തബന്ധങ്ങളിലും (വിവാഹം മാത്രമല്ല) എത്തിയാൽ പുരുഷമേധാവിത്വത്തിന്റെ പഴയ തോൽ വീണ്ടും ധരിക്കുന്നതായി ഓരോ സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നു. സ്വതന്ത്രമായി ഇടപെടുന്ന സ്ത്രീകളെ സ്വന്തം കാമകൽപ്പനകൾക്കുള്ള വസ്തുക്കളായി കാണുന്ന സമീപനം ഇന്നും സമൂഹത്തിന്റെ അദൃശ്യമനസ്സിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. ഇത്തരം പെരുമാറ്റങ്ങളെ വ്യക്തിഗത തെറ്റുകളായി മാത്രമല്ല, അവയെ രൂപപ്പെടുത്തിയ സാമൂഹിക - രാഷ്ട്രീയ ആൺകേന്ദ്രിത സംവിധാനത്തിന്റെ ആഴമുള്ള വൈകൃതങ്ങളായി കൂടി തിരിച്ചറിയണം. അതോടൊപ്പം, ആ തിരിച്ചറിവ് വ്യക്തികളിലും വളരേണ്ടതുണ്ട്. സ്വന്തം പെരുമാറ്റങ്ങളെയും ബന്ധങ്ങളെയും നിരന്തരം ചോദ്യം ചെയ്യാൻ തയ്യാറാകുന്ന വ്യക്തിഗത ബോധമില്ലാതെ യാതൊരു സാമൂഹ്യമാറ്റവും സാധ്യമല്ല. ഈ ഇരട്ട തിരിച്ചറിവിലാണ്—സമൂഹത്തെയും വ്യക്തിയെയും ഒരുപോലെ ചോദ്യം ചെയ്യുന്ന നിലപാടിലാണ്—യഥാർത്ഥ പുരോഗമനത്തിന് വഴിയൊരുങ്ങുന്നത്.

2025 നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ
Gender justice നിയമം മാത്രമല്ല; വ്യാഖ്യാനങ്ങളാണ് (interpretation) നിർണായകം. സിനിമ, സാംസ്കാരിക മേഖല, കോടതി, രാഷ്ട്രീയം, കുടുംബം- എല്ലാം patriarchal ecosystem-ന്റെ ഭാഗങ്ങളാണ്. സ്ത്രീയുടെ അനുഭവങ്ങളെ കേന്ദ്രത്തിലാക്കാതെ നീതി സമ്പൂർണമാകില്ല.
2025-ലെ ഇന്ത്യ, പ്രധാനമായും നമ്മുടെ കേരളവും, നമ്മോട് ചോദിക്കുന്നു: സ്ത്രീകൾക്ക് നീതി ലഭിക്കുന്നത് നിയമത്തിന്റെ കരുണകൊണ്ടോ, അതോ അവകാശമായി തന്നെയോ? പിതൃമേൽക്കോയ്മയെ ചോദ്യം ചെയ്യാതെ gender justice സാധ്യമല്ല. സ്ത്രീകളുടെ അനുഭവങ്ങളെ കേന്ദ്രമാക്കുന്ന, ലിംഗപദവി സൂക്ഷ്മത ഉൾക്കൊള്ളുന്ന വിശകലനാത്മക ന്യായവിധി സമീപനം- gender-sensitive jurisprudence- ഇല്ലാതെ കോടതിവിധികൾ സാമൂഹ്യ നീതിയിലേക്ക് നയിക്കില്ല.
2025 ഒരു ഓർമ്മപ്പെടുത്തലാണ്: അക്രമങ്ങൾ കുറയണമെങ്കിൽ, നിയമവും സമൂഹവും പ്രതികരണങ്ങളും ഒരുമിച്ച് മാറണം. അരികുവത്ക്കരിക്കപ്പെട്ട അനുഭവങ്ങളെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരുന്ന വീക്ഷണവും, അതിനനുയോജ്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും ആത്മപരിശോധനയും അനിവാര്യമാണ്. തുല്യതയും നീതിയും അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സാമൂഹ്യക്രമത്തിന്റെ രൂപീകരണത്തിന് പുതുവർഷം സാക്ഷിയാകട്ടെ.

