ചർച്ചകൾക്കും സംവാദങ്ങൾക്കും മുൻപ്...
സ്ത്രീവിമോചനം, സ്ത്രീശാക്തീകരണം, ഇതിനൊക്കെയും മുൻപ്...
പൊളിറ്റിക്കൽ കറക്ട്‌നെസ്സുകൾക്ക് മുൻപ്..
ദിനോസറുകളോളം ചെന്നെത്താത്ത ഒരു കാലത്തേയ്ക്ക് ...
ഒരല്പം ഫ്‌ളാഷ്ബാക്ക്...
പണ്ട് തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിങ്ങിന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കാലം...
ഹോസ്റ്റലാക്കി മാറ്റിയ പഴയ മാതൃകയിലുള്ള രണ്ടുനിലവീട്. ഹോസ്റ്റൽ മുറികളുടെ ഭാവഹാവാദികളില്ലാതെ ഏതാണ്ടൊരു ഡോർമിറ്ററി മാതൃകയിൽ പല മട്ടിൽ കിടക്കകളും മേശകളും ക്രമീകരിച്ച മുറികൾ. ഉറക്കമില്ലാത്ത പഠനരാത്രികൾ. ക്രാഷ് കോഴ്‌സുകളിൽ അല്ലെങ്കിലും ആരും ഉറങ്ങാറില്ലല്ലോ. സാന്ദർഭികമായി പറഞ്ഞാൽ പെൺ-ഹോസ്റ്റലുകളിൽ പ്രത്യേകിച്ചും.
ക്ലാസ് തുടങ്ങി ദിവസങ്ങൾക്കകം ഒരു സന്ധ്യകഴിഞ്ഞനേരത്ത് ഭീകരമായ ഒരലർച്ച ഹോസ്റ്റൽ ചുമരുകളെ കീറിമുറിച്ച് പാഞ്ഞുപോയി!
അടുത്തമുറിയിൽ നിന്നാണ് നിലവിളി കേട്ടത്.
കൂട്ടുകാരികളിൽ ആരോ ഒരാളാണ് നിലവിളിച്ചത്.
വിരലിലെണ്ണാവുന്ന ദിവസത്തെ പരിചയമേ ഉള്ളൂ ഞങ്ങൾക്കെല്ലാവർക്കും തമ്മിൽ. എങ്കിലും ഭയത്താൽ ഞങ്ങൾ അഗാധമായി ബന്ധിക്കപ്പെട്ടു. ആദ്യമായി വീട്ടിൽനിന്ന് മാറിനിൽക്കുന്നതിന്റെ, പരീക്ഷയുടെ, ഫിസിക്‌സിന്റെ, കെമിസ്ട്രിയുടെ ഒക്കെ ആധിയും ഉള്ളുകാളലും; അതിനിടയിലാണ് ഈ നിലവിളി. ഒരു ഹോറർ മൂവിയിലെന്ന പോലെ. എല്ലാവരും നിലവിളിച്ചോടി അടുത്ത മുറിയിലെത്തി. നാലുപെൺകുട്ടികൾ ഉറഞ്ഞ ശിലകൾ പോലെ, ഭയന്നുതുറിച്ചകണ്ണുകളോടെ ചകിതരായി നിന്നു.
ജനലരികിലെ മേശയ്ക്കരികിൽ പഠിച്ചുകൊണ്ടിരുന്നവളുടെ പുസ്തകക്കൈയ്യിലേയ്ക്ക് ഇരുളിൽ നിന്നുനീണ്ടുവന്നുതൊട്ട ആ അജ്ഞാതകരം ഭയത്താലവരെ മരിച്ചവരോളം തണുപ്പിച്ചുകളഞ്ഞിരുന്നു. കാര്യമറിഞ്ഞ ഓരോരുത്തരും അതേ തണുപ്പിൽ ഉറഞ്ഞുപോയി. ഒച്ചകേട്ടാവണം ഇരുട്ടിലെ കൈയ്യിന്റെ ഉടമ അപ്രത്യക്ഷനായത്!
അടുത്തദിവസം ലോഡ്‌ഷെഡിങ് നേരത്ത് ടെറസിൽ ഉറച്ച കാലടികളുടെ ചിതറുന്ന പദവിന്യാസം. അതിനടുത്ത ദിവസം രാത്രി മെസ്സ് റൂമിലെ ജനാലയ്ക്കൽ ചുവന്നകണ്ണുകൾ. അന്നും കേട്ടു നിലവിളികൾ...
പിന്നെയും ഇടയ്‌ക്കൊക്കെ കേട്ടുകൊണ്ടേയിരുന്നു.
പരാതികൾ കൂടിയപ്പോ രാത്രികാവലിന് ഒരു ജർമൻ ഷെപ്പേർഡ് നിയോഗിക്കപ്പെട്ടു.
പഠിത്തം മുഴുവനായും നിലച്ച ദിവസങ്ങൾ. ഒരു ദിവസം അങ്ങനെ ഒരു നിലവിളി നേരത്ത് കറണ്ട് പെട്ടെന്ന് പോവുകയും ബാൽക്കണിയിൽ ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. ഇരുട്ടിൽ മെഴുകുതിരി തെളിയും വരെ ഭയത്തിന്റെ ഒരു യുഗം കടന്നുപോയി. അന്നാണ്, ജർമൻ ഷെപ്പേർഡിന്റെ ആ കടുത്ത നിശ്ശബ്ദതയിൽനിന്ന്, ഞങ്ങൾക്ക് ഈ അരൂപികളുടെ ഹോസ്റ്റലുമായുള്ള ‘അടുപ്പം' മനസ്സിലായത്! അതോടെ ഞങ്ങൾ വീടുകളിൽ അറിയിക്കാൻ തീരുമാനിച്ചു. അന്നത്തെ പതിവ് ഫോൺവിളി നേരത്ത് എല്ലാ വീടുകളിലും കാര്യമറിയിച്ചു.
അന്നുരാത്രി തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിൽ വിവരമെത്തി. അല്പനേരം കൊണ്ട് ഫ്‌ളയിങ് സ്‌ക്വാഡ് പറന്നെത്തുകയും ചെയ്തു. ഹോസ്റ്റലിന്റെ പുറംചുമരുകളിൽ കാൽപാടുകൾ മാത്രം ബാക്കി.
‘പേടിക്കണ്ട.... ഞങ്ങൾ ഇവിടെ അടുത്തുതന്നെയുണ്ടാവും...' എന്നവർ പറഞ്ഞു. അന്നാദ്യമായി പൊലീസ് ഒരു ധൈര്യമായി തോന്നി.
ഞങ്ങളിൽ പലരും അടുത്ത ദിവസം തന്നെ ഹോസ്റ്റൽ മാറി.
പക്ഷേ കാലമിനിയെത്ര കഴിഞ്ഞാലും ആ രണ്ടാഴ്ച മനസ്സിൽ നിന്ന് മായില്ല. മറക്കില്ല. എല്ലാവരുടെയും പെട്ടികൾ വാതിൽക്കൽ ചേർത്തുവെച്ച് രാത്രി ഷിഫ്റ്റ് വെച്ചുറങ്ങിയത്. അതൊരു വല്ലാത്ത ഓർമ്മയാണ്
ഇനി കൊച്ചിയാണ്. എഞ്ചിനീയറിംഗ് കാലം....
അവിടെയും ഹോസ്റ്റൽ. പുലർച്ചെ മുതൽ രാവിരുട്ടിയുറങ്ങും വരെ ആ കെട്ടിടത്തെ ചുറ്റുന്ന ചില ഉപഗ്രഹങ്ങൾ. അല്ലെങ്കിൽ ‘ക്ഷുദ്ര' ഗ്രഹങ്ങൾ...
റോഡിന്റെ തിരിവുകളിൽ. ആൾക്കൂട്ടങ്ങളിൽ... ആരവങ്ങളിൽ...
എല്ലായിടത്തും അവർ മറഞ്ഞിരുന്നു. ആരുടേയും ശ്രദ്ധവീഴാത്ത ഒരു നിമിഷത്തിൽ ഒരു മിന്നൽ വേഗത്തിൽ അവർ പ്രത്യക്ഷരായി.
ആദ്യമൊക്കെ അവരെക്കണ്ട് പേടിച്ചുവിറച്ചിട്ടുണ്ട്. പിന്നെ ഒഴിവാക്കാൻ ശ്രമിച്ചു. കാഴ്ചകളെ എങ്ങനെയാണ് സെൻസർ ചെയ്യുക..?
ഉള്ളിലെ നെരിപ്പോട് നിരന്തരം എരിഞ്ഞുകൊണ്ടിരുന്നു.
എപ്പോ, എവിടെ, എങ്ങനെവരും എന്ന് നിശ്ചയമില്ലാതെ...
എപ്പോഴും ജാഗരൂകരായി....
കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ ഓഫ്ഷോർ കാമ്പസിലെ സുഹൃത്തുക്കൾ പിന്നെയും ഭീതിദമായ കഥകൾ പറഞ്ഞു. നടന്നുവരുന്ന വഴികളിലെ അപ്രിയ കാഴ്ചകൾ. പിന്നാലെയെത്തുന്ന കാലടിശബ്ദങ്ങൾ. വിളികൾ... കുശലം പറച്ചിലുകൾ. അതിലും എത്രയോ ഭേദമായിരുന്നു ഹോസ്റ്റൽ റോഡിലെ ഉപഗ്രഹ ചുറ്റലുകളും അഞ്ചാം നിലയിലേക്കെത്തുന്ന നോട്ടങ്ങളും പ്രകടനങ്ങളും.
ഒടുവിൽ ഗതികെട്ടൊരിക്കൽ, ഒരു ഞായറാഴ്ച, പൊലീസിനെ അറിയിച്ചു. 100 ൽ വിളിച്ചു പറയുകയായിരുന്നു. അന്ന് ബീക്കണിട്ട് പാഞ്ഞുവന്ന പൊലീസ് ജീപ്പ് ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചു. ശബ്ദം കേട്ട് ഉപഗ്രഹം ഭ്രമണപഥം വിട്ടോടി. പക്ഷെ തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ തന്നെ ഞങ്ങൾ വീണ്ടും നൂറിൽ വിളിച്ചു. ഇത്തവണ വിദഗ്ധമായ പ്ലാനിങ്ങിൽ മൂന്നുവശത്തുനിന്നും വളഞ്ഞ് അവരവനെ പിടിച്ചു. ഹോസ്റ്റലിന്റെ മുന്നിലിട്ട് എല്ലാവരുംകാണെ ‘കൈകാര്യം' ചെയ്തു. ഒരാളെ തല്ലുന്ന കണ്ടപ്പോൾ ജീവിതത്തിലാദ്യമായി മനസ്സമാധാനം തോന്നിയത് അന്നാണ്.
കഥയുടെ പരിസമാപ്തിയാണ് ഏറെ രസകരം!
രണ്ടോമൂന്നോ ദിവസംകഴിഞ്ഞ് അതേ മനുഷ്യൻ അതേ സ്ഥലത്ത് വാശിയോടെ. വീണ്ടും തോറ്റുപോയി എന്നു തോന്നിയില്ല, ആർക്കും.
‘ഓ', ‘ലവൻ തിരിച്ചെത്തി' എന്നൊരു വികൃതമായ തമാശയായി, തമാശ മാത്രമായി അതൊതുങ്ങി...
എനിക്കന്നൊരു കാര്യം മനസ്സിലായി. ഈ കടന്നുകയറ്റങ്ങളെ കണ്ടില്ല കേട്ടില്ല എന്നൊക്കെ നടിക്കുകയാണ് ഏറ്റവും നല്ലത്. അതുമാത്രമാണ് ഒരുപോംവഴി. സിസ്റ്റത്തിനോ സ്റ്റേയ്റ്റിനോ ഇതിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പെണ്ണാണോ, അധിനിവേശങ്ങൾ ഒരു സ്വാഭാവികതയായി കണക്കാക്കി മിണ്ടാതിരിക്കുക! നിശ്ശബ്ദരായ മനുഷ്യരെ മനസ്സിലാക്കാനാവാത്ത വെറുമൊരു യന്ത്രമാണ് നിയമം!
വീണ്ടും തിരുവനന്തപുരം...
മഹാത്മാ അയ്യങ്കാളി ഹാൾ എന്നിപ്പോഴറിയപ്പെടുന്ന പഴയ വി.ജെ.ടി. ഹാളിനു മുന്നിലെ ബസ് സ്റ്റോപ്പ്. സമയം രാവിലെ എട്ടുമണി. ഓഫീസ് വാൻ കാത്തുനിൽക്കുന്നു. സ്റ്റോപ്പിൽ യൂണിവേഴ്‌സിറ്റി കോളേജിലെയും മറ്റും കുട്ടികളും ധാരാളം.
പെട്ടെന്നാണ് പെൺകുട്ടികൾക്കിടയിൽ ഒരു അസ്വാഭാവികമായ അലയിളക്കം ശ്രദ്ധിച്ചത്. ചിലർ പരിഭ്രമത്തോടെ തമ്മിൽത്തമ്മിൽ നോക്കുന്നുണ്ട്. ബസ് ബേയിൽത്തന്നെ നിൽക്കുന്ന ഒരു മധ്യവയസ്‌കനെയാണ് അവർ ഭയത്തോടെ നോക്കുന്നതെന്ന് പിന്നീട് മനസ്സിലായി. അടുത്തുനിന്ന കുട്ടിയോട് കാര്യം ചോദിച്ചപ്പോ ‘ഡയറി.. ഡയറി...' എന്നവൾ പറഞ്ഞു. കയ്യിലെ ഡയറിയിൽ അശ്‌ളീല ചിത്രങ്ങൾ നിറച്ചുവെച്ച്, അതവിടെ നിന്ന ഓരോ പെൺകുട്ടിയെയും കാണിച്ചു സായൂജ്യമടയുകയായിരുന്നു ആ വയോവൃദ്ധൻ!
പൊതുജനമധ്യത്തിലായിരുന്നതുകൊണ്ടോ എന്നെക്കാൾ കൂടുതൽ ചകിതരായ പെൺകുട്ടികളെക്കണ്ടിട്ടോ എന്തോ, അന്നാദ്യമായി പ്രതികരിക്കാൻ അപാരമായ ധൈര്യം തോന്നി! അരിശം കൊണ്ട് വിറച്ചുപോയി!
എന്താണ് ചെയ്യേണ്ടതെന്ന് ഒരുനിശ്ചയവുമില്ലാതെനിൽക്കുമ്പോഴാണ്, അവിടെ നിന്ന ട്രാഫിക് പൊലീസിനോട് പറഞ്ഞാലോ എന്നൊരുതോന്നലുണ്ടായത്.
ഓഫീസ് വാൻ വരുന്നുണ്ടോ എന്ന് നോക്കാനെന്ന ഭാവത്തിൽ റോഡിലേക്കിറങ്ങി ട്രാഫിക് പൊലീസിന്റെ ഏകദേശം അടുത്തുപോയി മറ്റൊരു ദിശയിലേക്ക് നോക്കിനിന്ന് മുഖത്തുനോക്കാതെ അദ്ദേഹത്തോട് കാര്യം പറഞ്ഞു.
പൊലീസിനോട് പറയുന്നതായി മനസ്സിലായാൽ അയാൾ രക്ഷപെട്ടേക്കും എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആ പൊലീസുകാരൻ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റെവിടെയോനോക്കിക്കൊണ്ട് ‘ഞാനേറ്റു' എന്ന് പറഞ്ഞു. എന്നിട്ട് ഒന്നുമറിയാത്തപോലെ ബസ് സ്റ്റോപ്പിലേക്ക് നീങ്ങി. പെട്ടെന്ന് അപകടം മണത്ത അയാൾ കിഴക്കേകോട്ടയ്ക്കുള്ള ഒരു ബസിൽ ഓടിക്കയറി. ജാം-പാക്ക്ട് ആയ ബസ്സിൽ അയാൾ കയറിമറഞ്ഞതും ബസ് നീങ്ങിത്തുടങ്ങി.
അന്ന് ആ നിമിഷം, ഇപ്പോഴും പേരറിയാത്ത ആ പൊലീസുകാരൻ ഓടിയ ഓട്ടം എന്റെ അതുവരെയുള്ള എല്ലാ ധാരണകളെയും തിരുത്തി. ബസിനു പിന്നിൽ ശക്തമായടിച്ച് ബസ് നിർത്തിച്ച് അദ്ദേഹം അതിൽനിന്നാ മനുഷ്യനെ പിടിച്ചു പുറത്തെത്തിച്ചു. എന്നാൽ അയാളാ ഡയറി ബസ്സിലുപേക്ഷിച്ചിരുന്നു, തൊണ്ടിമുതൽ നഷ്ടമായിരുന്നു. അപ്പോഴേയ്ക്കും ട്രാഫിക്കിലെ വയർലെസ്സിൽ പോയ സന്ദേശം കേട്ട് മ്യൂസിയം പൊലീസും കണ്ടോൺമെൻറ് പൊലീസുമെത്തിയിരുന്നു. പോരാത്തതിന് ട്രാഫിക്കിന്റെ ജീപ്പും!
പിന്നീടയാളെ ഞങ്ങൾ കണ്ടില്ല, ഒരിക്കലും.
ഇനി, മറക്കാനാവാത്തൊരു ബസ് യാത്രയാണ്.
വിപ്രോയിൽ ഇന്റർവ്യൂ. തിരുവനന്തപുരം- ബാംഗ്ലൂർ ‘കല്ലട' ബസ്.
മദ്യപിച്ചു ബോധംപോയ പിൻസീറ്റിലെ യാത്രക്കാരൻ. ശല്യം ചെയ്യുകയാണോ അതോ നമ്മുടെ വെറും സംശയമോ എന്ന ചിന്ത എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്നുണ്ടാവാം. എനിക്കുമുണ്ടായി!
ഒടുവിൽ സഹികെട്ട് പപ്പയോട് പറഞ്ഞു. പാലക്കാട് കഴിഞ്ഞിട്ടുണ്ടാവണം.
ഞങ്ങൾ അത്രയധികം ഒച്ചവെച്ചിട്ടും, എല്ലാ സീറ്റും ഒക്കുപൈഡ് ആയിരുന്ന ആ വലിയ ബസ്സിൽ ഞങ്ങളോടൊപ്പം സംസാരിക്കാൻ ബസ്സിലെ രണ്ടാം ഡ്രൈവറും സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളു!
ചെറുപ്പക്കാരും സ്ത്രീകളും പ്രായമുള്ളവരും വിദ്യാർത്ഥികളും. ആരും ഒരുറക്കം ഞെട്ടിയതിന്റെ ലക്ഷണം പോലും കാണിച്ചില്ല. അതെ, ആ വേൾഡ് ഫേമസ് ‘പിൻഡ്രോപ് സൈലൻസ്' !
പിന്നെ, നിസ്സംഗത, നിർവികാരത.
മുറിവേറ്റ ആത്മവിശ്വാസവുമായി ഞാനുറങ്ങി, ഒറ്റപ്പെട്ടു പോയതിന്റെ അടങ്ങാത്ത വേദനയോടെ.
സാമൂഹികശാസ്ത്രത്തിൽ എന്റെ ഏറ്റവുംവലിയ പാഠം അതായിരുന്നു.
കാലത്ത് ബസ് ചായയ്ക്ക് നിർത്തുമ്പോൾ അഭിമാനം മുറിവേറ്റവളായി ഞാൻ പകൽവെളിച്ചത്തിലേക്കിറങ്ങി. ഒരിക്കലും വടുകെട്ടിപ്പോകാൻ പാടില്ലാത്തൊരു മുറിവ് മനസ്സിൽ ഞാൻ മറച്ചുപിടിച്ചിരുന്നു!
ഒരു ദശാബ്ദത്തിനുമുൻപ്, സമൂഹം പെൺകുട്ടികളെ അങ്ങനെയാണ് പഠിപ്പിച്ചുവെച്ചിരുന്നത്! മുറിവേൽക്കപ്പെടേണ്ടത് നമ്മുടെ അഭിമാനമാണെന്ന്.
അതങ്ങനെയല്ല എന്ന് തിരിച്ചറിയാൻ പിന്നെയും കാലങ്ങളെടുത്തു!
ഇനി മംഗലാപുരത്തേയ്ക്കാണ്.
ജോലികിട്ടിക്കഴിഞ്ഞുള്ള കാലം.
പക്വതവെച്ചു എന്ന് കരുതിയകാലം!
അന്ന് മംഗലാപുരം എയർപോർട്ടിലാണ് പോസ്റ്റിങ്ങ്. രണ്ടുമാസം കൂടുമ്പോൾ വൈകുന്നേരത്തെ മാവേലി എക്‌സ്‌പ്രസിൽ നാട്ടിൽ വരും. അന്ന് തുറിച്ചുനോട്ടക്കാരുടെ സംസ്ഥാന സമ്മേളനമാണ് ട്രെയിനുകളിലൊക്കെ! എല്ലാ യാത്രകളിലും ഇത് സഹിക്കേണ്ടിവന്നിട്ടുണ്ട്.
ഒരിക്കൽ മംഗലാപുരത്തുന്ന് വീട്ടിലേയ്ക്ക് വരുമ്പോൾ ട്രെയിനിൽ ദീർഘനേരം മുഖത്തേയ്ക്ക് തുറിച്ചു നോക്കിയിരുന്ന ആളോട് ‘എന്നെ പരിചയമുണ്ടോ?' എന്ന് എണ്ണീറ്റുപോയി ചോദിച്ചു.
‘ഇല്ല’, എന്നയാൾ.
‘പിന്നെന്തിനാണ് ഇങ്ങനെ തുറിച്ചുനോക്കിയിരിക്കുന്നത്?' എന്ന് ചോദിച്ചപ്പോൾ ചോരയൂർന്ന് വിവർണ്ണമായ അയാളുടെ മുഖം.
‘ഇല്ല, നോക്കിയില്ല ..' എന്നുത്തരവും!
‘ആഹാ...!, ഏതേതൊക്കെയാണെന്നും ആരാരൊക്കെയാണെന്നും ഉള്ള വ്യക്തവും വടിവൊത്തതുമായ ബോധം എനിക്കുണ്ട് ' എന്ന് ശ്രീനിവാസനെപ്പോലെ നിവർന്നുനിന്നങ് പറഞ്ഞാലോ എന്ന് തോന്നി!
തുറിച്ചുനോക്കലുകൾ പലപല യാത്രകളിൽ അന്തമില്ലാതെ തുടർന്നപ്പോൾ സ്ലീപ്പറിൽ യാത്രചെയ്യാനുള്ള ധൈര്യം മെല്ലെമെല്ലെ ചോർന്നുപോയി. സെക്കൻറ് ക്ലാസ് വിട്ട് ത്രീ ടയറിലേയ്ക്ക് പതിയെപ്പതിയെ യാത്ര മാറ്റി! ആളുകൾക്ക് മാറ്റമുണ്ടായിട്ടല്ല. കണ്ണുകളുടെ എണ്ണം കുറയുമല്ലോ! മാത്രമല്ല, എന്തുകൊണ്ടോ ഒരു സുരക്ഷിതത്വം തോന്നിയിരുന്നു. കറുത്ത ജനാലകളും കർട്ടനുകളും പിന്നെ ഒരു അറ്റെൻഡറും. അതൊക്കെയാവാം കാരണം.
സ്ത്രീവിരുദ്ധത കാണിക്കാതെയും അകലം പാലിക്കാതെയും തുറിച്ചു നോക്കാതെയും ... ഇതിനിടയിൽ ഒരു നോർമൽ ബിഹേവിയർ സാധ്യമാണെന്ന് ഈ ലോകം എന്നാണ് പഠിക്കുക? അങ്ങനെയാവുമ്പോൾ മാത്രമേ നമ്മൾ ജൻഡർ ന്യൂട്രൽ ആകുന്നുള്ളു.
കാലവും ദേശങ്ങളും മാത്രം മാറിക്കൊണ്ടേയിരുന്നു. ഒരുപോലെ...
മാറിയമറ്റൊന്നുകൂടിയുണ്ട്- മനസ്സ്. അന്നാ ട്രെയിനിൽ അയാളോട് കയർക്കുമ്പോൾ എനിക്കത്രേം ധൈര്യമുണ്ടെന്ന് എനിക്കതുവരെ അറിയില്ലാരുന്നു.
പണ്ടൊക്കെ പേടിച്ച് കൈകാൽവിറ വരുമായിരുന്ന ഞാൻ ഒരുപാട് മാറിപ്പോയിരുന്നു. പ്രതികരിക്കാൻ മാത്രമല്ല, ഇഗ്‌നോർ ചെയ്യാനും പഠിച്ചു.
പിന്നെയും എത്രയോ എത്രയോ അവസ്ഥകൾ, സംഭവങ്ങൾ.
എന്നും എല്ലായിടത്തും ഓരോ സ്ത്രീശരീരത്തെയും ചൂഴ്ന്നു നിൽക്കുന്ന അപകടങ്ങൾ.
ഒരിക്കൽ ഫേസ്ബുക്കിൽ ‘ഇത് പുരുഷന്റെ ലോകമാണ്, അടങ്ങിയൊതുങ്ങി ജീവിച്ചോളണം' എന്ന് താക്കീത് ചെയ്ത സുഹൃത്തും സൗന്ദര്യം ആസ്വദിക്കാനുള്ളതാണ് അതെവിടെക്കണ്ടാലും ഞാൻ ആസ്വദിക്കും എന്നുപറഞ്ഞ സുഹൃത്തും ബൈക്കിൽ പിന്തുടരുന്നവരും.
സ്ത്രീവിരുദ്ധത സിനിമയിൽ ഇല്ലാതായാൽ ചലച്ചിത്രങ്ങളുടെ സത്ത നഷ്ടമായാലോ എന്നു ഭയപ്പെടുന്ന സിനിമാസ്‌നേഹികളും പെണ്ണാണെന്നുപറഞ്ഞ് അകറ്റി നിർത്തുന്നവരും അകലം പാലിക്കുന്നവരും...
സ്ത്രീ ഒരു മനുഷ്യജീവിയല്ല, മറിച്ചൊരു ശരീരം മാത്രമാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നവരും...
എന്റെ കവിതകളെ ‘പെണ്ണെഴുത്തെന്ന്' പറഞ്ഞയാളോട്... അല്ല, ഇത് പെണ്ണെഴുത്തല്ല, ഇത് ‘വെറും എഴുത്താണ് ' എന്ന് തിരുത്തിപ്പറഞ്ഞതിന് എന്നെ അധിക്ഷേപിച്ച വ്യക്തിയും.
എല്ലാം, ഒരേ തെറ്റിന്റെ അളവുകോലിൽ പലദൂരങ്ങളിലെ അടയാളങ്ങൾ മാത്രമാവുന്നു.
വസ്ത്രവും വ്യക്തിത്വവും ചരിത്രവും മുഖലക്ഷണവും നോക്കിയല്ലാതെ എല്ലാവരെയും ഒരുപോലെ കാണാൻ നമ്മളെന്നാണ് പഠിക്കുക?
സ്ത്രീവിരുദ്ധത കാണിക്കാതെയും അകലം പാലിക്കാതെയും തുറിച്ചു നോക്കാതെയും ... ഇതിനിടയിൽ ഒരു നോർമൽ ബിഹേവിയർ സാധ്യമാണെന്ന് ഈ ലോകം എന്നാണ് പഠിക്കുക? അങ്ങനെയാവുമ്പോൾ മാത്രമേ നമ്മൾ ജൻഡർ ന്യൂട്രൽ ആകുന്നുള്ളു.
സ്ത്രീയ്ക്കും പുരുഷനും പ്രത്യേക ഇടങ്ങളും ഇരിപ്പിടങ്ങളും കോളേജുകളും നിയമങ്ങളുമല്ല ഉണ്ടാവേണ്ടത്. മറിച്ച് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റേതിനു തുല്യമാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. ഒന്നിച്ചിരുന്നാലും ഇടപെട്ടാലും ഒന്നും ഹനിക്കപ്പെടില്ല എന്ന അവസ്ഥയാണ് ഉണ്ടാവേണ്ടത്.
നല്ല വ്യക്തികളെ കാണാത്തവരല്ല ഇത്തരം ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുന്നത്. ദുരന്തങ്ങളനുഭവിക്കുന്നവരോട് എമ്പതൈസ് ചെയ്യുന്നവരാണ്.
ഒറ്റക്കുനിന്ന് പൊരുതുന്നവരോട് ഉടമ്പടികളില്ലാതെ ഐക്യദാർഢ്യപ്പെടാൻ ഞാൻ മനസ്സിലുറപ്പിച്ചത് ബാംഗ്‌ളൂർക്കുള്ള ആ ബസ് യാത്രയിലാണ്. ഒരു മനുഷ്യന് പറയാനാവാത്ത കാര്യങ്ങൾ കേൾക്കാൻ കഴിയുക എന്നതിനോളം വലിയ രാഷ്ട്രീയപ്രവർത്തനം വേറെയില്ല! ഈയടുത്ത് എവിടെയോ വായിച്ചതാണ് , ‘Being wise enough to listen to what a person is not saying!'
നൂറുശതമാനം സ്ത്രീകളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മാനസിക- ശാരീരിക വ്യഥകളിലൂടെ കടന്നുപോയിട്ടുണ്ടാവും! പറയാൻ എല്ലാവർക്കുമുണ്ടാവും ഇത്തരം അനേകം കഥകൾ. നിങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ഹൃദയം തുറന്നൊന്ന് സംസാരിച്ചുനോക്കൂ. അവർ പറഞ്ഞുതരും, പൊതുഇടങ്ങളിലെ കടന്നുകയറ്റങ്ങളുടെ കഥകൾ. വസ്ത്രവും സമയവും കാലവുമല്ല, മറിച്ച് കാഴ്ചപ്പാടുകളും പെരുമാറ്റവും ചിന്തകളുമാണ് മാറേണ്ടത്.
ഇതൊക്കെ ഉടനെ ശരിയാവും എന്ന മിഥ്യാധാരണ കൊണ്ടൊന്നുമല്ല ഇതെഴുതുന്നത്. പറയണം എന്ന വെറും തോന്നൽകൊണ്ടാണ്.
ഇക്കാലത്ത്, ഇങ്ങനത്തെ ലോകത്ത്, ഒരു പെണ്ണും സുരക്ഷിതയല്ല. കടന്നുകയറ്റങ്ങൾക്ക് അതീതരുമല്ല.
ജീൻസ് ഇട്ടവൾക്കും രാത്രി സഞ്ചരിക്കുന്നവൾക്കും ആൺസുഹൃത്തുക്കൾ ഉള്ളവൾക്കും മാത്രമേ ഇതൊക്കെസംഭവിക്കുന്നുള്ളൂ എന്നതോന്നലിനുള്ള പൊളിച്ചെഴുത്തുണ്ടാവുണ്ട്. ആ ചിന്താധാര കൂടുതൽ ശക്തമാവട്ടെ.
ഒരു ചലച്ചിത്രതാരം ഉയർത്തിവിടുന്ന കൊടുങ്കാറ്റല്ലിത്.
വഴിമാറിപ്പോകുന്ന ചർച്ചകൾ വന്നെത്തിനിൽക്കുന്ന വഴിമുട്ടിയ മുനമ്പുകളാണ്. പ്രമുഖരല്ലാത്തവരും അപ്രസക്തരും മുഖവും ശബ്ദവുമില്ലാത്തവരുമായ ലക്ഷക്കണക്കിന് സ്ത്രീകൾ പറയാതെപോകുന്ന അവരുടെ കഥയാണ്.‘മുണ്ഡിത ശിരസ്‌കരായ് ഭ്രഷ്ടരായ്
സൗരമണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി' നടന്നുപോകുന്ന അനേകം പേരുടെ ജീവിതദശാസന്ധിയാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.