മലയാള സിനിമയുടെ 21ാം നൂറ്റാണ്ടിൽ സ്ത്രീകഥാപാത്രങ്ങളുടെ സ്വത്വപരിണാമം ശ്രദ്ധേയമാണ്. അടുക്കളയുടെ പുകമറവിൽ ഒതുങ്ങുന്ന ശാലീന സൗന്ദര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യത്തിന്റെയും സ്വാഭീഷ്ടങ്ങളുടേയും കരുത്തുറ്റ പ്രതീകങ്ങളാകാൻ കൂടി പല അഭിനേത്രികൾക്കും അവരുടെ കഥാപാത്രങ്ങൾക്കും കഴിയുന്നു.
1950-60 കളിൽ സ്വാതന്ത്ര്യം ഇച്ഛിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ താരതമ്യേന വിരളമായിരുന്നു. അതുകൊണ്ടുതന്നെ അംബികയും ഷീലയും ശാരദയുമെല്ലാം കുടുംബമൂല്യങ്ങളിലൂന്നി നിൽക്കുന്ന ടൈപ്പ് കാസ്റ്റ് വേഷങ്ങളിൽ തളയ്ക്കപ്പെട്ടു. പക്ഷേ, 1980- കളിലെ ഭരതൻ- പത്മരാജൻ കാലഘട്ടത്തിൽ തൂവാനത്തുമ്പികളിലൂടെയും പഞ്ചാഗ്നിയിലൂടെയുമെല്ലാം സ്ത്രീകഥാപാത്രങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ഇച്ഛകളുടേയും പുതുലോക ത്തിലേക്ക് വിടർന്ന കണ്ണുകളും ഉറച്ച നിലപാടുകളുമായി കാലെടുത്തുവച്ചു. ശോഭനയും ഉർവ്വശിയും ഗൗതമിയും ചെയ്ത നിരവധി വേഷങ്ങൾ അവയുടെ സാമൂഹിക രാഷ്ട്രീയ ജെൻഡർ സങ്കീർണ്ണതകളാൽ ശ്രദ്ധയാകർഷിച്ചു.
2000- ത്തിലേക്ക് കടന്നപ്പോൾ വലിയൊരു ഭാവമാറ്റം തന്നെയാണ് മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ കാത്തിരുന്നത്. 2012- ൽ പുറത്തിറങ്ങിയ ആഷിക്ക് അബു ചിത്രമായ ‘22 ഫീമെയിൽ കോട്ടയം’ എന്ന സിനിമ സ്ത്രീത്വത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ മാനിഫെസ്റ്റോ മുന്നോട്ടു വച്ചെങ്കിൽ 2014-ലെ ‘ഹൗ ഓൾഡ് ആർ യു’ എന്ന മഞ്ജു വാര്യർ ചിത്രം മദ്ധ്യവയസ്സിലേക്കൂന്നുന്ന ഒരു സ്ത്രീ ഈ ആണധികാരലോകത്ത് തന്റെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നത് നമ്മെ കാണിച്ചുതന്നു.

സ്ത്രീകൾക്കുചുറ്റും വലം വയ്ക്കുന്ന, സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളായിട്ടുള്ള ഒട്ടേറെ സിനിമകൾ പിന്നീടും പുറത്തിറങ്ങി. ഒരു കുടുംബപ്രമേയത്തിലെ പുരുഷാധിപത്യത്തെ സുവ്യക്തമായി കാണിച്ചു തന്ന സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. തീൻമേശയിലെ എച്ചിലെടുക്കുമ്പോൾ അറയ്ക്കുന്ന, അടുക്കളയിലെ പുകയിൽ ശ്വാസം മുട്ടുന്ന, ആർത്തവസമയത്ത് തളയ്ക്കപ്പെടുന്ന, സ്വന്തം ലൈംഗികതയിൽ പോലും സ്വതന്ത്രയല്ലാത്ത ഒരു സാധാരണ മലയാളിസ്ത്രീ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് തന്റെ ആഗ്രഹങ്ങളുടേയും വ്യക്തിത്വത്തിന്റെയും സാക്ഷാത്കാരത്തിനു വേണ്ടി ഉയർത്തെഴുന്നേൽക്കുന്നത് നിമിഷ സജയന്റെ കരുത്തുറ്റ കഥാപാത്രത്തിലൂടെ നാം കാണുന്നു.
ഉയരെ എന്ന 2019-ലെ സിനിമയിലെ പാർവതി തിരുവോത്തിന്റെ കഥപാത്രം ഒരു ആസിഡ് അറ്റാക്ക് അതിജീവിതയാണ്. പാതി കരിഞ്ഞ മുഖവുമായി പോലും, ബാഹ്യസൗന്ദര്യത്തിലൂന്നിനിൽക്കുന്ന ഒരു മേഖലയെ തന്റെ കൈപ്പിടിയിലൊതുക്കാമെന്നു കാണിച്ചുതന്ന അസാധാരണ സിനിമയും കഥാപാത്രവും.
ജനനം മുതൽ ഒരു നല്ല അമ്മയാകാനുള്ള പരിശീലന കോഴ്സ് ലഭിക്കുന്നവരാണ് സ്ത്രീകൾ. കുട്ടികൾ വേണ്ടെന്ന് സ്വയമുറപ്പിച്ച, ജീവിതത്തിലെ മറ്റു പല സാധ്യതകൾക്കും പ്രാധാന്യം നൽകി ജീവിക്കുന്ന സ്ത്രീകൾ പൂർണ്ണരല്ല എന്ന് മുദ്രകുത്തുന്നവർക്കുള്ള ശക്തമായ തിരിച്ചടിയായിരുന്നു 2021- ൽ പുറത്തിറങ്ങിയ ‘സാറാസ്’ എന്ന ചിത്രം. തന്റെ ലൈംഗിക പ്രത്യുൽപ്പാദന അവകാശങ്ങളെ ചേർത്തുപിടിച്ച് സമൂഹത്തിന്റെ കുത്തുവാക്കുകൾ ചെവിക്കൊള്ളാതെ, തന്റേതായ ജീവിതം നയിക്കു ന്നവളാണ് അന്ന ബെന്നിന്റെ സാറ എന്ന കഥാപാത്രം.
31 വയസ്സിലും കല്യാണം കഴിക്കാത്ത സ്ത്രീയുടെ കഥ പറയുന്ന അർച്ചന 31 നോട്ട് ഔട്ട്, യുദ്ധ ഭീതിയിൽ ഞെട്ടിത്തരിച്ചു നിന്ന ഇറാക്കിൽ മനസ്ഥൈര്യം കൊണ്ടുമാത്രം പിടിച്ചുനിന്ന സ്ത്രീയുടെ കഥ പറയുന്ന ടേക്ക് ഓഫ്, കൺസൻ്റ് എന്ന ആശയം മലയാളികൾക്കു മുന്നിൽ വെച്ച കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ, സ്വയം തിരിച്ചറിയാനുള്ള യാത്രയിലേർപ്പെട്ട റാണിയും പത്മിനിയും- ഇവരെല്ലാം പുതുയുഗത്തിലെ സ്ത്രീത്വത്തിന്റെ പര്യായങ്ങളാണ്.
പറഞ്ഞതും പറയാൻ മറന്നതുമായ ഒട്ടേറെ സിനിമകളും ശക്തരായ സ്ത്രീകഥാപാത്രങ്ങളും ഇന്നെത്തിനിൽക്കുന്നത് ഈയിടെ പുറത്തിറങ്ങിയ സൂക്ഷ്മദർശിനി എന്ന സിനിമയിലാണ്. പ്രിയ എന്ന കഥാപാത്രം തന്റെ സൂക്ഷ്മതയും ബുദ്ധിയും സ്ഥൈര്യവും ധൈര്യവും കൃത്യമായി ഉപയോഗിച്ച് കൂട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുന്നത് ഒരു വലിയ ദുരഭിമാനക്കൊലയാണ്. ഇതിനോട് വളരെ സാമ്യമുള്ള ഒരു കഥാപാത്രമാണ് കിഷ്കിന്ധാ കാണ്ഡത്തിലെ അപർണ്ണ ബാലമുരളിയുടേതും.
അങ്ങനെയങ്ങനെ എത്ര നവ സിനിമകൾ, എത്രയെത സ്വയം തിരിച്ചറിയുന്ന സ്ത്രീകൾ! പുരുഷകഥാപാത്രങ്ങളുടെ ലൗ ഒബ്ജക്റ്റ് ആവാൻ മാത്രമല്ല, സ്വന്തം കാലുകളിലൂന്നി സ്വന്തം നിലപാടുകളിൽ വിശ്വസിച്ച് സ്വന്തം കഥ ആത്മവിശ്വാസത്തോടെ വിളിച്ചു പറയുന്ന സ്ത്രീകളാണ് ഇന്നത്തെ മലയാള സിനിമയ്ക്ക് സ്വന്തം, അഭിമാനം.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:
