തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള, സിനിമാമേഖലയോട് പറയത്തക്ക ബന്ധമൊന്നും പുലർത്തിയിട്ടില്ലാത്ത മലയാളത്തിന്റെ പ്രിയ ചെറുകഥാകൃത്ത് ടി. പത്മനാഭൻ, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള 2022-ന്റെ സമാപന ചടങ്ങിൽ സംസാരിക്കാനെത്തിയപ്പോൾ, സാഹിത്യ സദസ്സുകളിൽ അദ്ദേഹത്തിന് പൊതുവെ ലഭിക്കാറുണ്ടായിരുന്ന കയ്യടിയോ സ്വീകരണമോ ഒന്നും തുടക്കത്തിൽ കാണികളുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. ചടങ്ങിൽ അതിഥിയായി എത്തിയിരിക്കുന്ന, ഇനിയും സംസാരിച്ചിട്ടില്ലാത്ത തങ്ങളുടെ ബോളിവുഡ് പ്രിയനടൻ നവാസുദീൻ സിദ്ധിഖിയുടെ വാക്കുകൾക്കായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു കാണികൾ. എന്നാൽ മലയാള സിനിമാവ്യവസായത്തെയും കേരള സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തികൊണ്ടുള്ള, ടി. പത്മനാഭന്റെ ഒൻപത് മിനിറ്റ് നീണ്ടുനിന്ന "വിചാരണയെ', നിറഞ്ഞ കയ്യടികളോടെയും ആരവത്തോടെയുമാണ് സദസ്സിലെ സിനിമാപ്രേമികൾ ഏറ്റെടുത്തത്.
ഇക്കഴിഞ്ഞ ഇരുപത്തിയാറ് വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളെ അപേക്ഷിച്ച് ഏറ്റവും പ്രധാനപ്പെട്ടതായാണ് അദ്ദേഹം ഈ വർഷത്തെ ചലച്ചിത്രോത്സവത്തെ വിശേഷിപ്പിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ കൊല്ലത്തേത് സ്ത്രീകളുടെ ചലച്ചിത്രോത്സവമായിരുന്നു എന്ന് പത്മനാഭൻ അഭിപ്രായപ്പെടുന്നു. എന്നാൽ അത് സ്ത്രീപക്ഷ/സ്ത്രീസംവിധായകരുടെ ചലച്ചിത്രങ്ങൾക്ക് ഇത്തവണ മുൻതൂക്കം ലഭിച്ചതുകൊണ്ട് മാത്രമല്ല, മറിച്ച് ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ മറ്റുപ്രേക്ഷകരെയെന്നപോലെ തന്നെയും ആശ്ചര്യപ്പെടുത്തിയ 'അതിജീവിത'യുടെ സാന്നിധ്യത്തെയാണ് അദ്ദേഹം എടുത്തു പറയുന്നത്. അവരുടെ കേസിനെ കുറിച്ച് താൻ സംസാരിക്കാൻ തയ്യാറല്ലെങ്കിലും, ഒരു നിയമം പഠിച്ച വ്യക്തിയെന്ന നിലയ്ക്ക് തെറ്റ് ചെയ്തവർ ആരായാലും, എത്ര വലിയവനായിരുന്നാലും, ഒരു ദാക്ഷിണ്യത്തിനും അർഹനാകാതെ ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞുകൊണ്ട് ടി.പത്മനാഭൻ IFFK വേദിയിൽ തന്റെ നിലപാട് വ്യക്തമാക്കി. 'ഈ അപരാജിതയുടെ കേസ് വന്നതിനുശേഷമാണ് തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കുറെയൊക്കെ ലോകത്തിനുമുൻപിൽ വന്നത്. ഒരുപക്ഷെ ഇനിയും വരാനുണ്ടാകും. ഇത് തുടർന്ന് അനുവദിക്കാൻ പറ്റുമോ?', അദ്ദേഹം ചോദിക്കുന്നു.
സിനിമയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും ചൂഷണങ്ങളെയും പുറത്ത് കൊണ്ടുവരാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കേരള സർക്കാർ രൂപീകരിച്ച സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഇനിയും വെളിച്ചം കാണാത്തതിനെ അദ്ദേഹം തന്റെ പ്രസംഗത്തിൽ ആദ്യാവസാനം നിശിതമായി വിമർശിക്കുന്നു. ഒരുപക്ഷെ ഇതുപോലെയൊരു മുഖ്യധാരാവേദിയിൽ, മാധ്യമങ്ങളോ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോ പോലും വേണ്ട പരിഗണന നൽകാതെ അവഗണിച്ചുകളഞ്ഞ ഒരു വിഷയത്തെ, ഭരണപക്ഷ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തന്നെ ചർച്ച ചെയ്യുവാനും, അതിനെതിരെ ചോദ്യം ഉന്നയിക്കുവാനും തയ്യാറായ ആദ്യവ്യക്തി ടി. പത്മനാഭൻ ആയിരിക്കണം.
മീഡിയ വൺ ചാനലിനെ സമുചിതമായ മുന്നറിയിപ്പുകളൊന്നും തന്നെ കൂടാതെ രാജ്യസുരക്ഷാർത്ഥം തീർത്തും രഹസ്യസ്വഭാവത്തോടെ വിലക്കുകയും ഹൈക്കോടതിയിൽ കേസ് വാദിക്കുകയും ചെയ്ത കേന്ദ്രസർക്കാർ തീരുമാനത്തെ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ ഉദാഹരിച്ചുകൊണ്ടാണ്, കേരള സർക്കാർ രണ്ടുകോടിയിലധികം രൂപ ചിലവഴിച്ചു തയ്യാറാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ രഹസ്യമായി സൂക്ഷിക്കുന്നതിനെ അദ്ദേഹം വിമർശിക്കുന്നത്.
"നമ്മുടെ നാട്ടിൽ ഒരു വൃത്തികെട്ട ഏർപ്പാടുണ്ടായിരുന്നു കുറച്ച് ദിവസം മുൻപ് വരെ. ഒരു വ്യക്തിയെ നിങ്ങൾക്ക് ശിക്ഷിക്കണമെങ്കിൽ, അല്ലെങ്കിൽ ക്രൂശിക്കണമെങ്കിൽ അയാൾ രാജ്യദ്രോഹം ചെയ്തിരിക്കുന്നു എന്ന് മാത്രം പറഞ്ഞാൽ മതി. അതിന് തെളിവ് ഹാജരാക്കേണ്ട കാര്യമില്ല. മുദ്രവെച്ച കവറിൽ നല്ലതുപോലെ സീൽ വെച്ച് ജഡ്ജിക്ക് കൊടുക്കുക. പ്രതി ചെയ്ത കുറ്റം പ്രതിയോ, പ്രതിയുടെ വക്കീലോ, ലോകമോ അറിയുന്നില്ല. ചേംബറിന്റെ ഏകാന്തതയിൽ ജഡ്ജി വായിച്ചുനോക്കുന്നുണ്ട് എന്നാണ് പറയുന്നത്. അതും ചെയ്യുന്നുണ്ടോ എന്ന് നമുക്ക് അറിയില്ല. ഒടുവിൽ സർക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ബഹുമാന്യനായ ഇന്ത്യയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു ഈ വൃത്തികെട്ട ഏർപ്പാടിനെ ഓപ്പൺ കോടതിൽ വെച്ച് തന്നെ എതിർക്കുന്നത്.
അങ്ങനെയൊക്കെയുള്ള ഈ കാലത്ത് നമ്മൾ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇനിയും വെളിച്ചം കാണാതെ സൂക്ഷിക്കേണ്ടതുണ്ടോ?'
കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ കേരളം അഭിമുഖീകരിച്ച വിവിധ പ്രതിസന്ധികളെയും ദുർഘടങ്ങളെയും അനായാസം തരണം ചെയ്ത ഒരു സർക്കാരിന്, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടാൽ ഉണ്ടാകുന്ന ഏതുപ്രതിസന്ധിയെയും തരണം ചെയ്യാൻ കഴിയുമെന്നും, അല്ലാത്തപക്ഷം "ഭാവി കേരളം തങ്ങൾക്ക് മാപ്പുതരില്ല' എന്നും സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉൾപ്പെട്ട വേദിയിലേക്ക് നോക്കി ടി. പത്മനാഭൻ അടിവരയിട്ടു പറയുന്നു.
ആയിരങ്ങൾ സമ്മേളിച്ചിരുന്ന സദസ്സിൽ നിന്നും ടി.പത്മനാഭൻ, സർക്കാരിനും സിനിമാവ്യവസായത്തിനും എതിരെ ഉയർത്തിയ ചോദ്യങ്ങൾ കയ്യടികളും ആരവങ്ങളുമായി പ്രതിധ്വനിച്ചതോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി തന്നെ ജനങ്ങളോട് മറുപടി പറയാൻ മൈക്കിന് മുൻപിലെത്തി. എന്നാൽ പത്മനാഭൻ ഉയർത്തിയ വിമർശനങ്ങൾക്കൊന്നും തന്നെ മറുപടി നൽകുകയോ, ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് യാതൊന്നും തന്നെ പരാമർശിക്കുകയോ ചെയ്യാതെ, തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിനായി സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഒരു നിയമനിർമ്മാണ പദ്ധതിയെ മാത്രം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി.
നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ആദ്യ പിണറായി സർക്കാർ 2017-ലാണ് വുമൺ ഇൻ സിനിമ കളക്ടീവ് (WCC) എന്ന സംഘടനയുടെ അഭ്യർത്ഥന മാനിച്ച്, മലയാള സിനിമ ഇൻഡസ്ട്രിയിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങളെ പഠിക്കുന്നതിനായി ജസ്റ്റിസ് ഹേമ നേതൃത്വം വഹിക്കുന്ന ഒരു സമിതിയെ നിയമിക്കുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും ഇത് പരസ്യപ്പെടുത്താൻ സർക്കാർ തയ്യാറായിരുന്നില്ല. പകരം കമ്മിഷന്റെ ശുപാർശകൾ പഠിക്കാൻ സർക്കാർ മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയാണ് ഉണ്ടായത്. റിപ്പോർട് ഇനിയും സർക്കാർ വെളിവാക്കാത്തത്, അങ്ങനെ സംഭവിച്ചാൽ മലയാളസിനിമയിലെ പല താരരാജാക്കന്മാരെയും പൊതുസമൂഹം തിരിച്ചറിഞ്ഞേക്കാം എന്ന തങ്ങളുടെ ഭീതി മൂലമാണെന്നും, ഇത് മുഖ്യധാരാ നടന്മാർക്ക് കേരള രാഷ്ട്രീയവ്യവഹാരത്തിലുള്ള സ്വാധീനവുമാണ് സൂചിപ്പിക്കുന്നതെന്നുമുള്ള വിമർശനങ്ങൾ മുൻപ് WCC അടക്കം ഉന്നയിച്ചിരുന്നു.
എന്നാൽ റിപ്പോർട്ടിൽ പലരുടെയും വ്യക്തിപരമായ തുറന്നുപറച്ചിലുകൾ പരാമർശിക്കുന്നതിനാൽ അത് വെളിപ്പെടുത്താൻ സാധിക്കുകയില്ല എന്നാണ് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ മുൻപ് നിയമസഭയിൽ അറിയിച്ചത്. IFFK യുടെ സമാപനവേദിയിൽ ടി.പത്മനാഭൻ ഉയർത്തിയ ചോദ്യങ്ങൾ ഒരിക്കൽകൂടി ഹേമ കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിക്കുന്ന ചർച്ചകൾ കലാസാംസ്‌കാരിക വ്യവഹാരത്തിൽ സജീവമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ ഈ വാക്കുകൾക്ക് ആദ്യാവസാനം ലഭിച്ച കയ്യടിയെ മലയാള സിനിമാവ്യവസായത്തിനും കേരള സർക്കാരിനുമെതിരെയുള്ള പൊതുസമൂഹത്തിന്റെ വിമർശനം കൂടിയായി വേണം മനസ്സിലാക്കാൻ.
"ടൈം ഈസ് റണ്ണിങ് ഔട്ട്....നിങ്ങൾ ഒരു കാര്യം ഓർക്കണം. ഇതൊന്നും അധികകാലം ഇത്തരം പ്രവൃത്തികൾ ചെയ്ത് നിങ്ങൾക്ക് താരചക്രവർത്തിമാരായി ഇവിടെ വാഴാൻ സാധിക്കുകയില്ല.' ടി.പത്മനാഭൻ തന്റെ പ്രസംഗത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നു.