വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീകൾക്കുവേണ്ടി,
വനിത- ശിശുക്ഷേമ മന്ത്രിയുടെ
ശ്രദ്ധയിലേക്ക് പത്തു കാര്യങ്ങൾ

‘‘സ്ത്രീകളുടെ അദ്ധ്വാനഭാരം വല്ലാതെ കൂടുകയും, എന്നാൽ അവരുടെ പൗരത്വം വീട്ടമ്മനിലയിലേക്ക് അധികമധികം ചുരുങ്ങുകയും ചെയ്തു. അവരുടെ പ്രതിഷേധങ്ങൾ പുച്ഛിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, അടിച്ചമർത്തപ്പെട്ടു. ഞങ്ങളുടെ ഈ നിരീക്ഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും വെളിച്ചത്തിൽ പുതിയ കേരള സർക്കാരിന്റെ അടിയന്തരശ്രദ്ധയെ താഴെപ്പറയുന്ന പത്തു കാര്യങ്ങളിലേക്ക് ആകർഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’- ആൽത്തിയ സ്ത്രീസാഹോദര്യസംഘം എഴുതുന്നു.

ഴിഞ്ഞ പത്തുവർഷക്കാലത്തിനിടയിൽ കേരളത്തിൽ സംഭവിച്ച കാതലായ പരിസ്ഥിതി- രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക മാറ്റങ്ങളെ ശ്രദ്ധാപൂർവം വീക്ഷിച്ചവരും അവയിൽ ലിബറൽ- ഇതര ഫെമിനിസ്റ്റ് നൈതികപക്ഷത്തുനിന്നുകൊണ്ട് ഇടപെടാൻ ശ്രമിക്കുകയും ചെയ്ത സ്ത്രീകളുടെ സൗഹൃദസംഘമാണ് ആൽത്തിയ. ഞങ്ങളുടെ ഈ നിരീക്ഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും വെളിച്ചത്തിൽ പുതിയ കേരള സർക്കാരിന്റെ അടിയന്തരശ്രദ്ധയെ താഴെപ്പറയുന്ന പത്തു കാര്യങ്ങളിലേക്ക് ആകർഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ജാതി-മത- ദേശീയതാകാലുഷ്യങ്ങളും യാഥാസ്ഥിതികത്വവും, അതിതീവ്ര നവ ഉദാരാവാദ സ്വഭാവമുള്ള സർക്കാർ നയങ്ങളും, ഇരപിടിയൻ മുതലാളിത്ത ചൂഷണവും അതുണ്ടാക്കുന്ന വൻ അസമത്വങ്ങളും പുറന്തള്ളലുകളും, കാലാവസ്ഥാവ്യതിയാനവും പുതിയ രോഗാവസ്ഥകളും, ഭീകരമായ മൂല്യച്യുതിയും ജനാധിപത്യ- ജനക്ഷേമ സംവിധാനത്തിന്റെ ഭയനാകമായ തകർച്ചകളും സൃഷ്ടിച്ച പ്രതിസന്ധികളും, ഇവയ്ക്കെല്ലാമെതിരെ ഉയർന്ന പ്രതിഷേധങ്ങളും നിറഞ്ഞ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ഈ ഭീകരാന്തരീക്ഷത്തിൽ സമൂഹം അപ്പാടെ തകർന്നിടിഞ്ഞിട്ടില്ലെങ്കിൽ അതിനൊരു പ്രധാനകാരണം തീർച്ചയായും കേരളത്തിലെ സ്ത്രീകളുടെ കഠിനാദ്ധ്വാനമാണ്. ഈ കാലയളവിൽ സ്ത്രീകളുടെ അദ്ധ്വാനഭാരം വല്ലാതെ കൂടുകയും, എന്നാൽ അവരുടെ പൗരത്വം വീട്ടമ്മനിലയിലേക്ക് അധികമധികം ചുരുങ്ങുകയും ചെയ്തു. അവരുടെ പ്രതിഷേധങ്ങൾ പുച്ഛിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, അടിച്ചമർത്തപ്പെട്ടു. ഭരണകക്ഷിയുടെ പ്രതിച്ഛായയ്ക്ക് അനുകൂലമായ, അതിനോട് പരസ്യമായി വിധേയത്വം കാട്ടുന്ന, സ്ത്രീത്വം പോഷിപ്പിക്കപ്പെട്ടു – അവർ പാർട്ടീനേതാക്കളുടെ പേരു പാടുന്ന തിരുവാതിരകളിക്കാർ മുതൽ തൊഴിലാളിസ്ത്രീകളെന്ന സ്വന്തം നിലയെ സ്വയം നിഷേധിക്കുന്ന പാർട്ടി അനുഭാവികൾ വരെ ആയിമാറി.

പ്രളയത്തിലും മഹാമാരിയിലും സ്ത്രീകളുടെ കൂലിയില്ലാ- കൂലികുറഞ്ഞ അദ്ധ്വാനം വീട്ടിലും പുറത്തും കാര്യമായി ഉപയോഗിക്കപ്പെട്ടു. ഇടതുസർക്കാർ ജനക്ഷേമത്തിന്റെ കലവറയെന്ന നിലയ്ക്ക് ആദരിക്കുന്ന കുടുംബമെന്ന സ്ഥാപനം ദരിദ്രർക്കിടയിലെങ്കിലും അസാധ്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു – ഇന്ന് കുടുംബത്തിനുള്ളിൽ ശിശുക്കളും കുട്ടികളും അതിക്രൂരമായി ഹിംസിക്കപ്പെടുന്നത് വാർത്തയല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ സംരക്ഷണം കിട്ടാത്തവരും കുടുംബത്താൽ ഹിംസിക്കപ്പെട്ടവരുമായ കുട്ടികളുടെ സംരക്ഷണക്കാര്യത്തിലും സർക്കാർ വല്ലാതെ പരാജയപ്പെട്ടു – ലൈംഗികപീഡനത്തിന്റെ ഇരകളായ പെൺകുഞ്ഞുങ്ങളോട് സർക്കാർ പുലർത്തിയ സമീപനം തെളിവാണ്.

ഈ പശ്ചാത്തലത്തിലാണ് താഴെപ്പറയുന്ന കാര്യങ്ങൾ പ്രസക്തങ്ങളായി ഞങ്ങൾക്കു തോന്നുന്നത്.

1. സ്ത്രീകൾക്കായി പ്രഖ്യാപിച്ച
യാത്രാസൗജന്യത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു

എല്ലാ റൂട്ടുകളിലും സർവീസുകളിലും യാത്രാസൗജന്യം നടപ്പായിട്ടില്ലെങ്കിലും ഇത് ആശാവഹമായ തുടക്കമാണ്. കാരണം, കേരളത്തിന്റെ സാമൂഹ്യനയചരിത്രത്തിന്റെ പൊതുവായ ലിംഗസ്വഭാവത്തിൽനിന്ന് ഇതൊരു ചുവടുമാറ്റം തന്നെയാണ്. സ്വാതന്ത്ര്യപൂർവകാലം മുതൽക്കേ നമ്മുടെ ജനക്ഷേമ സാമൂഹ്യനയങ്ങൾക്ക് കുടുംബവാദപരമായ (familialistic) സ്വഭാവമാണ് ഉണ്ടായിട്ടുള്ളത്. വ്യക്തികളുടെ ക്ഷേമത്തിന്റെ അടിസ്ഥാനപരമായ സ്രോതസ്സ് അവരുടെ കുടുംബങ്ങളാണെന്ന് നയങ്ങളുടെ തലത്തിൽ ഭരണകൂടം അംഗീകരിക്കുന്നതിനെയാണ് കുടുംബവാദനയസമീപനം എന്നു വിളിക്കുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ ക്ഷേമം ഉറപ്പാക്കാൻ അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും വിഭവങ്ങളും അറിവും ലഭ്യമാക്കുന്ന സർക്കാർ പരിപാടികളാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെട്ടു. നമ്മുടെ ജനക്ഷേമനയങ്ങൾക്ക് സ്ത്രീപക്ഷസ്വഭാവം കൊടുക്കാൻ ശ്രമിച്ചവരും കുടുംബവാദകളങ്ങളിൽ തന്നെയാണ് നിന്നത് – കുടുംബത്തിന്റെ ക്ഷേമം സ്ത്രീകളുടെ ക്ഷേമത്തിലേക്കും, തിരിച്ചും, തന്നെത്താനെ നയിച്ചുകൊള്ളുമെന്ന വിശ്വാസമായിരുന്നു അവർക്ക്. കുടുംബശ്രീ അടക്കമുള്ള പല പ്രശസ്ത ക്ഷേമപരിപാടികളുടെയും ആശയപരമായ അടിത്തറ ഇതാണ്.

പിതൃമേധാവിത്വസമൂഹത്തിൽ ഈ പ്രതീക്ഷ പൂവണിയാൻ എളുപ്പമല്ല എന്ന ഫെമിനിസ്റ്റ് വിമർശനം കാര്യമായി എടുത്ത സർക്കാരുകളായിരുന്നില്ല നമ്മുടേത്. 2000- നുശേഷം കുടുംബഹിംസ അടക്കമുള്ള പിതൃമേധാവിത്വ ഹിംസകളെ ചെറുക്കേണ്ടതിന്റെ ആവശ്യം ലിംഗനയങ്ങളിൽ അംഗീകരിക്കപ്പെട്ടെങ്കിലും, ആ നയങ്ങളുടെ നടത്തിപ്പും ആശയപരമായ ഉൾക്കാമ്പും അങ്ങേയറ്റം ദുർബലങ്ങളായിരുന്നു.

സ്ത്രീകൾക്കായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സൗജന്യയാത്ര ഈ സങ്കീർണാവസ്ഥകളുടെ പരിഹാരമൊന്നുമല്ല, തീർച്ചയായും. പക്ഷേ സർക്കാർഭാഷണങ്ങളിൽ നിത്യസാന്നിദ്ധ്യങ്ങളായ പല സാമൂഹ്യലക്ഷ്യങ്ങളെയും നേടിയെടുക്കാൻ അത്യന്താപേക്ഷിമായ പൊതുവിട ലിംഗസമത്വത്തിലേക്കുള്ള ചുവടാണിത്. ഇതിൽ നഗര ആസൂത്രണം, ഗതാഗതപദ്ധതികൾ എന്നിവ ലിംഗപരമായ കാഴ്ചപ്പാടിലൂടെ വീക്ഷിക്കുമ്പോൾ, പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യയാത്രയും യാത്രസുരക്ഷയും വാഗ്ദാനം ചെയ്യുന്ന പൊതു ഗതാഗതസംവിധാനങ്ങൾ നിർണ്ണായകമാണ്. പൊതു ഇടങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ലിംഗപരമായ വെല്ലുവിളികളുടെ പരിണിതഫലം പലപ്പോഴും പൊതുകർമ്മരംഗങ്ങളിൽ നിന്ന് സ്ത്രീകളെയും പെൺകുട്ടികളെയും പിന്തിരിപ്പിക്കുന്നതായി കാണാം. പബ്ലിക് ബസ്സുകളിൽ സൗജന്യയാത്ര തീർച്ചയായും സ്ത്രീകളുടെ പൊതുരംഗപ്രവർത്തനങ്ങൾക്ക് സഹായകരമാകും.

കേരളത്തിലെ നിലവിലുള്ള പല മുഖ്യധാരാ സ്ത്രീശാക്തീകരണ ഉദ്യമങ്ങളും സ്ത്രീകളെ "കുടുംബശ്രീ"കളാക്കി മാറ്റുന്നതോടെ, പല സമൂഹങ്ങളിലും, ഒരു കുടുംബം പുലർത്തിക്കൊണ്ടുപോകുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും സ്ത്രീകളുടെമേൽ ചുമത്തപ്പെടുന്നു എന്നുള്ളതാണ് കണ്ടുവരുന്നത്. സാമൂഹ്യശാസ്ത്രഗവേഷണങ്ങൾ ഈ അടിയന്തരാവസ്ഥ വളരെ ഗഹനമായി പഠിച്ചിട്ടുണ്ട്. ഇത് സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ പോഷിപ്പിക്കുകയല്ല, മറിച്ച് പല വിട്ടുവീഴ്ചകൾക്കും വഴിയൊരുക്കി ദുർബലപ്പെടുത്തുകയാണെന്നാണ് കണ്ടുവരുന്നത്. ഇതിന്റെ കാരണം, കേരളത്തിലെ കുടുംബ സംവിധാനങ്ങൾ ഇപ്പോഴും പിതൃമേധാവിത്വത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ്. കേരളത്തിലെ സ്ത്രീകളുടെ പൊതുകർമ്മരംഗങ്ങളിലെ പ്രവർത്തനങ്ങൾ, തൊഴിൽരംഗങ്ങളിൽ അവരുടെ കഠിനാധ്വാനത്തിന്റെ സംഭാവനകൾ, പരിണിതഫലങ്ങൾ, എന്നിവയുടെ ഗുണഭോക്താക്കൾ പലപ്പോഴും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കുപകരം അവരുടെ കുടുംബങ്ങളോ പൊതുസമൂഹമോ ആണെന്നുള്ളത് വെറും യാഥാർത്ഥ്യമാണ്. ഈ വ്യവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ്. വ്യക്തികളെന്ന നിലയ്ക്ക്, സ്ത്രീകൾക്ക് അവരുടെ സ്വത്വത്തിന്റെ സ്വയംഭരണം ഉറപ്പാക്കുന്നതിന് സ്ത്രീകളുടെ അവകാശങ്ങളെ തികച്ചും ഗാർഹിക, കുടുംബ മേഖലകളിൽ നിന്ന് വേർപെടുത്തേണ്ടതുണ്ട്. വൈവാഹിക അല്ലെങ്കിൽ മാതൃപദവിയുമായി കുടുംബത്തിന്റെ അച്ചാണിയായി സ്ത്രീയുടെ അവകാശങ്ങൾ ബന്ധിപ്പിക്കുന്നത് സ്ത്രീകളുടെ സമത്വത്തെ പരിമിതപ്പെടുത്തുന്നു, അവരിൽ സാമ്പത്തിക ആശ്രിതത്വം അടിച്ചേൽപ്പിക്കുന്നു, അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ സ്വകാര്യ കുടുംബത്തിന്റെ അധികാര ചലനാത്മകതയ്ക്ക് വിധേയമാക്കുന്നു.

സ്ത്രീകൾക്കായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സൗജന്യയാത്ര ഈ സങ്കീർണാവസ്ഥകളുടെ പരിഹാരമൊന്നുമല്ല, തീർച്ചയായും. പക്ഷേ സർക്കാർഭാഷണങ്ങളിൽ നിത്യസാന്നിദ്ധ്യങ്ങളായ പല സാമൂഹ്യലക്ഷ്യങ്ങളെയും നേടിയെടുക്കാൻ അത്യന്താപേക്ഷിമായ പൊതുവിട ലിംഗസമത്വത്തിലേക്കുള്ള ചുവടാണിത്.
സ്ത്രീകൾക്കായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സൗജന്യയാത്ര ഈ സങ്കീർണാവസ്ഥകളുടെ പരിഹാരമൊന്നുമല്ല, തീർച്ചയായും. പക്ഷേ സർക്കാർഭാഷണങ്ങളിൽ നിത്യസാന്നിദ്ധ്യങ്ങളായ പല സാമൂഹ്യലക്ഷ്യങ്ങളെയും നേടിയെടുക്കാൻ അത്യന്താപേക്ഷിമായ പൊതുവിട ലിംഗസമത്വത്തിലേക്കുള്ള ചുവടാണിത്.

ഈ അവസരത്തിൽ, സൗജന്യ ബസ്സ് യാത്ര സ്ത്രീകൾക്ക് വളരെ ഗുണകരമായിരിക്കും. ഒരു സ്ത്രീ വീട്ടിന് വെളിയിൽ തൊഴിൽരംഗത്ത് പ്രവർത്തിക്കുന്നത് പല ഉത്തരവാദിത്വങ്ങൾക്കിടയിൽ കൂടിയാണ്. കുട്ടികളെ സ്‌കൂളിൽ കൊണ്ടാക്കുക, പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങിക്കുക, ആശുപത്രിയിൽ പോവുക, ബില്ലടയ്ക്കുക എന്നിങ്ങനെ പല യാത്രകളുടെ ഒരു ചങ്ങലപ്പൂട്ടിനുള്ളിൽ നിന്നുമാണ് കേരളത്തിൽ സ്ത്രീകൾ തൊഴിൽരംഗത്തും പൊതുകർമ്മപ്രവർത്തനങ്ങളിലും ഏർപ്പെടുന്നത്. ഇത്തരത്തിലുള്ള "ട്രിപ്പ്-ചെയിനിംഗിൽ" സ്ത്രീകൾ കൂടുതൽ പങ്കെടുക്കുന്നതിനാൽ, യാത്രാനിരക്കുകൾ, ബസ്സ് കൂലി എന്നിവ അവരുടെ വരുമാനത്തെ അനുപാതമില്ലാതെ ബാധിക്കുന്നു. സൗജന്യ ഗതാഗതം ഈ പണം തിരിച്ചുപിടിക്കുകയും ഫലപ്രദമായി സ്ത്രീകളുടെ വരുമാനം അവർക്കുവേണ്ടി അവരുടെ ആവശ്യങ്ങൾക്കായി ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാൻ സഹായകരമാകും. ആൽത്തിയ സ്ത്രീ കൂട്ടായ്മ ഈ സംരംഭത്തെ സ്വാഗതം ചെയ്യുന്നു.

തന്നെയുമല്ല, പല സ്ത്രീകളും പല പല ബസ്സുകൾ മാറിക്കയറിയാണ് ജോലിക്ക് പോകുന്നത്, മടങ്ങിവരുന്നത്. ഈ സന്ദർഭത്തിൽ സുരക്ഷിതവും സൗജന്യവുമായ ബസ്സുകൾക്കിടയിലുള്ള കണക്റ്റിവിറ്റി, അടിയന്തര സ്റ്റോപ്പുകൾ നടത്തിപ്പാനുള്ള സംവിധാനം എന്നിവ പോലുള്ള ലിംഗഭേദ അവബോധം ഉൾക്കൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കേണ്ടതുണ്ട്. പൊതുഇടങ്ങളിലെ പീഡനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം സ്ത്രീകളെ വൈകിയുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യാനോ മികച്ച ശമ്പളമുള്ള ജോലികൾക്കായി കൂടുതൽ ദൂരം സഞ്ചരിക്കാനോ നേരിട്ട് പ്രാപ്തരാക്കുന്നു. സ്വന്തം കുടുംബങ്ങളിൽ ശമ്പളമില്ലാത്ത പരിചരണത്തിന്റെ ഭൂരിഭാഗവും സ്ത്രീകളാണ് ചെയ്യുന്നത്. സൗജന്യവും സുരക്ഷിതവുമായ പൊതുഗതാഗതം ദൈനംദിന യാത്രാസമയം കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെ നേടിയെടുക്കുന്ന സമയം കൊണ്ട് സ്ത്രീകൾക്ക് സ്വയം ഉന്നമനത്തിനുള്ള വിദ്യാഭ്യാസം, കുറച്ചു ദൂരെയാണെങ്കിലും ശമ്പളമുള്ള ജോലി, എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ കഴിയും. തൊഴിൽരംഗത്ത് ഗതാഗതത്തിൽ സ്ത്രീകൾ നേരിടുന്ന പ്രത്യേക തടസ്സങ്ങൾ മനസ്സിലാക്കുന്നതും, സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഉൾക്കൊള്ളുന്ന സുരക്ഷിതവും, സൗജന്യവുമായ ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുന്നതും കൂടുതൽ നീതിയുക്തമായ സാമ്പത്തിക സംവിധാനങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന നഗരങ്ങൾക്ക് ശക്തമായ അടിത്തറയിടാൻ സഹായകമാകും.

കശുവണ്ടി തൊഴിലാളികൾ, വീട്ടുജോലിക്കാർ, പാചകതൊഴിലാളികൾ തയ്യൽ തൊഴിലാളികൾ, ഹോസ്പിറ്റൽ ജീവനക്കാർ, അസംഘടിത മേഖവയിൽ തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്നവർ, തുടങ്ങി സർവ്വമേഖലയിലെയും സാധാരണക്കാരായ സ്ത്രീകൾക്ക് തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് യാത്രാക്കൂലിയിനത്തിൽ ചെലവഴിക്കേണ്ടി വന്നിരുന്നു. ഈ തുക ലാഭിക്കാൻ സാധിക്കുന്നതുവഴി ആ പണം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയ്ക്കായി ഉപയോഗിക്കാൻ കുടുംബങ്ങൾക്ക് സാധിച്ചേക്കാം. പ്രതിമാസം 8000 രൂപ മുതൽ 15000 രൂപ വരെ ശരാശരി വരുമാനത്തിന് ബസിൽ ജോലിക്ക് പോയിവരുന്ന സ്ത്രീകൾക്ക്, കുടുംബഭാരം ഏറ്റെടുക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക- ശാരീരിക- വൈകാരിക വെല്ലുവിളികളിൽനിന്ന് വലിയ ആശ്വാസവും ആത്മവിശ്വാസവും സൗജന്യ യാത്രാപദ്ധതിയിലൂടെ ഉണ്ടായേക്കാം.

ഇന്നത്തെ ഭരണകക്ഷിയുടെ മുഖ്യധാരാ നേതാക്കൾ പലപ്പോഴും കുടുംബത്തിന് ഇതുണ്ടാക്കുന്ന ഗുണത്തെ ഊന്നാനാണ് ശ്രമിക്കുന്നതെങ്കിലും അതിലുപരിയാണ് ഈ പദ്ധതിയുടെ പ്രസക്തിയെന്ന് തിരിച്ചറിയേണ്ടതുണ്ട് – സ്ത്രീകളെ വീട്ടുത്തരവാദിത്വങ്ങളുടെയും വീടിന്റെ സാമ്പത്തികഭദ്രതയുടെയും വാഹകരായി കാണുകയല്ല ഈ പദ്ധതി. മറിച്ച്, സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ നേരിട്ട് ഉന്നംവയ്ക്കുന്ന, അതിലൂടെ അവരുടെ പൌരത്വത്തെ അംഗീകരിക്കുന്ന, നിലപാടാണ് അതിനു പിന്നിൽ.

യാത്രാചെലവ് ഓർത്തുമാത്രം ജോലിക്ക് പോകാതിരുന്ന പല സ്ത്രീകൾക്കും ധൈര്യമായി ജോലിക്കിറങ്ങാൻ ഈ പദ്ധതി കരുത്ത് പകരുന്നു. ഗാർഹികഹിംസയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകൾ പലപ്പോഴും തീർത്തും നിസ്സഹായരാണ് – സൗജന്യയാത്ര അവർക്ക് ജീവൻ രക്ഷിക്കാനുളള വഴി തന്നെയാകും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ആത്മവിശ്വാസവും ഉയർത്തുന്നു. ​യാത്രാസൗജന്യമെന്നത് കേവലം സൗജന്യമോ ഭിക്ഷയോ അല്ല, മറിച്ച് സ്ത്രീകളുടെ അവകാശവും അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള നിക്ഷേപവുമാണ്. ​പണത്തിനായി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി (ബാങ്ക്, ആശുപത്രി, പൊതുസ്ഥലങ്ങൾ) തനിയെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീകളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ​ബസുകളിലും പൊതുവഴികളിലും സ്ത്രീകളുടെ എണ്ണം കൂടുന്നത് അവർക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നു. സമൂഹത്തിന്റെ മുഖ്യധാരയിൽ തങ്ങൾക്കും തുല്യപങ്കാളിത്തം എന്ന ബോധ്യം അവരുടെ അന്തസ്സ് ഉയർത്തുന്നു. ​ഉപരിപഠനത്തിന് ദൂരെയുള്ള കോളേജുകളിലും സ്ഥാപനങ്ങളിലും പോകേണ്ടിവരുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇത് വലിയൊരു അനുഗ്രഹമാണ്.

ഗാർഹികഹിംസയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകൾ പലപ്പോഴും തീർത്തും നിസ്സഹായരാണ് – സൗജന്യയാത്ര അവർക്ക് ജീവൻ രക്ഷിക്കാനുളള വഴി തന്നെയാകും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ആത്മവിശ്വാസവും ഉയർത്തുന്നു.
ഗാർഹികഹിംസയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകൾ പലപ്പോഴും തീർത്തും നിസ്സഹായരാണ് – സൗജന്യയാത്ര അവർക്ക് ജീവൻ രക്ഷിക്കാനുളള വഴി തന്നെയാകും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ആത്മവിശ്വാസവും ഉയർത്തുന്നു.

കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുന്നതുവഴി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുകയും മലിനീകരണം ഒരു പരിധി വരെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. നാട്ടിനു പുറത്തും നഗരപ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ആശുപത്രികളിൽ വരാനും സമയത്തിന് ആരോഗ്യസംരക്ഷണം തേടാനും സൗജന്യയാത്ര സഹായകമാകും. ഇനിയൊരു മഹാമാരി വന്നാൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ തീർച്ചയായും സൗജന്യ ബസ് യാത്രയ്ക്ക് അർഹതയുള്ളവരാണ്.

സ്ത്രീകളുടെ സൗജന്യയാത്രയെ വിപുലമാക്കാനുള്ള ശ്രമങ്ങൾ വേണം. ട്രാൻസ്ജൻറർ പൌരികൾക്കും ഈ സൗജന്യം ലഭ്യമാക്കിയിരിക്കുന്നത് സ്വാഗതാർഹമാണ്. വടക്കൻ കേരളത്തിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിച്ച് അവിടുത്തെ സ്ത്രീകൾക്ക് ഇതിന്റെ പൂർണഫലം ലഭ്യമാക്കണം. ഇതു കൂടാതെ ഗതാഗതത്തിൽ കൂടുതൽ സ്ത്രീകളെ ഡ്രൈവർമാരായും കൺടക്ടർമാരായും നിയമിക്കുക, ബസ് സ്റ്റാൻറുകളിലും സ്റ്റോപ്പുകളിലും സ്ത്രീകളെ സുരക്ഷാച്ചുമതലകൾ ഏൽപ്പിക്കുക മുതലായ വിപുലീകരണങ്ങൾക്കും സർക്കാർ തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

കെ.എസ്.ആർ.ടി.സി പോലെയുള്ള പൊതുഗതാഗത സ്ഥാപനങ്ങൾക്ക് ഇത് വലിയ സാമ്പത്തികഭാരമുണ്ടാക്കും, ​ബസുകളിൽ അമിതമായ തിരക്ക് അനുഭവപ്പെടുന്നത് പ്രായമായവർക്കും രോഗികൾക്കും ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാക്കും, എന്നും മറ്റുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. പക്ഷേ സാമ്പത്തികഭാരം ഒന്നുകൊണ്ടു മാത്രം തള്ളിക്കളയേണ്ട നയമല്ല ഇത് – അതിന്റെ ചരിത്രപ്രസക്തി വലുതാണ്. പ്രായമായവർ, രോഗികൾ മുതലായവരുടെ വലിയ പങ്ക് സ്ത്രീകളാണെന്ന് മറക്കുകയും അരുത്.

2. ഇസ്ലാമോഫോബിയ
മുസ്ലിം സ്ത്രീകളെ ഉന്നംവയ്ക്കുന്ന രീതി
ഉന്മൂലനം ചെയ്യപ്പെടണം

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കേരളത്തിൽ ഇസ്ലാംവിരുദ്ധതയെ സാധാരണവത്ക്കരിക്കാൻ ഇടതുപക്ഷം തന്നെ തയ്യാറായ ഗുരുതരസാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അതിനു തടയിടുമെന്ന വാഗ്ദാനമാണ് പുതിയ സർക്കാരിന്റെ മുഖമുദ്ര. ഈ വാഗ്ദാനം നിറവേറ്റാനുള്ള ശ്രമങ്ങളിൽ സർക്കാർ മറന്നുപോകാൻ പാടില്ലാത്ത ഒരു പ്രധാനകാര്യം ഇതാണ് – ഇസ്ലാംഭീതി പടർത്താനുള്ള വലത്- ഇടത് ശ്രമങ്ങൾ, സാമൂഹ്യമാദ്ധ്യമങ്ങളിലും പുറത്തും, പലപ്പോഴും മുസ്ലീം സ്ത്രീകളെ – മതവസ്ത്രം ധരിക്കുന്ന മുസ്ലിം സ്ത്രീകളെ പ്രത്യേകമായി ഉന്നംവയ്ക്കുന്നവയായിരുന്നു. അതായത്, കേരളത്തിൽ പടർന്ന ഇസ്ലാംഭീതി ലിംഗസ്വഭാവമുള്ള ഇസ്ലാംഭീതിയായിരുന്നു (Gendered Islamophobia). ഇത് കർശനമായും തടയപ്പെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

മുസ്ലിം സ്ത്രീകൾ തങ്ങളുടെ മതപരമായ സ്വത്വം കാരണവും സ്ത്രീ എന്ന നിലയിലും സമൂഹത്തിൽ ഇരട്ട വിവേചനം (Double Marginalization) നേരിടുന്നുണ്ട്. ​ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും, പൗരികൾക്കും ഏത് മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമായി ഔദ്യോഗികമായി സംരക്ഷിക്കുന്നുണ്ട്. കാഴ്ചയിലെ സ്വത്വങ്ങളായ (Visual Identity) ഹിജാബ്, പർദ്ദ തുടങ്ങിയ വസ്ത്രധാരണരീതികൾ കാരണം മുസ്ലിം സ്ത്രീകൾ പൊതുവിടങ്ങളിൽ എളുപ്പം തിരിച്ചറിയപ്പെടുന്നു. ഇത് അവരെ അക്രമികളുടെയും വിദ്വേഷ പ്രചാരകരുടെയും എളുപ്പത്തിലുള്ള ലക്ഷ്യമാക്കി മാറ്റുന്നു. ​മുസ്ലിം സ്ത്രീകൾ എല്ലാവരും "അടിച്ചമർത്തപ്പെട്ടവരാണ്" അല്ലെങ്കിൽ "സ്വന്തമായി ശബ്ദമില്ലാത്തവരാണ്" എന്ന പൊതുബോധം നിർമ്മിച്ചെടുക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ​ദേശീയ തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനും, ഓൺലൈൻ ഉപദ്രവങ്ങൾക്കും, അവർക്കെതിരെ ഡിജിറ്റൽ ലേലങ്ങൾ (ഉദാഹരണത്തിന് ബുള്ളി ഭായ്, സുള്ളി ഡീൽസ് ആപ്പുകൾ പോലുള്ളവ) നടത്താനും വിദ്വേഷ ഗ്രൂപ്പുകൾ തയ്യാറായ കാലത്തിലാണ് കേരളത്തിലും ഈ പ്രവണത തലപൊക്കിയത്.

ഇടതുപാർട്ടികളുടെ സജീവപ്രവർത്തകരും മതജീവിതം നയിക്കാത്തവരുമായ മുസ്ലീം സ്ത്രീകൾക്കെതിരെ പോലും ഉൾപാർട്ടിവഴക്കുകളിൽ മതതീവ്രവാദിയെന്ന വിളി കേൾക്കേണ്ടിവന്ന, അതിലൂടെ അവർ ഇടതുപാർട്ടിവൃത്തങ്ങളിൽത്തന്നെ അരികുവത്ക്കരിക്കപ്പെട്ട, സംഭവങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടന്നിട്ടുണ്ട്.​ ഈ പ്രവണത തടയേണ്ടത്, ​മൗലികാവകാശങ്ങളുടെ ലംഘനം എന്നനിലക്കാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. അതിന്മേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണ്. ​ഇത്തരം വിദ്വേഷ അന്തരീക്ഷം കാരണം പല പെൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും നഷ്ടപ്പെടുന്നു (ഉദാഹരണത്തിന് ഹിജാബ് ധരിച്ചവർക്ക് സ്കൂൾപ്രവേശനം നിഷേധിക്കുന്നു. അത് മാറ്റിയാൽ മാത്രമേ പ്രവേശനം ലഭിക്കൂ) ഇത് സ്ത്രീശാക്തീകരണത്തിന് വലിയ തിരിച്ചടിയാണ്. ​നിരന്തരമായ ഭയവും വിദ്വേഷവും മുസ്ലിം സ്ത്രീകളിൽ വലിയ തോതിലുള്ള മാനസിക സമ്മർദ്ദവും സുരക്ഷിതത്വമില്ലായ്മയും ഉണ്ടാക്കുന്നു.

 ​മുസ്ലിം സ്ത്രീകൾ എല്ലാവരും "അടിച്ചമർത്തപ്പെട്ടവരാണ്" അല്ലെങ്കിൽ "സ്വന്തമായി ശബ്ദമില്ലാത്തവരാണ്" എന്ന പൊതുബോധം നിർമ്മിച്ചെടുക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു.
​മുസ്ലിം സ്ത്രീകൾ എല്ലാവരും "അടിച്ചമർത്തപ്പെട്ടവരാണ്" അല്ലെങ്കിൽ "സ്വന്തമായി ശബ്ദമില്ലാത്തവരാണ്" എന്ന പൊതുബോധം നിർമ്മിച്ചെടുക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു.


ഇതിനെതിരേ ​നിയമപരമായ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മുസ്ലിംസ്ത്രീകൾക്കെതിരെയുള്ള ഓൺലൈൻ/ഓഫ്‌ലൈൻ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം. മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന തെറ്റായ വാർപ്പുമാതൃകകളെ തിരുത്തുകയും കർശനമായ നിയമനടപടികൾ എടുക്കുകയും വേണം. സ്വയം പ്രതിരോധവും നേതൃത്വവും ഉള്ള മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും കൂടുതൽ മുന്നോട്ട് വരാനും തങ്ങളുടെ അവകാശങ്ങൾക്ക് ശബ്ദമുയർത്താനും തയ്യാറാവുന്നത് അഭിമാനകരമാണ്. മുസ്ലിം സ്ത്രീകളുടെ വൈവിധ്യമാർന്ന കഴിവുകളെയും അവരുടെ നേട്ടങ്ങളെയും പൊതുസമൂഹത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം.

ഇത് മുസ്ലിം സ്ത്രീകളുടെ മാത്രം പ്രശ്നമല്ല, മറിച്ച് മനുഷ്യാവകാശ പ്രശ്നമാണ്. പൊതുസമൂഹത്തിലെ മതേതര- സ്ത്രീപക്ഷ കൂട്ടായ്മകൾ- ഇവർക്ക് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിക്കപ്പെടുന്ന മാതൃകാസമീപനങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഒരു ജനാധിപത്യ സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരും സ്വതന്ത്രരുമാണ് എന്ന് നോക്കിയാണ്. ​മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള വിദ്വേഷ പ്രവണതകളെ ചെറുക്കുക എന്നത് ജനാധിപത്യ മൂല്യങ്ങളും സ്ത്രീനീതിയും സംരക്ഷിക്കാൻ അനിവാര്യമാണ്.

3. ആശ തൊഴിലാളികളുടെ വിഷയങ്ങൾ
ഗൗരവമായി അന്വേഷിക്കുക

2025- ലെ ആശാ തൊഴിലാളി സമരത്തോട് നടത്തിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാർ തുടങ്ങിയിരിക്കുന്നത് സ്വാഗതാർഹമാണ്. എങ്കിലും സമരം കേവലം കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ലെന്ന് ഓർമ്മിക്കേണ്ടതുണ്ട്. അമിതമായ ജോലിഭാരവും തൊഴിലിടത്തിൽ രണ്ടാംകിടക്കാരായി ആശാത്തൊഴിലാളികളെ തരംതാഴ്ത്തുന്നതും സമരത്തിന്റെ വിഷയങ്ങളായിരുന്നു. സമരത്തിനുശേഷം ഇത്തരം പല വിഷയങ്ങളിലും തെറ്റുതിരുത്തുമെന്ന് ഉറപ്പു തന്ന മുൻസർക്കാർ പിന്നീട് പിൻവലിയുകയോ മെല്ലെപ്പോക്കിലാവുകയോ ചെയ്യുകയാണുണ്ടായത്.

ഇൻസെൻറീവ് ലക്ഷ്യങ്ങൾ നേടാനാകാത്തവരുടെ ഹോണറേറിയം പകുതിയാക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാക്കാലുള്ള ഉറപ്പ് സമരക്കാർക്കു കൊടുത്തെങ്കിലും സർക്കാർ മെല്ലെപ്പോക്കുനയമാണ് പിന്നീട് സ്വീകരിച്ചത്. ഇത് ഇൻസെൻറീവ് ടാർഗറ്റുകൾ നേടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ആശമാരെ വളരെ മോശമായി ബാധിക്കുന്നുണ്ട്. അതുപോലെ, സമരം ചെയ്ത യൂണിയൻ ശക്തമല്ലാത്ത സ്ഥലങ്ങളിൽ ആശമാരുടെ ജോലിസമയം പഴയതുപോലെ തന്നെ അമിതമായി തുടരുന്നു. അവർക്ക് മഴക്കാലപൂർവ ഉത്തരവാദിത്വങ്ങൾ കണക്കിലധികം ചുമക്കേണ്ടിവരുന്നു. താത്ക്കാലിക ജീവനക്കാർ മാത്രമായ പബ്ളിക് റിലേഷൻസ് ഉദ്യോഗസ്ഥർ ആശാത്തൊഴിലാളികളോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കാൻ തീർത്തും വിസമ്മതിക്കുന്നതും ശ്രദ്ധേയമാണ്. അതുപോലെ, കേന്ദ്രതലത്തിൽ പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളുടെ കാര്യത്തിൽ യാതൊരു വ്യക്തതയും ഇപ്പോഴുമില്ല. എൻ എച് എം ഈ വിഷയത്തിൽ കാര്യമായ താത്പര്യം കാണിക്കുന്നില്ല. മാർച്ച് 2026ൽ നൽകുമെന്നു പറഞ്ഞ ഈ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവ റദ്ദാക്കപ്പെട്ടു എന്നും പറഞ്ഞു കേൾക്കുന്നു. സമരം കഴിഞ്ഞ മാസങ്ങളിൽ കൃത്യമായി കിട്ടിയിരുന്ന ഹോണറേറിയും വീണ്ടും വൈകാൻ തുടങ്ങിയിരിക്കുന്നു. ഈ വിഷയങ്ങളിലെല്ലാം സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

4. സ്ത്രീനീതി / ബാലനീതി നിയമങ്ങളുടെ
കഴിഞ്ഞ 10 വർഷത്തെ പ്രയോഗത്തെ പറ്റി അന്വേഷണം.

സ്ത്രീനീതി / ബാലനീതി നിയമങ്ങൾ വളരെ ദുർബലമായ രീതിയിലാണ് നടപ്പിലാക്കിവരുന്നത്. ഈ കുറവുകളെ പറ്റി നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ബാലപീഡനങ്ങളും കൊലകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പോലീസോ, ബാലാവകാശ സംരക്ഷണച്ചുമതലയുള്ള ചൈൽഡ്ലൈനോ ആശുപത്രികളോ കുട്ടികളുടെ സുരക്ഷയെ തെല്ലും പരിഗണിക്കുന്നില്ലെന്നതിന് ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് സമീപകാലത്തെ അർഷിത് എന്ന കുഞ്ഞിന്റെ കൊലപാതകം സൂചിപ്പിക്കുന്നത്. ബാലാവകാശസംരക്ഷണം നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ എല്ലാം ദുർബലപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അത് പ്രയോജനമില്ലാതെയാകുന്നു. ഇതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന്, ഈ മേഖലയിൽ താല്പര്യമോ പരിചയമോ ഇല്ലാത്തവർ ആ സ്ഥാനങ്ങളിൽ വരുന്നുവെന്നതാണ്. അതിനാൽ സൂക്ഷ്‌മതയോടെ ഈ പ്രവർത്തനത്തിനായുള്ളവരെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

2025- ലെ ആശാ തൊഴിലാളി സമരത്തോട് നടത്തിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാർ തുടങ്ങിയിരിക്കുന്നത് സ്വാഗതാർഹമാണ്. എങ്കിലും സമരം കേവലം കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ലെന്ന് ഓർമ്മിക്കേണ്ടതുണ്ട്.
2025- ലെ ആശാ തൊഴിലാളി സമരത്തോട് നടത്തിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാർ തുടങ്ങിയിരിക്കുന്നത് സ്വാഗതാർഹമാണ്. എങ്കിലും സമരം കേവലം കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ലെന്ന് ഓർമ്മിക്കേണ്ടതുണ്ട്.

ബാലാവകാശസ്ഥാപനങ്ങളുടെ വീഴ്ചകളെപ്പറ്റിയും പോലീസ് അടക്കമുള്ള നിമയസംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവർ അനവധി പരിശീലനങ്ങളിലൂടെ കടന്നുപോയശേഷവും ഈ വിഷയത്തിൽ കാട്ടുന്ന കുറ്റകരമായ അനാസ്ഥയും ആഴത്തിൽ അന്വേഷിക്കേണ്ട വിഷയങ്ങളാണ്. കുടുംബവ്യവസ്ഥയുടെ പരാജയം എന്ന് വിധിയെഴുതുക മാത്രമല്ല, ആ വ്യവസ്ഥയെ ജനാധിപത്യപരമായി പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളിൽ ഭരണകൂടവും പങ്കുചേരേണ്ടതുണ്ട്. സിവിൽ സമൂഹത്തെ ജനാധിപത്യവത്ക്കരിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താനും സംശയിക്കാനുമുളള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കാനെങ്കിലും സർക്കാർ ശ്രമിക്കണം. ഈ വിഷയത്തിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും അന്താരാഷ്ട്രതലത്തിൽ ബാലാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരുമായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായവും ഉപദേശവും പ്രയോജനപ്പെടുത്തിയുള്ള അഴിച്ചുപണി അനിവാര്യമാണ്.

കൂടാതെ, സ്ത്രീനീതിനിയമങ്ങളുടെ കഴിഞ്ഞ പത്ത് വർഷത്തെ പ്രയോഗത്തെ പറ്റി അന്വേഷണം നടത്തണം. സ്ത്രീകൾക്ക് നീതി ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുളള നിയമങ്ങൾ ഭരണകൂടത്തോട് അടുപ്പമുള്ള സ്വാധീനശേഷിയുള്ള പുരുഷന്മാർക്ക് തീരെ ബാധകമല്ലാതായ അവനധി സംഭവങ്ങൾ വെറും ലൈംഗികവിവാദങ്ങളായി, സ്ത്രീവിരുദ്ധആഖ്യാനങ്ങളായി, ചുരുക്കപ്പെട്ടതിന് നാം സാക്ഷിയായതാണ്. സ്ത്രീകൾക്ക് നീതി നൽകുന്ന നിയമങ്ങളിലെ ജനവിശ്വാസത്തെ അല്പാല്പമായി ഇല്ലായ്മപ്പെടുത്തുന്ന ദുർഭരണം പൂർണമായും അവസാനിപ്പിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമെന്ന നിലയ്ക്ക് ഇത്തരമൊരു റിപ്പോർട്ടിനു വലിയ പ്രസക്തിയുണ്ട്.

നിലവിലുണ്ടായിരുന്ന നിർഭയ പോളിസി തുറന്ന ചർച്ചക്കുശേഷം (പ്രത്യേകിച്ച് താഴെ തട്ടിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും / പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തി) വേണ്ട മാറ്റം വരുത്തി നടപ്പിലാക്കാവുന്നതാണ്.

5. ആരോഗ്യരംഗത്തെ പിടിപ്പുകേടുകൾക്കെതിരെ
സമരം ചെയ്ത സ്ത്രീകൾക്ക് നീതി

ആരോഗ്യരംഗത്തെ അനാസ്ഥകളിൽ പെട്ട്, നീതിതേടിയെത്തിയ മുഴുവൻ സ്ത്രീകൾക്കും സർക്കാർ വേഗത്തിൽ നീതി ലഭ്യമാക്കണം. പ്രസവചികിത്സയിലെ പിഴവുകൾ, ശസ്ത്രക്രിയയ്ക്കിടയിലെ ഗുരുതരമായ വീഴ്ചകൾ, മെഡിക്കൽ ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുക തുടങ്ങി കേരളത്തിലുണ്ടായ പല സംഭവങ്ങളും കഴിഞ്ഞ പത്ത് വർഷമായി ആരോഗ്യരംഗത്തെ അപമാനപ്പെടുത്തിയിട്ടുണ്ട്. വളരെ വിവാദപരമായ പ്രതികരണങ്ങളാണ് മുൻസർക്കാരിൽനിന്ന് ഈ കേസുകളിൽ പലതിലും ഉണ്ടായത്. അവയിൽ ഒരു പരാതിക്കാരിക്ക് ജോലി നൽകിയത് അഭിനന്ദനീയമാണെങ്കിലും, പ്രശ്നത്തിന് സമഗ്രപരിഹാരം വേറെത്തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.

പ്രസവചികിത്സയിലെ വീഴ്ചകൾ കേരളത്തിൽ കുറവല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിലും (SHRC) ഉപഭോക്തൃ കോടതികളിലും എത്തിയ മെഡിക്കൽ അനാസ്ഥ കേസുകളിൽ 40%-ത്തിലധികം പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാ പിഴവുകളാണ്. ഗർഭസ്ഥ ശിശുവിന്റെയോ അമ്മയുടെയോ മരണം, സമയത്ത് ചികിത്സ നൽകാതിരിക്കൽ എന്നിവ ഇതിൽ പെടുന്നു.

​ശസ്ത്രക്രിയാ പിഴവുകളും ധാരാളം നടക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയയ്ക്കിടയിൽ കത്രിക വയറ്റിൽ മറന്നുവെച്ച ഹർഷീനയുടെ സംഭവം കഴിഞ്ഞ വർഷങ്ങളിൽ കേരള മനസ്സാക്ഷിയെ ഉലച്ച ഒന്നാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല; കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചെറുതും വലുതുമായ ശസ്ത്രക്രിയാ ഉപകരണങ്ങളോ പഞ്ഞിയോ ശരീരത്തിൽ മറന്നുവെച്ച അഞ്ചിലധികം സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയയ്ക്കിടയിൽ കത്രിക വയറ്റിൽ മറന്നുവെച്ച ഹർഷീനയുടെ സംഭവം കഴിഞ്ഞ വർഷങ്ങളിൽ കേരള മനസ്സാക്ഷിയെ ഉലച്ച ഒന്നാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയയ്ക്കിടയിൽ കത്രിക വയറ്റിൽ മറന്നുവെച്ച ഹർഷീനയുടെ സംഭവം കഴിഞ്ഞ വർഷങ്ങളിൽ കേരള മനസ്സാക്ഷിയെ ഉലച്ച ഒന്നാണ്.

ഐ.സി.യുവിലെ രോഗി ലൈംഗികപീഡനത്തിനിരയായതിലും ഇരക്ക് നീതി ലഭിച്ചിട്ടില്ല. താലൂക്ക്, ജില്ലാ ആശുപത്രികളിൽ രാത്രികാലങ്ങളിൽ ഗൈനക്കോളജിസ്റ്റുകളുടെ അഭാവം മൂലം കൃത്യസമയത്ത് പ്രസവചികിത്സ കിട്ടാതെ ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകൾ ദുരിതമനുഭവിക്കുന്ന അവസ്ഥയ്ക്ക് കഴിഞ്ഞ പത്ത് വർഷമായിട്ടും പൂർണ്ണ പരിഹാരമായിട്ടില്ല.​ സർക്കാർ ആശുപത്രികളിലെ അനാസ്ഥയോ – വിഭവദാരിദ്ര്യമോ- കാരണം ജീവൻ രക്ഷിക്കാൻ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ടിവരുന്ന സാധാരണക്കാരായ കുടുംബങ്ങൾ വലിയ കടക്കെണിയിലാകുന്നു. ​ശസ്ത്രക്രിയാ പിഴവുകൾ മൂലം സ്ഥിരമായ ശാരീരിക വൈകല്യം സംഭവിക്കുന്ന സ്ത്രീകൾ മാനസികാഘാതവും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നു. ദരിദ്രരായ സ്ത്രീകൾക്ക് വർഷങ്ങളോളം കോടതി കയറിയിറങ്ങാനും കേസ് നടത്താനുമുള്ള സാമ്പത്തികശേഷി ഉണ്ടാകാറില്ല. തങ്ങളുടെ തെറ്റുകൂടാതെ ജീവച്ഛവമാകേണ്ടി വരുന്ന ദുരവസ്ഥയാണത്.

മാതൃകാപരമായ ഇടപെടലുകൾക്കും ​ആരോഗ്യരംഗത്തെ പിഴവുകൾ പൂർണ്ണമായും ഇല്ലാതാക്കാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും, സർക്കാർ താഴെ പറയുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

  • ഫാസ്റ്റ് ട്രാക്ക് അന്വേഷണ സംവിധാനം: മെഡിക്കൽ അനാസ്ഥ പരാതികൾ അന്വേഷിക്കാൻ ആരോഗ്യവകുപ്പിന് പുറത്തുള്ള നിഷ്പക്ഷരായ വിദഗ്ദ്ധരെ ഉൾപ്പെടുത്തി 'ഫാസ്റ്റ് ട്രാക്ക് മെഡിക്കൽ ട്രൈബ്യൂണലുകൾ' സ്ഥാപിക്കണം. 6 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി വിധി വരണം.

  • ഉടൻ നഷ്ടപരിഹാരവും പുനരധിവാസവും: വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ, നിയമപോരാട്ടം അവസാനിക്കുന്നത് വരെ കാത്തുനിൽക്കാതെ ഇരയായ സ്ത്രീക്ക് സർക്കാർ അടിയന്തര സാമ്പത്തിക സഹായവും സൗജന്യ തുടർചികിത്സയും ഉറപ്പാക്കണം.

  • കുറ്റക്കാർക്കെതിരെ കർശന നടപടി: അനാസ്ഥ വരുത്തുന്ന ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾക്കപ്പുറം, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷകൾ നടപ്പാക്കണം.

  • മെഡിക്കൽ ഓഡിറ്റിംഗ്: എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളിലും പ്രസവ ശസ്ത്രക്രിയകളും മറ്റ് പ്രധാന സർജറികളും കൃത്യമായ 'മെഡിക്കൽ ഓഡിറ്റിംഗിന്' വിധേയമാക്കണം. കരിമ്പട്ടികയിൽ പെടുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി വേണം.

6. വയോജന വകുപ്പ് നല്ലതാണ്, പക്ഷേ വയോജനാവസ്ഥ ലിംഗവത്കൃതമാണെന്ന പൂർണ ബോധ്യത്തോടെ വേണം
അതിന്റെ നയം തീരുമാനിക്കാൻ

വയോജന പുനരധിവാസം എന്നാൽ കേവലം 'ഭക്ഷണവും പാർപ്പിടവും' നൽകിവരുന്ന കേവലകാരുണ്യ (Charity) പ്രവൃത്തിയല്ല. മറിച്ച് അത് ആദരവും ആത്മവിശ്വാസവും സന്തോഷവും ഉറപ്പാക്കുന്ന പൗരാവകാശമാണ്. അപ്പോഴും വയോജനാവസ്ഥ gendered ആണെന്ന പൂർണബോധ്യത്തോടെ വേണം അതിന്റെ നയം തീരുമാനിക്കാൻ. കുടുംബ- സാമൂഹിക രംഗത്തുനിന്നെല്ലാം അസ്തിത്വം നഷ്ടപ്പെട്ട് എത്തിപ്പെടുന്ന വൃദ്ധരായ സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രത്യേക പദ്ധതി ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. വയോജനകേന്ദ്രങ്ങളിൽ അടച്ചിട്ട അവസ്ഥയിൽനിന്നും അവരുടെ മാനസികോല്ലാസവും ക്രിയാത്മകതയും സമൂഹത്തിന് ലഭ്യമാക്കുന്നവിധം വയോജനകേന്ദങ്ങൾ മാറ്റേണ്ടുണ്ട്. ഉദാഹരണത്തിന് കലാകാരന്മാർക്ക് പുറംവേദികളിൽ അവസരമൊരുക്കൽ, കൃഷി നടത്തി പുറത്ത് വിപണിയൊരുക്കൽ തുടങ്ങിയവ.

ഇവിടെയും കുടുംബവാദപരമായ സമീപനത്തെ സർക്കാർ മാറ്റിവയ്ക്കണം. വാർദ്ധക്യകാലസംരക്ഷണം കുടുംബത്തിന് അകത്തും പുറത്തും കഴിയുന്ന സ്ത്രീകൾക്ക് ഒരുപോലെ അവകാശമായി മാറേണ്ടതുണ്ട്.

പൊതുമാധ്യമങ്ങളിലെ വിവരക്കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഇന്ന് 18.7% പൗരജനങ്ങൾ അറുപതു വയസ്സിന് മുകളിലാണ്. ഇത് കേരളത്തെ ഇന്ത്യയുടെ തന്നെ ദേശീയ ശരാശരിയേക്കാൾ (ഏകദേശം 11.4%) മുകളിലാക്കി നിർത്തുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രായമായവരുടെ അനുപാതം കേരളത്തിന് നൽകുന്നു. കേരളത്തിലെ മുതിർന്ന പൗരരിൽ (60 വയസും അതിൽ കൂടുതലുമുള്ളവർ) ഏകദേശം 54% മുതൽ 55% വരെ സ്ത്രീകളാണ്. പുരുഷന്മാരുടെ ഏകദേശം 72 വർഷം എന്ന ആയുർദൈർഖ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീകളുടെ ശരാശരി 78 വർഷം എന്ന ആയുർദൈർഘ്യമാണ് ഈ പ്രതിഭാസത്തിന് കാരണം.

വയോജന പുനരധിവാസം എന്നാൽ കേവലം 'ഭക്ഷണവും പാർപ്പിടവും' നൽകിവരുന്ന കേവലകാരുണ്യ (Charity) പ്രവൃത്തിയല്ല. മറിച്ച് അത് ആദരവും ആത്മവിശ്വാസവും സന്തോഷവും ഉറപ്പാക്കുന്ന പൗരാവകാശമാണ്.
വയോജന പുനരധിവാസം എന്നാൽ കേവലം 'ഭക്ഷണവും പാർപ്പിടവും' നൽകിവരുന്ന കേവലകാരുണ്യ (Charity) പ്രവൃത്തിയല്ല. മറിച്ച് അത് ആദരവും ആത്മവിശ്വാസവും സന്തോഷവും ഉറപ്പാക്കുന്ന പൗരാവകാശമാണ്.

പ്രായമായ സ്ത്രീകൾ അനുഭവിക്കുന്ന പ്രത്യേകമായ പ്രശ്നങ്ങൾ പലതാണ്. വിധവത്വത്തിന്റെ ഉയർന്ന വ്യാപനം, സാമ്പത്തിക ആശ്രയത്വം, വയോജനപീഡനം, അപര്യാപ്തമായ വയോജന ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പല വെല്ലുവിളികളും വയസ്സായവർ കേരളത്തിൽ നേരിടുന്നു. ഇതിനാൽ വയോജന പാലനത്തിനായുള്ള വകുപ്പ് ലിംഗവ്യത്യാസവും ലിംഗനീതിയും കണക്കിലെടുത്തുകൊണ്ടുള്ള നയങ്ങൾ നടപ്പിലാക്കേണ്ടുന്നതിന്റെ ആവശ്യം ആൽത്തിയ സ്ത്രീ കൂട്ടായ്മ ഉയർത്തി കാട്ടുന്നു.

വാർദ്ധക്യത്തിൽ യാതൊരു സാമ്പത്തിക ഭദ്രതയുമില്ലാതെ കഴിയുന്ന വൃദ്ധപൗരജനങ്ങൾ കേരളത്തിൽ സർവ്വസാധാരണമാണ് . പ്രത്യേകിച്ചും സ്ത്രീകളുടെയിടയിൽ. കേരളത്തിലെ ഒരു കാതലായ അടിസ്ഥാന സ്ത്രീ തൊഴിൽ സമൂഹം അനൗപചാരിക മേഖലകളിൽ തൊഴിൽ ചെയ്യുന്നവരാണ്. ഇവർ സർക്കാർ ജോലികളിലോ, ചില സ്വകാര്യസ്ഥാപനങ്ങളിലോ കൊടുക്കുന്ന പെൻഷൻ മുതലായ യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. വാർദ്ധക്യത്തിൽ ഇവരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി, കണക്കിലെടുത്തു വേണം വയോജന പാലന ക്രമങ്ങൾ നിർദ്ദേശിക്കാൻ. ഇവർക്ക് ജീവിക്കാൻ ആവശ്യമുള്ള സ്ഥിരമായിട്ടുള്ള പ്രതിമാസ സാമ്പത്തിക ആനുകൂല്യം നൽകേണ്ടതുണ്ട്.

വയോധികരുടെ സാമൂഹ്യാധിഷ്ഠിത പൊതു ആരോഗ്യ പരിപാലന ക്രമങ്ങൾ, വാർദ്ധക്യസഹജമായ അസുഖങ്ങൾ കണക്കിലെടുക്കണം. ചെറുപ്പകാലത്തുള്ള ദാരിദ്ര്യം, അല്പഭക്ഷണം, പോഷകാഹാരക്കുറവ് മുതലായവ കാരണം വാർദ്ധക്യകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദനാജനകമായ ആരോഗ്യപ്രശ്നങ്ങൾ പലതാണ്. വാതം, പ്രമേഹരോഗങ്ങൾ, കാഴ്ചക്കുറവ്, കേൾവിക്കുറവ്, അർബുദം, ഹൃദ്രോഗരങ്ങൾ, മാനസികരോഗങ്ങൾ, അൽസൈമേഴ്‌സ്, ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ മുതലായവക്ക് ചികിത്സ ഉറപ്പിക്കേണ്ടതുണ്ട്. ഇവ വൃദ്ധ സദനങ്ങളിൽ മാത്രമല്ല, പ്രായമായവർ താമസിക്കുന്ന കുടുംബങ്ങളിലും സ്വകാര്യ സംവിധാനങ്ങളിലും അന്വേഷിച്ചു കണ്ടുപിടിച്ചു നടപ്പാക്കേണ്ടതാണ്.

നഗരങ്ങളിലും, പ്രാന്തപ്രദേശങ്ങളിലും, നാട്ടിൻപുറങ്ങളിലും പല സമൂഹങ്ങളിലും പട്ടിണി കിടക്കുന്ന വൃദ്ധജനങ്ങളുണ്ട്. അവർക്ക് ദിവസം ഒരു നേരമെങ്കിലും പോഷകഗുണമുള്ള ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനം സഹായകരമാകും. മീൽസ്-ഓൺ -വീൽസ് പോലെയുള്ള പദ്ധതികൾ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന വൃദ്ധജനങ്ങൾ പട്ടിണി കിടക്കേണ്ടിവരുന്നില്ല എന്നുറപ്പുണ്ടാക്കും. ആശ്രയ പോലുള്ള മുൻപദ്ധതികളുടെ ഫലങ്ങൾ, പോരായ്മകൾ, അതിൻറെ ലിംഗപരമായ മാനങ്ങൾ, മുതലായവയെപ്പറ്റി സമഗ്രമായ പഠനവും അത്യാവശ്യമാണ്.

വയോധികർക്കെതിരെ പല തരം അക്രമങ്ങൾ നടക്കുന്ന നാടാണ് കേരളം. പൈസ തട്ടിപ്പു, പിടിച്ചുപറി, കൊള്ള, കൊല, ബലാത്സംഗം മുതലായ അക്രമങ്ങൾ പ്രായമായവർ അനുഭവിക്കുന്നതായി ആവശ്യത്തിലേറെ തെളിവുകളുണ്ട്. പ്രായമായവരെ ഇത്തരം അക്രമങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സംവിധാനം വയോജന വകുപ്പിന്റെ ചുമതലയിൽ നടപ്പാക്കേണ്ടതുണ്ട്.

കേരളത്തിലെ പ്രായമായ LGBTQ+, ട്രാൻസ്‌ജെൻഡർ വ്യക്തികൾ വളരെ സങ്കീർണമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. "ഇരട്ട അന്യവൽക്കരണം" അനുഭവിക്കുന്നവരാണ്. സാമൂഹിക ഒറ്റപ്പെടൽ, സാമ്പത്തിക അനിശ്ചിതത്വം, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം എന്നിവയുടെ സങ്കീർണ്ണമായ നഷ്ടം ഇവർ നേരിടുന്നു. പ്രായമായ സിസ്‌ജെൻഡർ സ്ത്രീകൾ പുരുഷാധിപത്യ ഘടനകളെ നേരിടുമ്പോൾ, ക്വിയർ, ട്രാൻസ് സമൂഹത്തിലെ മുതിർന്നവർ, പ്രായാധിക്യത്തിനോടൊപ്പം, ലിംഗപരമായ പാർശ്വവൽക്കരണത്തോടും പോരാടുന്നവരാണ്. ഇത്തരത്തിലുള്ള ലിംഗഭേദത്തിലടിസ്ഥാനപ്പെട്ടിട്ടുള്ള അവജ്ഞയും വിവേചനവും മനസ്സിലാക്കി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ വാർദ്ധക്യസഹജമായ ആവശ്യങ്ങൾക്ക് ഉറപ്പു കൊടുക്കേണ്ടതുണ്ട്.

പ്രായമായവരെ ഇത്തരം അക്രമങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സംവിധാനം വയോജന വകുപ്പിന്റെ ചുമതലയിൽ നടപ്പാക്കേണ്ടതുണ്ട്.
പ്രായമായവരെ ഇത്തരം അക്രമങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സംവിധാനം വയോജന വകുപ്പിന്റെ ചുമതലയിൽ നടപ്പാക്കേണ്ടതുണ്ട്.


7. പുരുഷപീഡനപരിഹാര വേദി, incel സംഘങ്ങൾ ഇവ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നത്. അവയ്ക്ക് മൂക്കുകയറിടണം.

ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും സ്വാതന്ത്ര്യവും എല്ലാ പൗരജനങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ്. എന്നാൽ ആധുനിക കാലത്ത് സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റെയും മറവിൽ വളർന്നുവരുന്ന ചില പ്രവണതകൾ സ്ത്രീകളുടെ ഈ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വലിയ രീതിയിലുള്ള വെല്ലുവിളി ഉയർത്തുന്നുണ്ട്. 'പുരുഷപീഡന പരിഹാര’മെന്ന പേരിൽ സ്ത്രീവിരുദ്ധതയും ലിംഗസമത്വത്തിനെതിരെയുള്ള വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇത്തരം ഗ്രൂപ്പുകളെ കർശനമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിലുള്ള 'പുരുഷാവകാശ' ഗ്രൂപ്പുകളിൽ ഭൂരിഭാഗവും സ്ത്രീസുരക്ഷയ്ക്കായി രാജ്യം നിർമ്മിച്ച നിയമങ്ങളെ അട്ടിമറിക്കാനും സ്ത്രീകളുടെ സ്വതന്ത്രമായ മുന്നേറ്റങ്ങളെ തടയാനുമാണ് ശ്രമിക്കുന്നത്.

ഗാർഹികപീഡന വിരുദ്ധ നിയമം (498A), തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമ നിരോധന നിയമം (POSH) തുടങ്ങിയവയെല്ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെയും (Article 21) സമത്വത്തിനുള്ള അവകാശത്തെയും (Article 14) സംരക്ഷിക്കുന്നതിനായി നിർമ്മിക്കപ്പെട്ടവയാണ്. ഈ നിയമങ്ങളെ തരംതാഴ്ത്തി കാണിക്കാനും, അതിക്രമത്തിനിരയാകുന്ന സ്ത്രീകളെ വീണ്ടും വേട്ടയാടാനും ഇത്തരം വേദികൾ ബോധപൂർവ്വം ശ്രമിക്കുന്നു. ​തങ്ങൾക്ക് പ്രണയമോ ലൈംഗികമായ അടുപ്പങ്ങളോ ലഭിക്കാത്തതിന് കാരണം സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളുമാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരുടെ ആഗോള ഓൺലൈൻ കൂട്ടായ്മയാണ് 'ഇൻസെൽ'. ഇത് കേവലമൊരു ഓൺലൈൻ ചർച്ചാഗ്രൂപ്പല്ല, മറിച്ച് കടുത്ത സ്ത്രീവിരുദ്ധതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ചിന്താഗതിയാണ്. ​

സൈബർ ഇടങ്ങളിലെ അക്രമം: സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുക, മോശം പദപ്രയോഗങ്ങൾ നടത്തുക, അവരുടെ സ്വകാര്യതയെ മാനിക്കാതിരിക്കുക എന്നിവ ഇത്തരം ഗ്രൂപ്പുകളുടെ പ്രധാന വിനോദമാണ്. സ്ത്രീകളിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക വഴി അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തെയും (Article 19) പരോക്ഷമായി ഇല്ലാതാക്കാൻ ഇവർ ശ്രമിക്കുന്നു.

​എല്ലാത്തിനുമുപരി, കടുത്ത ഭരണഘടനാപരമായ ലംഘനങ്ങളാണ് ഈ സംഘങ്ങൾ നടത്തുന്നത്. ​ഭരണഘടനയുടെ അനുച്ഛേദം 15 വ്യക്തമാക്കുന്നത് ലിംഗഭേദത്തിന്റെ പേരിൽ യാതൊരുവിധ വിവേചനവും പാടില്ലെന്നാണ്. കൂടാതെ സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തുന്ന ആചാരങ്ങളും പ്രവണതകളും ഉപേക്ഷിക്കേണ്ടത് പൗരരുടെ കടമയാണെന്ന് മൗലിക കർത്തവ്യങ്ങളിൽ (Article 51A(e)) പറയുന്നുണ്ട്. എന്നാൽ ഇൻസെൽ ഗ്രൂപ്പുകളും തീവ്ര പുരുഷ സംഘടനകളും സ്ത്രീകളെ തുല്യ മനുഷ്യരായി കാണാൻ വിസമ്മതിക്കുന്നതിലൂടെ ഭരണഘടനയുടെ അന്തസ്സത്തയെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. ​ഇത്തരം ഹിംസാത്മക കൂട്ടായ്മകളെ പൊറുപ്പിക്കുന്നത് സാമൂഹ്യജനാധിപത്യസാധ്യതകളെ ഇല്ലാതാക്കും, ലിംഗപരമായ സമത്വത്തിൻറെയും സമാധാനത്തിന്റെയും സാധ്യതയെത്തന്നെ തകർക്കും.

ഇതിനായി താഴെ പറയുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്:

കർശനമായ സൈബർ നിയമങ്ങൾ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്ത്രീവിരുദ്ധതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും ഗ്രൂപ്പുകളും നിരീക്ഷിക്കാനും നിരോധിക്കാനും സൈബർ സെല്ലിന് പ്രത്യേക വിഭാഗം ഉണ്ടാകണം.

നിയമപരമായ നടപടികൾ: 'പുരുഷ സംരക്ഷണം' എന്ന വ്യാജേന സ്ത്രീകളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളും പ്രവർത്തനങ്ങളും നിയമപരിധിയിൽ കൊണ്ടുവരിക.

ബോധവൽക്കരണം: വിദ്യാലയങ്ങളിലും കോളേജുകളിലും ലിംഗസമത്വത്തെക്കുറിച്ചും ഭരണഘടനാ അവകാശങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണം ശക്തമാക്കുക വഴി യുവാക്കൾ ഇത്തരം തെറ്റായ ചിന്താഗതികളിലേക്ക് ആകർഷിക്കപ്പെടുന്നത് തടയാം.

8. തീരദേശസ്ത്രീകളുടെ വിഷയങ്ങൾക്ക് അടിയന്തര ശ്രദ്ധ.

കേരളത്തിലെ തീരദേശങ്ങളിലാണ് കഴിഞ്ഞ പത്തുവർഷങ്ങളിലെ ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക- സാമൂഹ്യ- സാമ്പത്തിക വെല്ലുവിളികൾ അനുഭവപ്പെട്ടത്. കാലാവസ്ഥാവ്യതിയാനം തീരദേശവാസികളുടെ ദൈനംദിന ജീവിതത്തിനും തൊഴിലിനും സുരക്ഷയ്ക്കും സാമൂഹ്യഭദ്രതയ്ക്കും വലിയ ഇടിച്ചിൽ ഉണ്ടാക്കുന്നു. അദാനി അടക്കമുള്ള വലിയ- ചെറിയ മുതലാളികൾ തീരദേശത്തെ ഭൂവിഭവങ്ങളെയും കടലിനെയും കൈവശപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി കേരളതീരങ്ങളിൽ വസിച്ചുവരുന്ന ജനങ്ങളുടെ അവകാശങ്ങളും ശബ്ദവും കുറ്റകരമായ രീതികളിൽ അവഗണിക്കപ്പെടുന്നു. ഈ വെല്ലുവിളികൾ അവിടുത്തെ സ്ത്രീജീവിതങ്ങളെ ദുരിതത്തിലാഴ്ത്തി അദൃശ്യമാക്കുന്നുവെന്നു മാത്രമല്ല, അവിടുത്തെ സ്ത്രീകളുടെ ശബ്ദങ്ങളെത്തന്നെ കേൾക്കാതെയാക്കിയിരിക്കുന്നു.

പൊതുവെ ഈ പ്രദേശത്തെ ഉദ്ദേശിച്ചുള്ള വികസപ്രവർത്തനങ്ങളിൽ കഠിനാദ്ധ്വാനികളായ തീരദേശവനിതകൾക്ക് അവിടുത്തെ സമൂഹങ്ങളെ ഓരോ ആഘാതത്തിനു ശേഷവും പൂർവസ്ഥിതിയിലെത്തിക്കാനുള്ള ചുമതലയാണ് കൊടുക്കാറ്. അതായത്, മേൽപ്പറഞ്ഞ ദുരിതങ്ങളിൽ സമൂഹത്തെ താങ്ങിനിർത്തുന്ന ഉത്തരവാദിത്വമാണ് വികസനവ്യവഹാരങ്ങൾ അവർക്കു കല്പിക്കുന്നത് – ഇതിനെ വികസനപരമായ കർതൃത്വമായി വെള്ളപൂശി നിരന്തരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിശാലസാഹചര്യങ്ങളെ കാണാതെയാക്കുന്ന വ്യവഹാരങ്ങളും ഇന്ന് കേരളത്തിൽ ധാരാളമുണ്ട്. എന്നാൽ കുടുംബത്തെ താങ്ങിനിർത്താൻ ഒന്നിലധികം തൊഴിലുകളിൽ ഏർപ്പെടുന്ന, തങ്ങളുടെ പരമ്പരാഗതവരുമാനമാർഗങ്ങൾ നഷ്ടമായ, കാലാവസ്ഥാദുരന്തങ്ങൾ മൂലം ജീവിതസമ്പാദ്യം മുഴുവൻ നഷ്ടമായ, കുടുംബഭദ്രത തകർന്ന, സ്ത്രീജീവിതങ്ങളാണ് ആ പ്രദേശങ്ങളിൽ സാമൂഹ്യപുറന്തള്ളലിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്.

തീരദേശവനിതകൾ തങ്ങളുടെ വികസനഭാവിയെ സ്വയം തീരുമാനിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ പുതിയ സർക്കാർ സന്നദ്ധമാകണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു. അവരുമായി വിപുലമായ തുറന്ന ചർച്ചകളിലൂടെ പുതിയ വികസനവീക്ഷണം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. സാമൂഹ്യമുഖ്യധാരയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട, അതിൻറെ ലിംഗധാരണകളനുസരിച്ച് പണിയപ്പെട്ട, വികസനവീക്ഷണമല്ല തീരദേശവനിതകൾക്ക് വേണ്ടതെന്നത് ഇത്രയും വർഷത്തിനിടയിൽ സുവ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

കേരളത്തിലെ തീരദേശങ്ങളിലാണ് കഴിഞ്ഞ പത്തുവർഷങ്ങളിലെ ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക- സാമൂഹ്യ- സാമ്പത്തിക വെല്ലുവിളികൾ അനുഭവപ്പെട്ടത്. കാലാവസ്ഥാവ്യതിയാനം തീരദേശവാസികളുടെ ദൈനംദിന ജീവിതത്തിനും തൊഴിലിനും സുരക്ഷയ്ക്കും സാമൂഹ്യഭദ്രതയ്ക്കും വലിയ ഇടിച്ചിൽ ഉണ്ടാക്കുന്നു.
കേരളത്തിലെ തീരദേശങ്ങളിലാണ് കഴിഞ്ഞ പത്തുവർഷങ്ങളിലെ ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക- സാമൂഹ്യ- സാമ്പത്തിക വെല്ലുവിളികൾ അനുഭവപ്പെട്ടത്. കാലാവസ്ഥാവ്യതിയാനം തീരദേശവാസികളുടെ ദൈനംദിന ജീവിതത്തിനും തൊഴിലിനും സുരക്ഷയ്ക്കും സാമൂഹ്യഭദ്രതയ്ക്കും വലിയ ഇടിച്ചിൽ ഉണ്ടാക്കുന്നു.

9. WCC ഉയർത്തിയ വിഷയങ്ങളോട് ആത്മാർഥമായ സമീപനം

കേരളചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽസമരങ്ങളിൽ ഒന്നായി വേണം വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ഇടപെടലുകളെ കാണാൻ. ജനസമ്മതി നേടിയ ആ സമരത്തോട് മുൻസർക്കാരിന് പ്രതികരിക്കേണ്ടിവന്നെങ്കിലും ആ സമരം ഉയർത്തിയ ഗുരുതരമായ പ്രതിസന്ധി സിനിമാവ്യവസായത്തിനുള്ളിൽ യാതൊരു മാറ്റവുമില്ലാതെ തുടരുന്നുവെന്നതിന് എത്രയോ തെളിവുകൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. 2017- ലെ ദിലീപ് കേസ് മുതൽ ഡോ. ആശാ അച്ചി ജോസഫ് ഉയർത്തിയ വിഷയങ്ങൾ വരെ സിനിമാരംഗത്തെ പച്ചയായ പിതൃമേധാവിത്വഹുങ്കിനെ സംശയാതീതമായ രീതിയിൽ വെളിവാക്കിയിരിക്കുന്നു. വളരെ ഉപരിപ്ലവമായ സമീപനമായിരുന്നു മുൻസർക്കാരിന്റേതെന്നും നിസ്സംശയം പറയാം.

ഈ പ്രതിഷേധങ്ങൾ ഉയർത്തിയ വിഷയങ്ങളെ ശ്രദ്ധിക്കാതിരുന്നാൽ, അവയിലെ ശബ്ദങ്ങളെ അവഗണിച്ചാൽ, കേരളത്തിലെ സാമൂഹ്യജനാധിപത്യവത്ക്കരണപ്രക്രിയയും തൊഴിൽരംഗത്തെ ലിംഗതുല്യതയും ജനാധിപത്യവും വല്ലാതെ ശോഷിക്കുമെന്ന് ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഭൂരിപക്ഷവാദ യാഥാസ്ഥിതികത്വത്തോട് എത്രയും എളുപ്പത്തിൽ ഇഴുകിച്ചേരുന്ന ഘടകങ്ങളാണ് സിനിമാരംഗത്തെ സ്ത്രീവിരുദ്ധതയെ സാമൂഹ്യമാദ്ധ്യമങ്ങളിലും പുറത്തും താങ്ങിനിർത്തുന്നതെന്ന വസ്തുതയ്ക്കു നേരെ ഈ സർക്കാർ കണ്ണടച്ചുകൂടാ.

10. വനിത കമീഷൻ നേതൃത്വം സിവിൽസമൂഹതലത്തിൽ സാമൂഹ്യ ജനാധിപത്യവത്ക്കരണത്തിനായി പ്രവർത്തിച്ച ദലിത്- പിന്നാക്ക വിഭാഗം സ്ത്രീകളുടേതാകണം

വനിതാ കമീഷൻ ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ അതിന്റെ നേതൃത്വം ലിംഗനീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. കേരളത്തിലെ വരേണ്യരല്ലാത്ത സ്ത്രീകളോടൊപ്പം പ്രവർത്തിച്ചുള്ള പരിചയവും അവരുടെ വിഷയങ്ങളെപ്പറ്റിയുള്ള നേരറിവും, വരേണ്യ ലിബറൽ ഫെമിനിസത്തിന്റെ പരിമിതികളെപ്പറ്റി പൂർണബോധ്യവും ഉള്ളവർ കേരള വനിത കമീഷന്റെ തലപ്പത്ത് എത്തേണ്ടതുണ്ട് – ലിബറൽ സ്ത്രീവാദത്തിന്റെ പരിമിതകൾക്കപ്പുറം ലിംഗപരമായ അസമത്വത്തെയും നീതിയെയും കാണാൻ ശേഷിയുള്ളവർ അവിടെ വേണം. കഴിഞ്ഞ പത്തുവർഷം ഭരിച്ചിരുന്ന സർക്കാർ ലിംഗനീതിയെ കേവലം ലിബറൽ ഫെമിനിസത്തിന്റെ ശരികളിലേക്കു ചുരുക്കാൻ ശ്രമിച്ചു, എന്നാൽ അതിൽത്തന്നെ കാര്യമായ ആത്മാർത്ഥത കാണിക്കാൻ അവർ മെനക്കെട്ടില്ല. ആ ദിശയെ പാടെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

വനിത കമീഷന്റെ നേതൃത്വത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ ഈ സർക്കാർ കേരളത്തിലെ ദലിത്- തീരദേശ- ആദിവാസി മേഖലകളിലെ ജനാധിപത്യസമരങ്ങളിൽ സിവിൽസമൂഹപക്ഷത്തുനിന്ന് ഉയർന്നുവന്ന പോരാളികളെ വേണം പരിഗണിക്കാനെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കേരളത്തിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനകീയസമരങ്ങളുടെ നേതൃത്വം പലപ്പോഴും സ്ത്രീകളുടേതായിരുന്നു, ആണ്. കഴിഞ്ഞ നൂറ്റാണ്ടിനോട് താരതമ്യം ചെയ്യുമ്പോൾ ചരിത്രമാറ്റം തന്നെയാണിതെന്ന് വ്യക്തമാകുന്നു.

ഈ മാറ്റത്തിന്റെ പ്രസക്തിയെ പുതിയ സർക്കാർ പൂർണമായും ഉൾക്കൊള്ളുകതന്നെ വേണം. ജനങ്ങളെ സർക്കാരിലേക്ക് കൂടുതൽ അടുപ്പിക്കാനും സർക്കാർസംവിധാനങ്ങളെ കൂടുതൽ ലിംഗനീതിപൂർണവും സുതാര്യവുമാക്കാൻ ഇടവരുത്തുന്നതുമായ ഉപകരണമായി വനിതാക്കമ്മിഷനെ മാറ്റിത്തീർക്കാൻ ഈ സർക്കാർ പരിശ്രമിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ആൽത്തിയ കൂട്ടായ്മക്കുവേണ്ടി,

ഡോ. ജെ. ദേവിക
മാഗ്ലിൻ ഫിലോമിന
മുംതാസ് ബീഗം ടി. എൽ
മിനി. എസ്‌
പി. ഇ. ഉഷ


Summary: Ten Issues for Women: A Note to the Minister for Women and Child Welfare


‘ആൽത്തിയ’

സ്ത്രീസാഹോദര്യസംഘം: മുംതാസ് ബീഗം, മിനി മോഹൻ, മിനി എസ്, അനാമികാ അജയ്, പി. ഇ. ഉഷ, അനു ജോയ്, ജെ. ദേവിക, ദിവ്യ ജി. എസ്, മാഗ്ലിൻ ഫിലോമെന, ഗായത്രി ദേവി.

Comments