സി.എസ്. ചന്ദ്രിക : ഇന്ന് കേരളത്തിലെ ഒരു പ്രധാന നാടകകൃത്താണ് ശ്രീജ. സ്വയം വിലയിരുത്തുമ്പോൾ എന്തുതോന്നുന്നു?
കെ.വി. ശ്രീജ: നോവൽ എഴുതണം എന്ന കമ്പമായിരുന്നു എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നത്. ഒടുവിൽ നാടകമാണ് എഴുതിയത്. ഞാനിപ്പോഴും വളരെ കുറച്ചു നാടകങ്ങളെ കണ്ടിട്ടുള്ളൂ, വായിച്ചിട്ടുള്ളൂ. എഴുതുന്നതിനു മുമ്പ് ഞാൻ നാടകം വായിച്ചിട്ടേയില്ല. "ഓരോരോ കാലത്തിലും' എഴുതിക്കഴിഞ്ഞിട്ട് "ഇങ്ങനെ തന്നെയാണോ നാടകം എഴുതുക' എന്ന് ഞങ്ങൾ (ഞാനും നാരായണനും) ആലോചിച്ചു. സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടകമത്സരത്തിന് അയക്കാൻ വേണ്ടിയായിരുന്നു അതെഴുതിയത്. 1999-2000 വർഷത്തിലെ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടകരചനയ്ക്കുള്ള അവാർഡ് ഈ നാടകത്തിന് ലഭിച്ചു. പിന്നീട് 2005 ൽ കേരള സാഹിത്യ അക്കാദമിയുടെ നാടക അവാർഡും ലഭിച്ചു.
ഇന്ന് ശ്രീജ നാടകപ്രവർത്തനങ്ങൾ നടത്തുന്നത് വളരെ അനുകൂലമായ ഒരന്തരീക്ഷത്തിലാണ്. ജീവിതപങ്കാളിയായ നാരായണനോടൊപ്പമാണ് നാടകപ്രവർത്തനങ്ങൾ നടത്തുന്നത്. സ്വന്തം ഗ്രാമത്തിൽ തന്നെ നിങ്ങളൊക്കെക്കൂടി നേതൃത്വം കൊടുക്കുന്ന ഒരു അമേച്വർ നാടകഗ്രൂപ്പുമുണ്ട്. ഈ അനുകൂലഘടകങ്ങളാണോ ശ്രീജയെ ഒരു നാടകപ്രവർത്തകയും ഒപ്പം നാടകകൃത്തുമാക്കി വളർത്തിയത്?
ശരിയാണ്. ആറങ്ങോട്ടുകരയാണ് എന്റെ ഗ്രാമം. കുളത്തൂർ യുവജനസംഘം വായനശാലയിലൂടെയാണ് എന്റെ നാടകപ്രവർത്തനങ്ങൾ സജീവമായത്. പിന്നീടാണ് ആറങ്ങോട്ടുകര നാടകസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നത്. മാത്രമല്ല, കല്ല്യാണത്തിനു ശേഷമാണ് (1993 ൽ) ഞാൻ നാടകത്തിൽ സജീവമായി ഇറങ്ങുന്നത്. നാരായണൻ നല്ല നടനാണ്. ഞങ്ങളുടേത് അമേച്വർ നാടകസംഘമാണ്. നാരായണനാണ് ഞങ്ങളുടെ നാടകങ്ങൾ സംവിധാനം ചെയ്യുന്നത്. നാടകവുമായിട്ടുള്ള പരിചയം കൂടാനും യാത്രകൾ ചെയ്യാനും ഈ സാഹചര്യങ്ങൾ എന്നെ ഒരുപാട് സഹായിച്ചു. ആറങ്ങോട്ടുകര നാടകസംഘം ഉള്ളതുകൊണ്ടാണ് യഥാർത്ഥത്തിൽ ഞാൻ നാടകങ്ങളെഴുതിയത്. എഴുതിയ നാടകം ഗ്രൂപ്പിലെ എല്ലാവരും കൂടിയിരുന്ന് വിശദമായി വായിച്ച് ചർച്ച ചെയ്യും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നു വരും. അതിനനുസരിച്ചും റിഹേഴ്സലിനിടയിലുമൊക്കെ നാടകത്തിന്റെ സ്‌ക്രിപ്റ്റിൽ ഒട്ടേറെ മാറ്റങ്ങൾ വരും. അതുകൊണ്ട് എന്റെ നാടകങ്ങളിൽ ഞങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളുടെ സംഭാവനകൾ ഏറെയുണ്ട്. ഈ ഗ്രൂപ്പ് നിലനിൽക്കണം എന്ന ആഗ്രഹവും എനിക്ക് വലിയ പ്രചോദനമാണ്.
എങ്ങനെയാണ് നാടകരംഗത്തേക്ക് എത്തുന്നത്?
നാടകം എനിക്കിഷ്ടമില്ലായിരുന്നു. രാത്രി സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അവസരമില്ലായിരുന്നു. ഞങ്ങൾ പന്ത്രണ്ട് പെൺകുട്ടികൾ ചേർന്ന് പൂരത്തിനു നാടകമുണ്ടാകുമ്പോൾ കാണാൻ പോകും. അത്രതന്നെ. പിന്നീട് കോളേജിലെത്തിയപ്പോൾ കാമ്പസ് തിയേറ്ററിൽ എനിക്ക് വലിയ താല്പര്യമുണ്ടായി. പട്ടാമ്പി സംസ്‌കൃത കോളേജിൽ വെച്ച് ഗംഗാധരൻമാഷും (പി. ഗംഗാധരൻ) സാറ ടീച്ചറും ചേർന്ന് "മത്തവിലാസം' എന്ന നാടകം ചെയ്തു. പ്രൊഫഷണൽ നാടകമല്ലാതെ മറ്റൊരുതരം നാടകം ഉണ്ടെന്ന് മനസ്സിലായത് കോളേജിൽ വന്നപ്പോഴാണ്. പിന്നീട് 1984-85 ൽ "മാനുഷി'യുടെ തെരുവുനാടകപ്രവർത്തനങ്ങളിലാണ് ഞാൻ പങ്കാളിയാകുന്നത്.
തുടക്കത്തിൽ ഞാൻ സംഘാടകയുടെ റോളിലായിരുന്നു പ്രവർത്തിച്ചത്. ഞാനന്ന് വിദ്യാർഥി രാഷ്ട്രീയപ്രവർത്തനരംഗത്തുണ്ടായിരുന്നു. സി.പി.ഐ.എം.എൽ ന്റെ വിദ്യാർഥി വേദിയിൽ സജീവമായിരുന്നു. കോളേജിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം, പത്രങ്ങളിൽ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സ്ത്രീധനമരണങ്ങളുടെ വാർത്തകൾ ഇതെല്ലാം ഞങ്ങൾ "മാനുഷി'യിലാണ് ചർച്ച ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ 1986 ൽ പാലക്കാട് ജില്ലയിൽ വാവന്നൂരിൽ വെച്ച് സംസ്ഥാനതലത്തിൽ സ്ത്രീകളുടെ ഒരു ക്യാമ്പ് "മാനുഷി' സംഘടിപ്പിച്ചു. "മാനുഷി' ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടനയായിരുന്നു. കേരളത്തിലെ ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടനകളെയെല്ലാം ക്യാമ്പിലേക്ക് വിളിച്ചിരുന്നു. ആ സമ്മേളനത്തിൽ ധാരാളം ചർച്ചകൾ നടന്നു.
സാംസ്‌ക്കാരികപ്രവർത്തനങ്ങളുടെ സാധ്യതകൾ തിരിച്ചറിഞ്ഞ മാനുഷി,പാട്ടുകളും തെരുവുനാടകവും അവതരിപ്പിച്ചു. സ്ത്രീധനത്തിനെതിരായിരുന്നു നാടകം. ആദ്യം "ഉണർത്തുപാട്ട്' പാടും. പിന്നെ അര മണിക്കൂർ നാടകം. പന്ത്രണ്ട് പേരോളം അഭിനയിക്കാനുണ്ടായിരുന്നു. അന്ന് തൃശൂരിലെ "സമത'യും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വനിതാ വിഭാഗവും രാഷ്ട്രീയപ്രചരണത്തിനായി ഇത്തരം നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. നാടകത്തിന് കലാപരമായ ഘടകം ഉണ്ടായിരിക്കണം എന്ന് "മാനുഷി'ക്ക് നിർബ്ബന്ധമായിരുന്നു. അന്നതൊരു വലിയ ബ്രേക്ക് ആയിരുന്നു. എന്തു വിഷയമായിരിക്കണം ചെയ്യേണ്ടത്, ആരൊക്കെ അഭിനയിക്കണം എന്നതൊക്കെ ചർച്ച ചെയ്ത് തീരുമാനിച്ചു. സാറാ ജോസഫ് ആണ് നാടകം സംവിധാനം ചെയ്തത്.
നാടകം റിഹേഴ്സൽ ചെയ്യുമ്പോൾ നടന്ന പ്രക്രിയകൾ എന്തൊക്കെയായിരുന്നു. എല്ലാവരുടേയും പങ്കാളിത്തത്തോടുകൂടിയ ചർച്ചകൾ നടന്നിരുന്നോ?
സാറ ടീച്ചർ എഴുതിയ സ്‌ക്രിപ്റ്റിൽ നല്ല ചർച്ച നടന്നു. ആണുങ്ങളുടെ റോൾ പെൺകുട്ടികൾ തന്നെയാണ് ചെയ്യുന്നത്. പരമാവധി ശരീരം സ്വതന്ത്രമാക്കി ചെയ്യണം എന്ന ചർച്ച നടന്നു. "ശരീരഭാഷ' എന്നൊന്നും അന്ന് ചർച്ച ചെയ്തിരുന്നില്ല.
ഇതിൽ ശ്രീജയുടെ നാടകാഭിനയം തുടങ്ങുന്നത് എപ്പോഴാണ്?
ഈ നാടകത്തിൽ ആളില്ലാതെ വന്നപ്പോൾ ഞാൻ അഭിനയിച്ചു. വീട്ടിൽ വലിയ വഴക്കായി. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. ഞാൻ വീട്ടിൽ നിന്നിറങ്ങാൻ തയാറായിരുന്നു. പക്ഷേ സംഘടന അത് പ്രോത്സാഹിപ്പിച്ചില്ല. ആളെ മാറ്റി. എനിക്ക് അഭിനയിക്കാൻ പറ്റാതായപ്പോൾ സങ്കടമായിരുന്നു. അഭിനയിക്കാനുള്ള താല്പര്യം എന്റെ ഉളളിൽ കിടന്നു. മാനുഷിയുടെ "സ്ത്രീ' എന്ന നാടകം പത്തോ പന്ത്രണ്ടോ വേദികളിൽ ചെയ്തിട്ടുണ്ട്.
നാടകം കാണാൻ വന്നവരുടെ പ്രതികരണം എന്തായിരുന്നു?
ഞങ്ങളുടെ നാടകം കാണാൻ ആളുകളുടെ തിരക്കായിരുന്നു. പൊലീസ് ഉണ്ടായിരുന്നു. വൃത്തികെട്ട കമന്റുകൾ കേട്ടിട്ടുണ്ട്. ആളുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത തരത്തിലായിരുന്നു സ്ത്രീകൾ നാടകം ചെയ്തത്.
വീട്ടിൽ നിന്നുണ്ടായ എതിർപ്പിനെപ്പറ്റി ശ്രീജ പറഞ്ഞു. ശ്രീജയുടെ കുടുംബാന്തരീക്ഷം പൊതുവേ എങ്ങനെയായിരുന്നു?
കുട്ടിക്കാലം മുതൽ വായിക്കാൻ പറ്റുന്ന ഒരന്തരീക്ഷം എന്റെ വീട്ടിലുണ്ടായിരുന്നു. ചേച്ചി ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കൊണ്ടു വരുമായിരുന്നതുകൊണ്ട് മൂന്നാംക്ലാസ്സു മുതൽ ഞാൻ വായിക്കാൻ തുടങ്ങിയിട്ടുണ്ട്. അച്ഛൻ അധ്യാപകനും നാട്ടിലെ രാഷ്ട്രീയ നേതാവുമാണ് എന്നത് ഒരുപാട് സഹായിച്ചിട്ടുണ്ട്. കുട്ടിക്കാലം ആഘോഷത്തിന്റേതായിരുന്നു. ചെറുപ്പം മുതൽ തന്നെ ഞാൻ സൈക്കിൾ ചവിട്ടുമായിരുന്നു. നീന്താത്ത കുളമില്ല, കയറാത്ത മരമില്ല, കയറാത്ത കുന്നുകളില്ല. അമ്മയുടെ വീട്ടിലും അച്ഛന്റെ വീട്ടിലും ധാരാളം പെൺകുട്ടികളുണ്ടായിരുന്നു. കുറിയേടത്ത് താത്രി ഉണ്ടാക്കിത്തന്ന ഇടമാണിതെന്ന് ഞാൻ വിചാരിക്കുന്നു. കുറിയേടത്ത് താത്രി എന്ന പേര് പറഞ്ഞതുകൊണ്ട് എന്റെ മുത്തശ്ശിക്ക് കുളിക്കേണ്ടി വന്നിട്ടുണ്ട്. മുത്തശ്ശി പറഞ്ഞ് താത്രിയുടെ കഥകൾ ഞാൻ ധാരാളം കേട്ടിട്ടുണ്ട്. "ഓരോരോ കാലത്തിലും' എന്ന നാടകം എഴുതിയതിൽ ഈ പകർന്നുതരലിൽ നിന്നുള്ള പ്രചോദനം ഉണ്ടായിട്ടുണ്ട്.
നാടകപ്രവർത്തനം സ്ത്രീകൾക്ക് നിഷിദ്ധമാകുന്നത് വിവാഹം എന്ന വലിയ കടമ്പയുള്ളതുകൊണ്ടാണെന്ന് പലരുടേയും അനുഭവങ്ങൾ പറയുന്നു. ശ്രീജക്കെന്തു തോന്നുന്നു?
ശരിയാണ്. 1993 ൽ വിവാഹം കഴിഞ്ഞതോടെയാണ് എനിക്ക് നാടകജീവിതം ഉണ്ടാകുന്നത്. രാഷ്ട്രീയരംഗത്ത് വന്നശേഷമാണ് ഗ്രൂപ്പ് വർക്ക് ചെയ്യണം എന്ന തോന്നലും ശക്തമായത്. ആറങ്ങോട്ടുകര നാടകസംഘത്തിന്റെ തുടക്കത്തിൽ ഞാനുണ്ടായിരുന്നില്ല. തുടക്കത്തിൽ എനിക്കാഗ്രഹമുണ്ടായിരുന്നു. 1996 ൽ പൊന്നാനി നാടകവേദിയുടെ "കൂട്ടുകൃഷി'യിൽ ആയിഷയുടെ റോൾ ചെയ്തു. നരിപ്പറ്റ രാജുവാണ് സംവിധാനം ചെയ്തത്. അതെനിക്കൊരു ബ്രേക്ക് ആയിരുന്നു. ആദ്യമായി നാടകം അഭിനയിക്കുമ്പോൾ എനിക്കൊന്നും അറിയാത്തതുകൊണ്ട് ഒന്നും എനിക്ക് സ്വതന്ത്രമായി പറയാനോ ചെയ്യാനോ തോന്നിയില്ല. നാടകം എഴുതാനുളള പ്രചോദനം എനിക്ക് അവിടം മുതൽ ഉണ്ടാവുന്നുണ്ട്. പിന്നീടാണ് നാരായണൻ സംവിധാനം ചെയ്ത "നഗരവധു'വിൽ എന്റെ ഇഷ്ടത്തിനനുസരിച്ചാണ് ഞാൻ അഭിനയിച്ചത്.
ഒരു നമ്പൂതിരി സ്ത്രീ, വിദ്യാസമ്പന്ന, സർക്കാർ ഉദ്യോഗസ്ഥ, പുരോഗമനനാടകപ്രവർത്തനങ്ങൾ നടത്തുന്ന അമേച്വർ നാടകവേദിയിലെ പ്രവർത്തക, ഫെമിനിസ്റ്റ് രഷ്ട്രീയപ്രവർത്തനം നടത്തിയിരുന്ന സ്ത്രീ, ഭർത്താവിനോടൊപ്പമുള്ള നാടകപ്രവർത്തനം തുടങ്ങി മലയാളനാടകവേദിയിൽ ഒരു സ്ത്രീക്ക് ലഭിക്കാവുന്ന പരമാവധി അനുകൂലഘടകങ്ങൾ ശ്രീജക്കുണ്ട്. നാടകത്തിൽ അഭിനയിക്കുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ശ്രീജക്ക് നേരിടേി വന്നിട്ടുണ്ടോ?
ഒരുദാഹരണം പറയാം. നഗരവധു എന്ന നാടകത്തിൽ മുഴുവൻ ആണുങ്ങളാണ്. ഞാൻ മാത്രമേ സ്ത്രീയായിട്ടുള്ളു. സ്‌കൂളിലാണ് ക്യാമ്പ്. രാത്രി ഒരു മണിക്ക് പുറത്തു നിന്ന് ആളുകൾ വന്നപ്പോൾ ഞാൻ മാത്രം കുറേ ആണുങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്നതാണ് അവർ കാണുന്നത്. അവരെന്നെ ഒരു സ്ത്രീ മാത്രമായിട്ടാണ് കാണുക. ബസ് സ്റ്റോപ്പിലും മറ്റും നിൽക്കുമ്പോൾ "ആ നാടകക്കാരിയാണ് ' എന്ന കമൻറ് കേൾക്കും. "കൂട്ടുകൃഷി' കഴിഞ്ഞ് ഞാനും ഒപ്പം അഭിനയിച്ചിരുന്ന ബീനയും കൂടി വരുമ്പോഴാണ് "നടി വന്നെടാ...' എന്ന വിളികൾ കേൾക്കുന്നത്. തീർച്ചയായും നല്ല അർഥത്തിലല്ല ഈ വിളികളൊന്നും.
നാരായണൻ വരുമ്പോൾ ആരും "നടൻ വന്നെടാ' എന്നു പറയുന്നുമില്ല അല്ലേ?
അതെ. ഇത് സ്ത്രീയായിപ്പോയതു കൊണ്ടു മാത്രം നേരിടേണ്ടിവരുന്നതാണ്. എനിക്ക് "നടി' എന്ന മോശം അർഥത്തിലുള്ള ഇത്തരം കമന്റുകൾ കേട്ടപ്പോൾ വല്ലാത്ത ഉൾവലിവ് വന്നു. പണം, ഗ്ലാമർ എന്നതൊന്നും നാടകനടിക്കില്ലല്ലോ. "ഒന്നു വളയ്ക്കാൻ പറ്റും' "ആരുടേയും കൂടെ കിടക്കാൻ പറ്റും' എന്നതൊക്കെയാണ് നാടകനടിയെക്കുറിച്ചുള്ള ആളുകളുടെ വിചാരങ്ങൾ.
നടി, നാടകകൃത്ത് എന്ന രണ്ടു തരം അനുഭവങ്ങൾ തീർച്ചയായും വ്യത്യസ്തമായിരിക്കുമല്ലോ. ഈ വ്യത്യാസം എങ്ങനെയാണ് അനുഭവപ്പെടുന്നത്?
നാടകത്തിൽ ലൈറ്റിംഗ് പോലുള്ള സാങ്കേതിക ജോലികൾ ചെയ്യുന്നവരോ സംഘാടക, സംവിധായിക എന്നീ വിധത്തിൽ ശക്തമായ പ്രാതിനിധ്യമുള്ളവരോ ആയ സ്ത്രീകളില്ല. നാടകത്തിൽ സ്ത്രീകൾക്ക് നടി എന്ന പ്രാതിനിധ്യം മാത്രമാണുള്ളത്. നാടകത്തിൽ നടി എന്ന പ്രതിനിധ്യം ഏറെ പ്രശ്നങ്ങൾ നിറഞ്ഞതുമാണ്. ഗ്രൂപ്പ് വർക്ക് സ്ത്രീകൾക്ക് എളുപ്പമല്ല. ആണുങ്ങൾക്ക് വലിയ സാധ്യതകളുമാണ്. ചായപ്പീടികയിലും ലൈബ്രറികളിലും ക്ലബ്ബുകളിലുമിരുന്ന് സംസാരിക്കുന്നു. കേരളത്തിലെ അമേച്വർ നാടകങ്ങൾ രൂപം കൊള്ളുന്നത് ഇതിനിടയിൽ നിന്നാണ്. അതുകൊണ്ട് അമേച്വർ നാടകങ്ങളിൽ സ്ത്രീകളുണ്ടാവാറുമില്ല. നാടകം ചെയ്യുമ്പോൾ അവസാനത്തെ രണ്ടു ദിവസം ഒന്നോ രണ്ടോ നടികൾ ഉണ്ടാകും. സ്ത്രീകൾ വരുമ്പോൾ വലിയ ജനക്കൂട്ടവുമു ണ്ടാകും. നടിയെ ഈ ആൾക്കൂട്ടം മറ്റൊരു കണ്ണിലൂടെയാണ് നോക്കുന്നത്. അതാണ് വിഷമം.നാടകകൃത്ത് എന്ന നിലയിൽ എനിക്ക് സാമൂഹ്യപദവി ഉണ്ട്. പക്ഷേ നടി എന്ന നിലയിൽ ഇല്ല. നടിമാരെ എത്ര പേർ ഓർക്കും? എഴുതപ്പെട്ട നാടകം നിലനിൽക്കും.
സ്ത്രീകൾക്ക് നാടകവിദ്യാഭ്യാസം ലഭിച്ചാൽ ഈ സ്ഥിതി മെച്ചപ്പെടുമെന്ന് വിചാരിക്കുന്നുണ്ടോ?
സ്ത്രീകൾക്ക് നാടകവിദ്യാഭ്യാസം വേണമെന്ന് തോന്നുന്നുണ്ട്. നല്ല ട്രെയ്നിംഗ് വേണം. എനിക്ക് വ്യക്തിപരമായി, ഗ്രൂപ്പ് പ്രക്രിയയുടെ സാധ്യത ഉളളതുകൊണ്ട് അങ്ങനെ വേണമെന്ന് തോന്നിയിട്ടില്ല. എങ്കിലും ലൈറ്റിംഗിൽ പ്രത്യേക പരിശീലനം വേണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ സ്‌കൂൾ ഓഫ് ഡ്രാമയിലെ അന്തരീക്ഷം മോശമാണ്. സ്ത്രീകൾക്ക് അനുകൂലമല്ല അവിടത്തെ കാര്യങ്ങൾ.
ഇതുവരെ മൂന്നു നാടകങ്ങൾ ശ്രീജ എഴുതി. അതിൽ "ഓരോരോ കാലത്തിലും' "ലേബർ റൂം' എന്നീ രണ്ടു നാടകങ്ങൾ നന്നായി അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു. നാടകകൃത്തായ സ്ത്രീ എന്ന നിലയിൽ എങ്ങനെയാണ് കേരളത്തിന്റെ നാടകലോകം ശ്രീജയെ സമീപിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
രണ്ടു സമീപനമുണ്ട്. നാടകലോകത്തെ ഭൂരിഭാഗം പേരും എന്നെ കാണുന്നത് ഫെമിനിസ്റ്റ് നാടകകൃത്ത് എന്ന നിലക്കാണ്. അവർ എന്നോട് ചെറിയ അകൽച്ചയും കാണിക്കുന്നുണ്ട്. മറ്റൊന്ന് നക്കിക്കൊല്ലുന്ന സമീപനമാണ്. അർഹിക്കുന്നതിലേറെ പ്രാധാന്യം അവരെനിക്ക് നൽകുന്നു. എന്തായാലും ബോധപൂർവ്വമല്ല ഞാൻ ഫെമിനിസ്റ്റ് നാടകങ്ങളെഴുതിയത്. എന്റെ ഉളളിൽ നിന്ന് വന്നതാണത്. സത്യത്തിൽ എന്റെ നാടകങ്ങൾ സ്ത്രൈണമായ നാടകങ്ങൾ, Feminine plays ആണ്. ആർത്തവമുണ്ടാകുമ്പോൾ പാഡ് വെക്കുന്നതിന്റെ പ്രായോഗികത ഒരു പുരുഷനെ എങ്ങനെ മനസ്സിലാക്കും? സ്ത്രീയുടെ വ്യത്യസ്തമായ അനുഭവമാണത്. അതുപോലെ പ്രസവം സ്ത്രീകളുടെ മാത്രം അനുഭവമാണ്. മുലപ്പാൽ കൊടുക്കുന്നതും. "ലേബർ റൂം' നാടകം കണ്ടിട്ട് ഒരു സ്ത്രീ പറഞ്ഞു, "എന്റെ അനുഭവമാണിത്' എന്ന്. അതു പറയുമ്പോൾ ആ സ്ത്രീയുടെ കണ്ണീര് ഞാൻ കണ്ടു. കരച്ചിലടക്കാൻ ശ്രമിച്ച്, ചുണ്ട് കടിച്ച് ചോര വരുന്നുണ്ടായിരുന്നു. പ്രസവം ആഘോഷമാക്കുന്ന ഒരു സ്ത്രീയും പ്രസവം ദുരിതവും പീഡനവുമാകുന്ന ഒരു സ്ത്രീയുമാണ് "ലേബർറൂ'മിലുള്ളത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാടകമാണിത്.
സ്ത്രീനാടകപണിപ്പുരക്കുശേഷം ശ്രീജ എഴുതിയ നാടകങ്ങളും അവതരിപ്പിച്ച നാടകങ്ങളും പ്രധാന വേദികളും ഏതെല്ലാമാണ്?
1998, 99 കാലത്താണ് "ഓരോരോ കാലത്തിലും' അവതരിപ്പിക്കുന്നത്. ബാംഗ്ലൂരിൽ രാംഗായനയുടെ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ കളിച്ചു. കൽക്കത്തയിൽ നടന്ന ഫെസ്റ്റിവലിലും കളിച്ചിട്ടുണ്ട്. സൂര്യ ഫെസ്റ്റിവലിൽ കളിച്ചു. 2003 വരെ അത് അവതരിപ്പിച്ചു. അമ്പത് വേദികളോളം കളിച്ചിട്ട് നിർത്തി. പിന്നീട് 2010 ൽ വീണ്ടും അത് പ്രൊഡ്യൂസ് ചെയ്തു. എം.ജി. യൂണിവേഴ്സിറ്റിയിൽ ഈ നാടകം പഠിക്കാനുണ്ടായിരുന്നു. ആലുവ യു.സി. കോളേജിലെ വിദ്യാർഥികൾക്ക് കാണണമെന്ന ആവശ്യത്തെത്തുടർന്നാണ് വീണ്ടും കളിച്ചത്. "കല്ല്യാണ സാരി' 2001 ൽ നാട്ടിലെ കുടുംബശ്രീയിലെ സ്ത്രീകളും ഞാനും ഒക്കെക്കൂടിയാണ് കളിച്ചത്. അഞ്ചാറ് വേദികളിലേ അത് കളിച്ചിട്ടുള്ളു.
2003 ൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയിൽ ആ നാടകം ചെയ്യുകയുണ്ടായി. കേരളം മുഴുവൻ അത് കളിക്കുകയുണ്ടായി. അവർ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടാണ് ചെയ്തത്. "ലേബർ റൂം' എഴുതുന്നത് 2003 ലാണ്. 2004 ൽ ബോംബെ പൃഥ്വി തിയേറ്ററിൽ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ആണ് അത് ആദ്യം അരങ്ങേറുന്നത്. സംഗീത നാടക അക്കാദമിയുടെ നാഷണൽ ഫെസ്റ്റിവലിലും കളിച്ചിട്ടുണ്ട്. പിന്നീടത് ഇരുപതു വേദികളിൽ കളിച്ചിട്ടുണ്ടാവും. "ലേബർ റൂം' "ഓരോരോ കാലത്തിലും' "കല്ല്യാണസാരി' എന്നീ നാടകങ്ങൾക്ക് ശേഷം "പാഠശാല'യിൽ നിന്ന് സ്ത്രീപക്ഷ നാടകമെന്ന് പറയാവുന്ന നാടകം "കലങ്കാരിയുടെ കഥ' ആണ്. അത് സംഗീത നാടക അക്കാദമിയുടെ വേദികളിൽ കളിച്ചു. പി.ആർ.ഡി ഫെസ്റ്റിവലിലും കളിച്ചു. എം.ജി. യൂണിവേഴ്സിറ്റിയിൽ ഈ നാടകവും പഠിക്കാനുണ്ടായിരുന്നു. കുട്ടികൾക്ക് കാണാൻ ഞങ്ങളുടെ ജൂനിയർ ടീം പിന്നീടത് കളിച്ചു. സ്ത്രീയുടെ സർഗ്ഗാത്മകതയെ മുന്നോട്ടു നയിക്കുകയും പിറകോട്ടു പിടിച്ചു വലിക്കുകയും ചെയ്യുന്ന സാമൂഹ്യമായിട്ടുള്ള അവസ്ഥകൾ - കള്ളൻ, പരേതാത്മാവായിട്ടുള്ള ഭർത്താവ് എന്നീ കഥാപാത്രങ്ങളായിട്ടാണ് അത് അവതരിപ്പിക്കുന്നത്. നാടോടി നാടകരൂപത്തിലാണത്. കള്ളനായിട്ടുള്ള കാമുകൻ ഈ സ്ത്രീയുടെ സർഗ്ഗാത്മകതയെ മുന്നിലേക്കും പരേതാത്മാവായിട്ടുള്ള ഭർത്താവിന്റെ പ്രേതം പിറകിലേക്ക് വലിക്കുകയും ചെയ്യുന്നതായിട്ടാണ് തീം.
പിന്നെ വന്നിട്ടുള്ളത് "ഉർവ്വര സംഗീതം', "ഇടനിലങ്ങൾ' എന്നീ നാടകങ്ങൾ ആണ്. ഇടനിലങ്ങൾ പരിസ്ഥിതി, കൃഷി ഒക്കെയുമായിട്ടാണ് പ്രമേയം. എന്നാൽ ഇതിൽ സ്ത്രീ വളരെ ശക്തമായിട്ടുള്ള കഥാപാത്രമാണ്. കാർഷിക വൃത്തിയെ വിട്ട് കച്ചവടത്തിനായി പോകുന്ന ഭർത്താവിനെ തിരിച്ച് മണ്ണിലേക്കു തന്നെ കൊണ്ടു വരുന്നത് ഈ സ്ത്രീയാണ്. ഇതിലെ സ്ത്രീ ശക്തയും ഭൂമിയുമായിട്ടും പ്രകൃതിയുമായിട്ടും വളരെ അടുത്തു നിൽക്കുന്നു. ഉർവ്വര സംഗീതവും അങ്ങനെ തന്നെയാണ്. പ്രധാന കഥാപാത്രവും നാടകത്തെ മുന്നോട്ടു കൊണ്ടു പോകുന്നതുമൊക്കെ സ്ത്രീകഥാപാത്രങ്ങളാണ്. ഞാനും ദിനേശനും കൂടി എഴുതിയതാണത്. എന്റെ "കാറ്റു കൊണ്ടു വീടു വെയ്ക്കുന്നവർ' എന്നൊരു നാടകമുണ്ട്. അതിന് സ്‌ക്രിപ്റ്റില്ല. ജിബ്രിഷിലാണ് അതിന്റെ അവതരണം. അത് പറഞ്ഞു പറഞ്ഞ്, ചെയ്ത് ചെയ്ത് ഉണ്ടാക്കുകയാണ് ചെയ്തത്. ഒരു നാടോടി സ്ത്രീയാണ് പ്രധാന കഥാപാത്രം. വയറ്റിലും, തൊട്ടിലിലും, കൈ പിടിച്ചും അവരുടെ കൂടെ കുഞ്ഞുങ്ങളുണ്ട്. അത് എനിക്ക് അഭിനയിക്കാൻ, ശാരീരികവും മാനസികവുമായ ഇൻഹിബിഷൻ കളയാൻ ഒരു അഭിനയ വ്യായാമം പോലെ ചെയ്തതാണ്. എന്റെ മകളും 4 വയസ്സു മുതൽ ഈ നാടകത്തിൽ കൂടെയുണ്ടായിരുന്നു അഭിനയിക്കാൻ. ഒരു പരീക്ഷണം പോലെ. ഒരു പാട് വേദികളിൽ കളിച്ചിട്ടുണ്ട്. പിന്നീട് "ഇത്തിരിപ്പൂവേ' എന്നൊരു ലഘുനാടകം ഞാനും എടപ്പാളിലെ ബീനയും കൂടി ചെയ്തിട്ടുണ്ട്. "ഇടനിലങ്ങൾ' ആണ് ഏറ്റവും അധികം കളിച്ചത്. അതിൽ ലൈറ്റ് , സെറ്റ് ഒന്നുമില്ല. എല്ലാ വേദികളിലും അത് കളിക്കാമായിരുന്നു. സംഘാടകർക്ക് വലിയ ചെലവില്ല. 500 വേദികളിൽ കളിച്ചിട്ടുണ്ടാവും. 2012 ലാണ് കാറ്റു കൊണ്ടു വീടുവെയ്ക്കുന്നവർ ചെയ്യുന്നത്. 2014 ൽ കൽക്കത്ത ഫെസ്റ്റിവലിൽ അടക്കം ഏതാണ്ട് 500 വേദികളിൽ കളിച്ചിട്ടുണ്ട്.
"ആറങ്ങോട്ടുകര നാടകസംഘ'ത്തിനെ സ്ത്രീനാടകസംഘം എന്ന് പറയാമോ? ഇല്ലെങ്കിൽ എന്താണ് വ്യത്യാസം? എന്താണ് സാമ്യം?
ശരിക്ക് പറഞ്ഞാൽ ആറങ്ങോട്ടുകര നാടകസംഘം 2005 വരെ അങ്ങനെ നിലനിന്നിട്ടുള്ളു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും ചേർന്ന് "പാഠശാല' എന്ന സംഘം -അതിൽ കൃഷിപാഠശാല, കലാപാഠശാല ആയിട്ടാണ് പ്രവർത്തിച്ചു വരുന്നത്. കലാപാഠശാലയാണ് നാടകങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. "പാഠശാല' ഞാനെഴുതിയതും അല്ലാത്തതുമായ കുറേ നാടകങ്ങൾ ചെയ്തിട്ടുണ്ട്. ഇതിനെ സ്ത്രീനാടകസംഘം എന്നു പറയാൻ പറ്റില്ല. പക്ഷേ ഇതിൽ സ്ത്രീയുടെ രാഷ്ട്രീയം ഉണ്ട്. പരിസ്ഥിതിയുടെ, കൃഷിയുടെ രാഷ്ട്രീയം, ജാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതൊക്കെ വരാറുണ്ട്. ഇത് പുരുഷൻമാരുടെ നിയന്ത്രണത്തിലോ മേധാവിത്വത്തിന്റെ കീഴിലോ നിൽക്കുന്ന ഒരു ഗ്രൂപ്പല്ല. ഇതിൽ വരുന്ന എല്ലാവർക്കും സ്ത്രീയായിക്കോട്ടെ, പുരുഷനായിക്കോട്ടെ, സംവിധായകനായിക്കോട്ടെ, നടനായിക്കോട്ടെ, ലൈറ്റ് ചെയ്യുന്ന ആളായിക്കോട്ടെ, എല്ലാവർക്കും വന്ന് സ്വന്തം ക്രിയേറ്റിവിറ്റി സംഭാവനചെയ്യാൻ ഉള്ള ഒരിടം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാവർക്കും ജനാധിപത്യപരമായി ഇടപെടാനുള്ള ഒരു ഇടം ഇവിടെ ഉണ്ട് എന്നുള്ളതാണ് ഞങ്ങൾ ചെയ്യുന്ന നാടകത്തിനേക്കാൾ അപ്പുറത്തേക്ക് ഓരോ നാടകത്തിലും കാണികൾക്ക് വരെ അഭിപ്രായം പറയുകയും അതിനനുസരിച്ച് ചർച്ചകളും ഒക്കെ നടക്കുന്ന ഒരു തുറന്ന രീതിയാണിതിനുള്ളത്. അതിന്റെ ഗുണവുമുണ്ട്, ദോഷവുമുണ്ട് ഈ സംഘത്തിന്. ഇങ്ങനെ അയഞ്ഞ ഘടനയായതുകൊണ്ട് ധാരാളം സ്ത്രീകൾ വരികയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. പത്തൊമ്പത് - ഇരുപത് വയസ്സുള്ള പെൺകുട്ടികൾ നാടകം ചെയ്യാൻ വരാറുണ്ട്. പിന്നെ ഞങ്ങൾക്ക് കുട്ടികളുടെ സൈക്കിൾ നാടകസംഘം ഉണ്ട്. ചെറിയ ചെറിയ നാടകങ്ങൾ സൈക്കിളിൽ പോയി കുട്ടികൾ കളിക്കും. "മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്' എന്ന സുഗതകുമാരിയുടെ കവിത എന്റെ മകൾ അടക്കം ഞങ്ങളുടെ മൂന്നു പെൺകുട്ടികൾ ചേർന്ന് നാടകമായി അവതരിപ്പിച്ചു. ആസിഫയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ പെൺകുട്ടികളുടെ പ്രതികരണമായിട്ടാണ് അത് ചെയ്തത്. ഇരുപത് വേദികളിലെങ്കിലും അത് കളിച്ചിട്ടുണ്ട്. എല്ലാ നാടകങ്ങളിലും കൃത്യമായി ശ്രദ്ധിക്കുന്ന കാര്യം സ്ത്രീവിരുദ്ധത, ദലിത് വിരുദ്ധത, പരിസ്ഥിതി വിരുദ്ധത ഇതൊന്നും നമ്മുടെ നാടകത്തിൽ ഉണ്ടാവരുത്, സവർണതയെ പ്രൊമോട്ട് ചെയ്യരുത് എന്നതാണ്.
ഈ നാടകസംഘത്തിലെ സ്ത്രീകൾ ആരൊക്കെയാണ്?
ആറങ്ങോട്ടുകര നാടകസംഘത്തിൽ എം.ജി. ശൈലജ, ഗീതാ ജോസഫ്, ബീനമോൾ സി.പി., ബീനാ ചന്ദ്രൻ, ശോഭന എന്നിവർ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കലാപാഠശാലയായപ്പോഴും ഇവരുടെ സഹകരണമുണ്ട്. കൂടാതെ, രജിത, മേബി, സുരഭി, സിന്ധു നാരായൺ, വിദ്യ, അനു, ഗീത പരമേശ്വരൻ, ജലജ, ബിന്ദു, വാസന്തി എന്നിവരും സാവിത്രി, അഷിത, ഫിദ, ദീപ്ന, രവീണ തുടങ്ങിയ പെൺകുട്ടികളും ഈ നാടകസംഘത്തിൽ പങ്കെടുക്കുന്നു.
(കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഉടനെ പ്രസിദ്ധീകരിക്കുന്ന സി. എസ്. ചന്ദ്രികയുടെ "സ്ത്രീനാടകം: മലയാള നാടകവേദിയിലെ സ്ത്രീപ്രതിനിധാനങ്ങൾ' എന്ന ഗവേഷണ പുസ്തകത്തിൽ നിന്ന്)