‘അമ്മേടെയീ ലിംഗമെഴുത്തൊന്നു നിർത്താവോ ...കണ്ടു കണ്ടു മടുത്തു.'
ആൺബോധത്തെക്കുറിച്ചെഴുതാൻ ലഭിച്ച ഡെഡ്‌ലൈനിനുമുന്നിൽ ഉറക്കം തൂങ്ങിയ കണ്ണു കഴുകി തുറന്നിരിക്കുമ്പോൾ, ഉറങ്ങാൻ പോകും മുന്നേ കമ്പ്യൂട്ടർ സ്‌ക്രീനിലേക്ക് എത്തിനോക്കി വായിച്ച പതിനൊന്നു വയസ്സുകാരന്റെ പ്രതികരണമാണിത്.
രണ്ടു മൂന്നു ദിവസമായി മക്കൾ ഉറങ്ങിക്കഴിഞ്ഞും എഴുത്താണ്. ജൻഡർ സംബന്ധമായ എഴുത്തുകളാണ് ഒട്ടുമിക്കതും എന്റേത്. അനിയത്തിയാണ് "ലിംഗം സ്‌പെഷ്യലിസ്റ്റ്' എന്ന സ്റ്റാറ്റസ് എനിക്ക് കുടുംബത്തിനുള്ളിൽ ചാർത്തി തുടങ്ങിയത്. ഇതുകേട്ട മൂത്ത മകൻ, എന്തുവാമ്മേ ഈ ലിംഗമെന്നു നേരിട്ട് ചോദിച്ചു. അത് പിന്നെ മോനേ, ഇതൊന്നു എഴുതി തീരട്ടെ, വിശദമായി പറഞ്ഞു തരാമെന്നു പറഞ്ഞു അവനെ ഒഴിവാക്കി. ഇന്റർനെറ്റിൽ നിന്നും കൂട്ടുകാരിൽ നിന്നും അപക്വമായ ലൈംഗിക അറിവുകൾ ലഭിക്കരുതെന്ന ആഗ്രഹമുള്ളതുകൊണ്ട് ഹ്യൂമൻ ബോഡിയുടെ വർണ ശബളമായ ചിത്രങ്ങളുള്ള പുസ്തകത്തിന്റെ സഹായത്തോടെ ആർത്തവം, പ്രത്യുൽപാദനം, സംഭോഗം ഇവയൊക്കെ ലഘു ക്ലാസ്സുകളായി എടുത്ത് കൃത്യനിർവഹണം നടത്തി എന്ന് അഭിമാനിച്ചിട്ടുണ്ട്...
ലൈംഗിക വിദ്യാഭ്യാസം രണ്ടു ചെറിയ ആൺമക്കൾക്ക് കൊടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. ആൺകുട്ടികളാണെന്ന അറിവുതന്നെ അവരുടെ ജനനസമയത്തു ഞെട്ടിച്ചു.
പിന്നീട് ലവന്റെ ആറു വയസ്സുകാരൻ അനിയൻ ഇതെന്താ ഈ ടോയ് എന്ന് menstrual കപ്പിലേക്കു ചൂണ്ടിയപ്പോൾ മൂത്തവനോട് "നീ പറഞ്ഞു കൊടുക്കവന്, പീരിയഡ്‌സ് എന്താണെന്ന്' ഞാൻ പറഞ്ഞു. ലെവൻ ക്ലാസ്സിൽ ശ്രദ്ധിച്ചോ എന്ന് അറിയാനുള്ള ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. അപ്പോൾ ലവൻ "പീരിയഡ്സോ, അത് എന്താ അമ്മേ?'
അപ്പോ ഞാൻ നിനക്കെടുത്ത ക്ലാസ്സൊക്കെയോ?
"അത് ഭയങ്കര ബോറായിരുന്നു. ഞാൻ മറന്നു പോയി'. (ക്യാപ്റ്റൻ മാർവെലിന്റെയും അയൺ മാനിന്റെയും ഉദാഹരണ സഹിതം വല്ലതും ക്ലാസ്സെടുക്കേണ്ടിയിരുന്നോ!? അവന്റെ മനസ്സും ശരീരവും നിറയെ ലോകത്തെ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കാനുള്ള അവഞ്ചർ കഥകളാണ്). സാരമില്ല, ഇനിയും അടുത്ത ജനറേഷന് വേണ്ടി പറഞ്ഞു കൊടുക്കണമല്ലോ. രണ്ടാളെയും വിളിച്ചിരുത്തി ഹ്യൂമൻ ബോഡി തുറന്നു. "ഹായ്... ഇത് ശൂശൂന്റെ പടമല്ലേ. എന്റെ ശൂശൂ പച്ചമുളകിന്റത്രേം, നിന്റെ വെണ്ടക്കേടെ അത്രേം'.
കുറെ കുഴലുകളും നിറങ്ങളും സൂചനകളുടെ അമ്പുകളും നിറച്ച പ്രത്യുൽപ്പാദനത്തിന്റെ അധ്യായം. കുഞ്ഞിക്കണ്ണുകൾ അവയൊക്കെ കാണുകയാണ്. "അമ്മക്ക് ബേബി വരാത്തപ്പോ ബേബിയുടെ ബ്ലഡിന്റെ ബെഡ് പൊട്ടിപ്പോകും. അത് കളക്റ്റ് ചെയ്യാനാ ഈ കപ്പ്'. "ഓക്കേ ഓക്കേ..' ചെറിയവനും പറഞ്ഞു. "അതെന്താ അമ്മക്ക് ഇനീം ബേബി വരാത്തെ?' "നിങ്ങളെ തന്നെ വളർത്താൻ ഈ ജന്മം പോരാ..ഹഹ'. "പ്ലീസ്, അമ്മ, എല്ലാ മാസോം ബേബിയെ ഇങ്ങനെ കളയല്ലേ അമ്മാ. നമുക്ക് കൊറേ ബേബി വേണം, ഞാൻ നോക്കിക്കോളാം അമ്മാ'. ആർത്തവ ക്ലാസ് ആകെ സെന്റി ആയിപ്പോയി. "അതെ അമ്മാ , ഞങ്ങൾ നോക്കിക്കോളാം' - മൂത്തവനും ഏറ്റുപിടിച്ചു. "രണ്ടാളും പോയി ആദ്യം ഹോംവർക് ചെയ്യൂ, എന്നിട്ടു നമുക്ക് ആലോചിക്കാം അതൊക്കെ'. പിന്നീട് ഓൺലൈൻ ക്ലാസ്സിന്റെ മടുപ്പും അവസാനിക്കാത്ത ടെസ്റ്റ് പേപ്പറും ഹോം വർക്കും ബേബിയുടെ ഓർമ്മയെ പിന്തള്ളിക്കാണണം.
ഭർത്താവിനോട് ഡയമണ്ട് നെക്ലേസും സാരിയും കെഞ്ചുന്ന തിരക്കഥകളാണ് മലയാളികൾ ഇതുവരെ വെള്ളിത്തിരയിലും ടി.വി സ്‌ക്രീനിലും പരിചയിച്ചിട്ടുള്ളത്. ഇതെന്താപ്പാ ഈ പുതിയ സാധനം? അന്വേഷണം പുരോഗമിക്കുകയാണ്.
ലൈംഗിക വിദ്യാഭ്യാസം രണ്ടു ചെറിയ ആൺമക്കൾക്ക് കൊടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. ആൺകുട്ടികളാണെന്ന അറിവുതന്നെ അവരുടെ ജനനസമയത്തു ഞെട്ടിച്ചു. ജൻഡറിനെ കുറിച്ചൊക്കെ എഴുതുന്ന എനിക്ക് തീർച്ചയായും പെൺകുട്ടികളാവുമെന്നു യാതൊരു യാഥാർഥ്യ ബോധവുമില്ലാഞ്ഞ ഉറച്ച വിശ്വാസമായിരുന്നു. അതുകൊണ്ട് നീല, വെള്ള, ചാരനിറം... ഇതുമാത്രം കലർന്ന ആൺകുട്ടികളുടെ ഷോപ്പിംഗ് സെക്ഷനിലേക്കു നോക്കാറേയില്ലായിരുന്നു. എന്തിനു നോക്കണം? എന്തൊരു "പ്രചണ്ഡനമാണ്, പ്രക്ഷോപണമാണ്, ധ്രിക്ഷാടനമാണ്' പിങ്കിൽ കലർന്ന തുണി അലമാരകൾക്ക്! അതുകൊണ്ട് തന്നെ ആൺകുട്ടികളുടെ വരവ് അവരുടെ വളർച്ചയോടൊപ്പം എന്റെയും ഒരുപാടു അധ്യയനങ്ങളുടെ പ്രായോഗിക കാലങ്ങളാണ്.
ഇന്നിപ്പോൾ മാതൃഭൂമി ഡോട്ട് കോമിൽ വായിച്ചു, ഇന്ത്യാ മഹാരാജ്യത്തെ മൊത്തമായി പരിഗണിക്കുമ്പോൾ "ഫോർ പ്ലേ' എന്ന വാക്ക് ഏറ്റവും കൂടുതൽ ഒരാഴ്ചയായി മലയാളികളാണ് ഗൂഗിളിൽ തിരയുന്നതത്രേ. മഹത്തായ ഭാരതീയ അടുക്കളയിലെ നായകന് ഫോർപ്ലേയുടെ അർഥം മനസ്സിലായി കൊനഷ്ടു പ്രതികരണം നടത്തുന്നുണ്ടെങ്കിലും സിനിമ കണ്ട പ്രേക്ഷകർ ഗൂഗിളിലൂടെ തുടർച്ചയായി സംശയ നിവാരണം നടത്തുകയാണ്. (ഹ്യൂമൻ ബോഡിയുടെ ക്ലാസ്സെടുത്തു ലൈംഗിക വിദ്യാഭ്യാസം കൊടുക്കുന്ന ഞാൻ നമ്മുടെ മുതിർന്നവരുടെ ഗൂഗിൾ സെർച്ച് ട്രെന്റിന് മുന്നിൽ നമ്രശിരസ്‌കയായി!).
ഭർത്താവിനോട് ഡയമണ്ട് നെക്ലേസും സാരിയും കെഞ്ചുന്ന തിരക്കഥകളാണ് മലയാളികൾ ഇതുവരെ വെള്ളിത്തിരയിലും ടി.വി സ്‌ക്രീനിലും പരിചയിച്ചിട്ടുള്ളത്. ഇതെന്താപ്പാ ഈ പുതിയ സാധനം? അന്വേഷണം പുരോഗമിക്കുകയാണ്. ഫോർ എന്നാൽ നാല് എന്നും പ്ലേ എന്നാൽ കളി എന്നും അപ്പൊ ദിവസം നാല് കളി വേണമെന്നാ നായിക നായകനോട് ആവശ്യപ്പെടുന്നതെന്നും ട്രോളുകളും ഇറങ്ങി തുടങ്ങി.
ഇതിനിടെ ഫ്രീഡം അറ്റ് മിഡ്നെറ്റ് എന്ന ഷോർട്ട് ഫിലിമിൽ നായിക നായകനോട് സെക്ഷ്വൽ ഫ്രീഡം വേണമെന്ന് ആവശ്യപ്പെടുന്നു, മലമുകളിൽ മഴ പെയ്യുമ്പോൾ കൂടാരത്തിനുള്ളിൽ അപരിചിതനുമായി സംഭോഗം ചെയ്യാൻ അനുവാദം ചോദിക്കുന്നു എന്നുവേണ്ട ആൺബോധം ആകെ മരവിച്ച അവസ്ഥയിലാണ്. ആക്രോശിച്ചും അസഭ്യം പറഞ്ഞും സദാചാരമെന്നു നിശ്ശബ്ദരാക്കിയും, കുലപരമായി അഭിനയിക്കുന്നവരും പ്രതികരിക്കുന്നവരുമായ ആൺബോധക്കാർ പെരുമാറുന്നു. ഈ പറഞ്ഞത് എന്തെന്ന് മനസ്സിലാവാത്തവർ ഫേസ്ബുക്ക് തുറന്നാൽ കാര്യം ഉദാഹരണ സഹിതം പിടികിട്ടും.
വിവാഹം കഴിക്കാൻ ഒട്ടും താൽപര്യമില്ലാതിരുന്ന പുരോഗമനവാദിയായ ഒരു ആൺസുഹൃത്തിന് അർദ്ധരാത്രി ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ട ഒരു അവസ്ഥ വന്നതോടെ ഭാര്യയുടെ ആവശ്യം തോന്നി. കുറച്ചു ദിവസം ഒറ്റയ്ക്ക് കട്ടിലിൽ കിടക്കേണ്ടി വന്നപ്പോൾ "സഹായ'ത്തിനു ഭാര്യ ഉണ്ടായിരുന്നെങ്കിൽ എന്ന് സത്യസന്ധമായി അയാൾ ആഗ്രഹിച്ചുപോയത്രേ.
ആണ് ജോലിക്കു പോകുകയും പെണ്ണ് വീട്ടിലിരുന്നു കുട്ടികളെ നോക്കുകയുമെന്ന സാധാരണ പരിഹാരത്തിന് നേർവിപരീതമായ ഒരു കുടുംബാന്തരീക്ഷത്തെ അതീവ സാധാരണമായി അവതരിപ്പിച്ച് കൊണ്ട് കരിക്ക് ടീം ഫാമിലി പാക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിപ്പോ ഒരു ട്രെൻഡ് ആണോ എന്നുപോലും സംശയിച്ചു പോയേക്കാവുന്ന സത്യസന്ധത നമ്മുടെ കാഴ്ചകളുടെ ശീലത്തിന് വന്നുകൊണ്ടിരിക്കുന്നു. ആണത്തബോധം ആണിലും പെണ്ണിലും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളിലും എത്രത്തോളം രൂഢമായിരിക്കുന്നു എന്നുള്ള ഒരു സ്വത്വാന്വേഷണം കൂടെ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി പ്രേക്ഷകരിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ചേക്കാം.
വിവാഹം കഴിക്കാൻ ഒട്ടും താൽപര്യമില്ലാതിരുന്ന പുരോഗമനവാദിയായ ഒരു ആൺസുഹൃത്തിന് അർദ്ധരാത്രി ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ട ഒരു അവസ്ഥ വന്നതോടെ ഭാര്യയുടെ ആവശ്യം തോന്നി. കുറച്ചു ദിവസം ഒറ്റയ്ക്ക് കട്ടിലിൽ കിടക്കേണ്ടി വന്നപ്പോൾ "സഹായ'ത്തിനു ഭാര്യ ഉണ്ടായിരുന്നെങ്കിൽ എന്ന് സത്യസന്ധമായി അയാൾ ആഗ്രഹിച്ചുപോയത്രേ. ആരോഗ്യം വീണ്ടെടുത്തതോടെ അയാൾ വിവാഹിതനല്ലാതെ തുടരാനും ആഗ്രഹിച്ചു. സ്വന്തം ജീവിതത്തിനു താങ്ങും തണലുമായി, ഭക്ഷണവും, മരുന്നും, സുഖവുമായി കറങ്ങലല്ലാതെ വേറെന്താണ് ഭാര്യക്ക് ചെയ്യാനുള്ളതെന്ന ചോദ്യം കാലാകാലങ്ങളായി സാധാരണമായി തന്നെ കരുതുന്ന ഒന്നാണ്.. എല്ലാരും എല്ലാ വീട്ടിലും ചെയ്യുന്ന (ആവർത്തിക്കുന്ന) കാര്യങ്ങൾ അല്ലെ ഇതൊക്കെ!? ചെയ്തു ചെയ്തു ചെയ്തു ഇതൊക്കെതന്നെയല്ലേ ആണിന്റെയും പെണ്ണിന്റെയും ജീവിതമായി മാറേണ്ടത്?
മനുഷ്യർ ഒന്നിച്ചു ഒരു ജനതയായി താമസിക്കുന്നയിടത്തു ആൺബോധമെന്നും പെൺബോധമെന്നുമുണ്ടോ?
ആൺബോധവും ആണിടങ്ങളും എല്ലാ തരത്തിലും മാറേണ്ടതുണ്ട്. സ്ത്രീകൾക്കുവേണ്ടി രൂപപ്പെടുത്തിയ ആൺനിയമങ്ങളുടെ അതിരുകളിൽ കുരുങ്ങിപ്പോകുന്നത് വലിയൊരു ശതമാനം പുരുഷന്മാരാണെന്ന വസ്തുത അത്ര ദൃശ്യമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കിൽ (2016) പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വിഷാദ രോഗം അനുഭവിക്കുന്നതെങ്കിലും വിഷാദവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും, മദ്യപാനം, പുകവലി, മറ്റു ലഹരി മരുന്നുകൾക്ക് ആസക്തരാകുന്നതും, വൈകാരിക സഹായം തേടാൻ വിമുഖത കാണിക്കുന്നതും പുരുഷന്മാരാണ്.
മദ്യപാനവും ലഹരിയുടെ ഉപയോഗവുമൊക്കെ ജീവിത സമ്മർദങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനാവാത്തതിന്റെ വ്യക്തമായ ഒളിച്ചോട്ടങ്ങളാണ്. അസന്തുലിതമായ ആൺബോധമെന്ന ചുമട്, ജീവിതത്തെ മുഴുവൻ ജയ-പരാജയങ്ങളുടെ സമവാക്യത്തിലൂടെ മാത്രം കാണാൻ ശീലിപ്പിക്കുന്നു. തൊഴിൽ നഷ്ടം, സാമ്പത്തിക നഷ്ടം, ബന്ധങ്ങളിലെ ഏകാന്തത എന്നിങ്ങനെയുള്ള എന്തും ലാഭകരമാക്കാൻ കഴിയാതെ വരുമ്പോൾ സ്വയം പിടിച്ചു നിൽക്കാനാവാത്ത മാനസികാവസ്ഥയിലേക്കു ഈ ആൺബോധനിർമ്മിതി കൊണ്ടെത്തിക്കുന്നു.
ഫെമിനിസം എന്നത് തുല്യതയും നീതിയും ഉറപ്പാക്കുന്ന ചിന്താഗതിയെന്ന വ്യക്തമായ ധാരണയുണ്ടെങ്കിൽ പോലും നിത്യജീവിതത്തെ അലങ്കോലപ്പെടുത്തുന്ന അനവധി തിരഞ്ഞെടുക്കലുകളിൽ നിലപാടുകളെടുക്കാൻ നമ്മൾ നിർബന്ധിതരാകും.
ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ അധ്യാപകനായ റൊണാൾഡ് എഫ്. ലെവന്തിന്റെ വളരെയേറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ് Masculinity Reconstructed (1995). നൂറ്റിയിരുപതോളം പുരുഷന്മാരിൽ നടത്തിയ പഠനങ്ങളിൽ നിന്നും ലെവന്ത് കണ്ടെത്തിയത് ആൺബോധവും ബന്ധപ്പെട്ട മൂല്യങ്ങളും പുരുഷന്മാർക്ക് ആരോഗ്യകരമല്ല എന്നാണ്. മെച്ചപ്പെട്ട മനുഷ്യരാവണമെങ്കിൽ,
ജീവിതം ആസ്വദിക്കണമെങ്കിൽ കാർക്കശ്യത്തിൽ നിന്ന് മാറി സഞ്ചരിക്കേണ്ടതുണ്ട്. സഹാനുഭൂതിയും സമഷ്ടി സ്‌നേഹവും കൂടുതലായി നേടിയെടുക്കുകയും പ്രവൃത്തിയേക്കാൾ വൈകാരികതക്ക് പ്രാധാന്യം കൊടുക്കുകയും വേണം. മാറുന്ന സാമൂഹ്യ ഘടനകളോടും ജോലി സാഹചര്യങ്ങളോടും ബന്ധങ്ങളോടും ആരോഗ്യകരമായി ഇടപെടാൻ ആൺബോധത്തെ ഉടച്ചു വാർക്കേണ്ടതുണ്ട്. ആൺബോധ പ്രതിസന്ധി പുരുഷന്മാരായി നിലനിൽക്കുന്നവർക്ക് മാത്രമുള്ളതല്ല, ആണത്തവ്യവസ്ഥിതിയെ ഏതെങ്കിലും നിലയിൽ അംഗീകരിക്കുന്ന നമുക്കെല്ലാവർക്കുമുള്ളതാണ്. കലഹിക്കാതെ, പൊരുതാതെ ഈ വ്യവസ്ഥിതിയിൽ തുടരാൻ കഴിയുന്നത് അസാധാരണമായ പ്രതികരണമെന്ന് മുൻപ് സൂചിപ്പിച്ച മൂന്നു ദൃശ്യാനുഭവങ്ങളും ഉദാഹരിക്കുന്നു.
ഒരു ഫെമിനിസ്റ്റായി കുടുംബത്തിനുള്ളിൽ ജീവിക്കാൻ കഴിയുമോ?
ഫെമിനിസം എന്നത് തുല്യതയും നീതിയും ഉറപ്പാക്കുന്ന ചിന്താഗതിയെന്ന വ്യക്തമായ ധാരണയുണ്ടെങ്കിൽ പോലും നിത്യജീവിതത്തെ അലങ്കോലപ്പെടുത്തുന്ന അനവധി തിരഞ്ഞെടുക്കലുകളിൽ നിലപാടുകളെടുക്കാൻ നമ്മൾ നിർബന്ധിതരാകും. അത് വേണോ ഇത് വേണോ എന്നുള്ള ഓരോ നിമിഷത്തെയും തെരഞ്ഞെടുപ്പുകളിലും ബോധ-അബോധതീരുമാനങ്ങൾ കണ്ടെത്തി സ്വയം വിശകലനം ചെയ്യുക എന്നത് ശ്രമകരമായ ഏർപ്പാടാണ്. അതിൽ നമ്മൾ ശീലിച്ചു വളർന്ന ലിംഗപദവിയുടെ നൂലാമാലകൾ കൂടി കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ കഴിഞ്ഞുപോയ ജീവിതം മുഴുവനും പശ്ചാത്താപത്തോടെ ഓർത്തെടുക്കേണ്ടി വരും. എന്നാൽ ആശ്വസിക്കാനുള്ള എളുപ്പമാർഗം ഇന്ന് തിരിച്ചറിയുന്ന പുനർചിന്തനങ്ങളെ എങ്ങനെയും ന്യായീകരിക്കുക മാത്രമാണ്.
ഒന്നോർത്താൽ, ആണിനേയും പെണ്ണിനേയും സംബന്ധിക്കുന്ന സർവ്വസാധാരണമായ സ്ഥിരസങ്കൽപങ്ങളെ (ജൻഡർ സ്റ്റീരിയോടൈപ്പ്‌സ്) പിന്തുണച്ചു ജീവിക്കുക എന്നത് ഒരു വ്യക്തിക്ക് കുടുംബത്തിനുള്ളിൽ വലിയ അംഗീകാരം നേടിത്തരുന്ന, മാനസിക സംഘർഷം ലവലേശം ഉണ്ടാക്കാത്ത ഒരു കാര്യമല്ലേ? പൊതുബോധം തന്നെ ആൺബോധമാവുമ്പോൾ അവ "മനസ്സിലാക്കി' പെരുമാറുകയല്ലേ കലഹിക്കുന്നതിനേക്കാൾ നല്ലത്! ഇത്തരം അനവധി വിട്ടുവീഴ്ചകളിൽ കയറിയും ഇറങ്ങിയുമൊക്കെയാണ് ഓരോ പെണ്ണും ആണും തെരഞ്ഞെടുപ്പുകൾ നടത്തുന്നത്.
"അസമയത്തിനു' മുന്നേ വീട്ടിലോ ഹോസ്റ്റലിലോ കയറി സുരക്ഷിതയാവാൻ, കഴുത്തിറക്കം ഒട്ടുമില്ലാഞ്ഞിട്ടു പോലും ആ കുർത്തക്കും മേലെ ദുപ്പട്ടയിട്ടു മുലകളുടെ ഉന്തലിനെ പരത്താൻ, ആർത്തവകാലങ്ങളിൽ കുർബാന കൈക്കൊള്ളാതിരിക്കാൻ, മതചടങ്ങുകളിൽ സ്വയം ഭ്രഷ്ടയാവാൻ, നല്ല വീട്ടമ്മയാവാൻ ചെറുപ്പം മുതൽ ഹോസ്റ്റലിന്റെ "ഇല്ലായ്മകൾ' ശീലിക്കാൻ, അവധി കാലങ്ങളിൽ രാവിലെ എണീറ്റ് വീട് അടിച്ചു വാരി പാചകം പഠിക്കാൻ, പുരുഷന്മാരുള്ളപ്പോൾ വീടിന്റെ മുൻവശത്തേക്കു പോകാതെ ഒതുങ്ങാൻ, കാലൊതുക്കി തോള് താഴ്ത്തി വാ പൊത്തി തല കുമ്പിട്ടു സഞ്ചരിക്കാൻ, പെണ്ണുകാണൽ ചടങ്ങിൽ പൂർണഹൃദയത്തോടെ പങ്കെടുക്കാൻ, മഞ്ഞ ലോഹത്തിന്റെ തിളക്കത്തിൽ കാഴ്ചവസ്തുവാകാൻ, ഭർത്താവായ അപരിചിതന്റെ മുൻപിൽ വിവസ്ത്രയാവാൻ, പ്രസവം -ശിശുപരിപാലനം -ഔദ്യോഗിക ജീവിതം (അങ്ങനൊന്നുണ്ടെങ്കിൽ) ഇവയിലൂടെ സൂപ്പർ വുമൺ ആവാൻ ശ്രമിക്കാൻ, അടുത്തും അകന്നുമുള്ള എല്ലാ ബന്ധുക്കളുടെയും നാട്ടുകാരുടെയും മാത്രം ഇഷ്ടം നോക്കി ജീവിക്കാൻ - ശീലിച്ചു കഴിഞ്ഞാൽ മയക്കത്തിലെന്ന പോലുള്ള ഒരു തരം നല്ല സുഖമാണ്! അച്ചുകൂടിനുള്ളിൽ മുൻ നിശ്ചയിച്ച അക്ഷരങ്ങളെ പോലെ സ്ഥാനം മാറാതെ അവിടെ അങ്ങനെ കൂടാം. കുടുംബവും കുലമഹിമയും ആവോളം കാത്തുസൂക്ഷിച്ചു പൈതൃകബിംബമാവാം.
പ്രവാസികളായ ആണും പെണ്ണും അതിരുകൾ വരക്കാതെ കുടുംബത്തിലെ ജോലികൾ പങ്കിട്ടു ചെയ്യുമ്പോൾ, ആൺബോധത്തിനുപരി ഔചിത്യ ബോധത്തിൽ പ്രവർത്തിക്കുന്നത് സൂപ്പർ ഓർഡിനേറ്റ് ക്ലാസിഫിക്കേഷൻ തന്നെയാണ്.
തോന്നും പോലെ ജീവിക്കാൻ അനുവദിക്കുകയും അതേസമയം ഒരു കുടുംബത്തിന്റെ "ഭാരം' മുഴുവൻ പിച്ച വെക്കും മുന്നേ പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന ആണുങ്ങൾ മറുവശത്തുണ്ട്. സമ്പത്തു കൈകാര്യം ചെയ്യാനും, ഭരിക്കാനും, അനുസരിപ്പിക്കാനും, ഒച്ച വെക്കാനും, ഉപദ്രവിക്കാനും, എല്ലാ വാഗ്വാദങ്ങളിലും ജയിക്കാനും, സ്വന്തം വൈകാരിക പ്രശ്‌നങ്ങൾ പങ്കുവെക്കാതെ ഉള്ളിലൊതുക്കി ലഹരിയിൽ മുഴുകുന്നത് സാധാരണമാക്കാനും പൊതുബോധം മുൻകൂട്ടി ഉറപ്പിച്ചവരാണവർ. അവർക്കു സ്വന്തം ഭക്ഷണം പാചകം ചെയ്യേണ്ട, വസ്ത്രം അലക്കേണ്ട, മക്കളെ പരിപാലിക്കേണ്ട, വീടും പരിസരവും വൃത്തിയാക്കേണ്ട. മറ്റു ജീവികളിൽ നിന്ന് വിഭിന്നമായി മനുഷ്യരായ ആൺവർഗത്തിനു സ്വന്തം അതിജീവനത്തിനു വേണ്ടതൊക്കെ പെൺവർഗത്തിൽ നിന്ന് ചെയ്തു കിട്ടുകയാണ്.
പത്രം വായിച്ചും വാർത്താ- ചാനലുകൾ നോക്കിയും, ഭാര്യയേയും മക്കളേയും ഭരിച്ച് വീടിനകം ബോറടിക്കുമ്പോൾ പുറത്തു പോയി കൂട്ടുകാർക്കൊപ്പം കവലകളിലും കള്ളുഷാപ്പുകളിലും രാത്രി വൈകിയും സഞ്ചരിക്കാനാവും. ഈ ചട്ടക്കൂടിൽ സംഭവിക്കാവുന്ന ഏതു തരത്തിലുള്ള പരാജയങ്ങളും പുരുഷത്വത്തിനു തന്നെ വെല്ലുവിളിയായി നിസ്സാരമായി കരുതുകയും ചെയ്യും. പുരുഷനെന്ന ഈ ഭാരിച്ച പ്രതിഷ്ഠ (ആണത്തം) പലപ്പോഴും പെരുപ്പിച്ച് ഹൈപ്പർ ആണത്തമായി സിനിമകളിലും മെഗാസീരിയലുകളിലും പരസ്യങ്ങളിലും പാട്ടുകളിലും കഥകളിലും മുഴച്ചു നിൽക്കുന്നു. ആവർത്തനങ്ങളിലൂടെ നമ്മളുടെ അബോധങ്ങളിലേക്ക് ആണത്ത പ്രത്യയ ശീലം വേരുറച്ചു നിൽക്കുന്നു.
തികച്ചും സ്വാഭാവികമെന്ന നിലയ്ക്ക്, ഇടയ്ക്ക് വീണു കിട്ടുന്നതുപോലെ, കാണാവുന്ന പല കുടുംബങ്ങളും ഈ ഘടനയിലുമുണ്ട്. അത്തരത്തിലൊന്നിനെ ഫാമിലി പാക്കിൽ കാണാം. സ്വന്തം വരുമാനമില്ലാത്ത, സ്ഥിരമായി ഭക്ഷണമുണ്ടാക്കുന്ന, പരസ്യമായി കരയുക "പോലും' ചെയ്യുന്ന ഒരു അച്ഛൻ. പുറത്തു പോയി ജോലി ചെയ്തു കുടുംബം പുലർത്തുന്ന അമ്മ. ലിംഗപദവിയുടെ വ്യത്യാസത്തിന് മുകളിൽ തൊഴിലില്ലായ്മയും പ്രായവും പുരുഷ സൗന്ദര്യവും വിവാഹാലോചനയും, സാന്ദർഭികമായി ഉണ്ടായി വരുന്ന ഔചിത്യങ്ങളും വളരെ ഉയർന്ന ഒരു വർഗീകരണം (സൂപ്പർ ഓർഡിനേറ്റ് ക്ലാസ്സിഫിക്കേഷൻ) സൃഷ്ടിക്കുന്നു. കുടുംബത്തിനുള്ളിൽ ആണും പെണ്ണും എന്ത് ചെയ്യുന്നു എന്ന ആൺശാസനത്തേക്കാൾ പ്രധാനം മാനുഷിക ബോധമാണെന്നും സ്‌നേഹത്തിലും സഹകരണത്തിലുമുള്ള പങ്കിടീൽ ലിംഗപദവിയെന്ന താഴത്തെ തട്ടിലെ മത്സര ബോധം ദുർബ്ബലമാക്കുന്നുവെന്നും അവർ കാണിച്ചു തരുന്നു.
മുസാഫിർ ഷെരിഫ് എന്ന സാമൂഹ്യ ശാസ്ത്രജ്ഞനും സംഘവും (1954) റോബ്ബേഴ്സ് കേവ് എന്ന പരീക്ഷണത്തിലൂടെ, വ്യത്യസ്തങ്ങളായ സാമൂഹ്യ പശ്ചാത്തലങ്ങളിലുള്ള വിഭാഗങ്ങൾക്കിടയിലുള്ള സംഘട്ടനം ഒഴിവാക്കി പരസ്പര പൊരുത്തപ്പെടൽ സാധ്യമാക്കാൻ കണ്ടെത്തിയ ഫലപ്രദമായ അനുരഞ്ജനമാർഗമായിരുന്നു സൂപ്പർ ഓർഡിനേറ്റ് ക്ലാസിഫിക്കേഷൻ. തൽക്ഷണം സംഭവിക്കുന്ന എന്തു പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാൻ ലിംഗവ്യത്യാസങ്ങൾക്കുപരിയുള്ള ഒരുമയും ചേർച്ചയും വേണ്ടി വരുമ്പോൾ മനുഷ്യർ അടിസ്ഥാനപരമായ മാനുഷിക ബോധത്തിൽ ചിന്തിക്കുകയും ലിംഗപദവിയുടെ വൈജാത്യങ്ങളെ വകവയ്ക്കാതിരിക്കുകയും ചെയ്യുന്നു. പ്രവാസികളായ ആണും പെണ്ണും അതിരുകൾ വരക്കാതെ കുടുംബത്തിലെ ജോലികൾ പങ്കിട്ടു ചെയ്യുമ്പോൾ, ആൺബോധത്തിനുപരി ഔചിത്യ ബോധത്തിൽ പ്രവർത്തിക്കുന്നത് സൂപ്പർ ഓർഡിനേറ്റ് ക്ലാസിഫിക്കേഷൻ തന്നെയാണ്. അങ്ങനെ നോക്കിയാൽ, ബന്ധങ്ങളിലെ സ്വാർത്ഥപരമായ ധാരാളിത്തവും സുഖഭോഗ ചിന്തയും കൂടെ ആൺബോധത്തിൽ നിന്നുളവാകുന്നുവെന്നു പറയേണ്ടി വരും.
ഫെമിനിസ്റ്റ് പാരന്റിങ് എങ്ങനെ?
ഇന്നത്തെ ലിംഗ എഴുത്ത് അവസാനിപ്പിക്കുമ്പോൾ ചില ഫെമിനിസ്റ്റ് പ്രതിസന്ധികൾക്ക് നമ്മൾ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഔദ്യോഗിക കത്തുകളിൽ സർ/ മാഡം എന്നോ അതോ മാഡം/ സർ എന്നോ; ഹായ് ഗൈസ് എന്ന് പറഞ്ഞാൽ ഞാൻ ഉദ്ദേശിക്കുന്നത് സുഹൃത്തുക്കളേ എന്നല്ലേ; ലേഡീസ് ആൻഡ് ജന്റിൽമെൻ ആൻഡ് ട്രാൻസ്ജൻഡർ ആൻഡ് സെക്ഷ്വൽ മൈനോറിറ്റീസ് എന്നതാണോ പൊളിറ്റിക്കലി കറക്റ്റ്; ചേട്ടനു പാകമല്ലാത്ത വസ്ത്രം
അനിയത്തി ഇട്ടോട്ടെ, ചേച്ചിയുടെ ചെറിയ ഉടുപ്പുകൾ അനിയൻ ഉപയോഗിക്കാമോ; ഐ ആം സെക്‌സി എന്ന് രണ്ടു വയസ്സുള്ള മോളുടെ പാന്റീസിൽ പാന്റീസ് കമ്പനി എഴുതാൻ പാടുണ്ടോ; നീലയും പിങ്കും അല്ലാതെയുള്ള, തോക്കും പാവയും ഒഴിവാക്കിയുള്ള എന്ത് സമ്മാനമാണ് പിറന്നാളിന് കൊടുക്കാനാവുക; രാത്രിയിൽ യാത്ര ചെയ്യണമെന്നുണ്ടെങ്കിലും വെറുതെ പണി കിട്ടേണ്ട കാര്യമുണ്ടോ?; സ്വന്തം കുട്ടികളെ വളർത്തി ബലാൽസംഗത്തിന് ഇരകളാക്കണോ, കുറ്റവാളികളാക്കണോ; സ്ത്രീധനം കൊടുക്കണോ വാങ്ങണോ; ഗാർഹിക പീഡനം നടത്തണോ അനുഭവിക്കണോ; പട്ടിക നീണ്ടു പോകുമ്പോൾ അവരവരുടെ സാംസ്‌കാരിക വളർച്ചക്കും മനോവികാസത്തിനും അനുയോജ്യമായ പൊതുബോധം തെരഞ്ഞെടുക്കാൻ മാത്രം സ്വാതന്ത്ര്യം നമ്മുടെ വ്യവസ്ഥിതിക്കുണ്ടെന്നു സ്വയം തിരിച്ചറിയേണ്ടതുണ്ട്.
ഇനിയിപ്പോ എന്താ ചെയ്യുക? ജൻഡറിന്റെ കണ്ടു ശീലിച്ച ട്രെൻഡ് മാറുകയാണ്, മാറിയാലും ഇത്രയുമേ സംഭവിക്കാനുള്ളൂ എന്ന് കാണുകയാണ്.
പൊതുബോധത്തോടെ, സാമാന്യ ബോധത്തോടെ ആൺബോധങ്ങൾ നോ നോ പറയുന്നിടത്തു യെസ് യെസ് പറഞ്ഞു ശീലിക്കുക, യെസ് യെസ് എന്ന് തല കുമ്പിടുന്നിടത്തു നോ നോ ശ്രമിക്കുക. ആവർത്തിച്ചാവർത്തിച്ച് ഇതെങ്ങാനും അടുത്ത കുലസ്ത്രീ /കുലപുരുഷ ട്രെൻഡ് ആയാലോ!? ▮