ഉമ അഭിലാഷ്
ഒരു മനോരോഗ ആശുപത്രിയിൽ ചെന്നൊടുങ്ങുമായിരുന്നു എന്റെ ജീവിതം. ഈ മാറ്റം ഒരുപക്ഷേ ഈ കുറിപ്പ് വായിച്ചുതീർക്കുംപോലെ അത്ര എളുപ്പമായിരുന്നില്ല. ഡിപ്രഷൻ എന്നു പറഞ്ഞാൽ വട്ടാണെന്നു കരുതിയിരുന്ന ഒരു വലിയ കൂട്ടം ചുറ്റിലുമുണ്ടായിരുന്നു. അവരുടെയൊക്കെ കളിയാക്കലുകളിൽ അപമാനങ്ങളിൽ പലവട്ടം വീണുപോയിട്ടുണ്ട്. അപ്പോഴൊക്കെ കൂടെനിന്ന ഒരുപാടുപേരുണ്ട്. ഒരു പ്രസ്ഥാനത്തെ മഹത്താക്കുന്നത് അതിൽ പ്രവർത്തിക്കുന്ന ആളുകളാണെന്ന് ഞാൻ വിശ്വസിക്കുന്നു
കുടുംബശ്രീയിൽ എത്തിപ്പെടുന്നതുവരെ ജീവിതം മറ്റൊന്നായിരുന്നു. 2007ൽ റിസോഴ്‌സ് പേഴ്‌സൺ ഇന്റർവ്യൂവിന് ചെല്ലുന്നത് കുടുംബശ്രീയെക്കുറിച്ചുള്ള വിവരങ്ങൾ കാണാപ്പാഠം പഠിച്ചാണ്. പക്ഷേ പേടിച്ചതുപോലെയുള്ള ഇന്റർവ്യൂ അല്ലായിരുന്നു അത്. തികച്ചും വ്യത്യസ്തമായ ഒരനുഭവം. സാമൂഹിക ശാക്തീകരണത്തെക്കുറിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. എന്തൊക്കെയാണ് ഞാനന്ന് പറഞ്ഞതെന്ന് ഓർമയില്ല. പക്ഷെ നാൽപതുപേരോളം പങ്കെടുത്ത ആ ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാൾ ഞാനായിരുന്നു.
പാറിനടന്ന ജീവിതം ഒരു മുറിയിലേക്ക്
സ്ഥിരമായ ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് നടന്നെത്തുന്ന സമയത്താണ് കുടുംബശ്രീ എന്നെ താങ്ങിയതും തിരികെ ജീവിതത്തിലേക്കെത്തിച്ചതും. 2006ലായിരുന്നു എന്റെ വിവാഹം. അതുവരെയുണ്ടായിരുന്ന കടം വീട്ടാനും വിവാഹച്ചെലവുകൾക്കും ജനിച്ചുവളർന്ന വീട് വിൽക്കേണ്ടിവന്നു. വിവാഹമാണ് ഒരു പെൺകുട്ടിക്ക് എത്തിപ്പെടാനുള്ള സുരക്ഷിതതീരം എന്നു വിശ്വസിച്ചിരുന്ന കാലമായിരുന്നു, അതുകൊണ്ടുതന്നെ വീട് വിറ്റതിനെ എതിർത്തതുമില്ല. മഹാരാജാസ് പോലെയൊരു കോളേജിന്റെ നേതൃനിരയിൽ ആയിരുന്ന, അതിനുമുൻപ് സ്‌കൂൾ അത്‌ലറ്റിക്‌സിൽ സംസ്ഥാനതലത്തിൽ സമ്മാനം വാങ്ങിയിട്ടുള്ള, വിവാഹത്തിന്റെ തലേദിവസം വരെ വീട്ടിലും നാട്ടിലും ഓടിനടന്ന എനിക്ക് ഭർത്താവിന്റെ വീട് നൽകിയത് തികച്ചും അപരിചിതമായ അന്തരീക്ഷമായിരുന്നു.
പതിയെപ്പതിയെ വിശാലമായ ആകാശത്തിനുകീഴിൽനിന്ന് ജീവിതം ഒരു മുറിയിലേക്ക് ചുരുങ്ങി. ആ വർഷം ആദ്യത്തെ കുഞ്ഞുണ്ടായി. അവൻ വന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. ഇരുട്ടിനെ, ഉറക്കെയുള്ള സംസാരങ്ങളെ ഒക്കെ പേടി. എന്തിനും ഏതിനും കരച്ചിൽ വരുന്ന അവസ്ഥ. വിഷാദരോഗത്തിലേക്ക് വീണുകൊണ്ടിരിക്കയാണ് എന്ന് മനസ്സിലായി. കുട്ടിക്കാലം മുതൽ പരിചയമുണ്ടായിരുന്ന ഒരു ഡോക്ടറാണ് ഒടുവിൽ അഭിയോട് ‘ഒരു ജോലിക്ക് വിടൂ, ഈ അന്തരീക്ഷത്തിൽനിന്ന് ഒന്നു മാറിനിൽക്കട്ടെ' എന്ന് നിർദ്ദേശിച്ചത്.
അങ്ങനെ ഒരു പത്രത്തിൽ ജോലി നോക്കുന്ന സമയത്താണ് സാമൂഹ്യപ്രവർത്തകനായ പീറ്റർചേട്ടൻ കുടുംബശ്രീയിൽ റിസോഴ്‌സ്‌പേഴ്‌സണെ ആവശ്യമുണ്ടെന്നു അഭിയോട് പറയുന്നതും ഇന്റർവ്യൂവിന് പോകുന്നതും.
മുൻപും പല സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുള്ള എനിക്ക് കുടുംബശ്രീ പുതുമയായിരുന്നു. പരസ്പരം മത്സരിക്കുന്ന സഹപ്രവർത്തകരല്ല, ചേച്ചിമാരെപ്പോലെ കൂടെ നിൽക്കുന്നവർ. അച്ഛനെപ്പോലെ കരുതലോടെ ഞങ്ങളെ സ്‌നേഹിക്കുന്ന മിഷൻ കോ-ഓർഡിനേറ്റർ കെ കെ രവി. ആ സമയത്താണ് പുതിയ ഗ്രൂപ്പ് രൂപീകരണത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ കുറച്ചുപേർ ചേർന്ന് ഒരു ഗ്രൂപ്പിന് രൂപം നൽകി. ‘Awake' എന്നായിരുന്നു അതിന്റെ പേര്. അന്ന് ആ ഗ്രൂപ്പിൽ എന്നെ ചേർക്കാൻ അവർ മനസ്സു കാണിച്ചില്ലായിരുന്നെങ്കിൽ ഇന്നത്തെ ഉമയിലേക്കുള്ള യാത്ര ഇത്ര എളുപ്പമാകില്ലായിരുന്നു.
അങ്ങനെ കേരളത്തിലെ കുറച്ചധികം ജില്ലകളിൽ പരിശീലനം നൽകാൻ യാത്ര ചെയ്യാൻതുടങ്ങി. എത്ര ദൂരമാണെങ്കിലും ബസിലേ പോകൂ, ട്രെയിൻ പേടിയാണ്, പ്ലാറ്റ്‌ഫോം എന്താണെന്നുപോലും അന്നറിയില്ല. എല്ലാ ജില്ലകളിലും പോകും, ക്ലാസ് എടുക്കാൻപോയ സ്ഥലങ്ങളിലെ പ്രധാന കാഴ്ചകളൊക്കെ കണ്ടിട്ട് വന്നാൽ മതിയായിരുന്നു എന്നിപ്പോൾ നഷ്ടബോധം തോന്നുന്നു. പരീശീലനങ്ങളിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകളാണ് പൊതുവെയുള്ള കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് മാറ്റി ചിന്തിക്കാൻ ഇടയാക്കിയത്.
ഞാൻ പരിശീലനം നൽകിയിരുന്നത് മറ്റുള്ളവർക്കായിരുന്നു എങ്കിലും മാറിയത് ഉമ എന്ന ഞാൻ കൂടെ ആയിരുന്നു. മെല്ലെമെല്ലെ കെട്ടിക്കിടന്ന വിഷാദത്തിന്റെ മേഘങ്ങൾ കാറ്റടിച്ചെന്നോണം ഒഴിഞ്ഞുപോയിത്തുടങ്ങി. കഴിക്കുന്ന മരുന്നുകളുടെ അളവ് കുറഞ്ഞു. പഠനകാലത്ത് ഒരിക്കലും വിട്ടുപിരിഞ്ഞിട്ടില്ലാത്ത ചിരി തിരികെവന്നു. പകൽ മോനെ അമ്മയെ ഏൽപ്പിച്ചിട്ട് പോകേണ്ടതുകൊണ്ട് ഞാൻ അച്ഛനുമമ്മയും താമസിക്കുന്ന വാടകവീട്ടിൽ നിന്ന് ജോലിക്ക് പോകാൻ തുടങ്ങി. 2012-ൽ മകൾ ജനിച്ചു. അവൾക്ക് ആറു മാസം പ്രായമുള്ളപ്പോൾ മുതൽ വീണ്ടും അടുത്തുള്ള പഞ്ചായത്തിൽ ട്രെയിനിങ് കൊടുക്കാൻ പോയിത്തുടങ്ങി.
ജെൻഡർ; ഒരു പുതിയ വാക്ക്
അക്കാലത്താണ് ജെൻഡർ എന്നൊരു വാക്ക് ശ്രദ്ധിച്ചുതുടങ്ങിയത്. കുടുംബശ്രീയുടെ പുതിയ പഠനപദ്ധതി. അതിന് സംസ്ഥാനതലത്തിൽ നടന്നൊരു പരിശീലനത്തിൽ ഞാനും പങ്കെടുത്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ജഗജീവൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാരദ മുരളീധരൻ എന്നിവരെ മുൻപ് കണ്ടിട്ടുണ്ടെങ്കിലും അവരുടെ വാക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് അപ്പോൾ മുതലാണ്. അവരുടെ ക്ലാസ്സുകളിൽ നിന്നാണ് സ്വർണവും വസ്ത്രവും ആണ് വ്യക്തിത്വം നിശ്ചയിക്കുന്നതെന്നൊക്കെയുള്ള എന്റെ തോന്നലുകൾ മാറിയത്. അവരെപ്പോഴും സംസാരിച്ചിരുന്നത് അവരുടെ തന്നെ അനുഭവങ്ങളാണ്.
ഈ ക്ലാസുകളിൽ വെച്ചാണ് കേരളത്തിന് പുറത്തേക്കുള്ള യാത്രകളെക്കുറിച്ചും മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അറിയുന്നത്. ക്ലാസ്സിൽ അവർ മേഘാലയയെക്കുറിച്ച് പറയുമ്പോൾ അവിടെ പോകാൻ ആഗ്രഹം വന്നുമൂടും. ക്ലാസ് കഴിയുമ്പോൾ ഓടി ജഗജീവൻ സാറിന്റെ അടുത്ത് പോകും. ഞങ്ങൾക്കും വെളിയിൽ പോകണമെന്ന് പറയും. അദ്ദേഹം ഹിന്ദി വേഗം പഠിക്കാൻ പറയും. അദ്ദേഹവും കുടുംബശ്രീയിലെ എറണാകുളം മിഷൻ കോ-ഓർഡിനേറ്റർ കെ.കെ. രവിയും എന്തുപറഞ്ഞാലും അത് ഞങ്ങൾ വിശ്വസിക്കുമായിരുന്നു. കാരണം അപ്പോഴേക്കും ജീവിതം ഇവരിലൊക്കെയായി മാറിയിരുന്നു. ഹിന്ദി പഠിക്കുന്നതും പുറത്തൊക്കെ പോകുന്നതും ഇടക്കിടെ ആലോചിക്കാൻ തുടങ്ങി. പക്ഷെ അപ്പോഴും അതൊക്കെ നടക്കുന്ന കാര്യമാണെന്ന് തോന്നിയിട്ടില്ല.
2012-ലാണ് NRO യെക്കുറിച്ച് അറിയുന്നത്. അഭി നിർബന്ധിച്ച് എന്നെക്കൊണ്ട് അപേക്ഷ സമർപ്പിപ്പിച്ചു. അങ്ങനെ 2013-ൽ NRO യുടെ ആദ്യ പ്രോജക്ട് സ്ഥലമായ ബീഹാറിലേക്ക് മെന്റർ ആയി തെരഞ്ഞെടുക്കപ്പെട്ട ആറുപേരിൽ ഒരാളായി ഞാനും. നിലവിൽ ആറോളം സംസ്ഥാനങ്ങളിൽ പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്തിട്ടുണ്ട്. ബീഹാറിൽ സംരംഭക വികസനത്തിന് വേണ്ടിയുള്ള കൺസൾട്ടന്റ് ഗ്രൂപ്പിനെ പിന്തുണക്കുകയാണിപ്പോൾ.
ഇക്കാലംകൊണ്ട് നിരവധി സ്ത്രീകളെ, അവരുടെ സാഹചര്യങ്ങളെ പരിചയപ്പെട്ടിട്ടുണ്ട്. ചെറിയ മാറ്റങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നുതന്നെയാണ് വിശ്വാസം.
ആദ്യകാലത്ത് ഇന്ത്യൻ ഗ്രാമങ്ങളുടെ വികസനം എന്നു പറയുന്നത് തമാശയായിട്ടാണ് എനിക്ക് തോന്നിയിരുന്നത്. കാരണം കേരളത്തിൽ ജനിച്ചുവളർന്ന, മറ്റു സംസ്ഥാനങ്ങളുമായി ബന്ധമില്ലാത്ത ഒരാൾക്ക് ഇന്ത്യ മുഴുവനുമുള്ള ആളുകൾ നമ്മെപ്പോലെ തന്നെയാണെന്ന് കരുതാനല്ലേ ന്യായമുള്ളൂ! കുറച്ചു സംസ്ഥാനങ്ങളിൽ യാത്ര ചെയ്തപ്പോൾ തന്നെ ഇന്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് നല്ല ബോധ്യം കിട്ടി. അവർക്ക് മുഖമോ പേരോ ആവശ്യമില്ല എന്നു തോന്നി.
ഗ്രാമങ്ങളെന്നും നഗരങ്ങളെന്നും വേർതിരിവില്ലാതെ, സംസ്ഥാനങ്ങളുടെ വ്യത്യാസങ്ങളില്ലാതെ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത് നരകതുല്യമായ യാതനകളാണ്. ഏറ്റവും സങ്കടമുള്ളത് തങ്ങളുടെ അവസ്ഥയെക്കുറിച്ച് അവർക്ക് യാതൊരു ധാരണയും ഇല്ല എന്നതാണ്. തങ്ങൾ ഇങ്ങനെയൊക്കെമാത്രം ജീവിക്കേണ്ടവരാണ് എന്ന അവരുടെ തോന്നലിൽനിന്നും മറ്റു മനുഷ്യർക്കുള്ള എല്ലാ അവകാശങ്ങളോടെയും ജീവിക്കാൻ അർഹതയുള്ളവരാണ് തങ്ങൾ എന്ന് തിരുത്തി ചിന്തിപ്പിക്കുക എന്നതാണ് ജോലിസംബന്ധമായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾ ആചാരങ്ങളുടെ, ദാരിദ്ര്യത്തിന്റെ, വിശ്വാസങ്ങളുടെ പേരിൽ നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ഭർത്താവിന്റെ ദീർഘായുസ്സിനായി പാഴാകുന്ന ജന്മങ്ങൾ
ഓർമ്മയിൽ നിൽക്കുന്ന ചിലത് പറയാം. ബീഹാറിൽ അയൽക്കൂട്ടങ്ങൾ സന്ദർശിക്കുകയാണ്. അവിടെ കൂടിയ സ്ത്രീകൾക്ക് എന്റെ ജോലിയെക്കാൾ കൂടുതലായി അറിയേണ്ടിയിരുന്നത് ഞാൻ തനിയെ അത്രദൂരം യാത്ര ചെയ്തതിനെക്കുറിച്ചും എന്തുകൊണ്ടാണ് ഞാൻ വളയും സിന്ദൂരവും ധരിക്കാത്തത് എന്നും ഒക്കെയായിരുന്നു.
ആഴ്ചയിൽ നാലു ദിവസം ഭർത്താവിന്റെ സൗഖ്യത്തിന് കഠിനവ്രതം നോൽക്കുന്ന, ഭർത്താവിന്റെ ദീർഘായുസ്സ് എന്ന ഒരേയൊരു ലക്ഷ്യത്തിനായി വളയും സിന്ദൂരവും സദാ ധരിക്കുന്ന, വീട്ടിനുള്ളിൽ നിന്ന് തല വെളിയിൽ കാണിക്കാത്ത ആ സ്ത്രീകൾക്ക് നമ്മുടെ പ്രവർത്തനങ്ങൾ അത്ഭുതമാവാതെ തരമില്ലല്ലോ. ട്രെയിനിലെ യാത്രാ സൗകര്യങ്ങളെക്കുറിച്ച്, ട്രെയിനിൽ ചായ കിട്ടുമോ എന്ന്, അതിനകത്ത് ബാത്‌റൂം സൗകര്യമുണ്ടോ എന്ന്, ഞാൻ പറയുന്നതൊന്നും വിശ്വസിക്കാനാവാത്ത കണ്ണുകളുമായി ഇരിക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി. ഇതുകൂടിയാണ് ഇന്ത്യ.
അങ്ങോട്ട് പറയുന്നത് കേൾക്കുന്നതിനേക്കാളുപരി ഞാൻ വളയും സിന്ദൂരവും ഇട്ടില്ലെങ്കിൽ എന്റെ ഭർത്താവിനുണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചും പണിയെടുത്ത് കിട്ടുന്ന പൈസ ഭർത്താവിനെ ഏൽപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അവരെന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. പുരുഷൻ എന്ന വാക്കിന്റെ ആധികാരികത അവരുടെ ജീവിതത്തേക്കാൾ വലുതാണ് എന്നെനിക്ക് ബോദ്ധ്യമായി. അതൊരു ആചാരമായി കൊണ്ടുനടക്കുന്ന ഒരിടത്തിരുന്നാണ് ഞാൻ സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും സംസാരിക്കുന്നത് എന്നതുതന്നെ ഒരു വിരോധാഭാസമായിരുന്നു.
രാജസ്ഥാനിലെ ടൂറിസം സാദ്ധ്യതകളെ മാത്രമേ നമ്മുടെ മാധ്യമങ്ങൾ കാണിച്ചു തരാറുള്ളു. കുട്ടിയായിരിക്കുമ്പോഴേ വിവാഹം ചെയ്തുകൊടുക്കപ്പെടുന്ന ബാലികാവധുക്കളുടെ ജീവിതം ഇപ്പോഴും തിരശ്ശീലക്കു പിന്നിൽ തന്നെയാണ്. കുട്ടിക്കാലത്തെ വിവാഹം കഴിഞ്ഞ് ദമ്പതികൾ മുതിർന്നു വലുതാകുമ്പോൾ പുരുഷന് അവളെത്തന്നെ വേണം എന്നില്ല. അതോടെ അയാൾ മറ്റൊരു വിവാഹത്തിലേക്ക് പോകാം. പക്ഷേ ആ പെൺകുട്ടി മരണം വരെ ചെറുപ്പത്തിൽ വിവാഹം ചെയ്ത ആളുടെ ഭാര്യയായിരിക്കും. അതാണ് നിയമം.
അടുക്കളയുടെ കർട്ടനുപിറകിൽ ഒരു സ്ത്രീയുടെ നിഴലിനെ (വലിയ രണ്ട് ആൺമക്കൾ ഉള്ള ഒരു സ്ത്രീയെ) ഒരിക്കൽ പരിചയപ്പെടുത്തി തന്നു, ‘നയാ ബഹു' എന്നു പറഞ്ഞ്. അമ്മായിയമ്മ ജീവിച്ചിരിക്കുമ്പോൾ അവർക്ക് തല വെളിയിൽ കാണിച്ചുകൂടാ. തലയിലൂടെ മുഖംമൂടുന്ന ഷാൾ ധരിച്ച് എത്ര സ്ത്രീകളാണ് അടുക്കളയിൽ ജീവിച്ചു മരിച്ചുപോകുന്നത്! വളരെ കുറച്ചാണെങ്കിലും വിധവകളെയും ഉപേക്ഷിക്കപ്പെട്ട കുറച്ചുപേരെയും പുനർവിവാഹം ചെയ്യിക്കാൻ, അവരെ ജീവിതത്തെക്കുറിച്ചു ചിന്തിപ്പിക്കാൻ NRO പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. അതിൽ അങ്ങേയറ്റം അഭിമാനവുമുണ്ട്.
അമ്മാവന്മാരെ കല്യാണം കഴിക്കുന്ന രീതിയുണ്ട് കർണാടകത്തിൽ. സഹോദരിയുടെ മകൾ വളർന്നു വരുമ്പോഴേക്ക് അമ്മാവൻ, അഥവാ ഭർത്താവ് മരിച്ചു പോകും. അത്ര പ്രായവ്യത്യാസം അവർ തമ്മിലുണ്ടാകും. അതോടെ ചെറുപ്രായത്തിലേ വിധവകളായി ജീവിതത്തെ പഴിച്ചു കഴിയാൻ വിധിക്കപ്പെട്ടവരാകും നിസ്സഹായരായ ആ പെൺകുട്ടികൾ.
ഓർമയിൽനിന്ന് ഒരിക്കലും പോകാത്ത ഒരു നിർമ്മലയുണ്ട് ബീഹാറിൽ. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ചോരക്കുഞ്ഞുമായി ക്ലാസിലെത്തിയ അവളിൽനിന്നാണ് ഇത്രയധികം പരിഷ്‌കൃതം എന്നു നമ്മൾ കരുതുന്ന ഈ സമൂഹത്തിൽ എന്തെല്ലാമാണ് നടക്കുന്നതെന്ന് വേദനയോടെ മനസിലാക്കിയത്. പെൺകുട്ടിയെയാണ് പ്രസവിക്കുന്നതെങ്കിൽ വീട്ടിലാരും പെണ്ണിനേയും കുഞ്ഞിനേയും കണ്ട ഭാവം നടിക്കില്ല. ആൺകുട്ടി ജനിക്കും വരെ പ്രസവിച്ചുകൊണ്ടേയിരിക്കണം. ആൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ അവളുടെ ജീവിതം രക്ഷപെട്ടു. അന്നുമുതൽ കുടുംബത്തിൽ മാന്യമായ സ്ഥാനം കിട്ടും.
രണ്ടാമത്തെ പരീക്ഷണഘട്ടം
അക്കാലത്തായിരുന്നു ജീവിതത്തിലെ രണ്ടാമത്തെ പരീക്ഷണഘട്ടം. അഭി ചെയ്തിരുന്ന ബിസിനസ്സിൽ വലിയ നഷ്ടം വന്നു. കടക്കാർ വീട്ടിൽ വന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി. വാടക മുടങ്ങിയതോടെ വീട്ടുടമസ്ഥരുടെ വഴക്ക്.... ഭർത്താവിനെ ജീവിതത്തിൽനിന്ന് നഷ്ടപ്പെട്ടുപോകുമോ എന്ന് പേടിച്ചിരുന്ന നാളുകൾ.
അക്കാലം വരെ ജോലിചെയ്തു കിട്ടുന്ന പണം ഭർത്താവിനെ ഏൽപ്പിക്കുന്നതോടെ വീട്ടുനടത്തിപ്പിലെ റോൾ തീരുന്ന സാധാരണ സ്ത്രീകളെപ്പോലെ തന്നെയായിരുന്നു ഞാനും. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. ആകെ പരിഭ്രമിച്ചിരുന്ന ദിവസങ്ങളിൽനിന്ന് പതുക്കെപ്പതുക്കെ വീടിന്റെ ചുമതല ഞാൻ ഏറ്റെടുത്തു. ഭാരിച്ച ചുമതലകളടങ്ങുന്ന വലിയ കുടുംബത്തിന്റെ നടത്തിപ്പ് പിന്നീട് കഴിഞ്ഞുപോന്നത്, NRO -യിൽ നിന്നുള്ളവരുമാനം കൊണ്ടുമാത്രമായിരുന്നു.
ഒരു മനോരോഗ ആശുപത്രിയിൽ ചെന്നൊടുങ്ങുമായിരുന്ന എന്റെ ജീവിതം മാറ്റിമറിച്ചത് കുടുംബശ്രീയും NRO യുമാണ്.
ഈ മാറ്റം ഒരുപക്ഷേ ഈ കുറിപ്പ് വായിച്ചുതീർക്കുംപോലെ അത്ര എളുപ്പമായിരുന്നില്ല. ഡിപ്രഷൻ എന്നു പറഞ്ഞാൽ വട്ടാണെന്നു കരുതിയിരുന്ന ഒരു വലിയ കൂട്ടം ചുറ്റിലുമുണ്ടായിരുന്നു. അവരുടെയൊക്കെ കളിയാക്കലുകളിൽ അപമാനങ്ങളിൽ പലവട്ടം വീണുപോയിട്ടുണ്ട്. അപ്പോഴൊക്കെ കൂടെനിന്ന ഒരുപാടുപേരുണ്ട്. ഒരു പ്രസ്ഥാനത്തെ മഹത്താക്കുന്നത് അതിൽ പ്രവർത്തിക്കുന്ന ആളുകളാണെന്ന് ഞാൻ വിശ്വസിക്കുന്നു.
നന്ദി പറയേണ്ടവരുടെ പേരുകൾ പറഞ്ഞാൽ തീരില്ല. ഒരിടത്തുപോലും ഒറ്റയ്ക്കാക്കാതെ ചേർത്തുപിടിച്ച പ്രസ്ഥാനമാണിത്. ഇത്രമാത്രം യാഥാസ്ഥിതികമായ ഒരു സമൂഹത്തിന്റെ ഭാഗമാണെങ്കിലും അതിൽനിന്ന് വ്യത്യസ്തമായി ജീവിക്കാൻ കഴിയുന്നത്, ചിലരെയെങ്കിലും
ചിന്തിക്കാൻ പ്രേരിപ്പിക്കാനാകുന്നത് ഞാനും കൂടി ഭാഗമായിട്ടുള്ള ഈ പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടാണെന്നത് എന്റെ സ്വകാര്യമായ അഹങ്കാരവും അഭിമാനവുമാണ്.
ടി. എം. ഉഷ
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്കുണ്ടായ നേട്ടങ്ങൾ നിരവധിയാണ്. കമ്പ്യൂട്ടർ എന്ന് കേട്ടിട്ടുള്ളതല്ലാതെ അത് ഉപയോഗിക്കാൻ പഠിക്കും എന്ന് ഓർത്തിട്ടുപോലുമില്ലാത്ത എനിക്ക് ഇപ്പോൾ സ്വന്തമായി കമ്പ്യൂട്ടർ ഉണ്ട്. ഒരു സാധാരണ സാമൂഹ്യപ്രവർത്തകയിൽ നിന്ന് ഒരു ബിസിനസ് കൺസൾട്ടന്റ് ആയതിന്റെ പ്രൊഫഷണലായ മാറ്റം വ്യക്തി എന്ന നിലയിലും ആത്മവിശ്വാസം നൽകുന്നുണ്ട്
സാമൂഹ്യപ്രവർത്തനങ്ങളിലേക്ക് ഞാൻ കടക്കുന്നത് പഞ്ചായത്തിൽ സാക്ഷരതാ പ്രേരക് ആയാണ്. അതിനു ശേഷം കുടുംബശ്രീ രൂപം കൊണ്ടപ്പോൾ പ്രവർത്തന മേഖല അതിലേക്ക് മാറി. ആ സമയത്ത് അയൽക്കൂട്ട രൂപീകരണമായിരുന്നു പ്രധാന പ്രവർത്തനം. തുടക്കത്തിൽ കുടുംബശ്രീക്ക് സമൂഹത്തിൽ സ്വീകാര്യത ഉണ്ടായിരുന്നില്ല. ഇന്ന് ഈ പ്രസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്കും ലോകത്തിനുതന്നെയും മാതൃകയാണ്. കുടുംബശ്രീയിൽ അംഗമല്ലാത്ത ഒരു കുടുംബം ആയിരിക്കും കേരളത്തിൽ ഇന്ന് ആളുകൾക്ക് അതിശയമുണ്ടാക്കുന്നത്.
സ്ത്രീകളെ ഒരുമിച്ചു കൂട്ടുകയും അവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിനാൽ മിക്കവരും കുടുംബശ്രീയെ സംശയത്തോടെയാണ് അക്കാലത്ത് കണ്ടിരുന്നത്. ഓരോ പ്രദേശത്തും സ്ത്രീകളെ സംഘടിപ്പിച്ച് അയൽക്കൂട്ടമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ ഇവരെന്തോ കുഴപ്പമുണ്ടാക്കാൻ വന്നവരാണ് എന്ന മട്ടിലാണ് പെരുമാറിയിരുന്നത്.
ഓരോ വീട്ടിലും നേരിട്ടുചെന്ന് സംസാരിച്ച് എന്താണ് കുടുംബശ്രീ പ്രസ്ഥാനം എന്ന് ബോധ്യപ്പെടുത്തണം. സ്ത്രീകളെയല്ല, അവരുടെ ഭർത്താക്കന്മാരെ വേണം ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിക്കാൻ. വീട്ടിലെ ആണുങ്ങളുടെ സമ്മതമുണ്ടെങ്കിലേ സ്ത്രീകളെ കൂട്ടി ഒരു അയൽക്കൂട്ടം രൂപീകരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് വീടുകളിൽ ആണുങ്ങൾ ഉള്ള നേരം നോക്കി വേണം പോകാൻ. പകൽ ഇവരൊക്കെ ജോലിക്ക് പോയിരിക്കുകയായിരിക്കും. മിക്കവാറും രാത്രി മാത്രമേ പോയി സംസാരിക്കാൻ പറ്റൂ.
പുറത്തിറങ്ങിയതിന് ആക്രമണം
കുടുംബശ്രീയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് തുടക്കം മുതൽ ധാരണയുണ്ടായിരുന്നതുകൊണ്ട് ഈ ബുദ്ധിമുട്ടുകളൊന്നും വലിയ കാര്യമായി എനിക്ക് തോന്നിയിരുന്നില്ല. ഭാവിയിൽ ഇത് കേരളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരു കൂട്ടായ്മയായി വളർത്താനുള്ള ആദ്യത്തെ പടികളാണ് ഇതെല്ലാമെന്ന് അറിയാമായിരുന്നു. അങ്ങനെ ഓരോ വീടും കയറിയിറങ്ങി അംഗങ്ങളെ ചേർത്തു. ഒരാഴ്ച മീറ്റിംഗിൽ വരുന്നവരെ പിന്നീട് കാണില്ല. വീണ്ടും ഇവരുടെ വീടുകളിൽ ചെല്ലും. സംസാരിക്കും. അടുത്ത തവണ ഉറപ്പായും വരണമെന്ന് പറയും. ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു കുറേക്കാലം.
ഒരു ദിവസം രാത്രിയിൽ വീട് സന്ദർശനമൊക്കെ കഴിഞ്ഞു വരുമ്പോൾ എന്നെ രണ്ടുമൂന്നുപേർ ആക്രമിക്കാൻ ശ്രമിച്ചു. കൂട്ടവും ബഹളവും കണ്ട് നാട്ടുകാർ അവരെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു. എന്നെ ആക്രമിച്ചതിന് അവർ പറഞ്ഞ കാരണം തമാശയായിത്തോന്നി. സ്ത്രീകൾ ഓരോ കാര്യവും പറഞ്ഞ് പുറത്തിറങ്ങി നടന്ന് ഒടുക്കം ഭർത്താക്കന്മാരെ അനുസരിക്കാത്തവരായിമാറും. അതിന് അവരെ പ്രേരിപ്പിക്കുന്ന ആളായതുകൊണ്ടാണ് എന്നെ ആക്രമിച്ചതത്രേ!
കുടുംബശ്രീ സംഘടനാ സംവിധാനം എത്രയോ ബോധവത്കരണ ക്ലാസുകളിലൂടെയാണ് ഈ മനോഭാവത്തിന് ഒരു മാറ്റമുണ്ടാക്കിയത്. കുടുംബശ്രീയെ കേരളം മെല്ലെ അംഗീകരിച്ചു. കുടുംബശ്രീയുടെ വളർച്ചക്കൊപ്പം ഞാൻ വാർഡ് തല ലീഡറായും ഒരു പഞ്ചായത്തിന്റെ നേതൃനിരയിലേക്കും പിന്നീട് സി.ഡി.എസ് ചെയർപേഴ്‌സണായും സ്ഥാനങ്ങൾ വഹിച്ചു. പഞ്ചായത്ത് മെമ്പർ ആയും പിന്നീട് ബ്ലോക്ക് മെമ്പർ ആയും പ്രവർത്തിക്കാൻ കഴിഞ്ഞു.
ഇന്ന് സാമൂഹികവിഷയങ്ങളിൽ കേരളത്തിലെ ചർച്ചകളും പെരുമാറ്റ രീതികളും കാണുമ്പോൾ പണ്ട് കേരളം എന്തായിരുന്നെന്നും ജീവിതരീതിയും സാഹചര്യവും എന്തായിരുന്നെന്നും ആളുകൾ മറന്നുപോയതായി തോന്നാറുണ്ട്. ഞാൻ ബ്ലോക്ക് മെമ്പർ ആയിരുന്ന സമയത്ത് ഒരു എയ്ഡ്‌സ് രോഗി മരിച്ചു. ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തുമ്പോഴേക്ക് മരിച്ചയാളുടെ ഭാര്യയും മക്കളും വീടുപൂട്ടി സ്ഥലം വിട്ടിരുന്നു.
ആശുപത്രിയിൽനിന്ന് വന്നവർ ശരീരം വീടിന്റെ വരാന്തയിൽ കിടത്തി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ അയൽക്കാർ വാർഡ് മെമ്പർ എന്ന നിലയിൽ എന്നെ കാര്യമറിയിച്ചു. ഞാനെത്തിയപ്പോഴേക്ക് ഒരാളെ ഏൽപ്പിച്ച ആശ്വാസത്തിൽ അവരും സ്ഥലംവിട്ടു. അതൊരു കോരിച്ചൊരിയുന്ന മഴക്കാലമായിരുന്നു.
മരിച്ചയാളുടെ വീടിന്റെ മുറ്റം കാണാൻ പറ്റാത്തവിധത്തിൽ വെള്ളവും. അങ്ങനെ അന്നത്തെ മുൻ എംപി ആയിരുന്ന അഡ്വ. എം തോമസിനെ വിളിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ആവശ്യത്തിന് വിറക് വാങ്ങി. നാട്ടുകാരും അയൽക്കാരും ദൂരെ കൂട്ടംകൂടി നിന്നതല്ലാതെ സഹകരിക്കാൻ തയ്യാറായില്ല. എല്ലാവർക്കും പേടിയായിരുന്നു.
രോഗിയെ കണ്ടാൽതന്നെ എയ്ഡ്‌സ് പകരും എന്നൊക്കെയായിരുന്നു ആളുകളുടെ വിചാരം. ഒടുവിൽ പഞ്ചായത്ത് ഇടപെട്ട് സഹകരിക്കാൻ തയ്യാറുള്ള ചിലരെ കണ്ടെത്തി. വെള്ളത്തിനു മുകളിൽ ചങ്ങാടം ഉണ്ടാക്കി അതിൽ വെച്ച് ശരീരം ദഹിപ്പിച്ചു. മറക്കാൻ കഴിയാത്ത ഇത്തരം ചില അനുഭവങ്ങൾ കൂടെയാണ് സാമൂഹ്യപ്രവർത്തനം തന്നത്. അക്കാലത്തായിരുന്നു എന്റെ വിവാഹം. ജീവിതത്തിൽ പണത്തിനുള്ള സ്ഥാനം മനസ്സിലാക്കിയത് അപ്പോൾ മുതലായിരുന്നു.
വരുമാനമുള്ള തൊഴിൽ വേണം
വരുമാനമുള്ള ഒരു തൊഴിൽ വേണമെന്ന് ചിന്തിച്ചപ്പോഴും കുടുംബശ്രീ അല്ലാതെ വേറൊന്നും മനസ്സിൽവന്നില്ല. അങ്ങനെ ജില്ലാമിഷനിൽ സംരംഭവികസന ടീമംഗമായി മാറി. സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുക, ബിസിനസിൽ വരുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാൻ സഹായിക്കുക ഇതൊക്കെയായിരുന്നു ചുമതല.
വീട്ടിൽ സാമ്പത്തിക ആവശ്യങ്ങൾ കൂടിവന്നപ്പോൾ മറ്റൊരു മാർഗം ആലോചിക്കേണ്ട അവസ്ഥയായി. ആ സമയത്താണ് എൻ.ആർ.ഒയെക്കുറിച്ച് അറിയുന്നത്. അപേക്ഷിച്ചാലോയെന്ന് തോന്നി. വേറെ നാടുകൾ കാണുകയും ചെയ്യാമല്ലോ. നൂറോളംപേർ പങ്കെടുക്കുമ്പോൾ ഇരുപത് പേരെയാണ് തെരഞ്ഞെടുക്കുന്നത്.
മാത്രമല്ല, നാട്ടിലെ നിലവിലെ ജോലിയിൽ പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇടപെടാനുമുള്ള സമയം ധാരാളമുണ്ടായിരുന്നു. ചുറ്റുപാടുകളിൽനിന്നുമുള്ള വിടുതലാണ് കേരളത്തിന് വെളിയിലേക്ക് പോയാൽ സംഭവിക്കാനുള്ളത്. അതുകൊണ്ട് ഇക്കാര്യത്തിൽ രണ്ടു മനസ്സായിരുന്നു. പക്ഷേ പണത്തിന് പണം തന്നെ വേണമല്ലോ. സാമ്പത്തികബാധ്യത മുൻപിലുള്ളപ്പോൾ അത് മറികടക്കലാണല്ലോ അത്യാവശ്യം. അങ്ങനെയാണ് സെലക്ഷനിൽ പങ്കെടുത്തത്. എനിക്ക് സെലക്ഷൻ കിട്ടി. പരിശീലനത്തിനും ശേഷമാണ് അറിയുന്നത് പോകേണ്ടത് കർണാടകത്തിലേക്കാണ് എന്ന്.
ദേവിഹാൾ പഞ്ചായത്തിലെ മഞ്ജുള
കർണാടകത്തിലെ ഗദക് ജില്ലയിലേക്കാണ് നിയമനം. വീണ്ടും ആശയക്കുഴപ്പത്തിലായി. കന്നഡ ഒരു ഭാഷയാണ് എന്നല്ലാതെ മറ്റൊന്നും എനിക്കറിഞ്ഞൂടാ. അതുവരെ ഇടപെട്ട മേഖലയിലൊക്കെ കഴിവിന്റെ പരമാവധി പ്രവർത്തിച്ച ഒരാളെന്ന നിലയ്ക്ക് അവിടെ ചെന്നിട്ട് ഒന്നും ചെയ്യാൻ പറ്റാതെവന്നാൽ എന്തുചെയ്യുമെന്ന ഭയം.
ജീവിതത്തിലെ അനിശ്ചിതാവസ്ഥകൾ ശീലമുള്ളതുകൊണ്ട് ഒടുവിൽ എന്തും നേരിടാം എന്നുതന്നെ തീരുമാനിച്ചു. കർണാടകയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ലയാണ് ഗദക്. വെള്ളം ശേഖരിച്ചു കൃഷിക്ക് ഉപയോഗിക്കുന്ന ഇവിടത്തെ രീതി പിന്തുടരപ്പെടേണ്ടതാണ്. മുളക്, സവാള, വെളുത്തുള്ളി, കടല, പയർ എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ.
എല്ലാ മാസവും എന്തെങ്കിലുമൊക്കെ ആഘോഷങ്ങൾ കാണും. ദീപാവലിയും മകരസംക്രാന്തിയുമാണ് വിശേഷപ്പെട്ട ദിവസങ്ങൾ. നമ്മുടെ കർക്കിടകവാവ് പോലെ പിതൃക്കളുടെ ദിനമാണ് മകരസംക്രാന്തി. സ്ത്രീകൾ പൊതുവെ കൃഷിയും മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പുറത്തിറങ്ങുന്നത്. എല്ലാ കൃഷിയിടങ്ങളിലും അവരവരുടെ കുലദൈവങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ടാകും.
കൂടുതൽ ഉൽപന്നങ്ങളും കയറ്റിയയക്കുന്നത് കേരളത്തിലേക്കാണ്. ഹാൻഡിക്രാഫ്റ്റും നെയ്ത്തും അറിയാവുന്ന സ്ത്രീകൾ അത് തൊഴിലാക്കി എടുത്തിട്ടുണ്ട്. നെയ്യുന്നത് കൂടുതലും മഹാരാഷ്ട്രക്കാണ് കയറ്റി അയക്കുന്നത്. പഞ്ചായത്തുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല. അത് എങ്ങനെ പ്രവർത്തിക്കണം, തങ്ങൾക്ക് എന്തൊക്കെ ഉപകാരങ്ങൾ ഉണ്ട് എന്നൊന്നും ആളുകൾക്ക് അറിയില്ല.
അവിടെ ചെന്നദിവസം തന്നെ തലക്കകത്ത് നക്ഷത്രം മിന്നുന്നത് അനുഭവിച്ചു. ഒന്നും മനസ്സിലാകുന്നേയില്ല. തിരികെ പോയാലോ എന്നുവരെത്തോന്നി. എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാവും അവിടത്തെ ഉദ്യോഗസ്ഥർ ഹിന്ദി അറിയാവുന്ന ഒരു കൺസൾട്ടന്റിനെ സഹായത്തിന് നൽകി. ഒരു പരിചയവുമില്ലാത്ത, ഭാഷയോ ജീവിതമോ അറിയാത്ത ഒരിടത്തുചെന്ന് അവിടെയുള്ള ആളുകളുമായി ചേർന്ന് പ്രവർത്തിക്കുക...അവരിൽ ഒരാളായി മാറുക ശരിക്കും അതൊരു പരീക്ഷണ കാലഘട്ടമായിരുന്നു.
തുടക്കത്തിൽ വാടകക്ക് വീടെടുത്ത് താമസിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഹിന്ദി അറിയാവുന്ന ആളുകൾ ഉള്ള ഒരു വീട്ടിൽ തൽകാലം താമസിക്കാൻ ഇടം ശരിയാക്കി. ബ്ലോക്കിലെ തന്നെയുള്ള ആളുകളെയാണ് സംരംഭവികസനത്തിന് തെരഞ്ഞെടുത്തത്. ഇതിനായി തയ്യാറാക്കിയ മുഴുവൻ ആളുകളും വളരെയധികം കഷ്ടപ്പാടുകളിൽ നിന്ന് വരുന്നവരായിരുന്നു. വിധവകളായിരുന്നു കൂടുതലും. ഇവർക്ക് വീട്ടിൽ ജോലികളൊക്കെ തീരുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
അവരിൽ ദേവിഹാൾ പഞ്ചായത്തിലെ മഞ്ജുള എന്ന സ്ത്രീയെ ഒരിക്കലും മറക്കാൻ പറ്റില്ല. പതിനേഴാമത്തെ വയസ്സിൽ അച്ഛന്റെ അടുത്ത ബന്ധുവിന്റെ മകനാണ് വിവാഹം കഴിച്ചത്. വിവാഹശേഷം മഞ്ജുളയുടെ ജീവിതം ദുരിതമായിരുന്നു. ആ വീട്ടിലെ പണികളെല്ലാം തനിയെ ചെയ്യണം. ഭർത്താവിന്റെ അമ്മ ഉപദ്രവിക്കും. ഭർത്താവും അതിന് കൂട്ടുനിൽക്കും. ദിവസങ്ങൾ കഴിയും തോറും പ്രശ്‌നങ്ങൾ അധികമായിക്കൊണ്ടിരുന്നു. അമ്മയുടെ ഉപദ്രവം സഹിക്കാൻ വയ്യാതായപ്പോൾ ഒടുവിൽ അവർ വീട് മാറിത്താമസിച്ചു. എന്നാൽ അധികം വൈകാതെ മഞ്ജുളയുടെ ഭർത്താവ് മരിച്ചു. അങ്ങനെ പത്തൊൻപതാമത്തെ വയസ്സിൽ ആ പെൺകുട്ടി വിധവയായി.
വിധവകളായ പെൺകുട്ടികളെ കർണ്ണാടകയിൽ ഒരുപാട് കാണാൻ കഴിയും. മറ്റൊരു കുടുംബത്തിലേക്ക് സ്വത്ത് പോകരുതല്ലോ എന്നോർത്ത് ആണുങ്ങൾ സ്വന്തം കുടുംബത്തിൽ നിന്നുതന്നെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കും. അതിൽ പ്രായത്തിനോ സ്വഭാവത്തിനോ പ്രാധാന്യമൊന്നും കൊടുക്കില്ല. അതുകൊണ്ടുതന്നെ മിക്കപ്പോഴും പ്രായമുള്ളവരെ വിവാഹം കഴിക്കേണ്ടിവരുന്ന ഈ പെൺകുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ വിധവകളാവുകയും ചെയ്യും.
സ്ത്രീധനമായി നൽകിയ പണമോ വസ്തുക്കളോ തിരികെനൽകാൻ ഭർത്താവിന്റെ വീട്ടുകാർ തയ്യാറാവുകയുമില്ല. അതോടെ സ്വത്തും ജീവിതവും നഷ്ടപ്പെട്ട് ചെറിയ പ്രായത്തിൽതന്നെ മരണമൊത്ത ജീവിതമാവും ഇവരുടേത്. മഞ്ജുളയുടെ സ്ഥിതിയും ഇതിൽനിന്ന് വ്യത്യസ്തമല്ലായിരുന്നു. ഈ കാലത്താണ് അവൾ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് ആവുന്നത്. അവളുടെ കെട്ടിക്കിടന്ന ജീവിതത്തിന് ഒഴുക്കായിത്തുടങ്ങി. വീട്ടിൽനിന്ന് പുറത്തിറങ്ങി നടക്കാനും സ്വന്തമായി വരുമാനം ഉണ്ടാക്കാനും സാധിച്ചു.
വരുമാനത്തേക്കാൾ ഇതിലുപരിയായി ആത്മവിശ്വാസവും തനിയെ ജീവിക്കാം എന്നുള്ള ധൈര്യവും ഉണ്ടായിട്ടുണ്ട്. അവരുടെ സ്ഥിതിയിൽ സ്ഥിരവരുമാനം ആവശ്യമായതുകൊണ്ട് ഞങ്ങൾ മഞ്ജുളയെ ഒരു ബിസിനസ്സ് ചെയ്യാൻ നിർബന്ധിച്ചു. ആദ്യമൊന്നും ധൈര്യമില്ലായിരുന്നെങ്കിലും സംരംഭ വികസനടീമിന്റെ പിന്തുണയോടെ ഒടുവിൽ അവർ ഒരു ലക്ഷം രൂപ ലോണെടുത്ത് ഒരു ഫ്‌ളോർ മിൽ തുടങ്ങി. ഇപ്പോൾ അതിന്റെ വരുമാനം കൊണ്ടാണ് അവർ ജീവിക്കുന്നത്.
സാവിത്രി ഹിരോളി
ഓർമ്മയിൽനിന്ന് മായാത്ത മറ്റൊരു പെൺകുട്ടി സാവിത്രി ഹിരോളിയാണ്. പഠിക്കാൻ മിടുക്കിയായിരുന്നു സാവിത്രി. പഠിച്ചുകൊണ്ടിരുന്നപ്പോൾ വീടിനടുത്ത് തുണിക്കച്ചവടം നടത്തുന്ന ഒരാളുടെ വിവാഹാലോചന വന്നു. കുറഞ്ഞ സ്ത്രീധനമാണ് അയാൾ ചോദിച്ചതെന്ന ഒറ്റക്കാരണം കൊണ്ട് കൂലിപ്പണിക്കാരായ മാതാപിതാക്കൾ മറ്റൊന്നുമാലോചിക്കാതെ അതിന് സമ്മതിച്ചു.
ഇന്ത്യൻ ഗ്രാമങ്ങളിലെ പെൺകുട്ടികൾ മാതാപിതാക്കളെ സംബന്ധിച്ച് ആധിയും ബാധ്യതയുമാണല്ലോ. അങ്ങനെ സാവിത്രിയുടെ വിവാഹം കഴിഞ്ഞു. അയാൾ അവളുടെ വീട്ടിൽതന്നെയാണ് നിന്നത്. ആദ്യം ഇതിന് പല കാരണങ്ങളും പറഞ്ഞെങ്കിലും കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അറിഞ്ഞു അയാൾ നേരത്തെ വിവാഹം കഴിച്ചിട്ടുള്ളതാണ്. അതിൽ മൂന്നു മക്കളുമുണ്ട്. മാനസികമായി തകർന്നെങ്കിലും അയാളെ ഉപേക്ഷിക്കാനോ നിയമനടപടികൾ സ്വീകരിക്കാനോ സാവിത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല. അയാളുടെ സഹായമില്ലാതെ സ്വയം വരുമാനം ഉണ്ടാക്കി ജീവിക്കണം എന്ന ഒറ്റവാശിയായിരുന്നു പിന്നീട് അവർക്ക്. ആദ്യം തയ്യൽ പഠിക്കാൻ ചേർന്നു. ആ സമയത്താണ് കൺസൾട്ടന്റുമാരെ നിയമിക്കുന്നത് അറിഞ്ഞത്. അങ്ങനെ സംരംഭവികസന ടീമംഗമായി. സ്വന്തം വരുമാനമായ ശേഷം അഭിമാനത്തോടെ മാതാപിതാക്കളോടൊത്ത് ജീവിക്കുന്നു.
ഇവർക്ക് ഉണ്ടായ വരുമാനം അല്ല ഇവരെ ഓർക്കാൻ കാരണം. ജീവിതം തന്നെ ദുരിതമായിട്ടും അടച്ച മുറികളിൽ ഒതുങ്ങിക്കൂടാൻ തയ്യാറാവാതെ വ്യവസ്ഥിതിയോട് സമരം ചെയ്ത് ജീവിതം തിരികെ പിടിച്ച പെണ്ണുങ്ങളാണ് ഇവർ. നമ്മളറിയാത്ത ഗ്രാമങ്ങളിലെ സ്ത്രീജീവിതങ്ങളിൽ വരുന്ന വലിയ മാറ്റങ്ങളിൽ കുടുംബശ്രീ പോലുള്ള സംഘടനകളുടെ പങ്ക് വലുതാണ്.
കർണാടകയിൽ ഏകദേശം മൂന്നുവർഷം ജോലി ചെയ്തു. അക്കാലം കൊണ്ട് 586 സംരംഭങ്ങൾ തുടങ്ങാനുള്ള പിന്തുണ നൽകാൻ കുടുംബശ്രീ എൻ.ആർ.ഒക്കു കഴിഞ്ഞു. തുടങ്ങിയവയിൽ ഏകദേശം എൺപത് ശതമാനം ബിസിനസുകളും ഇപ്പോഴും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സ്ത്രീകളുടെ പൊതുപങ്കാളിത്തം ഉറപ്പാക്കാൻ വേണ്ടിയും ഉൽപന്നങ്ങൾ മികച്ച വിലയിൽ സമീപപ്രദേശങ്ങളിൽത്തന്നെ വിൽക്കാൻ വേണ്ടിയും ഒൻപത് ആഴ്ചച്ചന്തകൾക്ക് രൂപം കൊടുത്തിരുന്നു. അവയും നല്ല രീതിയിൽ തുടർന്നുപോരുന്നു.
നിലവിൽ ഞാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്കിലാണ് ജോലി ചെയ്യുന്നത്. ഇവിടെ 1083 ബിസിനസുകളാണ് കുടുംബശ്രീ എൻ.ആർ.ഒ യുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുള്ളത്. കർണാടകത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നതും കേരളത്തിൽ ജോലി ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇവിടത്തെ പഞ്ചായത്തു പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ഏതൊരു പ്രോജക്റ്റിനും നല്ല രീതിയിലുള്ള പിന്തുണ കിട്ടാറുണ്ട്. അപൂർവ്വം ചിലയിടത്തൊഴിച്ച് കേരളത്തിലെ ത്രിതല സംവിധാനങ്ങൾ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്.
ഒരു വരുമാനമാർഗമെന്ന നിലയിൽ എൻ.ആർ.ഒ-യിൽ വന്ന ഞാൻ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്കുണ്ടായ നേട്ടങ്ങൾ നിരവധിയാണ്. കമ്പ്യൂട്ടർ എന്ന് കേട്ടിട്ടുള്ളതല്ലാതെ അത് ഉപയോഗിക്കാൻ പഠിക്കും എന്ന് ഓർത്തിട്ടുപോലുമില്ലാത്ത എനിക്ക് ഇപ്പോൾ സ്വന്തമായി കമ്പ്യൂട്ടർ ഉണ്ട്. ബിസ്സിനസ് എന്താണെന്നും അതെങ്ങനെ നടത്തണമെന്നും കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിന് അതെത്ര മാത്രം ആവശ്യമാണെന്നും എൻ ആർ ഒ നൽകിയ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ക്ലാസുകളിൽനിന്ന് പഠിച്ചിട്ടുണ്ട്. ഒരു സാധാരണ സാമൂഹ്യപ്രവർത്തകയിൽ നിന്ന് ഒരു ബിസിനസ് കൺസൾട്ടന്റ് ആയതിന്റെ പ്രൊഫഷണലായ മാറ്റം വ്യക്തി എന്ന നിലയിലും ആത്മവിശ്വാസം നൽകുന്നുണ്ട്. അത് കുടുംബശ്രീ നൽകിയ അവസരങ്ങളും പരിശീലനങ്ങളും കൊണ്ടുമാത്രം ഉണ്ടായിട്ടുള്ളതാണ്.
ഉമ അഭിലാഷ്:2007-2012 കാലത്ത് Awake HRD Training Institute and Research centre അംഗം, കുടുംബശ്രീ ജില്ലാ, സംസ്ഥാനതലങ്ങളിൽ വിവിധ പരീശീലനങ്ങൾ ഏറ്റെടുത്തു നടത്തി. തൃശൂർ 'കില'യുടെ താത്കാലിക ഫാക്കൾട്ടി ആയി പ്രവർത്തിച്ചു. 2012 മുതൽ കുടുംബശ്രീ എൻ.ആർ.ഒയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ബീഹാർ, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സംരംഭ വികസനത്തിൽ പരീശീലനം നൽകി. 2016- 2018ൽ പത്തനംതിട്ട ജില്ലയിൽ മെന്റ്റർ ആയി പ്രവർത്തിച്ചു. 2018 മുതൽ ബീഹാറിൽ മെന്റ്റർ ആയി ജോലി ചെയ്യുന്നു.
ടി.എം. ഉഷ:2000 ത്തിൽ കുടുംബശ്രീ പ്രവർത്തകയായി പനച്ചിക്കാട് പഞ്ചായത്തിന്റെ സി.ഡി.എസ് ചെയർപേഴ്‌സനായി. തുടർന്ന് പനച്ചിക്കാട് പഞ്ചായത്ത് മെമ്പറും. 2005 പള്ളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സണായിരുന്നു. തിരുവനന്തപുരം ജില്ലാ മിഷനിൽ മൈക്രോ എന്റെർപ്രൈസ് കൺസൽട്ടന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ കുടുംബശ്രീ എൻ.ആർ.ഒ അംഗമാണ്. ബീഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മെന്റ്റർ ആയി പ്രവർത്തിച്ചു. നിലവിൽ മലപ്പുറം നിലമ്പൂർ ബ്ലോക്കിൽ വർക്ക് ചെയ്യുന്നു.
കുടുംബശ്രീ മിഷൻ ജീവനക്കാരികൾ എഴുതി ഗ്രീൻപെപ്പെർ പുബ്ലിക്ക പുറത്തിറക്കുന്ന ‘പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ' എന്ന പുസ്തകത്തിൽനിന്ന്