ചിത്രങ്ങള്‍: നൗഷാബാ നാസ്

ഖുർആനിന്റെയും അത്തറിന്റെയും മണമുള്ള പെണ്ണുങ്ങൾ

‘‘ചില പെണ്ണുങ്ങൾ പടച്ചോനെ വിളിച്ചു കരയുന്നതു കണ്ടിട്ട് നോക്കിയിരുന്നു പോയിട്ടുണ്ട്. അവരിങ്ങനെ വിതുമ്പി എണ്ണിപ്പെറുക്കി കരയുന്നതു കാണുമ്പോ, മറ്റൊന്നിനെയും വകവെക്കാതെ കരയാനും പറ്റുന്നത് ഇവിടെയാണല്ലോ എന്നോർത്തു. മറ്റാരെയും പേടിക്കാതെ, മറ്റുള്ളതിനെ കുറിച്ചൊന്നും വേവലാതിപ്പെടാതെ അവർക്കിങ്ങനെ ഇരിക്കാൻ പറ്റുക ഹറമിൽ മാത്രമായിരിക്കും’’- ഒരു പെണ്ണിന്റെ ഉംറ യാത്രയിൽ കണ്ടുമുട്ടിയ അനവധി പെണ്ണുങ്ങളെക്കുറിച്ച്, ഹൃദയസ്പർശിയായ കുറിപ്പ്; നൗഷാബാ നാസ് എഴുതുന്നു.

ചെറുപ്പം മുതലേ പള്ളിയിൽ പോകാന്നു പറഞ്ഞാൽ എനിക്കതു ഭയങ്കര ഇഷ്ടമുള്ള കാര്യമായിരുന്നു. എന്തോ നമ്മള് കാര്യായിട്ട് ചെയ്തു എന്നൊരു ഫീലുണ്ടാകും, something that makes my day. എന്തിനേറെ പറയുന്നു, മദ്രസയിൽ പഠിക്കുമ്പോ, പള്ളിയും പരിസരോം വൃത്തിയാക്കാൻ പറഞ്ഞാൽ പോലും സന്തോഷായിട്ടു ചെയ്യും. റമദാൻ ആകുമ്പോ ഈ ഫീൽ കൂടും, തറാവീഹ് പള്ളിയിൽ പോയി നിസകരിച്ചില്ലെങ്കിൽ ആ കൊല്ലം റമദാൻ ശരിയായില്ലെന്നു തോന്നും.

റമദാൻ ആകുമ്പോ തന്നെ വല്ലിമ്മ നിസ്കാരപ്പായ മാറ്റും, കൈതോലപ്പായേലായിരുന്നു വെലിമ നിസ്കരിച്ചിരുന്നത്, അതിങ്ങനെ മണ്ടകത്ത് ചൂടികയറിൽ തൂക്കി ഇട്ടിരുന്നത് ഓർമ വരുന്നു. വല്ലിമ്മ പള്ളിയിൽ പോകുമ്പോ നമ്മള് കുട്ടിയോളും പള്ളിയിൽ പോകും.
നമ്മളാണ് ഫസ്റ്റ്, ഉമ്മമാരൊക്കെ വരുന്നത് പിന്നെ. പെരുന്നാൾ നിസ്കാരത്തിനും അങ്ങനേരുന്നു. അന്ന് നമുക്ക് മുകളിലാണ് നിസ്കാരം. കുറെ പെൺകുട്ടോളുണ്ടാകും. മുകളിലാണ് ഉസ്താദിന്റെ റൂം. എല്ലാവരും നിസ്കരിക്കാൻ കൈ കെട്ടുമ്പോ അത് തുറന്നുനോക്കും. പൗഡറോ സ്പ്രേയോ കിട്ടിയാൽ ഉസ്താദ് ഭയങ്കര മോഡേണാണെന്ന് നമ്മൾ വിലയിരുത്തും.

നിസകരിക്കാൻ മാത്രമല്ല, സൊറ പറയാൻ കൂടിയാണ് പള്ളിയിൽ പോക്ക്. ചില മിടുക്കത്തികൾ എന്തേലും തിന്നാൻ കൊണ്ടുവരും. പുളി അച്ചാറാണ് മെയിൻ. നല്ല ദൈർഘ്യമുള്ള നിസ്കാരമായതിനാൽ വല്യൊരൊക്കെ കൈ കെട്ടിയാലാണ് ഈ വക കലാപരിപാടി. പെരുന്നാളിനുള്ള ഡ്രസ്സ്, മൈലാഞ്ചി അങ്ങനെ എല്ലാം അവിടുന്ന് തീരുമാനമാകും. അങ്ങനെ എന്തെല്ലാം പള്ളി ഓർമകൾ.

ഈ പള്ളിയും ചുറ്റുപാടും ഇപ്പോഴും അടുത്ത് നിൽക്കുന്നോണ്ട്, റബീഉൽ അവ്വലിൽ  മദീനത്തു പോണത് സ്വപ്നം കണ്ടു, ഒന്നല്ല പല പ്രാവശ്യം. ആരാണ് അങ്ങനെയൊരു സ്വപ്നം കാണാത്തത്? ചിലപ്പോ ഏതെങ്കിലും ഒരു വീട്ടിൽ തൂക്കിയിട്ട കഅബന്റെ ചിത്രമാകാം, എപ്പോഴെങ്കിലും കേട്ട വയള്‌, അതുമല്ലെങ്കിൽ മക്കത്തുനിന്ന് കൊണ്ടുവരുന്ന കാരക്ക, സംസം വെള്ളം. നമ്മളത് തൊടുമ്പോഴേക്കും ആരെങ്കിലും ഓർമപ്പെടുത്തും മക്കത്ത്ന്ന് ആണെന്ന്, അത് സ്പെഷ്യലാണ്.

ഇങ്ങനെള്ള പലവിധ വിചാരങ്ങളിൽ നിന്ന് മക്കത്ത് എത്താനുള്ള നമ്മുടെ പൂതി മൂക്കും. അങ്ങനെ കഴിഞ്ഞ റബീഉൽ അവ്വലിൽ എന്റെ ആദ്യത്തെ ഉംറ നടന്നു, സ്വപ്നം കണ്ട പോലെ, അതേ മാസത്തിൽ, ഫ്ലൈറ്റിൽ കയറിയിരുന്നപ്പോഴാണ് അറബി മാസമോർമ വന്നത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി.

കേരള ഹജ്ജ് ഗ്രൂപ്പിന്റെ കൂടെയാണ് യാത്ര പോയത്. എന്റെ കൂടെ കൊറേ പെണ്ണുങ്ങളുണ്ടായിരുന്നു, പല പല നിയ്യത്തിൽ വന്നൊര്. അതിലേറ്റവും പ്രായം ചെന്നത് അയ്ശെണ്ണിത്ത, മുൻപൊരു ഹജ്ജ് ചെയ്തിട്ടുണ്ട്. കൊറേ വർഷങ്ങൾക്കിപ്പുറം ആക്സിഡന്റിൽ മരിച്ച മോനുവേണ്ടി ഉംറ ചെയ്യാൻ ഒറ്റയ്ക്ക് വന്നതാണ്. വീട് നിറച്ചും മക്കളും പേര കുട്ടിയോളും ഉണ്ട്, പക്ഷെ കൂടെ വരാൻ ആർക്കും വിധി ഒത്തു വന്നില്ല‌. ‘ഞാൻ വാശിപിടിച്ചു വന്നതായാണ് കുട്ടീ’ന്ന് അവര് പറഞ്ഞു.
അള്ളാഹ് അതെന്തൊരു വാശിയാണ്, മറ്റേതെങ്കിലും കാര്യത്തിൽ അവരിങ്ങനെ വാശിപിടിച്ചിട്ടുണ്ടാകുമോ, ആവോ. ഞാനും അവരും കൈപിടിച്ചാണ് മക്കയും മദീനയും കണ്ടത്, മദീനത്തു എത്തിയപ്പോ അവരിങ്ങനെ പാടി: 
‘ആരംഭപ്പൂവായ മുത്ത് രസോളിന്റെ റൗളാക്കൽ
ചെന്നെത്തുവാൻ തൗഫീക് കൂട്ടിയല്ലാഹ്’

ഇഹ്റാം കെട്ടി ഹറമിലെത്തുമ്പോ നമുക്ക് ഉള്ളിങ്ങനെ കിടുങ്ങും, വിറക്കും. അല്ലാഹ്, ഞാനിപ്പോ കഅബ കാണുംന്ന് മട്ടിലുള്ള ഒരു തേങ്ങല്. മുകളിൽ നിന്ന് നോക്കിയപ്പോ ഒരു കഷ്ണം പോലെ കറുപ്പ് കണ്ടു, പിന്നെ പടിയിറങ്ങി താഴെ എത്തിയപ്പോ ഭയങ്കര പൊക്കത്തിലുള്ള കഅബ, അതിങ്ങനെ ഗാഭീര്യത്തോടെ ഉയർന്നു നിൽക്കുന്നു. ഇത്രേം പൊക്കം ഞാൻ വിചാരിച്ചിട്ടുണ്ടായില്ല. അതോണ്ട് ചൊല്ലാൻ വിചാരിച്ച പ്രാത്ഥന മറന്നു പോയി.

പിന്നെ ലബ്ബൈക്ക ചൊല്ലി നമ്മൾ ത്വവാഫ് ചെയ്തു. ആണും പെണ്ണും കലർന്ന് പലതരം മനുഷ്യന്മാര്. ചിലരുടെ മുഖം ഇങ്ങനെ തുടുത്ത്, അമ്പരന്ന്, ചിലരുടെ മുഖം കരച്ചില് കാരണം കാണാൻ വയ്യ. കുഞ്ഞുമക്കൾ തോളിലേറി ത്വാവാഫ് ചെയുന്നു. ചില പെണ്ണുങ്ങൾ ആണുങ്ങളുടെ കൈ പിടിച്ചു തോളിലേക്ക് ചാഞ്ഞ് ത്വാവാഫ് ചെയുന്നതു കണ്ട് ഭയങ്കര പ്രണയം തോന്നിപ്പോയി. എല്ലാവരും അവരവരെ തേടുന്ന തിരക്ക്. സഅയ് ചെയ്യുമ്പോൾ എനിക്കിങ്ങനെ അഭിമാനം തോന്നി. ഒരു കറുത്ത അടിമ സ്ത്രീയുടെ ചരിത്രത്തിനു പിന്നാലെയാണല്ലോ ഈ ഓട്ടം. സുബ്ഹാനല്ലാഹ് വരെത്ര അനുഗ്രഹീതമാക്കപ്പെട്ടവൾ. ഒരു സംസ്ക്കാരത്തിന് ഇടം കൊടുത്ത ഹാജറ ബീവി.

എന്റെ പള്ളി ഓർമ്മകൾ എല്ലാം നല്ലതാണെങ്കിലും എന്റെ ചില കൂട്ടുകാരികളുടേത് അങ്ങനെയല്ല. ഡ്രസ്സിന്റെ കൈനീളം കുറഞ്ഞതിനോ, തട്ടം മാറിപ്പോയതിനോ, കാലു മറയാതെ നിസ്കരിച്ചതിനോ ചീത്ത കേട്ട്, പള്ളിയിൽ പോകുന്നത് കുറച്ചവരുണ്ട്. പക്ഷെ ഹറമിൽ അല്ലാഹുവിന്റെ ഏറ്റവും വല്യ പള്ളിയിൽ ഇരിക്കുമ്പോ, ചുറ്റുമുള്ളതൊന്നും ആരെയും അസ്വസ്ഥരാക്കുന്നില്ല എന്നുള്ള കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നു മാത്രമല്ല, സ്ത്രീകൾ പരസ്പരം ഉള്ളറിഞ്ഞ് സ്നേഹം പങ്കുവെക്കുന്നു. എത്ര തിങ്ങിയ സ്വഫ്ഫ് ആണെങ്കിലും വേറെ ഒരാൾ കൂടി വരുമ്പോ സ്വഫ്ഫ് അവരെ കൂടി ഉൾ​ക്കൊള്ളുന്നു.

പല സ്ത്രീകളും വലിയ ബാഗ് നിറച്ചും സാധനങ്ങളായിട്ടാണ് ഹറമിൽ വരുന്നത്. ചിലർ കഹ്‍വ വിതരണം ചെയുന്നു. ബിസ്കറ്റ്, മിട്ടായികൾ, തസ്ബീഹുകൾ, അങ്ങനെ കുഞ്ഞുകുഞ്ഞു സമ്മാനപ്പൊതികൾ. ഒരു ദിവസം ഒരു സെറ്റ് വള തന്നെ കിട്ടി.

Women carry home, wherever they goes എന്ന് പറയുന്നതെത്ര ശരിയാണ്. ഏതൊരു സ്ഥലത്തെയും തന്റേതായ ഇടമാക്കി മാറ്റുന്ന പെണ്ണുങ്ങൾ. കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്നവർ, കുഞ്ഞുങ്ങളെ ഒറക്കുന്നവർ, ഉമ്മ നിസ്കരിക്കുമ്പോ കരയുന്ന കുഞ്ഞിനെ താലോലിക്കുന്ന കൊറേ ഉമ്മമാർ, നല്ല സുഖസുന്ദരമായി കിടന്നുറങ്ങുന്ന സ്ത്രീകൾ. പടച്ചോന്റെ ഭവനത്തിലല്ലാതെ വേറെ എവിടെയാണ് അവർക്ക് ഇങ്ങനെ സുന്ദരമായി കിടന്നുറങ്ങാൻ സാധിക്കുക? മറ്റാരുടെയും വിളിക്ക് ഉത്തരം നൽകാതെ, മറ്റുള്ളവരുടെ എത്തിനോക്കലുകളില്ലാതെ, അവരിങ്ങനെ മലർന്നു നിവർന്നു കിടന്നുറങ്ങുന്നു.

ഒരു രാത്രി ഹറമിലിരുന്ന് ഞാനിങ്ങനെ എന്തോ ആലോചിച്ചു കൊണ്ടിരിക്കുമ്പോ ഒരു യമനി സ്ത്രീ എന്നെ തോണ്ടി വിളിച്ചു. അവരുടെ അടുത്തുവന്നു കിടക്കാൻ പറഞ്ഞു. ഞാൻ ഖുർആൻ അടച്ച് അവരുടെ അടുത്തുചെന്ന് കിടന്നു. എന്നോട് എന്തോ ചോദിച്ചു, എനിക്ക് മനസ്സിലായില്ല. ഉടനെ അവർ ഒരു പേര് പറഞ്ഞു. അപ്പൊ ഞാനും എന്റെ പേര് പറഞ്ഞു- നൗഷാബാ. പിന്നെ ഒന്നും ചോദിക്കാതെ, എന്നെ കെട്ടിപ്പിടിക്കാതെ അവരുറങ്ങി. അങ്ങനെയായിരിക്കണം അവര് സാധാരണ  കിടന്നുറങ്ങാറ്.

ഹറമിലുണ്ടായിരുന്നപ്പോ സുന്നത്തു നോമ്പ് എടുത്തിരുന്നു. നോമ്പ് തുറക്കാൻ നേരം സംസം വെള്ളം പിടിച്ചിങ്ങനെ ഇരിക്കുമ്പോ, എവിടെന്നോ പെട്ടന്ന് കാരക്കയും ഭക്ഷണപ്പൊതിയും വരും. നമ്മളിങ്ങനെ ഉള്ളിൽ ചോദിക്കുമ്പോ എടുത്തു തരുന്ന റബ്ബ്.

വൈകുന്നേരം നമ്മുടെ ബാച്ച് ഹറമും പരിസരവും കാണാനിറങ്ങും. അപ്പൊ കൊറേ പച്ച നിറത്തിലുള്ള മക്കന ഇട്ട പെണ്ണുങ്ങളെ കണ്ടു. അവരിങ്ങനെ ഇളം വെയിലത്ത് വട്ടം കൂടി ഇരിയ്ക്കാണ്. ഏതു നാട്ടുകാരണാവോ. ആരും പരസ്പരം സംസാരിക്കുന്നില്ല. പച്ച തട്ടത്തിൽ കുത്തിയ ചുവന്ന റോസാപ്പൂ എനിക്ക് ഭയങ്കര ഇഷ്ട്ടായി. ഞാൻ ഫോട്ടോ എടുത്തു. തിരിച്ചുവരുമ്പോഴും അവരിങ്ങനെ റോഡിലിരിക്കാണ്.

ഖദീജ ബീവിയെ അടക്കം ചെയ്ത വലിയൊരു ഖബർസ്ഥാൻ കാണാൻ പോയി. ആ സമയത്തു ആർക്കും പ്രവേശനമില്ല. അലങ്കാരങ്ങളൊന്നുമില്ലാതെ മണ്ണിൽ കൃത്യ അകലത്തിൽ പാകിയിട്ടിരിക്കുന്ന കല്ലുകൾ. ഞങ്ങൾ ഖബർസ്ഥാനിലേക്ക് എത്തിനോക്കി. അത് കണ്ടിട്ടാവണം, രണ്ടു സ്ത്രീകൾ അങ്ങോട്ടുവന്നു. അവരും കൗതുകത്തോടെ പൊക്കത്തിൽ കയറി നിന്ന് എത്തിനോക്കുണ്ടായിരുന്നു.

പിന്നേം കണ്ടു കൊറേ പെണ്ണുങ്ങളെ.
തട്ടത്തിൽ പൊതിഞ്ഞ് തീറ്റ പ്രാവുകൾക്ക് കൊടുക്കുന്നവർ. പെൻഗ്വിൻ നടക്കുന്ന പോലെ വലിയ ഖിമാറുകൾ ഇട്ട് ആടിയുലഞ്ഞു നടക്കുന്ന കറുത്ത പെണ്ണുങ്ങൾ. ഒറ്റക്കും കൂട്ടായും അല്ലാഹ്‍നെ വിളിക്കുന്നോര്, തസ്ബീഹ് മാലയുമായി വന്ന് ഓരോരുത്തരോടും സ്വലാത് ഊതി വാങ്ങി മടക്കി കൊണ്ടുപോകുന്നൊര്, പള്ളിയുടെ ഓരങ്ങളിലിരുന്ന് ഭക്ഷണം പങ്കിട്ടു കഴിക്കുന്ന പെണ്ണുങ്ങൾ, ഏതോ സ്ത്രീ കുഞ്ഞിനായി കൊണ്ടുവന്ന ബലൂണുകൾ സ്വഫ്ഫിൽ ഇങ്ങനെ ഒഴുകി നടന്നപ്പോ ചിലരൊക്കെ അത് കൈ കൊണ്ടും കാൽ കൊണ്ടും തട്ടി കുലുങ്ങി ചിരിച്ചു.

ഹജറുൽ അസ്‌വദ് മുത്താൻ പോയപ്പോ തിരക്കിൽ പെട്ട് എന്റെ മുന്നിലുണ്ടായിരുന്ന രണ്ടു പെണ്ണുങ്ങളുടെ തലേലെ തട്ടം പോയി. ആരും വരെ ചീത്ത വിളിക്കുന്നത് കേട്ടില്ല. മറിച്ച് തൊട്ടു പിന്നിലുണ്ടായിരുന്ന എന്നോട് തിരക്കിൽ പെടല്ലേ എന്ന് പലരും ഉപദേശിച്ചു.

ചില പെണ്ണുങ്ങൾ പടച്ചോനെ വിളിച്ചു കരയുന്നതു കണ്ടിട്ട് നോക്കിയിരുന്നു പോയിട്ടുണ്ട്. അവരിങ്ങനെ വിതുമ്പി എണ്ണിപ്പെറുക്കി കരയുന്നതു കാണുമ്പോ മറ്റൊന്നിനെയും വകവെക്കാതെ കരയാനും പറ്റുന്നത് ഇവിടെയാണല്ലോ എന്നോർത്തു. മറ്റാരെയും പേടിക്കാതെ, മറ്റുള്ളതിനെ കുറിച്ചൊന്നും വേവലാതിപ്പെടാതെ അവർക്കിങ്ങനെ ഇരിക്കാൻ പറ്റുക ഹറമിൽ മാത്രമായിരിക്കും. ആയാസത്തിൽ ചാഞ്ഞും ചരിഞ്ഞും ഇരിക്കുന്നോര്.

ഉംറയുടെ യാത്ര പറയാൻ ചെന്നപ്പോ പാടൂർ ഉമ്മമാ, പത്യലയിലെ മൂത്തുമ്മ, ചാചിമ്മ അങ്ങനെ പലരും മദീനത്തു എത്തുമ്പോ നബിയോട് സലാമ് പറയാൻ ഏൽപ്പിച്ചിരുന്നു. അത് പറയുമ്പോ അവർക്കൊക്കെയും സങ്കടം വന്നു. കെട്ടിപ്പിടിച്ചു. ഉമ്മ വെച്ച്. ഏങ്ങിയേങ്ങി നബിയോട് ഞാൻ സലാമ് ഒക്കെ പറഞ്ഞോടിരുന്നപ്പോ തോന്നി, പടച്ചോനോട് മാത്രം മിണ്ടീം പറഞ്ഞിരിക്കാനും മുത്ത് നബിയെ കുറിച്ച് ഓർത്ത് ഓമനിക്കാനും പെണ്ണുങ്ങൾക്കെല്ലാം കഴിഞ്ഞത് അവിടെ പോയിട്ടായിരിക്കണം, ഖുർആനിന്റെയും അത്തറിന്റെയും മണമുള്ള പെണ്ണുങ്ങൾ.




Summary: ഒരു പെണ്ണിന്റെ ഉംറ യാത്രയിൽ കണ്ടുമുട്ടിയ അനവധി പെണ്ണുങ്ങളെക്കുറിച്ച്, ഹൃദയസ്പർശിയായ കുറിപ്പ്; നൗഷാബാ നാസ് എഴുതുന്നു.


നൗഷാബാ നാസ്

ഡിസാസ്ട്രർ മാനേജുമെന്റ് പ്രൊഫഷനൽ. പരിസ്ഥിതി പഠനം, സ്ത്രീ- സാംസ്കാരിക പഠനങ്ങൾ എന്നിവ നടത്തുന്നു. യാത്രകളിലും താൽപര്യം.

Comments