ശാന്തികുടി സരോജിനി: സ്വയം നൂറ്റ നൂലിൽ ജീവിതം അവസാനിപ്പിച്ച സ്വാതന്ത്ര്യസമരപോരാളി

ഏകാന്ത ജീവിതത്തിലെ മടുപ്പ്, സ്വാതന്ത്ര്യസമരസേനാനിയായിട്ടുകൂടി, സർക്കാരിന്റെ കണക്കിൽ സ്വാതന്ത്ര്യസമരസേനാനിയെന്ന വിളിപ്പേരു കേൾക്കാതെയുള്ള ജീവിതം. അതല്ലാതെ മറ്റൊരു കാരണം കാണുന്നില്ല ആർക്കും ആ ആത്മഹത്യയ്ക്ക് കാരണമായി. മരണത്തിനു മുമ്പ് അവർ എഴുതി: "എന്റെയീ കണ്ണുകളും ഹൃദയവും ജീവനുള്ളതെല്ലാം ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ അത് അവർക്ക് കൊടുക്കണം. ബാക്കി വരുന്ന എന്റെ ശരീരം കുട്ടികൾക്ക് പഠിക്കാൻ നൽകണം.''


സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളിൽ ശാന്തികുടി സരോജിനി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ പേര് കാണില്ല. പന്ത്രണ്ടാം വയസ്സിൽ ക്വിറ്റ് ഇന്ത്യാസമരഫണ്ടിലേക്ക് അരുണാ ആസിഫലിയുടെ കൈകളിലേക്ക് കാതിലെ തരിസ്വർണ്ണം സ്വന്തം ഇഷ്ടപ്രകാരം നൽകിയ കൊച്ചുപെൺകുട്ടി, പിന്നീട് സാമൂഹ്യസേവനത്തിൽ മുഴുകി സ്വന്തം ജീവിതം ജീവിക്കാൻ മറന്നുപോയ സ്ത്രീ, ഖാദി- ഹിന്ദി പ്രചരണത്തിൽ വ്യാപൃതയായിരുന്നപ്പോഴും രാജ്യംതന്നെ വീട് എന്നു കണക്കാക്കി, എല്ലാത്തിനുമൊടുവിൽ സ്വന്തം നൂറ്റനൂലുകൊണ്ട് തീർത്ത ഖാദിയിൽ കുരുക്കി ജീവിതംഅവസാനിപ്പിച്ച വൃദ്ധ. എന്നിട്ടും ആരും അറിയാതെ പോയി! ജയിൽവാസമനുഷ്ഠിച്ചില്ലെന്ന പേരിൽ സർക്കാരിന്റെ സ്വാതന്ത്ര്യസമരപ്പട്ടികയിൽ ഇടം കണ്ടെത്തുകയോ, പെൻഷൻ നൽകുകയോ ചെയ്തില്ല.

വിയോഗത്തിന് പതിനഞ്ചു വർഷം പിന്നിടുമ്പോഴും ആരും ആചരണങ്ങൾ കൊണ്ടോ ആ ജീവിതത്തെ പഠിക്കാൻ ശ്രമിച്ചില്ല. പഠിക്കാൻ ഏറെയുള്ള ആ ചരിത്രപാഠത്തെക്കുറിച്ച് ഈ ഗാന്ധിസ്മൃതി നാളുകളിലെങ്കിലും പറയാതെങ്ങനെ!

തൃശൂരിൽ ജനനം

തൃശ്ശൂർ കൂർക്കഞ്ചേരിയിലെ ഓച്ചനാട്ട് വേലായുധന്റെയും ദേവകിയുടെയും രണ്ടാമത്തെ മകളായി 1930ലാണ് ഒ.വി. സരോജിനിയുടെ ജനനം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലഘട്ടം. അഞ്ചാം വയസ്സിൽ ഗാന്ധിജിയെ ഒരുനോക്ക് കാണാൻ അവസരം ലഭിച്ചു- അതായിരുന്നു ഓർമ്മയുടെ തുടക്കമെന്ന് സരോജിനി പറയുമായിരുന്നു.
അമ്മ ദേവകിയുടെ മരണം ഏറെ തളർത്തിയിരുന്നു. സരോജിനി അസ്വാതന്ത്ര്യത്തിലേക്ക് പതുക്കെ നടന്നടുക്കുകയായിരുന്നു. തളയ്ക്കപ്പെട്ട മനസുമായി പഠനകാലം.

സ്വന്തം സ്വാതന്ത്ര്യത്തിലേക്ക്

സ്‌കൂളിൽ നിന്നും ഒന്നു രണ്ടു കിലോമീറ്ററുകൾ താണ്ടിവേണം വീട്ടിലെത്താൻ. വരുന്നത് തൃശൂർ റൗണ്ട് വഴി. ഒരു ദിവസം സ്‌കൂൾ വിട്ട് വരുന്ന വഴി മണികണ്ഠനാൽത്തറയ്ക്ക് സമീപം ഒരു ജനക്കൂട്ടം. വേദിയിൽ ഒരു സ്ത്രീ പ്രസംഗിക്കുന്നു. പുരുഷന്മാർതന്നെ വേദിയിൽ ഇരിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ഒരു സ്ത്രീ പ്രസംഗിക്കുന്നു. ആ കൗതുകക്കാഴ്ചയ്ക്ക് സാക്ഷിയാകാനായിരുന്നു ഒ.വി. സരോജിനി എന്ന പന്ത്രണ്ടുവയസുകാരി അവിടേക്ക് നീങ്ങിയത്. ക്വിറ്റ് ഇന്ത്യാ സമരഫണ്ട് ധനശേഖരണാർത്ഥം അരുണാ ആസഫലിയുടെ പ്രസംഗമായിരുന്നു അത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കുന്നതിനെക്കുറിച്ചുള്ള അരുണ ആസഫലിയുടെ പ്രസംഗം ആവേശത്തോടെതന്നെ സരോജിനിയും കേട്ടിരുന്നു.

സമരഫണ്ടിലേക്ക് ഓരോരുത്തർക്കും കഴിയുന്നത് നൽകി സഹകരിക്കണമെന്ന അപേക്ഷയോടെയാണ് അരുണ ആസഫലി പ്രസംഗം അവസാനിപ്പിച്ചത്. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ തനിക്കുചുറ്റും വലിഞ്ഞുമുറുകുന്നുവെന്ന് സരോജിനിക്കും തോന്നി. സ്വാതന്ത്ര്യത്തിനായി എന്തു നൽകുമെന്ന് ആലോചിച്ചുനോക്കി.
കാതിൽ ഓരോ തരി പൊന്ന്! ഏറെനാൾ കൊതിച്ച് വാങ്ങിക്കിട്ടിയ തരിപ്പൊന്ന്! സരോജിനി എന്ന ബാലിക നേരെ സ്‌റ്റേജിലേക്ക് കയറി. അരുണാ അസഫലിയുടെ മുന്നിലെത്തി കാതിലെ തരിപ്പൊന്ന് അഴിച്ച് ആ കൈകളിലേക്ക് കൊടുത്തു. ചുറ്റും കൂടിയിരുന്നവർ ഞെട്ടിയിരിക്കണം; ഓച്ചനാട്ട് വേലായുധന്റെ മോളല്ലേ അത് എന്നവർ ആശ്ചര്യപ്പെട്ടിരിക്കണം.

അരുണ ആസഫലി

അരുണാ ആസഫലി ആ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ മുത്തം നൽകി. സംഭാവനകൾ പിന്നെയും പലരും നൽകിയെങ്കിലും കണ്ടുനിന്നവരുടെയെല്ലാം മനസിൽ ഒരു പൊൻതിളക്കമായി സരോജിനി ആ വേദി വിട്ട് നടന്നു; കൈയ്യിൽ കുറച്ചു പുസ്തകങ്ങളും മനസു നിറയെ സന്തോഷവുമായി.
വീട്ടിലേക്കുള്ള വഴി സരോജിനി നടന്നത് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ ഇതാ നാം തയ്യാറായിരിക്കുന്നു എന്ന സന്തോഷത്തോടെയാണ്. സ്വാതന്ത്ര്യത്തോടെ പക്ഷികളും പൂമ്പാറ്റകളും ആ ബാലികയുടെ മുന്നിലൂടെ അപ്പോൾ പറന്നുപോയിരിക്കണം!

വീടിന്റെ പടി കടക്കുന്നതുവരെ മാത്രമേ ആ സന്തോഷം നിലനിന്നുള്ളു. വൈകിയെത്തിയതിന് രണ്ടാനമ്മയുടെ വക ശകാരം. കമ്മൽ കളഞ്ഞു വന്നതിന് വടിയെടുത്ത് അടിയും. കാലിൽ ചോര പൊടിഞ്ഞു. അപ്പോഴൊന്നും സരോജിനിയുടെ മനസ് വേദനിച്ചില്ല. പട്ടിണിക്കിട്ടു. അപ്പോഴും സരോജിനി കരഞ്ഞില്ല. നാളെയൊരുനാൾ ഈ വേദനയ്ക്ക് ഫലം കിട്ടും. അന്ന് രണ്ടാനമ്മയ്ക്കും സ്വാതന്ത്ര്യം കിട്ടും. പൊന്നിനേക്കാൾ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് നാളെ തിരുത്തിപ്പറയും. ആ പ്രതീക്ഷയിൽ സരോജിനി, ചെയ്ത പുണ്യത്തെക്കുറിച്ച് ആലോചിച്ച് സന്തോഷിച്ചു.

വീടുവിട്ടിറക്കം

മനസിൽ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങിക്കൊണ്ടിരുന്നു. സമയമായില്ലെന്നൊരു തോന്നൽ! മെട്രിക്കുലേഷൻ പാസായപ്പോഴേക്കും സ്വാതന്ത്ര്യസമരം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ആരോടും അനുവാദം ചോദിക്കാതെ സരോജിനി വീടുവിട്ടിറങ്ങി. അന്ന് വയസ് 16. ഗാന്ധിയൻ പാതയിലായിരുന്നു സഞ്ചാരം. സ്വാതന്ത്ര്യസമരം ഫലംകണ്ടെത്തിത്തുടങ്ങി. ഇന്ത്യ സ്വതന്ത്ര്യയായി.

തുടരുന്ന സാമൂഹ്യസേവനം

ഇന്ത്യ സ്വതന്ത്ര്യയായെങ്കിലും സരോജിനിയ്ക്ക് അടങ്ങിയിരിക്കാനായില്ല. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ഗാന്ധിയൻ രീതിയിൽ സാമൂഹ്യസേവനങ്ങളിലേർപ്പെട്ടു. സ്വതന്ത്ര്യ ഇന്ത്യയിൽ മാറുമറയ്ക്കാനോ പുറത്തിറങ്ങാനോ തയ്യാറാകാതിരുന്ന സ്ത്രീകൾക്ക് പ്രചോദനമായി സരോജിനി ഉത്തരേന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. അതിനിടയിൽ ഇൻഡോറിലെ കസ്തൂർബാ കേന്ദ്രത്തിൽ പഠനം പുനരാരംഭിച്ചു. അതോടൊപ്പംതന്നെ കാടും മലകളും താണ്ടി പാവപ്പെട്ട ഗിരിജനങ്ങൾക്ക് മാറ് മറയ്ക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കി. പരിസരശുചിത്വത്തിൽ പങ്കാളിയായി അവരെ സ്വയംപര്യാപ്തരാക്കി. വീട് വയ്ക്കാനും തോടുകളുണ്ടാക്കാനും അവർക്കൊപ്പം കൂടി. ഖാദി- ഹിന്ദി പ്രചാരണം സ്വാശ്രയശീലം വളർത്തൽ, ആതുരശുശ്രൂഷ തുടങ്ങിയ ഗാന്ധിജിയുടെ പതിനെട്ടിന കർമ്മപരിപാടികൾ പ്രാവർത്തികമാക്കുകയായിരുന്നു ലക്ഷ്യം.

ശാന്തികുടി സരോജിനി

കെ.പി. മാധവൻ നായരുടെ അഭ്യർത്ഥന പ്രകാരമാണ് സരോജിനി ഗാന്ധി സ്മാരകനിധിയിലും കേളപ്പജിയുടെ ശാന്തികുടീരത്തിലും സേവനമനുഷ്ഠിക്കുന്നത്. തളരാത്ത മനസുമായി സാമൂഹ്യസേവനത്തിൽ സരോജിനി വ്യാപൃതയായി. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമരങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റു വരിച്ചു. വിനോഭാജിയോടൊപ്പം ഭൂദാന പദയാത്രയിൽ പങ്കെടുത്തു.

തൃശൂർ വടൂക്കരയിൽ ഭാഗംവച്ചു കിട്ടിയ ഭൂമിയിൽ രണ്ടര സെന്റ് ഒഴികെ ബാക്കിയെല്ലാം ദാനം ചെയ്തു. രണ്ടര സെന്റിൽ ശാന്തികുടീരം പണിത് ഗാന്ധീയൻ ദർശനങ്ങളുടെ പ്രചരണങ്ങളിൽ മുഴുകി.

ജീവിതം പകുത്ത്...

ജീവിതയാത്രയിൽ തനിച്ചായിപ്പോയ സരോജിനി ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു. പേര് സുധീര. അവൾക്കും വേണ്ടിയായി ജീവിതം. 1975ൽ മികച്ച സാമൂഹ്യപ്രവർത്തകയ്ക്കുള്ള കസ്തൂർബാ ട്രസ്റ്റിന്റെ അവാർഡ് കിട്ടുമ്പോൾ അത് ഒരാശ്വാസമായിരുന്നു ആ അമ്മയ്ക്കും മകൾക്കും. പ്രതിമാസം 45 രൂപ കിട്ടും. അതുകൊണ്ട് ആ രണ്ടുവയറുകളും പാതി നിറയ്ക്കാം.

എടുത്തുവളർത്തിയ സുധീരയെന്ന മകൾ പാതിവഴിയിൽ വസൂരിക്ക് കീഴടങ്ങി, സരോജിനിയെ തനിച്ചാക്കി പോയപ്പോൾ സരോജിനി വീണ്ടും ഏകയായി. ആ ദുഃഖങ്ങൾ എന്നും അവരുടെ മുഖത്തുണ്ടായിരുന്നു. സ്വന്തം നൂൽ നൂറ്റ് ഗാന്ധിയൻ ആദർശനങ്ങൾ പ്രചരിപ്പിച്ചു.

മകളെ തേടി

തൃശൂർ വടൂക്കരയിലെ ശാന്തികുടീരത്തിൽ സ്വയം നൂൽ നൂറ്റ് ജീവിതം നെയ്യുന്നതിനിടെയാണ് പത്രത്തിൽ വന്ന ഒരു ഫോട്ടോയിൽ കണ്ണുടക്കിയത്. സുധീര എന്ന പേരും ചിത്രവും! നഷ്ടപ്പെട്ട മകളുടേതുപോലൊരു മുഖം! അതേ പേരും! പിന്നെ അന്വേഷണമായി.
പിറ്റേദിവസം രാവിലെ സരോജിനി തൃശൂരിൽനിന്നും വണ്ടി കയറി, നേരെ കോഴിക്കോട്ടേക്ക്. കോഴിക്കോട് ബിലാത്തിക്കുളത്തെ വീടിന്റെ വാതിലിൽ മുട്ടിവിളിച്ചു. വാതിൽ തുറന്നത് സാഹിത്യകാരി കെ.പി. സുധീര!
തലേന്നു പത്രത്തിൽ പേരും ഫോട്ടോയും കണ്ടതും വസൂരി വന്നു മരിച്ച വളർത്തുപുത്രി സുധീരയെക്കുറിച്ചും പറഞ്ഞു. ഒരു സ്‌നേഹബന്ധം അവിടെ തുറക്കുകയായിരുന്നു. പിന്നീട് കത്തുകളിലൂടെ അവർ നിരന്തരം ബന്ധപ്പെട്ടു.

സ്വാതന്ത്ര്യസമരപ്പോരാളിയല്ലെന്ന്!

ഗാന്ധിപ്രചരണവുമായി തൃശൂരിൽ നിൽക്കുന്ന കാലത്ത് ജീവിതം വഴിമുട്ടി. സ്വയം നൂൽ നൂറ്റുണ്ടാക്കുന്ന വസ്ത്രം മാത്രം ധരിച്ച സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതം അർദ്ധപ്പട്ടിണിയിലേക്കും മുഴപ്പട്ടിണിയിലേക്കും നീങ്ങി. എങ്കിലും ആരുടെയും മുന്നിൽ കൈനീട്ടാൻ മനസ് അനുവദിച്ചില്ല.

ശാന്തികുടി സരോജിനി

ഈ കാലത്താണ് സ്വാതന്ത്ര്യസമരപെൻഷനെക്കുറിച്ച് ചിന്തിച്ചത്. പെൻഷന് അപേക്ഷ നൽകിയെങ്കിലും, നിരവധിതവണ പല ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും, ശാന്തികുടി സരോജിനിയുടെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ ""മുട്ടിത്തളർന്നിട്ടും തുറന്നില്ല വാതായനം''.
ജയിൽവാസം അനുഷ്ഠിച്ചില്ലെന്നു പറഞ്ഞ് പെൻഷൻ തഴയപ്പെട്ടു. പെൻഷൻ കിട്ടുമെന്നു കരുതിയായിരുന്നില്ല സ്വാതന്ത്ര്യസമരത്തിൽ സരോജിനി പങ്കെടുത്തത്. പെൻഷൻ കിട്ടിയില്ലെങ്കിലും, പട്ടിണി കിടന്ന് മരിക്കേണ്ടിവരികയാണെങ്കിലും ഗാന്ധിദർശനങ്ങളിൽ മുഴുകി ജീവിക്കുകയാണ് ജീവിതമെന്ന് ശാന്തികുടി സരോജിനി തീരുമാനിച്ചു.

തുഞ്ചന്റെ മണ്ണിലേക്ക്...

ഗാന്ധിയൻ പ്രകൃതിചികിത്സാലയം സാരഥി ഡോ. രാധാകൃഷ്ണന്റെ സഹായത്താലാണ് ശാന്തികുടി സരോജിനി തൃശൂരിൽ നിന്നും തിരൂരിലേക്ക് എത്തുന്നത്. ഏഴൂർ പുഴയുടെ തീരത്ത് അഭിനവ ശാന്തികുടീരം സ്ഥാപിക്കാനുള്ള സഹായവും ലഭിച്ചു. അവിടത്തെ ഏകാന്തജീവിതത്തിന് വെളിച്ചമേകിയത് ഗാന്ധിദർശനങ്ങൾ തന്നെയായിരുന്നുവെന്ന് ശാന്തികുടി സരോജിനി ഒരിക്കൽ പറഞ്ഞിരുന്നു. നൂൽ നൂറ്റ് വസ്ത്രങ്ങൾ നെയ്ത് എഴുത്തും വായനയുമായി തിരൂരിലെ ശാന്തികുടീരത്തിൽ അവർ ജീവിച്ചു.

പ്രിയപ്പെട്ട സുധീരമോൾക്ക്...

""പ്രിയപ്പെട്ട സുധീരമോൾക്ക്, വർഷങ്ങൾക്കുശേഷം അമ്മ മോൾക്ക് എഴുതുകയാണ്. വളരെ നാളായിട്ടു മോളെ കണ്ണിൽ കാണുന്നു. എന്തുകൊണ്ടോ അതു തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഒന്നു കാണാൻ എന്തോ.... മനം പിടയ്ക്കുന്നു... അതിനുള്ള പോംവഴി? നിശ്ചയമില്ല കുട്ടീ... കാണണമെന്നുമാത്രം... എന്ന് സ്വന്തം അമ്മ.''

തിരൂരിലെ ഏകാന്തവാസത്തിനിടയിൽ, വിരസമായ ഏതോ നിമിഷത്തിൽ എഴുതിക്കുറിച്ച ഒരു പോസ്റ്റ് കാർഡ്! കെ.പി. സുധീരയ്ക്ക് ആ പോസ്റ്റ് കാർഡ് കിട്ടിയത് 2007 ജനുവരിയിലായിരുന്നു. ഫെബ്രുവരി ഒമ്പതിന് തിരുന്നാവായവരെ ഒന്നു പോകണം. അന്നാകാം കൂടിക്കാഴ്ച എന്ന് കെ.പി. സുധീരയും തീരുമാനിച്ചു.

2007 ഫെബ്രുവരി എട്ട്

2007 ഫെബ്രുവരി എട്ടിന് ശാന്തികുടി സരോജിനി ഒരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. നാളെയാണ് തിരുന്നാവായിൽ സർവോദയ മേള. ഗാന്ധിയന്മാരെല്ലാം ഒത്തുകൂടും. കസ്തൂർബാ ട്രസ്റ്റിന്റെ അലവൻസ് തുക വൈകിയാണെങ്കിലും കിട്ടിയിട്ടുണ്ട്. യാത്രയ്ക്കുള്ള ചെലവിനെടുക്കാം.

2007 ഫെബ്രുവരി ഒമ്പത്

തിരുന്നാവായ മണപ്പുറത്തേക്ക് ഗാന്ധിയന്മാർ എത്തിത്തുടങ്ങി. വിഷയാവതരണത്തിനായി കെ.പി. സുധീരയും എത്തിയിട്ടുണ്ട്. സർവോദയമേളയുടെ തിരക്കുകളിൽ ആ അമ്മയെ മകൾ അന്വേഷിച്ചു. പക്ഷേ, കണ്ടെത്തിയില്ല. വിഷയാവതരണത്തിനായി സുധീരയെ ക്ഷണിച്ചു. പെട്ടെന്ന് ആരോ അടുത്തുവന്നു പറഞ്ഞു: ""നമ്മുടെ ശാന്തികുടി സരോജിനിയമ്മ മരിച്ചുപോയി... ആത്മഹത്യയായിരുന്നു...!!''

വെളിച്ചം അണഞ്ഞു

ശാന്തികുടിയിലെ വെളിച്ചം ഇല്ലാതായി. ഏകാന്തമായ ആ ജീവിതം മണ്ണിനോട് ചേരാൻ വെമ്പൽകൊണ്ടു. ഏകാന്ത ജീവിതത്തിലെ മടുപ്പ്, സ്വാതന്ത്ര്യസമരസേനാനിയായിട്ടുകൂടി, സർക്കാരിന്റെ കണക്കിൽ സ്വാതന്ത്ര്യസമരസേനാനിയെന്ന വിളിപ്പേരു കേൾക്കാതെയുള്ള ജീവിതം. അതല്ലാതെ മറ്റൊരു കാരണം കാണുന്നില്ല ആർക്കും ആ ആത്മഹത്യയ്ക്ക് കാരണമായി. മരണത്തിനു മുമ്പ് അവർ എഴുതി: ""എന്റെയീ കണ്ണുകളും ഹൃദയവും ജീവനുള്ളതെല്ലാം ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ അത് അവർക്ക് കൊടുക്കണം. ബാക്കി വരുന്ന എന്റെ ശരീരം കുട്ടികൾക്ക് പഠിക്കാൻ നൽകണം.''

ബാക്കിവച്ച സ്വപ്‌നങ്ങൾ

ശാന്തികുടി ഗാന്ധിസ്മാരകമാക്കണമെന്നായിരുന്നു ശാന്തികുടി സരോജിനിയുടെ ആഗ്രഹം. എന്നാൽ പിന്നീട് ശാന്തികുടി അംഗൻവാടിയാക്കി. (അത്രയെങ്കിലും ആശ്വാസം!) കണ്ണുകളും ഹൃദയവും ദാനം ചെയ്യണമെന്ന ആഗ്രഹം നടന്നില്ല. ശരീരം പഠനത്തിനായി നൽകണമെന്ന ആഗ്രഹം സർക്കാരിന്റെ ചുവപ്പുനാടയിൽപ്പെട്ട് കത്തിക്കരിഞ്ഞുപോയി.
സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളിൽ ഇടം നേടിയില്ലെങ്കിലും സ്വന്തം ജീവിതത്തിലെ ഗാന്ധിയൻ ആശയങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ശാന്തികുടി സരോജിനി സ്വന്തം നൂറ്റ നൂലാൽ തീർത്ത ഖദർമുണ്ടിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

പന്ത്രണ്ടാം വയസിൽ സ്വാതന്ത്ര്യസമരത്തിനായി ആകെയുണ്ടായിരുന്ന പൊൻതരി നൽകാൻ തോന്നിയ മനസിനെ, രാഷ്ട്രത്തിനായി സമർപ്പിക്കാൻ തോന്നിയ ജീവിതത്തെ, ഗാന്ധിയൻ ആശയങ്ങൾക്കായി ജീവിച്ച ശാന്തികുടി സരോജിനിയെ ഇന്നെങ്കിലും പ്രചോദനത്തിന്റെ വെളിച്ചമായി പുതുതലമുറ അറിയട്ടെ!

Comments