റിമ കല്ലിങ്കൽ / Photo : rimakallingal, instagram

നഗ്​നമാകുന്ന, വെളിപ്പെടുത്തുന്ന സ്​ത്രീശരീരം

നടി റിമയുടെ പാവാടയിറക്കം വരെ എത്തി നിൽക്കുന്ന സദാചാരച്ചർച്ചകളിൽ അവഗണിക്കപ്പെടുന്നത് സ്ത്രീയുടെ സ്വശരീരത്തിൻ മേലുള്ള ഇച്ഛാധികാരമാണ്. സ്​ത്രീശരീരങ്ങൾക്കുമേൽ വസ്​ത്രധാരണത്തിന്റെ കാമനകൾ ഇടപെടുന്ന രീതികളെക്കുറിച്ച്​ ഒരു വിശലകനം.

മീപകാലത്ത്​ ഏറെ രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെട്ട ഹിജാബ്, അമ്പതിലേറെക്കൊല്ലമായി ചർച്ചചെയ്യുന്ന ഏറെക്കുറെ പൊതുവായിത്തീർന്ന സ്ത്രീ വസ്ത്രമായ സാരി - ഇവ രണ്ടും നോക്കുമ്പോഴേ മനസ്സിലാകുന്നത്, വസ്ത്രത്തിന്റെ മറയ്ക്കലും വെളിപ്പെടുത്തലുമുൾപ്പെടുന്ന സാംസ്‌കാരിക ചർച്ചകൾ ഉന്നം വെയ്ക്കുന്നത്​ ദുർബല വിഭാഗങ്ങളെയാണ് എന്നതാണ്. ജനാധിപത്യവാദികളെ സംബന്ധിച്ച്​ ദുർബല വിഭാഗങ്ങളുടെ സാമൂഹികനീതി ഉറപ്പാക്കലാണ് പ്രധാനം. സാമൂഹിക നീതിയുടെയും നടപ്പു ദൈനംദിനങ്ങളുടെയും അപ്പുറത്ത് വസ്ത്രത്തിന്റെ കാമനാപരമായ ഇച്ഛാധികാരം എന്നത്​ നിൽക്കുന്നുണ്ട്. നടി റിമയുടെ പാവാടയിറക്കം വരെ എത്തി നിൽക്കുന്ന സദാചാരച്ചർച്ചകളിലും എല്ലാം അവഗണിക്കപ്പെടുന്നത് സ്ത്രീയുടെ സ്വശരീരത്തിൻ മേലുള്ള ഇച്ഛാധികാരമാണ്.

ഇച്ഛാധികാരം

കാമനകൾ സർവതന്ത്ര സ്വതന്ത്രമല്ലെന്നു വാദിക്കുമ്പോഴും അവയുടെ അനിശ്ചിതവും അനിയന്ത്രിതവും സമർത്ഥനപരവുമായ സ്വത്വമാനങ്ങൾ നാം കാണാതിരുന്നുകൂടാ. സാമൂഹിക ചലനങ്ങൾക്കനുരോധമായല്ല കാമനകൾ പ്രവർത്തിക്കുക, ഒരുപക്ഷേ അവയക്കെതിരായിപ്പോലുമായിരിക്കാം. ഓരോരുത്തരിലും വൈയക്തികമായ സാധ്യതകളെ വ്യതിരിക്തമായി നിലനിർത്തിത്തന്നെയാണ് വസ്ത്രധാരണത്തിന്റെ കാമനകൾ പ്രവർത്തിക്കുന്നത്. സാരിത്തുമ്പും മുണ്ടിൻകരയും മുതൽ ഷൂ ലേസ് വരെ പ്രവർത്തിക്കുന്ന ഇച്ഛാധികാരത്തെ നാം കാണേണ്ടതുണ്ട്. അത്​ അവരവരുടെ ശരീരത്തിനുമേൽ അവരവർക്കുള്ളതിനേക്കാൾ അധികാരം ഇച്ഛകൾക്കാണെന്നു തന്നെയാണ് അർത്ഥമാക്കുന്നത്!

രാജ്യന്തര കൊച്ചി റീജിയണൽ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ നിന്ന് / Photo : IFFK Official, FB Page

സിസ്റ്റർ മേരി ബനീഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ എഴുതിയ കണ്ണാടിക്കൂട്ടിൽ എന്ന കവിത വസ്ത്രവുമായി ബന്ധപ്പെട്ട ചില രസകരമായ ചർച്ചകൾ പങ്കുവയ്ക്കുന്നുണ്ട്. വസ്ത്രച്ചർച്ച അവർ പിന്നീട് ഖദറിലേക്കും കൊണ്ടുപോകുന്ന കൗതുകം രണ്ട് പേജ് വരുന്ന ആ കവിതയിൽ കാണാം. കവിതയിലെ നായികയായ കോളേജുകുമാരി ലില്ലി സുതാര്യമായ, ഒഴുകുന്ന പുതുതരം പരിഷ്‌കാര സാരിയുടുത്തപ്പോൾ ആകെ പുകിലായി.

‘‘വയറൊന്നു മൂടിക്കെട്ടാൻ കുറച്ചു വല്ലതും കൂടി കൊടുക്കൂ കുഞ്ഞേ വഴങ്ങില കാണുമല്ലോ പറമ്പിൽ, നീ ചെന്നു നോക്കൂ''
എന്നു മുത്തച്ഛനും‘‘അധികപ്രസംഗീ, നിന്റെ പെട്ടിക്കകത്തില്ലേ നല്ല ഖദർസാരി?''
എന്ന് പിതാവും മുഖം കനപ്പിച്ചു.

‘‘പല്ലിറുമ്മിച്ചോദിച്ചു താതൻ എടുക്കടീയതുതന്നെ യുടുത്തു കോളേജിൽ പോയ് പഠിക്കണം പറഞ്ഞതു ഞാനാണെന്നോർക്കൂ കനത്ത നിൻ തന്നിഷ്ടത്തി- ന്നൊരു ശിക്ഷ ഖദറെന്യേ നിനക്കൊരു വസ്ത്രം മേലാൽ തരികില്ല ഞാൻ''
എന്നിട്ടും അരിശം തീരാതെ അദ്ദേഹം അകത്ത് ചെന്ന് അമ്മയെയും മകളെയും കണക്കറ്റ് ശകാരിച്ചു. മകളുടെ സാരിയെടുത്ത് അടുപ്പിലുമിട്ടു. (ബനീഞ്ഞാക്കവിതകൾ, ഡി.സി ബുക്‌സ്, കോട്ടയം, 1997).

Photo : Muhammed Hanan Ak

വയറ് മൂടിക്കെട്ടാത്ത, സാരിയുടുത്ത ലില്ലിയെ ‘നന്നാക്കാ'നായി ഖദറാണ് ഇവിടെ ഉപയോഗിക്കുന്നതെന്നു ശ്രദ്ധേയം. കാമനകൾക്കു നേരെയുള്ള ദേശരാഷ്ട്രപരമായ അച്ചടക്ക, ശാസക ദണ്ഡായി ഖദർ കടന്നുവരികയാണ്. സമാന സന്ദർഭം മാധവിക്കുട്ടിയുടെ ‘മീനാക്ഷിയമ്മയുടെ മരണ'ത്തിലും കാണാം. സാരി മാറി സ്ത്രീവേഷമായി പരക്കെ ചുരിദാർ കടന്നുവന്നപ്പോഴും മുസ്​ലിം വേഷമാണെന്നും അശ്ലീലമാണെന്നുമൊക്കെയുള്ള ആരോപണങ്ങളുണ്ടായിരുന്നു. സാരിയെ അപേക്ഷിച്ച്​ രണ്ടു കാലുകളും ഒരൊറ്റ വലയത്തിലെന്ന വണ്ണം നിർത്തുന്നതിനു പകരം രണ്ടാക്കി ചലനസൗകര്യമേറിയവിധം ദൃശ്യതപ്പെട്ടതാണ് പലർക്കും കുരുപൊട്ടാൻ കാരണം. എന്തായാലും ചുരിദാറിന്റെ കടന്നുവരവോടെ ചരിത്രത്തിലാദ്യമായി മലയാളിസ്ത്രീകൾ രണ്ടുകാലുകളുള്ള മനുഷ്യജീവികളായി മാറി. (ചുരിദാറിന്റെ വിപ്ലവമാറ്റങ്ങൾ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 2010 ജനുവരി 31)

ശരീരത്തിനും ചര്യകൾക്കുമേലുമുള്ള സ്വന്തമായ നിർവാഹകശേഷി എന്നത്​എല്ലാവർക്കുമില്ല, ചില കല്പിത സ്വത്വങ്ങൾക്കു മാത്രമാണെന്നു വരുന്നു! ഇതു കൃത്യമായും നിലനിൽക്കുന്ന ലിംഗാധികാരത്തിന്റെ സാധൂകരണമാണ്.

ഹിജാബും ഖദറും

വിധേയരുടെ തെരഞ്ഞടുക്കാനുള്ള അവകാശ (ചോയ്‌സ്) ത്തിനു മുകളിൽ വരുന്ന കയ്യേറലാണീ ആഖ്യാനങ്ങളിലെ പ്രശ്‌നം. ഇപ്പോൾ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായിരിക്കുന്ന ഹിജാബിന്റെ കാര്യത്തിലാകട്ടെ കൂടുതൽ രൂക്ഷമായ പൗരാധികാരവും വെല്ലുവിളിക്കപ്പെടുന്നുണ്ട്. മറയ്ക്കൽ എന്നത് എത്രത്തോളമാകാം, ആർക്കൊക്കെയാകാം എന്നതിന്റെയൊക്കെ നിയന്ത്രണ കർതൃത്വം മറ്റാരോ ഏറ്റെടുക്കുന്നു. പക്ഷേ, അവതരിപ്പിക്കപ്പെടുന്നത് മറിച്ചാണ്- മുസ്​ലിം സ്ത്രീയെ സംബന്ധിച്ച പൊതുബോധ ചർച്ചകളിൽ എല്ലായ്‌പ്പോഴും വില്ലനായി വരുന്ന മുസ്​ലിം പുരുഷനോ മതപൗരോഹിത്യമോ തന്നെയാണ് പർദ്ദയുടെയും ഹിജാബിന്റെയും ഉത്തരവാദിയായി ചിത്രീകരിക്കപ്പെടുന്നതും.

ശരീരത്തിനും ചര്യകൾക്കുമേലുമുള്ള സ്വന്തമായ നിർവാഹകശേഷി എന്നത്​എല്ലാവർക്കുമില്ല, ചില കല്പിത സ്വത്വങ്ങൾക്കു മാത്രമാണെന്നു വരുന്നു! ഇതു കൃത്യമായും നിലനിൽക്കുന്ന ലിംഗാധികാരത്തിന്റെ സാധൂകരണമാണ്. മുസ്​ലിം സ്ത്രീക്ക് അവരുടെ വസ്ത്രം തിരഞ്ഞെടുക്കാൻ ഏജൻസി അനുവദിക്കാത്ത ‘പുരോഗമനകാരി' പുരുഷൻ, പാന്റും ഷർട്ടും ധരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെ ഏജൻസിയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. അതിലെ പാശ്ചാത്യ സ്വാധീനമോ വരേണ്യബോധമോ എടുത്തു പറയപ്പെടാറില്ല തന്നെ.

പൗരത്വ ഭദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന സമരത്തിൽ നിന്ന് / Photo : Shaheen Bagh, FB Page

സ്ത്രീകളടക്കമുള്ള വിഭാഗങ്ങളുടെ ഏജൻസിയെ നിഷേധിക്കുന്നത് പുതിയ കാര്യമല്ല, ദേശീയപ്രസ്ഥാനത്തോളം നീളുന്ന വേരുകളുണ്ട് അതിന്.
ത്യാഗത്തെ കാമനകളുടെ വിപരീത ദ്വന്ദ്വമാക്കി നിർത്തിക്കൊണ്ടും കൂടിയല്ലേ ദേശീയപ്രസ്ഥാനം ആദർശവൽക്കരിക്കപ്പെട്ടത്? മാധവിക്കുട്ടിയുടെ കഥയിലെ മരിക്കാൻ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുൻ സ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും രോഗിണിയുമായ വൃദ്ധ, കൗമാരം തൊട്ടേ ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടയായി ഖദർ മാത്രം ധരിക്കുന്നയാളാണ്. ഗാന്ധിജി ഗുരുവായൂരു തൊഴാൻ വന്നപ്പോൾ തന്റെ സ്വർണം മുഴുവൻ ഊരിക്കൊടുത്തവർ. പിന്നീട് ആഭരണങ്ങൾ ധരിച്ചിട്ടില്ല. എന്നാൽ മരണസമയത്ത് ദയനീയമായി ഞെരങ്ങിക്കൊണ്ട് അവർ വെളിവാക്കുന്ന അന്ത്യഭിലാഷം പച്ചപ്പട്ടു ബ്ലൗസും പാലയ്ക്കാ മോതിരവും അണിയണം എന്നാണ്! എന്നാൽ കേട്ടുനിന്നവരുടെ മനസ്സിലാക്കലിൽ അതു പിച്ചും പേയും മാത്രമാണ്! ചിലപ്പോൾ പച്ചനിറമുള്ള ദേശീയപതാകയെ ഓർത്തതാവാമെന്നാണ് ഉറ്റ സഹോദരന്റെ പോലും അഭിപ്രായം! മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ലത്രേ! അവരുടെ നോട്ടത്തിൽ ഗാന്ധിജിയുടെ ചിത്രം കാണാനോ ‘രഘുപതിരാഘവ' കേൾക്കാനോ ത്രിവർണപതാക കാണാനോ ഒക്കെയേ മീനാക്ഷിയമ്മ താല്പര്യപ്പെടുകയുള്ളൂ. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവർത്തിക്കുകയോ ചെയ്യാതെ അവർ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരൽ, സ്ത്രൈണതയെ ഇല്ലായ്മ ചെയ്തുകൊണ്ടു മാത്രമാണോ സാധ്യമാകുക എന്നതാണിവിടെ ഉയർന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകൾക്കു ദേശീയപുരോഗതിയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്ര കർതൃത്വം ഒഴിവാക്കുന്നതിലൂടെയാണെന്നോ? ഏറെ കൊണ്ടാടപ്പെട്ട കൗമുദി ടീച്ചറുടെയും ഇന്ദിരാമ്മയുടെയും മറ്റു പല സ്ത്രീകളുടെയും ജീവിതങ്ങൾ ഓർക്കുക!

Photo : IFFK Official, fb page

സ്ത്രീയുടെ ശരീരത്തിന്റെ രൂപസംവിധാനം ശരീരത്തിന്റെ ഉടമയിൽ നിന്ന്​അടർത്തിമാറ്റി പൂർണമായും മൂല്യബദ്ധമാക്കി സാമാന്യവൽക്കരിച്ചും സത്താവൽക്കരിച്ചുമാണ് പുരുഷാധിപത്യം നിരന്തരമായി അതിന്റെ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. എത്രത്തോളം മറയ്ക്കാം, എത്രയ്ക്കു വെളിപ്പെടാം എന്നതിന്റെ യുക്തി എപ്പോഴും ഈ മൗലികവാദ വിധിക്കു വിധേയമാണ്. കേരളത്തിലെ സുപ്രസിദ്ധമായ മാറുമറയക്കൽ സമരത്തിന്റെ വിവിധ സന്ദർഭങ്ങൾ ശ്രദ്ധിച്ചാൽ എത്രത്തോളം വ്യവഹാരങ്ങളാണ് സ്ത്രീയുടെ മാറിടമെന്ന ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചു നടന്നതെന്നു മനസ്സിലാവും. ഫ്യൂഡൽ കാലഘട്ടത്തിലെ ആചാര ശൈലികളും ശാരീരികമായ അന്തസ്സും ജാതിപദവിയും ആധുനികഘട്ടത്തിലെ ലിംഗകേന്ദ്രിതത്വവും അങ്ങനെ സാംസ്‌കാരികമായ പല ഘടകങ്ങൾ കയറിയിറങ്ങുന്ന ഒന്നായി അതു മാറി.

നഗ്‌നത ഒരു സാമൂഹിക നിർമിതിയാണ്

നഗ്‌നത ഓരോ സമൂഹങ്ങളിലും ഓരോ സന്ദർഭങ്ങളിലും വ്യത്യസ്തമായ സാംസ്‌കാരികാർത്ഥങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. മാറുമറയ്ക്കുന്നതു ഒരു പുതിയ രീതിയായി അതു അന്തസ്സിന്റെയും സഭ്യതയുടെയും വിഷയമായി രൂപപ്പെടുന്നതുവരെയുള്ള കാലം ചരിത്രകൃതികളും ഓർമക്കുറിപ്പുകളും ശ്രദ്ധിച്ചാൽ മാറിടത്തിന്റെ നഗ്‌നത എത്ര സ്വാഭാവികവും സഹജവുമായാണ് നാം കണ്ടിരുന്നതെന്നു മനസ്സിലാകും. മറയ്ക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് അതിൽ നിശ്ചിത മൂല്യങ്ങൾ രൂപപ്പെടുന്നതും ഉറയ്ക്കുന്നതും. അതുവരെ പഴയമൂല്യങ്ങളിലേക്കും രൂപപ്പെട്ടുവരുന്ന പുതിയ മൂല്യങ്ങളിലേക്കു സന്ദർഭാനുസരണം ചഞ്ചലപ്പെട്ടു നീങ്ങുകയാണ് ശരീരങ്ങൾ ചെയ്യുന്നത്. തന്റെ ഇല്ലത്തു പണിക്കു വന്നിരുന്ന സ്ത്രീകൾ ബ്ലൗസൂരിയശേഷമാണ് അകത്തു കയറുന്നതെന്നും പണികഴിഞ്ഞു പുറത്തേക്കു പോകുമ്പോഴാണ് പിന്നെ ബ്ലൗസിടാറുള്ളതെന്നും കാണിപ്പയ്യൂർ ‘എന്റെ സ്മരണകളി'ൽ പറയുന്നുണ്ട്. മാന്യന്മാരുടെ സമീപത്ത്​ സ്ത്രീകൾ റൗക്ക ധരിച്ചോ മാറുമറച്ചോ നിൽക്കുന്നത് അഹങ്കാരമായാണ്​ കണ്ടിരുന്നത്. ബഹുമാന്യരായവരെ കണ്ടാലുടൻ ബ്ലൗസോ മേൽ മുണ്ടോ എടുത്ത്​ കക്ഷത്തിൽ തിരുകുകയാണത്രേ ചെയ്യുക. കെ.പി.എസ്. മേനോനും പി. ഭാസ്‌കരനുണ്ണിയും മറ്റും സമാന സംഭവങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. മിസിസ്​ കണ്ണൻ നായരും, താൻ കേരളം വിട്ട്​ പരദേശത്തു താമസിക്കുമ്പോൾ റൗക്കയും മേൽമുണ്ടും ധരിച്ചിരുന്നുവെന്നും അതിനാൽ ആക്ഷേപങ്ങൾ സഹിക്കേണ്ടിവന്നിട്ടില്ലെന്നും പറയുന്നു. അവിടെയുള്ളവർ കേരളത്തിലെ രീതിയെ വളരെ അവജ്ഞയോടെ നോക്കിക്കണ്ടതിനെക്കുറിച്ചും അവർ പറയുന്നുണ്ട്.

സാരി ‘അടക്കമൊതുക്ക'ത്തിന്റെയും പക്വതയുടെയും ചിലപ്പോൾ അധികാര പദവിയുടെയും വേഷമായി പൊതുബോധം സ്വീകരിക്കുമ്പോഴും അല്പാൽപമായ നഗ്‌നതയുടെ പ്രശ്‌നം അതിൽ മുങ്ങിപ്പോകാറാണ് പതിവ്.

നഗ്‌നതയും സത്താവാദ സമീപനങ്ങളും

‘ദേശാടനക്കിളി കരയാറില്ല' എന്ന സിനിമയിൽ രസകരമായ ഒരു രംഗമുണ്ട്. കാർത്തികയും ശാരിയും തകർത്തഭിനയിച്ച ചിത്രം. ഒരാൾ ശാലീന, മറ്റേയാൾ ഫ്രീക്കത്തി. ചുരിദാർ അത്ര നല്ല വേഷമല്ലെന്നും സാരിയാണ് അന്തസ്സുള്ളതന്നും പറയുമ്പോൾ ചുരിദാർ എല്ലാ ഭാഗവും മൂടുന്നതാണെന്നും സാരിയാവട്ടെ അവിടവിടെ പലഭാഗവും തുറന്നു കാണിക്കുന്നതാണെന്നും ശാരി വാദിക്കുന്നുണ്ട്. സാരി ‘അടക്കമൊതുക്ക'ത്തിന്റെയും പക്വതയുടെയും ചിലപ്പോൾ അധികാര പദവിയുടെയും വേഷമായി പൊതുബോധം സ്വീകരിക്കുമ്പോഴും അല്പാൽപമായ നഗ്‌നതയുടെ പ്രശ്‌നം അതിൽ മുങ്ങിപ്പോകാറാണ് പതിവ്. എല്ലാവരും തന്നെ മുഖാവരണം ധരിക്കുന്ന പുതിയ കാലത്ത് നഗ്‌നതയും മറയ്ക്ക​ലും സംബന്ധിച്ച വാദങ്ങളുടെ വൈരുദ്ധ്യം കൂടുതൽ ബോദ്ധ്യപ്പെടും.

ഇസ്​ലാമിക സ്ത്രീവാദ ചിന്തകയായ ഉമ്മുൽ ഫായിസ എഴുതിയ ലേഖനം നിഖാബും മുഖാമുഖമുള്ള ആശയവിനിമയവും തമ്മിലുള്ള ബന്ധത്തെ പറ്റി സൂക്ഷമമായ ചില നിലപാടുകൾ തുറന്നിടുന്നുണ്ട്. ഫായിസ എഴുതുന്നു: ‘‘മുഖം അദൃശ്യമാകുന്നുവെന്നതാണ് നിഖാബ് നിരോധനത്തിന്​ പ്രധാന കാരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഈ വീക്ഷണപ്രകാരം ലിബറൽ ജനാധിപത്യക്രമത്തിൽ പൗരന്മാർ തമ്മിലുള്ള പരസ്പര വിനിമയം ഇല്ലാതാക്കുന്ന വസ്ത്രമാണ് നിഖാബ്. ഒരാളെ മുഖാമുഖം കാണുന്നതിലൂടെയാണ് പൗരത്വത്തിന്റെയും സക്രിയമായ പൊതുമണ്ഡലത്തിന്റെയും പ്രധാനപ്പെട്ട ഉപാധികൾ പൂർത്തിയാകുന്നത്. പക്ഷേ ഈ സമീപനം പലരും കരുതുന്ന പോലെ സ്വാഭാവികമല്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പൊതുബോധത്തിന്റെ ഭാഗമായി തുടരുന്നതിനാൽ ഈ സമീപനത്തിന്റെ ചരിത്രം പലർക്കും അറിയില്ല. ഇമ്മാനുവൽ ലെവിനാസ് എന്ന ഫ്രഞ്ച് തത്വചിന്തകന്റെ പേരിലാണ് ഈ കാഴ്ചപ്പാട് പ്രചരിച്ചിട്ടുള്ളത്. ഫ്രഞ്ച് നിഖാബ് നിരോധന കാലത്താണ് ലെവിനാസിന്റെ പഠനങ്ങൾ ഉപയോഗിച്ച്​ മുഖത്തിന്റെ ദൃശ്യതയുടെയും പൗരന്മാർ തമ്മിലുള്ള ആശയവിനിമയത്തിന്റെയും അടിസ്ഥാനങ്ങൾ വിശദീകരിപ്പെട്ടത്. ലെവിനാസിന്റെ Totaltiy and Infintiy: An essay on exteriortiy എന്ന ശ്രദ്ധേയമായ തത്വചിന്താ പഠനത്തിന്റെ സവിശേഷ വായനയിലൂടെയാണ് മുഖത്തിന്റെ ദൃശ്യതയും സാമൂഹിക സ്വത്വവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതകൾ സംവാദവിധേയമായത്.'' (‘മുഖംമറച്ച മുസ്​ലിം സ്ത്രീയുമായി മുഖാമുഖം മിണ്ടാനാവില്ലേ?’, ഏഷ്യാനെറ്റ് ന്യൂസ്, മെയ് 8, 2019)

ഉമ്മുൽ ഫായിസ

എന്തായാലും ദൃശ്യപരമായ പരസ്പര വിനിമയങ്ങൾ പലപ്പോഴും ലിബറൽ ജനാധിപത്യത്തിന്റെ പരിധിയിലാണ് പ്രധാനമായും അടിസ്ഥാനമാകുന്നതെന്നു ഫായിസ പറയുന്നു. ‘മുഖം നോക്കി'യുള്ള ഇടപെടലാണ് പ്രധാനമെന്നു സത്താപരമായി ഏറ്റെടുക്കുമ്പോഴും രണ്ടു കൊല്ലത്തിലേറെയായി നാം മുഖാവരണം സ്ഥിരമായി അണിഞ്ഞു തന്നെയാണ് ഇടപെടുന്നതെന്നതും ഓർക്കാം. മുഖത്തേക്കു നോക്കുന്നതിൽ നിർബ്ബന്ധമുള്ള സദാചാര ലിബറലുകൾ തുടകളിലേക്കു നോക്കി ‘കഷ്ടപ്പെടു'ന്നതിൽ പക്ഷേ നഷ്ടമാകുന്നത് ഒരു വിഭാഗം ക്ലേശിച്ചു നേടിയ ഇച്ഛാധികാരമാണ്! അതു തിരിച്ചു പിടിച്ചേ മതിയാകൂ.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ജി. ഉഷാകുമാരി

എഴുത്തുകാരി, സാമൂഹിക വിമർശക. പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജിൽ അസോസിയേറ്റ് പ്രൊഫസർ. ഉടൽ ഒരു നെയ്​ത്ത്​: സംസ്​കാരത്തിന്റെ സ്​ത്രീവായന, വയലറ്റുനാവിലെ പാട്ടുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments